ജീവിതത്തിന്റെ ട്രാക്കിലേക്ക് വീണ്ടും
‘നിങ്ങള്‍ അവളെ ഒന്ന് മാറ്റിയെടുക്കണം, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം.’
അസാധാരണമായിരുന്നില്ല അയാളുടെ ആവശ്യം.
തങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കുള്ള (problem case) പരിഹാരമാണ് ആളുകള്‍ ഒരു കൗണ്‍സിലറില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഒരു കുറ്റാന്വേഷകനെപ്പോലെ അയാള്‍ അവരിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അവന്റെ/അവളുടെ മാനസിക തകര്‍ച്ചയെ മനസിലാക്കുക മാത്രമല്ല സാധാരണ നില പ്രാപിക്കുന്നതില്‍നിന്നും അവനെ/അവളെ തടയുന്ന പ്രശ്‌നകാരിയായ സ്വഭാവഘടനയെ കണ്ടെത്തുകയും വേണം. എല്ലാവരാലും അംഗീകരിക്കപ്പെട്ട സാധാരണ (normal) ‘ട്രാക്കിലേക്ക്’ പ്രശ്‌നം നേരിടുന്ന വ്യക്തിയെ (subject) തിരിച്ചു കൊണ്ടുവരണം.
എന്താണ് ‘ട്രാക്ക്’ കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഞാന്‍ അയാളോട് ചോദിച്ചു.
”ഭര്‍ത്താവിനോടും മതത്തിനോടും വിശ്വാസ്യത പുലര്‍ത്തുന്ന അനുസരണയുള്ള ഭാര്യയായി നിങ്ങളവളെ മാറ്റണം.”
”പക്ഷേ, അതെന്റെ തൊഴിലല്ല” ഞാന്‍ വ്യക്തമാക്കി.
അയാള്‍ക്കതു മനസ്സിലായില്ലെന്നു തോന്നി.
”ഞാന്‍ ആരെയും വിശ്വാസിയും അവിശ്വാസിയുമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.”
”പക്ഷേ നോക്കൂ, അവള്‍ എന്നെ അനുസരിക്കാതിരിക്കുന്നതില്‍ അസ്വഭാവികതയില്ലേ? മതം ആവശ്യപ്പെടുന്നതിന് തീര്‍ത്തും വിരുദ്ധമായാണ് അവള്‍ പെരുമാറുന്നത്. മതത്തെ, ഭര്‍ത്താവിനെ ബഹുമാനിക്കുക എന്ന നോര്‍മല്‍ അവസ്ഥയിലേക്ക് അവളെ കൊണ്ടുവരണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.’
മതമായിരുന്നു എപ്പോഴും അയാളുടെശരി. ഖുര്‍ആനും മറ്റ് ആധികാരിക ഗ്രന്ഥങ്ങളും വായിച്ച് ഭക്തനായ മുസ്‌ലിമായാണ് അയാള്‍ വളര്‍ന്നത്. ദൈവഭക്തിയും ആത്മാര്‍പ്പണവുമുള്ള വ്യക്തിത്വത്തെ രൂപീകരിക്കാന്‍ ഇത് അദ്ദേഹത്തെ ഒരുപാടു സഹായിച്ചിട്ടുണ്ട്.
അയാളെ സംബന്ധിച്ച്, മതം കേവലം വ്യക്തിപരമായിരുന്നില്ല. വിവാഹശേഷം തന്റെ കാഴ്ചപ്പാടിലുള്ള ഇസ്‌ലാമിക സ്ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്നവളായിരിക്കണം തന്റെ ഭാര്യയെന്നയാള്‍ ശഠിച്ചു. തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി തകര്‍ന്നു വീഴുന്നതു കണ്ടപ്പോള്‍ ശിരോവസ്ത്രം ധരിച്ച ഒരു കൗണ്‍സിലറില്‍ അയാള്‍ രക്ഷകയെ കണ്ടെത്തി.”എന്റെ ഭാര്യയെ ഒരു നോര്‍മല്‍ മുസ്‌ലിം സ്ത്രീയാക്കി മാറ്റി തരണം”
”നിങ്ങളീ പറയുന്ന അസ്വാഭാവികത അവള്‍ക്കുണ്ടോ എന്നറിയാന്‍ എനിക്കവളോട് സംസാരിക്കണം. എന്നാലും ഞാന്‍ ഒന്നുകൂടി പറയുന്നു, നിങ്ങള്‍ അവള്‍ എന്താകണമെന്നാഗ്രഹിക്കുന്നുവോ ആ രീതിയിലേക്ക് മാറ്റിയെടുക്കലല്ല എന്റെ പണി. വിവാഹ ജീവിതത്തില്‍ നിങ്ങള്‍ രണ്ടുപേരും നേരിടുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം”. ഞാന്‍ അയാളോട് പറഞ്ഞു. അതയാള്‍ക്ക് ബോധ്യപ്പെട്ടത് പോലെ തോന്നി.
ഭക്ഷണത്തിനു വകകണ്ടെത്താന്‍ ഏറെ പാടു പെടുന്ന ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു അവള്‍.വിദ്യാഭ്യാസത്തിലൂടെ മാത്രമേ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനാകൂ എന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു. ശ്രമം വെറുതെയായില്ല. പോസ്റ്റ്ഗ്രാജ്വേഷനും ബി.എഡിനും ശേഷം ഒരു വിദ്യാലയത്തില്‍ അവള്‍ ജോലി നേടി. പക്ഷേ അവളുടെ ആഗ്രഹം പോലെ ആ കുടുംബത്തിന് തണലായി മാറാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അതിനുമുമ്പു തന്നെ അവള്‍ ഒരു ഭാര്യയും ഒരമ്മയുമായി.
ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരമുള്ള ഒരു മാതൃകാ മുസ്‌ലിം സ്ത്രീയാകാന്‍ അവള്‍ ഒരുപാടു സമയമൊന്നുമെടുത്തില്ല. എങ്ങനെ പ്രാര്‍ത്ഥിക്കണം, എങ്ങനെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കണം, സ്‌കൂളിലെങ്ങനെ പെരുമാറണ0 തുടങ്ങി വളരെ നീണ്ട ‘എങ്ങനെ’കളുടെ ലിസ്റ്റ് ആണ് അയാള്‍ നല്‍കിയത്. അവളുടെ വിമോചനമെന്നാല്‍ അയാളെ അനുസരിക്കലായിരുന്നു. എങ്കിലും അവള്‍ക്കയാളോട് വെറുപ്പൊന്നും തോന്നിയില്ല.
അവളുടെ ശമ്പളം അദ്ദേഹത്തെ ഏല്‍പ്പിക്കുക എന്നുള്ളത് എണ്ണമില്ലാത്ത അയാളുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു. ആ പണം അവളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്ക് തരണമെന്ന് അവള്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. സ്വന്തം മാതാപിതാക്കളെ കാണുവാനും സഹായിക്കുവാനുമുള്ള അവളുടെ ആഗ്രഹവും വെറുതെയായി. ഒരു സ്ത്രീക്ക് അവളുടെ മാതാപിതാക്കളെ സഹായിക്കുവാനും, ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങിക്കുവാനും സമ്പാദിക്കുവാനും ഇസ്‌ലാം അനുവദിക്കുന്നില്ലേ? ഭര്‍ത്താവ് അവള്‍ക്ക് നല്‍കിയ പുസ്തകങ്ങളില്ലാം ഉത്തരം ‘ഇല്ല’ എന്നായിരുന്നു. അയാള്‍ നിര്‍മിച്ചു നല്‍കിയ ‘നല്ല ഭാര്യ’ ചട്ടക്കൂടില്‍ നിന്ന് ശ്വാസം മുട്ടി തുടങ്ങിയ അവള്‍ പ്രതികരിക്കാന്‍ തുടങ്ങി. അയാളുടെ ചില കല്പനകള്‍ക്കെങ്കിലും പറ്റില്ല എന്ന് മറുപടി നല്‍കി. ഇതായിരുന്നു അവളില്‍ അയാള്‍ കണ്ടെത്തിയ അസാധാരണത്വങ്ങ (Abnormality)ളുടെ തുടക്കം.
മറ്റൊരാളുണ്ടായിരുന്നു. വിദ്യാലയത്തില്‍ അവളുടെ സഹപ്രവര്‍ത്തകനായിരുന്നു അയാള്‍. മാന്യനും സന്തോഷവാനുമായ അയാള്‍ അവളുടെ സുഹൃത്തായിരുന്നു. അവളുടെ വിഷമങ്ങളെല്ലാം തന്നെ അവള്‍ അയാളുമായി പങ്കുവെക്കും. എന്നാല്‍ കേവലം സുഹൃത്തുക്കള്‍ മാത്രമായിരുന്നു അവര്‍. അതിനപ്പുറത്തേക്ക് തങ്ങളുടെ ബന്ധം കൊണ്ടുപോകുന്നതില്‍ നിന്നും – സൗഹൃദത്തിന്റെ പവിത്രവും അദൃശ്യവുമായ വലക്കണ്ണികളെ ഭേദിക്കുന്നതില്‍ നിന്നും അവര്‍ സ്വയം സൂക്ഷിച്ചു. തന്റെ ഭര്‍ത്താവിനും തനിക്കുമിടയില്‍ നിലനില്‍ക്കുന്ന വലിയ വിടവിനെ സൗഹാര്‍ദ്ദത്തിന്റെ പങ്കുവെക്കലിലൂടെ നികത്താനാകും വിധം ലൈംഗികതയില്ലാത്ത ബന്ധത്തിനാണവള്‍ ശ്രമിച്ചത്. ഒരു സുഹൃത്തിന്റെ ആശ്വാസവാക്കുകള്‍ അവളുടെ ദു:ഖത്തെ നേരിടാനും ചെറുക്കാനും അവള്‍ക്ക് സഹായകമായി.
ഓരോ ദിവസവും അവള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവളും
ശക്തയുമാകുന്നതും താന്‍ വിഷാദനായിത്തീരുന്നതും അവളുടെ ഭര്‍ത്താവ് തിരിച്ചറിഞ്ഞു. ഒരുദിവസം അവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍, താന്‍ വേദനകള്‍ പങ്കുവെക്കാറുള്ള സുഹൃത്തിനെക്കുറിച്ച് അവള്‍ വെളിപ്പെടുത്തി. ”നീ ജോലി ഉപേക്ഷിക്കണം” അയാള്‍ വാതില്‍ ഊക്കോടെ അടച്ചു.പിന്നീട്, പരിശുദ്ധമായ അവരുടെ സൗഹൃദത്തെക്കുറിച്ചും ഇസ്‌ലാമികവിരുദ്ധമായി അതിലൊന്നുമില്ലെന്നൊക്കെ അവള്‍ പറയാന്‍ ശ്രമിച്ചു. സുഹൃത്തും ഭര്‍ത്താവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. പ്രധാനമായും ഭര്‍ത്താവിന് ഒരു സുഹൃത്താവാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ത്രീക്ക് സുഹൃത്തിനെ മറ്റാരിലെങ്കിലും കണ്ടെത്തേണ്ടിവരും. പക്ഷേ അവളുടെ നന്മക്കുവേണ്ടി ആ സൗഹൃദത്തെ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ മാത്രം ശക്തമാണ് അവളുടെ മതബോധം.
പക്ഷേ അതൊന്നും അയാള്‍ക്ക് ബോധ്യപ്പെട്ടില്ല. പ്രത്യേകിച്ചും മതത്തെക്കുറിച്ചുള്ള അവളുടെ പരാമര്‍ശം. അയാളെ സംബന്ധിച്ച് മതം പണ്ഡിതനല്ലാത്ത ഒരാള്‍ വ്യാഖ്യാനിക്കേണ്ടതോ വാദിക്കേണ്ടതോ അല്ല. പ്രത്യേകിച്ചും ഒരു സ്ത്രീ. അവര്‍ നഗരത്തിലെ ഒരു പണ്ഡിതനെ കണ്ടെത്തി. അയാള്‍ക്കു മുമ്പില്‍ അവള്‍ തന്റെ വാദങ്ങള്‍ നിരത്തി.
നിയമശാസ്ത്രത്തിലൂടെ അയാള്‍ നേടിയ അറിവുകള്‍ക്കൊന്നും അവളുടെ വാദത്തോട് അനുയോജിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ അപ്രീതി നേടിക്കൊണ്ട് അപരിചിതരോട് സംസാരിക്കുന്നതും സൗഹൃദമുണ്ടാക്കുന്നതും മതപരമായി തെറ്റാണ്. മുഹമ്മദ് നബി സ്ത്രീകളോട് സംസാരിക്കുകയും അവരുടെ വിഷമങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നെന്നും അവള്‍ വാദിച്ചുവെങ്കിലും പണ്ഡിതന്മാരുടെ ആധികാരിക ശബ്ദം അവളെ തെറ്റുകാരിയെന്നു വിശ്വസിപ്പിച്ചു. അതിന്റെ ഭാഗമായാണ് അവള്‍ ജോലി ഉപേക്ഷിച്ചത്.
* * * *
ജോലി ഉപേക്ഷിച്ച ശേഷം മൗനത്തിന്റെയും വിരസതയുടെയും നിശബ്ദ ലോകത്തേക്ക് അവള്‍ ഒതുങ്ങി. അവളെ സംബന്ധിച്ച് അയാളെ അനുസരിക്കുക എന്നുള്ളതായിരുന്നു നല്ല സാധ്യത. പക്ഷേ മൗനവും അനുസരണയും പ്രതിഷേധത്തിന്റെ ഭാവം കയ്യേറി. പ്രധാനമായും അടുക്കളയിലും കിടപ്പുമുറിയിലും നിശബ്ദത തളം കെട്ടിനിന്നു.
തകര്‍ന്നുകൊണ്ടിരിക്കുന്ന അവരുടെ ദാമ്പത്യജീവിതത്തെ സംരക്ഷിക്കാന്‍ ഞാന്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ വെച്ചു. ഒന്ന് അവനും രണ്ടെണ്ണം അവള്‍ക്കും.1. അയാളുടെ സങ്കല്‍പ്പത്തിലുള്ള ഭാര്യയുമായി താരതമ്യപ്പെടുത്താതെ യഥാര്‍ത്ഥത്തില്‍ അവളെന്താണെന്ന് മനസ്സിലാക്കണം. അതിനുവേണ്ടി അയാളുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുള്ള കുട്ടിയല്ല, അവളെന്നു തിരിച്ചറിയേണ്ടതായും അവളെ വിശ്വസിക്കേണ്ടതായും വരും. ഇതേ മനോഭാവമാണ് അവളുടെ ഭാഗത്തുനിന്നുമുണ്ടാവേണ്ടത്. പരസ്പരമുള്ള വിശ്വാസത്തിലൂടെയും സ്‌നേഹത്തിലൂടെയും മാത്രമേ ഒരുമിച്ചു അവരുടെ ജീവിതത്തെ നിലനിര്‍ത്താന്‍ കഴിയൂ. പക്ഷേ ആ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാന്‍ അയാള്‍ തയ്യാറായില്ല.ഞാന്‍ അവളെപ്പോലെ അബ്‌നോര്‍മല്‍ അല്ല എന്നാണ് അയാള്‍ ഉന്നയിച്ച കാരണം.
2.അവളുടെ ആഗ്രഹപ്രകാരം ജീവിക്കുകയും ഭര്‍ത്താവുമായി സൗഹൃദബന്ധം നിലനിര്‍ത്തുകയും വേണം. ഇതു രണ്ടും ഉള്‍ക്കൊള്ളാന്‍ അവള്‍ തയ്യാറായില്ല. അത് ഒരു തെറ്റായ തീരുമാനമായിരുന്നു. വിവാഹമോചിതയായ അവള്‍ മാതാപിതാക്കള്‍ക്ക് ഒരു ഭാരമാകും. യാഥാസ്ഥികവും പുരുഷാധിപത്യപരവുമായ കാഴ്ചപ്പാടുകളുള്ള കേരളീയ സമൂഹത്തിന് സ്ത്രീ സ്വത്വത്തെക്കുറിച്ച് ചില ധാരണകളുണ്ട്. അവള്‍ വിശ്വസിക്കുന്ന മൂല്യങ്ങളോട് ഏറ്റുമുട്ടുന്നതായിരുന്നു ഈ ധാരണകള്‍ അവള്‍ ഉള്‍ക്കൊണ്ട സമത്വമെന്ന കാഴ്ചപ്പാടിനെ പാളികളായി മറച്ചുകൊണ്ടുള്ളതാണ് അവള്‍ വസിക്കുന്ന പ്രദേശത്തെ സാമൂഹിക ധാരണ. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മുസ്‌ലിംകള്‍ കൊണ്ടു നടക്കുന്ന സ്ത്രീധന സമ്പ്രദായത്തെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നു എന്നത്.
വിവാഹമോചിതയായ ഒരു സ്ത്രീ, പ്രത്യേകിച്ചും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി വിശ്വാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീയായാണ് സമൂഹം അവളെ വിലയിരുത്തുക. ഇതവള്‍ക്ക് ചുറ്റും ഒരുപാട് വിലക്കുകളുണ്ടാക്കും. അതവളെ ഏകാന്തതയിലേക്കു മാത്രമേ കൊണ്ടെത്തിക്കൂ. വിശ്വാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ചതിന്റെ പേരില്‍ മറ്റൊരു വിവാഹത്തിനോ ഒരുമിച്ചുള്ള ജീവിതത്തിനോ സാധിക്കില്ല. അങ്ങനെയെങ്കില്‍ അവള്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഒരു ബാധ്യതയാകും.
3. അവളുടെ വ്യക്തിത്വത്തെക്കുറിച്ചും മറ്റൊരു സ്വത്വത്തെക്കുറിച്ചും അവളെ ബോധ്യപ്പെടുത്തുന്നതില്‍ അയാള്‍ക്കൊരു പങ്കുണ്ട്. പക്ഷേ അതൊരിക്കലും അയാളുടെ വ്യക്തിത്വത്തിന്റെ മാറ്റ് കുറക്കില്ല. അവള്‍ക്കൊരു വ്യക്തിത്വമുണ്ടാകുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് അയാളെ മാത്രമല്ല അവളെയും ബോധ്യപ്പെടുത്തി.
ഇതൊരു തന്ത്രപരമായ നീക്കമായിരുന്നു. തന്റെ കുടുംബമൊത്തുള്ള ജീവിതാനന്ദം മക്കളുടെ വളര്‍ച്ചയേയും, ഭാര്യയുടെ തൊഴിലിനെയുമൊക്കെ ആശ്രയിച്ചിരിക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ അയാള്‍ ശാന്തത കൈവരിച്ചു. ഇപ്പോള്‍ വീണ്ടും അവള്‍ക്ക് വരുമാനമുണ്ട്. അവളുടെ ശമ്പളത്തില്‍ നിന്നും അവളുടെ ആവശ്യങ്ങള്‍ക്കു പണം ചിലവഴിക്കുവാനും (പകുതി) സ്വരൂപിക്കുവാനും അയാള്‍ സമ്മതിച്ചു. അതായിരുന്നു ഒടുക്കം.
* * * *
ചുറ്റുപാടുകളില്‍ നിന്ന് തന്റെ വ്യക്തിത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഘടകങ്ങളോട് പ്രതികരിക്കുന്നതിനായി വ്യക്തി തന്നില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്തഭ്രമഭാവന (Paranoid Adaptation). ഈ അനുവര്‍ത്തനങ്ങള്‍ തന്റെ സ്വത്വത്തിന് ഭീഷണിയാവുന്ന ഘടകങ്ങളോടുള്ള ഏറ്റുമുട്ടലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ്. തമാശ (humour) ഒരു പോസിറ്റിവ് അഡാപ്‌റ്റെഷനും ചിത്തഭ്രമം നെഗറ്റീവും ആണ്.
തന്റെ ഭാര്യക്ക് അവളുടെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും കിട്ടുന്ന ശ്രദ്ധയും പ്രാധാന്യവും തനിക്കു ഭീഷണിയാണെന്ന് അയാള്‍ ധരിച്ചു വെക്കുന്നു. അവള്‍ക്കു കിട്ടുന്ന സ്വാതന്ത്ര്യം അവള്‍ക്കൊരു വ്യക്തിത്വത്തെ പ്രദാനം ചെയ്യുമെന്നും അതു തനിക്കു ഭീഷണിയാകുമെന്നും തോന്നിയപ്പോഴാണ് അയാള്‍ക്കവള്‍ ശത്രുവായത്.
തന്നിലുള്ള ചിത്തഭ്രമ ഭാവനയെ മറച്ചുവക്കാനാണ് അയാള്‍ ഇസ്‌ലാം മതത്തെ ഉപയോഗിക്കുന്നത്. ഈ അവസ്ഥയിലാണ് ഒരു പ്രൊഫഷണല്‍ കൗണ്‍സിലര്‍ക്ക് അവരുടെ ബന്ധത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും അവരുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനും സാധിച്ചത്. പ്രധാനമായും രോഗിയെ അയാളുടെ പ്രശ്‌നത്തെക്കുറിച്ച് അറിയിക്കാതെ.
* * * *
കുറച്ചു മാസങ്ങള്‍ക്കു ശേഷം അവര്‍ നല്ല ജീവിതം തുടരുന്നെന്ന് അവള്‍ എന്നെ വിളിച്ചറിയിച്ചു.
വിവര്‍ത്തനം: രജ്ഞിനി. ഐ
Connect
Connect with us on the following social media platforms.