‘കണ്ട്പിടിത്തങ്ങളും’ കോളനീകരണവും: ചില അധിനിവേശവിരുദ്ധ സംസാരങ്ങള്‍
ഇസ്തംബൂളില്‍ വെച്ച് നടന്ന ലാറ്റിനമേരിക്കന്‍ മുസ്‌ലിം നേതാക്കന്‍മാരുടെ സമ്മേളനത്തില്‍ വെച്ച് തുര്‍ക്കി പ്രസിഡന്റ് അമേരിക്കയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.അമേരിക്ക കണ്ട് ചിടിച്ചത് കൊളംബസല്ല, മുസ്‌ലിംകളാണ് എന്നാണദ്ദേഹം പറഞ്ഞത്. മുസ്‌ലിം ലോകത്ത് ഇതിന് മുമ്പ് അഹമ്മദി നജാദിന്റെ പ്രസ്താവനകളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. ഹോളോക്കോസ്റ്റിനെക്കുറിച്ച് നജാദ് നടത്തിയ പരാമര്‍ശം ലോകത്തെയാകെ പിടിച്ച്കുലുക്കുകയുണ്ടായി. നജാദിനെപ്പോലെത്തന്നെ ഉര്‍ദുഗാനും ലോകമുസ്‌ലിംകള്‍ക്കിടയില്‍ ഹീറോപരിവേഷം ലഭിക്കുന്നതിന് ഇത്തരത്തിലുള്ള രാഷ്ട്രീയപ്രസ്താവനകളും ഒരു കാരണമാണ്.
1996ല്‍ പുറത്ത്‌വന്ന യൂസുഫ് മ്‌റൂഹെയുടെ (yousuf mroueh) ഒരു പേപ്പറിനെ അടിസ്ഥാനമാക്കിയാണ് ഉര്‍ദുഗാന്‍ തന്റെ വാദമുന്നയിക്കുന്നത്. കൊളംബസ് അമേരിക്കയിലെത്തുന്നതിന്റെ എത്രയോ മുമ്പ് മുസ്‌ലിംകള്‍ ആ രാജ്യത്ത് ജീവിക്കുകയും മത-സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിലെ സൂക്ഷമമായ രാഷ്ട്രീയവശങ്ങളെ പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
അമേരിക്കയെക്കുറിച്ച കൊളോണിയല്‍ ചരിത്രാഖ്യാനങ്ങളെ പരിക്കേല്‍പ്പിക്കാതെയാണ് ഉര്‍ദുഗാന്‍ സംസാരിക്കുന്നത്. ആഫ്രിക്കന്‍- അമേരിക്കന്‍ എന്ന് കൊളോണിയലിസ്റ്റുകള്‍ വിളിച്ച കറുത്ത വംശജരെ വംശീയമായി ഉന്‍മൂലനം ചെയ്താണ് കൊളംബസ് അമേരിക്കയെ ‘കണ്ട്പിടിക്കുന്നത്’. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന ദേശരാഷ്ട്രത്തിന്റെ നിര്‍മ്മിതിയില്‍ ലക്ഷക്കണക്കിന് നേറ്റീവ് ജനതയാണ് കുരുതി കൊടുക്കപ്പെട്ടത്. ഈ ദേശത്തിന്റെ അതിര്‍ത്തി വികസിപ്പിക്കപ്പെടുന്നത് തന്നെ തുടര്‍ച്ചയായ വയലന്‍സിലൂടെയാണ്. ദേശത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന പ്രാകൃതജനതയെ തുടച്ച് നീക്കുക തന്നെ വേണം എന്നായിരുന്നു കൊളോണിയലിസ്റ്റുകള്‍ തങ്ങളുടെ വംശീയാതിക്രമങ്ങള്‍ക്ക് ന്യായീകരണമായി പറഞ്ഞത്. ഇവ്വിധം അധിനിവേശത്തിന് മണ്ണൊരുക്കും വിധം സൃഷ്ടിക്കപ്പെടുന്ന ജ്ഞാന വ്യവഹാരങ്ങളെക്കുറിച്ച് ഫ്രാന്‍സ് ഫാനോന്‍ പറയുന്നുണ്ട് ( the wretched of the earth). നേറ്റീവ് ജനതയെ വംശീയ ഉന്‍മൂലനത്തിന് വിധേയമാക്കിക്കൊണ്ടുള്ള ഒരു അമേരിക്കന്‍ ദേശരാഷ്ട്രനിര്‍മ്മിതിയെ സ്വീകരിക്കാന്‍ ലോകത്തിന് കഴിയുന്നത് ഫാനോനൊക്കെ പറഞ്ഞ പോലെ കൊളോണിയല്‍ ചരിത്രാഖ്യാനങ്ങളുടെ സ്വാധീനം മൂലമാണ്. അമേരിക്ക ‘കണ്ട് പിടിച്ചത്’ മുസ്‌ലിംകളാണ് എന്ന് പറയുന്നതിലൂടെ വംശീയമായ ആ ചരിത്രനിര്‍മ്മിതിയെ അബോധപൂര്‍വ്വം മറച്ച്പിടിക്കുകയാണ് ഉര്‍ദുഗാന്‍ ചെയ്യുന്നത്. അറിവിനെയും അധികാരത്തെയും കുറിച്ച കൊളോണിയല്‍ ആധുനികതയുടെ യുക്തി തന്നെയാണ് ഉര്‍ദുഗാനും പിന്തുടരുന്നത്.
നേറ്റീവ് അമേരിക്കന്‍ ജനതയെ അധിനിവേശപ്പെടുത്തിയതിലൂടെ എങ്ങനെയാണ് കൊളോണിയാലിറ്റി ഒരു പുതിയ അധികാരഘടനയായി മാറിയതെന്ന് വാള്‍ട്ടര്‍ മിഗ്നാലോ The darker side of western modernity എന്ന തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്. ആധുനികത ഒരു വാല്യൂ സിസ്റ്റമായി മാറുകയും യൂറോകേന്ദ്രീകൃതമായ ഒരു ലോകക്രമം അങ്ങനെ നിലവില്‍ വരികയും ചെയ്തു. എപ്പിസ്റ്റമോളജിക്കല്‍ വയലന്‍സ് എന്നാണ് മിഗ്നാലോ ഇതിനെ വിശേഷിപ്പിക്കുന്നത്. ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരുടെ രാഷ്ട്രീയ കര്‍തൃത്വത്തെ പൂര്‍ണ്ണമായി നിഷേധിച്ച് കൊണ്ടുള്ള ഉര്‍ദുഗാന്റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അവരോടുള്ള ഒരു തരം എപ്പിസ്റ്റമോളജിക്കല്‍ വയലന്‍സ് തന്നെയാണ്. കുറച്ച് കൂടി ചരിത്രപരമായ ഗഹനതയും സൂക്ഷമതയും ഉര്‍ദുഗാന്‍ സ്വീകരിക്കേണ്ടതുണ്ടായിരുന്നു.
അതേസമയം, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍, വിവിധ ചരിത്രഘട്ടങ്ങളില്‍ മുസ്‌ലിംകള്‍ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ചും ഉര്‍ദുഗാന്‍ പറയുന്നുണ്ട്. യൂറോപ്പിന്റെ കൊളോണിയല്‍ ചൂഷണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു മുസ്‌ലിംകളുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ എന്നാണദ്ദേഹം പറയുന്നത്. ഇസ്‌ലാമിന്റെ വിമോചന ദൗത്യത്തെക്കുറിച്ച സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അത് പ്രസക്തമാണെന്ന് തോന്നുന്നു. അമേരിക്കയില്‍ തന്നെ വെളുത്ത വംശീയവാദികള്‍ സൃഷ്ടിച്ച അനീതി നിറഞ്ഞ ഒരു ലോകക്രമത്തില്‍ നിന്നും രക്ഷ തേടിയാണ് ആയിരക്കണക്കിന് കറുത്ത വംശജര്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. Islam and the Blackamerican എന്ന പുസ്തകത്തില്‍ ഷെര്‍മണ്‍ ജാക്‌സണ്‍ ഇക്കാര്യം പറയുന്നുണ്ട്. അമേരിക്കന്‍ വംശീയതക്കെതിരായ ബ്ലാക്കമേരിക്കന്‍ പോരാട്ടങ്ങളുടെ പ്രചോദനമായാണ് ജാക്‌സണ്‍ ഇസ്‌ലാമിനെ കാണുന്നത്. ഇസ്‌ലാമിന്റെ ഇങ്ങനെയുള്ള വിമോചനദൗത്യത്തെക്കുറിച്ചൊന്നും സൂചിപ്പിക്കാതെ തികച്ചും പാസ്സീവായി കാര്യങ്ങള്‍ പറഞ്ഞ് പോവുകയാണ് ഉര്‍ദുഗാന്‍ ചെയ്യുന്നത്.
മുസ്‌ലിം ലോകത്ത് ഒരു റോള്‍ മോഡലായി മാറാന്‍ ഉര്‍ദുഗാന് കഴിഞ്ഞിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. ശ്രദ്ധേയമായ ഒട്ടനവധി രാഷ്ട്രീയ നിലപാടുകളെടുക്കാന്‍ ആര്‍ജവം കാണിച്ച വ്യക്തിയാണദ്ദേഹം. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ച മുസ്‌ലിം ലോകത്തെ എക രാഷ്ട്രീയ നേതാവാണദ്ദേഹം. ഫ്രീഡം ഫോട്ടിലയെ അയച്ച് കൊണ്ട് ഒരിക്കല്‍ അദ്ദേഹം ഇസ്രായേലിനെ വിറപ്പിക്കുകയുണ്ടായി. 1936ല്‍ തുര്‍ക്കി സ്റ്റേറ്റ് ദെര്‍സിമില്‍ നടത്തിയ കൂട്ടക്കൊലക്ക് മാപ്പ് ചോദിക്കാന്‍ വരെ അദ്ദേഹം തയ്യാറാവുകയുണ്ടായി. എന്നാല്‍ മുസ്‌ലിംകളാണ് അമേരിക്ക കണ്ട്പിടിച്ചത്, കൊളംബസല്ല എന്നെക്കെ പറയുമ്പോള്‍ കുറച്ച് കൂടി ചരിത്രപരവും രാഷ്ട്രീയപരവുമായ സൂക്ഷമത അദ്ദേഹം പുലര്‍ത്തണമായിരുന്നു. വ്യത്യസ്തതകളോട് സംവദിക്കാന്‍ കഴിയാത്ത അധികാരത്തിന്റെയും ആധിപത്യത്തിന്റെയും സ്വരമാണ് അതിലുള്ളത്. ആഫ്രിക്കന്‍-അമേരിക്കന്‍ ജനത നേരിട്ട വയലന്‍സിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പരാമര്‍ശിക്കാന്‍ കഴിയാതെ വരുന്നത് ആധുനിക ദേശ-രാഷ്ട്രങ്ങള്‍ ഡിഫൈന്‍ ചെയ്യുന്ന അധികാരത്തെക്കുറിച്ച വിചാരങ്ങള്‍ അബോധപൂര്‍വ്വം പേറുന്നത് മൂലമാണ്. പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയാത്ത എപ്പിസ്റ്റമോളജിക്കല്‍ കൊളോണൈസേഷനെ സൂക്ഷമമായി പരിശോധിക്കുന്ന ഡീകൊളോണിയല്‍ വായനകള്‍ വികസിക്കുന്ന ഇക്കാലത്ത് പ്രസക്തമാകുന്നത് ഇസ്‌ലാമിന്റെ നീതിയെക്കുറിച്ച സംസാരങ്ങളാണ്; അധികാരത്തിന്റെയും ആധിപത്യത്തിന്റെയുമല്ല.