banner ad
August 22, 2012 By സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments

ഖുര്‍ആന്റെ ശൈലിയും സ്വഭാവവും

തീര്‍ച്ചയായും ഖുര്‍ആന്‍ നേര്‍രേഖ ക്രമത്തിലുള്ള ഒരു ഗ്രന്ഥമല്ല. ഒരു കേവല കഥാ പുസ്തകമായിരിക്കും എന്ന പ്രതീക്ഷകളെ വെല്ലുവിളിക്കുന്നതോടൊപ്പം അതിന്റെ  ഘടനയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുകകയും ചെയ്യുന്നുണ്ട് ഖുര്‍ആന്‍. നമ്മുടെ പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത് പ്രതീക്ഷകളാണ്. സിനിമാപരസ്യങ്ങളുടെ ഉദാഹരണം നോക്കാം. അവര്‍ ഒരു ചിത്രത്തിലെ ഏറ്റവും മികച്ച കുറച്ച് ഭാഗങ്ങള്‍ ചേര്‍ത്ത് വെച്ച് കാണിക്കുന്നു. ഒരു മുഴുനീള വെടിക്കെട്ടാണ് നമ്മള്‍ പ്രതീക്ഷിക്കുക. പക്ഷെ എഡിറ്റ് ചെയ്യപ്പെട്ട ഈ ഭാഗങ്ങളാവട്ടെ ചിത്രവുമായി വലിയ ബന്ധമൊന്നുമില്ലാത്തവയായിരിക്കും. വെറും അസ്വസ്ഥതകള്‍ക്കപ്പുറം വഞ്ചിക്കപ്പെട്ട പ്രതീതിയാണ് ഇത്തരം അനുഭവങ്ങള്‍ സൃഷ്ടിക്കുന്നത്. നമ്മള്‍ പ്രതീക്ഷകളെ എങ്ങനെ രൂപപ്പെടുത്തണം എന്ന മുന്നറിയിപ്പോടു കൂടി ഞാന്‍ ആരംഭിക്കുന്നു.

വ്യക്തമായും മുസ്‌ലിംകളും അമുസ്‌ലിംകളും ഖുര്‍ആനെ സമീപിക്കുന്നത് വ്യത്യസ്തമായ പ്രതീക്ഷകളോടെയാണ്. ഈ വിഭജനം പ്രാധാന്യമുള്ളതാണ്. ഖുര്‍ആന്‍ എന്നത് പ്രവാചകന്‍ മുഹമ്മദിലൂടെ മനുഷ്യകുലത്തിനവതരിച്ച ദൈവിക വചനമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. അത് കൊണ്ട് തന്നെ ഖുര്‍ആന്റെ ശൈലിയും പ്രകൃതവും അംഗീകരിച്ചുകൊണ്ടുള്ള സമീപനമാണ് അവര്‍ കൈക്കൊള്ളുന്നത്. ‘ദൈവമെന്തുകൊണ്ട് സാധാരണ പോലെ ഒരു തുടക്കവും ഒടുക്കവുമുള്ള കഥ പറയുന്നില്ല?’ ഇങ്ങനൊരു ചോദ്യം അവര്‍ക്ക് അചിന്ത്യമാണ.് ഇതുകൊണ്ട് മുസ്‌ലിംകള്‍ ചോദ്യം ചെയ്യുന്നവരല്ല എന്നല്ല ഉദ്ദേശം. നമ്മുടെ ചോദ്യങ്ങള്‍ മറ്റൊരു തലത്തില്‍ നിന്നുള്ളവയാണ് എന്നാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ സവിശേഷ പ്രകൃതത്തില്‍ നിന്ന്, ശൈലിയില്‍ നിന്ന് സ്വാംശീകരിക്കുന്ന അര്‍ത്ഥങ്ങളെക്കുറിച്ചാണ് നമ്മുടെ സംശയങ്ങള്‍ .

തൗറാത്തും ബൈബിളും മനസ്സില്‍ വെച്ചു കൊണ്ടാണ് അമുസ്‌ലിംകള്‍ ഖുര്‍ആനെ സമീപിക്കുന്നത്. ഖുര്‍ആന്‍ അങ്ങനെയൊന്നുമല്ല എന്നത് കൊണ്ട് തന്നെ അവരാകെ അമ്പരപ്പിലാവുന്നു. തൗറാത്തും പഴയ നിയമവും ദൈവത്തിന്റെ പ്രപഞ്ച സൃഷ്ടിപ്പില്‍ നിന്ന് തുടങ്ങി ഇസ്രയേല്യരുടെയും അവരുടെ പ്രവാചകന്മാരുടെയും ചരിത്രത്തിന്റെ കഥ പറയുന്നു. മുഖ്യ വിവരണ തന്തുവായി യേശുവിന്റെ അധ്യാപനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്, െ്രെകസ്തവതയുടെ വികാസം തുടങ്ങി സുവിശേഷങ്ങള്‍ യേശുവിന്റെ ജീവിതം കാലാനുക്രമമായി പറയുന്നുണ്ട്. മനുഷ്യ കുലത്തിനായുള്ള ദൈവിക വെളിപാടുകളുടെ കാലാനുക്രമമ വിവരണങ്ങളോ പ്രവാചക ജീവിതത്തിന്റെ നേര്‍രേഖാ ചരിത്രമോ ഖുര്‍ആന്‍ നല്‍കുന്നില്ല. അതിന്റെ ശൈലി മനസിലാക്കാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന് അമുസ്‌ലിംകള്‍ പറയുന്നു.

തീര്‍ച്ചയായും ഖുര്‍ആന്‍ നേര്‍രേഖാ ക്രമത്തിലുള്ള ഒരു ഗ്രന്ഥമല്ല. ഉദാഹരണത്തിന് പ്രവാചകന്‍ മുഹമ്മദിന് ആദ്യമായി അവതരിച്ച സൂക്തങ്ങള്‍ ഖുര്‍ആനില്‍ 96ാം അധ്യായത്തിന്റെ ആരംഭമാണ് (96:1-5). ഏറ്റവും ഒടുവില്‍ അവതരിച്ച വചനങ്ങള്‍ വരുന്നത് ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിന്റെ (സൂറ) മൂന്നാം സൂക്തമായാണ്. അതിലുപരി ഖുര്‍ആന്‍ ഓരോ വിഷയവും കൈകാര്യം ചെയ്യുന്നത് പലയിടങ്ങളിലായാണ്. തുടങ്ങി വെച്ച വിഷയം പെട്ടെന്ന് ഉപേക്ഷിക്കുകയും പിന്നീട് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഒരിടത്ത് ഒരു വിഷയത്തെക്കുറിച്ച് ഒരു കാര്യം പറയുന്നു, അതേ വിഷയത്തെക്കുറിച്ച് മറ്റെവിടെയെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു കാര്യം പറയുന്നു.

ഖുര്‍ആന്റെ ഘടനയും ശൈലിയും സങ്കീര്‍ണമാണ് എന്നത് ഒരു പക്ഷെ നമുക്കെല്ലാം യോജിക്കാവുന്ന ഒരു പോയിന്റ് ആണ്. ലളിതമായ കഥാരൂപത്തിലുള്ള പുസ്തകമായിരിക്കുമെന്ന പ്രതീക്ഷകളെ വെല്ലുവിളിക്കുന്ന ഖുര്‍ആന്‍ അതിന്റെ ഘടനയെക്കുറിച്ചും ആ ക്രമീകരണത്തില്‍ നിന്ന് നമ്മള്‍ എന്ത് മനസിലാക്കണം എന്നതിനെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഖുര്‍ആന്റെ ഘടനയില്‍ പ്രധാന പങ്കു വഹിക്കുന്ന ഒരു ഘടകമാണ് ശബ്ദം. എഴുതപ്പെടുന്നതിനു മുമ്പ് ഖുര്‍ആന്‍ ശബ്ദമായാണ് നില നിന്നിരുന്നത്. പലപ്പോഴും അതൊരു ഇതിഹാസ കാവ്യമായി ഉപമിക്കപ്പെട്ടു. എന്നാല്‍ അതിനെ ഒരു സംഗീത സിംഫണി എന്ന നിലയില്‍ സമീപിക്കാനാണ് എനിക്കിഷ്ടം. ഒരു സിംഫണിയിലെ നോട്ടുകള്‍ ആവര്‍ത്തിക്കപ്പെടുന്നത് പോലെ ഖുര്‍ആനിലെ സൂക്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അസ്ഥാനത്തുള്ള നോട്ടുകള്‍ അപസ്വരമായി മാറുമ്പോള്‍ തെറ്റായ ഒരു ഉച്ചാരണം ഖുര്‍ആന്റെ മുഴുവന്‍ ക്രമത്തെയും ബാധിക്കുന്നു. ഖുര്‍ആന്‍ ശരിയായി വായിക്കുന്നതില്‍ മുസ്‌ലിംകള്‍ ഇത്ര കണിശത കാണിക്കുന്നത് അതുകൊണ്ടാണ്. വിവിധ ഭാഗങ്ങള്‍ എങ്ങനെയാണ് ഉച്ചരിക്കെണ്ടതെന്നു ഖുര്‍ആന്‍ എക്‌സ്‌പ്ലോറര്‍ വെബ്‌സൈറ്റില്‍ കേള്‍ക്കാം.

