banner ad
April 23, 2015 By കെ അഷ്‌റഫ്‌ 0 Comments

യമന്‍ സംഘര്‍ഷത്തിലെ ഉള്‍പ്പിരിവുകള്‍

yeman

ഉത്തരാഫ്രിക്കന്‍/പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളിലെ സമകാലിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള മാധ്യമ വിവരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഴക്കമുള്ള ഒരു വാക്കാണ് ‘വിഭാഗീയത’. നമുക്ക് ഏറെ പരിചിതമായ വര്‍ഗപരമോ വംശീയപരമോ പ്രാദേശികപരമോ ആയ വിഭാഗീയത അല്ല, നേരെമറിച്ച് സുന്നി-ശിയാ വിഭാഗങ്ങള്‍ തമ്മിലുള്ള മതപരമായ വിഭാഗീയതയാണ് പൊതുചര്‍ച്ചയില്‍ ഏറെ കാണപ്പെടുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു വിവര്‍ത്തനം വിഭാഗീയത എന്ന വാക്കിന് കൈവരുന്നുവെന്ന് ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. 1500 വര്‍ഷത്തെ ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ സുന്നി, ശിയാ വിഭാഗീയ സംഘര്‍ഷത്തിന്റെ രേഖീയമായ വികാസം നമുക്ക് കാണാന്‍ കഴിയില്ലെന്ന് ജോസഫ് ഷഷ്ടിനെ (Joseph schacht) പോലുള്ള ഓറിയന്റലിസ്റ്റുകള്‍ തന്നെ എഴുതിയിട്ടുണ്ട്. പക്ഷേ, എന്നിട്ടും എന്തുകൊണ്ട് മാധ്യമങ്ങള്‍ സുന്നി, ശിയാ എന്ന മത വിഭാഗീയതയില്‍ അമിതമായി ഊന്നല്‍ കൊടുത്തുകൊണ്ട് മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കുന്നു?

ഇപ്പോള്‍ യമനില്‍ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ തന്നെയെടുക്കുക. അത് ശിയാക്കളിലെ സാമൂഹിക പ്രസ്ഥാനമായ ഹൂതികളും ബാക്കിവരുന്ന സുന്നികളും തമ്മിലുള്ള സംഘര്‍ഷമാണോ? തീര്‍ച്ചയായും സുന്നി, ശിയാ തുടങ്ങിയ മത വിഭാഗീയതയുടെ പ്രശ്‌നങ്ങള്‍ മറ്റു പല രാജ്യങ്ങളിലെയും പോലെ അവിടെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, വിശദമായ പഠനങ്ങള്‍ കാണിക്കുന്നത് മതം അവിടെ സാമൂഹിക വിഭജനത്തിന്റെ നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണെന്നാണ്. അതായത് വര്‍ഗം, പ്രദേശം, ഭൂമിശാസ്ത്രം, ഭരണകൂടം, ചരിത്രം തുടങ്ങിയ നിരവധി ഘടകങ്ങളാല്‍ തീര്‍ത്തെടുക്കുന്ന ഒന്നാണ് യമനിലെ വിഭാഗീയത. ഈ സാഹചര്യത്തില്‍ യമനിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ നിര്‍മിച്ച ചില സുപ്രധാന ഘടകങ്ങള്‍ എന്താണെന്ന് പരിശോധിക്കുന്നത് യമനിലെ വിഭാഗീയതയും സാമൂഹിക സംഘര്‍ഷങ്ങളും ശിയാ, സുന്നി എന്ന ഘടകത്തെ മാത്രം ആശ്രയിച്ചുനില്‍ക്കുന്നതല്ല എന്ന് മനസ്സിലാക്കാന്‍ സഹായിക്കും. ലോറന്‍സ് ജി. പോട്ടര്‍ എഡിറ്റ് ചെയ്ത സെക്ടേറിയന്‍ പൊളിറ്റിക്‌സ് ഇന്‍ പേര്‍ഷ്യന്‍ ഗള്‍ഫ് (ഹസ്റ്റ് പബ്‌ളിഷേഴ്‌സ് 2013) എന്ന പഠനസമാഹാരത്തിന്റെ ഭാഗമായി യമനിലെ സാമൂഹിക വിഭജനത്തിന്റെ കാരണങ്ങളന്വേഷിക്കുന്ന ഗവേഷകനാണ് ഖാലിദ് ഫത്താഹ്. ഫത്താഹ് തന്റെ അന്വേഷണത്തിനൊടുവില്‍ യമനിലെ സാമൂഹിക വിഭജനത്തിന്റെ മൂന്നു അടിസ്ഥാന കാരണങ്ങള്‍ കണ്ടത്തെുന്നു.

