മൊഹബ്ബത്തിന്റെ സ്വാദ്
ഒരു ജനതയുടെ ആത്മാവിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും ഹൃദ്യമായ വഴികളിലൊന്നാണു അവരുടെ ആഹാരം. ഭക്ഷണം ആമാശയത്തിന്റെതു മാത്രമല്ല. വിശപ്പിന്റെ അനിവാര്യതയെ നേരിടുന്നത്തിലെ ദര്‍ശനവും ശീലങ്ങളും സംയമനവും കൂടി ചേര്‍ന്നാണു ഒരു സംസ്‌കാരമുണ്ടാവുന്നത്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, രുചി സംസ്‌കാരത്തിന്റെ ഏറ്റവും എളുപ്പമുള്ള ഒരു മാപിനിയാണ്. അന്‍വര്‍ റഷീദിന്റെ ജനപ്രിയ ചിത്രം ഉസ്താദ് ഹോട്ടല്‍ കോഴിക്കോടന്‍ സ്വാദിന്റെ സൗന്ദര്യവും മലബാര്‍ ജീവിതബന്ധങ്ങളുടെ ഹൃദ്യതയും അടയാളപ്പെടുത്തുന്നു.
ഭക്ഷണത്തെയും രുചിവൈവിധ്യങ്ങളെയും പറ്റി മലയാളത്തില്‍ അധികമൊന്നും സിനിമകളില്ല. ഒരു വര്‍ഷം മുന്‍പ് വന്ന ആശിഖ് അബുവിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ഭക്ഷണത്തിന്റെ സ്വാദിനെ ആഘോഷിച്ച സിനിമയായിരുന്നുവെങ്കില്‍ ഉസ്താദ് ഹോട്ടല്‍ ഭക്ഷണത്തിലെ സ്‌നേഹത്തെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഉസ്താദ് ഹോട്ടലിലെ ഏറ്റവും ജനപ്രിയമായ സംഭാഷണം തിലകന്‍ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ കരീംക്ക പേരകുട്ടി ഫൈസിയോടു പറയുന്ന ‘ഓരോ സുലൈമാനിയിലും ഒരു തുള്ളി മൊഹബ്ബത് ചേര്‍ക്കണം’ എന്ന വാചകമാണ്. മനുഷ്യബന്ധങ്ങളില്‍ പാചകത്തിന്റെ ഇടത്തെ ദാര്‍ശനികമായി ആറ്റിക്കുറുക്കാനുള്ള ഒരു ശ്രമം ഈ വാചകത്തിലുണ്ട്.
രണ്ടാം ലോകയുദ്ധം കഴിഞ്ഞു മടങ്ങിയെത്താന്‍ വൈകുന്ന ഭര്‍ത്താവിനു വേണ്ടി റെയിന്‍ബോ കേക്കുണ്ടാക്കി അനേക ദിവസങ്ങള്‍ കാത്തിരിക്കുകയും ഓരോ ദിവസവും അതിനകത്ത് പുതിയ രുചികള്‍ കൂട്ടിചേര്‍ക്കുകയും ചെയ്യുന്ന ജുവാന്‍ എന്ന ഫ്രഞ്ചു പെണ്‍കുട്ടിയോട്, ഒടുവില്‍ അവശനായെത്തുന്ന പ്രിയതമന്‍ കാതില്‍ പറയുന്ന ‘പ്രിയപ്പെട്ടവളെ നീയൊരു ലോകമഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു’ എന്ന വാചകവും ഇതേ ചൈതന്യം പങ്കുവെക്കുന്നതാണ് (സിനിമ – സോള്‍ട്ട് ആന്റ് പെപ്പര്‍ ). ഭക്ഷണത്തിന്റെ ആത്മീയത എന്നത് നമ്മുടെ നാട്ടില്‍ വളരെയൊന്നും ആലോചിക്കപ്പെടാത്ത ഒരു വിഷയമാണ്. വ്രതവുമായി ബന്ധപ്പെട്ടു വരുന്ന അനുഷ്ഠാനചര്‍ച്ചകളിലെ ഉപരിപ്ലവമായ പ്രതിപാദ്യങ്ങളായി അവ ഒടുങ്ങിത്തീരുന്നു.
രചനാപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കാനാവുമെങ്കിലും പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങളുടെ നിര്‍മിതിയിലും പ്രതിനിധാനത്തിലും ഉസ്താദ് ഹോട്ടല്‍ ശ്രദ്ധേയവും അവിസ്മരണീയവുമാകുന്നത് കരീം ഭായ് എന്ന കോഴിക്കോട്ടുകാരന്‍ സഞ്ചാരിക്കു ജീവിതത്തോടും മനുഷ്യനോടും അതിനെരണ്ടിനെയും നിലനിര്‍ത്തുന്ന ആഹാരത്തോടുമുള്ള ആര്‍ദ്രമായ ആഴങ്ങള്‍ അടയാളപ്പെടുത്തിയതിന്റെ പേരിലാണ്. കോഴിക്കോട് കടപ്പുറത്തെ പേര് കേട്ട ഹോട്ടലിന്റെ നടത്തിപ്പുകാരനാണു കരീംക്ക. അസാധാരണമായ ഒരു മൊഹബ്ബതിന്റെ സാഹസികമായ ഊര്‍ജം വാര്‍ധക്യത്തിലും വിശുദ്ധമായി കാത്തുവെക്കുന്നവന്‍. ഭക്ഷണം എങ്ങിനെ ഉണ്ടാക്കണം എന്നതു പോലെയോ അതിലുമേറെയോ പ്രധാനപെട്ടതാണ് ഭക്ഷണം എന്തിനുണ്ടാക്കണം എന്നതെന്ന് എപ്പോഴും വിശ്വസിച്ച ഒരാള്‍. സഹജീവിയുടെ വിശപ്പും പരിവട്ടവും പ്രാരാബ്ധവും വെറുതേ കണ്ടും കേട്ടും ചിരിക്കാന്‍ കഴിയാത്തത്ര ഉള്‍നോവ് അയാളില്‍ കാണാം. ഒരമാനുഷികതയുമില്ലാത്ത സാധാരണ മനുഷ്യനാണയാള്‍ . ഒരു കുത്തക ഹോട്ടല്‍ ശൃംഖലയുടെ കടന്നുകയറ്റ പദ്ധതിയുടെ ഒരു മൂലയില്‍ തന്റെയും കുറെ മനുഷ്യരുടെയും ജീവിതം തളിര്‍പ്പിക്കുന്ന ഉസ്താദ് ഹോട്ടല്‍ പെട്ടുപോകുമ്പോഴും, അവരുടെ കുതന്ത്രങ്ങളില്‍ പെട്ടു ഹോട്ടല്‍ അടഞ്ഞു കിടക്കുമ്പോഴും അതിനെ ദാര്‍ശനികതയിലമര്‍ന്ന നിസ്സംഗതയോടെ നോക്കുന്ന ഒരു സാത്വികത അയാളിലുണ്ട്. സഞ്ചാരികള്‍ക്ക് മാത്രം സാധ്യമാവുന്ന തരം നിയോഗവിശ്വാസം. നമ്മുടെ ഓരോരുത്തരുടെയും വഴികളിലെ, കണ്ടു പൂതി തീരാത്ത എല്ലാ ഉപ്പാപ്പമാരെയും തിലകന്റെ ഈ സൂഫികഥാപാത്രം ഓര്‍മിപ്പിച്ചു. ഏതു അകലങ്ങളിലേക്കും മുന്നറിയിപ്പുകളില്ലാതെ എപ്പോള്‍ വേണമെങ്കിലും പുറപ്പെട്ടു പോകാവുന്ന അയാള്‍ ശുദ്ധസ്‌നേഹത്തിന്റെ ഒരു തുള്ളി കണ്ണീരു കൊണ്ട് നമ്മെ ആശ്വസിപ്പിച്ചു കൊണ്ടേയിരിക്കും. മനുഷ്യനോടുള്ള അടക്കി നിര്‍ത്താനാവാത്ത സ്‌നേഹത്തിന്റെ കരുത്തിലാണ് അയാളുടെ പ്രാര്‍ഥനകള്‍ പിറവി കൊള്ളുന്നുണ്ടാവുക. പുറപ്പെട്ടു പോവുക എന്നതല്ലാതെ മറ്റെന്താണ് അയാള്‍ക്ക് ഒടുവില്‍ ചെയ്യാനുള്ളത്?
മലബാറിലെ ജീവിതത്തിന്റെ ഹൃദ്യമായ സൗന്ദര്യം അന്‍വര്‍ റഷീദിന്റെ ഫ്രെയിമുകളില്‍ നിറഞ്ഞു കാണാം. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ഫൈസിയും ഉപ്പാപ്പയും തമ്മിലുള്ള ആത്മബന്ധത്തില്‍ അതു തുടങ്ങുന്നു. ജീവിതത്തെയും ബന്ധങ്ങളെയും ആഹാരത്തെയും കുറിച്ചുള്ള ചില സൂഫികാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാകും മലബാര്‍ സൌന്ദര്യ ശാസ്ത്രത്തിന്റെ കോഴിക്കോടന്‍ ദൃശ്യസമുച്ചയമായ ഈ സിനിമ ഓര്‍മിക്കപ്പെടുക.