banner ad
June 3, 2015 By ഖാലിദ് അബൂല്‍ഫള്ല്‍ 0 Comments

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും

Khaled_Abou_El_Fadl_Professional_Headshot

പ്രതീക്ഷകള്‍ തെല്ലും ബാക്കിയില്ലാതിരുന്ന ഒരുപാടു ആത്മാവുകള്‍ക്ക് ജീവന്‍ പകര്‍ന്ന ലളിതമായൊരു സ്വപ്‌നമായിരുന്നു ഒരിക്കല്‍ അറബ് വസന്തം.

1798ല്‍ ഫ്രഞ്ചുകാര്‍ ഈജിപ്തില്‍ വന്നിറങ്ങിയതു മുതല്‍ നാം ചരിത്രത്തോട് പൊരുത്തപ്പെടാത്ത നമ്മുടെ ഭൂതകാലത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. നമ്മുടെ സ്വത്വം നമ്മുടെ ഒര്‍മകളില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്നു. നമ്മുടെ ഭദ്രമല്ലാത്ത പ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ നമ്മുടെ അടങ്ങാത്ത ധാര്‍മികരോഷത്തിനു മുന്നില്‍ പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെയിരിക്കെ അറബ് വസന്തം വന്നു! അറബ് വസന്തം കാരണമായി പ്രദേശത്തിന് സ്വയംനിര്‍ണയാവകാശം ലഭിക്കുമെന്നും ലോകത്തിന്റെ ഉറ്റുനോട്ടം എണ്ണ, ഇസ്രായേല്‍ എന്നീ രണ്ട് കാര്യങ്ങളില്‍ നിന്ന് മാറുമെന്നും ധാരാളം പേര്‍ കരുതി. ഒരു പക്ഷെ ഇനിയെങ്കിലും ലോകം അറബികളെ വംശീയതയോടെയല്ലാതെയും ഇസ്ലാമിനെ ആശയഭ്രാന്തോടെയല്ലാതെയും നോക്കുമെന്നും പലരും വ്യാമോഹിച്ചു. തങ്ങളുടെ കൊളോണിയല്‍ യജമാനന്‍മാര്‍ വെച്ചുനീട്ടുന്ന ആഢംബരങ്ങള്‍ക്കു വേണ്ടി പ്രദേശത്തെ വിഭവസമ്പത്ത് ഊറ്റുന്ന കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയും നിലനില്‍ക്കാനും ജീവിക്കാനുമുള്ള അവകാശത്തിനു മേല്‍ അധിനിവേശം നത്തുന്ന വൈദേശികശക്തികള്‍ക്കെതിരെയും അവരുടെ അവഹേളനങ്ങള്‍ക്കുമെതിരെ തുടങ്ങി എല്ലാറ്റിനുമെതിരെ അലയടിച്ച പ്രതിഷേധമായിരുന്നു അറബ് വസന്തം. ഹുറിയ്യ എന്ന മാന്ത്രിക വാക്കിനെ ആസ്പദമാക്കിയുള്ളതായിരുന്നു അറബ് വസന്തം. ഈ വാക്ക് ആളും തരവും അനുസരിച്ച് വ്യത്യസ്തമായാണ് മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ ഇതിന്റെ അര്‍ത്ഥം പീഢനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും അടിമത്തജീവിതത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്നാണ്. എന്നാല്‍ അറബ് വസന്തം അബോര്‍ഷന്‍ ക്ലിനിക്കിലെ ഒരു ഗര്‍ഭസ്ഥശിശുവിനെ പോലെയായിരുന്നു. അതിന് ജീവിക്കാനുള്ള അവസരം ഒരിക്കല്‍ പോലും ലഭിച്ചില്ല.

എന്തു കൊണ്ടാണ് അറബ് വസന്തം അലസിപ്പോയത്? പൗരമൂല്യങ്ങള്‍ പോഷിപ്പിക്കുകയും നട്ടുവളര്‍ത്തുകയും ചെയ്യുന്ന ഏതൊരു അന്തരീക്ഷവും നിരന്തരം പിഴുതുകളയുന്ന പട്ടാളഭരണകൂടങ്ങള്‍ക്ക് എളുപ്പത്തില്‍ അതിജീവിക്കാന്‍ കഴിയുന്ന ഇടമാവില്ല ജനാധിപത്യം നിലനില്‍ക്കുന്ന മിഡിലീസ്റ്റ് എന്നതു തന്നെയാണ്. ഇത്തരം ഭരണകൂടങ്ങള്‍ക്ക് പൗരന്‍മാരെ ഭരിക്കാനുള്ള പ്രാപ്തിയില്ല. അവര്‍ക്ക് അടിമകളെ മാത്രമെ ഭരിക്കാന്‍ കഴിയൂ. അറബ് വസന്തത്തിന്റെ പരാജയത്തോടു കൂടി പടിഞ്ഞാറും അറബ് ലോകത്തുമുള്ള ഒട്ടനവധി രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ദീര്‍ഘനിശ്വാസം വിട്ടുവെന്നതാണ് സത്യം. എന്തു കൊണ്ട്? രാഷ്ട്രീയ ഇസ്ലാം എന്ന ഭീഷണി ഇതോടു കൂടി ഒഴിവായിപ്പോയിരിക്കുന്നു എന്നതാണ് കാരണം. ഒരുപാട് പണ്ഡിറ്റുകള്‍ ആവേശത്തില്‍ രാഷ്ട്രീയ ഇസ്ലാം എന്ന പ്രതിഭാസം ഒടുക്കം ചരമമടഞ്ഞുവെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു.

ഏറ്റവും വലിയ അറബ് രാജ്യമായ ഈജിപ്തില്‍ തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ക്ക് കൊളോണിയല്‍ കാലഘട്ടം മുതല്‍ ചിരപരിചിതവും ആവര്‍ത്തനസ്വഭാവമുള്ളതുമായതുമായ ഒരു സമ്പ്രദായം ഉള്ളതായി കാണാം. അതായത് ആധുനികതയുടെയും പുരോഗമനത്തിന്റെയും പേരില്‍ ഭരണകൂടം അത്യധികമായ മര്‍ദ്ദകോപാധികളിലേക്ക് നീങ്ങി ഇസ്ലാമിസ്റ്റുകളെ പീഢിപ്പിക്കുകയും ഇസ്ലാമിക പാര്‍ട്ടികളെ നിരോധിക്കുകയും ഇസ്ലാമിന്റെ മുഴുവന്‍ ആവിഷകാരങ്ങളോടും അവ രാഷ്ട്രീയപരമാണെന്ന് നിനച്ച് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അബ്ദുല്‍ഫത്തഹ് അല്‍ സിസി രാഷ്്ട്രീയ ഇസ്ലാമിനെ ഭീകരവാദത്തോടു സമമാക്കുക പോലും ചെയ്തു. ഒരു ഫ്രഞ്ചു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹമാസിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് രാഷ്ട്രീയ ഇസ്ലാമിന്റെ എല്ലാ വിനിമയങ്ങളും രൂപങ്ങളും ഒന്നു തന്നെയാണെന്ന് സിസി പ്രതികരിക്കുകയുണ്ടായി. വരാനിരിക്കുന്നതിന്റെ ഒരു സൂചന മാത്രമായിരുന്നു അത്്. ഈജിപ്ത് ഇപ്പോള്‍ ഔദ്യോഗികമായി ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വളരെ പ്രകടമായി തന്നെ സിസിയെ സംബന്ധിച്ചിടത്തോളം യുദ്ധക്കുറ്റങ്ങളുടെയും പലസ്തീനിയന്‍ ഭൂമിയില്‍ ഇപ്പോഴും തുടരുന്ന അധിനിവേശത്തിന്റെയും പേരില്‍ കുപ്രസിദ്ധമായ ഇസ്രായേലിലെ നെതന്യാഹു ഭരണകൂടം നിയമാനുസൃതമുള്ളതാണത്രെ!

ഇപ്പോള്‍ സൗദി അറേബ്യയും യു.എ.ഇയും കുവൈത്തും ഈജിപ്തിലും യമനിലും ലിബിയയിലുമുണ്ടായതിന് പകരമായി ഒരു പ്രതിവിപ്ലവം വിലക്കു വാങ്ങിയിട്ടുണ്ട് എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ധാര്‍മികമായി നിഷ്‌ക്രിയവും ദുഷിച്ചതുമായ പഴയ വ്യവസ്ഥ പുനസ്ഥാപിക്കാന്‍ കഴിയുമോ എന്നു നോക്കാനായി ഇവിടങ്ങളില്‍ ഇടപെടുന്നതിനു വേണ്ടി ഈ രാജ്യങ്ങള്‍ ഒരു പ്രതിലോമ സഖ്യമുണ്ടാക്കിയിരിക്കുന്നു. ഇവിടങ്ങളിലൊക്കെയും സ്വേഛാധിപതികളുടെ ഗര്‍വിഷ്ഠമായ ഉത്കണ്ഠകള്‍ പ്രകടിപ്പിക്കാന്‍ അറിയുന്നവരെ പണവും നല്‍കി അങ്ങേയറ്റം ദുഷിച്ച പട്ടാള ഉദ്യോഗസ്ഥരെയും കേഡര്‍മാരെയും കുത്തിനിറച്ചിരിക്കുകയാണ്.

വപ്ലവം സാധ്യമാക്കിയ സ്വാതന്ത്ര്യമല്ല, മറിച്ച് ഭീകരവാദത്തിനെതിരെയുള്ള യുദ്ധമാണ് മേഖലയില്‍ സുരക്ഷിതത്വവും സ്ഥിരതയും കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്റെ ന്യായം. മേല്‍പറഞ്ഞ രാജ്യങ്ങളാണെങ്കില്‍ ഈ പറഞ്ഞതൊക്കെ വളരെ ഉപരിപ്ലവമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്:അതായത് സ്വയംഭരണവും സ്വയംനിര്‍ണയാവകാശവും സ്വപ്‌നം കാണാന്‍ മാത്രം ധൈര്യപ്പെടണ്ട. കാരണം രാഷ്ട്രീയ ഇസ്ലാം നിങ്ങളെ ഏതു നിമിഷവും ഇരുണ്ട യുഗത്തിലേക്ക് (അസര്‍ അല്ലെങ്കില്‍ അഖദ് അദ്ദലാം എന്ന് അറബിയില്‍) ഒരിക്കല്‍ കൂടി തിരിച്ചു കൊണ്ടു പോകാന്‍ പോരുന്ന സാര്‍വകാലിക ഭൂതമാണ്!

ഈ ആശ്ചര്യജനകമായ മുന്നറിയിപ്പ് അങ്ങേയറ്റം ആശയക്കുഴപ്പമുണ്ടാക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്താലയത്തിലേക്ക് സ്വാഗതം. എന്നാല്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ അറബ് ലോകം ഭരിക്കുന്ന ഷെയ്ക്ധാനികള്‍ക്കും പട്ടാള അട്ടിമറികള്‍ക്കും പ്രദേശത്തെ ഇരുണ്ട യുഗത്തില്‍ നിന്നും പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ? രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ നിഗൂഢതകള്‍ക്കു മുമ്പില്‍ നഷ്ടപ്പെട്ടു പോകാന്‍ സാധ്യതയുള്ള ജ്ഞാനോദയത്തിന്റെ മനോഹരമായ എന്ത് അവസ്ഥയാണ് നിലവില്‍ ഇവിടങ്ങളിലുള്ളത്?പടിവാതില്‍ക്കലെത്തിയ ‘കാട്ടാളന്‍മാര്‍’ കൊളോണിയലാനന്തര അറബികളില്‍ നിന്നും തട്ടിയെടുത്തു കൊണ്ടു പോവാന്‍ നില്‍ക്കുന്ന അനുഗ്രഹീതമായ എന്തു ഫലങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ മുതലാളിത്തരാജ്യങ്ങളുടെയും അറബ് ഭരണാധികാരികളുടെയും പക്കലുള്ളത്?പോട്ടെ, ഏറ്റവും മൗലികമായി പ്രതിലോമതയോടും ഭീകരവാദത്തോടും കാട്ടാളത്തത്തോടും ഇരുണ്ട യുഗത്തോടും സമപ്പെടുത്തുന്ന എന്താണീ രാഷ്ട്രീയ ഇസ്ലാം?

ഇസ്ലാമിനെയും അതിന്റെ ചിഹ്ന-ആചാരങ്ങളെയും ഭാഷാനിര്‍മിതികളെയും ഗള്‍ഫ് രാജ്യങ്ങള്‍ അധികാരം നിലനിര്‍ത്താനും അവയ്ക്ക് നിയമസാധുത നല്‍കാനും സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്. ചൂഷകരും യാഥാസ്ഥികരുമായ ഒരു പറ്റം വരേണ്യരെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിനായി മതത്തെ ചൂഷണം ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വസാധാരണമാണ്.. വിദേശീയരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും ഗള്‍ഫ് ദേശീയതയുടെ വരേണ്യമായ വ്യവസ്ഥ സംരക്ഷിക്കുന്ന, അധികാരത്തിന് നിയമസാധുത നല്‍കുന്ന ശക്തികളായി പ്രവര്‍ത്തിക്കുന്ന മതസ്ഥാപനങ്ങളോടൊപ്പം ഒരു പുരോഹിതവര്‍ഗത്തെ തന്നെ ഈ പറഞ്ഞ മുഴുവന്‍ രാജ്യങ്ങളും വളര്‍ത്തി പരിപാലിച്ചു പോരുന്നുണ്ട്.

ഇങ്ങനെ ‘ഇസ്ലാമീകരിക്കപ്പെട്ട’ ഈ ഗള്‍ഫ് ദേശീയത പലപ്പോഴും അങ്ങേയറ്റം വംശീയവും ഗോത്രകേന്ദ്രീകൃതവുമായാണ് പ്രത്യക്ഷപ്പെടാറ്. ഇതില്‍ ആഴത്തില്‍ വേരൂന്നിക്കിടക്കുന്ന രാഷ്ട്രീയ-സാമൂഹിക അസമത്വം, ബലിശ്ഠമായ പുരുഷമേധാവിത്വം, കൂസലന്യേയുള്ള സ്വേഛാധിപത്യം, അധികാരദുരുപയോഗം എന്നിവ കാണാനാവും. ഇതില്‍ വളരെ പ്രധാനമാണ് എങ്ങനെ ഭരണകൂടം ശ്രദ്ധാപൂര്‍വം മതാവിഷ്‌കാരങ്ങളെയും യാഥാസ്ഥികതയെയും നിര്‍വചിക്കുകയും നിയന്ത്രിക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നത്. ശീഈ ഇറാനോടും മറ്റു ശീഈ സഖ്യങ്ങളോടുമുള്ള വിദ്വേഷം പോലെയുള്ള ഭരണകൂടനയങ്ങളിലും അവയുടെ രൂപീകരണത്തിലും മതത്തെ ചൂഷണം ചെയ്യുന്നതായി കാണാം.

മേഖലയില്‍ മതേതരത്വത്തിന്റെ സംരക്ഷകന്‍ ആയി നിലകൊള്ളുന്ന ഈജിപ്തിന്റെ സിസി പോലും ഭരണകൂടം നിര്‍വചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനപ്പുറത്തേക്ക് മതമൂല്യങ്ങളുടെ ആവിഷ്‌കാരം അനുവദിക്കുന്നില്ല. ഏത് ആരാധനാലയം എവിടെ സ്ഥാപിക്കപ്പെടണമെന്ന് ഭരണകൂടം തീരുമാനിക്കുന്നു. ഇസ്ലാമിന്റെ കാര്യത്തിലാണെങ്കില്‍ പള്ളികളില്‍ എന്ത് പറയണം എന്നതിന് വരെ നിയന്ത്രണങ്ങളുണ്ട്. ഓരോ പള്ളികളിലും മിമ്പറില്‍ നിന്ന് ഇമാമുമാര്‍ എന്ത് പറയണമെന്ന് സ്റ്റേറ്റ് തീരുമാനിക്കുന്നു. ഇതിനെതിരെ വരുന്ന പ്രതിഷേധസ്വരങ്ങളെ അടിച്ചമര്‍ത്താനും ഭരണകൂടതീരുമാനത്തിന് നിയമസാധുത കൊടുക്കാനും ഇസ്ലാമികയാഥാസ്ഥികത ആണിതെന്നു വരുത്താനും ഭരണകൂടം സാലറി കൊടുത്ത് വളര്‍ത്തുന്ന അല്‍ അസ്ഹറിലെ പുരോഹിതന്‍മാരെ സ്റ്റേറ്റ് ആശ്രയിക്കുന്നു. ഈജിപ്തിലെ മുഴുവന്‍ ധര്‍മസ്ഥാപനങ്ങളും സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ളതും സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് നിറഞ്ഞതുമാണ്. അതേസമയം കൊളോണിയല്‍ ശക്തികള്‍ കൊണ്ടു വന്ന നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കോപറ്റിക് മതസ്ഥാപനങ്ങള്‍ ചര്‍ച്ചിന്റെ സ്വകാര്യ നിയന്ത്രണത്തിന് കീഴിലാണിപ്പോഴും.

2013 ജൂലൈയില്‍ സൈനിക അട്ടിമറിക്കു മുമ്പായി സിസി അല്‍അസ്ഹറിന്റെയും കോപ്റ്റിക് ചര്‍ച്ചിന്റെയും പിന്തുണ ഉറപ്പാക്കിയിരുന്നു. മാത്രമല്ല, റാബിയതുല്‍ അദവിയ പള്ളിയിലെ കൂട്ടക്കൊലക്കു തൊട്ട്മുമ്പ് സൈനികര്‍ക്ക് ക്ലാസ് എടുക്കാന്‍ പുരോഹിതന്‍മാരുടെ ഒരു നിരയെ തന്നെ ഏര്‍പ്പാടാക്കുകയുമുണ്ടായി. തെരെഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണകൂടത്തെ പോലും പുറത്താക്കാന്‍ ഇസ്ലാം കല്‍പിക്കുന്നുണ്ടെന്നും ഈ പ്രവര്‍ത്തനത്തിനിടയില്‍ കൊന്നാലും കൊല്ലപ്പെട്ടാലും ദൈവത്തിന്റെ പ്രീതി ഉണ്ടാവുമെന്നും ഇവര്‍ സൈനികര്‍ക്ക് ഉത്‌ബോധനം നടത്തി.

2014 ജൂലൈയില്‍ വളരെ ഹാസ്യജനകമായ ഒരു സംഭവത്തില്‍ അല്‍അസ്ഹറിലെ അഭിവന്ദ്യനായ റെക്ടര്‍ അടുത്തിടെ മരണപ്പെട്ട സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസിന് ഇസ്ലാമിക ദൈവശാസ്ത്രത്തിലും നിയമത്തിലും ഹോണററി ഡോക്ടറേറ്റ് നല്‍കുകയുണ്ടായി. അസ്ഹര്‍ ലോകത്തിലെ ഏറ്റവും പഴയ സര്‍വകലാശാലയും ഇസ്ലാമിക അദ്ധ്യത്മവിദ്യാഭ്യാസത്തിനുള്ള മുന്‍നിരസ്ഥാപനവുമാണ്. ഇതിന് മുമ്പ് സൗദി അറേബ്യയിലെ മദീന സര്‍വകലാശാല രാജാവിന് രാഷ്ട്രമീമാംസയില്‍ ഹോണററി ഡോക്ടറേറ്റ് നല്‍കിയിരുന്നു. ഈ സര്‍വകലാസാലയില്‍ പൊളിട്ടിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റില്ല എന്നതും ഈ വിഷയത്തില്‍ ഡിഗ്രി നല്‍കപ്പെടുന്നില്ല എന്നതും രസകരമാണ്. ഇസ്ലാമികതത്വശാസ്ത്രത്തിലും നിയമത്തിലും അഗാധമായ പാണ്ഡിത്യമുള്ളതു കൊണ്ടോ അപാരമായ നീതിബോധവും ദയ-അനുകമ്പ തുടങ്ങിയ ഇസ്ലാമികനൈതികത ഉള്ളതു കൊണ്ടോ ആണോ രാജാവിന് ഡോക്ടറേറ്റ് നല്‍കപ്പെട്ടത്?ഒരിക്കലുമല്ല. മതത്തിന്റെയും അതിന്റെ ചിഹ്നങ്ങളുടെയും വിനിമയം സ്‌റ്റേറ്റ് ആണ് നിര്‍വഹിക്കുന്നത് എന്നതിനുള്ള ആവിഷ്‌കാരമാണിതൊക്കെ. മരണപ്പെട്ട സൗദി രാജാവിന് ഹോണററി ഡോക്ടറേറ്റ് നല്‍കിയത് ഇസ്ലാമിനെ തങ്ങളുടെ രാഷ്ട്രീയാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉപയോഗിച്ചു കൊണ്ടുള്ള വ്യക്തമായ രാഷ്ട്രീയനടപടിയായിരുന്നു.

എന്നാല്‍ കുഴപ്പം നിറഞ്ഞ ഈ അസംബന്ധങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ സിസി സ്വയം തന്നെ ഒരു പരിഷ്‌കര്‍ത്താവായി സങ്കല്‍പിച്ചിരിക്കുകയാണ്. ധൈഷണികമായി ഉറക്കം തൂങ്ങികളായ അസ്ഹറിലെ പുരോഹിതന്‍മാരും മണ്ടന്‍മാരായ ഉദ്യോഗസ്ഥന്‍മാരും ഈ പറയപ്പെടുന്ന പരിഷ്‌കരണത്തിന് നേതൃത്വം നല്‍കുമെന്നും അദ്ധേഹം തീരുമാനിച്ചിരിക്കുന്നു. അല്‍അസ്ഹറില്‍ 2015 ജനുവരി ഒന്നിന് നടത്തിയ പ്രസംഗത്തില്‍ സിസി തന്റെ ധൈഷണികപ്രപഞ്ചം ഏതാണെന്ന് കാണിക്കുകയുണ്ടായി. ഫോക്‌സ് ന്യൂസ് അടക്കമുള്ള അറിയപ്പെടുന്ന ഇസ്ലാമോഫോബുകളെ ഉദ്ധരിച്ചു കൊണ്ട് ലോകത്തെ 1.6 ബില്ല്യണ്‍ മുസ്ലിംകള്‍ ഇന്ന് ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതില്‍ നിന്ന പിന്‍മാറണമെന്ന് സിസി ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്യുന്നതിലൂടെ താന്‍ അഭിസംഭോധന ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യധാരാ മുസ്ലിംകളെ അദ്ദേഹം അവഹേളിച്ചുവെന്നു മാത്രമല്ല, തന്റെ കൊളോണിയല്‍ യജമാനന്‍മാരുടെ വംശീയതയും വരേണ്യതയും പറച്ചിലിലും സങ്കല്‍പങ്ങളിലും ഉള്‍ക്കൊള്ളുന്ന അസ്സല്‍ കൂട്ടിക്കൊടുപ്പുകാരന്റെ റോള്‍ കാഴ്ചവെക്കുകയും ചെയ്തു. അധീശശക്തികള്‍ക്ക് ദാസ്യവേല ചെയ്യാന്‍ വിസമ്മതിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്യുന്നവരുടെ കണ്ണിലൂടെ തന്നെ നോക്കിക്കാണാന്‍ ഇനിയൊരിക്കലും അദ്ദേഹത്തിനു കഴിയില്ല. തന്റെ ദീര്‍ഘകാല കൊളോണിയല്‍ ഏമാന്‍മാരുടെ ധാര്‍ഷ്ട്യവും അവജ്ഞയും നിറഞ്ഞ കണ്ണിലൂടെ മാത്രമേ അദ്ദേഹത്തിന് സ്വയം നോക്കിക്കാണാന്‍ കഴിയൂ. ഇതെ പ്രസംഗത്തില്‍ വെ്ച്ച സിസി വിശുദ്ധഗ്രന്ഥങ്ങള്‍ക്കെതിരെ വിപ്ലവം നടത്തണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. തുടര്‍ന്ന അല്അസ്ഹര്‍ ഭാരവാഹികളുടെ നേരെ തിരിഞ്ഞ് മോഡറേറ്റ് ഇസ്ലാം എന്താണെന്ന് നിര്‍വചിക്കണമെന്ന് ആരായുകയും ചെയ്തു. എന്നാല്‍ എങ്ങനെയായിരിക്കുമാവോ ഈ മോഡറേറ്റ് ഇസ്ലാം?എന്തായിരിക്കുമതിന്റെ താത്വികാശയങ്ങളും വൈജ്ഞാനികാടിത്തറകളും?

ഇനി എന്തൊക്കെയായിരിക്കും ഈ മോഡറേറ്റ് ഇസ്ലാമികതയുടെ പൊതുധാരകള്‍?ഒരു കാര്യം വ്യക്തമാണ്‌, ഇവയുടെ പൊതുഗുണങ്ങള്‍ അവ ഭരണകൂടം നയിക്കുന്ന സ്റ്റേറ്റ് നിര്‍വചിത ഇസ്ലാം ആയിരിക്കും. കൃത്യമായി രാഷ്ട്രീയവല്‍ക്കരിരക്കപ്പെട്ടിട്ടുള്ളൊരു ഇസ്ലാമിന്റെ പതിപ്പായിരിക്കുമത്. പഴയ പാറാവുകാരും അവരുടെ പാശ്ചാത്യസഖ്യങ്ങളും ആഗ്രഹിക്കുന്നതു പോലെത്തന്നെ ഇവിടെ രാഷ്ട്രീയം കൈകാര്യം ചെയ്യപ്പെടുന്നിടത്തോളവും സ്റ്റേറ്റ് മുന്നോട്ടു തള്ളുന്ന ഈ ഇസ്ലാമിന്റെ ഇരകള്‍ അവര്‍ തന്നെയായിരിക്കുകയും ചെയ്യുന്ന കാലത്തോളവും ഇത് ആവുന്നത്ര മര്‍ദകവും, പുരുഷാധിപത്യം നിലനില്‍ക്കുന്നതും, ചൂഷകവും, അടിച്ചമര്‍ത്തുന്നതും, യാഥാസ്ഥികവും അസഹിഷ്ണുത നിറഞ്ഞതും ആയിരിക്കും. അതായത് ഉദാഹരണത്തിന് ആ ഇരകള്‍ എപ്പോഴും ശ്രീലങ്കയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന പലസ്തീനില്‍ നിന്നും കടത്തപ്പെടുന്ന തൊഴിലാളികളായിരിക്കും. അവര്‍ ഒരിക്കലും ഇറാഖിലെ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍മാരോ അധിനിവേശ പ്രദേശങ്ങളിലുള്ള ഇസ്രായേലികളോ ആവില്ല.
ഇത്തരത്തിലുള്ള അവസരവാദപരവും അതേസമയം അസ്ഥിരവുമായ ‘മിതവാദ ഇസ്ലാമിന്റെ’ നിര്‍വചനം ആര്‍ക്കെങ്കിലും തികച്ചും രാഷ്ട്രിയമായി തോന്നുന്നുവെങ്കില്‍, രാഷ്ട്രിയഇസ്ലാമെന്ന പരികല്‍പ്പനയുടെ യുക്തിയോടും അതിന്റെ ഭീതിത പ്രേതത്തോടും ഇതെങ്ങനെ ബന്ധപ്പെടുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ജി.സി.സിക്കും, സൗദി അറേബ്യക്കും സിസിക്കും അല്‍അസ്ഹറിനും അവരുടെ സഖ്യകക്ഷികള്‍ക്കും അംഗീകാരമായ ഇതു പോലെയുള്ള രാഷ്ട്രീയവത്കരിക്കപ്പെട്ട ഇസ്ലാമില്‍ സ്‌റ്റേറ്റ് ദൈവമാണ്- പൊതു ഇടത്തിലെ മതം എന്താണെന്നിത് നിര്‍വചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മോശം മതകീയതക്ക് എതിരായി എന്താണ് നല്ല മതകീയത എന്നിത് നിര്‍വചിക്കുന്നു. എന്താണ് ദൈവത്തിന് വേണ്ടതെന്നും വേണ്ടാത്തതെന്നും ഇത് നമ്മോടു പറയുന്നു.. അതു കൊണ്ടു തന്നെ സ്റ്റേറ്റിനെ അനുസരിക്കല്‍ ഒരാളുടെ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാവുന്നു. സ്റ്റേറ്റിനെ വണങ്ങുക എന്നത് സല്‍കര്‍മവുമാകുന്നു.

ഇനി ഈ പറഞ്ഞവയൊക്കെ തീര്‍ച്ചയായും സത്യമാണ് ഭരണകൂടം യഥാര്‍ത്ഥ രീതിയിലുള്ള ഭരണകൂടമാണെങ്കില്‍. അപ്പോള്‍ ഭരണകൂടം ശീഈ ആണ് അല്ലെങ്കില്‍ ഇറാനോട് ചായ്‌വുള്ളതും ഇസ്രായേലിനെ എതിര്‍ക്കുന്നതുമാണ്, അല്ലെങ്കില്‍ മേഖലയിലെ പടിഞ്ഞാറന്‍ താത്പര്യങ്ങളെ അട്ടിമറിക്കാന്‍ നോക്കുന്നവരാണ് എങ്കില്‍ ആ ഭരണകൂടങ്ങളെ അനുസരിക്കാതിരിക്കലും അവരോട് പ്രക്ഷോഭം നടത്തലും പുണ്യകര്‍മമാകുന്നു, ഒരു പക്ഷെ ഇസ്ലാമികമായ ബാധ്യത തന്നെയാവുന്നു!. ഒരു വേള രാഷ്ട്രീയ ഇസ്ലാം ഭീകരവാദം പോലെയാണ്-ശരിയായ ഭരണകൂടം ശരിയായ ഉദ്ദേശ്യത്തിന് വേണ്ടി ഇതിനെ ഉപയോഗിക്കുകയാണെങ്കില്‍ അത് ന്യായമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഹിംസാത്മകമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കല്‍ മാത്രമാണ്. നേരെ മറിച്ചത് തെറ്റായ ആളുകള്‍ തെറ്റായ ഉദ്ദേശ്യത്തിന് വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ അത് നിരപരാധികളെ ഭീതിപ്പെടുത്താനായി നിയമവിരുദ്ധമായി ഹിംസ പ്രയോഗിക്കല്‍ ആയി മാറുന്നു.

ഒരുപക്ഷെ പ്രദേശത്തെ എണ്ണ ശൈഖുമാരോടും, പാശ്ചാത്യന്‍ ശക്തികള്‍ക്ക് വിടുവേലചെയ്യുന്ന സൈനിക ഭരണത്തോടും പൊരുത്തപ്പെടാതിരിക്കാന്‍ വേണ്ടി ഉയര്‍ത്തിക്കാണിക്കുന്ന ഇസ്ലാമിയതയെ രാഷ്ട്രിയ ഇസ്ലാമായി നിര്‍വചിക്കാവുന്നതാണ്. കുറച്ചുകൂടെ ആയാസകരമായി ഒരുപടി കൂടെ മുന്നോട്ടുപോവുകയാണെങ്കില്‍, ഒരുപക്ഷെ അധികാരത്തിലിരിക്കുന്ന വലതുപക്ഷ വ്യക്തികളോടു കലഹിക്കുന്ന അല്ലെങ്കില്‍ പരമ്പരാഗതമയി അനുഭവിക്കുന്ന ഇവരുടെ അന്യായമായ സുകലോലുപതകളെ അട്ടിമറിക്കാന്‍ ഒരുമ്പെടുന്ന ഇസ്ലാമിയതയുടെ പ്രഖ്യാപനങ്ങളെയും രാഷ്ട്രിയ ഇസ്ലാമായി നിര്‍വചിക്കാവുന്നതാണ്. പരമാവധി സത്യസന്ധത പുലര്‍ത്തുകയാണെങ്കില്‍ ആത്യന്തികമായി ഈ രാഷ്ട്രീയ ഇസ്ലാം എന്നത് അസംബന്ധമാണെന്ന് നമ്മള്‍ അംഗീകരിക്കേണ്ടി വരും. ഒരു കാര്യത്തില്‍ പൗരസമ്മതം ഉണ്ടാക്കുന്നതിന്റെ ഏറ്റവും ആദ്യത്തെ പടി വ്യവഹാരത്തിലെ സത്യസന്ധതയാണ്.   (തുടരും)

വിവര്‍ത്തനം: അയ്യൂബ് റഹ്മാന്‍

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting