ഹദിയ: അനശ്വര പ്രണയത്തിന്റെ സമ്മാനം
ഹദിയ എന്നാല്‍ സമ്മാനമെന്നര്‍ത്ഥം.
എല്ലാം നശിക്കുകയും നിന്റെ നാഥന്റെ മുഖം മാത്രം അവശേഷിക്കുകയും ചെയ്യും എന്ന ഖുര്‍ആന്‍ വചനത്തിലൂടെയാണ് ഹദിയ എന്ന മലയാള ഹ്രസ്വ സിനിമ ആരംഭിക്കുന്നത്. ചെറുകഥാകൃത്ത് ഷാജിഹനീഫിന്റെ വിടരാന്‍ കൊതിച്ചത് എന്ന കഥയില്‍ കെ. എസ് കൃഷ്ണദാസ് ഒരു സിനിമ കണ്ടെടുക്കുകയായിരുന്നു.
മുഖ്യധാരാസിനിമയില്‍ ആര്‍ട്ട് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന ഇ്‌ദ്ദേഹത്തിന്റെ ആദ്യ ഷോര്‍ട്ട് ഫിലിമാണ് ഇത്. സ്വാഭാവികമായും ആര്‍ട്ട് ഡിസൈനിങ്ങിന്റെ മികവ് സിനിമയിലുടനീളം കാണാനുണ്ട്.
പുഴക്കടവില്‍വെച്ച് താന്‍ കണ്ട വ്യക്തിക്ക് തന്റെ ഉമ്മയോടുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ നിഗൂഢതയില്‍ പൂത്തുലയുന്ന സ്‌നേഹത്തിന്റെയും ഗൃഹാതുരുത്വത്തിന്റെയും തെളിഞ്ഞ കാവ്യമാണ് സിനിമ. കുട്ടിക്കാലത്ത് ഉമ്മ ജിന്നിന്റെയും ആയിഷയുടെയും സ്‌നേഹത്തിന്റെ കഥ പറഞ്ഞുകൊടുക്കുന്ന വെവ്വേറെ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ ‘ഹസ്ബി റബ്ബി ജല്ലല്ലാഹ്…’ എന്ന താരാട്ടിന്റെ ഹമ്മിംഗും അനശ്വരമായ പ്രണയത്തിന്റെ നന്മയും നിഷ്‌കളങ്കതയും തുളുമ്പുന്ന ‘ആമ്പല്‍മധു ഞാന്‍…’ (മെഹറിന്റെ രചന) എന്ന ഗാനവും അനുഭവഭേദ്യമാക്കുന്നുണ്ട്. ഉമ്മയുടെ കൈയില്‍ നിന്നും നിലത്തുവീഴുന്ന തസ്ബീഹ് മാലയുടെ കിലുക്കം കാതില്‍ എന്നും കേള്‍ക്കുന്ന ഓര്‍മ്മയാവുന്നു.
സിനിമയുടെ എഡിറ്റിങ്ങിലും സാങ്കേതികതയിലും ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തം. കെ. ശോഭന, അബു, കെ ഷാനവാസ്, രൂപ ലക്ഷ്മി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ക്യാമറ ചെയ്തിരിക്കുന്നു. സംഗീതം, ആലാപനം, സൗണ്ട് മിക്‌സിംഗ് എന്നിവ ഷമേജ് ശ്രീധറാണ് ചെയ്തിരിക്കുന്നത്.