നീതിനിഷേധത്തെ സംബന്ധിച്ച കുറിപ്പുകള്‍
ഭീകരതക്കെതിരായ യുദ്ധം എന്ന പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാട്ടുന്ന എഴുത്തുകള്‍ ഇപ്പോള്‍ ധാരാളമായി വന്ന്‌കൊണ്ടിരിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായവര്‍ തന്നെയാണ് അവ എഴുതുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗ്വാണ്ടനാമോ തടവറയിലെ അനുഭവങ്ങള്‍ തുറന്ന് കാട്ടിക്കൊണ്ട് മുമ്പ് എഴുതപ്പെട്ട Guantanamo Diary: The detainees and the stories they told me പോലെയുള്ള പുസ്തകങ്ങളില്‍ നിന്ന് മുഹമ്മദ് സ്‌ലാഹി എഴുതിയ Guantanamo diary എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് അതിന്റ ആത്മകഥാ സ്വഭാവമാണ്. ലാരി സിംസിന്റെ എഡിറ്റിംഗിന് ഈ പുസ്തകം വിധേയമായിട്ടുണ്ടെങ്കിലും ആത്മകഥയുടെ സൗന്ദര്യം മാഞ്ഞ്‌പോയിട്ടില്ല എന്ന കാര്യം തീര്‍ച്ചയാണ്.
ഒരു തടവറക്കാരന്‍ എഴുതുന്ന ആദ്യത്തെ ആഖ്യാനമാണ് ഈ പുസ്തകം എന്ന് പറയാവുന്നതാണ്. മൗറിത്താനിയയില്‍ നിന്ന് വരുന്ന മുഹമ്മദ് സ്‌ലാഹി 2002 ആഗസ്റ്റ് മുതല്‍ ഗ്വാണ്ടനാമോയിലെ തടവറക്കാരനാണ്. അവിടെ വെച്ചാണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അദ്ദേഹം അനുഭവിച്ച് കൊണ്ടിരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച വിവരണമാണ് പുസ്തകത്തിലുള്ളത്. മൗറിത്താനിയയില്‍ നിന്ന് തുടങ്ങി ഗ്വാണ്ടനാമോയില്‍ എത്തിനില്‍ക്കുന്ന, തടവറകളില്‍ നിന്ന് തടവറകളിലേക്കുള്ള നീണ്ട യാത്രകളെക്കുറിച്ചും പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
2005 ല്‍ തടവറയില്‍ വെച്ചാണ് പുസ്തകം എഴുതുന്നതെങ്കിലും അതിന്റെ കയ്യെഴുത്ത് പ്രതി ഏഴ് വര്‍ഷത്തോളം വാഷിംഗ്ടണില്‍ പിടിച്ച് വെച്ചിരിക്കുകയായിരുന്നു. ഭീകരനെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ 2003 ല്‍ ഇറാഖിലേക്ക് കടന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ട കാര്യം സ്‌ലാഹി എഴുതുന്നുണ്ട്. 2001 മുതല്‍ താന്‍ തടവറയിലാണെന്നും അതിനാല്‍ തനിക്കതിനെക്കുറിച്ച് അറിയാന്‍ കഴിയില്ലെന്നും സ്‌ലാഹി പറഞ്ഞപ്പോള്‍ ആ പോലീസുദ്യോഗസ്ഥന്‍ ചിരിക്കുകയായിരുന്നു. ഈ ചോദ്യം ചോദിക്കാന്‍ തന്നോട് മേലുദ്യോഗസ്ഥര്‍ കല്‍പ്പിക്കുകയായിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. 2003 ലെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡിന്റെ അനുമതിയോട്കൂടി മൂന്ന് മാസത്തോളം പ്രത്യേകമായി തന്നെ ചോദ്യം ചെയ്യലിന് വിധേയമാക്കിയതിനെക്കുറിച്ച് സ്‌ലാഹി വിശദീകരിക്കുന്നുണ്ട്്. അതിക്രൂരമായ പീഢനങ്ങളായിരുന്നു അന്നദ്ദേഹം നേരിട്ടത്.
പീഢനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചില കാര്യങ്ങള്‍ സമ്മതിക്കേണ്ടി വന്നതിനെക്കുറിച്ച് സ്‌ലാഹി വിവരിക്കുന്നുണ്ട്. പോളിഗ്രാഫ് പരീക്ഷണത്തിന് വരെ അദ്ദേഹം വിധേയമായി. അല്‍ഖാഇദയുമായി യാതൊരു ബന്ധവുമില്ല എന്ന അദ്ദേഹത്തിന്റെ വാദങ്ങളൊന്നും സ്വീകരിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
2008 ലെ സുപ്രീംകോടതിയുടെ തീരുമാനത്തെത്തുടര്‍ന്ന് തനിക്ക് നേരെയുള്ള കെട്ടിച്ചമച്ച ആരോപണങ്ങളെയെല്ലാം സ്‌ലാഹി ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന് 2010 മാര്‍ച്ച് 22 ന് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയെപ്പോലും വെല്ല്‌വിളിച്ച് കൊണ്ടാണ് ഇപ്പോഴും സ്‌ലാഹിയെ ഗ്വാണ്ടനാമോയില്‍ പിടിച്ച് വെച്ചിരിക്കുന്നത്.
ഗ്വാണ്ടനാമോ തടവറയില്‍ ജീവിക്കുമ്പാള്‍ തന്നെ എഴുതപ്പെട്ട ആദ്യത്തെ പുസ്തകമാണ് സ്‌ലാഹിയുടേതെന്നാണ് പബ്ലിഷറായ കനോന്‍ഗറ്റ് പറയുന്നത്. തടവറയിലിരുന്ന് വക്കീലുമാര്‍ക്കെഴുതിയ കത്തുകളില്‍ നിന്നാണ് ഈ പുസ്തകം പിറവിയെടുക്കുന്നത്. കയ്യെഴുത്ത്പ്രതി പുസ്തമാക്കാന്‍ ഏഴ് വര്‍ഷത്തോളമാണ് അവര്‍ പൊരുതിയത്. എങ്കിലും ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
‘Guantanamo Diary’ എന്ന ഈ പുസ്തകം നീതിനിഷേധത്തെ സംബന്ധിച്ച വെറുമൊരു വിവരണം മാത്രമല്ല. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഓര്‍മ്മക്കുറിപ്പ് കൂടിയാണ്.
.
Connect
Connect with us on the following social media platforms.