banner ad
June 6, 2012 By സയ്യിദ് ഹുസെയ്ന്‍ നസ്ര്‍ 0 Comments

ഇബ്‌നു അറബിയുടെ ചാരത്ത് ടൈറ്റസ് ബുക്കാര്‍ട്ടിനൊപ്പം

1966ലെ ശിശിരകാലത്ത് ബെയ്‌റൂതിലെ അമേരിക്കന്‍ സര്‍വകലാശാല നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആണ് അറബ് ലോകത്തിന്റെ അതിര്‍ത്തിക്കകത്ത് നിന്ന് എനിക്ക് ടൈറ്റസ് ബുക്കാര്‍ട്ടിനെ കാണാന്‍ അവസരം ഉണ്ടായത്. അതിന് മുമ്പ് യൂറോപ്പില്‍ വെച്ചാണ് ഞാന്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ബെയ്‌റൂതിലെ ആധുനികവും പാശ്ചാത്യവത്കരിക്കപ്പെട്ടതുമായ ബഹള കോലാഹലങ്ങള്‍ക്കിടയില്‍, ബാങ്ക് വിളി കേട്ടപ്പോള്‍, ആധുനിക വത്കരണവും പാശ്ചാത്യ വത്കരണവും പ്രചരിപ്പിച്ചു തുടങ്ങാന്‍ പ്രത്യേകം തിരഞ്ഞെടുത്ത ഇസ്‌ലാമിക ലോകത്തിന്റെ ആ മൂലയില്‍ പോലും ഇസ്‌ലാമിന്റെ സാന്നിധ്യം അനുഭവിക്കുവാന്‍ കഴിയുന്നുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തുള്ള കുറച്ചു പള്ളികള്‍ ഒരുമിച്ചു സന്ദര്‍ശിക്കുവാനും മെഡിറ്ററേനിയനിലെ ചാര നിറത്തിലുള്ള ഭൂ വിസ്തൃതിയുടെയും മധ്യപൗരസ്ത്യദേശത്തെ തെളിഞ്ഞ ആകാശ വിസ്തൃതിയുടെയും പശ്ചാത്തലത്തില്‍ മറിയമിന്റെ ലൂത്തിനിയകളെക്കുറിച്ച് (Litanies) ആലോചിക്കുവാനും മെഡിറ്ററേനിയന്‍ മതജീവിതത്തില്‍ കന്യാമറിയം വഹിച്ച പങ്കിനെ കുറിച്ചു ചിന്തിക്കുവാനും അവസരം ഉണ്ടായി. കൂടാതെ യശുര്‍ത്തിയ്യ ത്വരീഖത്തിലുള്ള സൂഫി ആധ്യാത്മിക വനിതയായ സയ്യിദ ഫാത്തിമയെ ഒരുമിച്ചു സന്ദര്‍ശിക്കുവാനും ഞങ്ങള്‍ക്ക് അവസരം ഉണ്ടായി. അപ്പോള്‍ സൂഫിസത്തെക്കുറിച്ചുള്ള അവരുടെ പ്രശസ്ത അറബി ഗ്രന്ഥമായ അല്‍-രിഹ്‌ല ഇലല്‍-ഹഖ്‌ന് ആ പേര്‍ ഇടല്‍ വളരെ പ്രയാസമായിരുന്നു എന്നും ഇബ്‌നു അറബിയെ ഒരു സ്വപ്നത്തില്‍ ദര്‍ശിച്ചുവെന്നും പുസ്തകത്തിനു അങ്ങിനെ തലവാചകം ലഭിച്ചു എന്നും അവര്‍ ഞങ്ങളോട് പറയുകയുണ്ടായി.

യശൂര്‍ത്തിയ്യ ത്വരീഖത്തിന്റെ സ്ഥാപകന്റെ മകള്‍ ആയ അവര്‍ ടൈറ്റസ് ബുക്കാര്‍ട്ടിന്റെ ആത്മീയ സാന്നിധ്യത്തിലും തേജസ് പരത്തുന്ന സ്വഭാവത്തിലും പ്രചോദിക്കപ്പെടുകയും അവരുടെ ആത്മകഥയായ ‘മിസ്‌രിആതുല്‍ ഹഖ്‌‘ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിനെയും ഞങ്ങളുടെ ആ കൂടിക്കാഴ്ചയേയും ചര്‍ച്ച ചെയ്യുവാന്‍ മനോഹരമായ ഒരു താള്‍ നീക്കിവെക്കുകയും ചെയ്തു.

എന്നാല്‍ ബെയ്‌റൂത്തില്‍ കാണാന്‍ ഇടയുള്ളതിനേക്കാള്‍ അധികം പരമ്പരാഗത ഇസ്‌ലാമിക കലയും ജീവിതവും നമുക്ക് നല്‍കുന്ന സമീപ പൗരസ്ത്യ അറബ് നാട്ടിലെ പരമ്പരാഗത ഇസ്‌ലാമിക സൈറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ ആയിരുന്നു ടൈറ്റസ് താത്പര്യം കാണിച്ചത്. അതിനാല്‍ അല്‍പ സമയത്തെ കൂടിയാലോചനയ്ക്ക് ശേഷം ഒരുമിച്ചു ഡമാസ്‌കസ് സന്ദര്‍ശിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. സമാധാനത്തിന്റെയും പ്രശാന്തിയുടെയും അഭൂതാവഹമായ ബോധം പകര്‍ന്നു നല്‍കിയ മനോഹരമായ മലകളും താഴ്‌വരകളും കടന്നു രണ്ട് മണിക്കൂറോളം ഞങ്ങള്‍ യാത്ര ചെയ്തപ്പോള്‍, ഇസ്‌ലാമിക കലയുടെയും പാരമ്പര്യത്തിന്റെയും ധാരാളം ഘടകങ്ങളെക്കുറിച്ചു ഉദാഹരണമായി പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവും ആയ ഘടകങ്ങള്‍ എങ്ങിനെ അന്തലൂസിനെയും മഗ്‌രിബിനെയും സമാനപ്പെടുത്തുന്നു എന്നും, ദമാസ്‌കസിലെയും മറകേഷിലെയും ഇസ്‌ലാമിക നഗരങ്ങളെ ചുറ്റി കിടക്കുന്ന മലകള്‍ക്കും മരുഭൂമികള്‍ക്കും ഇടയിലുള്ള സാദൃശ്യതയെ പറ്റിയും, ടൈറ്റസ് പൊതുവേ സംസാരിച്ചു. ഞാന്‍ പലപ്പോഴും കണ്ടിട്ടുള്ള ദൃശ്യക്കാഴ്ചയുടെ അനുഭവത്തിനു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പുതുമയും സന്തോഷവും പകര്‍ന്നു. സന്യാസിതുല്യനായ ഒരാളുമായുള്ള സഹവര്‍ത്തിത്വത്തിന്റെ ആത്മീയ അനുഭൂതിയില്‍ നിന്ന് മാത്രമേ ആ നാട്ടിന്‍പുറകാഴ്ച ഉള്‍കൊള്ളുവാന്‍ കഴിയൂ.

എന്നാല്‍ ഡമസ്‌കസില്‍ എത്തിയപ്പോള്‍ ആ ദിവസം ആദ്യമായി അനുഗ്രഹീത പ്രവാചകന്റെ പേരമകള്‍ ആയ സയ്യിദ സൈനബയുടെ മഖാമും ഇബ്‌നു അറബിയുടെ മഖാമും ഉമയ്യാദ് പള്ളിയും ക്രമപ്രകാരം സന്ദര്‍ശിക്കാമെന്നു തീരുമാനിച്ചു. അലിയ്യുടെ മകളും ഇസ്‌ലാം സ്ഥാപകന്റെ പേരമകളും ആയ സൈനബിന്റെ മഖാം സന്ദര്‍ശിക്കലാണ് പരമ്പരാഗത മര്യാദ അഥവാ അദബ് എന്നായിരുന്നു ടൈറ്റസിന്റെ പക്ഷം. പൊതുവേ സൈറ്റ് സൈനബ് എന്ന് ഡമാസ്‌കാര്‍ വിളിക്കുന്ന ആ മഖാം തീര്‍ത്ഥാടകരാല്‍
നിറഞ്ഞിരിക്കും. പക്ഷേ, അത്ഭുതമെന്നു പറയട്ടെ, അന്ന് രാവിലെ അവിടെ ഉണ്ടായിരുന്ന തീര്‍ത്ഥാടകര്‍ ഞങ്ങള്‍ മാത്രമായിരുന്നു. ഞങ്ങളെ കൂടാതെ അവിടെ ഉണ്ടായിരുന്നവര്‍ സ്മാരകത്തിന്റെ ഭിത്തിക്ക് മേല്‍ ഇഷ്ടികകള്‍ അടുക്കി വെച്ചു മഖാം പുതുക്കി പണിതുകൊണ്ടിരുന്ന ഇസ്ഫാഹാനില്‍ നിന്ന് വന്ന  പേര്‍ഷ്യന്‍ കൈത്തൊഴിലുകാരായിരുന്നു. പ്രാര്‍ത്ഥനക്കും നീണ്ട ധ്യാനത്തിനും ശേഷം ഞങ്ങള്‍ കൈത്തൊഴിലാളികളിലേക്ക് ശ്രദ്ധ തിരിച്ചു. അവരുടെ പണി സമകാലീന ലോകത്ത് ഇസ്‌ലാമികകലയെ കുറിച്ചു ഏറ്റവും മികവുറ്റ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ആ ഗ്രന്ഥകാരനെ ആകര്‍ഷിച്ചു. ആ തൊഴിലാളികളുടെ ആഴത്തിലുള്ള ഭക്തിയെയും തങ്ങളുടെ തൊഴിലിനു മുമ്പിലെ വിനയത്തെയും കുറിച്ചു ടൈറ്റസിന് പറയാന്‍ വാക്കുകള്‍ ഏറെ ഉണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഫെസീനെ കുറിച്ചു ഓര്‍ത്തു. സ്വിറ്റ്‌സര്‍ലാണ്ടിലെ ഉര്‍സ് ഗ്രാഫ് വേര്‍ലാഗ് എന്ന പ്രസാധകര്‍ക്ക് വേണ്ടി ടൈറ്റസ് അപ്പോള്‍ എഡിറ്റു ചെയ്തുകൊണ്ടിരുന്ന ‘സിറ്റീസ് ഓഫ് ദി സ്പിരിറ്റ്’ (Cities of the Spirit) എന്ന സമാഹാരത്തിലേക്ക്‌ ഇസ്ഫാഹാനിനെ കുറിച്ചു ഗ്രന്ഥം രചിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു.

ടൈറ്റസിന്റെ ഫേസ് എന്ന ഇസ്‌ലാമിക നഗരം  (Fez: City of Islam) പോലൊരു ഗ്രന്ഥം ഇസ്ഫഹാന്‍ എന്ന അതിമനോഹര നഗരത്തെ കുറിച്ചു എഴുതുക എന്നത് എന്റെ തീവ്രമായ അഭിലാഷമായിരുന്നു. ഇസ്ഫഹാന്‍ സന്ദര്‍ശിക്കുവാന്‍ ടൈറ്റസ് കൊതിച്ചിരുന്നു. ആ ഗ്രന്ഥം സാഫല്യമായില്ല എന്നതും ഇസ്‌ലാമിക കലയുടെ മഹാനായ വ്യാഖ്യാതാവ് ആയ ടൈറ്റസിന്റെ കണ്ണിലൂടെ സഫാവിദ് രാജവംശത്തിലെ സുന്ദരവും അഭൗമികവും ആയ സ്മാരകങ്ങള്‍ ദര്‍ശിക്കപ്പെടുമ്പോള്‍ അതില്‍നിന്ന് ലോകത്തിനു തന്നെ കിട്ടേണ്ടിയിരുന്ന നേട്ടം നഷ്ടമായതും എത്ര വലിയ ദുരന്തമാണ്.

സയ്യിദ സൈനബിന്റെ പണിയെടുക്കുന്ന പേര്‍ഷ്യന്‍ വാസ്തുവേലക്കാരുടെ കലാനൈപുണ്യം ലളിതമായി ദര്‍ശിച്ച ശേഷം ഞാനും ടൈറ്റസും അവിടെ നിന്ന് ഡമസ്‌കസിന്റെ വടക്ക് ഭാഗത്തുള്ള മലഞ്ചരിവിലേക്ക് പോയി. അവിടെയാണ് ഇബ്‌നു അറബിയെ മറവു ചെയ്തിരിക്കുന്നത്. ആദരവോടെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഞങ്ങള്‍ മഖാമിലേക്ക് കയറിച്ചെന്നു മഹാനായ ആ ചിന്തകന്റെ, സൂഫിവര്യന്റെ ചിന്താനിര്‍ഭരവും പ്രശാന്തിയുടെയും സ്വസ്ഥിയുടെയും അന്തരീക്ഷത്തെ പേറുന്നതുമായ ആ മഖാമിന് സമീപം ഞങ്ങള്‍ ഇരുന്നു. ജീവന്റെ കേദാരത്തെയും അനശ്വരതയെയും പ്രകമ്പനം കൊള്ളിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ആ പവിത്ര സന്നിധിയില്‍ ഞാനും ടൈറ്റസും വീണ്ടും ഒറ്റയ്ക്ക് ചെല്ലനിടയായി എന്നത് തന്നെ ആ അന്തരീക്ഷത്തിന്റെ ശാന്തിയും പ്രശാന്തിയും വിളിച്ചോതുന്നുണ്ട്.

ആ ഹഖീഖത്തിന്റെ (അതീന്ദ്രിയ ജ്ഞാനത്തിന്റെ) വിവിധാര്‍ത്ഥങ്ങളെ കുറിച്ചു സൂഫിസത്തിന്റെ ഹൃദയത്തില്‍ ഇരുന്നു ധ്യാനനിര്‍ഭരമായി ആലോചിച്ചപ്പോള്‍ ഞാന്‍ ഇടക്കിടെ എന്റെ സഹയാത്രികന്റെ ആലോചനാഭരിതമായ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്റെ അടഞ്ഞ കണ്ണുകള്‍ അകത്തേക്ക്, ഹൃദയത്തിലേക്ക്, തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഏതൊരു ധിഷണക്ക് മുമ്പിലാണോ തന്റെ മനസും ആത്മാവും സുതാര്യമായിരിക്കുന്നത് ആ ധിഷണയെ പ്രകാശിപ്പിക്കുകയായിരുന്നു ആ മുഖം. ഇബ്‌നു അറബിയെ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ ടൈറ്റസ് ബുക്കാര്‍ട്ട് വഹിച്ച പങ്കിനെക്കുറിച്ചു ആ സമയത്ത് ഞാന്‍ ചിന്തിച്ചു. ഞാനപ്പോള്‍ അദ്ദേഹത്തിന്റെ പ്രവാചകന്മാരുടെ ധിഷണ (The Wisdom of the Prophets)സൂഫി തത്വശാസ്ത്രത്തിനു ആമുഖം (An Introduction to Sufi Doctrine)‘ഇബ്‌നു അറബിയുടെ വീക്ഷണമനുസരിച്ച് മിസ്റ്റിക്കല്‍ ഗോളശാസ്ത്രം‘(Mystical Astrology according to Ibn Arabi) എന്നീ ഫ്രഞ്ച് കൃതികള്‍ക്കെഴുതിയ അതുല്യമായ ആമുഖത്തെ പറ്റി ചിന്തിച്ചു. ഹാര്‍വാര്‍ഡില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഈ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഇബ്‌നു അറബിയുടെയും അദ്ദേഹത്തിന്റെ സ്‌കൂളിന്റെയും അധ്യാപനങ്ങളുടെ സത്തയെ റെനെ ഗേനന്‍ (ഷെയ്ഖ് അബ്ദുല്‍വാഹിദ് യഹ്‌യ) വികസിപ്പിച്ചെടുക്കുകയും, ശുവോനില്‍ അത്ഭുതകരമാം വിധം സമ്പൂര്‍ണമാകുകയും ശൈഖുല്‍ അക്ബറിനെക്കുറിച്ചുള്ള പഠനത്തില്‍ ബുക്കാര്‍ട്ട് പ്രയോഗിക്കുകയും ചെയ്ത അതിശക്തവും വ്യക്തവുമായ അതിഭൗതിക ഭാഷയില്‍ വിശദീകരിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു ഈ ഗ്രന്ഥങ്ങള്‍.

ഇബ്‌നു അറബിയുടെ ഗ്രന്ഥങ്ങള്‍ അറബിയിലും പേര്‍ഷ്യനിലും ഉള്ള നിരവധി വ്യാഖ്യാനങ്ങളുടെ സഹായത്താലും പേര്‍ഷ്യയിലെ പരമ്പരാഗത പണ്ഡിതന്മാരോടൊപ്പവും വിശിഷ്യാ ഹെന്റ്രി കോര്‍ബിന്‍, തോഷിഹികോ ഇസിട്‌സു (ഇസിട്‌സുവിന്റെ ഇബ്‌നു അറബിയെ കുറിച്ചുള്ള പഠനത്തെ പറ്റി ബുക്കാര്‍ട്ട് മതിപ്പോടെ സംസാരിച്ചിട്ടുണ്ട്). എന്നിവരോട് ചര്‍ച്ച ചെയ്തും ആഴത്തില്‍ പഠിച്ച ആ നാളുകളില്‍, ബുക്കാര്‍ട് നേടിയെടുത്തത് ഒരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശൈഖുല്‍ അക്ബര്‍ എന്നറിയപ്പെട്ട ഇബ്‌നു അറബിയുടെ അതിഭൗതിക ജ്ഞാനത്തിന്റെ ഹൃദയം തൊട്ടറിയുന്നതിലും സൂഫിസത്തിന്റെ ബറകത്തില്‍ നിന്നോ മറ്റു സൂഫി പാരമ്പര്യത്തില്‍ നിന്നോ വേര്‍പെടാതെ സമകാലീന ഭാഷയില്‍ പരാവര്‍ത്തനം ചെയ്തു പ്രചരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ഒരേ സമയം പരമ്പരാഗതവും അതേ സമയം ജീവത്തായ ധിഷണയും വെളിച്ചവും നിറഞ്ഞതുമായ അദ്ദേഹത്തിന്റെ പരിഭാഷകളും വ്യാഖ്യാനങ്ങളും, സൂഫിസത്തെ മുഴുവന്‍ ഇബ്‌നു അറബിയിലേക്കും ഇബ്‌നു അറബിയെ സൈദ്ധാന്തിക അതിഭൗതിക ദര്‍ശനത്തിന്റ ബൗദ്ധികമായ വ്യാഖ്യാനത്തിലേക്കും ചുരുക്കുന്ന, പാരമ്പര്യ സ്‌കൂളിന്റെ ഭാഗമാണെന്നു സ്വയം അവകാശപ്പെടുന്നവരുടെ പണ്ഡിത നാട്യമുള്ള, വരണ്ട പരിഭാഷകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ പരിഭാഷകള്‍ക്കൊന്നും ബുര്‍കാര്‍ഡോ എനിക്ക് പേര്‍ഷ്യയില്‍ ചെന്ന് കാണാന്‍ ഭാഗ്യം ലഭിച്ച പരമ്പരാഗത പണ്ഡിതന്മാരോ വ്യാഖ്യാനിച്ച പോലെ ഇബ്ന്‍ അറബിയുടെ അധ്യാപനങ്ങളിലെ ജീവത്തായ അംശത്തെ വിശദീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ഇബ്‌നു അറബി സ്‌കൂളിനൊപ്പമുള്ള പില്‍കാല അനുഭവങ്ങള്‍ ഡമസ്‌കസില്‍ ടൈറ്റസിനൊപ്പം ഇരുന്ന ആ നിമിഷങ്ങളുടെ സ്മരണ എന്നിലേക്ക് തിരിച്ചുകൊണ്ട് വരുന്നുണ്ട്. പരമ്പരാഗതമായ എല്ലാ അതിഭൗതിക ദര്‍ശനങ്ങളുടെയും സൂഫിസത്തിന്റെ എല്ലാ അധ്യായങ്ങളുടെയും ഹൃദയ ഭാഗത്ത് സത്യത്തെ കുറിച്ച് ചിന്തിച്ച് അതില്‍ മുഴുകി ടൈറ്റസ് ഇരിക്കുന്ന ചിത്രത്തെ ഞാന്‍ വിഭാവനം ചെയ്യുന്നു. ഇബ്‌നു അറബിയുടെ മഖാമില്‍ അനന്യ സാധാരണമായ വ്യക്തിയും മഹനീയ ഗുണവും താന്‍ ആഴത്തിലും നല്ല ധാരണയോടും കൂടി പഠിച്ച സത്യത്തിന്റെ സാന്നിധ്യത്താല്‍ തെളിച്ചം വന്ന മനസും തീക്ഷ്ണമായ ധിഷണയും കരസ്ഥമാക്കിയ ഒരു സന്യാസിവര്യന്റെ സവിശേഷതകളാണ് ബുക്കാര്‍ട് പ്രകടിപ്പിച്ചത്.

ഒടുവില്‍ സൂഫിസത്തിന്റെ ചരിത്രത്തില്‍ അദ്വിതീയം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വിധം ഇബ്‌നു അറബി രൂപീകരിച്ച സൂഫിസത്തിന്റെ സാരവത്തായ അതീന്ദ്രിയ ജ്ഞാനവും അതിനേക്കാള്‍ കുറഞ്ഞ അളവില്‍ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന അധ്യാപനങ്ങളും അതിവിശാലമായ കാന്‍വാസില്‍ ഒന്നിനോടൊന്നു ഇഴ ചേര്‍ന്ന് നില്‍ക്കുന്ന അനുഭവത്തോട് ഹൃദയം കൊണ്ട് അടുത്തം വന്നത് പോലെയാണ് ഞങ്ങള്‍ പിരിഞ്ഞത്. ടൈറ്റസ് തുടര്‍ന്ന് ഇബ്‌നു അറബി വ്യക്തമായി എഴുതിയിട്ടുള്ള അനുഗ്രഹീത പ്രവാചകന്റെ നിശാ പ്രയാണത്തിനായി നിശ്ചയിക്കപ്പെട്ട സ്ഥലവും ടൈറ്റസ് തന്റെ പേരായി സ്വീകരിച്ച ഏക ദൈവ വിശ്വാസത്തിന്റെ പിതൃ സ്വരൂപമായ അബ്രഹാമിന്റെ ഹെബരോനിലെ ശവകുടീരവും സന്ദര്‍ശിക്കുവാന്‍ യരൂശലെമിലേക്ക് പോയി. അനുഗമിക്കുന്നുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിക്കാതിരുന്നില്ല. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ എനിക്ക് മറ്റു ചില ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ടെഹ്‌റാനിലേക്കും പോയി. പിന്നീട് രണ്ട് തീര്‍ത്ഥാടനങ്ങളിലൂടെ തനിക്കു കൈവന്ന അസാധാരണമായ അനുഗ്രഹങ്ങളെയും ആ അനുഗ്രഹങ്ങള്‍ അത്രയും ഇബ്‌നു അറബിയുടെയും സയ്യിദ് സൈനബിന്റെയും മഖാമുകള്‍ സന്ദര്‍ശിച്ചപ്പോള്‍ തനിക്കു ലഭിച്ച അനുഗ്രഹങ്ങളുടെ തുടര്‍ച്ച ആണെന്നും അദ്ദേഹം എനിക്കെഴുതി. വര്‍ഷങ്ങള്‍ക്കു ശേഷം കഅബ ത്വവാഫ് ചെയ്തപ്പോള്‍ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന ബറകത്തിനും കേന്ദ്രത്തെ പ്രതിഫലിപ്പിക്കുകയും പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്ന രണ്ടാമത്തെ തരത്തിലുള്ള കേന്ദ്രങ്ങള്‍ക്കുമിടയിലുള്ള ബന്ധവും മക്കന്‍ വെളിപാടുകളുടെ രചയിതാവായ ഇബ്‌നു അറബിയുടെ മഖാം സന്ദര്‍ശിച്ച അനുഭവവും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്തു. ടൈറ്റസ് ക്ഷണികതയുടെ മണ്ഡലം ഉപേക്ഷിച്ചു മഹത് ചൈതന്യം നിലകൊള്ളുന്ന അത്യുന്നതങ്ങളിലേക്ക് പോയി. എന്നാല്‍ ആര്‍ജിത ജ്ഞാനത്തിന്റെ ഫലങ്ങളായ അദ്ദേഹത്തിന്റെ രചനകള്‍ മുമ്പൊരിക്കലും സാധിക്കാത്ത വിധം സൂഫിസത്തെ കുറിച്ചു പൊതുവെയും ഇബ്‌നു അറബിയെ കുറിച്ച് വിശേഷമായും വെളിച്ചം പകര്‍ന്നു നില്‍ക്കുന്നു.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting