banner ad
June 9, 2015 By ഖാലിദ് അബൂഫദ്ല്‍ 0 Comments

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-2

Isis fighters, pictured on a militant website verified by AP.

ഞാന്‍ ആദ്യമായി അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രയോഗം പരിചയപ്പെടാനിടയായി. കഴിഞ്ഞ 30 വര്‍ഷമായി് ഒരു ഹിപ്‌നോട്ടിക് മന്ത്രം പോലെ ഞാനിത് കേട്ടുകൊണ്ടിരിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യരാജ്യം ഇസ്രായേല്‍ ആണത്രെ. മേഖലയില്‍ പാശ്ചാത്യരാജ്യങ്ങളുടെ അസന്നിഗ്ദമായ പിന്തുണയുള്ള ഏക രാജ്യമാണ് ഇസ്രായേല്‍ എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏത് പരിധി വരെയാണ് ഇസ്രായേല്‍ വെളുത്ത ജൂത-ക്രിസ്ത്യന്‍ നാഗരികതയുടെ അല്ലെങ്കില്‍ പലരും വിളിക്കുന്ന പടിഞ്ഞാറന്‍ ജൂത-ക്രിസ്ത്യന്‍ നാഗരികതയുടെ ഭാഗമായി കാണപ്പെടുക?ഇസ്ലാമിക നാഗരികതകളെക്കുറിച്ച വെളുത്ത യൂറോപ്യന്‍ ആശങ്കകളെ രാഷ്ട്രീയ ഇസ്ലാം എന്ന പ്രയോഗം എത്ര കാലം വഞ്ചിതരാക്കും?

ഇസ്രായേലില്‍ രാഷ്ട്രീയ ജൂതായിസം വളരെ ശക്തവും സജീവവുമാണ്. തീവ്രമതചിന്തയുള്ളവ മുതല്‍ അനേകം മതപ്പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും പലപ്പോഴും ഭരണം നടത്തുവാന്‍ കൂട്ടുമന്ത്രിസഭ വരെ രൂപീകരിക്കുകയും ചെയ്യുന്നു. ഈ മതപ്പാര്‍ട്ടികള്‍ക്ക് അവരുടെതായ പ്രസിദ്ധീകരണങ്ങളും മാധ്യമസ്ഥാപനങ്ങളുമുണ്ട്. ഇവയിലൂടെയൊക്ക ഇസ്രായേലിലെ നിയമനിര്‍മാണസംവിധാനത്തില്‍ ഇവ അനിഷേധ്യമായ സ്വാധീനം ചെലുത്തുന്നു. ഇസ്രായേലിന് ഒരു ലിഖിതഭരണഘടനയില്ല. സാധാരണയായി മതനിരപേക്ഷചിന്താഗതിയുള്ള സുപ്രീം കോടതി ജഡ്്ജിമാരാണ് ഭരണഘടനാതത്വങ്ങള്‍ വ്യാഖ്യാനിക്കാറ്. എന്നാല്‍ ഈയൊരു ജൂതപാരമ്പര്യവും വിശ്വാസവും ഇസ്രായേലിനകത്തും പുറത്തും 1948നു മുമ്പും ശേഷവുമുണ്ടായ നിരവധി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ധാര്‍മ്മികാടിത്തറയും പ്രചോദനവും നല്‍കുന്നു.

അതു പോലെതന്നെ 50ലധികം ക്രിസ്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ യൂറോപ്പിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഏഷ്യയിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡയിലെ ക്രിസ്ത്യന്‍ ഹെറിറ്റേജ് പാര്‍ട്ടി, യു.കെയിലെ ക്രിസ്ത്യന്‍ പീപ്പിള്‍സ് അലയന്‍സ്, യുക്രൈനിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, അല്‍ബേനിയയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് അല്‍ബേനിയ, ആസ്‌ത്രേലിയയിലെ വിവാദകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവ ഇതില്‍ ഉള്‍പെടുന്നു. ഈ പാര്‍ട്ടികളൊക്കെയും ജൂത-ക്രിസ്ത്യന്‍ സ്വത്വത്തിന്‍മേല്‍ ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഇവയൊക്കെയും ജൂതായിസത്തിനും ക്രിസ്ത്യാനിറ്റിക്കും വേണ്ടിയാണ് എന്ന് പറയനാവില്ല. ജൂതായിസം അല്ലെങ്കില്‍ ജൂതത്വം, ക്രിസ്ത്യാനിറ്റി അല്ലെങ്കില്‍ ക്രിസ്തീയത എന്നിവയുടെ വൈവിധ്യവും വ്യത്യസ്തതലമുള്ളതുമായ സാമൂഹ്യ-രാഷ്ട്രീയ അനുഭവങ്ങളെ പ്രതിനിധീകരിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിയുമെന്ന് ഗൗരവത്തില്‍ ചിന്തിക്കുന്ന ആരും അഭിപ്രായപ്പെടുകയില്ല. അത്ഭുതകരമെന്ന് പറയട്ടെ, തങ്ങളെല്ലാം ഇസ്‌ലാമിന് വേണ്ടി സംസാരിക്കുന്നവരാണ് എന്നാണ് ഐസിസും സൗദി അറേബ്യയും അസ്ഹറും സിസിയും ഒക്കെ അവകാശപ്പെടുന്നത്.

യഥാര്‍ത്ഥവും ആധികാരികവുമായ ഇസ്ലാം എന്നതിനെക്കുറിച്ചുള്ള സംഘര്‍ഷപൂര്‍ണവും പരസ്പരവിരുദ്ധവുമായ നിരവധി തദ്ദേശീയ സ്വരങ്ങള്‍ ഉണ്ടെന്നിരിക്കെ ഇവയെല്ലാം സൗകര്യപൂര്‍വം അവഗണിച്ചു കൊണ്ടാണ് പാശ്ചാത്യര്‍ സംസാരിക്കുന്നതും അവര്‍ക്കു വേണ്ട അപരങ്ങളെ സൃഷ്ടിക്കുന്നതും. വളരെ ലളിതമായി പറഞ്ഞാല്‍ അവര്‍ തങ്ങള്‍ക്കു വേണ്ട ഇസ്ലാമിനെ അവരാഗ്രഹിക്കുന്ന രീതിയില്‍ മെനഞ്ഞെടുക്കുന്നു. ഇങ്ങനെയാണ് ചുരുക്കത്തില്‍ രാഷ്ട്രീയ ഇസ്ലാം പോലെയുള്ള സംജ്ഞകള്‍ ഉണ്ടാവുന്നത്. പോണോഗ്രാഫി അല്ലെങ്കില്‍ ടെററിസം പോലെ രാഷ്ട്രീയ ഇസ്ലാം എന്താണെന്ന് ഒരു വേള നമുക്ക് നിര്‍വചിക്കാനാവില്ല, എന്നാല്‍ കാണുമ്പോള്‍ നമുക്കതെന്താണതെന്ന് പിടികിട്ടും. അതു കൊണ്ടാണ് ചില പണ്ഡിറ്റുകള്‍ ഐസിസിന്റെ പരാക്രമങ്ങളെ വീക്ഷിച്ച് ദാണ്ടെ കിടക്കുന്നു രാഷ്ട്രീയ ഇസ്ലാമിന്റെ യഥാര്‍ത്ഥമുഖം എന്ന് സമാശ്വാസത്തോടെ വിളിച്ചു പറയുന്നത്. ഏതായാലും ഇതില്‍ നിന്നും പടിഞ്ഞാറന്‍ ഉത്കണ്ഠകളാണ് രാഷ്ട്രീയ ഇസ്ലാം, മിലിറ്റന്റ് ഇസ്ലാം, റാഡിക്കല്‍ ഇസ്ലാം, ജിഹാദി ഇസ്ലാം തുടങ്ങിയ മാറ്റി നിര്‍ത്തപ്പെട്ട ഇസ്ലാം പ്രയോഗങ്ങളുടെ പിറവിക്കു പിന്നില്‍ എന്ന് മനസ്സിലാക്കാം. ഇതു കൊണ്ട് തന്നെയാണ് ഇസ്ലാമിനെ-മുസ്ലിംകളെയല്ല നമ്മള്‍ മാറ്റിനിര്‍ത്തുന്നത്. ഉദാഹരണത്തിന് മിലിറ്റന്റ് മുസ്ലിംകള്‍ എന്നു പറയുന്നതിലെയും മിലിറ്റന്റ് ഇസ്ലാം എന്നു പറയുന്നതിലെയും വ്യത്യാസം നമ്മള്‍ മനസ്സിലാക്കണം.

ഇസ്ലാം പോലയുള്ളൊരു ആശയം നമ്മോട് എന്തോ ചെയ്യാന്‍ പോകുന്നു എന്ന തരത്തിലുള്ള വ്യാപകമായ മുന്‍ധാരണ നിറഞ്ഞ ഉത്കണ്ഠയും ഭയവും നമ്മുടെ മുഴുവന്‍ അക്കാദമികസംജ്ഞകളിലും വളരെ വ്യക്തമാണ്. എന്നാല്‍ ഈ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഇതേ ആശങ്ക നിറഞ്ഞ രാഷ്ട്രീയ ഇസ്ലാം പോലെയുള്ള സംജ്ഞകള്‍ ഉപയോഗിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. അപരന്റെ നാഗരികതയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു നാഗരികതയുടെ ആളുകളാണെന്ന് ഇവര്‍ സ്വയം ചിന്തിക്കുന്ന പോലെയുണ്ട്.

കൊളോണിയലാനന്തര സമൂഹങ്ങളിലെ വരേണ്യര്‍ സ്വന്തം സംസ്‌കാരത്തില്‍ നിന്ന് വിഭിന്നമായി അവരുടെ പടിഞ്ഞാറന്‍ രക്ഷാകര്‍ത്താക്കളുടെയും സംരക്ഷകരുടെയും സംസ്‌കാരിക നിര്‍മിതികളോട് താദാത്മ്യം പ്രാപിക്കുന്നതും അവയോട് പ്രതികരിക്കുന്നതും അസാധാരണമൊന്നുമല്ല എന്ന് നാം തിരിച്ചറിയണം. ഗള്‍ഫ് രാജ്യങ്ങളുടെ കാര്യവും വിശിഷ്യാ ഇങ്ങനെയാണ്. പുതുതായി ഉണ്ടായ രാഷ്ട്രങ്ങള്‍ എന്ന നിലക്കുള്ള അവരുടെ രൂപീകരണ വര്‍ഷങ്ങളിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലും നവകൊളോണിയല്‍ ദേശരാഷ്ട്രങ്ങള്‍ എന്തായിരിക്കുമെന്നതിന്റെ അങ്ങേയറ്റത്തെ കേസുകളാണ് ഈ ഗള്‍ഫ് രാജ്യങ്ങള്‍. അന്താരാഷ്ട്രനിയമപ്രകാരം അവ പരമാദികാരരാഷ്ട്രങ്ങളാണ്. എന്നാല്‍ ലോകവ്യവസ്ഥയെ കുറിച്ചുള്ള അവരുടെ ധാരണകളിലും പ്രതികരണങ്ങളിലും അവയ്ക്കുള്ള സ്വതന്ത്രമായ രാഷ്ട്രീയകര്‍തൃത്തവം വളരെ നേരിയതാണ്. വിദ്യാഭ്യാസം, വിനോദം, സാങ്കേതികവിദ്യ, ആയുധം, നഗരാസൂത്രണം, ഉപഭോഗവസ്തുക്കള്‍, ബാങ്കിംഗ്, ഫിനാന്‍സ് തുടങ്ങി പ്രായോഗികമായ എല്ലാ കാര്യങ്ങളിലും അവരുടെ മുന്‍ കൊളോണിയല്‍ വക്താക്കളെ, വിശിഷ്യ പടിഞ്ഞാറിനെ ആശ്രയിക്കാത്ത ഒരു ലോകം ഇവിടങ്ങളിലെ വരേണ്യര്‍ക്ക് സങ്കല്‍പിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ പാശ്ചാത്യര്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്ത ‘രാഷ്ട്രീയ ഇസ്ലാം’ എന്ന പ്രതിഭാസത്തെ കുറിച്ചുള്ള അവരുടെ ഉത്കണ്ഠള്‍ എന്തൊക്കെയാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്നായറിയാം. പ്രാതിഭാസികവിജ്ഞാനപരമായി വളരെ പ്രസക്തവും ശക്തവുമാണെന്ന് ധരിച്ച് മുസ്ലിം ലോകം ഈ വിവര്‍ത്തനം ചെയ്യപ്പട്ട ഇസ്ലാം അല്‍സിയാസിയയെ മുഴുവനായും ഇറക്കുമതി ചെയ്യുകയും വാരിപ്പുണരുകയും ചെയ്തിട്ടുണ്ട്. ആന്തരികമായി പൊരുത്തമില്ലാഞ്ഞിട്ടുപോലും ജി.സി.സിയും ഈജിപ്തും അറബ് വിപ്ലവാവേശത്തെ കെടുത്തിക്കളയാന്‍ ഈ പ്രയോഗം വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. എന്നാല്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ഭീഷണിയെ തുരത്താനുള്ള ഈ നടപടി തങ്ങളുടെ കൊളോണയല്‍ യജമാനന്‍മാര്‍ അവരില്‍ ഉണ്ടാക്കിയ തെറ്റായ ബോധത്തിന്റെ ഫലമായി ഈജിപ്തും ഗള്‍ഫ് രാജ്യങ്ങളും ഏറ്റെടുക്കുകയായിരുന്നുവെന്ന് ഇതിന് അര്‍ത്ഥമുണ്ടോ?എന്റെ അഭിപ്രായത്തില്‍ സോവിയറ്റ് ബ്ലോക്കിന്റെ പതനത്തിന് ശേഷം പതിവിന് വിപരീതമായി ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും പടിഞ്ഞാറിനെ നയിച്ച ചുരുക്കം ചി സന്ദര്‍ഭങ്ങളിലൊന്നാണിത്. അതു കൊണ്ട് തന്നെ ബാക്കി ലോകത്തിനും പടിഞ്ഞാറിനും ഇവരോട് അനിഷ്ടമുണ്ടാവാന്‍ ഇത് കാരണമാവുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ അറബ് ലോകത്തെ പടിഞ്ഞാറന്‍ അനുഭാവികളായ വരേണ്യര്‍ക്ക് ഈ പേടിപ്പെടുത്തുന്ന ഇസ്ലാം വളരെ സഹായകമായി വര്‍ത്തിക്കുന്നു. ബ്രിട്ടണെയും യു.എസിനെയും കൈകാര്്യം ചെയ്യുന്ന വിഷയത്തില്‍ ഈജിപ്ത്യന്‍ പട്ടാളവും അറബ് ഭരണാധികാരികളും സ്വീകരിച്ചുപോരുന്നത് കാലപ്പഴക്കം ചെന്ന ഇവരുടെ രാഷ്ട്രീയയാഥാര്‍ത്ഥ്യവാദത്തിലൂന്നിയ നിലപാടാണ്. അടിസ്ഥാനപരമായി ഈ ആഖ്യാനം പറയുന്നു: ‘ഞങ്ങള്‍ മോശക്കാരായേക്കാം എന്നാല്‍ ഞങ്ങള്‍ക്ക്് പകരം വരാനിരിക്കുന്നവര്‍ ഞങ്ങളേക്കാള്‍ മോശമാണ്.’

രാജകുമാരന്‍ ബിന്‍ ബാന്തറിന്റെ നേതൃത്വത്തില്‍ സൗദി രഹസ്യാന്വേഷണ വിഭാഗവും അവരുടെ സഖ്യകക്ഷികളും ലോകത്തിന് മുമ്പിലിട്ട ഒരു വികൃതജന്തുവാണ് ഐസിസ് എന്നതിന് പ്രത്യക്ഷമായ ഒരുപാടു തെളിവുകളുണ്ട്. 2011ല്‍ സൗദി അറേബ്യ വളരെ ഭയചകിതമായ ഒരു അവസ്ഥാവിശേഷം മുന്നില്‍ കാണുകയുണ്ടായി. തുനീഷ്യയിലെയും ഈജിപ്തിലെയും അവരുടെ സ്വേച്ഛാധിപതി സുഹൃത്തുക്കള്‍ തൂത്തെറിയപ്പെട്ടു. ലിബിയയിലെ അവരുടെ ചിരവൈരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി വധിക്കപ്പെട്ടു, യമനും സിറിയയും ബഹറൈനും ഉപരോധിക്കപ്പെട്ടു. അടുത്തതായി തകര്‍ക്കപ്പെടാന്‍ പോവുന്ന ജനവിരുദ്ധഭരണകൂടം ഏതായിരിക്കുമെന്ന് എല്ലാവരും ഉറ്റു നോക്കുകയായിരുന്നു. ബഹ്‌റൈനിലെ തങ്ങളുടെ സൈനികഇടപെടല്‍ അവിടുത്ത ജനകീയപ്രക്ഷോഭത്തെ രക്തരൂക്ഷിതമായി അടിച്ചമര്‍ത്തിയതോടെ സൗദി അറേബ്യക്കും സഖ്യകക്ഷികള്‍ക്കും ഈജിപ്തില്‍ പഴയ ഭരണകൂടത്തെ പുനപ്രതിഷ്ഠിക്കാനായി ഒരു അട്ടിമറി വേണമെന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിനെ ബോധിപ്പിക്കേണ്ടതുണ്ടായിരുന്നു. വഴങ്ങാതെ നില്‍ക്കുകയായിരുന്ന അമേരിക്കന്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താന്‍ പശ്ചിമേഷ്യയില്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന ഒന്നിനെ സൃഷ്ടിച്ചെടുക്കാന്‍ ബാന്തര്‍ രാജകുമാരനാണ് നേതൃത്വം കൊടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഫലമായി അറേബ്യയിലെ പഴക്കം ചെന്ന ഭരണകൂടങ്ങള്‍ക്കെതിരെ അരങ്ങേറുന്ന വിപ്ലവങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി, ആ സമയം മേഖലയില്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന ഈ വിപ്ലവങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടി വന്നാല്‍ അമേരിക്കന്‍ സൈന്യം ഇടപെടേണ്ടതിന്റെയും സൗദി ഭരണകൂടത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് രാജകുമാരന്‍ അമേരിക്കയെ ബോധിപ്പിച്ചു. കരയുദ്ധത്തിന് സൈനികരെ ഇറക്കുന്നതിനോട് യു.എസില്‍ എതിര്‍പ്പുണ്ടാകുമെന്ന് നന്നായറിയുന്ന് സൗദിയും സഖ്യകകഷികളും രാഷ്ട്രീയ ഇസ്ലാം എന്ന പേടിപ്പെടുത്തുന്ന സാധനത്തെ ഉയര്‍ത്തിക്കാട്ടിയാല്‍ ആ എതിര്‍പ്പ് മറികടക്കാനാവുമെന്നും ജൂഡോ-ക്രിസ്ത്യന്‍ നാഗരികത അവരുടെ കുഞ്ഞാടുകളെ മേഖലയെ പിശാചുക്കലില്‍ നിന്ന് രക്ഷിക്കാന്‍ എത്ര വലിയ ത്യാഗത്തിനും സന്നദ്ധരാക്കുമെന്നും കണക്കുകൂട്ടി.

ഐസിസിന്റെ നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി തകര്‍പ്പന്‍ ഹോളിവുഡ് ശൈലിയില്‍ സ്വയം ഖലീഫയായി പ്രഖ്യാപിച്ചത് ആകസ്മികമാണെന്ന് കരുതാനാവില്ല. ഒരു ഖലീഫക്കു പിന്നില്‍ അണിനിരന്ന മുസ്ലിംകള്‍ ഒരിക്കല്‍ക്കൂടി വിയന്നയെ ഉപരോധിക്കാന്‍ വരുന്നെന്ന മിഥ്യ പോലെ പാശ്ചാത്യരെ അസ്വസ്ഥരാക്കുന്ന വേറെ സംഗതിയില്ല. ഇബ്‌നു സഊദിന്റെ പരിപൂര്‍ണപിന്തുണയോടെ ബ്രിട്ടീഷ് വ്യോമസേന കശാപ്പ് ചെയ്ത 1920കളിലെ വഹാബി ഇഖ്‌വാന്‍ പ്രസ്ഥാനത്തെ നമുക്കോര്‍മയുണ്ട്. എന്നാല്‍ ഐസിസിന്റെ വിഷയത്തില്‍ ഇവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നു. തങ്ങള്‍ തന്നെ സൃഷ്ടിച്ച ഈ ജന്തു സൗദിക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയായി ഉയര്‍ന്നിരിക്കുന്നു. ഇറാക്കിലെക്ക് വീണ്ടും സൈനികരെ അയക്കില്ല എന്ന അമേരിക്കന്‍ നിലപാട് യഥാര്‍ത്ഥത്തില്‍ സൗദിയെയും സഖ്യകക്ഷികളെയും ഭയചകിതരാക്കിയിരിക്കുകയാണ്. ഐസിസിനെതിരെ ആരംഭിച്ച വ്യോമാക്രമണത്തിനും മറ്റു ഭീരുത്വം നിറഞ്ഞ നടപടികള്‍ക്കും നിബന്ധനയായി ബാന്തറിനെ പദവികളില്‍ നിന്ന് നീക്കം ചെയ്യാനും നാടുകടത്താനും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഐസിസിന്റെ ഇസ്ലാമികപരതയെക്കുറിച്ച്് ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇതിന്റെ ഒരു ആശയപരവും ധൈഷണികവുമായ വംശാവലി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. ഇറാഖിലെ അല്‍ഖായിദ പിളര്‍ന്നുണ്ടായതാണെന്നും അതിലെ ഭൂരിഭാഗം ഓഫീസര്‍മാരും 2003ല്‍ അമേരിക്ക പിരിച്ചുവിട്ട ഇറാഖി സൈന്യത്തിലെ അംഗങ്ങളാണെന്നതും ഐസിസിനെക്കുറിച്ച് നേരത്തെ അറിയപ്പെട്ട കാര്യങ്ങളാണ്. തുടക്കത്തില്‍ തെക്കെ ഇറാഖ് കുര്‍ദുകളും വടക്കേ ഇറാഖ് ശിയാക്കളും പിടിച്ചടക്കാന്‍ പോകുന്നുവെന്നതിനോടുള്ള പ്രതികരണം എന്ന നിലക്കാണ് ഐസിസ് ഉണ്ടാവുന്നത്.

ദൈവശാസ്ത്രത്തിലും നിയമത്തിലുമുള്ള ടിപ്പിക്കല്‍ വഹാബി കൃതികളല്ലാതെ രണ്ട് കൃതികളാണ് അല്‍ഖായിദയും ഐസിസിമടക്കമുള്ള അറബ് ലോകത്തെ മിലിറ്റന്റ് മുസ്ലിം വിഭാഗങ്ങളെ കുറിച്ച് ആധികാരികമായ വിവരങ്ങളും ആശയങ്ങളും നല്‍കുന്നതായിട്ടുള്ളത്. ഒന്നാമത്തെ ഗ്രന്ഥം അബൂബക്കര്‍ നാജി 2004ല്‍ എഴുതിയ ഇദാറത്തുത്തവഹുഷ് അഥവാ കാട്ടളതയുടെ നടത്തിപ്പ് എന്ന ഗ്രന്ഥം, രണ്ടാമത്തെത് 2005ല്‍ അബൂ മുസ്അബ് അല്‍സൂരി രചിച്ച ദഅ്‌വത്തുല്‍ മുഖാവമ അലല്‍ആലമില്‍ ഇസ്ലാമിയ്യ അഥവാ ആഗോള മുസ്ലിം ചെറുത്ത് നില്‍പിനുള്ള ആഹ്വാനം എന്ന ഗ്രന്ഥം. പറയത്തക്കതായ ഇസ്ലാമിക സാഹിത്യം എന്നതിനേക്കാള്‍ റെഡ് ബ്രിഗേഡിയര്‍മാരുടെ ാെരു കൈപ്പുസ്തകം പോലെ വായിക്കാവുന്നതാണ് ഒന്നാമത്തെ പുസ്തകം. പോള്‍ കെന്നഡിയെയും മറ്റും റെഫര്‍ ചെയ്തതില്‍ നിന്നും മനസ്സിലാവുന്നത് ഗ്രന്ഥകര്‍ത്താവിന് പാശ്ചാത്യ എഴുത്തുകാരെ നല്ല പരിചയമുണ്ടെന്നാണ്. അര്‍ണോള്‍ഡ് ടോയിന്‍ബി, സാമുവല്‍ ഹണ്ടിംഗ്ടണ്‍ തുടങ്ങിയ ചിന്തകരുടെ ധൈഷണികസ്വാധീനം പ്രതിഫലിപ്പിച്ചു കൊണ്ട് ഇദ്ദേഹം സംസ്‌കാരങ്ങള്‍ തമ്മില്‍ നിരന്തരം മത്സരങ്ങളും സംഘര്‍ഷങ്ങളുണ്ടാവുന്നതിനെയും അവയുടെ ഉത്ഥാനപതനങ്ങളെയും കുറിച്ചു പറയുന്നു. ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ നാഗരികതകള്‍ അവരുടെ അധികാരത്തിന്റെ ഉച്ഛിയിലെത്തുകയും ലോകത്ത്് അവരുടെ അധീശത്വമുറപ്പിക്കുകയും ചെയ്താല്‍ പരിപൂര്‍ണമായ പൈശാചികതയുടെയും താന്തോന്നിത്തത്തിന്റെയും പ്രതിരൂപമാവും. ആര്‍ക്കെതിരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും അക്രമം അഴിച്ചുവിടാനും തങ്ങളുടെ അധീശസ്വാധീനത്തെ എതിര്‍ക്കുന്ന ഏതു വിഭാഗത്തെയും അമര്‍ച്ച ചെയ്യാനും അവര്‍ മുതിരും.    (തുടരും)

 

വിവര്‍ത്തനം: അയ്യൂബ് റഹ്മാന്‍

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting