ഭരണകൂട ഭീകരതയെയാണ് ബീമാപ്പള്ളി ഓര്‍മ്മപ്പെടുത്തുന്നത്
ബീമാപള്ളി വെടിവെപ്പിന് ആറാണ്ട് തികയുകയാണ്. 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപളളിയില്‍ ആറ് മുസ്‌ലിംകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കേരളം കണ്ട എറ്റവും വലിയ വെടിവെപ്പായിരുന്നിട്ടും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ഭരണകൂടത്തിന്റെ ഭാഷയായിരുന്നു. വര്‍ഗീയ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ വെടിവെപ്പ് നടന്നതെന്ന പോലീസ് കൊടുത്ത നുണയെ അപ്പാടെ വിഴുങ്ങുക എന്ന പതിവ് ശൈലി മുഖ്യധാരാ മാധ്യമങ്ങള്‍ നടപ്പിലാക്കി.
‘ബീമാപ്പളളി പോലീസ് വെടിവയ്പ് : മറക്കുന്നതും ഓര്‍ക്കുന്നതും’ എന്ന പുസ്തകം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ബീമാപ്പളളിയില്‍ സംഭവിച്ചതെന്ന് നമുക്ക് കാണിച്ച് തരുന്നു. കെ അഷ്‌റഫ് എഡിറ്റ് ചെയ്ത് തേജസ് പബ്ലിക്കേഷന്‍ 2012 ല്‍ പുറത്തിറക്കിയ ഈ പുസ്തകം ബീമാപ്പളളിയെ മുന്‍ നിര്‍ത്തി വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക അധീശ ഭാവനകളെയും ചരിത്രത്തെയും നമുക്ക് മുമ്പില്‍ തുറന്ന് കാട്ടുന്നു. ഈ പുസ്തകം ആരംഭിക്കുന്നത് തന്നെ രണ്ട് എഴുത്തുകാരുടെ വാചകങ്ങള്‍ പറഞ്ഞ് കൊണ്ടാണ്:
‘അയാള്‍ മുസ്‌ലിമായിരുന്നില്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല എന്ന് നമുക്ക് തോന്നിപ്പോകുന്നു.’ എം.ടി അന്‍സാരി (മലബാര്‍ : ദേശീയതയുടെ ഇടപാടുകള്‍, ചരിത്രസാഹിത്യ പാഠങ്ങള്‍)
‘സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് എഴുതപ്പെട്ട പുസ്‌കങ്ങളുടെ കാഴ്ച്ചപ്പാടിനെ നമ്മള്‍ മറികടക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ കുറിച്ച നിഷ്‌കളങ്കരായ ആളുകള്‍ എഴുതിയ പുസ്തകങ്ങളെ നാം സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ശത്രുകള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ സമൂഹത്തെ കുറിച്ച് വളരെ തെറ്റായ രീതി നിര്‍മ്മിച്ചെടുക്കാന്‍ ഈ പുസ്തകള്‍ കാരണമാകുന്നു.’ സ്റ്റുവര്‍ട്ട് ഹള്‍ (policing the crisis : mugging, the state and law and order)
ഈ പുസ്തകം 9 ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഭാഗത്ത് ബീമാപളളി വെടിവെപ്പിനെ കുറിച്ച വിശകലനങ്ങളാണ്. മലയാള സിനിമയില്‍ എങ്ങനെയാണ് കടപ്പുറത്തുളളവര്‍ ചിത്രീകരിക്കപ്പെടുന്നതെന്നും കടപ്പുറത്തെ കുറിച്ച ഹിംസാത്മകമായ പ്രതിനിധാനങ്ങള്‍ എങ്ങനെയാണ് ബീമാപ്പളളിയിലെ ആറ് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കുന്ന തരത്തിലുളള പൊതുസമ്മതികള്‍ നിര്‍മ്മിച്ചെടുക്കുന്നതെന്നുമാണ് ജെനിറൊവീന തന്റെ ലേഖനത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
കമ്മീഷണര്‍ എന്ന സിനിമയില്‍ ഭരത്ചന്ദ്രന്‍ ഐ.പി.എസ് കുഞ്ഞുമൊയ്തീന്‍ സാഹിബിന്റെ ആളുകളില്‍ നിന്ന് അഞ്ചുകോടിയുടെ കളളക്കടത്ത് സ്വര്‍ണ്ണം ബേപ്പൂര്‍ കടപ്പുറത്ത് വെച്ചാണ് പിടിച്ചെടുക്കുന്നത്. അങ്ങനെ കടല്‍, കളളകടത്ത്, മുസ്‌ലിം സമുദായം എന്നിങ്ങനെയുളള അടയാളങ്ങളുടെ നിമയവിരുദ്ധതയും സാംസ്‌കാരികമായ അധ:പതനവുമാണ് ഇവിടെ സുരേഷ് ഗോപിയുടെ ഭരണകൂട പക്ഷ നായകസ്ഥാനത്തെ സാധൂകരിക്കുന്നത്…… അങ്ങനെ ഇത്തരം സിനിമാഖ്യാനങ്ങള്‍ ബീമാപളളിയിലെ മുസ്‌ലിംകളെ പോലീസിന്റെ വെടിയേറ്റ് മരിക്കാന്‍ മുന്‍കൂട്ടി തന്നെ തയ്യാറാക്കുന്നു (പേജ് 1920)
മുഖ്യധാരാ പത്രമാധ്യമങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടിങ്ങിനെതിരെ ന്യൂനപക്ഷ പത്രസ്ഥാപനങ്ങളും റിപ്പോര്‍ട്ടര്‍മാരും കൊടുത്ത വാര്‍ത്തകളെക്കുറിച്ച് എന്‍. പി ജിഷാര്‍ മാധ്യമത്തില്‍ എഴുതിയ പരമ്പരയാണ് പുസ്തകത്തിലെ ശ്രദ്ധേയമായ മറ്റൊരു ലേഖനം. ഇതിലൂടെ പോലീസ് നടത്തിയ ഗൂഢാലോചന തുറന്ന് കാട്ടപ്പെടുന്നു.
