banner ad
October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

cocke-pakനഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല.

എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും.
ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു കോട്ടും കറുത്ത കണ്ണടയും ധരിച്ച ബൊഹീമിയ പഞ്ചാബി നമ്പരിലുള്ള ഒരു റാപ്പ് ആലപിക്കുന്നു.

‘റാപ്പ് കവിതയും സന്ദേശവുമാണ്.’ മൂന്ന് സെക്കന്റ് നേരത്തിലുള്ള ഒരു വീഡിയോ ഇന്റര്‍വ്യൂവില്‍ ബൊഹീമിയ പറയുന്നു. വീഡിയോ പതുക്കെ പാട്ടിലേക്ക് തന്നെ വരുന്നു. ബൊഹീമിയയുടെ അരികില്‍ പിന്നണി പാടുന്ന വിക്കാഷി സഹോദരിമാര്‍. മനോഹരമായി പിന്നണി പാടുന്നതില്‍ വിദഗ്ധരാണ് അവര്‍.
അടുത്തതായി പാക്കിസ്ഥാനിലെ പെണ്‍ഗായകരില്‍ പ്രസിദ്ധയായ ഹാദിഖ കിയാനി എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഒരു പാട്ടിന്റെ ഹാര്‍ഡ്‌റോക്ക് വേര്‍ഷന്‍ പാടുന്നു. സൂഫിവര്യനായ ബുല്ലേഷായുടെ വരികളാണ് അവര്‍ പാടുന്നത്. അവര്‍ക്ക് ശേഷം പാക്കിസഥാന്റെ മുഖ്യ റോക്ക് ഗായകനും ഇന്ത്യന്‍ സിനിമാസംഗീതത്തിന് സുപരിചിതനുമായ ആതിഫ് അസ്‌ലമിന്റെ അവതരണം. നുസ്‌റത്ത് ഫത്തേഹ് അലിഖാന്റെ ഖവ്വാലികള്‍ അവതരിപ്പിക്കുന്ന ഖയാസ് എന്ന ബാന്റിലെ അംഗമാണ് അദ്ദേഹം. പ്രൊമോയിലെ അവസാനത്തെ ഗായകന്‍ ഹുമയൂണ്‍ ഖാന്‍ ഒരു പഷ്തൂണ്‍ നാടോടി ഗാനം ആലപിക്കുന്നു. ലര്‍ഷാ പെഖ്‌വാര്‍ താ…
കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊക്കക്കോളയുടെ വിപണനതന്ത്രത്തിന്റെ ഭാഗമായാണ് കോക്ക് സ്റ്റുഡിയോ അവതരിപ്പിച്ചത്. അതിലെ കലാകാരന്‍മാര്‍ കൊക്കക്കോള ബോട്ടിലിലും കാനിലും ടിവി പര്യസ്യങ്ങളിലും പത്രങ്ങളിലും റേഡിയോയിലുമൊക്കെ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഇപ്രാവശ്യം അങ്ങനെയൊരു സൂചനയുമില്ലായിരുന്നു. ഒരുപക്ഷേ കോളയുടെ ഉല്‍പാദനത്തേയും വില്‍പനയെയും ഇത് ബാധിച്ചേക്കാം. പക്ഷേ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, സീസണ്‍-5ന്റെ വെബ്‌സൈറ്റില്‍ കോക്ക് സ്റ്റുഡിയോയെ പരിചയപ്പെടുത്തുന്ന ‘എബൗട്ട്’ ടാബ് കണ്ടില്ല എന്നതാണ്. അതായാത് പുതിയ ഏതൊരാള്‍ക്കും കോക്ക് സ്റ്റുഡിയോയെ പരിചയപ്പെടുത്തണമെന്നില്ല. ചുരുക്കത്തില്‍ എന്താണ് കോക്ക് സ്റ്റുഡിയോ എന്നോ എന്താണതില്‍ അവതരിപ്പിക്കുന്നതെന്നോ എന്ന് പരിചയപ്പെടുത്താത്തതില്‍ അവര്‍ക്ക് അബദ്ധം സംഭവിച്ചതല്ല. മെയ് 13ന് കോക്ക് സ്റ്റുഡിയോ പുതിയ എപ്പിസോഡ് ആരംഭിക്കുമെന്നും എല്ലാവര്‍ക്കുമറിയാം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ സംാസ്‌ക്കാരിക ചിഹ്നം എന്നത് വേറൊന്നുമല്ല. കോക്ക് സ്റ്റുഡിയോ തന്നെ.

മ്യൂസിക് ചാനല്‍ ചാര്‍ട്ട് (എം.സി.സി), 1990

തൊണ്ണൂറുകളില്‍ ഞങ്ങളുടെ കുട്ടിക്കാലത്ത്‌ ആസ്വദിക്കാന്‍ തെരുവ് ക്രിക്കറ്റും രണ്ടു ചാനലുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചാനലുകളില്‍ ഒന്ന് ഒരു സ്വകാര്യമാനേജ്‌മെന്റും മറ്റൊന്ന് ഗവണ്‍മെന്റുമായിരുന്നു നടത്തിയിരുന്നത്. എട്ടുമുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ നേരമാണ് രണ്ട് ചാനലിന്റെയും പ്രക്ഷേപണസമയം… ഒരാഴ്ചയിലവതരിപ്പിക്കുന്ന പരിപാടികള്‍ ഏതൊക്കെയാണെന്ന് ഞങ്ങള്‍ക്ക് മന:പാഠമായിരുന്നു.

കോക്ക് സ്റ്റുഡിയോക്ക് മുമ്പ് മ്യൂസിക് ചാനല്‍ ചാര്‍ട്ട്‌സ് എന്ന സംഗീതപരിപാടിയാണ് ഉണ്ടായിരുന്നത്. ആദ്യത്തെ റാപ്പ് മ്യൂസിക്കിനെ ഞാന്‍ പരിചയപ്പെടുന്നതും അതില്‍ തന്നെ. പഞ്ചാബി ബംഗ്‌രയും റാപ്പും കൂടിച്ചേര്‍ന്ന ഒന്നായിരുന്നു അത്. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ഉര്‍ദു, പഞ്ചാബി, ഇംഗ്ലീഷ് മിശ്രിതമായ വരികള്‍. സമാധാനത്തിന്റെ ചിഹ്നം ചാര്‍ത്തിയ ഒരു ലോക്കറ്റ് ധരിച്ച ഫഖ്ര്‍ ആലം എന്ന ഗായകനാണ് അത് പാടിയിരുന്നത്. വളരെ അയഞ്ഞ ഒരു ജീന്‍സ് ധരിച്ച് ആയാസത്തോടെ നൃത്തം ചെയ്തുകൊണ്ടാണ് ഫഖ്ര്‍ ആലമിന്റെ ആലാപനം.

