ദാവത്തേ ഇഷ്ഖ് : ഒരു ഇന്ത്യന്‍ കഥ
‘പ്രണയത്തിന്റെ വിഭവം’ അല്ലെങ്കില്‍ ‘പ്രണയത്തിലേക്കുള്ള വിളി’ എന്നൊക്കെയാണ് ‘ദാവത്തേ ഇഷ്ഖ്’ എന്നതിന്റെ അര്‍ത്ഥം. അര്‍ത്ഥത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളൊക്കെ നടന്നു.
ദോ ദൂനി ചാര്‍, ഇഷ്ഖ്‌സാദേ എന്നീ സിനിമകളുടെ സംവിധായകനായ ഹബീബ് ഫൈസലിന്റെ പുതിയ ചിത്രമായ ദാവത്തേ ഇഷ്ഖ് ദേശവും പ്രണയവും ഭക്ഷണവും മാത്രമല്ല, സാമൂഹ്യപ്രസക്തമായ സ്ത്രീധനത്തേയും കൈകാര്യം ചെയ്യുന്നു. ഭക്ഷണവും സ്ത്രീധനവും ബോളിവുഡ് സിനിമയില്‍ മുന്‍പ് പലതവണ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്്.
ഇന്ത്യന്‍ സാഹചര്യത്തില്‍ കണ്ടുവരുന്ന സാമാന്യപ്രശ്‌നത്തിലൂടെ തന്നെയാണ് സിനിമ ആരംഭിക്കുന്നത്.
ഹൈദരാബാദിലെ മധ്യവര്‍ഗ കുടുംബത്തിലെ അബ്ദുല്‍ഖാദര്‍ (അനുപം ഖേര്‍) മകള്‍ ഗുല്‍റേസിന് (പരിനീതി ചോപ്ര) വേണ്ടി നടത്തുന്ന കല്യാണാലോചനകള്‍ ആവശ്യപ്പെടുന്ന സ്ത്രീധനം നല്‍കാനാവാതെ ബുദ്ധിമുട്ടുന്നു. നട്ടെല്ലില്ലാാത്ത ചെറുപ്പക്കാരെയാണ് ഗുല്‍റേസ് എപ്പോഴും കണ്ടുമുട്ടുന്നത്. കാണാന്‍ വന്ന ഒരു ചെറുപ്പക്കാരന് മര്യാദക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതാണ് കുഴപ്പം. പിന്നീട് വിദ്യാസമ്പന്നനും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നവനുമായ അംജദ് (കരന്‍ വാഹി) അവളുമായി പ്രണയത്തിലാവുന്നു. അയാള്‍ അവള്‍ക്ക് സ്വപ്‌നങ്ങളും മോഹങ്ങളും നല്‍കി. ഒടുവില്‍ കല്യാണക്കാര്യമെത്തിയപ്പോള്‍ മകന് അയാളുടെ മാതാപിതാക്കളും സ്ത്രീധനമെന്ന ഡിമാന്റ് വെച്ചു. ഗുല്‍റേസ് ആ കല്യാണത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നു. വിദ്യാഭ്യാസവും യോഗ്യതയുമുണ്ടായിട്ടും പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ ഇണകളെ ലഭിക്കുന്നില്ല എന്നത് സമകാലികമായ വിഷയമാണല്ലോ. എല്ലാവരെയും പോലെ വലിയ അഭിമാനവും സ്വപ്‌നങ്ങളുമുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണകുടുംബങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ തന്നെയാണ് കഥയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് പിതാവും മകളും കൂടി ല്ക്‌നൗവില്‍ ചെന്ന് നടത്തുന്ന തന്ത്രെങ്ങളും അവിടെ വെച്ച് ഗുല്‍റേസ് താരീഖ് ഹൈദര്‍ (ആദിത്യ റോയ് കപൂര്‍) എ്ന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാവുന്നതുമൊക്കെയാണ് കഥയില്‍ വരുന്നത്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നയാളെ Section 498 A നിയമം ഉപയോഗിച്ച് കുടുക്കാമെന്ന ലക്ഷ്യമായിരുന്നു ഗുല്‍റേസിന്റെ പദ്ധതിയിലുണ്ടായിരുന്നത്. കുബുദ്ധി ഉപയോഗിച്ച് കെണിയില്‍ വീഴ്ത്തുന്ന ഇത്തരം രീതികള്‍ ഹിന്ദി സിനിമയില്‍ മുമ്പ് പലപ്രാവശ്യം വന്നിട്ടുണ്ട്.
മധ്യവര്‍ഗ സമൂഹത്തിന്റെയും അതിനു താഴെക്കിടയിലുള്ളവരുടെയും സാധാരണ ജീവിതരീതികളും സ്വപ്‌നങ്ങളും അതിലെ ജയപരാജയങ്ങളുമൊക്കെ കഥയിലുണ്ട്. നേരേചൊവ്വേയാണ് കഥയത്രയും പറയുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഹൈദരാബാദിലും ലക്‌നൗവിലും വെച്ചാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. രണ്ടിടങ്ങളിലേയും ഭക്ഷണവിഭവങ്ങളുടെ ക്ലോസ് അപ് ഷോട്ടുകള്‍ ധാരാളമുണ്ട്. ബിരിയാണി, സമൂസ, ഖബാബ്, ഷാഹി ടുക്ഡാ, ജിലേബി, ഫിര്‍നി തുടങ്ങിയവയുടെ ആഘോഷമാണ് ഈ സിനിമ. അതുകൊണ്ടായിരിക്കണം ദാവത്തേ (വിഭവം) ഇഷ്ഖ് എന്ന പേര് സ്വീകരിച്ചിട്ടുണ്ടാവുക. 498 A നിയമം ഇന്ത്യയില്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന സന്ദേശമാണോ അല്ലെങ്കില്‍ ആ നിയമത്തെ ദുരുപയോഗം ചെയ്ത് സാധാരണ കുടുംബങ്ങളെ തകര്‍ക്കുന്നവരുടെ ചതിയെപ്പറ്റിയാണോ ഈ സിനിമയിലൂടെ ഹബീബ് ഫൈസല്‍ പറയാന്‍ ശ്രമിച്ചത് ?
ഇന്ത്യയിലെ ഗ്രാമങ്ങളിലേയും നഗരങ്ങളിലെയും സാധാരണ കുടുംബത്തിലെ പെണ്‍കുട്ടികളുടെ പ്രതിനിധിയായ ഗുല്‍റേസിനെ അവതിപ്പിക്കുന്നതില്‍ പരിനീതി ചോപ്ര വിജയിച്ചിട്ടുണ്ട്. ആദിത്യ ചോപ്ര ഇത്തവണ പുതുമയുള്ള വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്്. ഗുല്‍റേസിനെ അവതരിപ്പിക്കുന്ന പരിനീതി ചോപ്രയുടെ സ്‌ക്രീന്‍ സ്‌പേസ് പക്ഷേ താരീഖായി വരുന്ന ആദിത്യക്ക് സന്തുലനപ്പെടുത്താനാവുന്നില്ല. അനുപം ഖേറാവട്ടെ കഥയില്‍വരുന്ന പിതാവിന്റെ നിസ്സഹായതയോടൊപ്പം തന്നെ
നര്‍മ്മഭാവത്തോടും നീതി പുലര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്.
സിനിമയുടെ പ്രചരാണര്‍ത്ഥം ആദിത്യ റോയ് കപൂറും പരിനീതി ചോപ്രയും നടത്തിയ യാത്രകളും വ്യത്യസ്ത പ്രദേശങ്ങളിലെ ഭക്ഷണവിഭവങ്ങളും അവിടുത്തെ സംസ്‌കാരവുമെല്ലാം ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നന്നായി പ്രചരിച്ചിട്ടുണ്ട്.
ഈ സിനിമയില്‍ വ്യത്യസ്തതയോ പുതുമയോ ഉള്ള കഥാഖ്യാന രീതിയല്ല പ്രയോഗിച്ചിട്ടുള്ളത്. കഥയുടെ ആദ്യപകുതി രസിച്ചിരിക്കാമെങ്കിലും കഥാഗതിയെ വിലയിരുത്തപ്പെടുന്ന രണ്ടാം പകുതിയില്‍ ആവശ്യം വേണ്ട ലോജിക്ക് പക്ഷേ സംവിധായകന് നഷ്്ടപ്പെടുന്നതോടെ ക്ലൈമാക്‌സില്‍ അത് പ്രതിഫലിക്കുന്നുണ്ട.് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ഗുല്‍റേസിനെ പിടികൂടുന്ന പലിശക്കാാരനും താരീഖും തമ്മിലുള്ള സംഘട്ടനരംഗങ്ങല്‍ പ്രേക്ഷകന് സംതൃപ്തി നല്‍കുന്നില്ല. കേള്‍ക്കുമ്പോഴും കാണുമ്പോഴും ദാവത്തേ ഇഷ്ഖ് നല്ല രുചിയും ഗന്ധവും തോന്നുമെങ്കിലും കണ്ടിറങ്ങുമ്പോള്‍ രുചിയുടെ തോത് പതുക്കെ കുറയുന്നതായി അനുഭവപ്പെടുന്നു.
ഹബീബ് ഫൈസല്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മറ്റു സിനിമകളുടെയത്ര നിലവാരം ഈ ചിത്രം പുലര്‍ത്തിയിട്ടില്ലയെന്നു പറയാം. തനിക്കു പറയാനുള്ളത് സുതാര്യമായി പറഞ്ഞു; അത്രമാത്രം.
ഹിമ്മന്‍ ധമിജയുടെ ക്യാമറ നന്നായിരുന്നു. ഹൈദരാബാദിനെയും ലൗക്‌നൗവിനേയും പകര്‍ത്തുന്നതോടൊപ്പം വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെ ദൃശ്യങ്ങള്‍ ശരിക്കും വിശപ്പിനെ വിളിക്കുന്നതായി തോന്നു. സാജിദ് വാജിദിന്റെ സംഗീതവും സ്‌കോറിങ്ങും നന്നായി. സോനുനിഗവും ജാവേദ് അലിയും പാടുന്ന ആസ്വദിക്കാവുന്ന ഗാനങ്ങളുണ്ട്. നമുക്ക് കണ്ടിരിക്കാം എന്ന ഗണത്തില്‍ പെടുത്താവുന്ന സിനിമയാണിത്.