തുരുമ്പെടുക്കാത്ത യാത്രാവിവരണങ്ങള്‍
ഇസ്‌ലാം ഇന്ററാക്ടീവിനു വേണ്ടി ഇബ്‌നു ബത്തൂത്തയെകുറിച്ചുള്ള ഫീച്ചര്‍ തയ്യാറാക്കുമ്പോള്‍ മെറോക്കൊയിലെ മാരിനിദ് വംശത്തിലെ അന്നത്തെ സുല്‍ത്താനായിരുന്ന അബൂഇനാന്‍ ഫാരിസിന്റെ ഔചിത്യബോധത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു പോയി. മഹാനായ യാത്രികനെ അനുഗമിക്കുവാനും അദ്ദേഹത്തിന്റെ വാക്കുകള്‍ പകര്‍ത്തിയെടുക്കുവാനും മുഹമ്മദ് ഇബ്‌നു ജൂസയിനെ ചുമതലപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് ‘ഭാഷ രാകിമിനുക്കുന്നതിലും തെളിമയുറ്റതാക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുവാനും അത് വായനക്കാരുടെ അഭിരുചിക്കിണങ്ങുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുവാനു’മായിരുന്നു. ഇക്കാര്യത്തില്‍ പരിണതപ്രജ്ഞനായ ഇബ്‌നു ഖല്‍ദൂന്റെ വാക്കുകള്‍പോലും അദ്ദേഹം ഗൗനിച്ചില്ല. എന്തുകൊണ്ടാണ് രാജാക്കന്‍മാര്‍ ചരിത്ര വിവരണങ്ങളോട് മുഖം തിരിക്കുന്നത്? ആധികാരികത ദ്യോതിപ്പിക്കുന്ന സംഭവകഥനങ്ങളേക്കാള്‍ അവര്‍ ഫിക്ഷന്റെ ശൈലികളോട് ആഭിമുഖ്യം പുലര്‍ത്തുന്നതെന്തു കൊണ്ട്? നാല് ദശകങ്ങള്‍ക്കുമുമ്പ് തന്റെ തൂലികയില്‍ പിറവിയെടുത്ത ‘അദൃശ്യ നഗരങ്ങളിലൂടെ’ ഇറ്റാലിയന്‍ സാഹിത്യകാരനായ ഇറ്റാലോ കാല്‍വിനോ എന്റെ സന്ദേഹങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. കൃത്യമായി പറയുകയാണെങ്കില്‍ 1975ല്‍ .
മഴയത്ത് നനഞ്ഞ ആനകളുടെയും നെരിപ്പോടുകളില്‍ ചൂട് വറ്റി തണുത്തുകൊണ്ടിരിക്കുന്ന ചന്ദനമുട്ടികളുടെയും സമ്മിശ്രഗന്ധങ്ങളോടൊപ്പം സായാഹ്‌നങ്ങളില്‍ നമ്മെ വന്നു മൂടുന്ന ഒരു ശൂന്യതയുണ്ട്. ചുരുട്ടിവെച്ചിരിക്കുന്ന ഭൂപടങ്ങളുടെ തരിശായിക്കിടക്കുന്ന വാക്കുകളിലെ മലകളുടെയും പുഴകളുടെയും ഞരമ്പുകളില്‍ ഒരാലസ്യം വിറപായിക്കുന്ന നേരം. ഔദ്യോഗിക സന്ദേശങ്ങള്‍ എതിരാളികളുടെ അവസാനത്തെ സൈനികദളത്തിന്റെ പതനം പ്രഖ്യാപിക്കുന്നു. മൂകത മുറ്റിനില്‍ക്കുന്ന ഈ നിമിഷത്തിലാണ് മുഴുവന്‍ അത്ഭുതങ്ങളുടെയും ചെപ്പാണെന്ന് നാം കരുതിയിരുന്ന ഈ മഹാസാമ്രാജ്യം അധികാര ദണ്ഡിന്റെ ശക്തികൊണ്ട് മറച്ചുപിടിക്കാന്‍ പറ്റാത്തവിധം അഴിമതിയുടെ അഴുക്ക് ഗ്രസിച്ചിരിക്കുന്ന രൂപരഹിതമായ അവശിഷ്ടങ്ങളുടെ കൂമ്പാരമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നത്. ശത്രുരാജ്യങ്ങളുടെ മേലുള്ള വിജയങ്ങള്‍ അവയുടെ അന്തഃഛിദ്രങ്ങളുടെ നേരവകാശികളാക്കി നമ്മെ മാറ്റിയിരിക്കുന്നു. തകര്‍ന്നടിയാന്‍ വിധിക്കപ്പെട്ട ചുമരുകള്‍ക്കും ഗോപുരങ്ങള്‍ക്കുമിടയിലൂടെ ചിതലരിക്കാന്‍ പോലുമാവാത്തത്ര സൂക്ഷ്മമായ രേഖീയ ചിത്രങ്ങളിലേക്ക് മാര്‍ക്കോയുടെ വാക്കുകളിലൂടെയാണ് കുബ്‌ളാ കണ്‍തുറക്കുന്നത് (പേജ് 5).
തലമുറകളുടെ വെളിച്ചമാണ് തങ്ങള്‍ തിന്നുനശിപ്പിക്കുന്നതെന്ന ബോധമില്ലാതെ അമൂല്യ ഗ്രന്ഥങ്ങളും ചരിത്രത്തിന്റെ മഹാശേഷിപ്പുകളും ചിതലുകള്‍ ആഹാരമാക്കിയിട്ടുണ്ട്. അല്‍പം സംശയത്തോടെയാണെങ്കിലും വിസ്മൃതിയെ അതിജീവിക്കുന്ന ആ വിവരണങ്ങളുടെ ചുരുളഴിക്കാന്‍ കുബ്‌ളാ മാര്‍ക്കോപോളോക്ക് അനുവാദം നല്‍കുന്നു. ‘ഈ പറയുന്ന നാടുകളെല്ലാം സന്ദര്‍ശിക്കാന്‍ താങ്കള്‍ക്ക് എപ്പോഴാണ് സമയം കിട്ടിയതെന്നെനിക്കറിയില്ല. ഈ പൂന്തോട്ടത്തിനപ്പുറത്തേക്ക് നിങ്ങള്‍ പോയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്’. മാര്‍ക്കോപോളോയുടെ വിവരണങ്ങളിലുള്ള നഗരങ്ങളുടെ പേരുകള്‍തന്നെ അവയൊന്നും യഥാര്‍ഥങ്ങളാവാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കുന്നുണ്ട്. പക്ഷെ, ഗൗരവമുള്ള വായനക്കാരുടെയുള്ളില്‍ ആ നഗരങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ച നഗരങ്ങളേക്കാള്‍ മുദ്രിതമാവുന്നു. വെറുതേയിരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ആ പട്ടണങ്ങളിലൂടെ കാഴ്ചകള്‍ കണ്ട് അലഞ്ഞു തിരിയാം, അവിടങ്ങളിലെ കുളിര്‍ക്കാറ്റില്‍ സ്വയം നഷ്ടപ്പെടാം (പേജ് 32). മാര്‍ക്കോയുടെ വാക്കുകളുടെ മാന്ത്രികതയറിയാന്‍ ഈ വിവരണങ്ങളിലൂടെയൊന്ന് കണ്ണോടിക്കുക.
”പുകള്‍പെറ്റ നഗരമായ സെസിലിയയിലെ തെരുവുകളില്‍ ഒരിക്കല്‍ ഞാന്‍ ഒരാട്ടിടയനെ കണ്ടുമുട്ടി. അയാള്‍ തന്റെ ആട്ടിന്‍പറ്റത്തെ നഗരഭിത്തികളോട് ചേര്‍ന്ന് തെളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹേ, മനുഷ്യാ! അയാള്‍ എന്നെ തടഞ്ഞുനിര്‍ത്തി ചോദിച്ചു: നമ്മള്‍ എത്തിപ്പെട്ടിരിക്കുന്ന നഗരമേതാണ്? താങ്കള്‍ക്ക് ദൈവങ്ങളുടെ കാവലുണ്ടാവട്ടെ!. ഞാന്‍ പറഞ്ഞു. കേളികേട്ട നഗരമായ സെസിലിയ താങ്കള്‍ തിരിച്ചറിഞ്ഞില്ലേ?
‘ക്ഷമിക്കണം’. അയാള്‍ പറഞ്ഞു. ‘ ഞാന്‍ അലഞ്ഞുതിരിയുന്ന ഒരാട്ടിടയനാണ്. ചിലപ്പോള്‍ എനിക്കും എന്റെ ആട്ടിന്‍പറ്റങ്ങള്‍ക്കും നഗരങ്ങളിലൂടെ കടന്നുപോകേണ്ടി വരാറുണ്ട്. പക്ഷെ, ഞങ്ങള്‍ക്ക് നഗരങ്ങളെ തിരിച്ചറിയാന്‍ പറ്റില്ല. മേച്ചില്‍പുറങ്ങളെപ്പറ്റി എന്നോട് ചോദിച്ചുനോക്കൂ. അവയെ പറ്റി സകലതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. കിഴുക്കാം തൂക്കായ പാറകള്‍ക്കിടയിലെ പുല്‍മേടുകള്‍ , നിഴലണിഞ്ഞ പുല്‍ക്കാടുകള്‍, പച്ചവിരിച്ച ചെരിവുകള്‍ , പുല്‍മേടുകളും പുല്‍മേടുകളെ വേര്‍തിരിക്കുന്ന കുറ്റിക്കാടുകളുമില്ലാത്ത വിചിത്ര സ്ഥലികളാണ് എനിക്ക് നഗരങ്ങള്‍ . എല്ലാ നഗരങ്ങളും എനിക്ക് ഒരേപോലെയാണ്. തെരുവുകളുടെ മൂലകള്‍ എന്റെ ആട്ടിന്‍പറ്റത്തെ ഭയപ്പെടുത്തുന്നു. ചിതറിയോടുന്ന അവയെ പിടിക്കാന്‍ ഞാനും എന്റെ പട്ടിയും പെടാപാടു പെടുന്നു’. ‘ എന്റെകാര്യം നേരെമറിച്ചാണ്’. ഞാന്‍ പറഞ്ഞു. ‘എനിക്ക് നഗരങ്ങളെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ. മറ്റുള്ള പ്രദേശങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം സമമാണ്. മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളില്‍ ഒരു കല്ല് മറ്റൊരു കല്ലുമായും ഒരു പുല്‍ക്കൂട്ടം മറ്റൊരു പുല്‍ക്കൂട്ടവുമായും കൂടിക്കലരുന്നു. അത്രമാത്രം’.
അതിനുശേഷം വര്‍ഷങ്ങള്‍ പലതും കൊഴിഞ്ഞു വീണു. ഞാന്‍ അനവധി നഗരങ്ങളിലൂടെ കടന്നുപോയി. ഭൂഖണ്ഡങ്ങള്‍ മുറിച്ചുകടന്നു. ഒരിക്കല്‍ ഒരേപോലെ തോന്നിച്ച വീടുകള്‍ നിറഞ്ഞ നിരത്തിലൂടെ ഞാന്‍ കടന്നുപോവുകയായിരുന്നു. എനിക്ക് വഴി തെറ്റിപ്പോയി. അടുത്ത് കണ്ടയാളോട് ഞാന്‍ ചോദിച്ചു. ‘താങ്കള്‍ക്ക് ദൈവങ്ങളുടെ കാവലുണ്ടാവട്ടെ! നമ്മള്‍ എത്തിപ്പെട്ടിരിക്കുന്ന ഈ നഗരം ഏതാണെന്ന് എനിക്ക് പറഞ്ഞുതരാമോ?’ ‘സെസിലിയ നഗരത്തിലാണ് താങ്കള്‍ എത്തപ്പെട്ടിരിക്കുന്നത്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഞാനും എന്റെ ആടുകളും പുറത്തേക്കുള്ള വഴികണ്ടെത്താനാവാതെ വര്‍ഷങ്ങളായി ഈ പട്ടണത്തിന്റെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു’. ഞാന്‍ അയാളെ തിരിച്ചറിഞ്ഞു. നീണ്ടുനിവര്‍ന്ന വെള്ളിരോമങ്ങളുണ്ടെന്നതൊഴിവാക്കിയാല്‍ അതയാള്‍ തന്നെയായിരുന്നു. ആ പഴയ ആട്ടിടയന്‍ . എല്ലും തോലുമായി അവശനിലയിലായ കുറച്ചാടുകള്‍ അയാളോടൊപ്പമുണ്ടായിരുന്നു. ആടുകള്‍ വീപ്പക്കുറ്റിയിലെ പഴയ കടലാസുകള്‍ കരണ്ടുകൊണ്ടിരുന്നു. ‘അങ്ങനെയാവാന്‍ ഒരു വഴിയുമില്ല’. ഞാന്‍ അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു. ‘ഞാനും ഒരു പട്ടണത്തില്‍ പ്രവേശിച്ചിരുന്നു. എപ്പോഴാണെന്നെനിക്കോര്‍മയില്ല. അതിന്റെ തെരുവുകളുടെ ഉള്ളിലേക്ക് ഞാനങ്ങനെ പോയിക്കൊണ്ടിരുന്നു. ഞാനെങ്ങനെയാണ് ഇവിടെയെത്തിയതെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. എത്രയോ ദൂരെയായിരുന്നല്ലോ ഞാന്‍ . സെസിലിയായില്‍ നിന്ന് എത്രയോ ദൂരെ. പിന്നെ ഞാനെങ്ങനെ നിങ്ങളെ കണ്ടുമുട്ടി?’ ‘സ്ഥലങ്ങള്‍ തമ്മില്‍ കുഴഞ്ഞുമറിയുന്നു’. ആട്ടിടയന്‍ പറഞ്ഞുകൊണ്ടിരുന്നു. ‘സെസിലിയ എല്ലായിടങ്ങളിലുമുണ്ട്. ഇവിടെ, പണ്ടൊരിക്കല്‍ ആടുകള്‍ മേഞ്ഞുനടന്ന പുല്‍മേടുകളായിരിക്കണം. ട്രാഫിക് ഐലന്റിലെ പുല്ലുകള്‍ കാണുമ്പോള്‍ ആടുകള്‍ പരിചിതഭാവം കാണിക്കുന്നു’.
ഈ വിവരണങ്ങളില്‍ ടെക്‌ല എന്നു പേരായ ഒരു നഗരമുണ്ട്. വളരെക്കാലങ്ങളായി അതിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ കാരണത്തെ പറ്റി മാര്‍ക്കോപോളോ ചോദിച്ചപ്പോള്‍ പട്ടണവാസികളുടെ മറുപടി ഇപ്രകാരമായിരുന്നു. ‘ അതിന്റെ തകര്‍ച്ച തുടങ്ങാതിരിക്കാന്‍ ‘. മറ്റൊരു നഗരമാണ് ആന്‍ഡ്രിയ. അവിടെ ജീവിതം താരാപഥങ്ങളുടെ ദിശ അനുസരിച്ച് നിര്‍ണയിക്കപ്പെടുന്നു. അനങ്ങാതിരിക്കുക എന്നതാണ് അവിടെ ഏറ്റവും ഉചിതമായിട്ടുള്ളത്. പിന്നെയുള്ളത് എര്‍സിലിയ നഗരമാണ്. അവിടെയുള്ളവര്‍ വീടുകളുടെ മൂലകളില്‍ ചരടുകള്‍ വലിച്ചുകെട്ടുന്നവരാണ്. രക്തബന്ധം, വാണിജ്യ ബന്ധം, അധികാരം തുടങ്ങിയവക്കനുസരിച്ച് കറുപ്പ്, വെള്ള, ചാരനിറം, കറുപ്പും വെള്ളയും ചേര്‍ന്നത് എന്നിങ്ങനെ നിറം മാറുന്നു. ചരടുകളുടെ ബാഹുല്യം കാരണം ജനങ്ങള്‍ക്ക് നടക്കാന്‍ പറ്റാതാവുമ്പോള്‍ നഗരവാസികള്‍ നഗരമൊഴിഞ്ഞു പോകുന്നു. ഒടുവില്‍ ചരടുകളും ചരടുകള്‍ ബന്ധിച്ച തൂണുകളും ബാക്കിയാകുന്നു. ബോക്കിസ് പട്ടണത്തിലെ ജനങ്ങള്‍ ഏണിപ്പടികളിന്‍മേലാണ് ജീവിക്കുന്നത്. ജീവിക്കാനാവശ്യമുള്ളതെല്ലാം മുകളില്‍ കരുതുന്നതുകൊണ്ട് താഴെയാരെയും കാണാറില്ല. ബോക്കിസ് വാസികളെ പറ്റി പല സിദ്ധാന്തങ്ങളുമുണ്ട്. ഭൂമിയെ വെറുക്കുന്നതു കൊണ്ടാണ് അവര്‍ മുകളില്‍ ജീവിക്കുന്നതെന്ന് ചിലര്‍ പറയുമ്പോള്‍ ഭൂമിയെ അത്യധികം ബഹുമാനിക്കുന്നതു കൊണ്ട് അവര്‍ അകലം പാലിക്കുകയാണെന്ന് മറ്റുചിലര്‍ സിദ്ധാന്തിക്കുന്നു. നഗരവാസികള്‍ ജനിക്കുന്നതിനു മുമ്പുള്ള ഭൂമിയോട് അവര്‍ക്കു വല്ലാത്ത സ്‌നേഹമുളളതു കൊണ്ടാണ് അവര്‍ മുകളില്‍ കഴിയുന്നതെന്നാണ് മൂന്നാമത്തെ പക്ഷം. ചാരക്കണ്ണടകള്‍ കൊണ്ടും ടെലസ്‌കോപ്പു കൊണ്ടും ഓരോ ഇലകളേയും കല്ലുകളെയും ഉറുമ്പുകളെയുമൊക്കെ നിരീക്ഷിക്കുന്നുണ്ടത്രെ. താഴെ ഭൂമിയില്‍ തങ്ങളുടെ അസാനിധ്യത്തെക്കുറിച്ച് അവര്‍ നിര്‍വൃതിയോടെ ധ്യാനനിരതരാവുന്നു’.
തന്റെ ഒരു യാത്രക്കിടയില്‍ കുബ്‌ളാഖാനെ കണ്ടു മുട്ടുന്ന മാര്‍കോപോളോയിലാണ് കാല്‍വിനോ തന്റെ നോവല്‍ പടുത്തുയര്‍ത്തുന്നത്. ഉഗ്രപ്രതാപിയായ ചക്രവര്‍ത്തിയോട് അദ്ദേഹം ആംഗ്യങ്ങളിലൂടെ താന്‍ സന്ദര്‍ശിച്ച നഗരങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നു. ലെവാന്ത് ഭാഷ ഭംഗിയായി കൈകാര്യം ചെയ്യാനായപ്പോള്‍ പിന്നെ ആ ഭാഷയിലായി മാര്‍കോയുടെ വിവരണങ്ങള്‍. ഈ വിദേശി തന്റെ ഭാഷ ഇത്ര ഒഴുക്കോടെ കൈകാര്യം ചെയ്യുമെന്ന് കുബ്‌ളാ അപ്പോഴാണ് മനസ്സിലാക്കുന്നത്. പക്ഷെ, ആ വാചാലതയല്ല കുബ്‌ളായെ പിടിച്ചിരുത്തുന്നത്. (പേജ്- 118)
നോവലിലൂടെ കടന്നുപോവുമ്പോള്‍ ചിലയിടങ്ങളില്‍ കാലത്തിലൂടെ കുട്ടിക്കരണം മറിയാന്‍ വായനക്കാര്‍ നിര്‍ബന്ധിതരാവുന്നുണ്ട്. (കച്ചവടക്കപ്പകളുടെ മധ്യകാലഘട്ടം തൊട്ട് റെയില്‍വേ പ്ലാറ്റ്‌ഫോമുകളുടെ ആധിനിക കാലഘട്ടം വരെ). എങ്കിലും ഈ കല്‍പിത കഥകളുടെ വശീകരണത്തിനു വിധേയമായി നമ്മള്‍ അയാളിലൂടെ അലയുന്നു.
മാര്‍കോയുടെ വിവരണങ്ങള്‍ അവസാനത്തോടടുക്കുമ്പോള്‍ കുബ്‌ളാഖാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘ നിങ്ങള്‍ പശ്ചിമ ദിക്കിലേക്കു മടങ്ങിപ്പോകുമ്പോള്‍ ഇതേ കഥകള്‍ തന്നെ നിങ്ങളുടെ നാട്ടുകാരോടും പറയുമോ?’. ‘ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ, കേള്‍വിക്കാരന്‍ അയാള്‍ ആഗ്രഹിക്കുന്നതു മാത്രമേ ഓര്‍മയില്‍ സൂക്ഷിക്കുന്നുള്ളൂ. ഉദാരമായ മനസ്സോടെ അങ്ങ് കാതോര്‍ത്തിരിക്കുന്ന ഇ വിവരണം കഥയുടെ ഒരു വശം മാത്രമാണ്. യാത്രകളേറെ കഴിഞ്ഞ് ഞാന്‍ വീടണയുമ്പോള്‍ എന്റെ വീടിന്നെതിര്‍വശത്തുള്ള തെരുവുകളിലെ ചുമട്ടു തൊഴിലാളികള്‍ എന്റെ കഥ കേള്‍ക്കുന്നത് മറ്റൊരു രീതിയിലായിരിക്കും. കാലങ്ങള്‍ കഴിഞ്ഞ് ഞാനെങ്ങാനും ജനോവന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടാല്‍ അവര്‍ എന്നെ ബന്ധിച്ച് തടവറയില്‍ തള്ളും. എന്റെ സഹതടവുകാരന്‍ ഒരു സാഹസിക കഥാകാരനാണെങ്കില്‍ അയാള്‍ കേള്‍ക്കുന്നത് വേറൊരു കഥയായിരിക്കും. ശബ്ദമല്ല കഥയെ നിയന്ത്രിക്കുന്നത്, കാതാണ്.
എന്നിരുന്നാലും നഗരങ്ങള്‍ മാറുന്നില്ല. നമ്മുടെ എല്ലാവരുടെയും മുകളില്‍ ഒരു ‘ഐഡിയല്‍ സിറ്റി’യുണ്ട്. ഏത് നഗരങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും ഈ ഐഡിയല്‍ സിറ്റിയാണ് നമ്മുടെ കണ്ണുകള്‍ തേടുന്നത്. അതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ മറ്റു നഗരങ്ങളെല്ലാം നിസ്സാരങ്ങളായി ഭവിക്കുന്നു. യാത്ര ചെയ്യുമ്പോള്‍ നഗരങ്ങള്‍ തമ്മിലുള്ള വ്യത്യാസം തേഞ്ഞുമാഞ്ഞു പോകുന്നത് നാം തിരിച്ചറിയുന്നു. മാര്‍ക്കോയുടെ ഉള്ളിലും ഒരു ഐഡിയല്‍ സിറ്റിയുണ്ട്. ‘ഏതു നഗരത്തെക്കുറിച്ചു ഞാന്‍ സംസാരിക്കുമ്പോഴും സത്യത്തില്‍ ഞാന്‍ വെനീസിനെക്കുറിച്ചാണ് പറയുന്നത്’. ഇതുതന്നെയാണു യാത്രയുടെ വിരോധാഭാസവും. ദൂരങ്ങളിലേക്കു പോകുമ്പോഴും നമ്മള്‍ നമ്മുടെ ‘ഐഡിയല്‍ സിറ്റി’യില്‍ തന്നെ ഉറഞ്ഞു പോകുന്നു.
പക്ഷെ, മാര്‍ക്കോ ധാരാളം ജീവിതങ്ങള്‍ കണ്ടിട്ടുള്ളയാളാണ്. അല്ലെങ്കില്‍ അങ്ങനെയാണെന്ന് നടിക്കുന്നയാളാണ്. ജീവിതമെന്ന പീഢനപര്‍വത്തില്‍ നിന്ന് എങ്ങനെ മുക്തി നേടാമെന്ന് അയാള്‍ പറയുന്നുണ്ട്. ആദ്യത്തേത് മിക്കവര്‍ക്കും എളുപ്പമാണ്. ആ നരകത്തെ ആശ്ലേഷിച്ച് അതിന്റെ ഭാഗമായി മാറുക. അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുക. രണ്ടാമത്തെ പാത നിതാന്ത ജാഗ്രതയും തീക്ഷ്ണ മൗനവും ആവശ്യപ്പെടുന്നതാണ്. ‘ പഠിക്കുകയും തേടുകയും ചെയ്യുക. അങ്ങനെ നരകമധ്യത്തിലെ ആശയുടെ തുരുത്തുകളും പ്രതീക്ഷയുടെ പച്ചപ്പുകളും തിരിച്ചറിഞ്ഞ് അവയെ നിലനിര്‍ത്താന്‍ പരിശ്രമിക്കുക. അവയ്‌ക്കൊരിടം നല്‍കുക’.
Translator: ബിഷര്‍
Connect
Connect with us on the following social media platforms.