എനിക്കും എന്റെ ഇളയ സഹോദരനും അദ്ദേഹത്തിന്റെ പാട്ടും ശൈലിയുമൊക്കെ നന്നായി ഇഷ്ടപ്പെട്ടു. ബഗ്‌രാ റാപ്പ് ഞങ്ങള്‍ കൂട്ടുകാരുടെ കൂടെ ചേര്‍ന്ന് പാടുമായിരുന്നു.

മ്യൂസിക് ചാനല്‍ ചാര്‍ട്ട്‌സ്, എന്‍.ടി.എം (പിന്നീട് അത് എസ്.ടി.എന്‍ എന്ന പേരിലാണറിയപ്പെട്ടത്) എന്ന പ്രൈവറ്റ് ചാനലിലാണ് അവതരിപ്പിച്ചിരുന്നത്. മറ്റെല്ലാ ചാനലുകളില്‍ നിന്നും വ്യത്യസതമായി അതിലെ സംഗീതജ്ഞര്‍ വളരെ നീണ്ട മുടിയുള്ള, കഴുത്തില്‍ ചങ്ങലകളണിഞ്ഞ് ഇറുകിയ ജീന്‍സുകള്‍ ധരിച്ച അന്യഗ്രഹജീവികളെപ്പോലെ പ്രത്യക്ഷപ്പെട്ട യുവാക്കളായിരുന്നു (എല്ലാവരും ആണുങ്ങളായിരുന്നു, വല്ലപ്പോഴും എണ്ണപ്പെട്ട സ്ത്രീകള്‍ മാത്രമേ ഗായകരായി വന്നിരുന്നുള്ളൂ) . അവരുടെ സംഗീതം ഉച്ചത്തിലുള്ളതും തകര്‍പ്പനുമായിരുന്നു. എന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളും പാട്ടുകള്‍ അവതരിപ്പിക്കുന്ന ഈ പയ്യന്‍മാര്‍ ഒരു ദുസ്വപ്നമായിട്ടാണ് തോന്നിയത്. ഇവര്‍ ഒരു പണിയുമില്ലാതെ പാട്ടിന്റെ പേരില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നവരും പെണ്‍കുട്ടികളെ തങ്ങളുടെ ബൈക്കിന്റെ പിന്നിലിരുത്തി പോവുന്നവരുമാണെന്നായിരുന്നു അവര്‍ കരുതിയത്.

എന്നാല്‍ ഞാനും എന്റെ സഹോദരനും ഈ പരിപാടിയുടെ എല്ലാം ഇഷ്ടപ്പെട്ടു. ടിവിയില്‍ കണ്ട മറ്റേതിനേക്കാളും ഈ പരിപാടി അതിന്റെ ശബ്ദം കൊണ്ടും ഊര്‍ജം കൊണ്ടും വ്യത്യസ്തമായിരുന്നു. വളരെ കുറഞ്ഞ ചെലവില്‍ അമേച്ചര്‍ കലാകാരന്‍മാര്‍ നിര്‍മിക്കുകയും റെക്കോര്‍ഡു ചെയ്തതുമായിരുന്നു ഇത്. വലിയ അപ്പാര്‍ട്ട്‌മെന്റ്കള്‍ക്ക് മുകളിലും കറാച്ചിയിലെ ബീച്ചിലും പ്രത്യേകം സജ്ജീകരിച്ചാണ് ഇവയുടെ ഷൂട്ടിംഗ് നടത്തിയത്. സ്റ്റുഡിയോയും ലൈറ്റിംഗും നല്ല മുതല്‍മുടക്കുള്ളതായതിനാല്‍ പകല്‍ സമയത്താണ് അവയിലെ മിക്കതും ഷൂട്ട് ചെയ്തിരുന്നത്.
ഈ ഷോ കാണുമ്പോള്‍ എന്റെ ഉമ്മയുമുണ്ടാകുംകൂടെ. കലാകാരന്‍മാരുടെ നല്ല പ്രകടനം വരുമ്പോള്‍ ഉമ്മ അതെല്ലാം സംസ്‌കാരമില്ലാത്തവയാണെന്നു പറയും. ‘ആ ചങ്ങാതി ചാടുന്നത് കണ്ടോ. കുരങ്ങനെപ്പോലെ. എന്താണവന്‍ ഉടുത്തിരിക്കുന്നത്. രണ്ടാംകിട തെരുവില്‍ നിന്നുള്ളവനാണവന്‍.’ ഉമ്മയുടെ പ്രതിഷേധം കൂടിക്കൂടി വന്നു. ‘അവന്‍ വെള്ളക്കാരനെപ്പോലെ അനുകരിക്കുകയാണ്’. പക്ഷേ ഞങ്ങള്‍ ഉമ്മ പറയുന്നത് മറന്ന് അതിലെ സംഗീതമാസ്വദിച്ചു.

എം.സി.സി പലര്‍ക്കും ഒരു വഴികാട്ടിയായിരുന്നു. ഇത് പല യുവാക്കളെയും സ്വാധീനിക്കുകയും സ്വന്തമായി സംഗീതം സൃഷ്ടിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പ്രക്ഷേപണത്തിന്റെ നാല് വര്‍ഷത്തിനുള്ളില്‍ ഒരുപാട് യുവസംഗീതജ്ഞരെ ഇത് പരിചയപ്പെടുത്തി. അലി ഹൈദര്‍, ഫഖ്ര്‍ ആലം, സലീം ജാവേദ്, അമിര്‍ സഖി, സ്ട്രിംഗ്‌സ്, ജുനൂന്‍, അമിര്‍ സലീം ബണ്ണി, ഖാലിദ് അനും തുടങ്ങിയ കലാകാരന്‍മാര്‍ അവരില്‍ ചിലരായിരുന്നു. പാക്കിസ്ഥാനിലെ നഗരത്തില്‍ ജീവിക്കുന്ന യുവാക്കള്‍ക്ക് എംസിസി ഒരു സ്വപ്നമായിരുന്നു.
മുഖ്യ ബാന്‍ഡുകളിലൊന്നായ വൈറ്റല്‍ സൈന്‍ പാക്കിസ്ഥാന്റെ പോപ്പ് മ്യൂസിക്കിലിടം നേടിയപ്പോള്‍ എം.സി.സി പതുക്കെ അപ്രത്യക്ഷമായി.
നഗരങ്ങളില്‍ കേബിള്‍ ചാനലുകള്‍ വന്നപ്പോള്‍ ലോക്കല്‍ ചാനലുകള്‍ക്ക് കാഴ്ചക്കാരെ കിട്ടാതായി. അവര്‍ എം.ടിവി. ചാനല്‍ വി, ബോളിവുഡ് മ്യൂസിക് തുടങ്ങിയവയുടെ പ്രേക്ഷകരായി. 1994 എം.സി.സി പ്രക്ഷേപണം നിര്‍ത്തിപ്പോയെങ്കിലും പാക്കിസ്ഥാന്‍ മികച്ച പോപ്പ് മ്യൂസിക് നിര്‍മിക്കാന്‍ ഉതകുന്നതായി മാറിയിരുന്നു.

കോക്ക് സ്റ്റുഡിയോ, 2012

ഇപ്പോള്‍ പാക്കിസ്ഥാന്‍ ഒരുപാട് മാറി. മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ രാജ്യം ഒരുപാട് ഭിന്നിച്ചിരുന്നു. ആശയങ്ങളുടെ മേലിലുണ്ടായ സംശയവും വൈരുധ്യവുമൊക്കെ ജനകീയ സംസ്‌കാരത്തേയും ബാധിച്ചിരുന്നു. വൈറ്റല്‍ സൈന്‍ ബാന്‍ഡിലെ ഗായകനും പാക്കിസ്ഥാനിലെ ഏറ്റവും വലിയ പോപ്പ് സ്റ്റാറുമായിരുന്ന ജുനൈദ് ജംഷിദ് സംഗീതം ഉപേക്ഷിച്ച് നീണ്ട താടിയൊക്കെ വെച്ച് തബ്‌ലീഗ് ജമാഅത്തിന്റെ മതപ്രബോധനപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. പാക്കിസ്ഥാനി റോക്ക് ബാന്‍ഡായ ജുനൂനിലെ മുന്‍ഗായകന്‍ അലി അസ്മത് ഒരു ഗൂഢാലോചകനായി മാറി. പാക്കിസ്ഥാന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഹിന്ദുസയണിസ്റ്റികളും പാശ്ചാത്യരുമാണെന്നും അമേരിക്കയാണ് രാജ്യത്തെ തീവ്രവാദത്തിനുത്തരവാദികളെന്നും സമീപകാലത്തു തന്നെ പാക്കിസ്ഥാന്‍ എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ഏറ്റവും വലിയ സൈനിക ശക്തിയാകുമെന്നും അത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും എന്നൊക്കെയാണ് അയാള്‍ വാദിക്കുന്നത്. എം.സി.സിയിലൂടെ സംഗീതലോകത്തേക്കെത്തിയ നജാം ശിറാസ് ഭക്തിഗാനങ്ങള്‍ മാത്രം പാടുന്ന നാത്ത് ഗ്രൂപ്പുകളില്‍ ചേര്‍ന്നു.

വ്യത്യസ്ത രാഷ്ട്രീയവിപ്ലവങ്ങളെ മുന്‍നിര്‍ത്തിയുള്ള ബാന്‍ഡുകളും പാക്കിസ്ഥാനിലുണ്ട്. ലാല്‍ (ചുവപ്പ് എന്നര്‍ത്ഥം) എന്ന ബാന്‍ഡ് മാര്‍കസിസ്റ്റ്, ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ് പ്രത്യശാസ്‌ത്തെ പ്രോത്സാഹിപ്പിക്കുന്ന ബാന്‍ഡാണ്. ഹബീബ് ജാലിബിനെപ്പോലുള്ള വിപ്ലവകവികളുടെ വരികളാണ് അവര്‍ പാടിയിരുന്നത്. സാമ്പിത്തികാഭിവൃദ്ധിയും നിമയമവും സുരക്ഷയും വിദ്യാഭ്യാസവും നീതീകരിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് ഷെഹ്‌സാദ് റോയിയും സ്ട്രിങ്ങ്‌സും അവതരിപ്പിക്കുന്ന സംഗീതം സാംസ്‌കാരികമായി സ്വതന്ത്രമാകുന്ന ഒരു പാക്കിസ്ഥാനെ മുന്നില്‍ കണ്ടുള്ളതാണ്‌.

ചുരുക്കത്തില്‍ പ്രത്യേക പ്രത്യയശാസ്ത്രത്തിലും വംശീയതയിലും വ്യാപരിച്ചുകിടക്കുന്ന പാക്കിസ്ഥാന്റെ വര്‍ഗ്ഗീയതയുടെയും സങ്കുചിതബോധത്തിന്റെയും അതിരുകള്‍ ഭേദിക്കാന്‍ കലകള്‍ക്ക് കഴിയാറുണ്ട്.

രാജ്യത്തിന്റെ സാംസ്‌കാരികാതിരുകളെ യോജിപ്പിക്കുന്ന ഒരു പാലമായിട്ടുതന്നയാണ് കോക്ക് സ്റ്റുഡിയോയും വന്നത്. ഒന്നാം സീസണിലെ ഒന്നാമത്തെ എപ്പിസോഡ് പുറത്തുവരുന്നത് 2008 ജൂണ്‍ ഒമ്പതിനാണ്. ഇത് പെട്ടന്ന് ജനശ്രദ്ധ പിടിച്ചുപറ്റുകയും ഒരുപാട് ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. കോക്ക് സ്റ്റുഡിയോയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നും മറ്റുമൊക്കെ അവയുടെ ഓഡിയോ കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പുതിയ തലമുറക്ക് പരിചതമാവുംവിധം പാക്കിസ്ഥാന്റെ പാരമ്പര്യസംഗീതവും പാശ്ചാത്യസംഗീതവും സമ്മേളിപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. പല നാടോടി സംഗീതജ്ഞരുടെയും സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതിലൂടെ അത് പുതുതലമുറക്ക് പരിചയപ്പെടുത്താനും അവസരമൊരുക്കി.

യുവസംവിധായകനും ബ്ലോഗറുമായ അഹ്മര്‍ നഖ്‌വി കോക്ക് സ്റ്റുഡിയോയെ പ്രകീര്‍ത്തിച്ചതിങ്ങനെ: ‘ജുനൂനിന്റെയും വൈറ്റല്‍ സൈനിന്റെയും ആരാധകരായിരുന്നു ഞങ്ങള്‍. അതു മാത്രമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച ആസ്വാദനം.’
ഫ്രൈഡേ ടൈംസില്‍ കോക്ക് സ്റ്റുഡിയോയുടെ ഓരോ എപ്പിസോഡിനും നിരൂപണമെഴുതുന്ന സഫി ഷാ പറയുന്നു: ‘നമ്മുടെ ഉള്ളില്‍ ആദ്യമേയുള്ള സംഗീതത്തിന്റെ ഒരു മിശ്രിതം തന്നെയാണ് കോക്ക് സ്റ്റുഡിയോ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ അത് ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ആദ്യമൊന്നും ഞങ്ങളത് ശ്രദ്ധിച്ചിരുന്നില്ല.’

പാക്കിസ്ഥാനി സംഗീത്തതിന്റെ വഴിത്തിരിവായ കോക്ക് സ്റ്റുഡിയോ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ഇടപെടാവുന്ന ഒരിടമാണെന്നാണ് സീസണ്‍ 2 വിന്റെ റെക്കോര്‍ഡിംഗ് എഞ്ചിനീയറായ ആമിര്‍ അഹ്മദ് പറയുന്നത്.

റുഹൈല്‍ ഹയാത്ത്

കോക്ക് സ്റ്റുഡിയോയെ അറിയണമെങ്കില്‍ നമ്മള്‍ അതിന്റെ പിന്‍ബലവും നിര്‍മ്മാതാവുമായ റുഹൈല്‍ ഹയാത്തിനെയും അറിയണം. 1986ല്‍ വന്ന വൈറ്റല്‍ സൈന്‍സ് ബാന്‍ഡിലെ നിര്‍മാതാവും ഗാനരചയിതാവും ഗിറ്റാറിസ്റ്റും കീബോര്‍ഡിസ്റ്റുമൊക്കെയായിരുന്നു റുഹൈല്‍ ഹയാത്ത്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയമായ ഗാനം ദില്‍ ദില്‍ പാക്കിസ്ഥാന്‍ ഉണ്ടാകുന്നത് വൈറ്റല്‍ സൈന്‍സിലൂടെയാണ്. 2003ല്‍ ബിബസി തെരഞ്ഞെടുത്ത മികച്ച പത്തു ഗാനങ്ങളില്‍ മൂന്നാമത്തേത് ദില്‍ ദില്‍ പാക്കിസ്ഥാനായിരുന്നു. പെപ്‌സി പോലുള്ള ഉല്‍പന്നങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പായിരുന്നു വൈറ്റല്‍ സൈന്‍സിന് ലഭിച്ചിരുന്നത്. ആദ്യമായി അമേരിക്കയിലേക്ക് പരിപാടി അവതരിപ്പിക്കാനും പിന്നീട് മറ്റു പലരാജ്യങ്ങളില്‍ പര്യടനം നടത്താനും ഈ ബാന്‍ഡിനു അവസരം ലഭിച്ചു.

1998ല്‍ പക്ഷേ വൈറ്റല്‍ സൈന്‍ നിര്‍ത്തി. റുഹൈല്‍ പിന്നെ പരസ്യമേഖലയിലേക്ക് ചേക്കേറി. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോക്ക് സ്റ്റുഡിയോ എന്ന പദ്ധതിയുമായി വരുന്നത്. ഹയാത്ത് അഭിമുഖത്തില്‍ പങ്കെടുക്കുന്നതില്‍ നാണമുള്ള വ്യക്തിയാണ്. ഇന്റര്‍വ്യൂ ചെയ്യാനുള്ള എന്റെ അപേക്ഷകള്‍ക്കൊന്നും അദ്ദേഹം മറുപടി തന്നില്ല. എന്തായാലും ‘ഡോണി’ന് വേണ്ടിയുള്ള ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. ‘കോക്ക് സ്റ്റുഡിയോക്ക് തൊട്ട് മുമ്പ് വരെ ക്ലാസിക്കല്‍ സംഗീതത്തില്‍ പരിശീലനം നേടുകയായിരുന്നു ഞാന്‍. പാശ്ചാത്യസംഗീതത്തില്‍ നിന്നൊക്കെ എത്രയോ വ്യത്യസ്തമായ വളരെ ആഴമുള്ള സംഗീതപാരമ്പര്യമുണ്ട് നമുക്ക് എന്ന് എനിക്ക് ബോധ്യമില്ലായിരുന്നു. എന്നാല്‍ അതു തിരിച്ചറിഞ്ഞപ്പോള്‍ ഒരു കണ്ടെത്തെലെന്നവണ്ണമാണ് കോക്ക് സ്റ്റുഡിയോ പിറക്കുന്നത്.’

ഹയാത്ത് പ്രത്യേകതരം ഇഷ്ടാനിഷ്ടങ്ങളുള്ള വ്യക്തിയാണെന്നാണ് സംഗീതജ്ഞയായ ഹനിയ ( സെബ് & ഹനിയയിലെ) അഭിപ്രായപ്പെടുന്നത്. പാക്കിസ്ഥാന്റെ പാരമ്പര്യസംഗീതത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന് പിടിച്ചപ്പോള്‍ അതൊരു വിജയമായി മാറുകയായിരുന്നു.
കോക്ക് സ്റ്റുഡിയോയില്‍ ഹയാത്ത് ശ്രദ്ധീകരിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. പരിപാടിയുടെ നിര്‍മാണഗുണമാണ് ഒന്ന്. വാണിജ്യസമ്മര്‍ദ്ദം വകവെക്കാതെ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യമാണ് രണ്ടാമത്തേത്.

പാക്കിസ്ഥാനിലെ ശ്രദ്ധേയനായ ഡ്രമ്മിസ്റ്റ് (ഗമ്പി എന്നറിയപ്പെടുന്ന) ലൂയിസ് ജെറി പിന്റോ പറയുന്നു: ‘കോക്ക് സ്റ്റുഡിയോയുടെ തുടക്കത്തില്‍ തന്നെ നമുക്ക് നല്ല ശബ്ദവും നിര്‍മ്മാണഗുണവും വേണമായിരുന്നു.’ അതുകൊണ്ടാണ് കോക്ക് സ്റ്റുഡിയോയില്‍ ന്ല്ല ക്വാളിറ്റി കാണാനാവുന്നത്. ടിവി പരസ്യങ്ങളിലും ചില മ്യൂസിക് വീഡിയോസിലുമല്ലാതെ ഈ ദൃശ്യസുഖവും പരിഷ്‌കരണവും നമുക്ക് പ്രാദേശിക ടെലിവിഷന്‍ നിര്‍മ്മാണത്തില്‍ കാണാന്‍ കഴിയില്ല.

പാക്കിസ്ഥാനിലെ കലാകാരന്‍മാര്‍ പലപ്പോഴും പരാതിപ്പെട്ടിരുന്നത് തങ്ങളുടെ കഴിവിനെ ഒരേ വാര്‍പ്പില്‍ നിര്‍ത്തുന്ന പരിപാടികളുടെ കച്ചവട സമ്മര്‍ദ്ധത്തെപ്പറ്റിയായിരുന്നു. കലാകാരനെന്ന നിലക്ക് വൈറ്റല്‍ സൈന്‍സില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ റുഹൈലിന് പല സമ്മര്‍ദ്ധങ്ങളുമുണ്ടായിരുന്നു. എന്താണ് ഞങ്ങള്‍ക്ക് വേണ്ട്ത് എ്ന്നത് ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ ഇതാരും കേള്‍ക്കാന്‍ പോകുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്.

കോക്ക് സ്റ്റുഡിയോ സ്‌റ്റൈല്‍

കോക്ക് സ്റ്റുഡിയോയിലെ കലാകാരന്‍മാരെല്ലാം അത് തങ്ങളുടെ ക്രിയേറ്റിവിറ്റിക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെപ്പറ്റി പ്രകീര്‍ത്തിക്കുന്നുണ്ട്. റുഹൈലിന്റെ തുറന്ന സമീപനമാണ് കോക്ക് സ്റ്റുഡിയോയുടെ സൗന്ദര്യത്തിന് പിന്നിലെന്ന് ഗസല്‍ ഗായികയായ ടിന സാനി പറയുന്നു. നിങ്ങളൊരു കലാകാരനായത് കൊണ്ട് നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് റുഹൈല്‍ പറയും. എന്നാല്‍ മറ്റു ടിവി ചാനലുകള്‍ ഈ സ്വാതന്ത്ര്യം തരില്ല.
റിസ്‌വാന്‍ – മുഅസ്സം ഖവ്വാലി ഗ്രൂപ്പിലെ മുഅസ്സമിന് കോക്ക് സ്റ്റുഡിയോയുടെ പശ്ചാത്തലമാണ് ഇഷ്ടപ്പെട്ടത്. സീസണ്‍ 3-യില്‍ ഇവര്‍ അവതരിപ്പിച്ച ‘നേനാ ദേ അക്കായ്’ എന്ന ഖവ്വാലി വന്‍ഹിറ്റായി.

‘കോക്ക്‌സ്റ്റുഡിയോയിലെ ആളുകള്‍ക്ക് സംഗീതമറിയാവുന്നത് കൊണ്ട് അവര്‍ നമുക്ക് തരുന്ന സ്വാതന്ത്ര്യം നമുക്ക് പരിപാടി അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം തരുന്നു’. മുഅസ്സം പറയുന്നു.

ഹനിയയുടെ അഭിപ്രായത്തില്‍ പാട്ടുകള്‍ പാടാനും അതിന്റെ ആവിഷ്‌കരണത്തിനും കോക്ക് സ്റ്റുഡിയോ തരുന്ന സ്വാതന്ത്ര്യം വളരെയാണ്. അറിയപ്പെട്ട കലാകാരന്‍മാര്‍ക്കെല്ലാം ഇത് വളരെ സൗകര്യപ്രദമാണ്.

സീസണ്‍ 4-ന്റെ അവസാനത്തില്‍ കോക്ക് സ്റ്റുഡിയോയിലെ പരിപാടികളുടെ നിര്‍മ്മാണരീതിയെ കാണിക്കുന്ന ഒരു വീഡിയോ റിലീസ് ചെയ്തിരുന്നു. ആ സീസണില്‍ അവതരിപ്പിച്ച പ്രശസ്തമായ ഒരു ഖവ്വാലിയുടെ നിര്‍മ്മാണഘട്ടങ്ങളാണ് അതിലുള്ളത്. ക്ഷണിക്കപ്പെട്ട കലാകാരന്‍മാര്‍ അവരുടെതായ രീതിയല്‍ പാട്ട് അവതരിപ്പിക്കുന്നു. താളവാദ്യക്കാര്‍ പാശ്ചാത്യസംഗീത്തിലെ താളമക്രമവുമായി രൂപപ്പെടുത്തിയാണ് താളവാദ്യം റെക്കോര്‍ഡ് ചെയ്യുന്നത്. താളവും ശ്രുതിയും ചിട്ടപ്പെടുത്തി ഉറപ്പുവരുത്തിയാല്‍ ഹൗസ് ബാന്‍ഡ് അതിനെ സ്വാംശീകരിച്ച് ഈസ്റ്റേണ്‍ സംഗീതതാളവുമായി യോജിപ്പിച്ച് ക്രമപ്പെടുത്തുകയും അങ്ങനെ പാട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്യുന്നു.

കോക്ക് സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ ഷോയുടെ പ്രദര്‍ശനത്തിനനുസരിച്ച് പെട്ടന്നുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അവര്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ കോക്ക് സ്റ്റുഡിയോ നല്‍കുന്ന പ്രശസ്തിയാണ് അതിനേക്കാള്‍ വലുത്. കോക്ക് സ്റ്റുഡിയോയിലെ ഒരു കലാകാരന് ലോകമെങ്ങും പ്രേക്ഷകരുണ്ട്.

ഒരിക്കല്‍ ആസ്‌ട്രേലിയയിലേക്ക് ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ തങ്ങളുടെ പാട്ട് ജനങ്ങള്‍ ഏറ്റുപാടിയതായി സെബും ഹനിയയും ഓര്‍ത്തെടുക്കുന്നു. 2009ല്‍ കോക്ക് സ്റ്റുഡിയോയില്‍ പരിപാടി അവതരിപ്പിച്ചപ്പോഴാണ് അവരുടെ കീര്‍ത്തി വളര്‍ന്നത്. പിന്നീട് ഇന്ത്യന്‍ കലാകാരന്‍മാരുമായി സഹകരിച്ച് അവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

പാക്കിസ്ഥാനിലെ കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം ലോകപ്രശസ്തി വലിയ കാര്യമാണ്. ചെറിയ പരിപാടികളില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം ഒരു മാര്‍ഗ്ഗമല്ല. മിക്ക നാടോടി ഗായകരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പഷ്‌തോ സംഗീതത്തിന്റെ രാജ്ഞി, 65 കാരിയായ സര്‍സംഗ 2010ലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതിനെതുടര്‍ന്ന് ഖെബര്‍ പഖ്തുങ്ക പ്രവിശ്യയിലെ ഒരു റോഡരികില്‍ ടെന്റുകെട്ടി അതിലാണ് ജീവിക്കുന്നത്. ഗസലുകളുടെ രാജാവ് മെഹദി ഹസന്‍ വരെ രോഗശയ്യയില്‍ പണമടക്കാനാവാത്ത സ്ഥിതി അനുഭവിച്ചിട്ടുണ്ട്.

മറ്റൊരു പ്രശ്‌നം കലാകാരന്‍മാരുടെ സൃഷ്ടികള്‍ അനധികൃതമായി കോപ്പിയെടുക്കുന്നതാണ്. 1980കളില്‍ കലാകാരന്‍മാരുടെ ഓരോ കേസറ്റിന്റെയും മുപ്പതോളം കോപ്പികള്‍ അനധികൃതമായി കോപ്പി ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ വ്യാപനം പാക്കിസ്ഥാനിലെ റെക്കോര്‍ഡിംഗുകളുടെ പരാജയത്തിനിടയാക്കി. നല്ല വരുമാനം ലഭിച്ചിരുന്ന പൊതുപരിപാടികള്‍ പക്ഷേ സുരക്ഷാപ്രശ്‌നങ്ങളാല്‍ മുട്ടിപ്പോയി. ഇപ്പോള്‍ വല്ലപ്പോഴും നടക്കുന്ന സ്വകാര്യപരിപാടികളാണ് ഏക ആശ്രയം.

ചെറുകിട കലാകാരന്‍മാര്‍ക്ക് കോക്ക് സറ്റുഡിയോ നല്‍കുന്ന അനുഭവവും പ്രശസ്തിയും വളരെ വലുതാണ്. ‘എൈഡന്റിറ്റി പരാഡിം’ എന്ന റോക്ക് ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് സല്‍മാന്‍ ആല്‍ബര്‍ട്ട് പറയുന്നു: ‘ഇന്ത്യന്‍ മാര്‍ക്കററിലും പാശ്ചാത്യമാര്‍ക്കറ്റിലും ലഭിക്കുന്ന എക്‌പോഷ്വര്‍ വളരെ വലുതാണ്. അതേസമയം കോക്ക് സ്റ്റുഡിയോയിലെ കലാകാരന് കൂടുതല്‍ പരിപാടികള്‍ ലഭിക്കുകയും ചെയ്യുന്നു.’ പ്രക്ഷേപകനും പാക്കിസ്ഥാന്റെ സാംസ്‌കാരികവിമര്‍ശകനുമായ ഫസി സക്ക അഭിപ്രയാപ്പെടുന്നതിങ്ങനെ: കോക്ക് സ്റ്റുഡിയോലെത്തുന്ന കലാകാരന് സംഗീതത്തിലൂടെ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നില്ലെങ്കിലും അതില്‍ നിന്നു കിട്ടുന്ന പ്രശ്‌സതി അവര്‍ക്ക് കൂടുതല്‍ അവസരളും വരുമാനത്തിനുള്ള വഴിയും തുറന്നുനല്‍കുന്നു. ടിവി എപ്പോഴും അങ്ങനെത്തന്നെയാണ് ചെയ്തത്. കോക്ക് സ്റ്റുഡിയോ ചെറിയ നാടോടി രൂപങ്ങള്‍ക്ക് വരെ സമകാലികരൂപം നല്‍കി അവതരിപ്പിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നു.

കോക്ക് സ്റ്റുഡിയോയുടെ വാണിജ്യവും വിപണനവും

ഫൈസല്‍ സഖയും നദീം ഫാറൂഖ് പ്രജയും അറിയപ്പെട്ട സാംസ്‌കാരികവിമര്‍ശകരാണ്. സംഗീതത്തിന്റെ കോര്‍പറേറ്റ് വല്‍ക്കരണത്തെ ഇരുവരും നന്നായി വിമര്‍ശിച്ചിട്ടുണ്ട്. കലാകാരന്‍മാരുടെ സ്വതസിദ്ധമായ കഴിവിനെ കോര്‍പറേറ്റ് പണം സ്വാധീനിക്കുന്നു. അവരുടെ കലയിലെ രാഷ്ട്രീയം കോര്‍പ്പറേറ്റുവല്‍ക്കരണത്തിലൂടെ ഇല്ലായതെയാവുന്നുണ്ട്. ഉദാഹരണത്തിന് ഷെഹ്‌സാദ് റോയിയുടെ കാര്യമെടുക്കാം. ‘ലഗാ രേ’ എന്ന അദ്ദേഹത്തിന്റെ ആല്‍ബം അതിലെ രാഷ്ട്രീയാധിപ്രസരണംകൊണ്ട് അദ്ദേഹത്തിന് സ്‌പോണ്‍സര്‍മാരെ കിട്ടാതെയാക്കി.
സക്കയും പ്രചയും പിന്നീട് തങ്ങളുടെ അഭിപ്രായം തിരുത്തിപ്പറയുന്നുണ്ട്. സമൂഹത്തില്‍ പരിഷ്‌കരണം കൂടുന്നുവെങ്കിലും സാസ്‌കാരികതക്ക് വലിയ മാറ്റമൊന്നും വരുന്നില്ല. ഒരു കോര്‍പറേറ്റ് ഉല്‍പന്നമെന്ന നിലക്ക് കോക്ക് സ്റ്റുഡിയോയെ വിമര്‍ശിക്കാം. എന്നാല്‍ ഇക്കാലത്ത് അതിനെ വിമര്‍ശിക്കുന്നത് വെറുതെയാവും. പ്രച പറയുന്നു. സക്കയുടെ അഭിപ്രായത്തില്‍ പാക്കിസഥാനിലെ സംഗീതത്തിന് ഇന്ന് കോര്‍പറേറ്റ് പണത്തിന്റെ നിക്ഷേപം നിഷേധിക്കാനാവില്ല. കലാകാരന്‍മാര്‍ക്ക് കിട്ടുന്ന വരുമാനം വളരെ കുറവാണ്. മാര്‍ക്കറ്റുകളില്‍ അവരെയോ അവരുടെ സംഗീത്തതേയോ പ്രോത്‌സാഹിപ്പിക്കുന്നുമില്ല. മ്യൂസിക്കിന്റെ ഡിജിറ്റല്‍വത്ക്കരണത്തില്‍ സാമൂഹ്യബോധമുള്ള കലാകാരനെ കോര്‍പറേറ്റ് സ്വാധീനിക്കുന്നത് വളരെ ചെറിയ കാര്യമാണ്. കലാകാരന്‍മാര്‍ക്ക് രാഷ്ട്രീയപരമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാനുള്ള അവസരമുണ്ട്.

എന്നാല്‍ കലാകാരന്‍മാര്‍ കോര്‍പറേറ്റ് മുതലാളിത്തത്തെ സജീവമായി പിന്തുണക്കുകയാണ് ചെയ്യുന്നത്. കലാമേഖലയില്‍ കഴിഞ്ഞ 15 വര്‍ഷത്തെ അനുഭവമുള്ള ഗംപി പറയുന്നതിങ്ങനെ: ‘വിമര്‍ശിക്കുന്നവരോട് ചോദിക്കട്ടെ. ആരാണ് ഇത് കോര്‍പറേറ്റാണെന്ന് പറഞ്ഞത്. നിങ്ങളെങ്ങനെയാണ്. എല്ലാവരും പണത്തിനാവശ്യമുള്ളവരാണ്. കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാര്‍ ഇല്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാനില്‍ സംഗീതമുണ്ടാകുമായിരുന്നില്ല. യഥാര്‍ഥത്തില്‍ കോര്‍പറേറ്റുകള്‍ തന്നെ വിപണനതാത്പര്യമെന്നതിലുപരി ആത്മാര്‍ഥമായി സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നവരായി മാറുകയാണ്.’
സംഗീതത്തിന്റെ പേരില്‍ കോക്ക് സ്റ്റുഡിയോയുടെ സ്‌പോണ്‍സര്‍ അതിന്റെ പോപ്പുലാരിറ്റി നിലനിര്‍ത്തുന്ന സംഗീത്തിന് വേണ്ടി മാത്രമാണോ കോക്ക് നിലനില്‍ക്കുന്നത് എന്നാണ് ചിലരുടെ വിശ്വാസം. സത്യത്തില്‍ കോക്കിന് അവരുടെ ഉല്‍പന്നത്തിന്റെ കച്ചവടമാണ് ആവശ്യമെങ്കില്‍ 30 മിനിറ്റ് നേരമുള്ള പരസ്യങ്ങള്‍ ചെയതാല്‍ മതിയായിരുന്നു. സംഗീതത്തിനും സംസ്‌കാരത്തിനും അഭിവൃദ്ധിപ്പെടുത്തുന്ന തരത്തിലാണെങ്കില്‍ അത് നല്ലതാണെന്നു പറയാം. സക്കയാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്.

തീര്‍ച്ചയായും കോക്ക് സ്റ്റുഡിയോ നല്ലതു തന്നെ. ഇത് പാക്കിസ്ഥാന്റെ സംഗീതത്തിനും സാസ്‌കാരിക പാരമ്പര്യത്തിനും സംഗീതജ്ഞര്‍ക്കും പ്രേക്ഷകര്‍ക്കും ലോകത്തെങ്ങുമുള്ള സംഗീതപ്രേമികള്‍ക്കും ഉപകാരമാവുന്നുണ്ട്. ’60 വര്‍ഷത്തെ സാംസ്‌കാരിക പാരമ്പര്യമുണ്ട് നമുക്ക്. അതിനെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ ഗവണ്‍മെന്റും അതിനെ അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്.

‘സംഗീതവ്യവസായം തകരുകയും മ്യൂസിക് ചാനലുകള്‍ക്ക് പണം നഷടമാവുകയും ചെയ്ത അവസരത്തിലാണ് കോക്ക് സ്റ്റുഡിയോ വരുന്നത്. അവര്‍ പണം മുടക്കാത്തത് കൊണ്ടല്ല, മറിച്ച് പരസ്യജിംഗിളുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയാണ് അവര്‍ കൂടുതല്‍ പണം ചെലവഴിച്ചത്.’ പാക്കിസ്ഥാനിലെ ആദ്യ ഇംഗ്ലീഷില്‍ ജോലി ചെയ്തിരുന്ന അഹ്മര്‍ നഖ്‌വി പറയുന്നു.

കോക്ക് സ്റ്റുഡിയോയുടെ വരുംകാലം

പാക്കിസ്ഥാനിലെ സംഗീതജ്ഞരെ സംബന്ധിച്ചിടത്തോളം കോക്ക് സ്റ്റുഡിയോയാണ് ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത്. കോക്ക് സ്റ്റുഡിയോയെ മുന്‍നിര്‍ത്തിയാണ് ഇവിടുത്തെ സംഗീതത്തെ വിലയിരുത്തുകയും ചെയ്യുന്നത്. സല്‍മാന്‍ ആല്‍ബര്‍ട്ട് വിലയിരുത്തുന്നിങ്ങനെ: ‘പക്ഷേ, വ്യക്തമായ ഒരുകാര്യം കോക്ക് സ്റ്റുഡിയോ നിര്‍മിക്കുന്നതെല്ലാം പ്രവചിതവും ആവര്‍ത്തകവുമാണ്. ആദ്യത്തെ രണ്ടു സീസണ്‍ വളരെ ക്രിയേറ്റീവ് ആയിരുന്നു. ഇപ്പോള്‍ എല്ലാ സീസണും ഒരേ പോലെയാണ്. എല്ലാ പാട്ടുകള്‍ക്കും നല്‍കുന്ന ശബ്ദവും സംഗീതസംവിധാനവും വ്യത്യസ്തമായിരിക്കണം. പുതിയ സംഗീതജ്ഞരെ ഓരോ എപ്പിസോഡിലും പരിചയപ്പെടുത്തണം. മൗലികമായ ചിലഅവതരണം തനതുമായിരിക്കണം.’

പെര്‍ക്കഷനിസ്റ്റ് ഗമ്പിയും പറയുന്നു: ‘ഇത് പ്രവചിതവും ആളുകള്‍ക്ക് എളുപ്പവുമായി. പക്ഷേ, റുഹൈലിന് ഇഷ്ടം ചില പ്രത്യേകം ഇഷ്ടങ്ങളും നിരീക്ഷണങ്ങളുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ രണ്ടു സീസണുകള്‍ വളരെ സുതാര്യമായിരുന്നു. എന്നാല്‍ നാലാമത്തെ സീസണെത്തിയപ്പോഴേക്കും ഞങ്ങള്‍ക്ക കൂടുതല്‍ ക്രിയേറ്റീവിറ്റിയെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.’

ഒരുപക്ഷേ, ഇതുകൊണ്ടായിരിക്കണം ഗമ്പി സീസണ്‍ 5-ല്‍ പങ്കെടുക്കാതെ പുതിയ പ്രോജക്ടുകള്‍ തേടിപ്പോയതും പുതിയ പ്രൊഡ്യൂസര്‍മാര്‍ക്ക് അവസരം നല്‍കാന്‍ തുനിഞ്ഞതും. ടിന സാനിക്കും അതേ കാര്യം തന്നെയാണ് പറയാനുള്ളത്: ഒരേ രീതിയിലും ഗണത്തിലുള്ളവയായി മാറുകയായിരുന്നു പരിപാടികള്‍. അതുകൊണ്ടു പ്രശ്‌നമൊന്നുമുണ്ടായിട്ടല്ല. അതിന്റെ തന്നെ രീതിയെ പിന്തുടരുന്നത് കോക്ക് സ്റ്റുഡിയോ ഒഴിവാക്കണം. പുതിയ രീതിയിലുള്ളവയെ നിര്‍മിക്കണം. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രോത്സാഹനമായിരിക്കും.’

അത്തരം സ്വയംപ്രതിഫലനങ്ങളും വിമര്‍ശനങ്ങളും ഒരു നല്ല സൂചനയാണ്. ഒരുപക്ഷേ, മറ്റു പല രൂപങ്ങളെയും ഒരേ മാതൃകയിലേക്ക് സ്വീകരിക്കുന്നതിലൂടെ കോക്ക് സ്റ്റുഡിയോക്ക് നല്ല പുരോഗതി കൈവരിക്കാനായിട്ടുണ്ട്. അതിന്റെ അഭൂതപൂര്‍വ്വമായ വിജയം കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാര്‍ക്ക് നല്ല സംഗീതത്തെ പ്രചരിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ രൂപപ്പെടുത്താനായിട്ടുണ്ട്.

ഒരു ഉദാഹരണത്തിന് Uth റെക്കോര്‍ഡ്‌സ് എടുക്കാം. ദേശീയ മൊബൈല്‍ ഫോണ്‍ കമ്പനിയായ യുഫോണാണ് ഇതിന്റെ സ്‌പോണ്‍സര്‍. തങ്ങളുടെ ഒരു ആല്‍ബം പുറത്തിറക്കാനാവാത്ത് വളര്‍ന്നുവരുന്ന സംഗീതജ്ഞര്‍ക്ക് (പ്രായമോ സാഹചര്യമോ വിഷയമല്ല). പ്രൊഫഷനലുകളുടെ കൂടെ അതിനുളള അവസരമൊരുക്കുന്ന ഒരു റിയാലിറ്റി ഷോയാണിത്. ലോകത്തിന്റെ പലഭാഗത്തുനിന്നും 4000-ലധികം യുവസംഗീതജ്ഞരില്‍ നിന്നുമാണ് അപേക്ഷ ലഭിച്ചത്. ഗമ്പി പ്രൊഡ്യൂസറമായ ഈ പരിപാടി രണ്ട് സീസണ്‍ പിന്നിട്ടു കഴിഞ്ഞു.

സംഗീതജ്ഞര്‍ മാത്രമല്ല മറ്റു കലാകാരന്‍മാര്‍ക്കും കോക്ക് സ്റ്റുഡിയോ പ്രചോദനമായിട്ടുണ്ട്.

‘ഒരു സിനിമാ സംവിധായകനായ എനിക്ക് കോക്ക് സറ്റുഡിയോ പുതിയതും വെല്ലുവിളി നിറഞ്ഞതുമായ പലതും ചെയ്യാനുമുള്ള പ്രചോദനമായിട്ടുണ്ട്. എനിക്കും എന്റെ പ്രേക്ഷകര്‍ക്കും ഇത് ആത്മവിശ്വാസം നല്‍കുന്നു. പുതിയതരത്തില്‍ വല്ലതും ചെയ്യുകയാണെങ്കില്‍ പ്രേക്ഷകരും അതിനൊപ്പം ചേരും.’ അഹ്മര്‍ നഖ്‌വി പറയുന്നു.

പാക്കിസ്ഥാന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ വിലയിരുത്തുകയാണെങ്കില്‍ കാട്ടുതീപോലെ ആളിപ്പിടിച്ച രാഷ്ട്രീയാരക്ഷിതാവസ്ഥയില്‍ നിന്നും 20 വര്‍ഷം കൊണ്ട് വളരെ മെച്ചപ്പെട്ട ദൂരമാണ് അത് സഞ്ചരിച്ചത്.

നിര്‍വചിക്കാനാവാത്ത വഴിയിലൂടെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ് കോക്ക് സ്റ്റുഡിയോ എന്ന പരീക്ഷണം.

മൊഴിമാറ്റം: അന്‍വര്‍

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting