ദര്‍യാബാദി സാക്ഷിയായ നാല് ദുരന്തങ്ങള്‍
ചിന്താബന്ധുരമായ ആശയങ്ങള്‍ ചുരുക്കം ചില വാക്കുകളിലൊതുക്കാനുള്ള ദര്‍യാബാദിയുടെ സിദ്ധിക്ക് ഉര്‍ദു സാഹിത്യലോകത്ത് സമാനത വിരളമാണ്. സിദ്‌ഖെ ഇദീദിലെ ജീവിതകാലത്ത് തനിക്ക് കാണേണ്ടി വന്ന മുസ്‌ലിം ലോകത്തിന്റെ നാല് ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. 1924 ലായിരുന്നു ഒന്നാമത്തെ ദുരന്തം. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം അത്യാവേശപൂര്‍വ്വം മുന്നേറുന്ന കാലഘട്ടം. മൗലാന മുഹമ്മദലി, ഷൗക്കത്തലി, അബ്ദുല്‍ ബാരി തുടങ്ങിയ നേതാക്കന്‍മാരുടെ തീപ്പൊരി പ്രഭാഷണങ്ങള്‍ ബ്രിട്ടീഷുകാരുടെ വീര്യവും സ്ഥൈര്യവും ചോര്‍ത്തുകയായിരുന്നു. അപ്പോഴാണ് 13 നൂറ്റാണ്ട് പ്രായമുള്ള ഇസ്‌ലാമിക ഖിലാഫത്തിന്റെ സൗധം തകര്‍പ്പെടുന്നത്. ആര്? ആ മുസ് ലിം നാമധാരിയായ തുര്‍ക്കിയിലെ മുസ്തഫ കമാല്‍പാഷ. എല്ലാവരും മിഴിച്ചിരുന്നു പോയി.
ദര്‍യാബാദി അനുസ്മരിക്കുന്ന രണ്ടാമത്തെ സംഭവം 1948 ല്‍ സംഭവിച്ച ആസിഫിയ മുസ്‌ലിം ഭരണകൂടത്തിന്റെ പതനമാണ്. മുസ്‌ലിംലോകം മുഴുക്കെ അന്തസ്സും സ്ഥാനവും നിലനിര്‍ത്തിപ്പോന്ന ആസിഫിയ ഭരണകൂടത്തിന്റെ തണലില്‍, ഇന്ത്യന്‍ മുസ്‌ലിംകളുടെ മതപരവും വൈജ്ഞാനികവും സാഹിത്യപരവുമായ ഒട്ടനവധി സ്ഥാപനങ്ങള്‍ വളര്‍ന്ന് വികസിച്ച് വരികയായിരുന്നുവെന്ന് ദര്‍യാബാദി ഓര്‍ക്കുന്നു. വെറും ദിവസങ്ങള്‍ക്കകമാണ് ആസിഫിയ്യ ഭരണകൂടം തകര്‍ന്ന് സെക്കുലറായി പരിണമിക്കുന്നത്.
1949 ല്‍ ഫലസ്തീനില്‍ സയണിസ്റ്റുകള്‍ അക്രമപരമായി ഇസ്രായീല്‍ രാഷ്ട്രം സ്ഥാപിച്ചതാണ് തന്റെ ജീവിതത്തെ നടുക്കിയ മൂന്നാമത്തെ ദുരന്തമായി ദര്‍യാബാദി എണ്ണുന്നത്. 67 ലെ യുദ്ധത്തില്‍ ഇസ്രായീല്‍ ജറൂസലം കൂടി പിടിച്ചടക്കിയതോടെയാണ് ആ ദുരന്തത്തിന്റെ ആക്കം കൂടുന്നത്. ബംഗ്ലാദേശിന്റെ പിറവിയാണ് നാലാമത്തെ സംഭവം. പുതിയൊരു രാഷ്ട്രം ഉടലെടുത്തു എന്നതല്ല; അതിന്റെ പേരില്‍ വലിയൊരു ഭൂഭാഗത്തിലെ മുസ്‌ലിംകള്‍ക്കിടയിലും ബംഗ്ലാദേശിലെ തന്നെ ബംഗാളികള്‍ക്കും ബീഹാരികള്‍ക്കിടയിലും ഉടലെടുത്ത ശൈഥില്യവും പിളര്‍പ്പുമാണ് ദയാബാദിയുടെ ഇസ്‌ലാമിക മന:സ്സാക്ഷിയെ അലോസരപ്പെടുത്തിയ പ്രശ്‌നം. ഈ നാല് സംഭവങ്ങളും പരാമര്‍ശിച്ച ശേഷം ദര്‍യാബാദി ഇങ്ങനെ ഉപസംഹരിക്കുന്നു: ഭയാനകമായ ഈ നാല് സംഭവങ്ങളിലും പൊതുവായി അന്തര്‍ഭവിച്ചിരിക്കുന്നത് സമുദായത്തിന്റെ കൊള്ളരുതായ്മയും അപരാധവും ധിക്കാരവുമാകുന്നു. അല്ലാഹുവിന്റെ ക്ഷമയിലും വിട്ട്‌വീഴ്ചയിലും ആര്‍ക്കും സംശയമില്ല. പക്ഷെ, ലോകത്ത് നന്‍മയുടെയും തിന്‍മയുടെയും വ്യവസ്ഥ നില നിര്‍ത്താന്‍ സഹനമെന്ന ഗുണത്തെ നിയന്ത്രിക്കേണ്ടത് ദൈവിക യുക്തിയുടെ തന്നെ താല്‍പര്യമാണ്. പ്രവാചക സാന്നിധ്യത്തില്‍ ബദ്‌റിലും ഉഹ്ദിലും ഹുനെനിലും ഇഷ്ട സമുദായത്തെ കണ്ണ് തുറപ്പിച്ച യുക്തിയും നീതിദീക്ഷയും നമ്മെപ്പോലുള്ള കുറ്റവാളികളുടെ നേരെയും പ്രകടിപ്പിക്കപ്പെട്ടാല്‍ അതില്‍ ഒട്ടും അത്ഭുതത്തിനവകാശമില്ല. ഇത് ക്രോധത്തിന്റെയോ നിരാശയുടെയോ മനംമടുപ്പിന്റെയോ സമയമല്ല. ഖേദത്തിന്റെയും പശ്ചാത്താപത്തിന്റെയും കര്‍മ്മശുദ്ധീകരണത്തിന്റെയും സമയമാകുന്നു.
Connect
Connect with us on the following social media platforms.