ബീമാപ്പളളിയുടെ ചരിത്രം പരാമര്‍ശിക്കുന്ന ഒരു ലേഖനം ഈ പുസ്തകത്തിലുണ്ട്. തീരുവിതാംകൂര്‍ ജാതീയമായി നിര്‍മ്മിക്കപ്പെട്ട രാജ്യമായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ശഹീദ് മാഹീന്‍ അബൂബക്കറും ബീമാ ബീവിയും തിരുവിതാംകൂറില്‍ എത്തിച്ചേര്‍ന്നത്. മാഹിന്‍ അബൂബക്കര്‍ വലിയ വൈദ്യനായിരുന്നു. അദ്ദേഹത്തിന്റെ സേവനം തീരദേശവാസികള്‍ക്ക് വലിയ സഹായമായി. ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്ന് വന്നു. ഈ മതപരിവര്‍ത്തനം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാവുമെന്ന ഭയത്താല്‍ മാര്‍ത്താണ്ഡവര്‍മ്മ ചതിയിലൂടെ മാഹിന്‍ അബൂബക്കറിനെ കൊലപ്പെടുത്തുകയായിരുന്നു. ബീമാപളളി എന്ന മുസ്‌ലിം ഗെറ്റോ ചരിത്രപരമായി തന്നെ സവര്‍ണ്ണസംസ്‌കാരത്തിനെതിരെ നിലയുറപ്പിച്ച പ്രദേശമാണ്. രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുളള മാറ്റം ഒരിക്കലും ജാതിയെ ഇല്ലാതാക്കിയിട്ടില്ലെന്നും ബീമാപളളിക്കെതിരായ ചരിത്രപരമായ വംശവെറികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നതിനുമുള്ള തെളിവാണ് ഈ വെടിവെപ്പ് എന്നും ഈ പുസ്തകം നമുക്ക് കാണിച്ച് തരുന്നു.
ബീമാപളളി വെടിവെപ്പിനെ കുറിച്ച് എന്‍.സി.എച്ച്.ആര്‍.ഒ, പി.യു.സി.എല്‍ തുടങ്ങിയ സംഘടനകള്‍ സമാഹരിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്‍.സി.എച്ച് ആര്‍.ഒ യുടെ അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ വളരെ പ്രസക്തമാണ്. വെടിവെപ്പ് നടന്നത് ഉച്ച തിരിഞ്ഞ് 2.45 നാണ്. എന്നാല്‍ 3.30 നാണ് എന്നാണ് പോലീസ് ഭാഷ്യം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേരുടെ വസ്ത്രങ്ങളിലും വെടിയുണ്ട കയറിയ പാടുണ്ട്. വെടിയുണ്ടകള്‍ തീര്‍ന്ന് പോയത് കൊണ്ടാണ് പോലീസ് വെടിവെപ്പ് നിര്‍ത്തിയത്. മരിച്ചവരില്‍ എല്ലാവര്‍ക്കും അരക്കുമുകളിലാണ് വെടിയേറ്റിട്ടുളളത്. രണ്ട് സമുദായങ്ങള്‍ തമ്മിലുളള വര്‍ഗീയ കലാപമല്ല ഇതെന്നാണ് ഇരുവിഭാഗത്തെയും ആളുകള്‍ പറയുന്നത്. കൊമ്പു ഷിബുവിനെ മുന്‍നിര്‍ത്തി ആരാണ് അക്രമം നടത്തിയത്? പോലീസ് സാന്നിധ്യത്തില്‍ കൊമ്പ് ഷിബു ബീമാപളളി കടപ്പുറത്തുണ്ട്. വെടിവെപ്പിന് മുമ്പുളള ജലപീരങ്കി പ്രയോഗം, ആകാശത്തേക്ക് വെടി, റബര്‍ ബുളളറ്റ് എന്നിവയൊന്നും പോലീസ് പ്രയോഗിച്ചിട്ടില്ല.
വിവിധ മുസ്‌ലിംവിരുദ്ധ വംശഹത്യകളില്‍ പോലിസിന്റെ പങ്ക് വിശദമാക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകളും പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. മുസ്‌ലിങ്ങളെ റോഡില്‍ കാണുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പോലിസുകാരെ കുറിച്ച് ഡി.എസ്.പി തെളിവ് നല്‍കുന്നുണ്ട്. സബ് കലക്ടറും മറ്റു സാക്ഷികളും നല്‍കിയ തെളിവ് അനുസരിച്ച് മുസ്‌ലിങ്ങളെ പിന്തുടരുമ്പോള്‍ പോലീസ് അവരോട് ‘പാകിസ്ഥാനില്‍ പോടാ’ എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കേരള പോലീസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധതക്ക് തെളിവാണ്. ബീമാപളളി പോലീസ് വെടിവെപ്പിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തിലെ മന്ത്രിസഭയുടെ മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഭരണകൂടം പുറത്ത് വിടാതെ നില്‍ക്കുകയാണ്. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത, കേരളം കണ്ട എറ്റവും വലിയ വെടിവെപ്പാണിത് എന്നതിന്റെ പ്രധാനപ്പെട്ടൊരു റിപ്പോര്‍ട്ടായി ഈ പുസ്തകം നിലനില്‍ക്കുമെന്നത് തീര്‍ച്ചയാണ്.