1. യമനി ഭരണകൂടത്തിന്റെ തകര്‍ച്ച.
2. മേഖലയില്‍ ഇപ്പോള്‍ രൂക്ഷമായ റിയാദ്-തെഹ്‌റാന്‍ വടംവലി.
3. സെപ്റ്റംബര്‍ 11 സംഭവത്തിനുശേഷം അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ അധിനിവേശങ്ങള്‍ മേഖലയില്‍ ഉണ്ടാക്കിയ രാഷ്ട്രീയ അസ്വസ്ഥതകള്‍.
ഈ മൂന്നു ഘടകങ്ങള്‍ എങ്ങനെയാണ് യമനില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഫത്താഹ് ഉപയോഗിക്കുന്ന ഉദാഹരണങ്ങളില്‍ ചിലത് മാത്രം സൂചിപ്പിക്കാം.

യമനിലെ സാമൂഹിക വിഭജനം അതിന്റെ ഭൂമിശാസ്ത്രത്തില്‍തന്നെ കാണാമെന്നു ഫത്താഹ് പറയുന്നു. ഉത്തര യമനിലെ മലനിരകളില്‍, ഭരണകൂടത്തിന്റെ കണ്ണുകള്‍ക്ക് അധികം പിടികൊടുക്കാതെ, ശിയാ സെയ്ദി വിശ്വാസം പുലര്‍ത്തുന്ന ഗോത്രവിഭാഗങ്ങള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. അവശേഷിക്കുന്ന ശിയാ സെയ്ദികള്‍ കിഴക്കന്‍ യമനിലെ വരണ്ട ഭൂപ്രദേശത്ത് താമസിക്കുന്നു. ഗോത്രജീവിതം നയിക്കുന്ന അലഞ്ഞു തിരിയുന്ന ശിയാ സെയ്ദി ഗോത്രസമൂഹങ്ങള്‍ ഈ ഭൂമിശാസ്ത്രത്തിന്റെ സൃഷ്ടിയാണ്. യമനിലെ ആകെ ജനസംഖ്യയുടെ 35 ശതമാനമാണ് ശിയാ സെയ്ദികള്‍. സുന്നി ശാഫികള്‍ തെക്കന്‍ യമനിലും യമനിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ നഗരങ്ങളില്‍ ഏറെ കാണപ്പെടുന്നു. കൃഷി, വാണിജ്യം, മത്സ്യബന്ധനം എന്നിവയൊക്കെ മുഖ്യ തൊഴിലാക്കുകയും ചെയ്തിരിക്കുന്നു. സുന്നി, ശാഫി വിഭാഗത്തില്‍പെട്ട യമനികള്‍ ഏദന്‍ അടക്കമുള്ള തുറമുഖത്തിലൂടെ നിലനിര്‍ത്തുന്ന ആഗോള ബന്ധങ്ങള്‍ എങ്‌സങ്ങ് ഹോയെ പോലുള്ള ഗവേഷകര്‍ വിശദമായി എഴുതിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സാമൂഹിക ഐക്യത്തിന്റെയും വിഭജനത്തിന്റെയും ഉപാധി ഭരണകൂടമല്ല, മറിച്ച് ഗോത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. യമനില്‍ പ്രബലമായ 185ഓളം ഗോത്രങ്ങളാണുള്ളത്. ഭരണകൂടം അതുകൊണ്ടുതന്നെ ഗോത്രങ്ങളുമായി കരാറുകള്‍ ഉണ്ടാക്കുകയാണ് പതിവ്. എല്ലാ ശക്തിയുമുള്ള, എല്ലാം നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഭരണകൂടം യമനില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. മാത്രമല്ല, അയല്‍ രാജ്യമായ സൗദി പോലും പല ഘട്ടത്തിലും യമനിലെ ഭരണകൂടത്തെക്കാള്‍ അവിടത്തെ ഗോത്രങ്ങളുമായി രഞ്ജിപ്പിലെത്താനും തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയം ഭദ്രമാക്കി നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, യമന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ശിയാ ഗോത്രങ്ങളുമായി ധാരാളം കരാറുകള്‍ ആഭ്യന്തര സമാധാനത്തെ മുന്‍നിര്‍ത്തി സൗദി ഭരണകൂടം ഉണ്ടാക്കിയിരുന്നുവെന്ന് ഫത്താഹ് വിശദീകരിക്കുന്നു.

യമനീ സമൂഹത്തിലെ ഈ ചലനാത്മകതയും പരസ്പര ബന്ധവും സാമൂഹിക വിഭജനത്തിന്റെയും സാമൂഹിക ശേഷിയുടെയും വ്യത്യസ്തമായൊരു ചിത്രം നമുക്ക് നല്‍കുന്നു. യമനിലെ ഭരണകൂടം അവിടത്തെ ഏറ്റവും ക്ഷയിച്ച സാമൂഹിക സ്ഥാപനമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. യമനി ജീവിതത്തില്‍ ഒരു ഘട്ടത്തിലും ക്രിയാത്മകമായ ഇടപെടാന്‍ സന്‍ആയിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. യു.എന്‍.ഡി.പിയുടെ മനുഷ്യ വികസന സൂചിക പറയുന്നത് ലോകത്തെ ദാരിദ്ര്യത്തിന്റെ കണക്കെടുത്താല്‍ ആകെ 176 ലോകരാജ്യങ്ങളില്‍ വെച്ച് യമന്‍ 154ാം സ്ഥാനത്താണെന്നാണ്. സാമൂഹിക/സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യമന്‍ ഭരണകൂടം വമ്പിച്ച പരാജയമാണെന്നു കാണാം. സ്വതന്ത്രമായ ഗോത്രങ്ങളും അവയുടെ ആയുധബലവും കണക്കിലെടുത്താല്‍ യമനിലെ ഭരണകൂടം സ്വന്തം രാജ്യത്തിനകത്ത് മറ്റൊരു സമാന്തര അധികാര സ്ഥാപനം മാത്രമാണ്.
പക്ഷേ, എന്താണ് യമനെ കുറെ വര്‍ഷങ്ങളായി ആഗോള രാഷ്ട്രീയത്തിലെ മുഖ്യ ഇടമാക്കി മാറ്റുന്നത്? 2000 ഒക്ടോബറിലും 2002 ഒക്ടോബറിലും യഥാക്രമം യു.എസ്, ഫ്രഞ്ച് എണ്ണക്കപ്പലുകള്‍ യമന്‍ തീരത്ത് ആക്രമിക്കപ്പെട്ടു. യമന്‍ ആഗോള ശക്തികളുടെ കണ്ണിലെ കരടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അമേരിക്കന്‍ വിരുദ്ധ സായുധ സംഘങ്ങള്‍ യമനിലുണ്ടെന്ന് ജോര്‍ജ് ബുഷ് ഭരണകൂടം അക്കാലത്ത് ആരോപണമുന്നയിച്ചിരുന്നു. ഒരുവര്‍ഷം 22,000 എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഏദന്‍ കടലിടുക്കിന്റെ സുരക്ഷയാണ് യൂറോ-അമേരിക്കന്‍ അച്ചുതണ്ടിന്റെ ഉറക്കം കെടുത്തിയിരുന്നതെന്ന് കാണാന്‍ വലിയ പ്രയാസമില്ല. ഇപ്പോള്‍ ശക്തിയാര്‍ജിച്ച ഹൂതി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, കൊല്ലപ്പെട്ട ഹുസൈന്‍ ബദറുദ്ദീന്‍ ഹൂതി, യമനിലെ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമായി ഗള്‍ഫിലെ അമേരിക്കന്‍ സാന്നിധ്യമാണെന്ന പ്രചാരണവുമായി തെരുവുകള്‍ പിടിച്ചടക്കാന്‍ തുടങ്ങിയത് ഇതേ കാലത്താണ്.

അറബ് വസന്തത്തെ തുടര്‍ന്ന്, 1978 മുതല്‍ 2012 വരെ യമന്‍ ഭരിച്ച ശിയാ സെയ്ദി കൂടിയായ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് അധികാരം വിട്ടു. അനന്തരം ഫലപ്രദമായ ജനാധിപത്യ ബദല്‍ നിര്‍മിക്കാന്‍ യമനിലെ പ്രക്ഷോഭകാരികള്‍ പരാജയപ്പെട്ടതോടെ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴി മാറി. പ്രധാന പ്രതിപക്ഷമായ സലഫികള്‍, ഇഖ്‌വാനികള്‍, ശിയാ സായുധ സംഘങ്ങള്‍ ഒക്കെ ഒരുമിച്ചിരുന്നു പരിഹരിക്കാന്‍ കഴിയാത്തത്ര രാഷ്ട്രീയ വിഭജനം യമനില്‍ സംഭവിച്ചിരിക്കുന്നു. എന്നാല്‍, ഈ എല്ലാ വിഭാഗങ്ങളും ഒരുമിക്കുന്ന ഒരേ ഒരു പോയന്റ് അമേരിക്കന്‍ വിരുദ്ധതയാണ്. ഇറാന്‍ വിപ്‌ളവകാലത്തെ അനുസ്മരിപ്പിക്കുന്ന അമേരിക്കന്‍ വിരുദ്ധ ചുവരെഴുത്തുകള്‍ യമനില്‍ എമ്പാടും കാണാമെന്ന് ഫത്താഹ് പറയുന്നു. ഹൂതികളുടെ മുന്നേറ്റം അങ്ങനെയുള്ള രാഷ്ട്രീയ വിഭജനങ്ങളുടെ വികാസമായാണ് കാണേണ്ടത്.

സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ ഉത്തരാഫ്രിക്കന്‍/പശ്ചിമേഷ്യന്‍ രാജ്യങ്ങളെപ്പോലെ യമനും മറ്റൊരു രാഷ്ട്രീയ ഭാവിയുടെ അന്വേഷണത്തിലാണ്. യമനിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ ശിയാ/സുന്നി എന്ന ദ്വന്ദ്വത്തിലേക്ക് ചുരുക്കുന്നതില്‍ അനുഭവപരമായും വിശകലനപരമായും ധാരാളം പരിമിതികളുണ്ട്. നിരവധി അടരുകളുള്ള യമനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ആഗോള ദേശീയ പ്രാദേശിക ചലനങ്ങളുടെ അലയൊലികള്‍ ഉള്‍വഹിക്കുന്നുണ്ട്.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting