banner ad
October 1, 2014 By ഇമ്രാന്‍ ഖാന്‍ 0 Comments

ഇസ്ലാമും പാക്കിസ്ഥാനും

imran-imageകൊളോണിയലിസത്തോടുള്ള അദൃശ്യമായ വിധേയത്വം ഏറ്റവും രൂക്ഷമായി കൊണ്ടുനടന്ന ഒരു തലമുറയായിരുന്നു എന്റേത്. ബ്രിട്ടീഷുകാരുടെ അടിമകളാണ് എന്ന അപകര്‍ഷതാബോധം കൊണ്ടു തലകുനിച്ചു നടന്ന തലമുറയായിരുന്നു ഞങ്ങള്‍ക്കു മുന്‍പേയുണ്ടായിരുന്നത് എന്നതായിരുന്നു അതിന്റെ കാരണം. വരേണ്യത നിറഞ്ഞുനില്‍ക്കുന്ന ഒരു പബ്‌ളിക് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. സ്വതന്ത്രരാജ്യമായിട്ടും അവിടെ നിന്നു പുറത്തു വന്നവര്‍ പാകിസ്ഥാന്‍ സംസ്‌കാരത്തില്‍ ഊറ്റം കൊള്ളുന്നവരായിരുന്നില്ല. അല്ലാമാ ഇഖ്ബാലിനെക്കാളും വില്യം ഷേക്‌സ്പിയറെയായിരുന്നു ഞങ്ങള്‍ക്കു പരിചയം. മതപഠനക്‌ളാസുകളാവട്ടെ ഒരിക്കലും പ്രധാനപ്പെട്ടതായി തോന്നിയിരുന്നുമില്ല. സ്‌കൂളില്‍ നിന്നു പുറത്തു കടന്നാല്‍ രാജ്യത്തെ സമ്പന്ന സമൂഹത്തിന്റെ ഒരു പ്രതിനിധിയായിട്ടാണ് എനിക്കു സ്വയം തോന്നിയിരുന്നത്. കാരണം, ഞാന്‍ ധരിച്ചിരുന്നത് പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങളായിരുന്നു. സംസാരിച്ചത് ഇംഗ്‌ളീഷിലും. പാകിസ്ഥാന്‍ സിന്ദാബാദ് എന്നൊക്കെ സ്‌കൂളിലെ പരിപാടികളില്‍ വിളിച്ചിരുന്നെങ്കിലും ഞങ്ങളുടെ സംസ്‌കാരം രണ്ടാം തരമാണെന്നായിരുന്നു എന്റെ ഉറച്ച ധാരണ. ഇസ്ലാം ഒരു കാലഹരണപ്പെട്ട മതമാണെന്നും. കൂട്ടത്തില്‍ ആരെന്കിലും മതത്തെത്തുറിച്ച് സംസാരിക്കുകയോ താടി വളര്‍ത്തുകയോ ചെയ്താല്‍ അവനെ മൗലവി എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. പാശ്ചാത്യ മാധ്യമങ്ങളുടെ സ്വാധീനം കൊണ്ടാകാം ഞങ്ങളുടെ വീരപുരുഷന്‍മാരെല്ലാം അവിടുത്തെ ചലച്ചിത്രനായകരോ പോപ്പ് താരങ്ങളോ ആയിരുന്നു.

ഈ വിചാരങ്ങളെല്ലാം പേറിയാണ് ഞാന്‍ പിന്നീട് ഓക്‌സ്ഫഡിലെത്തുന്നത്. അവിടെ ഇസ്ലാം മാത്രമല്ല എല്ലാ മതങ്ങളും പഴഞ്ചന്‍ ചിന്താരീതിയായായിട്ടാണ് പരിഗണിക്കപ്പെട്ടത്. ശാസ്ത്രമായിരുന്നു അവിടെ മതം. യുക്തിസഹമായി തെളിയിക്കപ്പെടാത്തതൊന്നും നിലവിലുള്ളതല്ല എന്നതായിരുന്നു പൊതുവേയുളള കാഴ്ച്ചപ്പാട്. അതീന്ദ്രിയമായ എല്ലാ ശക്തികളും സിനിമകളില്‍ മാത്രം കാണുന്ന കാര്യങ്ങള്‍. ഡാര്‍വിന്റെ പാതിവെന്ത പരിണാമസിദ്ധാന്തമായിരുന്നു എല്ലാവരും അംഗീകരിച്ചിരുന്നത്. കൂടാതെ യൂറോപ്പിലെ പൗരോഹിത്യത്തിന്റെ പഴയകാല ചെയ്തികളും ഇതിന് ആക്കം കൂട്ടി. എന്തു കൊണ്ട് പാശ്ചാത്യര്‍ ഇപ്പോഴും മതത്തെ വെറുക്കുന്നു എന്നതിന് സ്‌പെയിനിലെ കോര്‍ഡോബ വരെ പോയാല്‍ മതി. സ്പാനിഷ് അധിനിവേശത്തിന്റെ കാലത്ത് അവരുപയോഗിച്ചിരുന്ന മര്‍ദ്ദന ഉപകരണങ്ങള്‍, ശാസ്ത്രജ്ഞന്‍മാരെ മതനിന്ദകരെന്നു മുദ്ര കുത്തിയുള്ള പീഡനങ്ങള്‍ എല്ലാം.

