മുഹമ്മദ് അസദിന്റെ കാപ്പി, അയ്‌ല അല്‍ഗാറിന്റെ ബക്‌ലാവ
ബാംഗ്ലൂരിലെ ഒരു ഞായറാഴ്ച. കച്ചവടക്കാരെയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും കൊണ്ട് വീര്‍പ്പുമുട്ടുന്ന തെരുവുകള്‍ , ഉണര്‍ന്നിരിക്കുന്ന നിശാക്ലബുകളും സദാചാരപോലിസുകാരും തുടങ്ങി ഞായറും ബാംഗ്ലൂരും ഒന്നിക്കുമ്പോള്‍ ഉണരുന്ന ഒരുപാട് ചിത്രങ്ങള്‍ .
ഞങ്ങള്‍ പതിവ് പോലെ അടുക്കള കൈയ്യേറി. വാള്‍സ്ട്രീറ്റ് കൈയ്യടക്കലിനോളം പ്രാധാന്യമുള്ള സംഭവമൊന്നുമല്ല അത്. എന്നാലും പാചകം ചെയ്ത് തിന്നുക എന്നത് ഒരു നല്ല കാര്യമാണ്, വിശേഷിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ . ഞങ്ങളെന്നാല്‍ ഞാനും റേച്ചലും. ഞങ്ങളുടെ അടുക്കളയില്‍ മേല്‍ക്കോയ്മക്ക് വേണ്ടി അവളുടെ കേരളീയ രുചിയും എന്റെ ഹൈദരാബാദന്‍ രുചിയും ഏറ്റുമുട്ടുന്നു.
കഴിഞ്ഞ ആഴ്ച റേച്ചലിന്റെ നാടന്‍ കപ്പ ഉലര്‍ത്തും (കപ്പ തേങ്ങയും ചുവന്ന മുളകും കടുകും ഇട്ടു വേവിച്ചത്) മത്തിക്കറിയും കൂട്ടി പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കെ അവള്‍ ഒരു ആശയം മുന്നോട്ടു വെച്ചു. പാചക പുസ്തകങ്ങളുടെ സഹായത്തോടെ നമുക്ക് ലോകത്തെ രുചി വൈവിധ്യങ്ങളെ അനുഭവിച്ചറിഞ്ഞാലോ? നാവിലൂടെ ഒരു ആഗോളപര്യടനം!!
മുഹമ്മദ് അസദിന്റെ ‘റോഡ് ടു മെക്ക’ യില്‍ വിവരിക്കപ്പെടുന്ന കാപ്പിയില്‍ നിന്ന് തുടങ്ങി ഞങ്ങള്‍ . ആ പുസ്തകം വായിച്ചു കൊണ്ടിരിക്കെ (അല്ല, എന്റെ വല്യുപ്പ അഹ്മദ് ഹുസയ്ന്‍ മാലിക് ആ പുസ്തകം എനിക്ക് വായിച്ചു തരികയായിരുന്നു) മരുഭൂമിയുടെ ഏകാന്തതയില്‍ കാപ്പി ഉണ്ടാക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു. പരന്നു കിടക്കുന്ന മരുഭൂമിയുടെ അര്‍ത്ഥശൂന്യതയില്‍ (അല്ലെങ്കില്‍ അര്‍ത്ഥങ്ങളുടെ നിഗൂഢതയില്‍ ) അസദിന്റെ ഏക യാഥാര്‍ത്ഥ്യമായിരുന്നു ആ കാപ്പി.
ഞങ്ങള്‍ ചിക്മാംഗ്ലൂരിലേക്ക് തിരിച്ചു, സുഹൃത്ത് നിമിതയുടെ കുടുംബവീട്ടിലേക്ക്. സൂഫിവര്യന്‍ ബാബാ ബുദാന്‍ യമനില്‍ നിന്ന് കൊണ്ടുവന്ന കാപ്പി വിത്തുകള്‍ ചിക്ക്മാംഗ്ലൂരിന്റെ മലനിരകളില്‍ നട്ടുപിടിപ്പിച്ചതാണ് എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കാപ്പി ഉല്‍പാദനത്തില്‍ ഏറെ പ്രശസ്തമായിരുന്നു ബാബാ ബുദാന്‍ ഗിരിനിരകള്‍ . മുഹമ്മദ് അസദിന്റെ കൂട്ട് (അല്ലെങ്കില്‍ സഹയാത്രികന്‍ സെയ്ദിന്റെയോ?) പ്രകാരം കാപ്പിയുണ്ടാക്കുന്നത് ചിക്മാംഗ്ലൂരില്‍ ആവാമെന്നത് നിമിതയുടെ നിര്‍ദേശമായിരുന്നു. മുഹമ്മദ് അസദും മക്കയിലേക്കുള്ള പാതയും മരുഭൂമിയും എന്ന ഞങ്ങളുടെ ആശയത്തോട് യോജിക്കുന്ന വെറൈറ്റി അറബിക തന്നെ കാപ്പിക്കായി അവള്‍ തെരഞ്ഞെടുത്തു. അസദിനു വേണ്ടി കാപ്പിയുണ്ടാക്കാന്‍ സെയ്ദ് എത്ര സമയമെടുത്തു എന്ന് നമ്മള്‍ക്കറിയില്ല, ഒരു സ്ത്രീയുടെ ആലിംഗനം അനുഭവഭേദ്യമാക്കുന്ന കാപ്പി. ഞങ്ങള്‍ ഒരുപാട് തവണ ശ്രമിച്ചു. വറുക്കാനും പൊടിക്കാനുമായിരുന്നു ഏറ്റവും പ്രയാസം. അവസാനം ഞങ്ങള്‍ ആ ചൂടുകാപ്പി രുചിച്ചു. അതെ, മരണത്തിന്റെ ചവര്‍പ്പ്. വിറയ്ക്കുന്ന തണുപ്പത്ത് ഞങ്ങള്‍ കാപ്പിപ്പാത്രത്തിനു മുന്നില്‍ ഇരുന്നു. തണുപ്പിന്റെ കാഠിന്യത്തെ ചെറുക്കാന്‍ കാപ്പിയുടെ ചവര്‍പ്പിനെ കൂട്ടുപിടിച്ചു, ഓരോ കൈയും സുഹൃത്തിനെ ചേര്‍ത്തുപിടിച്ചു. എന്റെ പുരുഷസുഹൃത്തുക്കളേ. സ്ത്രീയുടെ ആലിംഗനത്തിന് മറ്റൊന്നും പകരമാവില്ല. നിങ്ങള്‍ക്കത് ശാരീരികമായ അനുഭൂതിയാണെങ്കില്‍ ഞങ്ങള്‍ക്കത് പിരിയാത്ത ആത്മബന്ധത്തിന്റെ അടയാളമാണ്.
വൈകീട്ട് ടര്‍കിഷ് ബക്‌ലാവ ഉണ്ടാക്കുവാന്‍ അയ്‌ല അല്‍ഗാറിന്റെ കൂട്ട് പല തവണ വായിച്ചു, പാകം ചെയ്തു. തുടക്കത്തില്‍ അത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ തോല്‍വി അയ്‌ലയുടെ കൂട്ടില്‍ വെച്ചുകെട്ടുന്നത് ശരിയല്ലല്ലോ?. വിഭവത്തിന്റെ മേല്‍പാളി വജ്രത്തിന്റെ ആകൃതിയില്‍ മുറിക്കുക എന്നതായിരുന്നു ഏറ്റവും പ്രയാസം. തീര്‍ച്ചയായും ഞങ്ങളുടെ ബക്‌ലാവ അയ്‌ലയുടെതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം, അവരുടെ കൂട്ട് എളുപ്പത്തില്‍ പാകം ചെയ്യാമായിരുന്നു എങ്കില്‍ക്കൂടി.
വിജയകരമാവാതെ പോയ ബക്‌ലാവ കൊണ്ടെത്തിച്ച നിരാശയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞങ്ങള്‍ ഫറാ ജഹന്‍സേബിന്റെ ഇറാനിയന്‍ ഈസി ചട്‌നിയിലേക്ക് നീങ്ങി. പ്രശസ്ത പേര്‍ഷ്യന്‍ പാചകവിദഗ്ധയായ ജഹന്‍സേബിന്റെ പാചകവിധികളും ടി.വി അവതരണങ്ങളും വായില്‍ വെള്ളമൂറിക്കുന്നവയാണ്, രുചികരമായ പേര്‍ഷ്യന്‍ വിഭവങ്ങള്‍ പോലെ തന്നെ. ഈസി ചട്‌നി ഒരു പരാജയമായിരുന്നില്ല എന്നാണ് തോന്നുന്നത്. അത് ഞങ്ങളെ ബാംഗ്ലൂരില്‍ പേര്‍ഷ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ആലി ബാബാ കഫേയെ, കോറമംഗലത്തെ കാസ റിവേറിയയെ അങ്ങനെ എന്തൊക്കെയോ ഓര്‍മിപ്പിച്ചു.
ഒടുവില്‍ റേച്ചല്‍ ചേര്‍ത്തു: വ്യത്യസ്ത സംസ്‌കാരങ്ങളുടെ രുചികള്‍ അറിയാനുള്ള ശ്രമത്തില്‍ നമ്മള്‍ പരാജയപ്പെടുകയോ വിജയിക്കുകയോ അല്ല. ഈ ശ്രമം തന്നെ നല്ല ഒരു നീക്കമാണ്. നമ്മളില്‍ നിന്ന് എല്ലാവരിലേക്കും എത്തുക. നമ്മുടെ രസമുകുളങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി തയ്യാറെടുക്കട്ടെ.
Connect
Connect with us on the following social media platforms.