ജാതിയും ഘര്‍വാപ്പസിയും
ഘര്‍ വാപസി, ലവ് ജിഹാദ് എന്നിവയെ കുറിച്ചുള്ള വിശകലനങ്ങളും തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇവ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങിയ സാമൂഹിക പ്രതിഭാസങ്ങളാണെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു നൂറ്റാണ്ടോളം ബ്രിട്ടീഷുകാരോടൊപ്പം നിന്ന് കീഴാളരെ ചൂഷണംചെയ്ത ബ്രാഹ്മണ സവര്‍ണ വിഭാഗങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് കൊളോണിയല്‍ വ്യവസ്ഥയെ എതിര്‍ക്കാന്‍ തുടങ്ങിയത്. കാരണം, ജാതി മുന്നേറ്റങ്ങളിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും കൊളോണിയല്‍ ഭരണംതന്നെ നല്‍കിയ പുതിയ സാധ്യതകളുപയോഗിച്ചും ഈ സമയത്താണ് കീഴാള ജനതയുടെ ഒരുവലിയ വിഭാഗം നിലവിലുള്ള വ്യവസ്ഥക്കെതിരെ സംഘടിച്ചുതുടങ്ങിയത്. ജി. അലോഷ്യസ്, ജെ. രഘു തുടങ്ങിയ പല സമകാലീന ദലിതബഹുജന വായനകളും വാദിക്കുന്നതുപോലെ, ഇങ്ങനെയൊരു ചരിത്രസന്ദര്‍ഭത്തിലാണ് പെട്ടെന്ന്, ബ്രാഹ്മണ സമുദായങ്ങള്‍ സ്വയം പരിഷ്‌കരിക്കാനും ഇതിനുവേണ്ടിയുള്ള സംഘടനകള്‍ ഉണ്ടാക്കാനും കൊളോണിയല്‍ അധികാരത്തിനെതിരെ തിരിയാനും തുടങ്ങിയത്.
ഗുജറാത്തി ബ്രാഹ്മണനായ ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജം, ഇത്തരത്തിലുള്ള ആദ്യകാല സാമൂഹിക സംഘടനകളിലൊന്നായിരുന്നു. ആര്യസമാജമാണ് ആദ്യമായി ‘ശുദ്ധി’ എന്ന പേരില്‍ ക്രിസ്ത്യാനികളെയും മുസ്ലിംകളേയും ‘ഹിന്ദു’ മതത്തിലേക്ക് ‘തിരികെ’ക്കൊണ്ടുവരുന്ന ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. അവര്‍ണ ജാതികളുടെ മതപരിവര്‍ത്തനം തടയാന്‍, അവരെയും ‘ശുദ്ധീ’കരിച്ച് സവര്‍ണരോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും ആര്യസമാജക്കാര്‍ നടത്തി. ‘ശുദ്ധീ’കരണം നടത്തിയ കീഴ്ജാതികള്‍ക്കും മുസ്ലിം, ക്രിസ്ത്യന്‍ മതസ്ഥര്‍ക്കും പൂണൂല്‍വരെ ഇട്ട് കൊടുക്കുക, സസ്യഭുക്കുകളാക്കുക, വേദങ്ങള്‍ പഠിപ്പിക്കുക തുടങ്ങി അന്നുവരെ കീഴാളര്‍ക്ക് നിഷിദ്ധവും അന്യവുമായിരുന്ന ബ്രാഹ്മണ പാരമ്പര്യത്തിലേക്ക് അവരെ അടുപ്പിക്കുന്ന പ്രവൃത്തിയാണ് ഇവര്‍ നടത്തിപ്പോന്നത്. ഇതേ സംഘടന തന്നെയാണ് മുസ്ലിം ചെറുപ്പക്കാര്‍ മേല്‍ജാതി സ്ത്രീകളെ വശീകരിക്കുന്നുവെന്നും തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നുവെന്നുമുള്ള (ഇന്നത്തെ ലവ് ജിഹാദിനെ ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള) കള്ളക്കഥകള്‍ ലഘുലേഖകളാക്കി വിതരണം ചെയ്ത് മുസ്ലിം സമുദായത്തിനെതിരെ കടുത്ത വിരോധമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചത്.
ഹിന്ദുമതത്തെ ആധുനികവത്കരിച്ച ഒരു സാമൂഹിക പ്രസ്ഥാനമായാണ് മിക്കവാറും എല്ലാ വായനകളും ആര്യസമാജത്തിനെ കാണുന്നത്. എന്നാല്‍, ദലിത്-ബഹുജന ഭാഗത്തുനിന്ന് നോക്കുമ്പോള്‍, ബ്രാഹ്മണ പാരമ്പര്യങ്ങളെ ‘ഹിന്ദു’മതമായി സങ്കല്‍പിച്ചുകൊണ്ട് ജാതി അധികാരത്തെ നിലനിര്‍ത്താന്‍ വിജയകരമായി പ്രവര്‍ത്തിച്ച ഒരു സ്ഥാപനമാണ് ആര്യസമാജം. കീഴ്ജാതികള്‍ക്ക് ഹിന്ദുമതത്തിലൂന്നിയ ആധുനികത വാഗ്ദാനം ചെയ്യാനും ന്യൂനപക്ഷ മതങ്ങളെ പ്രത്യേകിച്ച്, ഇസ്ലാമിനെ ഇങ്ങനെയൊരു ആധുനികതയുടെ ‘അപര’ പക്ഷത്ത് നിര്‍ത്താനും ഈ രണ്ടു വിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് സവര്‍ണാധികാരം സുസ്ഥിരമാക്കാനും ആര്യസമാജം പോലുള്ള സംഘടനകള്‍ക്ക് കഴിഞ്ഞു. ഇവര്‍ വിഭാവനചെയ്ത ഇന്ത്യ, ഇസ്ലാമിനും ക്രിസ്തുമതത്തിനുമെതിരെ നില്‍ക്കുന്ന ‘ഹിന്ദുക്കള്‍ക്ക്’ വേണ്ടി മാത്രമുള്ളതായിരുന്നു.
ആര്യസമാജം പോലെയുള്ള സംഘടനകളുടെ ‘ഹിന്ദുദേശീയത’ പൂര്‍ണമായും കടമെടുത്തുകൊണ്ടാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് രാഷ്ട്രീയം വളര്‍ന്നത്. എന്നാല്‍, ഒരാധുനിക രാഷ്ട്രത്തിന് നിരവധി വിഭാഗങ്ങളെ കൂടെ നിര്‍ത്താതിരിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും ‘ശുദ്ധീ’കരിച്ച് ഹിന്ദുക്കളാവണമെന്ന് ഗാന്ധിയും കോണ്‍ഗ്രസും ഒരിക്കലും ആവശ്യപ്പെട്ടില്ല. പകരം, ആര്യസമാജം പോലെയുള്ള ബ്രാഹ്മണ സംഘടനകള്‍ മുന്നോട്ടുവെച്ച ‘ഹിന്ദു’മത സങ്കല്‍പങ്ങളിലൂന്നിയ ഒരു രാഷ്ട്രത്തിന്റെ ഭാഗമാകാന്‍, ന്യൂനപക്ഷങ്ങളെയും കീഴ്ജാതികളെയും സ്വാഗതംചെയ്തുകൊണ്ടാണ് ഗാന്ധി തന്റെ ഹിന്ദുരാഷ്ട്രത്തെ (മതേതരത്വത്തിന്റെ ആധുനിക ഘടനയിലൂടെ) വിഭാവന ചെയ്തത്. കഴിഞ്ഞ പതിറ്റാണ്ടുകളുടെ ചരിത്രം വ്യക്തമാക്കുന്നതുപോലെ ദലിത്-ആദിവാസി-ബഹുജന-മുസ്ലിം സമുദായങ്ങള്‍ക്കുമേലെ ആശ്ചര്യകരമായ ഒരു ആധിപത്യം സ്ഥാപിക്കാന്‍ തന്നെയാണ് ഇങ്ങനെയൊരു സെക്കുലര്‍ ഹിന്ദുദേശീയത പ്രവര്‍ത്തിച്ചത്.
90കളില്‍ മണ്ഡല്‍ കമീഷന്റെ ശിപാര്‍ശകള്‍ നിലവില്‍ വരുന്നതോടെയാണ് കീഴ്ജാതികളുടെ ഒരു വിഭാഗത്തിന് ഇങ്ങനെയൊരു കുത്തക രാഷ്ട്രത്തില്‍ തങ്ങളുടെ പങ്ക് ചോദിക്കാന്‍ ഒരു ചെറിയ പഴുത് വീണുകിട്ടുന്നത്. ഈ മാറ്റങ്ങളുണ്ടാക്കിയ ഭീതിയുടെ ഫലമായാണ് ബ്രാഹ്മണിക വ്യവസ്ഥ കൂടുതല്‍ പ്രത്യക്ഷമായ ഹിന്ദു ദേശീയതയിലേക്ക് മടങ്ങുന്നത്. ഇതുതന്നെയാണ് ബി.ജെ.പി പോലെയുള്ള പാര്‍ട്ടികളുടെ വളര്‍ച്ചക്ക് കാരണമായതും. നിരവധി ദലിത്-ബഹുജന പഠനങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, മണ്ഡല്‍ ഉണ്ടാക്കിയ സാമൂഹിക ചലനങ്ങള്‍ തന്നെയാണ് ബാബരി മസ്ജിദിനെ തകര്‍ത്തില്ലാതാക്കിയത്. ആനന്ദ് ടെല്ലുംബ്‌ഡെ എഡിറ്റ് ചെയ്ത Hindutva And Dalits എന്ന പുസ്തകവും അശോക് യാദവ് counter carrents എന്ന ബ്‌ളോഗില്‍ എഴുതിയ ലേഖനവും കാണുക. ഇതിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിലെന്നപോലെ, കീഴ്ജാതികളെ പ്രത്യേകിച്ച് മണ്ഡല്‍ കാരണം ഉയര്‍ന്നുവരുമായിരുന്ന ഒ.ബി.സി വിഭാഗത്തെ ഒരു ‘ഹിന്ദു’ സ്വത്വത്തിന് കീഴെ കൊണ്ടുവരാനും അവരെ മുസ്ലിം സമുദായത്തിനെതിരെ നിര്‍ത്താനും തങ്ങളുടെ അധികാരം നിലനിര്‍ത്താനും ബ്രാഹ്മണ വര്‍ഗത്തിന് കഴിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ഘര്‍ വാപസിയുടെയും ലവ് ജിഹാദിന്റെയും പേരില്‍ ഇന്ന് തുടരുന്ന തന്ത്രവും. ഇവയുടെ ചരിത്രം പരിശോധിക്കുന്നത്, വര്‍ഗീയതയുടെ വളര്‍ച്ച, മതപരിവര്‍ത്തനത്തിനെതിരെയുള്ള നീക്കം എന്നിങ്ങനെയുള്ള ലളിതമായ വിശകലനത്തിനപ്പുറം നീങ്ങാന്‍ നമ്മെ സഹായിക്കുന്നു. ജാതിയും മതവും കീഴ്ജാതികളും ന്യൂനപക്ഷങ്ങളുമെല്ലാം ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ നമ്മുടെ ആധുനികതയുടെ സങ്കീര്‍ണതകള്‍ ഇതിലൂടെ തെളിഞ്ഞുകാണാന്‍ കഴിയും.
കടപ്പാട്: മാധ്യമം
Connect
Connect with us on the following social media platforms.