പക്ഷേ, മതത്തില്‍ നിന്നു മനുഷ്യര്‍ ഓടിയൊളിക്കാനുണ്ടായ പ്രധാനകാരണം ഇതായിരുന്നില്ല. മതം പഠിപ്പിക്കുന്നവരായിരുന്നു. പ്രസംഗിക്കുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നതൊന്ന് എന്നതായിരുന്നു അവരുടെ രീതി. മതത്തിനു പിന്നിലെ തത്വശാസ്ത്രം വിവരിക്കുന്നതിനു പകരം ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനായിരുന്നു അവര്‍ക്കു തിടുക്കം.

മൃഗങ്ങളെ ഒരു പക്ഷേ ഇങ്ങനെ പരിശീലിച്ചു പഠിപ്പിക്കാം, പക്ഷേ മനുഷ്യരെ പററില്ല എന്നാണ് അന്നും ഇന്നും എന്റെ സിദ്ധാന്തം. അവന്റെ ബുദ്ധിക്കു നിരക്കണമെങ്കില്‍ എല്ലാറ്റിനും ഒരു കാരണം കൂടിയേ തീരു… അതു കൊണ്ടാണ് ഖുര്‍ആന്‍ എല്ലായ്‌പ്പോഴും ദൃഷ്ടാന്തങ്ങള്‍ക്കു വേണ്ടി കണ്ണുതുറന്നു നോക്കാന്‍ പറയുന്നത്.

മതത്തെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നവര്‍ കൂടുതലായിരുന്ന ആ കാലത്ത് ഞാന്‍ ഒരു നിരീശ്വരവാദിയാകാത്തതിലേ അത്ഭുതമുള്ളൂ.. എന്റെ വിശ്വാസത്തിന്റെ ഉറപ്പു കൊണ്ടായിരുന്നില്ല അത്. മറിച്ചു ചെറുപ്പത്തില്‍ എന്റെ ഉമ്മ പകര്‍ന്നു തന്ന മൂല്യങ്ങളുടെ ബലത്തില്‍ മാത്രമായിരുന്നു. അവരോടുള്ള സ്‌നേഹം കൊണ്ട് ഞാന്‍ ഇസ്ലാമിനെ കൈവിട്ടില്ല. ഞാനൊരു പാതി മുസ്ലിമായിരുന്നു ആ കാലത്ത് എന്നു പറയാം. എനിക്കു സൗകര്യമാകുന്നത് സ്വീകരിച്ചും അല്ലാത്തത് തള്ളിയും. വെള്ളിയാഴ്ച്ചകളിലും പെരുന്നാള്‍ ദിനങ്ങളിലും മാത്രമാണ് ഞാന്‍ നിസ്‌കരിച്ചിരുന്നത്. ദൈവമുണ്ടെങ്കില്‍ തന്നെയും എന്റെ ജീവിതത്തില്‍ ഇടപെടില്ല എന്നായിരുന്നു എന്റെ വിശ്വാസം.

അങ്ങനെ ആ കാലത്ത് എല്ലാം കൊണ്ടും ഞാന്‍ ഇംഗ്‌ളീഷ് സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ സ്വീകാര്യതയുള്ള ഒരാളായി മാറി. എന്നാല്‍ അതു മാത്രമായിരുന്നോ കാരണം… അല്ല. ആ സമയമായപ്പോഴേക്കും ഞാനൊരു കായികതാരമായി മാറിയിരുന്നു. കൂടാതെ രണ്ടും സംസ്‌കാരങ്ങളിലും ജീവിക്കാന്‍ പഠിച്ചു. രണ്ടു സംസ്‌കാരങ്ങളെയും ഞാന്‍ വിലയിരുത്താന്‍ തുടങ്ങുകയും ചെയ്തു. പാശ്ചാത്യരെക്കാളും നമ്മള്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കാര്യം കൂടുംബജീവിതമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

സസക്‌സിനു വേണ്ടി കൗണ്ടി ക്രിക്കറ്റില്‍ കഴിക്കുന്ന കാലത്ത് ധാരാളം മുതിര്‍ന്ന പൗരന്‍മാര്‍ ഒറ്റയ്ക്കു കളി കാണാന്‍ വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വാര്‍ധക്യകാലത്ത് ആരുമില്ലാതെയാകുന്ന അവരുടെ ഏകാന്തത എന്നെ വേദനിപ്പിച്ചിട്ടുമുണ്ട്. നമ്മുടെ നാടുകളില്‍ അങ്ങനെയൊന്ന് കാണാന്‍ ഇടയില്ല. കാരണം ഇവിടെ കുടുംബം എന്നത് ഇപ്പോഴും പവിത്രമായ ഒരു കാര്യമാണ് എന്നതു കൊണ്ടുതന്നെ. മറ്റൊരു കാര്യം പൗരോഹിത്യത്തിനു നേരെയുള്ള പോരാട്ടത്തിനിടയ്ക്ക് മതത്തെയും ദൈവത്തെയും അവര്‍ പുറന്തള്ളി എന്നുള്ളതാണ്.

ശാസ്ത്രത്തിനു മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ കഴിഞ്ഞേക്കാം… എന്നാല്‍ രണ്ടു കാര്യങ്ങള്‍ക്കു മാത്രം പറ്റില്ല. ഒന്ന് എന്തിനാണു നമ്മള്‍ ജീവിക്കുന്നത്. രണ്ട് മരണത്തിനു ശേഷം മനുഷ്യന് എന്താണു സംഭവിക്കുന്നത്. ഉത്തരമില്ലാത്ത ഈ ശൂന്യതയെത്തുടര്‍ന്നാണ് പാശ്ചാത്യഭൗതിക ജീവിതം വിനോദത്തിലധിഷ്ടിതമായത്. അത്തരം ഒരു ജീവിതം നയിക്കണമെങ്കില്‍ എല്ലാവര്‍ക്കും ഇഷ്ടം പോലെ പണം വേണം എന്നു വന്നപ്പോള്‍ പ്രശ്‌നങ്ങളും ഉടലെടുത്തു തുടങ്ങി. ശരീരവും ആത്മാവും തമ്മിലുള്ള സന്തുലിതത്വം കൈവിട്ടു പോകുകയും ചെയ്തു. ലോകത്ത് ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങളും മനുഷ്യാവകാശങ്ങളുമുള്ള അമേരിക്കയിലെ അറുപത് ശതമാനം ജനങ്ങളും നിരന്തരം മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. പൗരന്‍മാര്‍ക്ക് ഏറ്റവും മികച്ച ക്ഷേമപദ്ധതികള്‍ നല്‍കുന്ന സ്വീഡനിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ആത്മഹത്യാനിരക്ക് വളരെ കൂടുതലാണ്. ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല മനുഷ്യനാവശ്യം, ആത്മസംതൃപ്തി കൂടിയാണ് എന്നത് ഇതില്‍ നിന്നു വ്യക്തം. എന്നിട്ടും ആത്മാവിനെക്കുറിച്ച് ആധുനിക മനശ്ശാസ്ത്രം വളരെയൊന്നും പഠിച്ചിട്ടില്ല എന്നത് വേറൊരു കാര്യം. മതത്തിന്റെ യഥാര്‍ഥസത്ത സദാചാരത്തില്‍ അധിഷ്ടിതമായതു കൊണ്ടു തന്നെ മതങ്ങള്‍ അപ്രത്യക്ഷമായാല്‍ സമൂഹത്തില്‍ അരാജകത്വം വര്‍ധിക്കും. എഴുപതുകള്‍ ഇതിനുദാഹരണമാണ്. ഇതിന്റെ ആദ്യ പ്രതിഫലനമുണ്ടായതാകട്ടെ കുടുംബജീവിതങ്ങളിലും. ബ്രിട്ടണിലെ വിവാഹമോചനനിരക്ക് അറുപത് ശതമാനത്തേളമായി. കുറ്റകൃത്യ നിരക്ക് എല്ലാ പാശ്ചാത്യ രാജ്യങ്ങളിലും വര്‍ധിച്ചു. പക്ഷേ, ഏറ്റവും ഭീകരമായ മാറ്റം വംശീയമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും വര്‍ധിച്ചു എന്നതാണ്. 1991-97 കാലഘട്ടത്തിനിടയ്ക്ക് യൂറോപ്പിലേക്കു കുടിയേറിയവര്‍ ഏകദേശം അഞ്ചു ലക്ഷം പേരാണ്. ഇവരില്‍ പലരും വംശീയമായ ആക്രമണങ്ങള്‍ക്കു വിധേയരായി. പ്രത്യേകിച്ചു ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍. അഫ്ഗാന്‍ യുദ്ധകാലത്ത് പാകിസ്ഥാനിലേക്ക് ഇതിനെക്കാള്‍ വലിയ കുടിയേറ്റമുണ്ടായി. എന്നാല്‍ വംശീയമായ അതിക്രമങ്ങള്‍ ഇവര്‍ക്കൊന്നും നേരിടേണ്ടി വന്നില്ല. ജീവിത സാഹചര്യങ്ങഴില്‍ വലിയ മാറ്റം വന്നെങ്കിലും. ഇതൊക്കെ കൊണ്ടു തന്നെയാകാം കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലെ പാഠപുസ്തകങ്ങളില്‍ മതപഠനം വീണ്ടും ഉഴ്‌പ്പെടുത്തിയത്.

എണ്‍പതുകളില്‍ എനിക്കുണ്ടായ ഒട്ടേറെ അനുഭവങ്ങള്‍ എന്നെ ദൈവത്തിലേക്ക് വീണ്ടും അടുപ്പിച്ചു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് എനിക്ക് പരിപൂര്‍ണ ബോധ്യം വന്നത് അക്കാലത്താണ്. അതിലൊന്ന് എന്റെ മേഖലയായ ക്രിക്കറ്റ് തന്നെയായിരുന്നു. എനിക്കു വന്ന ഒരോ അവസരങ്ങളും ഭാഗ്യങ്ങളും അല്ലാഹുവിന്റെ കൃപയായിരുന്നു എന്നു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന പുസ്തകം വന്നതിനു ശേഷം അതിലെ പൊള്ളത്തരങ്ങള്‍ അറിയാന്‍ ഞാന്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. ആ പുസ്തകച്ചൊല്ലിയുള്ള വിവാദം രൂക്ഷമാകുമ്പോള്‍ പാശ്ചാത്യനാടുകളില്‍ ജീവിക്കുന്ന എന്നെപ്പോലുള്ള മുസ്ലിംകള്‍ക്ക് രണ്ടു മാര്‍ഗങ്ങളാണുണ്ടായിരുന്നത്. ഒന്നുകില്‍ അതിനെതിരെ പ്ര്തികരിക്കുക അല്ലെങ്കില്‍ സ്ഥലം വിടുക. ഇസ്‌ലാമിനെതിരെയുളള ഈ ആക്രമണം ശരിയല്ല എന്നു ഉത്തമബോധ്യമായത്‌കൊണ്ട്തന്നെ പ്രതികരിക്കുക എന്നതായിരുന്നു ഞാന്‍ തിരഞ്ഞെടുത്തത്. അതിനായി ഇസ്ലമാനിക്കുറിച്ച് കൂടുതല്‍ പഠിക്കാനും തുടങ്ങി. അലി ശരീയാത്തി, മുഹമ്മദ് അസാദ്, ഇക്ബാല്‍, ഗെയ് ഈറ്റണ്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചത് അക്കാലത്താണ്. കൂട്ടത്തില്‍ ഖുര്‍ആനെക്കുറിച്ചുള്ള പഠനങ്ങളും. ഖുര്‍ആന്‍ വിശ്വാസികളോട് ഉല്‍ബോധനം ചെയ്യുമ്പോഴുള്ള അഭിസംബോധന എന്നെ വല്ലാതെ സ്പര്‍ശിച്ച ഒന്നാണ്. വിശ്വസിക്കുന്നവരും നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുമായവരേ എന്നതാണത്. അതായത് ഒരു മുസ്ലിമിന് പ്രധാനമായും രണ്ടു ധര്‍മങ്ങളാണുള്ളത്. ഒന്ന് ദൈവത്തില്‍ വിശ്‌സിക്കുക. രണ്ട് സഹജീവികള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുക.

ദൈവവിശ്വാസംകൊണ്ട് എനിക്കുണ്ടായ ഏറ്റവും വലിയ ഗുണം മനുഷ്യരെ എനിക്കു ഭയമില്ലാതായി എന്നതാണ്. ഖുര്‍ആന്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരെ വിമോചിപ്പിച്ചു. ദൈവത്തെയല്ലാതെ ആരെയും ഭയക്കേണ്ടതില്ല എന്ന് അതെന്നെ പഠിപ്പിച്ചു. ഈ സന്ദേശമുള്‍ക്കൊണ്ടാണ് ഇക്ബാല്‍ ഇങ്ങനെ പാടിയതും:

‘ദൈവത്തിന്റെ മുന്നില്‍ തലകുനിക്കുന്നത് അരോചകമായിത്തോന്നുന്നുവെങ്കില്‍, അത് കോടിക്കണക്കിന് ആളുകള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നതിന് തുല്യമാണ്.’

ഭൂമിയിലെ ജീവിതം നശ്വരമാണെന്ന ബോധ്യം വന്നതു മുതല്‍ സ്വയമുണ്ടാക്കുന്ന ആധികളില്‍ നിന്നും കെട്ടുപാടുകഴില്‍ നിന്നും ഞാന്‍ മോചിതനായി-അവസാനിക്കാത്ത ഇച്ഛകള്‍, ഈഗോ, അഹങ്കാരം, അസൂയ, വാര്‍ധക്യത്തിന്റെ ഉത്കണ്ഠ എന്നിവയില്‍ നിന്നെല്ലാം. ഇതിന്‌റെയര്‍ഥം ആഗ്രഹങ്ങളെല്ലാം തമസ്‌കരിക്കണമെന്നല്ല, അവ നമ്മെ നിയന്ത്രിക്കാന്‍ അനുവദിക്കരുതെന്നു മാത്രം.

സഹജീവികള്‍ക്ക് നല്ലതു ചെയ്യണം എന്ന ഇസ്ലാമിന്‌റെ അധ്യാപനം ഉള്‍ക്കൊണ്ടതു മുതല്‍ ഞാന്‍ ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിച്ചു തുടങ്ങി. എനിക്കു കിട്ടിയ സുഖസൗകര്യങ്ങളെല്ലാം എന്റെ കഴിവല്ല. ദൈവത്തിന്റെ കൃപയാണ് എന്നെനിക്കിപ്പോള്‍ ഉത്തമബോധ്യമുണ്ട്. സ്വംയം കേന്ദ്രീകൃതമായും സ്വാര്‍ഥമായും ജീവിക്കുന്നതിനു പകരം മറ്റുള്ളവരെ സഹായിക്കുക എന്നതും എന്റെ ജീവിതലക്ഷ്യമാണ്. ഇസ്ലാമിന്‌റെ യഥാര്‍ഥ സത്ത ഇതാണെന്നാണ് എന്റെ ഉത്തമവിശ്വാസം. അല്ലാതെ കലാഷ്‌നിക്കോവ് തോക്കേന്തുകയല്ല.

ഇതോടൊപ്പം തന്നെ സമൂഹത്തിലെ പാവപ്പെട്ടവരെ അടിച്ചമര്‍ത്തുകയും പുച്ഛമനോഭാവം പുലര്‍ത്തുകയും ചെയ്യുന്ന അഭ്യസ്ത വിദ്യരായ, ഇംഗ്‌ളീഷ് പരിജ്ഞാനമുള്ളവരുടെ മനോഭാവവും ശരിയല്ല. കൊലപാതകത്തേക്കാള്‍ മോശപ്പെട്ടതാണ് അടിച്ചമര്‍ത്തല്‍ എന്ന ഇസ്ലാമിന്റെ അധ്യാപനം എന്റെ മനസ്സിലുണ്ട്.

മൊഴിമാറ്റം: ദാവൂദ്

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting