ഏകാധിപതികളുടെ ഉറക്കം കെടുത്തിയ പാനീയം
പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ മുന്നില്‍ പ്രതിസന്ധികള്‍ തീര്‍ക്കുമ്പോള്‍ പല പാനീയങ്ങളും ലഹരി നല്‍കി നമ്മെ അബോധാവസ്ഥയിലേക്കും ഉറക്കത്തിലേക്കും ക്ഷണിക്കാറുണ്ട്. എന്നാല്‍ മനുഷ്യരെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയും, ധീരമായി പ്രശനങ്ങളെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്യുന്ന പാനീയം ആണ് കാപ്പി. ശുഭാപ്തി വിശ്വാസത്തോടെ ഒരു കപ്പ് കാപ്പിയോടൊപ്പം സുഹൃത്തുക്കളുമായി പങ്കുവെക്കുന്ന വികാരവിചാരങ്ങള്‍ , ദേശത്തെയും സ്വത്ത്വത്തെയും കുറിച്ച ചര്‍ച്ചകള്‍ , മാറ്റങ്ങള്‍ക്കു പ്രേരകങ്ങളായിത്തീര്‍ന്ന വിപ്ലവാത്മക പദ്ധതികള്‍ , ഇവയെല്ലാം ചരിത്രത്തിലുടനീളം ഏകാധിപതികളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
കാപ്പി തയ്യാറാക്കുന്നതും കുടിച്ച് ആസ്വദിക്കുന്നതും ഇന്നത്തെ വ്യാജവാറ്റിനു തുല്യമായ ഒരു കുറ്റകൃത്യമായി കണക്കാക്കിയിരുന്നു അന്നൊക്കെ ഭരണകൂടങ്ങളും പൗരോഹിത്യവൃന്ദവും. രാജാക്കന്‍മാരും പ്രഭു കുടുംബങ്ങളും കാപ്പിയെ ഊര്‍ജവും ആരോഗ്യവും നല്‍കുന്ന പാനീയം എന്ന നിലക്ക് സ്വയം സേവിക്കുകയും, എന്നാല്‍ ഇതേ സമയം തങ്ങളുടെ പ്രജകളില്‍ അതു വിപ്ലവ ചിന്തകള്‍ ഉദ്ദീപിപ്പിക്കുന്നു എന്ന കാരണത്താല്‍ കോഫി ഹൗസുകള്‍ ഇടിച്ചു നിരത്തുകയും, ഇതിന്റെ ആളുകളുടെ മേല്‍ പിഴ ചുമത്തുകയോ അവരെ തുറുങ്കിലടക്കുകയോ ചെയ്തു.
അലെക്‌സാണ്ടര്‍ ഡ്യുമാസ് ഡിക്ഷണയര്‍ ഡി ക്യുസിന്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു: ‘പള്ളികളില്‍ ഒരാള്‍ പോലും ഇല്ലാതിരിക്കുകയും കോഫീ ഹൗസുകള്‍ നിറഞ്ഞു കവിയുകയും ചെയ്യുന്നതായി പാതിരിമാര്‍ പരാതിപ്പെട്ടു തുടങ്ങിയത് കാപ്പിയുടെ രുചി കോണ്‍സ്റ്റാന്റിനോപ്പിളിലെ ജനങ്ങളെ എത്രത്തോളം സ്വധീനിച്ചുവെന്നത്തിനു തെളിവാണ്.
കിഴക്കെ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ ആണു കാപ്പിയുടെ ഉത്ഭവം എന്നാണ് ഐതിഹ്യം. ഒന്‍പതാം നൂറ്റാണ്ടിനോടടുത്തു പേര്‍ഷ്യയിലും പിന്നീടു കെയ്‌റോ, ബാഗ്ദാദ്, മദീന, മക്ക, ദമസ്‌കസ് തുടങ്ങിയ മുസ്‌ലിം തലസ്ഥാനങ്ങളിലും കാപ്പി പ്രചാരം നേടി.
പതിനേഴാം നൂറ്റാണ്ടോട് കൂടി പടിഞ്ഞാറന്‍ ലോകത്തും കാപ്പിക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നെങ്കിലും ഉയര്‍ന്ന വിലയും സുലഭമായി കിട്ടില്ല എന്നതും അതു സാധാരണക്കാരന് അപ്രാപ്യമാക്കി. വില ക്രമാതീതമായി ഉയര്‍ത്തി കാപ്പിയെ ഒരു വരേണ്യവര്‍ഗ പാനീയമായി മുദ്ര കുത്താനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളും വ്യാപകമായിരുന്നു. മുന്തിയ ഇനം തുകല്‍ ബാഗുകളില്‍ പൊതിഞ്ഞും സ്വര്‍ണം പൂശിയ ജര്‍മന്‍ പെട്ടികളിലാക്കിയും സാധാരണക്കാരനു താങ്ങാവുന്നതിലപ്പുറം വില ഉയര്‍ത്തി കാപ്പിയുടെ വിപ്ലവാത്മകതയെന്ന ഭീഷണി ഇല്ലാതാക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തി.
കാപ്പിയെ കഞ്ചാവിനോട് ചേര്‍ത്തു വായിക്കാനുള്ള ഭരണകൂട ശ്രമവും പാഴായി. കാപ്പി ആസ്വദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും അതു ഭരണവര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തുന്നതു കൊണ്ട് മാത്രമാണ് തങ്ങള്‍ക്കു നിഷിദ്ധമായതെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. കാപ്പിയുടെ പേരില്‍ ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്കനാളുകളില്‍ കഫെകളിലെ രാഷ്ട്രീയം നാഷണല്‍ അസ്സംബ്ലിക്ക് സമാന്തരമായ യോഗങ്ങള്‍ക്ക് വേദിയൊരുക്കുന്നിടത്ത് വരെ എത്തി.
തുടക്കത്തില്‍ കാപ്പിക്കുണ്ടായിരുന്ന ഉയര്‍ന്ന വില പാരീസിലെ ചില കച്ചവടക്കാരുടെ ശ്രമഫലമായി മെല്ലെ മെല്ലെ താഴോട്ടു വന്നു. വില കുറച്ചു നല്‍കുന്നതിനായി അവര്‍ മുന്തിയ ഇനം അറബിക്ക കാപ്പിപ്പൊടിയോടൊപ്പം ബാര്‍ലി, അകോണ്‍ ( കരുവേലക വിത്ത്), താഴ്ന്ന ഇനം റോബസ്റ്റ കാപ്പി എന്നിവയുടെ പൊടിയും വറുത്തു ചേര്‍ത്തു.
‘കാപ്പിയുടെ അപൂര്‍വ മിശ്രിതം’ തുടങ്ങിയ പരസ്യ വാചകങ്ങള്‍ക്ക് മുന്നില്‍ തല വെച്ച് കൊടുക്കുന്ന ഇന്നത്തെ കാപ്പി പ്രേമികള്‍ക്കു കൂടിയുള്ള താക്കീതാണ് വില കുറക്കാനായി അന്നെ തുടങ്ങിയ ഈ ശ്രമങ്ങള്‍ . എന്തെന്നാല്‍ കാപ്പി നൂറ്റാണ്ടുകളായി ഏറ്റവും നന്നായി ആസ്വദിക്കപ്പെട്ടത് അതു ശുദ്ധമായ വറുത്ത അറബിക്ക പൊടിയില്‍ നിന്നു മാത്രം തയ്യാറാക്കുംമ്പോഴാണ്.
കാപ്പിക്കെതിരായ യുദ്ധപ്രഖ്യാപനത്തോടൊപ്പം തന്നെ ഭരണവര്‍ഗ്ഗം വീഞ്ഞിന്റെയും ബിയറിന്റെയും ലഭ്യത ഉറപ്പു വരുത്തി പൗരന്‍മാരെ എന്നെന്നും മയക്കിക്കിടത്താന്‍ പ്രത്യേക താല്‍പര്യമെടുത്തു.
ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ കറിക്കൂട്ടുകളോടും ബിരിയാണിയോടും എന്ന പോലെ കാപ്പിയോടും തുടക്കത്തില്‍ മുഖം തിരിച്ചു നിന്നിരുന്നു. തങ്ങളുടെ ചുറ്റുപാടുകള്‍ മദ്രാസ് കറി മസാലകളുടെ രൂക്ഷ ഗന്ധം പേറി മലീമസപ്പെടുന്നു എന്ന് പരാതിപെട്ട ബ്രിടിശുകാരന്റെ രുചിക്കൂട്ടുകളില്‍ അവയ്ക്ക് പിന്നീട് നിര്‍ണായക സ്വധീനമാണുണ്ടായത്.
കാപ്പിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. തുടക്കത്തില്‍ പാരീസില്‍ നിന്നുള്ള കഫെ നടത്തിപ്പുകാരെ കാപ്പിയുടെ ഗന്ധവും, കഫെകളില്‍ നിന്നും തീ പിടിക്കാനുള്ള അപകട സാധ്യതയും പറഞ്ഞു കുറ്റപ്പെടുത്തിയ ബ്രിട്ടീഷുകാര്‍ പിന്നീടു കാപ്പിക്ക് തങ്ങളുടെ ഇഷ്ടപാനീയമായ ചായക്കും മുകളിലായാണ് സ്ഥാനം കല്‍പിച്ചു നല്‍കിയത്.
കാപ്പി തങ്ങളുടെ ക്രിയാത്മകതയെ വര്‍ദ്ധിപ്പിക്കുന്നതായി ബ്രിട്ടീഷ് എഴുത്തുകാര്‍ കണ്ടെത്തി. നൂറ്റാണ്ടിന്റെ ചിന്തകള്‍ രൂപപ്പെടുത്തുന്നതില്‍ ഈ കഫേകള്‍ പിന്നീടു നിര്‍ണായകമായ പങ്കു വഹിച്ചു. ബ്രിട്ടീഷ് സാഹിത്യവും ഫലിതങ്ങളും, നിയോ ക്ലാസ്സിസിസവും ഫലപ്രാപ്തിയിലെത്തിക്കുന്നതില്‍ കഫെകളിലെ ഈ ഒത്തു ചേരകലുകള്‍ നിര്‍ണായകമായി. കാപ്പിയെ നിരുത്സാഹപ്പെടുത്താനുള്ള ഭരണകൂടത്തിന്റെയും, ബിഷപ്പുമാരുടെയും ശ്രമങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായി കണ്ട് കലാസാഹിത്യ സൃഷ്ടികളിലൂടെ അവര്‍ പ്രതിരോധിച്ചു. അങ്ങനെ ഉറക്കമിളച്ചുള്ള രാത്രികളുടെ അന്ത്യയാമങ്ങളില്‍ ഈ എഴുത്തുകാര്‍ നുകര്‍ന്ന ഒരു കപ്പ് കാപ്പി ചരിത്രദശാസന്ധികളെ നിര്‍ണയിച്ച വിപ്ലവാത്മക സാഹിത്യ സൃഷ്ടികള്‍ക്ക് വഴിയൊരുക്കി. ഇതിനു ശേഷവും ഭരണകൂടം വളരെ വ്യവസ്ഥാപിതമായി തന്നെ കാപ്പിയെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ഭിഷഗ്വരന്മാര്‍ മുഖേന കാപ്പി വിഷമാണെന്നും, പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കുന്നുവെന്നും വരെ പ്രചരിപ്പിച്ചു. ലഹരിക്ക് അടിമപ്പെടുന്ന കരളിന്റെയും, ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ താറുമാറാക്കുന്ന മദ്യത്തിനും, കഞ്ചാവിനും എതിരെ ഒരക്ഷരം ഉരിയാടാതെയായിരുന്നു കാപ്പിക്കെതിരെയുള്ള ഈ അപായസൂചന.
കാപ്പി അതിജീവനത്തിന്റെ പോരാട്ടത്തില്‍ വിജയം വരിച്ചത് ഇത്തരത്തില്‍ ജനഹൃദയങ്ങളെ വരിച്ചു കൊണ്ടായിരുന്നു. ഒഡീസിയസിലെ പരാജയ ശേഷം മടങ്ങിയെത്തിയ ടെലിമാകസിനെയും സംഗതെയും കര്‍മനിരതരാക്കാനും അവരില്‍ ശുഭാപ്തി വിശ്വാസം നിറക്കുന്നതിനുമായി ഹെലന്‍ പകര്‍ന്നു നല്‍കിയതും കാപ്പിയായിരുന്നു എന്നാണ് ഗ്രീക്ക് ഇതിഹാസങ്ങള്‍ പറയുന്നത്. ചരിത്രത്തിലെ ആദ്യത്തെ കാപ്പി ഹിറാ ഗുഹയിലെ അത്ഭുത ദര്‍ശനത്താല്‍ ഭയന്നു വിറച്ച മുഹമ്മദ് നബിക്ക് ജിബ്‌രീല്‍ മാലാഖ നല്‍കിയതാണെന്നാണ് തുര്‍ക്കിക്കാര്‍ വിശ്വസിക്കുന്നത്.
Connect
Connect with us on the following social media platforms.