ശിയാ-സുന്നി യുദ്ധം എന്ന കൊളോണിയല്‍ മിത്ത്
റുവാന്‍ഡയിലെ യൂറോപ്യന്‍ ഭരണത്തിന്റെ കാലത്ത് ബെല്‍ജിയന്‍ കൊളോണിയലിസ്റ്റുകള്‍ അവിടത്തെ പ്രാദേശിക ജനവിഭാഗങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് കൊണ്ടായിരുന്നു തങ്ങളുടെ കൊളോണിയല്‍ അജണ്ടകള്‍ നടപ്പിലാക്കിയിരുന്നത്.
റുവാന്‍ഡന്‍ ജനതയുടെ വര്‍ണ്ണത്തെയും അവരുടെ സാമൂഹിക പദവിയെയും അടിസ്ഥാനമാക്കിയുള്ള ഒരു എത്‌നിക് വര്‍ഗീകരണമാണ് അവര്‍ നടപ്പിലാക്കിയത്. റുവാന്‍ഡന്‍ ജനതയെ പരസ്പരം അപരിചിതരായി നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ വരുതിയിലാക്കുക എന്ന കൊളോണിയല്‍ അജണ്ടയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഹുതു, ടുട്‌സി (Hutu and Tutsi) എന്നിങ്ങനെ വിഭജിക്കപ്പെട്ട ജനതകള്‍ക്ക് വേണ്ടി കെട്ടിച്ചമച്ച ചരിത്രങ്ങളും വംശപരമ്പരകളും അവര്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കി. റുവാന്‍ഡന്‍ ജനതക്ക് ബെല്‍ജിയന്‍ കൊളോണിയലിസ്റ്റുകള്‍ ചാര്‍ത്തിക്കൊടുത്ത ഈ പേരുകള്‍ റുവാന്‍ഡന്‍ ചരിത്രത്തിന്റെ ചവറ്റ്‌കൊട്ടയില്‍ നിന്നെടുത്തതായിരുന്നു. അവക്ക് വര്‍ഷങ്ങളായി പ്രത്യേകിച്ച് ഒരര്‍ത്ഥവും അവിടത്തെ ജനതക്കിടയിലുണ്ടായിരുന്നില്ല.
ഭിന്നിപ്പിച്ച് കീഴടക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഒരനിവാര്യ ഫലമായിരുന്നു 1994-ലെ റുവാന്‍ഡന്‍ വംശഹത്യ. 8 ലക്ഷത്തോളം വരുന്ന മനുഷ്യരാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തെയാകെ ഞെട്ടിച്ചുകളഞ്ഞ വംശഹത്യയായിരുന്നു അത്. അതോട്കൂടി കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഐഡന്റിറ്റികളായ ഹുത്തൂസും ടുട്‌സിയും തങ്ങള്‍ പരസ്പരം പോരടിക്കേണ്ടവരാണ് എന്ന ആഖ്യാനത്തെ സ്വയം തന്നെ ഏറ്റെടുക്കുകയായിരുന്നു.
1400 വര്‍ഷങ്ങളായി ശിയാ-സുന്നി മുസ്‌ലിംകള്‍ക്കിടയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ഇന്ന് നാം സ്ഥിരമായി കേട്ട്‌കൊണ്ടിരിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടിലുണ്ടായ സംഭവങ്ങളോട് ബന്ധപ്പെടുത്താവുന്ന മതസംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സെക്ടേറിയന്‍ വയലന്‍സ് എന്നാണ് ഇത്തരം ആഖ്യാനങ്ങള്‍ നമ്മോട് പറയുന്നത്. ചില മുസ്‌ലിംകളെല്ലാം ഈയടുത്തായി ഇത്തരം കഥകളെല്ലാം വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അത്തരം ആഖ്യാനങ്ങളെല്ലാം ചരിത്രത്തിന്റെ തെറ്റായ വായന മാത്രമല്ല, മറിച്ച് ചരിത്രത്തെ തന്നെ കീഴ്‌മേല്‍ മറിച്ചുണ്ടാക്കിയ നുണകളാണവ. തിയോളജിക്കലായ അഭിപ്രായ വിത്യാസങ്ങള്‍ സുന്നികള്‍ക്കും ശിയാക്കള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവര്‍ ചരിത്രത്തിലുടനീളം നിലനിന്നത് സംഘര്‍ഷങ്ങളിലൂടെയാണ് എന്നത് ഒരു തെറ്റായ വാദമാണ്.
ഇന്ന് മിഡിലീസ്റ്റില്‍ നടന്ന് കൊണ്ടിരിക്കുന്ന ശിയാ-സുന്നി സംഘര്‍ഷങ്ങള്‍ക്ക് അവര്‍ തമ്മിലെ മതപരമായ അഭിപ്രായവ്യത്യാസങ്ങളുമായി യാതൊരു ബന്ധവുമില്ല. റുവാന്‍ഡയില്‍ ചെയ്ത പോലെത്തന്നെ ശിയാക്കള്‍ക്കും സുന്നികള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് വെസ്റ്റേണ്‍ ശക്തികളും അവരുടെ പ്രാദേശിക കൂട്ടാളികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തമായ അസ്തിത്വം നഷ്ടപ്പെട്ട സംഘര്‍ഷഭരിതമായ ഒരു മിഡിലീസ്റ്റിനെ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
മിഡിലീസ്റ്റിലെ ഇന്നത്തെ പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി ചിലയാളുകള്‍ ചൂണ്ടിക്കാണിക്കുന്നത് ശിയാക്കളും സുന്നികളും തമ്മിലുള്ള ചരിത്രപരമായ ഭിന്നതയെയാണ്. എഡി 680-ല്‍ നടന്ന കര്‍ബലാ യുദ്ധത്തെയാണ് മിഡ്‌ലീസ്റ്റിലും ലബനാനിലും സിറിയയിലും ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന സെക്ടേറിയന്‍ സംഘര്‍ഷങ്ങളുടെ തുടക്കമായി അവര്‍ വിശേഷിപ്പിക്കുന്നത്.
തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രധാന കാരണം ചാള്‍സ് രാജാവും ബൈസാന്റിയം ചക്രവര്‍ത്തിനിയും തമ്മിലുള്ള സംഘര്‍ഷമാണ് എന്ന് പറയുന്നത് പോലുള്ള അബദ്ധമാണ് മിഡിലീസ്റ്റിലെ രാഷ്ട്രീയ പ്രതിസന്ധികളെ വിശകലനം ചെയ്യുന്നവര്‍ പറഞ്ഞ്‌കൊണ്ടിരിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ വിശകലനം ചെയ്താല്‍ ഇന്നത്തെ രാഷ്ട്രീയ സ്പര്‍ദ്ധയെ വിശദീകരിക്കാന്‍ കഴിയും എന്ന് വിചാരിക്കുന്നത് ശുദ്ധമണ്ടത്തരമാണ്. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം ലോകത്തെ സംഘര്‍ഷങ്ങളെ മനസ്സിലാക്കാന്‍ ഈ മണ്ടന്‍ യുക്തിയാണ് പ്രയോഗിച്ചിരിക്കുന്നത്.
തീര്‍ച്ചയായും ആധുനിക രാഷ്ട്രീയ കലഹങ്ങളുടെ കാരണങ്ങള്‍ തിയോളജിക്കലായ അഭിപ്രായ വിത്യാസങ്ങളില്‍ നമുക്ക് കണ്ടെടുക്കാനാകും. എന്നാല്‍ ഭൂതകാലത്തെ സിംബലുകളെ ഉപയോഗിക്കുക എന്നതും (രാഷ്ട്രീയ അവസരവാദികള്‍ ലോകത്തുടനീളം ചെയ്ത്‌കൊണ്ടിരിക്കുന്ന കാര്യമാണിത്) ചരിത്രവും വര്‍ത്തമാനവും തമ്മിലുള്ള തുടര്‍ച്ചയെ നിലനിര്‍ത്തുക എന്നതും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ ചരിത്രത്തക്കുറിച്ച് അജ്ഞരായ മതമേലാളന്‍മാരുടെ ശ്രമഫലമായി മുസ്‌ലിംകള്‍ക്കിടയില്‍ പോലും ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച തരത്തിലുള്ള മണ്ടന്‍ ആഖ്യാനങ്ങള്‍ വ്യാപിച്ചിരിക്കുകയാണ്.
തങ്ങളുടെ സ്വാര്‍ത്ഥമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രാഖ്യാനങ്ങളെ കെട്ടിച്ചമക്കുന്നവരറിയാന്‍ മിഡിലീസ്റ്റിലെ സെക്ടേറിയന്‍ ബന്ധങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഈ സന്ദര്‍ഭത്തില്‍ ഒരല്‍പ്പം പറയേണ്ടതുണ്ട്. വര്‍ഷങ്ങളോളം പിറകോട്ട് നീണ്ട് കിടക്കുന്ന അവരുടെ ചരിത്രത്തില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ച്ചകളുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവായി അവര്‍ക്ക് പറയാനുള്ളത് പ്ലൂരലിസത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സഹകരണത്തിന്റെയും കഥകളാണ്. സംഘര്‍ഷത്തിന്റെയും ശത്രുതയുടെയും അഴുക്ക് പുരണ്ട വര്‍ത്തമാനങ്ങള്‍ അവരുടെ ചരിത്രപുസ്തകങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.
നൂറ്റാണ്ടുകള്‍ തോറും സുന്നികളും ശിയാക്കളും പരസ്പര സഹകരണത്തോടെയാണ് ജീവിച്ചിട്ടുള്ളത്. ലോകത്തെ മറ്റേത് സമൂഹങ്ങളുമായും താരതമ്യപ്പെടുത്താനാവാത്ത രാഷ്ട്രീയ ഐക്യമായിരുന്നു അവര്‍ക്കിടയില്‍ നിലനിന്നിരുന്നത്. സവിശേഷമായ രാഷ്ട്രീയ ഘടനകളിലൂടെ ഇരുകൂട്ടരും അധികാരം ചെലുത്തിയിരുന്ന സന്ദര്‍ഭങ്ങളില്‍ പോലും അവര്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടായിരുന്നില്ല. സുന്നികളുടെ ഒട്ടോമന്‍ സാമ്രാജ്യവും ശിയാക്കളുടെ സഫാവിദ് സാമ്രാജ്യവും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും പരസ്പര സഹകരണത്തിലും സമാധാനത്തിലുമായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. മുസ്‌ലിം ശക്തികളെന്ന നിലക്ക് പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്നത് അപമാനമായായിരുന്നു അവര്‍ കണ്ടിരുന്നത്.
ഇതിന്നപവാദമായ സംഭവങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുമെങ്കിലും പരസ്പരം വേര്‍പ്പെട്ട് നില്‍ക്കുന്ന അസ്തിത്വങ്ങളായി അക്കാലത്ത് മതവിഭാഗങ്ങള്‍ നിലനിന്നിരുന്നില്ല. നൂറ്റാണ്ടുകളോളം ശിയാ-സുന്നി പണ്ഡിതന്‍മാര്‍ ആരോഗ്യകരമായ സംവാദങ്ങളിലേര്‍പ്പെടുകയും ഇരുകൂട്ടരുടെയും മതചിന്തകളെ പരസ്പരം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ഈജിപ്തിലെ അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ശിയാ തിയോളജി ഒരു പഠനവിഷയമായി ഇപ്പോഴും നിലനില്‍ക്കുന്നത്.
മുസ്‌ലിം ലോകത്തെ ഈ ചരിത്രപാരമ്പര്യവും നൂറ്റാണ്ടുകളോളം യൂറോപ്പിനെ പിടിച്ചുലച്ച അതിക്രൂരമായ മതയുദ്ധങ്ങളുടേതായ ചരിത്രവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. മിഡിലീസ്റ്റിലെ മുസ്‌ലിം മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ വിശകലനം ചെയ്യുന്ന വെസ്‌റ്റേണ്‍ രാഷ്ട്രീയ നിരീക്ഷകര്‍ പലപ്പോഴും കാര്യങ്ങളെ കാണുന്നത് മതസംഘര്‍ഷങ്ങളുടെ വെസ്‌റ്റേണ്‍ അനുഭവത്തെ മുന്‍നിര്‍ത്തിയാണ്. യൂറോപ്പിന്റെ അത്തരത്തിലുള്ള ഭീകരമായ മതസംഘര്‍ഷങ്ങള്‍ അതിന്റെ പാരമ്യതയിലെത്തുന്നത് ഹോളോകോസ്‌റ്റോട് കൂടിയാണ് എന്ന് നമുക്ക് കാണാന്‍ കഴിയും.
ദൗര്‍ഭാഗ്യവശാല്‍ ഈയടുത്ത കാലത്തായി ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. സഹിഷ്ണുതയിലൂന്നിയ ഒരു രാഷ്ട്രീയ സംസ്‌കാരത്തെ യൂറോപ്പ് സാവധാനം വളര്‍ത്തിയെടുത്തിയിരിക്കുകയാണ്. എന്നാല്‍ അതേസമയം മിഡിലീസ്റ്റില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിന്റെതായ അന്തരീക്ഷം മാഞ്ഞ്‌പോയിരിക്കുകയാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് യൂറോപ്യന്‍ നേതാക്കന്‍മാര്‍ ഇപ്പോള്‍ മിഡ്‌ലീസ്റ്റിലെ ഭരണാധികാരികളെ പഠിപ്പിക്കുന്ന വിചിത്രമായ കാഴ്ച്ചയാണ് നാം കാണുന്നത്
യൂറോപ്യന്‍മാര്‍ ബഹുസ്വരതയെക്കുറിച്ച് മുസ്‌ലിം സമൂഹങ്ങളെ പഠിപ്പിക്കുന്നിടത്തോളം അവര്‍ രാഷ്ട്രീയപരമായി അധ:പ്പതിച്ചിരിക്കുന്നു. ഇസ്‌ലാമിനുള്ളിലെ തന്നെ മഹത്തായ മതസൗഹാര്‍ദ്ധത്തിന്റെ ചരിത്രം ചരിത്രപരമായി തന്നെ മുസ്‌ലിം സാമ്രാജ്യത്തിലെ അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്നാവും. ഈയൊരു യാഥാര്‍ത്ഥ്യത്തെയാണ് മത-മതേതര അധികാരികള്‍ മനപ്പൂര്‍വ്വം അവഗണിക്കുന്നത്.
ഐഡിയോളജിക്കല്‍ പ്യൂരിറ്റി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിലൂടെ സാമൂഹിക പുരോഗതിയുണ്ടാകുമെന്ന് വിശ്വസിക്കുന്നവര്‍ ഭൂതകാലത്തേക്ക് തിരിഞ്ഞ്‌നോക്കുകയും സങ്കുചിതമായ മതവിഭാഗീയതകളെ ചെറുക്കുകയുമാണ് വേണ്ടത്. ഇന്ന് സുന്നികള്‍ക്കും ശിയാക്കള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന സംഘര്‍ഷങ്ങളെല്ലാം സമീപകാലത്തുണ്ടായ ആഗോളസംഭവങ്ങളുടെ ഫലമായി ഉണ്ടായതാണ്. അതൊരിക്കലും അവര്‍ക്കിടയില്‍ കഴിഞ്ഞ 1400 വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന പ്രക്രിയയല്ല. ഒരു സമകാലിക പ്രതിഭാസം മാത്രമാണത്. ഇരുവിഭാഗങ്ങളിലും പെട്ട ചില ഗ്രൂപ്പുകള്‍ അവരുടേതായ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചരിത്രത്തെ നിര്‍മ്മിക്കുകയാണ് ചെയ്തത്. മാത്രമല്ല, പൗരാണികമായ ഒരു ചരിത്രത്തെ അവകാശപ്പെട്ട് കൊണ്ട് അവര്‍ പുതിയ സിംബലുകളെയും ആചാരങ്ങളെയും ഉല്‍പാദിപ്പിച്ചു. എന്നാല്‍ തീര്‍ത്തും ആധുനികമായ നിര്‍മ്മിതികളായിരുന്നു അവ. വെസ്‌റ്റേണ്‍ മിലിട്ടറി ശക്തികളാകട്ടെ, ഈ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്തത്. തങ്ങളുടെ കൊളോണിയല്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ അവര്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ നിരന്തരമായി ഉല്‍പാദിപ്പിച്ചു കൊണ്ടിരുന്നു.
മുസ്‌ലിംകള്‍ പരസ്പരം തമ്മില്‍തല്ലുന്നത് കാണാന്‍ നിയോകണ്‍സര്‍വേറ്റീവുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ വടംവലികളില്‍ നിന്നും മാറി ജീവിക്കുന്ന സാധാരണ മുസ്‌ലിംകള്‍ ഇപ്പോഴും പരസ്പര സഹകരണത്തില്‍ തന്നെയാണ് ജീവിക്കുന്നത്. നൂറ്റാണ്ടുകളോളം ഇസ്‌ലാമിക ലോകത്തെ ജ്വലിപ്പിച്ച് നിര്‍ത്തിയ സമ്പന്നമായ സംസ്‌കാരത്തെ സുന്ദരമായി അവരിപ്പോഴും ആവിഷ്‌കരിക്കുന്നു. ആധുനിക ദേശരാഷ്ട്രങ്ങളുടെ വയലന്‍സില്‍ നിന്നും തങ്ങള്‍ക്കിടയിലെ മതന്യൂനപക്ഷങ്ങളെ ശിയാക്കളും സുന്നികളുമടങ്ങുന്ന ഈ സാധാരണ മുസ്‌ലിംകള്‍ പരസ്പരം കൈകോര്‍ത്ത് കൊണ്ടാണ് സംരക്ഷിച്ച് നിര്‍ത്തുന്നത്. 80 വയസ്സ് പ്രായമുള്ള ഒരു പാക്കിസ്ഥാനീ കര്‍ഷകന്‍ പറയുന്നത് നോക്കുക: ‘എന്റെ കുട്ടിക്കാലം മുതല്‍ തന്നെ ശിയാ-സുന്നീ സാഹോദര്യത്തിന് ഞാന്‍ സാക്ഷിയാണ്.’
തങ്ങളെക്കുറിച്ച കൊളോണിയല്‍ ചരിത്രനിര്‍മ്മിതിയെ വാരിപ്പുണര്‍ന്ന റുവാന്‍ഡയിലെ ജനത പരസ്പരം കടിച്ച്കീറുന്ന നിരാശാജനകമായ ഒരവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഹുതു, ടുട്‌സി എന്ന കൊളോണിയല്‍ കാറ്റഗറികളെ അവിടത്തെ ഗവണ്‍മെന്റ് ഇപ്പോള്‍ പരിപൂര്‍ണ്ണമായി ഇല്ലാതാക്കുകയും എല്ലാ പൗരന്‍മാരെയും ഒരൊറ്റ എത്‌നിസിറ്റിയായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു രാഷ്ട്രീയ നീക്കത്തിന്റെ വെളിച്ചത്തില്‍ ‘1400 വര്‍ഷത്തോളമായി തുടരുന്ന സെക്ടേറിയന്‍ യുദ്ധം’ എന്ന കൊളോണിയല്‍ മിത്ത് പൊളിച്ചടുക്കേണ്ടത് മുസ്‌ലിംകള്‍ തന്നെയാണ്.
കൊളോണിയലിസ്റ്റുകള്‍ പറയുന്ന പോലെയുള്ള ഒരു സംഘര്‍ഷം ശിയാക്കള്‍ക്കും സുന്നികള്‍ക്കുമിടയില്‍ നിലനിന്നിരുന്നെങ്കില്‍ ഇക്കാലം വരെയും അവര്‍ പരസ്പരം വിവാഹം കഴിക്കുകയോ പരസ്പര സഹകരണത്തോടെ
ജീവിക്കുകയോ ചെയ്യുമായിരുന്നില്ല. അവര്‍ ശത്രുക്കളായിരുന്നുവെങ്കില്‍ ഹജ്ജ് വേളയില്‍ പരസ്പരം സന്ധിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അവര്‍ നിര്‍ത്തുമായിരുന്നു. ചരിത്ര സത്യങ്ങളെന്ന പേരില്‍ വ്യാജവേഷമണിഞ്ഞ് നില്‍ക്കുന്ന ആധുനിക പ്രത്യയശാസ്ത്രങ്ങളാല്‍ ഇങ്ങനെയുള്ള ബന്ധങ്ങളും ജീവിതരീതികളും തകരാതെ സൂക്ഷിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. എങ്കില്‍ മാത്രമേ ക്രിയാത്മകമായ ഒരു സാമൂഹിക പ്രതിഭാസമായി ഇസ്‌ലാം നിലനില്‍ക്കുകയുള്ളൂ.
Connect
Connect with us on the following social media platforms.