മക്കയിലെ തന്റെ സമൂഹത്തിലെ ഭൂരിഭാഗം പേരെയും പോലെ പ്രവാചകന്‍ മുഹമ്മദും നിരക്ഷരനായിരുന്നെന്നു  നമുക്കറിയാം. ‘വായിക്കുക’ എന്ന ദൈവിക വെളിപാടിലെ ആദ്യ വാക്കിന് അദ്ദേഹത്തിന്റെ മറുപടി ‘എനിക്കറിയില്ല’ എന്നായിരുന്നു. വാമൊഴി പാരമ്പര്യത്തില്‍ മികവ് തെളിയിച്ച ഒരു സമൂഹമാണ് അതെന്ന് വാക്കുകള്‍ ഹൃദിസ്ഥമാക്കാനുള്ള അവരുടെ കഴിവില്‍ നിന്ന് വ്യക്തമായിരുന്നു. സൂക്തങ്ങളോരോന്നും പ്രവാചകന്‍ ആവര്‍ത്തിക്കുന്നതിനനുസരിച്ച് ഓര്‍മയിലേക്ക് പകര്‍ത്തുന്ന അനുയായിവൃന്ദം നാള്‍ക്കുനാള്‍ ഏറിവന്നു. ഖുര്‍ആന്റെ ഭാഗങ്ങള്‍ അദ്ദേഹം പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തി. അത് വഴിയാണ് മുസ്‌ലിം പ്രാര്‍ത്ഥനയുടെ സവിശേഷ രൂപം വികസിക്കുന്നത്. അവതരിക്കുന്ന സൂക്തങ്ങള്‍ രേഖപ്പെടുത്തി  ക്രമീകരിക്കുന്നതിന് പകര്‍ത്തി എഴുത്തുകാരും ഉണ്ടായിരുന്നു.

ഭാഷാ പ്രയോഗങ്ങളില്‍ മറ്റേതു അറബി ഗ്രന്ഥത്തെക്കാളും ഔന്നത്യം ഖുര്‍ആന്‍ പുലര്‍ത്തുന്നുണ്ട്. അറബികള്‍ക്ക് പോലും അതിന്റെ അര്‍ത്ഥവും ആശയവുമായി പൊരുതേണ്ടി വന്നു. ഖുര്‍ആന്റെ ഭാഷ സമൂഹത്തിനിടയില്‍ വാമൊഴി പാരമ്പര്യങ്ങളെ പ്രചരിപ്പിക്കുകയും അതിന്റെ സവിശേഷമായ ശബ്ദ-വൃത്ത സാങ്കേതികത ഉപയോഗപ്പെടുത്തി വാക്കുകള്‍ ഹൃദിസ്തമാക്കാന്‍ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുകയും ചെയ്തു.ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഇന്നും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതില്‍ വ്യാപൃതരാണ്. ചെറിയ അബദ്ധം പോലും അതിന്റെ ശബ്ദ ഘടനയെയും അര്‍ഥത്തെയും  മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ച് മുഴുവന്‍ ശ്രോദ്ധാക്കളും ബോധവാന്‍മാരാണെന്നിരിക്കെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചു കേള്‍ക്കുക എന്നത് തന്നെ ഒരു കലയാവുന്നു.

പ്രവാചകന്റെ മരണശേഷം, വര്‍ഷങ്ങള്‍ക്കകം അറേബ്യയുടെ അതിരുകള്‍ക്കപ്പുറത്തെക്ക് ദ്രുതഗതിയില്‍ ഇസ്‌ലാം വ്യാപിച്ചു. മുസ്‌ലിംകള്‍ ചെന്നിടത്തെല്ലാം  ഖുര്‍ആനും കൊണ്ടു പോയി, ലിഖിത രൂപത്തിലും വാമൊഴിയായും. എന്നാല്‍ മുസ്‌ലിം ലോകമായി വികസിച്ച പ്രദേശങ്ങളില്‍ ഖുര്‍ആന്റെ മൂലവാക്യങ്ങളില്‍ ചെറിയ വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ അവസരത്തില്‍ പ്രവാചകന്റെ അനുചരനും മൂന്നാമത് ഖലീഫയുമായ  ഉസ്മാന്‍(റ) പ്രവാചകന്‍ പാരായണം ചെയ്തിരുന്ന അതേ ക്രമത്തില്‍ ഖുര്‍ആന്‍ ഏകീകരിച്ച് ആധികാരിക രൂപത്തില്‍ എഴുത്തുപ്രതി തയാറാക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചു. പ്രവാചകനില്‍ നിന്ന് നേരിട്ട് പാരായണം പഠിച്ചവരും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കൈയെഴുത്തു പ്രതികള്‍ തയ്യാറാക്കിയവരും ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രസ്തുത സംഘം. കൂടാതെ പ്രവാചകനെ ശ്രവിക്കുകയും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത വ്യക്തികളില്‍ നിന്നും അവര്‍ ഉപദേശമാരായുകയും ചെയ്തിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് മുസ്‌ലിം ലോകം അറിയുന്ന ഖുര്‍ആന്‍ .

മക്കയിലായിരിക്കെയാണ് പ്രവാചകന് ആദ്യമായി ദൈവിക വെളിപാടുണ്ടാവുന്നത്. തുടര്‍ന്ന് വന്ന 13 വര്‍ഷത്തെ മക്കാ ജീവിതത്തില്‍ അവതരിച്ച അധ്യായങ്ങള്‍  മക്കിയ്യ് സൂറ എന്നാണ് അറിയപ്പെടുന്നത്. മക്കയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു. ജീവിതാന്ത്യം വരെയുള്ള പത്തു വര്‍ഷക്കാലം അവിടെയാണ് അദ്ദേഹം കഴിഞ്ഞത്. മദീനയിലവതരിച്ച സൂക്തങ്ങള്‍ മദനിയ്യ് എന്നറിയപ്പെട്ടു. ഖുര്‍ആനിലെ 85 അധ്യായങ്ങള്‍ മക്കിയ്യും  29 എണ്ണം മദനിയ്യ്ും ആണ്.
എന്നിരുന്നാലും പല അധ്യായങ്ങളിലും രണ്ടു കാലങ്ങളിലും അവതരിച്ച സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഖുര്‍ആന്റെ ഘടന. ദൈര്‍ഘ്യമേറിയ മദനിയ്യ് സൂറകള്‍ ഖുര്‍ആന്റെ തുടക്കഭാഗത്ത് കാണാം. ആദ്യസൂക്തങ്ങള്‍ മക്കയിലവതരിച്ചതാണെങ്കില്‍ മദീനയിലവതരിച്ച സൂക്തങ്ങള്‍ ഉള്‍ക്കൊളളുന്നെങ്കില്‍ക്കൂടി ആ അദ്ധ്യായം മക്കിയ്യ് ആയി കണക്കാക്കപ്പെടുന്നു, തിരിച്ചും.

മക്കിയ്യ് സൂറകള്‍ പൊതുവേ ദൈര്‍ഘ്യം കുറഞ്ഞവയാണ്. വിശ്വാസത്തിന്റെ ഉള്ളറകള്‍ , ആരാധനയും ആത്മീയ അനുഷ്ഠാനങ്ങളും, ദൈവത്തിന്റെ ഗുണങ്ങള്‍, ഏക ദൈവത്വത്തിന്റെ സ്വഭാവം, പരലോക ജീവിതത്തിലെ വിചാരണയും വിധിനിര്‍ണയവും, നീതിസംബന്ധമായ വിഷയങ്ങള്‍, മാനുഷിക നന്മകളുടെയും സല്‍സ്വഭാവത്തിന്റെയും പ്രാധാന്യം തുടങ്ങിയവയാണ് അവയുടെ  മുഖ്യപ്രതിപാദ്യ വിഷയങ്ങള്‍ .

മദീന സമൂഹത്തില്‍ ഭരണ സംവിധാനത്തിന്റെ അടിസ്ഥാന ഉപകരണങ്ങളും സാമൂഹിക ഘടനയും സ്ഥാപിക്കുകയായിരുന്നു പ്രവാചകന്‍. അതുകൊണ്ട് തന്നെ മദനിയ്യ് സൂറകള്‍ കൈകാര്യം ചെയ്തത് സാമൂഹിക നിയമങ്ങള്‍ (വിവാഹം, വിവാഹ മോചനം,അനന്തരാവകാശം), വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം (വിശേഷിച്ച്് ജൂതെ്രെകസ്തവ സമുദായങ്ങളുമായി) തുടങ്ങിയ വിഷയങ്ങളാണ്.

മക്കിയ്യ്, മദനിയ്യ് സൂറകള്‍ വേര്‍തിരിക്കുകയെന്നാല്‍ ആരാധനയുടെയും വിശ്വാസത്തിന്റെയും ആത്യന്തിക പ്രകൃതി ‘എന്തിന്’ എന്നിടത്ത് നിന്നും  വിശ്വാസത്തെ ജീവിതരീതിയാക്കി ‘എങ്ങനെ’ പരുവപ്പെടുത്താം എന്നിടത്തെക്കുള്ള യാത്രയാണ്. മദനിയ്യ് സൂറകള്‍ ആരംഭത്തില്‍ ക്രമീകരിച്ചതിലൂടെ യാത്രയുടെ ദിശ ‘എങ്ങനെ’ യില്‍ നിന്ന് ‘എന്തി’ ലേക്കാവുന്നു.

ചരിത്രപരവും പാഠത്തിന്റെ സന്ദര്‍ഭം അടിസ്ഥാനമാക്കിയുള്ളതുമായ സമീപനങ്ങളില്‍ നിന്ന് ഞാന്‍ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ ഖുര്‍ആന്റെ സ്വഭാവത്തെയും ശൈലിയെയും സംബന്ധിച്ച പല വിഷയങ്ങളും വ്യക്തമാവുന്നില്ല. ഖുര്‍ആന്‍ തന്നെ അതിനെക്കുറിച്ച് എന്തു പറയുന്നു എന്നതിലേക്ക് തിരിച്ചു പോവുകയാണ് കൂടുതല്‍ അറിവു നല്‍കാന്‍ ഉപകരിക്കുക എന്ന്് ഞാന്‍ മനസ്സിലാക്കുന്നു.

ഖുര്‍ആന്‍ പറയുന്നത് അത് ഒരു മാര്‍ഗദര്‍ശനമാണ് എന്നാണ്, ഒരു അദ്ധ്യാപനം. അതിന്റെ ഘടന ഒട്ടനവധി പാഠങ്ങളുടെ ചുരുളഴിക്കുന്നുണ്ട്. പല രീതിയിലും ഇത് പഠിതാവില്‍ ബോധം ജനിപ്പിക്കുന്നു. ആനുഷംഗികമായ/ഉപകഥാസ്വഭാവമുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എളുപ്പമാണ്. പ്രത്യേകിച്ച് തികച്ചും നിരക്ഷരരായ,ഖുര്‍ആന്‍ അവതീര്‍ണമായിരിക്കുന്ന ശബ്ദ-വൃത്താധിഷ്ഠിതമായ ഭാഷ പ്രയോജനപ്പെടുന്ന  അതിന്റെ അടിസ്ഥാന ശ്രോതാക്കള്‍ക്ക്. എന്നാല്‍ ആദ്യം അറിയുകയും മനസ്സിലാക്കുകയും ചെയ്ത പാഠഭാഗങ്ങളില്‍ കാലക്രമേണ പുതിയ ആശയങ്ങള്‍ ചേര്‍ക്കപ്പെടുന്നതോടെ  ഇവ കൂടുതല്‍ സങ്കീര്‍ണമാവുന്നു. ഒരാളുടെ സ്‌കൂള്‍ കാലഘട്ടത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതു പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്. ഏതു വിഷയമായാലും ആദ്യമായി നിങ്ങള്‍ പഠിക്കുന്നത് അടിസ്ഥാന കാര്യങ്ങളാണ്. പിന്നീട് വരുംവര്‍ഷങ്ങളില്‍ ആദ്യം പഠിച്ച ചില പ്രത്യേക വിഷയങ്ങളിലേക്ക് തിരിച്ചു പോയി അവയില്‍ കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നേടിയെടുക്കുന്നു. വിദ്യാഭ്യാസമെന്നാല്‍ കൂടുതല്‍ ആഴത്തില്‍ , ശക്തമായി കാര്യങ്ങളെ മനസ്സിലാക്കുന്ന പ്രക്രിയയാണ്. എന്റെ അഭിപ്രായത്തില്‍ ഖുര്‍ആന്റെ ശൈലിയിലും ഘടനയിലും ഈ പറഞ്ഞ സംഗതി കണ്ടെത്തുവാനാണ് നമ്മളെ അത് ക്ഷണിക്കുന്നത്.

എന്നാല്‍ ഖുര്‍ആന്‍ പ്രവാചകന്‍ ജീവിച്ച കാലത്തെ മക്കയിലെയും മദീനയിലെയും ജനങ്ങളെ മാത്രമല്ല അഭിസംബോധന ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ മുഴുവന്‍ മനുഷ്യരോടുമാണ് അത് സംവദിക്കുന്നത്, വിശിഷ്യാ ചിന്തിക്കുന്ന ജനങ്ങളോട്. അതിലെ പല വചനങ്ങളും കൃത്യമായി വിശ്വസിക്കുന്നവരോട് എന്നു പറയുന്നുണ്ടെങ്കില്‍ കൂടി. മാത്രമല്ല അന്ധമായി വിശ്വസിക്കുന്നവരെ ഖുര്‍ആന്‍ മൃദുവായിട്ടെങ്കിലും ശകാരിക്കുകയും വായിക്കുന്നവരോട് വീണ്ടും വീണ്ടും നിരീക്ഷിക്കുവാനും ചിന്തിക്കുവാനും ചോദ്യം ചെയ്യുവാനും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ദൈവത്തിന്റെ ഗുണഗണങ്ങളെ വര്‍ണിക്കുവാന്‍ അത് ഒരുപാട് സ്ഥലം നീക്കിവെക്കുന്നുണ്ട്. എന്നാല്‍ അവയിലുടനീളം തന്നെ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട് എന്തന്നാല്‍ ദൈവത്തെ മനസ്സിലാക്കുന്നതില്‍ ഒരുവന്റെ വിശ്വാസത്തോളം തന്നെ പ്രധാനമാണ് അവന്റെ ചിന്തയും ജ്ഞാനവും എന്ന്.

വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെയാണ് ഖുര്‍ആന്‍ അധ്യാപനം നടത്തുന്നത്. പ്രവാചകന്‍ മുഹമ്മദിന്റെയും അദ്ദേഹത്തിന്റെ സമുദായത്തിന്റയും കഥകളോടൊപ്പം തന്നെ തൗറാത്തിലും ഇഞ്ചീലിലും സുപരിചിതമായ, മൂസ, ഈസ, നൂഹ്, ഇബ്രാഹീം, ലൂഥ് തുടങ്ങിയ പ്രവാചകന്‍മാരുടെ കഥകളെയും ഖുര്‍ആന്‍ വിവരിക്കുന്നു. ഇടക്കിടെ അത് ചരിത്രത്തെ കുറിച്ചും സാമ്രാജ്യങ്ങളുടെ ഉത്ഥാനപതനങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറയുകയും പ്രകൃതി ലോകത്തു നിന്നുള്ള ഉദാഹരങ്ങളെടുത്ത് കാണിക്കുകയും ചെയ്യുന്നു. ധാര്‍മികമൂല്യങ്ങളെക്കുറിച്ചും മനുഷ്യാനുഭവങ്ങള്‍ക്കപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ അനൂരൂപകഥാഖ്യാനങ്ങളെയും രൂപകങ്ങളെയും സാരോപദേശകഥകളെയും ഉപയോഗിക്കുന്നു. നല്ല ഗുണങ്ങള്‍ കൊണ്ടും ധാര്‍മികമൂല്യങ്ങളാലും മറ്റു സമൂഹങ്ങളേക്കാള്‍ മുന്നോട്ടു പോകാനും ആന്തരികമായി പരിവര്‍ത്തനം നടത്തി സംഘടിക്കുവാനും ഒരു സമൂഹം സ്വീകരിക്കേണ്ട പ്രായോഗികകതകളെ കുറിച്ച് ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയങ്ങളെ ഏതെങ്കിലും ഒരു സ്ഥലത്ത് പ്രതിപാദിക്കുന്ന പാഠമായിട്ടല്ല അത് അവതരിപ്പിക്കുന്നത്. പല തവണ ഈ വിഷയങ്ങളിലേക്ക് അത് തിരിച്ചു പോകുന്നു. അപ്പോഴെല്ലാം അവയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകളോ വിവരങ്ങളോ നല്‍കുകയും വ്യത്യസ്തമായ വീക്ഷണത്തിന് സാധ്യത നല്‍കി ആഴത്തില്‍ മനസ്സിലാക്കുവാനും ചിന്തിക്കുവാനും  അവസരമൊരുക്കുകയും ചെയ്യുന്നു ഖുര്‍ആന്‍ .

ഖുര്‍ആനിന്റെ ഘടനയിലും ശൈലിയിലുമുള്ള സങ്കീര്‍ണതകള്‍ ഊന്നിപ്പറയുന്നത്, കാര്യങ്ങളെ തരംതിരിക്കുന്നതിന് പകരം അവയെ പരസ്പരം ഏകീകരിച്ച് മനസ്സിലാക്കുന്നതിന്റെ അനിവാര്യതയെക്കുറിച്ചാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജീവിതത്തിന്റെ മുഴുവന്‍ കാര്യങ്ങളെയും ഒരേ രീതിയില്‍ കാണാതെ വ്യത്യസ്ത മാനങ്ങളിലൂടെ അവയെ സമീപിക്കണമെന്നാണ് സമകാലിക സാഹചര്യത്തില്‍ ഖുര്‍ആന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നത് എന്ന് ഞാന്‍ കരുതുന്നു. അതേ സമയം എത്ര എളുപ്പവും സൗകര്യപൂര്‍വവുമാണ് മുസ്‌ലിംകള്‍ ഈ സങ്കീര്‍ണതകളെ ഇന്നത് ചെയ്യണം, ഇന്നത് ചെയ്യരുത് എന്ന ലളിതമായ പട്ടികയാക്കി ചുരുക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്താറേയില്ല.

നിഷ്‌ക്രിയനായി ഒന്നും സ്വീകരിക്കാന്‍ ഖുര്‍ആന്‍  എന്നോട് ആവശ്യപ്പെടുന്നില്ല. മറിച്ച് സജീവമായി ചിന്തിക്കുവാനും ചോദ്യം ചെയ്യുവാനും മുന്നോട്ടു വരാന്‍ അത് എന്നെ ക്ഷണിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ കാലത്ത് ഇവിടെ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന മാര്‍ഗദര്‍ശനവും അര്‍ത്ഥവും മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ആണ് ഞാന്‍ വിചാരിക്കുന്നത്.

Posted in: Quran Blog

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting