അറ്റമില്ലാത്ത പുറപ്പാടുകള്‍
വഴിയെന്ന ഒന്നില്ല. നടകക്കുമ്പോള്‍ ഉണ്ടായിത്തീരുന്നതാണ് വഴി എന്ന അര്‍ത്ഥത്തില്‍ ഒരു ഉറുദു പഴഞ്ചൊല്ലുണ്ട്. ജീവിതത്തില്‍ അനിവാര്യമായും പോകേണ്ട വഴികളുടെ മഹാസാധ്യതകളെ ഇസ്മാഈല്‍ ഫറൗഖിയുടെ ലേ ഗ്രാന്റ് വോയേജ് (Le Grand Voyage) അടയാളപ്പെടുത്തുന്നു. പ്രകടമായ അര്‍ത്ഥത്തില്‍ റോഡുമാര്‍ഗം ഫ്രാന്‍സില്‍ നിന്നും മക്കയിലേക്ക് ഹജ്ജ് നിര്‍വഹിക്കാനായി പോകുന്ന ഒരു പിതാവിന്റെയും മകന്റെയും കഥയാണിത്. മതപരമായ അനുഷ്ഠാനപരതയുടെ തീര്‍ത്ഥാടനബാധ്യത എന്നതിനുമപ്പുറം സ്വന്തം ആത്മാവിനകത്തു കൂടി ഓരോരുത്തരും കടന്നുപോകേണ്ട പാതകളുടെ ആഖ്യാനം കൂടിയായി ഇത് വികസിക്കുന്നു. തീര്‍ച്ചയായും ഏറ്റവും അപകടകരങ്ങളായ സാഹസികയാത്രകള്‍, ഏറ്റവും ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ , ഏറ്റവും ആഴമേറിയ കടലിടുക്കുകള്‍ മനുഷ്യര്‍ താണ്ടിക്കടന്നിട്ടുള്ളത് സ്വന്തം ആത്മാവിന്റെ ഭയാനകമായ ഇരുട്ടുകളിലൂടെയാണ്. അതു കൊണ്ടാവണം ഒന്നൊഴിയാതെ എല്ലാ മതങ്ങളിലും യാത്ര – തീര്‍ത്ഥാടനം – ദാര്‍ശനികമായ മിത്തുകളുടെ പശ്ചാത്തലശക്തിയോടെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എത്തിച്ചേരേണ്ട ഒരിടത്തെക്കുറിച്ചുള്ള വിശുദ്ധസ്വപ്‌നം ഭൂമിയിലെ ഏതാണ്ടെല്ലാ മതങ്ങളും പങ്കുവെക്കുന്നു. ലക്ഷ്യത്തിലെത്തുക എന്നതു മാത്രമല്ല അവിടെ ലക്ഷ്യം. ജീവിതത്തിന്റെ അതിസാധാരണമായ പ്രലോഭനങ്ങളില്‍ നിന്നും പുറത്തുകടക്കാനും ദേഹിയുടെ വേദന നിറഞ്ഞ ദുര്‍ബലതകളില്‍ നിന്നും അപൂര്‍ണതകളില്‍ നിന്നും അവനവനെത്തന്നെ പരിവര്‍ത്തിപ്പിച്ചെടുക്കാനുമുള്ള പുറപ്പെടലാണത്. അതിനുള്ള സന്നദ്ധത നമ്മെ സങ്കീര്‍ണമായ വഴികളുടെ അനിശ്ചിതത്വങ്ങളിലേക്കും ആകുലതകളിലേക്കും നയിക്കുന്നു. മുമ്പ് സങ്കല്‍പിച്ചിട്ടില്ലാതിരുന്ന സൗഹൃദങ്ങളോടൊത്ത് നമ്മള്‍ ജീവിതത്തിന്റെ അപ്പം പങ്കുവെക്കുന്നു. കാട്ടിലും കടലിലും മരുഭൂമിയിലും മുമ്പറിയാതിരുന്ന ഋതുക്കളെ സമസ്ത ഇന്ദ്രിയങ്ങളും കൊണ്ട് അനുഭവിക്കുന്നു. എല്ലാത്തിലുമുപരി മനുഷ്യജീവിതത്തിന്റെ യാതനകളെ സ്‌നേഹം കൊണ്ടും സഹനം കൊണ്ടും എതിരിടുന്നു. ആത്യന്തികമായി സ്വയം നവീകരിക്കുക, പരിവര്‍ത്തിപ്പിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശ്യം. തെളിഞ്ഞിരിക്കുന്ന വെള്ളം ഒഴുകുന്ന വെള്ളം മാത്രമാണ്. ഇസ്മാഈല്‍ ഫറൗഖിയുടെ ലേ ഗ്രാന്റ് വോയേജ് എന്ന റോഡ്‌സിനിമ ഇത്തരം സാധ്യതകളെ ഓര്‍മപ്പെടുത്തുന്നു.
രണ്ടു നായകന്‍മാരാണ് സിനിമയിലുള്ളത്. റിദ എന്ന മൊറോക്കന്‍-ഫ്രഞ്ച് ചെറുപ്പക്കാരനും അവന്റെ അതീവഭക്തനായ പിതാവും. രണ്ടു ലോകവീക്ഷണങ്ങളും വ്യത്യസ്തങ്ങളായ അഭിരുചികളുമാണ് ഇരുവര്‍ക്കുമുള്ളത്. മകന്‍ മതത്തിലോ അനുഷ്ഠാനങ്ങളിലോ തീരെ തല്‍പരനല്ല. യൂറോപ്പിലെ രണ്ടാം തലമുറ കുടിയേറ്റക്കാരന്‍ എന്ന നിലയില്‍ അവന്‍ തന്റെ യൗവ്വനത്തെ ഏതാണ്ട് പൂര്‍ണമായും പാശ്ചാത്യവത്കരിച്ചിട്ടുണ്ട്. തെക്കന്‍ ഫ്രാന്‍സിലെ ഒരു പട്ടണത്തില്‍ നിന്ന് തന്നെ കാര്‍മാര്‍ഗം മക്കയിലേക്ക് കൊണ്ടുപോകണമെന്ന് റിദയോട് പിതാവ് ആവശ്യപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ രണ്ടു തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷഭരിതമായ ആശയവിനിമയത്തിന്റെ കഥയാണിത്. രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിനിമയം. പടിഞ്ഞാറ് മുസ്‌ലിം കുടിയേറ്റ സമൂഹത്തിലെ തലമുറകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന സാംസ്‌കാരികവിടവുകളുടെ കഥയായും ഇതു മാറുന്നു. സാവധാനം, തീക്ഷണവും ആര്‍ദ്രവുമായി മാറുന്ന ഒരു പിതൃ-പുത്ര ബന്ധത്തിന്റെ ഹൃദ്യമായ ആഖ്യാനതലം ഇതിനുണ്ട്. ഒരു റോഡ്മൂവി എന്ന നിലയില്‍, ഫ്രാന്‍സില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യെ കടന്നുപോകുന്ന നഗരങ്ങളുടെയും സംസ്‌കാരങ്ങളുടെയും ചിത്രവും ഇത് നമുക്ക് തരുന്നു – ഒരുപക്ഷെ, നിര്‍ഭാഗ്യവശാല്‍ തിരക്കഥയും ക്യാമറയും വേണ്ടത്ര അടയാളപ്പെടുത്താതെ പോയത് ഈ അംശമാണ്.
പിതാവ് വൃദ്ധനും രോഗിയുമാണെങ്കിലും ആന്തരികമായി കരുത്തും ചൈതന്യവുമുള്ളയാളാണ്. വാചാലമാണ് അദ്ദേഹത്തിന്റെ നിശബ്ദതകള്‍. ഏതു സൂഫിയെയും പോലെ കണ്ണുകള്‍ കൊണ്ടാണ് അയാള്‍ അധികവും സംസാരിക്കുക. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഏറ്റവും കുറച്ചു മാത്രം പുറത്തു വരുന്നവയാണ് അയാളില്‍ വാക്കുകള്‍. മകനെ പ്രബുദ്ധതയിലേക്ക് നയിക്കുക എന്നത് മാത്രമാണ് കര്‍ക്കശക്കാരനായ അയാളുടെ തീര്‍ഥയാത്രയുടെ ലക്ഷ്യമെന്ന് പോലും ചിലപ്പോള്‍ നമുക്ക് തോന്നിപ്പോവും. യാത്രാ മധ്യേ കടന്നുപോവുന്ന സുന്ദരനഗരങ്ങളില്‍ രാപാര്‍ക്കാനുള്ള മകന്റെ മോഹത്തെ അദ്ദേഹം നിര്‍ദയം നിരാകരിക്കുന്നു. “നമ്മള്‍ ടൂറിസ്റ്റുകളല്ല” എന്ന് ഒരു താക്കീത് പോലെയാണദ്ദേഹമപ്പോള്‍ പറയുന്നത്. മകന്‍ കാറിനകത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ അവനറിയാതെ
അവന്റെ മൊബൈല്‍ ഫോണെടുത്ത് ചവറുകൂനയിലിടുന്ന പ്രവൃത്തി നമ്മെ അത്ഭുതപ്പെടുത്തും. ഇയാളെന്തിനാണിത്ര നിര്‍ദയമായി പെരുമാറുന്നതെന്ന് നമ്മള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സംശയിക്കും. അനേകം നാഴികകള്‍ക്കപ്പുറത്തുവെച്ചു മൊബൈല്‍ ഫോണ്‍ പിതാവ് ചവറ്റുകുട്ടയിലേക്കിട്ടതാണെന്നറിഞ്ഞ് ക്ഷുഭിതനാവുന്ന മകനോട് അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്; ശാരീരികമായി അവന്‍ തന്നോടോപ്പമുണ്ടെങ്കിലും മാനസികമായ അവന്റെ സാന്നിധ്യത്തെയും സഹായാത്രയെയും മൊബൈല്‍ ഫോണ്‍ തടസപ്പെടുത്തുകയായിരുന്നു എന്ന്. ഫ്രഞ്ചു കാമുകി ലിസയുമായി അവന്‍ നടത്തിക്കൊണ്ടിരിക്കുന്ന രഹസ്യ ഫോണ്‍ കോളുകള്‍ പിതാവിനോടോപ്പമുള്ള മാനസികമായ സഹയാത്രയില്‍ നിന്ന് റിദയെ നിരന്തരം മടക്കിവിളിക്കുകയായിരുന്നു. ക്രമാതീതമായ മൊബൈല്‍ ആശയവിനിമയങ്ങളുടെ സമകാലീനലോകത്ത്, നമ്മള്‍ കടന്നു ചെല്ലുന്നതില്‍ നിന്ന് സാങ്കേതിക വിദ്യ തടയുന്ന ഇടങ്ങളിലേക്ക് എങ്ങനെ എത്തിച്ചെരാമെന്നതിനെക്കുറിച്ച് ആഴമേറിയ ഈ പ്രവൃത്തി ഉള്‍ക്കാഴ്ചകള്‍ പകരുന്നു.
റിദയാവട്ടെ തുടക്കം മുതലേ ഉപ്പയുടെ തീര്‍ഥാടനത്തില്‍ തല്‍പരനല്ല. സുപ്രധാനമായ ഒരു പരീക്ഷക്കുള്ള ഒരുക്കത്തിലാണവന്‍. ലിസയെ പിരിയാനുള്ള വൈകാരികമായ വിഷമം വേറെയും. യുക്തിഭദ്രമെന്നു പറയാവുന്ന ലളിതമായ ഒരു ചോദ്യം അയാള്‍ക്കുണ്ട്. മറ്റെല്ലാവരെയും പോലെ ഉപ്പാക്കും മക്കയിലേക്ക് വിമാനം കയറിയാലെന്താണ്? യാത്രയുടെ അവസാനവേളകളിലൊന്നില്‍ കൂടിക്കൂടി വരുന്ന അടുപ്പത്തിന്റെ സ്വാതന്ത്ര്യത്തില്‍ വഴിതെറ്റിയെത്തിയ ഒരു മലയോരത്ത് ഒരുമിച്ചിരുന്ന് മഞ്ഞു കൊള്ളുമ്പോള്‍ അവനാ ചോദ്യം ഉപ്പയോട് ചോദിക്കുന്നുണ്ട്. ഉപ്പക്ക് അപ്രതീക്ഷിതമായിരുന്നില്ല ആ ചോദ്യം. കുട്ടിക്കാലത്തെ ഒരു സംഭവം ഉപ്പയപ്പോള്‍ ഓര്‍മിക്കുന്നു. തന്റെ പിതാവ് ഒരു കോവര്‍കഴുതയുടെ പുറത്ത് ഹജ്ജിന് പോയതും തിരിച്ചു വരുമ്പോള്‍ താനാണ് ആദ്യം കാണേണ്ടതെന്ന വാശിയോടെ ഗ്രാമത്തിലെ കുന്നിനു മീതെ ഇരുട്ടു പകരുവോളം ഉപ്പയെ കാത്തു നിന്നതുമായ അനുഭവം. കടലിലെ വെള്ളം ആകാശത്തേക്കുയരുമ്പോള്‍ അതു വീണ്ടും ശുദ്ധമാവുകയും കയ്പ്പ് നഷ്ടപ്പെടുകയും ചെയ്യുന്നു. കടല്‍വെള്ളം മേഘങ്ങളിലേക്ക് ആവിയായി ലയിക്കുമ്പോള്‍ അവ പുതുതായിത്തീരുന്നുണ്ട്. അതു കൊണ്ട് തീര്‍ത്ഥാടനത്തിന് കാല്‍നടയായിപ്പോകുന്നതാണ് കുതിരപ്പുറത്തു പോകുന്നതിനേക്കാള്‍ നല്ലത്, കാറില്‍ പോകുന്നതാണ് കപ്പലില്‍ പോകുന്നതിനേക്കാള്‍ നല്ലത്, കപ്പലില്‍ പോകുന്നതാണ് വിമാനത്തില്‍ പോകുന്നതിനേക്കാള്‍ നല്ലത്.
ഇണങ്ങിയും പിണങ്ങിയും അകന്നും അടുത്തുമുള്ള പിതൃ-പുത്ര ബന്ധം ഹൃദയസ്പര്‍ശിയാണ്. സംഘര്‍ഷങ്ങളും സമന്വയങ്ങളുമുണ്ട് ആ പാതയില്‍ . കടുത്ത തെറ്റിദ്ധാരണകളും ആഴമേറിയ മനസ്സിലാക്കലുകളും അവരെ തേടിയെത്തുന്നു. വഴിയില്‍ അവര്‍ കടന്നു പോകുന്ന കാലാവസ്ഥകളുടെയും ഭൂപ്രകൃതിയുടെയും പ്രതിഫലനം അവരുടെ ബന്ധത്തിലും കാണാം. മരുഭൂമിയും സമതലങ്ങളും വിളനിലങ്ങളും കാടുകളുമൊക്കെയുണ്ട് വഴിയില്‍ . ഇടക്കെവിടെയോ വെച്ച് വിജനമായ ഒരിടത്ത് രണ്ടായിപ്പിരിയുന്ന വഴിയില്‍ ഏതു തിരഞ്ഞെടുക്കുമെന്നറിയാതെ അവര്‍ നിന്നു പോകുന്നു. ഒരു രാത്രി അവിടെ കഴിച്ചുകൂടുന്ന മകനും പിതാവും പിറ്റേന്നു യാത്രയില്‍ കൂടെക്കയറുന്ന വൃദ്ധയായ സ്ത്രീയുടെ നിഗൂഢപ്രകൃതത്താല്‍ പ്രയാസപ്പെടുന്നുണ്ട്. ആര്‍ക്കുമറിയാത്ത ഒരു സ്ഥലത്തേക്കാണവര്‍ പോകണമെന്ന് പറയുന്നത്. മറ്റു ചോദ്യങ്ങള്‍ക്കൊന്നും ഒരുത്തരവുമില്ല. വലിയൊരു സത്രത്തില്‍ ഭക്ഷണം വാങ്ങിക്കൊടുത്ത്, സത്രം സൂക്ഷിപ്പുകാരനോടൊപ്പം അവരെ ഉപേക്ഷിച്ചു പോകുക എന്നതല്ലാതെ അവര്‍ക്കൊരു വഴിയില്ല. രാജ്യാതിര്‍ത്തികളിലെല്ലാം അവരെ പല വിധ പ്രതിബന്ധങ്ങളാല്‍ വഴി തടയുന്നുണ്ട്. തെറ്റായ കുറ്റാരോപണങ്ങള്‍ കൂടെക്കൂടുന്നുണ്ട്. വഴികള്‍ തെറ്റുകയും വീണ്ടും കണ്ടെത്തപ്പെടുകയും ചെയ്യുന്നു. പ്രതീകങ്ങള്‍ അനവധിയാണീ സിനിമയില്‍ .
സെപ്തംബര്‍ 11നു ശേഷം യൂറോപ്പിലെ കുടിയേറ്റ മുസ്‌ലിം പ്രശ്‌നം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമക്ക് സവിശേഷമായ മാനങ്ങളുണ്ട്. ഒരേ വണ്ടിയില്‍ ഒരു ‘ഗുഡ് മുസ്‌ലിമും’ ‘ബാഡ് മുസ്‌ലിമു’മാണവര്‍ . ഇടക്കുവെച്ച് ഇരുവരുടെയും കാര്‍ മക്കയിലേക്കാണ് പോകുന്നതെന്ന സൗകര്യം ഉപയോഗപ്പെടുത്തി ഹജ്ജിന് ഞാനുമുണ്ടെന്നു പറഞ്ഞ് കൂടെക്കൂടുന്ന മനുഷ്യന്‍
പാശ്ചാത്യമതേതരത്വത്തിനും ഇസ്‌ലാമികഭക്തിക്കുമിടയില്‍ ഒരു മധ്യമമുസ്ലിം പാതയെ പ്രതിനിധീകരിക്കുന്നു. ഏറെക്കുറെ കാല്‍പനികനായ അയാള്‍ യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. മകനും പിതാവും തമ്മിലുള്ള വൈരുധ്യങ്ങള്‍ കുറഞ്ഞില്ലാതാവുന്നതിന്റെ രണ്ടു മൊണ്ടാഷുകള്‍ സിനിമയിലുണ്ട്. പിതാവിന്റെ നിസ്‌കാരവും ബാറിലുള്ള മകന്റെ ചടുലനൃത്തവും ഇടകലര്‍ത്തിക്കാണിക്കുന്ന ദൃശ്യസമുച്ചയത്തില്‍ ഇരുവരും തമ്മിലുള്ള അകലം നീണ്ടതാണ്. മക്കയിലെത്തിക്കഴിഞ്ഞ ശേഷം പിതാവിന്റെ അനുഷ്ഠാനവും മകന്‍ ഏകനായി നിന്ന് കാലു കൊണ്ട് തന്റെ പ്രണയിനിയുടെ പേര് മണലില്‍ വരക്കുന്നതും ഇടകലര്‍ത്തിക്കാണിക്കുന്നിടത്ത് സാന്ദ്രമായ ഒരൊത്തുചേരല്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. നേരത്തെ കണ്ട പ്രകടനവൈരുധ്യം ഇവിടെയില്ല.
മകനും പിതാവും യാത്രാമധ്യത്തില്‍ ആഴമേറിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു എന്നര്‍ത്ഥം. മകന്റെ മാറ്റം പ്രകടവും കൃത്യവുമാണ്. അതേ സമയം ഒട്ടും ക്ലീഷേ കലരാത്തതും. പിതാവിന്റെ മരണശേഷം സഹാനുഭൂതിയെന്ന ഒറ്റ ഗുണം മകന്‍ അനന്തരമെടുക്കുന്നതിലൂടെ ചലച്ചിത്രകാരന്‍ ആ മാറ്റത്തെ അവിസ്മരണീയമായി അടയാളപ്പെടുത്തുന്നു. ലിസയുടെ ചിത്രം കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ മകനു വേണ്ടി വെക്കുന്നതു വഴി അവളോടുള്ള അവന്റെ പ്രണയത്തെ പിതാവ് അംഗീകരിക്കുന്നതായി ധ്വനിപ്പിക്കുന്നു. ഈ മാറ്റവും സുപ്രധാനമാണ്.
ഏതു യാത്രയിലും പുറപ്പെടുന്നവരല്ല തിരിച്ചുവരുന്നത്. റിദയുടെ ഏകാന്തമായ മടക്കയാത്രയിലെ ധ്യാനാത്മകമായ വിഷാദം അനിവാര്യമായും കടന്നുപോകേണ്ട വഴികളിലേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്നു.
Connect
Connect with us on the following social media platforms.