വായന, വ്യാഖ്യാനം
ഖുര്‍ആന്‍ നിറയെ ചോദ്യങ്ങളാണ്. എന്നാല്‍ അത് എത്രത്തോളം ഉത്തരങ്ങള്‍ നല്‍കുന്നു?
ഒരു തലത്തില്‍ വായിക്കാന്‍ വളരെ എളുപ്പമുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഭക്തരായ മുസ്‌ലിംകള്‍ എല്ലാ ദിവസവും ഭക്തിയോടെ അത് പാരായണം ചെയ്യുന്നു. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഭാഗമായ ഭക്തിയോടെയുള്ള പാരായണം നാം വായിക്കുന്നതെന്തോ അത് മനസ്സിലാക്കുന്നതില്‍ വളരെയൊന്നും നമ്മെ മുമ്പോട്ട് കൊണ്ടു പോകുന്നില്ല. മുസ്‌ലിംകളല്ലാത്തവര്‍ പരിഭാഷയിലൂടെ അത് വായിക്കുന്നു. പരിഭാഷ തീര്‍ച്ചയായും ഖുര്‍ആനല്ല; അതിന് മൂലകൃതിയുടെ ശക്തിയില്ല; പരിഭാഷ എത്ര തന്നെ നന്നായാലും, ഈ ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ സത്ത പകരുവാന്‍ അതിന്ന് കഴിയില്ല.
മൂലഗ്രന്ഥത്തിന്റെ അര്‍ത്ഥത്തെ, ബോധപൂര്‍വ്വമായോ അല്ലാതെയോ, തകിടം മറിക്കാനും പരിഭാഷകളെ ഉപയോഗിക്കാന്‍ കഴിയും. സങ്കീര്‍ണ്ണമായ ഒരു മൂലഗ്രന്ഥം, പ്രത്യേകിച്ച് ശാശ്വതമെന്ന് ഗണിക്കപ്പെടുന്ന ഒരു ഗ്രന്ഥം, പല തരത്തിലും വായിക്കാനും വ്യാഖ്യാനിക്കാനും കഴിയും. എന്നെ സംബന്ധിച്ചേടത്തോളം, ഖുര്‍ആന്‍ വായിക്കാന്‍ ഏറ്റവും നല്ലത് ന്യായവാദാധിഷ്ഠിത (argumentative) രീതിയാണ്. വേദഗ്രന്ഥം ആവശ്യപ്പെടുന്നതും അത് തന്നെയാണ്. ഖുര്‍ആന്‍ നിറയെ ചോദ്യങ്ങളാണ്. ”എങ്ങനെ നിങ്ങള്‍ക്ക് അല്ലാഹു അല്ലാതെ മറ്റൊരാളെ ആരാധിക്കാന്‍ കഴിയും?” ”എങ്ങനെ ഇത് സംഭവിച്ചു?” ”നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?” ”നിങ്ങള്‍ കേട്ടിട്ടുണ്ടോ?” ”എന്താണവര്‍ ചോദിക്കുന്നത്?” ഖുര്‍ആന്‍ നിറയെ വാദപ്രതിവാദങ്ങളാണ്, വിശേഷിച്ച് നീണ്ട അദ്ധ്യായങ്ങളില്‍. വ്യക്തമായും, നല്ല വാദം ഇഷ്ടപ്പെടുന്നവനാണ് ദൈവം. ഈ വാദങ്ങള്‍ക്കെല്ലാം മറുപടി ലഭിച്ചുവോ എന്നതാണ് ചോദ്യം. ചിന്തിക്കാനും മനനം ചെയ്യാനും ഖുര്‍ആന്‍ അതിന്റെ വായനക്കാരെ ക്ഷണിക്കുമ്പോള്‍ അവര്‍ക്കെല്ലാം അത് ഉത്തരങ്ങളും കൊടുക്കുന്നുണ്ടോ? ഉത്തരങ്ങള്‍ കണ്ടെത്തുന്ന ജോലി വിശ്വാസികളുടെ വിവേകത്തിന് വിട്ടുകൊടുത്തതാണെങ്കില്‍, വിവാദവിഷയങ്ങള്‍ക്കവര്‍ കഴിഞ്ഞ 1400ലേറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തിയോ?
എന്റെ അഭിപ്രായത്തില്‍, ഖുര്‍ആന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും എല്ലാ ഉത്തരങ്ങളും നല്‍കുന്നില്ല. അത് തത്വങ്ങളും ധാര്‍മ്മിക-സദാചാര മൂല്യങ്ങളുടെ ചട്ടക്കൂടും നല്‍കുന്നു. എല്ലാ വിഷയങ്ങളും ഖുര്‍ആനില്‍ വിശദീകരിക്കുകയോ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കാത്ത വിധത്തില്‍ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. വായനക്കാരനാണ് വേദഗ്രന്ഥവുമായി മല്ലിട്ട് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത്. എന്നാല്‍ പോലും, ഖുര്‍ആന്‍ അക്ഷരാര്‍ത്ഥപ്രധാനമായി വായിക്കണമെന്ന് വാദിക്കുകയും അതില്‍ ഉറച്ച് വിശ്വസിക്കുകയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ ആവശ്യമായ എല്ലാ ഉത്തരങ്ങളും അതിലുണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്യുന്ന മുസ്‌ലിംകളുമുണ്ട്. ഇത് ശരിയാണെങ്കില്‍ ഖുര്‍ആന്റെ വ്യാഖ്യാനത്തിനായി ധൈഷണിക മൂല്യമുള്ള ഇത്രയേറെ ഗ്രന്ഥങ്ങള്‍ ഇതിനകം ഉണ്ടാകുമായിരുന്നില്ല.
അതിനാല്‍ മുസ്‌ലിം വ്യാഖ്യാന ചരിത്രം എങ്ങനെ നിലവില്‍ വന്നു എന്ന് നമുക്ക് പരിശോധിക്കാം. ആദ്യ ഖലീഫമാരായ അബൂബക്കര്‍ , ഉമര്‍ , ഉസ്മാന്‍ , അലി എന്നീ നാല് പേരാണ് പ്രവാചകന്‍ മുഹമ്മദിന്റെ പിന്‍ഗാമികള്‍ . അവര്‍ പ്രവാചകന്‍ ഖുര്‍ആന്‍ പഠിപ്പിക്കുകയും വിശദീകരിക്കുകയും സമുദായത്തിന്റെ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുകയും ചെയ്യുന്നത് നേരിട്ട് ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലും, അവര്‍ നേതാക്കളായപ്പോള്‍ പുതിയ അനേകം പ്രശ്‌നങ്ങള്‍ നേരിടുകയുണ്ടായി. ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ അവ എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ചും എന്ത് തീരുമാനമെടുക്കുമെന്നതിനെക്കുറിച്ചും വ്യക്തതയില്ലാതിരിക്കുകയോ അറിവില്ലാതിരിക്കുകയോ ചെയ്ത സാഹചര്യങ്ങളുണ്ടായിരുന്നു. അങ്ങനെ വന്നപ്പോള്‍ സമാനമായ പ്രശ്‌നങ്ങളില്‍ പ്രവാചകന്‍ എന്ത് തീരുമാനമാണ് കൈക്കൊണ്ടതെന്നറിയാനായി മറ്റുള്ള അനുചരന്മാരെ വിളിക്കുകയും ഏതെങ്കിലും കാര്യത്തില്‍ പ്രവാചകന്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍തങ്ങള്‍ സാക്ഷ്യം വഹിച്ച കാര്യങ്ങളില്‍ അവരുടെ അഭിപ്രായങ്ങളാരായുകയും ചെയ്യുന്നത് അവരുടെ ഒരു ശീലമായി വളരുകയുണ്ടായി. അവര്‍ നല്‍കിയ ഇത്തരം റിപ്പോര്‍ട്ടുകള്‍ വാക്‌രൂപത്തിലും ലിഖിതരൂപത്തിലുമുണ്ടായിരുന്നു. അങ്ങനെയാണ് പ്രവാചക ചര്യ രേഖപ്പെടുത്തി വെക്കുന്ന സമ്പ്രദായം – ഹദീസ്, സുന്നത്ത് – ഉല്‍ഭവിച്ചത്. പ്രവാചകന്റെ വാക്കുകളാണ് ഹദീസ്; അവിടുന്ന് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യങ്ങളാണ് സുന്നത്ത്. രണ്ടും ഖുര്‍ആനില്‍ നിന്ന് വ്യത്യസ്തമാണ് താനും. ആദ്യകാലം മുതല്‍ക്ക് തന്നെ ഇവ രണ്ടും ഖുര്‍ആനെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള സ്രോതസ്സുകളായാണ് അംഗീകരിക്കപ്പെട്ടു വന്നത്.
മുസ്‌ലിം ചരിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ഉദയം ചെയ്ത മറ്റൊരു ഖുര്‍ആനിക ശാസ്ത്രം ദൈവിക വചനങ്ങള്‍ ഓരോന്നും അവതീര്‍ണ്ണമായ കാലവും സാഹചര്യങ്ങളും സംബന്ധിച്ച പഠനമാണ്. ചോദ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കാനും ഖുര്‍ആന്റെ അര്‍ത്ഥം മനസ്സിലാക്കാനും പ്രവാചകന്‍ മുഹമ്മദിന്റെ മക്കയിലേയും മദീനയിലേയുംസമൂഹം, സംഭവവികാസങ്ങള്‍, ആചാരങ്ങള്‍, ശീലങ്ങള്‍ എന്നിവയെസംബന്ധിച്ച് കഴിയാവുന്നേടത്തോളം പഠിക്കേണ്ടതാവശ്യമായിരുന്നു. ഇത് അന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ട കാര്യമായിരുന്നു. ഇതനുസരിച്ച്, ഖുര്‍ആന്‍ സംബന്ധിച്ച അറിവിനെ സന്ദര്‍ഭാനുസൃതമായവ എന്നും (ദിവ്യസൂക്തം അവതീര്‍ണ്ണമായ ഒരു പ്രത്യേക സ്ഥലവുമായും കാലവുമായും ബന്ധപ്പെട്ടവ), കാലാതീതവും ശാശ്വതവും ഏത് സ്ഥലത്തും സാഹചര്യത്തിലും പ്രസക്തവുമായ ഖുര്‍ആനിക സന്ദേശത്തിന്റെ പൊതു തത്വങ്ങളില്‍ പെട്ടവയെന്നും വേര്‍തിരിക്കേണ്ടതുണ്ടായിരുന്നു. ഒരു പ്രത്യേക കാലഘട്ടത്തിലേക്കുള്ളവയെന്നും പൊതുവായതും എല്ലാ കാലത്തേക്കുമുള്ളതെന്നും തരം തിരിക്കാനായി, യുക്ത്യാനുസാരമുള്ള ചിന്തനത്തിനും തീര്‍പ്പുകള്‍ക്കുമായി ഒരു കൂട്ടം നടപടിക്രമങ്ങള്‍ അങ്ങനെ രൂപം കൊണ്ടു. എന്നാല്‍ പോലും, വ്യാഖ്യാനം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമായിരുന്നു.
പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അക്കാലത്ത് രൂപം കൊണ്ട ഒരു പ്രത്യേക നടപടിക്രമം അഭിപ്രായൈക്യം ആയിരുന്നു. തീരുമാനങ്ങളെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്ന നിലയില്‍ ഖുര്‍ആന്‍ ശുപാര്‍ശ ചെയ്യുന്നതും അഭിപ്രായൈക്യം – ഇജ്മാഅ് – ആണ്. അഭിപ്രായൈക്യം എന്നത് വിവിധങ്ങളായ അഭിപ്രായങ്ങളിലൂടെ രൂപപ്പെടുന്ന ഒരു തീരുമാനമാണ്. വിശ്വാസികളോ ഒരു കൂട്ടം പണ്ഡിതന്മാരോ എത്തിപ്പെടുന്ന വ്യാഖ്യാനമാണ് അത് എന്ന് നിര്‍വ്വചിക്കാവുന്നതാണ്. അഭിപ്രായൈക്യം സ്വീകരിക്കുന്നു എന്ന് വച്ച് ഏതെങ്കിലും കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതിനെയോ എന്തെങ്കിലും നടപ്പാക്കുന്നതിനെയോ മുന്‍കൂട്ടി തടയണം എന്നര്‍ത്ഥമില്ല. എന്നാല്‍ അഭിപ്രായൈക്യത്തെ കൂടുതല്‍ ആശ്രയിക്കുമ്പോള്‍, ഖുര്‍ആന്റെ അര്‍ത്ഥം കണ്ടെത്തുന്നതിന് ഉപയോഗിച്ചു വരുന്ന യുക്തിയുടെ സാധ്യതകളെ കയ്യൊഴിക്കുക എന്നാണര്‍ത്ഥം വരിക. അങ്ങനെ വരുമ്പോള്‍ പൂര്‍വ്വസൂരികളുടെ അഭിപ്രായൈക്യത്തെ ആശ്രയിക്കുന്ന ആള്‍ ഫലപ്രദമായി ചെയ്യുന്നത്, കാലാതീതവും അനശ്വരവുമായ ഒന്നിനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാറ്റമില്ലാത്തതും സ്ഥിരവുമായ ഒന്നാക്കി മാറ്റുകയാണ്. അതിന് ശേഷം എത്രയോ മാറ്റങ്ങളുണ്ടായിട്ട് പോലും. സാധാരണ പണ്ഡിതന്മാര്‍ക്ക് ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍ കുത്തക അനുവദിച്ചു കൊടുക്കുക എന്ന് കൂടി ഇതിന് അര്‍ത്ഥം വരുന്നു. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല.
എന്നാല്‍ പോലും, മഹാന്മാരായ പണ്ഡിതന്മാര്‍ വിശേഷിച്ച് മുസ്‌ലിം ചരിത്രത്തിന്റെ ആദ്യ ഘട്ടങ്ങളിലുണ്ടായിരുന്നവര്‍ എങ്ങനെ യുക്തിയുക്തം ചിന്തിച്ചു എന്ന് പഠിക്കുന്നതില്‍ എനിക്ക് വമ്പിച്ച സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു. ഖുര്‍ആന്‍ പ്രോല്‍സാഹിപ്പിച്ച അന്വേഷണശീലത്തെ അവര്‍ ഗൗരവമായിത്തന്നെ കണക്കിലെടുത്തു എന്നാണെനിക്ക് തോന്നുന്നത്. അവരുടെ രീതിശാസ്ത്രത്തില്‍ മിക്കവയും അവിശ്വസനീയമാംവിധം അവരുടെ കാലഘട്ടത്തിന്നനുസൃതമായിരുന്നു. അവരുടെ ചിന്താരീതികളും വാദഗതികളും ഉപയോഗിക്കുന്നതില്‍ ആധുനിക കാലഘട്ടത്തിലെ ഒരു പഠിതാവിന് തെല്ലും സങ്കോചം തോന്നുകയുമില്ല. അതിനാല്‍ പ്രധാനമെന്ന് എനിക്ക് തോന്നുന്ന ചില അടിസ്ഥാനതത്വങ്ങള്‍ ഞാനിവിടെ ചൂണ്ടിക്കാണിക്കട്ടെ.
ഒന്നാമതായി, അവര്‍ അംഗീകരിച്ച മാര്‍ഗദര്‍ശക തത്വം, ഖുര്‍ആന്‍ ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥമാണെന്നാണ്. സമ്പൂര്‍ണ്ണവും എല്ലാ കാലത്തും പ്രായോഗികവും ആണെന്ന് മാത്രമല്ല, അത് ആന്തരികമായി സ്ഥിരതയുള്ളതും യുക്തമായ ധാരണയിലെത്താന്‍ ഈ ഗ്രന്ഥം മൊത്തത്തില്‍ സഹായിക്കുന്നതുമാണ് എന്ന് കൂടിയാണ്. ഖുര്‍ആന്റെ സന്ദേശം ഈ ലോകത്തും പരലോകത്തും സാധ്യമായ ഏറ്റവും ഉത്തമമായതിലെത്താന്‍ സഹായിക്കുന്ന ശരിയായ ബന്ധങ്ങളുണ്ടാക്കാന്‍ സഹായിക്കുന്നു എന്ന് മറ്റൊരു രീതിയിലും പറയാം. ഖുര്‍ആനിലുള്ള എല്ലാം പരസ്പര ബന്ധിതമാണ്; ഓരോന്നും മറ്റുള്ളവയുടെ അര്‍ത്ഥകല്‍പനകളുമായി ഇഴ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ മറ്റു സൂക്തങ്ങളുമായി ഒരു സൂക്തം എങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്നു, ഒരു സൂക്തത്തിന്റെ വിവക്ഷ മറ്റു സൂക്തങ്ങളുടേതുമായി എങ്ങനെ ചേര്‍ന്ന് നില്‍ക്കുന്നു തുടങ്ങിയവ പരിഗണിക്കാതെയുള്ള സമീപനം യുക്തിക്ക് വിരുദ്ധമായിരിക്കും. ഖുര്‍ആനിനെ മനസ്സിലാക്കാനായി തഫ്‌സീറുകള്‍ എന്ന പേരില്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനങ്ങള്‍ രചിക്കുന്നത് അങ്ങനെ ഒരു സമ്പ്രദായമായി വന്നു പിന്നീട്. അവ ഖുര്‍ആന്‍ വാക്യങ്ങള്‍ ഓരോന്നോരോന്നായി മറ്റു സൂക്തങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നു.
ഒമ്പതാം നൂറ്റാണ്ടില്‍ ആദ്യ വ്യാഖ്യാനങ്ങളിലൊന്ന് രചിച്ച തബരിയും പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫഖ്‌റുദ്ദീന്‍ റാസിയും പോലുള്ള പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശുദ്ധഗ്രന്ഥത്തിന്റെ ആദ്യ സൂക്തത്തില്‍ നിന്ന് തുടങ്ങി അവസാന സൂക്തം വരെ ഓരോന്നിന്റെയും അര്‍ത്ഥവും വ്യാഖ്യാനവും നല്‍കുന്ന രീതിയാണ് സ്വീകരിച്ചത്. അവര്‍ മുഖ്യമായും ഖുര്‍ആന്റെ ഒരു ഭാഗം കൊണ്ട് മറ്റൊരു ഭാഗത്തെ വിശദീകരിച്ചു.ആവശ്യമായ സ്ഥലങ്ങളില്‍ മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു.ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ്ഡിന്റെ താത്വികാചാര്യന്‍ സയ്യിദ് ഖുതുബ്, ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി തുടങ്ങിയ ആധുനിക പണ്ഡിതന്മാരാവട്ടെ, തങ്ങളുടെ വിപ്ലവ വീര്യം ചെലുത്തിക്കൊണ്ട് പരമ്പരാഗത രീതിയില്‍ തന്നെ ഒരു വാക്യത്തിന് പിന്നാലെ മറ്റൊരു വാക്യത്തിന് വ്യാഖ്യാനങ്ങള്‍ രചിച്ചു. കാലം കുറെ കഴിഞ്ഞപ്പോള്‍, നുറുങ്ങുകളാക്കി ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന ഈ രീതിക്ക് പ്രശ്‌നങ്ങള്‍ വന്നു. ഖുര്‍ആനിലെ ഏത് സൂക്തമെടുത്തും അത് തന്നെ എല്ലാറ്റിനും ഉത്തരം എന്ന തരത്തില്‍ മുസ്‌ലിംകള്‍ അതെടുത്ത് പ്രയോഗിക്കുന്ന സ്ഥിതി അനിവാര്യമായും ഉണ്ടായി. മുസ്‌ലിം പാണ്ഡിത്യം എത്ര തന്നെ പരിഷ്‌കൃതമായാലും, പൂര്‍വ്വസൂരികളുടെ പൈതൃകം കാലാനുസൃതമായി മനസിലാക്കുന്നതിലും ഉപയോഗിക്കുന്നതിലും മുസ്‌ലിംകള്‍ ബുദ്ധി പ്രകടിപ്പിച്ചില്ല എന്നാണിത് കാണിക്കുന്നത്.
രണ്ടാമതായി, പൗരാണിക പണ്ഡിതന്മാര്‍ മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക സമ്പ്രദായങ്ങളെ, വ്യാഖ്യാനത്തിനും ഖുര്‍ആനിക തത്വങ്ങളുടെ പ്രയോഗവല്‍ക്കരണത്തിനുമുള്ള സാധുവായ സ്രോതസ്സായി സ്വീകരിക്കുകയുണ്ടായി. എന്റെ അഭിപ്രായത്തില്‍ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളിലൊന്ന്. ആധുനിക കാലഘട്ടത്തില്‍ ഇക്കാര്യം പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്. ഖുര്‍ആനിക തത്വത്തിന്റെ യുക്തിയുക്തമായ മാനദണ്ഡം വെച്ച് എല്ലാ മനുഷ്യപ്രവര്‍ത്തനങ്ങളും ആശയങ്ങളും മാറ്റുരച്ചു നോക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍, അനേകം സമ്പ്രദായങ്ങളും, പല രൂപത്തിലുള്ള മനുഷ്യപ്രവര്‍ത്തനങ്ങളും വിവിധ രൂപത്തിലുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളുമെല്ലാം ഖുര്‍ആനിക തത്വങ്ങളുമായി ഒത്തു പോവുന്നതായി കാണാന്‍ കഴിയും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നല്ല മുസ്‌ലിമാവാന്‍ ഒന്നിലേറെ വഴികളുണ്ട്. ഇസ്‌ലാം എന്നത് മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു ബ്രാന്‍ഡിന്റെ പേരല്ല. ഇസ്‌ലാമികമല്ലാത്ത രീതിയില്‍ മുസ്‌ലിംകള്‍ പെരുമാറാനും പ്രവര്‍ത്തിക്കാനും എത്ര സാധ്യതയുണ്ടോ, അത്ര തന്നെ സാധ്യതയുണ്ട് മുസ്‌ലിംകളല്ലാത്തവര്‍ ഇസ്‌ലാമിക രീതിയില്‍ പെരുമാറാനും പ്രവര്‍ത്തിക്കാനും!
എന്നെ സംബന്ധിച്ചേടത്തോളം, ഖുര്‍ആനിനെ സമീപിക്കാനും വ്യാഖ്യാനിക്കാനുമുള്ള കാഴ്ചപ്പാടുകളില്‍ ഏറ്റവും ഗാംഭീര്യമുള്ളതും ചലനാത്മകവുമായത് ഈ സമീപനമാണ്. ബാഹ്യമായ വായനയല്ല; നമ്മുടെ സംസ്‌കാരം, ചരിത്രം, ഭാഷ, വിശ്വാസങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങള്‍ക്കിടയില്‍ എങ്ങനെ മനുഷ്യര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള വിവക്ഷകളും അര്‍ത്ഥതലങ്ങളും തേടിയുള്ള യുക്തിസഹമായ ചിന്തയും ചോദ്യം ചെയ്യലും ആണത് ആവശ്യപ്പെടുന്നത്. മുസ്‌ലിം ചരിതം എന്ന നിലയിലും സമ്പ്രദായങ്ങളെന്ന നിലയിലും നാം അനന്തരമെടുത്ത പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും ശക്തമായ ഒരു സൂക്ഷ്മപരിശോധന അത് ആവശ്യപ്പെടുന്നു. മുസ്‌ലിമേതര സമൂഹത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും ഇതേ പോലെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. എല്ലാറ്റിനുമുപരി, മനുഷ്യസമൂഹത്തിന്നാകമാനം ഇടം നല്‍കപ്പെട്ടിരിക്കുന്നത് പരസ്പരബന്ധിതമായ ഒരു ലോകത്താണ് – എല്ലാവര്‍ക്കും ഒരു പോലെ. ഖുര്‍ആന്‍ അങ്ങനെയാണ് നമുക്ക് പറഞ്ഞു തരുന്നത്. അതിനാല്‍ വൈവിധ്യമാര്‍ന്ന ഒരു ലോകത്തിന് മുമ്പില്‍ ഖുര്‍ആന്‍ വെക്കുന്ന വെല്ലുവിളിയുടെ മേല്‍ നമ്മുടെ ശ്രദ്ധ പതിയണമെന്ന് അത് ആവശ്യപ്പെടുന്നു – കൂടുതല്‍ നീതിയുക്തമായ, എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങള്‍ ലഭിക്കുന്ന, കൂടുതല്‍ മെച്ചപ്പെട്ട ഒന്നാക്കി ഈ ഭൂമിയെ മാറ്റാന്‍ വേണ്ടി സഹകരണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നര്‍ത്ഥം. കാരണം, എല്ലാ വസ്തുക്കളും എല്ലാ മനുഷ്യരും ഒരു പോലെ ദൈവത്തിന്റെ സൃഷ്ടികളാണ്. എങ്ങനെ നാം നമ്മുടെ ജീവിതം ജീവിച്ചു തീര്‍ത്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിധിതീര്‍പ്പുണ്ടാവുക.
മുസ്‌ലിമാവാന്‍ ശരിയായ ഏക മാര്‍ഗം എന്നൊന്നില്ലെന്ന് മുസ്‌ലിംകള്‍ ചരിത്രത്തിലൂടെ കണ്ടെത്തുകയും മുസ്‌ലിം ലോകത്തിന്റെ മഹത്തായ വൈവിധ്യത്തിന് ജന്മം നല്‍കുകയും ചെയ്യുകയുണ്ടായി. അത് പോലെ, നാമിന്ന് ഖുര്‍ആനിന്റെ അര്‍ത്ഥം എല്ലാ കാലത്തേക്കും സ്ഥലത്തേക്കും സാഹചര്യങ്ങള്‍ക്കും സ്ഥിരമായി നിലനില്‍ക്കുന്നില്ല എന്ന് പുതുതായി പുനര്‍വായന നടത്തി പഠിക്കേണ്ടി വരും. ഖുര്‍ആനില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ഉത്തേജനവും വ്യാഖ്യാനവും കൂടുതല്‍ ചിന്തിക്കാന്‍, മനനം ചെയ്യാന്‍, ദൈവികസന്ദേശത്തിന്റെ അര്‍ത്ഥത്തോട് പൊരുത്തപ്പെട്ടു കൊണ്ട് വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍, മാറ്റാന്‍, മാറ്റങ്ങളുള്‍ക്കൊള്ളാന്‍, നമ്മെ ദൈവികസ്രോതസ്സിലേക്ക് നിരന്തരമായി തിരിച്ചയച്ചു കൊണ്ടിരിക്കുന്നു.
ഓരോ കാലഘട്ടത്തിനും ഓരോ തലമുറക്കും അനുയോജ്യമായ വിധത്തില്‍ ഖുര്‍ആന്‍ പുനര്‍ വ്യാഖ്യാനം ചെയ്യേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദ്യകാല വ്യാഖ്യാനങ്ങള്‍ തിരസ്‌കരിക്കുന്നത് ഇക്കാരണത്താല്‍ മുസ്‌ലിംകള്‍ക്ക് നിയമാനുസൃതമാണ് എന്നതാണ് ഇതില്‍ നിന്നുരുത്തിരിയുന്ന അനിവാര്യവും സ്വാഭാവികവുമായ അനുമാനം. ഖുര്‍ആനുമായി എല്ലാ തലമുറയും ഒരേ വ്യാഖ്യാനബന്ധത്തിലാണ് നില്‍ക്കുന്നത്. നമ്മുടെ കാലഘട്ടത്തിനും സാഹചര്യത്തിനും ആവശ്യമായ തരത്തില്‍ ഏറ്റവും ഉചിതമായ അതിന്റെ അര്‍ത്ഥം കണ്ടെത്തുകയും നാമെല്ലാവരും പങ്കിട്ട് ജീവിക്കുന്ന നമ്മുടെ ലോകത്തിനും മാനവകുലത്തിനാകമാനവും ഗുണകരമായ വിധത്തില്‍ ഏറ്റവും ഉയര്‍ന്ന ധാര്‍മ്മിക നിലവാരത്തില്‍ ജീവിക്കാന്‍ പ്രാപ്തമാക്കുന്നതിന് നമുക്ക് ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്യുകയും ചെയ്യുകയാണ് നമ്മുടെ ദൗത്യം.
ഈ ബ്ലോഗുകളീല്‍ പാരമ്പര്യത്തിന്റെ പാതയാണ് ഞാന്‍ പിന്തുടരുക. പക്ഷേ, വാക്യാനുവാക്യ വ്യാഖ്യാനം ഞാന്‍ നല്‍കുന്നില്ല. എന്നാല്‍,ആദ്യത്തെ അധ്യായമായ അല്‍ ഫാതിഹ (തുടക്കം), ഖുര്‍ആനിലെ ഏറ്റവും നീളം കൂടിയ അധ്യായമായ അല്‍ ബഖറ (പശു) എന്നിവയിലെ ഒരു കൂട്ടം സൂക്തങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം പാകിസ്ഥാനീ ചിന്തകനായിരുന്ന ഫസലുര്‍റഹ്മാന്റെ വഴിയിലൂടെ, നീതി, സാമൂഹ്യ പ്രതിബദ്ധത തുടാങ്ങിയ ഖുര്‍ആനിലെ പ്രധാനപ്പെട്ട സങ്കള്‍പങ്ങളെയും വിഷയങ്ങളെയും ഞാന്‍ പരിശോധിക്കും. അതിന് ശേഷം, അക്രമം, ഭീകരത, പരിസ്ഥിതി, പരിണാമം, ലൈംഗികത, മൂടുപടം തുടങ്ങിയ സമകാലിക വിഷയങ്ങളിലേക്ക് നീങ്ങും.
ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നില്ല. എന്നാല്‍ ഖുര്‍ആനിലെ മിക്ക വിഷയങ്ങളും കൈകാര്യം ചെയ്യും.
ബ്ലോഗ് ഇംഗ്ലീഷില്‍ വായിക്കുവാന്‍ താഴെയുള്ള ലിംഗില്‍ ക്ലിക്ക് ചെയ്യുക
Connect
Connect with us on the following social media platforms.