ഹിഷാം മത്തര്‍: ഈഡിപ്പല്‍ ഭയങ്ങളുടെ രാഷ്ട്രീയം
സ്പാനിഷ് നോവലിസ്റ്റായ ബോര്‍ഗസിനെക്കുറിച്ച സംഭാഷണത്തിനിടക്കാണ് ഞാന്‍ ഹിഷാം മത്തറിനെ ശ്രദ്ധിക്കുന്നത്. ഞാന്‍ ഹിശാം മത്തറിനെ മനസ്സിലാക്കുന്നത് ബോര്‍ഗസ് എന്ന ഗ്രന്ഥകാരന്റെ പ്രതീക്ഷകളെ പരോക്ഷമായി ഉള്‍ക്കൊള്ളുന്ന (Implied Reader) വായനക്കാരനായാണ്. New Yorker Fiction Podcast എന്ന വെബ്‌സൈറ്റിന് വേണ്ടി shakespeare’s memory എന്ന ബോര്‍ഗസിന്റെ ചെറുകഥ ഹിഷാം മത്തര്‍ വായിക്കുമ്പോള്‍ ബോര്‍ഗസ് തന്നെയാണോ അത് വായിക്കുന്നത് എന്ന് നമുക്ക് തോന്നിപ്പോകും. അത്രമേല്‍ മനോഹരമാണ് അദ്ദേഹത്തിന്റെ അവതരണം. ഹിഷാം മത്തറിന്റെ ആദ്യത്തെ നോവലായ In the country of Men ലെ കേന്ദ്ര കഥാപാത്രം ഒരുപാട് സംശയങ്ങള്‍ പേറി നടക്കുന്ന ഒരു ചെറിയ കുട്ടിയാണ്. തന്നില്‍ നിന്ന് വേര്‍പ്പെട്ട് പോയ ആളുകള്‍ ഇപ്പോഴും തന്റെ കൂടെയുണ്ട് എന്ന തോന്നല്‍ ആ കുട്ടിയെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിക്കുന്നുണ്ട്. പോഡ്കാസ്റ്റിന് വേണ്ടി ഹിഷാം കഥ വായിക്കുമ്പോള്‍ ബോര്‍ഹസ്സിന്റെ ഒരദൃശ്യ സാന്നിധ്യം നമുക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
ബോര്‍ഹസ്സിന്റെ കഥ വായിച്ചതിന് ശേഷം ഹിഷാം നമ്മോട് പറയുന്നത് ഗൗരവതരമായ സാഹിത്യം അപകടകരമാണെന്നാണ്. അതിന്റെ നിശ്ശബ്ദത നമ്മെ മുറിവേല്‍പ്പിക്കുകയും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ഹിഷാമിന്റെ ഈ വര്‍ത്തമാനത്തെ നാം In the country of men എന്ന അദ്ദേഹത്തിന്റെ നോവലിന്റെ പശ്ചാത്തലത്തില്‍ വായിക്കേണ്ടതുണ്ട്. കേണല്‍ ഖദ്ദാഫിയുടെ നേത്യത്വത്തിലുള്ള റവല്യൂഷണറി കമ്മറ്റി ലിബിയയുടെ അധികാരം പിടിച്ചടക്കിയതിന് ശേഷം അവിടെ രൂപപ്പെട്ട ഭയാനകമായ രാഷ്ട്രീയാന്തരീക്ഷം നോവലില്‍ വിവരിച്ചിരിക്കുന്നത് കേന്ദ്ര കഥാപാത്രമായ സുലൈമാന്റെ പിതാവ് വായിക്കുന്ന Democracy Now എന്ന പുസ്തകത്തിലൂടെയാണ്. തന്റെ ഉമ്മ കത്തിക്കാന്‍ പറഞ്ഞിട്ടും അവരറിയാതെ ആ പുസ്തകം ഒളിപ്പിച്ച് വെക്കുകയാണ് സുലൈമാന്‍ എന്ന ഒമ്പത് വയസ്സുകാരന്‍ ചെയ്യുന്നത്. സുലൈമാന്റെ ഉപ്പയുടെ ആദ്യത്തെ തിരോധാനത്തിനിടക്കാണ് ഇത് സംഭവിക്കുന്നത്. ( ഹിഷാം മത്തറിന്റെ നോവലുകളില്‍ നാം സ്ഥിരമായി കാണുന്ന പദമാണ് തിരോധാനം (disappearance). ദേശരാഷ്ട്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പിടിച്ച് കൊണ്ട് പോയി ശരിപ്പെടുത്തുന്ന ഹീനമായ പ്രവൃത്തിയെ തിരോധാനം ( disappearance) എന്ന വാക്ക് കൊണ്ടാണ് ഹിഷാം മത്തര്‍ വിശേഷിപ്പിക്കുന്നത്.)
സാമൂഹ്യപ്രവര്‍ത്തകനായ ഒരയല്‍വാസിയുടെ സഹായത്തോടെയാണ് സുലൈമാന്റെ പിതാവ് ഒടുവില്‍ തിരിച്ച് വരുന്നത്. പിതാവിന്റെ ഇഷ്ടപുസ്തകം തന്നെയാണ് സുലൈമാന്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കുന്നത്. പിന്നീട് സുലൈമാനെ മാതാപിതാക്കള്‍ ചേര്‍ന്ന് കൈറോവിലേക്കയക്കുന്നുണ്ട്. ലിബിയയിലെ അസ്ഥിരമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്നും തങ്ങളുടെ മകനെ രക്ഷപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വീണ്ടും ആ പുസ്തകത്തിന്റെ പേരില്‍ തന്റെ ഉപ്പയെ പിടിച്ച് കൊണ്ട് പോയ വിവരം സുലൈമാന്‍ അറിയുന്നത് ഫോണ്‍ കോളുകളിലൂടെയാണ്. ഖദ്ദാഫിയുടെ സാമ്പത്തിക നയങ്ങള്‍ തിരിച്ചടിയായപ്പോള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായ സുലൈമാന്റെ പിതാവ് ഒഴിവ് സമയങ്ങളില്‍ മാക്കിയവെല്ലിയുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മാക്കിയവെല്ലിയുടെ പുസ്തകത്തിന്റെ പേരിലായിരുന്നില്ല അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. മറിച്ച് തന്റെ സുഹൃത്തിന് democracy now എന്ന പുസ്തകത്തില്‍ നി്ന്ന് ചില ഭാഗങ്ങള്‍ വായിച്ച് കൊടുത്തതിന്റെ പേരിലായിരുന്നു. ( ഒരു ഗവണ്‍മെന്റും മാക്കിയവെല്ലിയെ വിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യില്ല എന്നത് തീര്‍ച്ചയാണ്.)
1970-ല്‍ ന്യൂയോര്‍ക്കില്‍ ജനിക്കുകയും ട്രിപ്പോളിയില്‍ വളരുകയും ചെയ്ത ഹിഷാം മത്തറിന്റെ ആദ്യത്തെ നോവലാണ് In the country of men. തന്റെ പിതാവിനെ ഖദ്ദാഫിക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് നാട് കടത്തിയതിനെക്കുറിച്ച ആതാമകഥാംശാ രൂപത്തിലുള്ള ആഖ്യാനമാണ് ഈ നോവല്‍. പിതാവിന്റെ തിരോധാനം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയെ ഉമ്മയും മകനും ചേര്‍ന്ന് മറികടക്കുന്നതിനെ സുന്ദരമായാണ് ഈ നോവലില്‍ ഹിഷാം മത്തര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 1990 ല്‍ ഹിഷാം ലണ്ടനില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവിനെ കൈറോവില്‍ വെച്ച് കുറച്ചാളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി. The Anatomy of a Disappearance എന്ന നോവലില്‍ ഈ സംഭവം മനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്. പിതാവിന്റെ അസാന്നിധ്യം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തെ മനോഹരമായി മറികടക്കുന്ന ഒരുമ്മയും മകനും തമ്മിലുള്ള ബന്ധത്തെയാണ് ഈ രണ്ട് നോവലുകളും ആവിഷ്‌കരിക്കുന്നത്.
പിതാവിന്റെ അസാന്നിധ്യത്തെക്കുറിച്ച ഒരു കുട്ടിയുടെ അനിശ്ചിതത്വത്തെക്കുറിച്ചാണ് രണ്ട് നോവലുകളും പറയുന്നത്. പിതാവിന്റെ അസ്വസ്ഥജനകമായ സാന്നിധ്യം അവനില്‍ മാനസികമായ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അവന്റെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്നതും അത് തന്നയാണ്. എന്നാല്‍ പിതാവിന്റെ തിരോധാനം ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലായ്മ ചെയ്യുന്നുണ്ട്. അത് വഴി നഷ്ടപ്പെടുന്നത് നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ ഐഡന്റിറ്റിയാണ്. ഖദ്ദാഫിയെക്കുറിച്ച് പോലും നാമങ്ങനെ ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഖദ്ദാഫിയുടെ അധീശമായ സാന്നിധ്യമാണ് ഒരു വിമത രാഷ്ടീയ സ്വത്വത്തെ അനിവാര്യമാക്കുന്നത്. എന്നാലിപ്പോള്‍ അദ്ദേഹവും അദൃശ്യനായിരിക്കുന്നു. മറ്റൊരു ഏകാധിപതിക്കാണ് അദ്ദേഹമിപ്പോള്‍ ലിബിയയെ വി’ട്ട് കൊടുത്തിരിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം എന്നത് ദേശരാഷ്ട്രങ്ങളെ അനിവാര്യമാക്കുന്ന ഒന്നാണ് എന്നാണ് ഹിഷാം മത്തറിന്റെ ഈ നോവല്‍ നമ്മോട് പറയുന്നത്. നോവലിന്റെ അവസാന ഭാഗത്ത് ഇന്ത്യയെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പര്യായമായി ഹിഷാം അവതരിപ്പിക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം നേര്‍വിപരീതമാണ് എന്നത് തീര്‍ച്ചയാണ്.