ഭോപ്പാല്‍ ദുരന്തത്തെ ഓര്‍ക്കുമ്പോള്‍
പഴയ മുഗള്‍ ഇന്ത്യയുടെ ഭാഗമായിരുന്നു ഭോപ്പാല്‍. ദര്‍വേശുമാരുടെയും നവാബുമാരുടെയും കഥകളാണ് അതിന്റെ പുരാണത്തില്‍ നിറയെ. ദര്‍ബാറുകളും ഖൊരാനകളും കണ്ടും കേട്ടുമാണ് ഇവിടുത്തെ പഴയ തലമുറ ജനിച്ചതും വളര്‍ന്നതും. ഗസലുകളും പൂന്തോട്ടങ്ങളും ഇന്നും ഇവരുടെ സ്മൃതികളിലെവിടെയോ അലഞ്ഞു നടക്കുന്നുണ്ട്. തടാകങ്ങളുടെ നാട് എന്നാണ് പലരും മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനെ വിളിക്കാറ്. എന്നാല്‍ മുപ്പതാണ്ട് മുമ്പ് വരെയുള്ള ഭോപ്പാലിന്റെ കഥയാണിത്.
ആഴ്ച്ചകള്‍ക്കു മുമ്പ് വാരന്‍ ആന്റേഴ്‌സണ്‍ എന്ന അമേരിക്കക്കാരന്റെ മരണം ഇവിടുത്തുകാര്‍ ആഘോഷിച്ചത് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ തുപ്പിയായിരുന്നു. സന്തോഷവും സമൃദ്ധിയും കണ്ട് വളര്‍ന്ന തങ്ങളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയതിനുള്ള പ്രതികാരമത്രയും അതില്‍ നിഴലിക്കുന്നുണ്ടായിരുന്നു.
മരണവും ആധിയും ആണ് ഭോപ്പാലിലെ ജെ.പി നഗറിലെ പതിനഞ്ചു വയസ്സുള്ള അമനെ വളര്‍ത്തിയത്. കണ്ണീരു കുടിച്ചാണ് അവന്റെ ശരീരമത്രയും തിടം വെച്ചതും. മുപ്പതാണ്ടു മുമ്പ് യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ പ്രേതം കുത്തിവെച്ച മീഥൈയ്ല്‍ ഐസോസയനേറ്റ് അവന്റെ കുഞ്ഞു ശരീരത്തിനകത്തെവിടെയോ കുടിയിരുപ്പുണ്ട്. ഇടക്കിടെ കുഞ്ഞുതലക്കകത്ത് കയറി അവനെ പതിയെ കുത്തിനോവിക്കാന്‍ ശ്രമിക്കും. പട്ടിണി അമന്റെ കൂടെപ്പിറപ്പാണ്. അത് മാറ്റാന്‍ വേണ്ടിയാണ് എട്ടാം ക്ലാസില്‍ പുസ്തകം മടക്കിവെച്ച് ഉപ്പയുടെ കൂടെ ഗാരേജില് ജോലിചെയ്യാന്‍ തുടങ്ങിയതും. വര്‍ണ്ണങ്ങളില്ലാത്ത അനവധി ഭോപ്പാല്‍ ബാല്യങ്ങളിലൊന്നു മാത്രമാണ് അമന്‍.
ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കരുതപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തില്‍ നഫീസക്ക് നഷ്ടപ്പെട്ടത് തന്റെ മൂന്ന് ആണ്മക്കളെയാണ്. എഴുപതു പിന്നിട്ട വൃദ്ധയുടെ ഓര്‍മ്മകള്‍ക്ക് കൂട്ടു കിടക്കാന്‍ തന്നോളം വരുന്ന മരുന്നുകൂട്ടങ്ങള്‍ മാത്രം. ആറു വര്‍ഷം മുമ്പു നടന്ന സര്‍ജ്ജറി നീണ്ട വരകള്‍ വരച്ചിട്ടുണ്ട് ജലീല്‍ അഹ്മദിന്റെ വയറ്റില്‍. കടം വാങ്ങിയും വിറ്റുപെറുക്കിയിട്ടും അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ട് ദുരന്തത്തിന്റെ ഭീകരതകളത്രയും. ഇരുട്ടു മാത്രമേയുള്ളൂ ഇവിടുത്തെ പലരുടെയും കണ്ണില്‍. വൈകല്യം ബാധിച്ച അര്‍ദ്ധ ജന്മങ്ങളായി ഇവിടത്തുകാര്‍ മുടന്തി നീങ്ങുന്നു. ദുരന്താനന്തര ഭോപ്പാലിന്റെ നിലവിലെ ചിത്രമാണ് ഈ പാതി ജന്മങ്ങള്‍.
.
യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇവിടുത്തെ സമൃദ്ധിയില്‍ കണ്ണുവെച്ചതോടെയാണ് ഭോപ്പാലിന്റെ തലവര മാറിത്തുടങ്ങുന്നത്. വാരന്‍ ആന്റേഴ്‌സണിന്റെയും അവന് കഞ്ഞി വിളമ്പിക്കൊടുത്ത ചില ഇന്ത്യന്‍ ഏമാന്മാരുടെയും ആര്‍ത്തിക്ക് വിലകൊടുക്കേണ്ടി വന്നത് ഭോപ്പാലിലെ ആയിരക്കണക്കിന് ജീവനുകളും അവരുടെ നിറക്കൂട്ടുള്ള സ്വപ്നങ്ങളുമാണ്.
1984 ഡിസംബര്‍ മൂന്നാം തിയ്യതിയാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യന്‍ ലിമിറ്റഡ് മീഥൈയ്ല്‍ ഐസോസയനേറ്റ് എന്ന വിഷവാതകം തുപ്പിത്തുടങ്ങുന്നത്. സമൃദ്ധിയുടെ അത്താഴം കഴിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു ഈ നഗരം. അന്നുറങ്ങിയ പലരും പിന്നീടുണര്‍ന്നതേയില്ല.
50,000 ത്തിലധികം പേരുടെ ജീവന്‍ അപഹരിച്ചുവെന്ന് പറയപ്പെടുന്ന ദുരിതം നടന്ന് 30 വര്‍ഷം പിന്നിട്ടിട്ടും അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതിയോ ലഭിക്കാതെ ഇരകളും അവരുടെ ബന്ധുക്കളും നരകിക്കുന്നു. മണ്ണും ജലവും വായുവും ഒരുപോലെ വിഷമയമായ ഈ പ്രേതഭൂമിയില്‍ നിന്ന് ഇന്നുമവര്‍ പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അര്‍ഹമായ ശുചീകരണ യത്‌നങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടില്ല. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. ഏകദേശം 20,000 ത്തിലധികം പേര്‍ മരണപ്പെട്ടവെന്നും അഞ്ച് ലക്ഷം പേരെ ദുരന്തം ബാധിച്ചുവെന്നുമാണ് ഗ്രീന്‍പീസ് ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി പുറത്തുവിട്ട കണുക്കുപ്രകാരം 22,000 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. പ്രസ്തുത ദുരന്തത്തില്‍ കുറ്റവാളികളായ പലരും ശിക്ഷിക്കപ്പെടേണ്ടതിന് പകരം സംരക്ഷിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന മധ്യവര്‍ഗമായിരുന്നു ഈ പ്രദേശത്ത് ജീവിച്ചിരുന്നവരിലധികവും.
ഭോപ്പാലുകാരുടെ ശരീരത്തിലെന്ന പോലെ ഇവിടുത്തെ മണ്ണിലും ജലത്തിലും പരന്നു കിടക്കുന്നുണ്ട് വിഷം. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി നിലനിന്നിരുന്ന ജെ.പി നഗറില്‍ ഇപ്പോഴും നിരവധി പേര്‍ വിഷലിപ്തമായ വായു ശ്വസിച്ചും മാലിന്യമൊഴുകുന്ന വെള്ളം കുടിച്ചും അധിവസിക്കുന്നുണ്ട്. ഭരണവും പ്രതിപക്ഷവും മാറി വന്നിട്ടും, അനവധി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാറ്റങ്ങള്‍ ഒരുപാടുണ്ടായിട്ടും ഇവിടുത്തുകാരും ഇവരുടെ സങ്കടങ്ങളും മാത്രം ഒരേ മുഖം തന്നെയായി അവശേഷിച്ചു.
മരണം എപ്പോഴും പതിയിരിപ്പുണ്ട് ഭോപ്പാലിലെ ഓരോ തെരുവുകളിലും. തരം കിട്ടുമ്പോഴൊക്കെ അത് ഇവിടുത്തുകാരെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു നാടും നാട്ടുകാരും മരണം കാത്തിരിക്കുന്നു. മരിച്ചു ജീവിക്കുന്ന പാതി ജന്മങ്ങള്‍.
ഈ മാസം പത്താം തിയ്യതി ന്യൂദെല്‍ഹിയിലെ ജന്ദര്‍മന്ദര്‍ പരിസരത്ത് ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ശേഷിക്കുന്ന ഇരകള്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ വെച്ചാണ് ഇവരെ അടുത്തുകിട്ടുന്നത്. മുപ്പാതാണ്ടു മുമ്പ് നടന്ന ദുരന്തത്തിന്റെ ഭീകരതയൊക്കെയും അണുവിട തെറ്റാതെ ഇന്നും ഇവരുടെ മുഖങ്ങളില്‍ ശേഷിച്ചിരിപ്പുണ്ട്. അവരുടെ ആവശ്യങ്ങളത്രയും പാലിക്കാമെന്ന കേന്ദ്ര രാസവള വകുപ്പ് മന്ത്രിയുടെ ഉറപ്പിന്മേല്‍ സമരമവസാനിപ്പിച്ചെങ്കിലും ആശങ്കയിലാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നത്. കാരണം വാഗ്ദാനങ്ങള്‍ അവരൊത്തിരി കണ്ടതാണ്.
പ്രതീക്ഷയാണ് ഏറ്റവും വലിയ ദുരന്തമെന്ന് നീഷേ പറഞ്ഞിട്ടുണ്ട്. കാരണം അതിന് മനുഷ്യ ദുരിതങ്ങളോളം പ്രായം വരും. ലോകം കണ്ട ഏറ്റവും വലിയ വാതക ചോര്‍ച്ചാ ദുരന്തത്തിന്റെ പ്രായം മുപ്പത് കഴിഞ്ഞിട്ടും, ഭരണ-പ്രതിപക്ഷങ്ങള്‍മാറി മാറി വന്നിട്ടും പ്രതീക്ഷ കൈവിടാതെ നീതി പ്രതീക്ഷിച്ചൊരു വിഭാഗം ഭോപ്പാലില്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.