banner ad
October 4, 2012 By കെ. ഷബിന്‍ മുഹമ്മദ്‌ 0 Comments

റൂമിയുടെ ആകാശം

rumi-300x166എഴുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്ന് പോയ ജലാലുദ്ദീന്‍ റൂമി സാഹിത്യലോകത്തിന് ഇന്നും അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന സൂഫീ കവിയാണ്. ആത്മീയാന്വേഷകരുടെ കൈകളിലെ ഖുര്‍ആനിന്റെയും ഭഗവത് ഗീതയുടെയും ബൈബിളിന്റെയും സ്ഥാനം നേടിയെടുക്കാന്‍ റൂമിയുടെ കൃതികള്‍ക്ക് സാധിച്ചു എന്നതാണ് ആ അദ്ഭുദത്തിന് കാരണം. റൂമിയെയും അദ്ദേഹത്തിന്റെ കൃതികളെയും മുന്‍നിര്‍ത്തി കെ.ടി സൂപ്പി എഴുതി അകം ബുക്‌സ് പ്രസിദ്ധീകരിച്ച ‘റൂമിയുടെ ആകാശം’ എന്ന പുസ്തകം റൂമി വരച്ചു വെച്ച് പോയ ആത്മീയ ലോകത്തിന്റെ മനോഹാരിത കൂടുതല്‍ മികവില്‍ പ്രതിഫലിപ്പിക്കുന്നു. അതിരില്ലാത്ത ആകാശത്തിന്റെ അനന്തതയില്‍ പാറി നടക്കാന്‍ കൊതിച്ച ഒരു സൂഫി കവിയെക്കുറിച്ചുള്ള കൃതിക്ക് എന്തു കൊണ്ടും അനുയോജ്യമായ പേര് തന്നെയായിരുന്നു ‘റൂമിയുടെ ആകാശം’. റൂമിയുടെ ജീവിതവും മസ്‌നവി, ദീവാന്‍ , ഫീഹി മാ ഫീഹി എന്നീ കൃതികളുടെ ആഖ്യാനങ്ങളും ഇത്ര ചെറിയ പുസ്തകത്തില്‍ ആവിഷ്‌കരിക്കാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഒരു വ്യക്തിയുടെ ജീവിതവും, അദ്ദേഹം വരച്ച് വെച്ച വാങ്മയ ചിത്രങ്ങളുടെ മനോഹാരിതയും കൊണ്ടാവാം റൂമി ഇന്നും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ ആ വ്യക്തിയെക്കുറിച്ചെഴുതുന്ന കൃതി വളരെ ചരുക്കി പറയുക എന്നത് അസാധ്യമാണ്. ഗ്രന്ഥകാരന്റെ കാവ്യഭാഷയുടെ മനോഹാരിതയില്‍ ഒരു ചെറിയ പുസ്തകത്തിലൂടെ ഒരു വലിയ ലോകം വരച്ചത് അത്ഭുതകരമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജനിച്ച റൂമി എന്ന സ്വത്വാന്വേഷി, ജനങ്ങളെ ഉണര്‍ത്താന്‍ വേണ്ടി അക്ഷരങ്ങള്‍ കൊണ്ട് വസന്തകാലം തീര്‍ക്കുകയായിരുന്നു. പേര്‍ഷ്യക്കാര്‍ മസ്‌നവിയെ അവരുടെ ഭാഷയില്‍ ഇറങ്ങിയ ഖുര്‍ആന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. അനുപമമായ കാവ്യ സൗന്ദര്യവും നിഗൂഢാര്‍ത്ഥ ചിഹ്നങ്ങളും നിറഞ്ഞ് നില്‍ക്കുന്ന ഒരു കാവ്യസൃഷ്ടി തന്നെയാണത്. ഖുര്‍ആനിലെ ബിംബങ്ങളും ഉപമകളും ആത്മാവിനെ അറിയാനുള്ള പാഠങ്ങളായി റൂമി കല്പന ചെയ്തു. അവ തേടിയത് വാക്കുകള്‍ക്കപ്പുറത്തുള്ള ആത്മാവിന്റെ ഭാഷയായിരുന്നു. ആ വാക്കുകള്‍ പ്രതിനിധീകരിക്കുന്ന സൂക്ഷ്മമായ രാഷ്ട്രീയ-സാമൂഹിക മണ്ഡലം അനിര്‍വചനീയമാം വിധം വലുതും മനോഹരവുമായിരുന്നു.

roomi-300x300സ്ത്രീക്ക് പുരുഷന്റെതിന് തുല്യമായ പ്രാധാന്യമുണ്ടെന്ന് റൂമി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സ്ത്രീകള്‍ , പ്രത്യേകിച്ച് മുസലിം സ്ത്രീകള്‍ ഏറ്റവും താഴ്ന്ന സ്ഥാനം കല്പിക്കപ്പെടുകയും പുരുഷന്റെ മേല്‍ക്കോയ്മയെ സഹിച്ച് ജീവിക്കുകയും ചെയ്തവരായിരുന്നു. എന്നാല്‍ റൂമി മസ്‌നവിയില്‍ സ്ത്രീയെ ദൈവത്തിന്റെ കിരണം (ray of god) എന്നാണ് വിശേഷിപ്പിച്ചത്. കാരണം സ്ത്രീക്കും പുരുഷനോടൊപ്പം ആത്മീയമായും സര്‍ഗാത്മകമായും വളരാനുള്ള മുഴുവന്‍ സാധ്യതയുമുണ്ടെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടിയിരുന്നു. സൂഫീ ഗുരുക്കന്‍മാരുടെ ചരിത്രത്തില്‍ വനിതകളെ ശിഷ്യരാക്കി സ്വീകരിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. സ്ത്രീ അനുഭവിച്ച ജീവിതവും സ്വാതന്ത്ര്യവും അത്രക്ക് സങ്കീര്‍ണമായിരുന്ന ഒരു സാഹചര്യത്തില്‍ , മതത്തിന്റെ ചട്ടക്കൂടിലടച്ച് അവളുടെ സ്വാതന്ത്ര്യം തടയപ്പെട്ട സന്ദര്‍ഭത്തിലാണ് റൂമി അവളെ ദൈവത്തിന്റെ കിരണമെന്ന് വിളിച്ചത്. അവള്‍ ഭൂമിയിലെ പ്രണയിനി മാത്രമല്ലെന്നും പ്രപഞ്ചത്തില്‍ സംഗീതമായി നിറഞ്ഞു നില്‍ക്കുകയാണെന്നുമെഴുതി. അവള്‍ സൃഷ്ടിക്കുന്നവളാണ് അതിനാല്‍ സ്ത്രീ ഒരു സാധാരണക്കാരിയല്ലെന്ന് മസ്നവിയില്‍ ഉദ്ധരിക്കുന്നതായി ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി തൂലിക ചലിപ്പിച്ച ഒരു വിപ്ലവകാരി എന്ന നിലയിലും റൂമി വാഴ്ത്തപ്പെടുന്നു.

കവിതയും സംഗീതവുമെല്ലാം ഒരു കാലത്ത് സ്തുതിപാഠകകലയായി രൂപം സ്വീകരിച്ച ഒരു പശ്ചാത്തലം മുസ്‌ലിം സംസ്‌കൃതിയുടെ ചരിത്രത്തിലുണ്ട്. റൂമിക്ക് മുമ്പ് പേര്‍ഷ്യയില്‍ ജീവിച്ച ആദ്യകാല കവികളെല്ലാം കൊട്ടാരങ്ങളിലെ സ്തുതിപാഠകരായി മാത്രം ഒതുങ്ങിക്കൂടി. ആ പാരമ്പര്യത്തെ ഉടച്ചു വാര്‍ക്കുകയാണ് റൂമി ചെയ്തത്. സ്തുതിപാഠകവൃത്തിയായി പരിണമിച്ച കലാരൂപത്തെ സാധാരണ ജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തിന് വേണ്ടി ഉപയോഗിച്ചു അദ്ദേഹം. ഈ ഒരര്‍ത്ഥത്തിലും റൂമി വിപ്ലവകാരിയാണ്. മസ്‌നവിയും ദീവാനും മനുഷ്യബോധത്തിന്റെ അഗാധതലങ്ങളെ തൊട്ടുണര്‍ത്തി. ദൈവത്തിലേക്ക് വളരുന്ന വാക്കുകളുടെ പ്രവാഹമാണത്. ദീവാന്‍ ജീവിതത്തിന്റെ സ്‌നേഹ സമ്പന്നമായ ഒരു ആളിക്കത്തലാണെങ്കില്‍ മസ്‌നവി എല്ലാത്തിനെയും സ്വീകരിച്ച് തിരകള്‍ തീര്‍ക്കുന്ന ഒരു മഹാ സാഗരമാണ് എന്ന് ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നു. ഇവയൊന്നും വെറും കവിതാശകലങ്ങള്‍ ആയിരുന്നില്ല. വാക്കുകള്‍ക്കപ്പുറം അവ ആത്മാവിന്റെ ഭാഷ തേടുന്നു. ഒരൊറ്റ വായനയില്‍ റൂമി മസ്‌നവിയില്‍ വരച്ചിട്ട മനോഹര ചിത്രങ്ങള്‍ മനസിലാക്കുക പ്രയാസമാണ്. അതിന് സമഗ്രമായ വായന തന്നെ വേണം, എങ്കില്‍ മാത്രമേ ദീവാനിലും മസ്‌നവിയിലും ഒളിഞ്ഞു കിടക്കുന്ന സത്യത്തിന്റെ മഹാസാഗരത്ത മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു ധ്യാനിയായ വായനക്കാരന്റെ ആത്മതലത്തിനൊപ്പമായിരിക്കും അനുഭവത്തിന്റെ തീവ്രതയും തിളക്കവും. റൂമിയുടെ പ്രശസ്തമായ ഒരു ആശയമായിരുന്നു  അകത്ത് നില്‍ക്കുന്നവനും പുറത്ത് നില്‍ക്കുന്നവനും ഒരാള്‍ തന്നെയാണ് എന്നത്.

റൂമി ജീവിച്ചിരുന്ന നൂറ്റാണ്ടുകളെ മിസ്റ്റിസിസത്തിന്റെ വസന്തകാലം എന്ന് ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നു. ആ കാലത്ത് ജീവിച്ച സൂഫീ കവികളായ ഇറാഖിയും, ബഹാവുദ്ദീനും സദറുദ്ദീന്‍ ഖന്‍യാവിയും റൂമിയുമായി കണ്ടു മുട്ടിക്കാണാമെന്നും അതു വഴി സൂഫീ ശാഖക്ക് വ്യാപ്തി കൂടിക്കാണുമെന്നുമുള്ള ഒരു നിരീക്ഷണം ഈ പുസ്തകം മുന്നോട്ടു വെക്കുന്നുണ്ട്. റൂമിയുടെ ഒരു കൂട്ടം കവിതകള്‍ ചേര്‍ത്തുവെച്ച ‘കവിതയുടെ ഇടം’ എന്ന ഭാഗം നമ്മെ റൂമീ ഭാവനയുടെ പറുദീസകളിലെത്തിക്കുന്നു. ആധുനികതയും സാങ്കേതികവിദ്യയും മനുഷ്യഹൃദയത്തില്‍ വിള്ളലുകളുണ്ടാക്കുകയും സ്‌നേഹവും ജീവിതവും അപ്രസക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് റൂമീ കൃതികളുടെ ജനകീയവത്കരണം അനിവാര്യമായി വന്നിരിക്കുന്നു. മസ്‌നവിയും ദീവാനും ഫീഹി മാ ഫീഹിയും വായിച്ചാലുണ്ടാകുന്ന ആത്മീയാനുഭൂതിയിലേക്ക് സഞ്ചരിച്ചെത്താന്‍ ‘റൂമിയുടെ ആകാശം’ അനുവാചകരെ പ്രേരിപ്പിക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ വിജയം തന്നെയാണ്.

Posted in: സ്ത്രീ

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting