ഖുര്ആന്: ആണെഴുത്തുകളുടെ മരണം
ഒരു സമൂഹത്തിന്റെ ലോകവീക്ഷണത്തില്‍ കെട്ടിയുയര്‍ത്തിയതാണ് അതിന്റെ ജ്ഞാനോല്‍പാദനവും എന്ന വിലയിരുത്തലിന് അഭിപ്രായ വ്യത്യാസം ഉണ്ടാവുമെന്നു തോന്നുന്നില്ല. ഒരു വംശീയസമൂഹത്തില്‍ ആധിപത്യപ്രവണത കാണിക്കുന്ന വിഭാഗം ജ്ഞാനത്തെ അവര്‍ക്കകത്ത് ഉത്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കുള്ള ജ്ഞാനത്തിന്റെ സംക്രമണത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു. ആര്യാധിനിവേശാനന്തര ഇന്ത്യയെ ഉദാഹരണമായെടുക്കാം. ആര്യന്‍മാരുടെ നിയമദാതാവായി ഗണിക്കപ്പെടുന്ന മനുവിന്റെ നിയമപുസ്തകമനുസരിച്ച് പാവനമായ വേദഗ്രന്ഥങ്ങള്‍ ശ്രവിക്കുന്ന കീഴ്ജാതിക്കാരായ ശൂദ്രരുടെ കാതുകളില്‍ ഈയം ഒഴിക്കപ്പെടണമായിരുന്നു.
സ്ത്രീകളുടെ കാതുകളെ അപലപനീയമായ ഇത്തരമൊരു സാഹചര്യത്തിലേക്ക് അടിച്ചമര്‍ത്തുന്ന നിയമങ്ങളൊന്നും ഇന്നില്ലെങ്കിലും, അറിവിനെ പുരുഷന്‍മാരുടെ വിശേഷാധികാരമായിട്ടാണ് അളുകള്‍ കാണുന്നത്. അതായത് സ്ത്രീകളെ വളരെ നിഷ്‌ക്രിയമായ അവസ്ഥയിലേക്ക് അടിച്ച് താഴ്ത്തുന്ന ലോകവീക്ഷണം പുരുഷന്‍മാര്‍ക്ക് വിശേഷാധികാരമുണ്ടെന്ന് ഭാവിക്കുന്ന സമൂഹങ്ങള്‍ക്കുണ്ട്. ഈ ലോകവീക്ഷണം വളരെ പ്രദേശികമാണ്; പ്രാപഞ്ചികമല്ല. പക്ഷേ, ഒരു പ്രാപഞ്ചിക സാമൂഹിക സാഹചര്യമായി പുരുഷകേന്ദ്രീകരണം നിലവിലുണ്ട്. എന്നാല്‍ നിരവധി ഘടകങ്ങളുടെ ഫലമായി ആധുനികതയുടെ വികാസവും വളര്‍ച്ചയും പോലെ ചില പ്രദേശങ്ങള്‍ മറ്റ് പ്രദേശങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാണെന്ന് പറയാം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം, സ്ത്രീകള്‍ക്ക് അറിവ് ലഭിക്കുന്നതിനോടുള്ള സമൂഹത്തിന്റെ പ്രതികരണത്തില്‍ വരുന്ന മാറ്റം എന്നിവയെല്ലാം പുരുഷ കേന്ദ്രീകൃത സമൂഹത്തെകുറിച്ച് കൂടി പരിവര്‍ത്തിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഭൂരിപക്ഷം ഫെമിനിസ്റ്റുകളും അഭിപ്രായപ്പെടുന്നത് ഈ മാറ്റങ്ങളെല്ലാം ഉപരിപ്ലവം ആണെന്നാണ്. കാരണം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം എന്നതിന്റെ വിശാലമായ വിവക്ഷ പുരുഷന്‍മാര്‍ സൃഷ്ടിക്കുകയും വിളമ്പുകയും ചെയ്യുന്ന അറിവ് നേടുക എന്നതാണ്. അറിവിന്റെ ഉള്ളടക്കം മാറുന്നില്ല. അറിവ് ഉദ്പാദിപ്പിക്കുന്നവര്‍ എന്നതിനുപരിയായി അറിവിന്റെ നല്ല ഉപഭോക്താക്കളായി സ്ത്രീകള്‍ മാറുന്നു എന്ന് മാത്രം.
അറിവ്, വിദ്യാഭ്യാസം, ജ്ഞാനാര്‍ജനം എന്നിവയെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വീക്ഷണത്തിന്റെ സംഗ്രഹമാണ് മുകളില്‍ പറഞ്ഞത്. ഫെമിനിസ്റ്റ് ജ്ഞാന ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും ഞാന്‍ അംഗീകരിക്കുന്നില്ല. ന്യൂട്രല്‍ ആയ ഒരു സൈദ്ധാന്തിക കാറ്റഗറിയാണ് ഫെമിനിസം എന്ന് കരുതാനാവില്ല. യൂറോപ്യന്‍ തത്വശാസ്ത്രത്തിന്റെ ആധുനികവാദ ഘട്ടത്തിലാണത് ഉടലെടുത്തത്. ആധുനികോത്തര ഘട്ടത്തില്‍ വളരെ ശക്തമായി അത് തുടരുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യ ദര്‍ശനത്തിന്റെ അധിനിവേശപ്രോക്തമായ രാഷ്ട്രീയമാനങ്ങളെ പങ്കുവെക്കുകയും സംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ കാറ്റഗറികള്‍ക്കും സാഹചര്യങ്ങള്‍ക്കും അതീതമായ സ്ത്രീകളുടെ പ്രശ്‌നത്തിന് സാര്‍വ്വ ദേശീയവാദപരമായ പരിഹാരം അന്വേഷിക്കുകയും ചെയ്യുന്ന ഒന്നായി ഫെമിനിസം വിമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം ഫെമിനിസ്റ്റ് പണ്ഡിതന്‍മാരുടെ വാദങ്ങള്‍ വായിക്കാതിരിക്കുകയും മുഖം തിരിക്കുകയും ചെയ്യുന്നത് പുരുഷ മേധാവിത്വപരമായ അഹങ്കാരമാണെന്ന് പറയാം. ഈ വാദങ്ങളോടൊപ്പം ചേര്‍ന്ന് നിന്നില്ലെങ്കിലും അവയ്ക്ക് കാതു കൊടുക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.
മുകളില്‍ വിശദീകരിച്ച സൈദ്ധാന്തികധാരണകള്‍ക്കു മേലാണ് ഇസ്‌ലാമിക ഫെമിനിസവും നിലനില്‍ക്കുന്നത്. ലഘൂകരിക്കുന്നതിന്റെ റിസ്‌കെടുത്ത് നിര്‍വചിക്കട്ടെ, ഇസ്‌ലാമിക ഫെമിനിസം എന്നത് മുസ്‌ലിം സമൂഹത്തിലെ സ്ത്രീകള്‍, പുരുഷകേന്ദ്രീകൃതമായ മുഖ്യധാരാസംസ്‌കാരത്തിനു അഭിമുഖമായി രണ്ടാം തരമെന്ന് വിവേചിച്ച് മാറ്റിനിര്‍ത്തപ്പെട്ട, പുരുഷകേന്ദ്രീകൃതമായ കാഴ്ച്ചപ്പാടിനെതിരെയുള്ള പ്രതികരണമാണ് മുസ്‌ലിം ഫെമിനിസ്റ്റുകളുടെ വീക്ഷണത്തില്‍ മുഖ്യധാര മുസ്‌ലിം സംസ്‌കാരം എന്നത് ഖുര്‍ആനും പ്രവാചകനും കൈമാറിയ, കാഴ്ചപ്പാടിലും ധാരണകളിലും സമത്വാധിഷ്ഠിതമായ ലോകവീക്ഷണത്തില്‍ നിന്നും വിപരീതാവസ്ഥയില്‍ നിലനില്‍ക്കുന്ന ഒന്നാണ്.
ഇസ്‌ലാമിക ഫെമിനിസത്തിന്റെ ജ്ഞാനശാസ്ത്രത്തെ ഒരുവേള പ്രഖ്യാപിക്കുകയും മുസ്‌ലിം സമൂഹങ്ങളുടെ ലോക വീക്ഷണത്തെ അതേ സമയം അപഗ്രഥിക്കുകയും ചെയ്യുന്ന രണ്ട് കൃതികളാണ് ആമിന വദൂദിന്റെ Quran and women: reading the Sacred Text from a Woman’s perspective (ഈ കൃതി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന അദര്‍ ബുക്‌സ് ‘ഖുര്‍ആന്‍ :ഒരു പെണ്‍വായന’ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) എന്ന പുസ്തകവും അസ്മ ബര്‍ലാസിന്റെ Believing Women in Islam:Unreading Patriarchal Interpretations of The Quranഎന്ന പുസ്തകവും. രണ്ട് പുസ്തകവും രണ്ട് തരത്തില്‍ പ്രസക്തമാണ്. ഒന്ന്, ഖുര്‍ആന്റെ സ്ത്രീ കേന്ദ്രീകൃതമായ വ്യാഖ്യാന ശാസ്ത്രത്തിലെക്കുള്ള സ്ത്രീകളുടെ ചുവടു വെപ്പാണീ കൃതികള്‍. രണ്ടു, ഈ കൃതികളുടെ രണ്ടാമത്തെ തല വാചകത്തില്‍ ‘വായന’ (reading) എന്ന വാക്കുണ്ട്. മറ്റൊരാള്‍ എഴുതിക്കൂട്ടിയത് നിഷ്‌ക്രിയമായി ഏറ്റുവാങ്ങുന്ന പ്രവര്‍ത്തനമായി വായന ഏറെക്കാലം വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഗ്രന്ഥകാരന്റെ മരണവും മുമ്പ് നിലനിന്നിരുന്ന പാഠങ്ങളെ പുതിയ രീതിയില്‍ കോര്‍ത്തിണക്കാനുള്ള ശക്തിയാര്‍ജിച്ച വായനക്കാരന്റെ ആവിര്‍ഭാവവും റൊളാങ ബാര്‍ത് പ്രഖ്യാപിച്ചു. അതിനാല്‍ ബാര്‍തിനെ സംബന്ധിച്ചിടത്തോളം വായനയെന്നത് പരാന്ന ഭോജനമല്ല. എഴുതിയതിനോടുള്ള പ്രതികരണമല്ല, പ്രത്യുത ഒരു കൃതി തന്നെയാണ്’.
ആമിനാ വദൂദിന്റെ കൃതിയുടെ ലക്ഷ്യം പെണ്ണനുഭവത്തിനകത്ത് നിന്നും, പുരുഷവ്യാഖ്യാനത്തിന്റെ ചട്ടക്കൂടായ വാര്‍പ്പു മാതൃകകള്‍ ഇല്ലാതെയും ‘ഖുര്‍ആന്‍ ‘ വായിക്കുക എന്നതാണ് (വദൂദ:3). സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസത്തെ ഖുര്‍ആന്‍ നിരാകരണം ചെയ്യുന്നില്ല എന്നും ഓരോ സമൂഹത്തെയും അനായാസം ചലിപ്പിക്കുകും അവയുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനാധിഷ്ടിതമായ ലിംഗഭേദങ്ങളുടെ പ്രസക്തിയെ ആദേശം ചെയ്യുന്നില്ല എന്നുമുള്ള കാഴ്ചപ്പാടിന്റെ മേലാണ് വദൂദ് തന്റെ സിദ്ധാന്തത്തെ പണിതുയര്‍ത്തുന്നത് (വദൂദ് 3). പരസ്പര സഹവര്‍ത്തിത്വത്തോടുള്ള സ്ത്രീ പുരുഷ പ്രവര്‍ത്തന ബന്ധങ്ങള്‍ എന്നത് ഖുര്‍ആനിന്റെ സാമൂഹിക ലക്ഷ്യത്തിന്റെ ഭാഗമായി കാണേണ്ടത് തന്നെയാണ് (വദൂദ് 8). പക്ഷെ സംസ്‌കാരങ്ങള്‍ക്കുപരിയായി ഓരോ ലിംഗത്തിനും പ്രത്യേകം പ്രത്യേകം ഒരു കൂട്ടം പങ്കുകള്‍(gender roles) ഖുര്‍ആന്‍ നിര്‍വചിക്കുന്നില്ല. അങ്ങിനെ ഒറ്റപ്പെട്ട പങ്കിനെ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ല.
ഖുര്‍ആന്‍ വ്യാഖ്യാനത്തിനു ഫസലുര്‍റഹ്മാന്‍ രൂപീകരിച്ച രീതിശാസ്ത്രമാണ് വദൂദും അവലംബിക്കുന്നത്. അവര്‍ പറയുന്നു:ഫസലുറഹ്മാന്‍ നിര്‍ദേശിച്ച ഖുര്‍ആന്‍ വ്യാഖാന രീതി ഉപയോഗിക്കാനാണ് ഞാനും ശ്രമിക്കുന്നത്. പ്രത്യേകമായ പൊതു, സവിശേഷ സഹചര്യങ്ങള്‍ക്കകത്ത്, ചരിത്രത്തിലെ നിയതമായ സമയത്ത്, ഖുര്‍ആന്‍ നല്‍കപെട്ടിട്ടുണ്ടെന്ന് റഹ്മാന്‍ നിര്‍ദേശിച്ചു. പക്ഷെ, ഖുര്‍ആന്റെ സന്ദേശം ക്ലിപ്തപെടുത്താനാകില്ല. ഖുര്‍ആന്റെ കൃത്യമായ അര്‍ത്ഥത്തെ നിര്‍ണയിക്കാന്‍ ഖുര്‍ആന്‍ അവതരിക്കപ്പെട്ട കാലഘട്ടത്തിലുള്ള വ്യാഖ്യാനങ്ങളുടെ സാരങ്ങള്‍ ഒരു വായനക്കാരന്‍ മനസ്സിലാക്കണം. ഒരു പ്രത്യേക വചനത്തിലുള്ള നിയമങ്ങളുടെയും തത്വങ്ങളുടെയും ഉദ്ദേശത്തെ ആ സാരം വയനക്കാരന് നല്‍കും. സ്ത്രീകേന്ദ്രീകൃത വ്യാഖ്യാനശാസ്ത്രത്തിന്റെ മാതൃക എന്ന നിലക്ക് വായിക്കാവുന്ന കൃതിയാണ് വദൂദിന്റെ പുസ്തകം. മുസ്‌ലിംകള്‍ ഖുര്‍ആന്‍ വായിക്കുകയും, പാഠത്തെ വ്യാഖ്യാനിക്കുകയും (പ്രഗത്ഭരായ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങള്‍ വായിക്കുകയും) സ്ത്രി വിരുദ്ധമായ ഒരു ലോകവീക്ഷണം രൂപപെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്നവര്‍ നോക്കിക്കാണുന്നു. ബര്‍ലാസിന്റെ പുസ്തകം മുസ്‌ലിം സ്ത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സുക്ഷ്മമായി പരിശോധികുകയും, ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വായിക്കുകയും ചെയ്യുന്നു. ഫസലുറഹ്മാന്റെ ഖുര്‍ആന്‍ വായനയെ കുറിച്ച് മേല്‍ വിവരിച്ച ദ്വിചലന സിദ്ധാന്തത്തിന്റെ ഉത്തമോദാഹരണമയി വിലയിരുത്താവുന്ന ഒരു ഭാഗം ബര്‍ലാസിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഇവിടെ ചേര്‍ക്കുന്നു; ശിരോവസ്ത്രം/മൂടുപടം (veiling) എന്ന സമ്പ്രദായത്തെ ഈ ഭാഗത്ത് ബര്‍ലാസ് നോക്കികാണുകയും ഖുര്‍ആനിന്റെ സമത്വാധിഷ്ട്ടിതമായ ധാരണകളെ ഈ സമ്പ്രദായം എവ്വിധം നിരാകരിക്കുന്നു എന്ന് വായിക്കുകയും ചെയ്യുന്നു.

അസ്മ ബര്‍ലാസ്, ആമിന വദൂദ് എന്നിവര്‍
വിശ്വാസികളോട് നോട്ടം താഴ്ത്തുവാനും അവരുടെ ഉചിതമായ പെരുമാറ്റരീതിയെ നിലനിര്‍ത്തുവാനും പറയുക. വിശ്വസിച്ച സ്ത്രികളോട് നോട്ടം താഴ്ത്തുവാനും അവരുടെ ഉചിതമായ പെരുമാറ്റരീതിയെ നിലനിര്‍ത്തുവാനും പറയുക. (സാധാരണ രീതിയില്‍ ) പുറമെ വെളിവാകുന്നത് ഒഴിച്ച് താങ്കളുടെ സൗന്ദര്യവും ആഭരണങ്ങളും വെളിവാക്കരുത് എന്ന് സ്ത്രികളോട് പറയുക. അവരുടെ (ഖുമുറിനെ) മാറിടത്തിന്മേല്‍ താഴ്ത്തിയിടാനും അവരുടെ സൗന്ദര്യത്തെ (അനുവദനീയമായവര്‍ക്കൊഴിച്ച്) ( 24:31)‘മുസ്‌ലിം സ്ത്രീകള്‍ക്ക് യഥാസ്ഥികര്‍ ശിരോവസ്ത്രത്തിന്റെ/ മൂടുപടത്തിന്റെ സാമാന്യവത്കരിക്കപ്പെട്ട മാതൃകയെ നിയമപ്രകാരം സാധൂകരിക്കുന്ന രണ്ട് കൂട്ടം വചനങ്ങളുണ്ട്: പ്രവാചകരേ, താങ്കളുടെ ഭാര്യമാരോടും പെണ്‍മക്കളോടും വിശ്വസിച്ച സ്ത്രീകളോടും (അവര്‍ വിദൂരത്തായിരിക്കുമ്പോള്‍) അവരുടെ (ജില്‍ബാബിനെ) അവര്‍ക്കുമേല്‍ നിവര്‍ത്തിയിടാന്‍ പറയുക. അവര്‍ അവ്വിധം അറിയപ്പെടാനും അവര്‍ക്ക് മാനഹാനി സംഭവിക്കാതിരിക്കുവാനും ആണത്. സത്യത്തില്‍ കപടന്മാരും ഹൃദയത്തില്‍ രോഗം ബാധിച്ചവരും പിന്തിരിയുകയില്ല. അവര്‍ക്കെതിരെ നാം താങ്കളെ ഇളക്കി വിടും. (ഖുര്‍ആന്‍: 33:59-60)
ഹിജാബു (ശിരോവസ്ത്രം) മുതല്‍ ബുര്‍ഖ (ശരീരം ആസകലം മറക്കുന്ന വസ്ത്രം) വരെയുള്ള ഏതു വസ്ത്രവും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള അവകാശം പുരുഷന്‍മാര്‍ക്ക് ഈ ആയതുകള്‍ നല്‍കുന്നതായി യാഥാസ്ഥിതികര്‍ വ്യാഖ്യാനിക്കുന്നു. സ്ത്രീശരീരങ്ങള്‍ ലൈംഗികാവയവങ്ങളാണ് (ലൈംഗിക തൃഷ്ണയുണ്ടാക്കുന്നതാണ് അഥവാ കാണുന്നവരെ ലൈംഗികമായി ദുഷിപ്പിക്കുന്നതാണ്) എന്ന വാദത്തിന്‍ മേലാണ് ഈ ‘മറയ്ക്കല്‍ ‘ ന്യായീകരിക്കപ്പെടുന്നത്. അതിനാല്‍ അവയവങ്ങളെ മുഴുവനും മറച്ചു കൊണ്ട് സ്ത്രീശരീരങ്ങളെ പുരുഷന്‍മാരില്‍ നിന്നും സംരക്ഷിക്കുകയാണ് ഈ വ്യാഖ്യാനത്തിന്റെ താത്പര്യം. ക്ലാസിക്കല്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ ആസ്പദിച്ചു കൊണ്ടാണ് ഈ വ്യാഖ്യാനം നിലവില്‍ വന്നിട്ടുള്ളത്. പക്ഷെ സ്ത്രീ ശരീരങ്ങളെ കുറിച്ചുള്ള ക്ലാസിക്കല്‍ വ്യാഖ്യാനങ്ങള്‍ ക്രമാനുഗതമായിട്ടാണ് വികസിച്ചു വന്നിട്ടുളത്. സ്ത്രീകളും പുരുഷന്‍മാരും ലൈംഗികമല്ലാത്ത അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിരോധം ഇല്ല എന്ന് തബരി (923) അഭിപ്രായപ്പെട്ടപ്പോള്‍ അടിമയല്ലാത്ത സ്ത്രീയുടെ മുഴുവന്‍ ശരീരവും ലൈംഗികമാണെന്നും അത് നോക്കുന്നതു പോലും പരസ്ത്രീബന്ധത്തിനുള്ള സൂചനയാണെന്നും ബൈളാവി (1285) വിധിച്ചു. പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും സ്ത്രീയുടെ കൈകളും മുഖവും ലൈംഗികാവയവമാണെന്ന് ഖഫാഫിയുടെ വിധിയുണ്ടായി.
കാലക്രമേണെ ഈ അഭിപ്രായങ്ങള്‍ തല,മുഖം,കൈ,കാല്‍ എന്നിവ മറക്കുന്നതിലുപരി സ്ത്രീകളെ ഗാര്‍ഹികലോകത്ത് അകറ്റി നിര്‍ത്തുന്ന അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടു. സ്ത്രീശരീരങ്ങളെ കുറിച്ചുള്ള ക്ലാസിക്കല്‍ വ്യാഖ്യാതാക്കളുടെ വാദഗതികള്‍ ഖുര്‍ആനിക അദ്ധ്യാപനങ്ങളില്‍ നിന്നും ഉടലെടുത്തതല്ല എന്നിരിക്കെ ഖുര്‍ആനില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നിലവില്‍ വന്ന ആയത്തിനെ പ്രാപഞ്ചികവത്കരിക്കാനും പൗരാണിക മുസ്ലിം വ്യാഖ്യാതാക്കളുടെ കൃതികളെ പവിത്രവത്കരിക്കാനുമുള്ള യാഥാസ്ഥിതികരുടെ മനോഭാവമാണ് മറ സമ്പ്രദായം അവര്‍ നിയമമാക്കിയപ്പോള്‍ വെളിപ്പെട്ടത്. ഖുര്‍ആനില്‍ രണ്ടു തരത്തിലുള്ള മറ സമ്പ്രദായങ്ങളുണ്ട്. ഒന്ന് സവിശേഷമായതും രണ്ട് പൊതുവായതും’. (ബര്‍ലാസ് പേജ് 52)
ഈ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവരുണ്ടാവും. ഉദാഹരണമായി ഫ്രാന്‍സിലെ ശിരോവസ്ത്ര നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ശിരോവസ്ത്രം എന്നത് അകറ്റി നിര്‍ത്തുന്നതിന്റെ അടയാളമല്ല മറിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കാം. പക്ഷെ ഈ വായനകള്‍ ഖുര്‍ആന് ഏതു കാലത്തിനും സന്ദര്‍ഭത്തിനും പ്രസക്തമായ ഗ്രന്ഥമായി വായിക്കാനുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നുണ്ട്.
ശീതീകരിച്ച ക്ലാസ്മുറികള്‍ക്കപ്പുറം നിലനില്‍പ്പില്ലാത്ത അക്കാദമിക് കസര്‍ത്തുകളായി ഈ വ്യാഖ്യാനങ്ങളെ കണക്കാക്കുന്നവരുണ്ട്. അവരുടെ കാഴ്ചപ്പാടില്‍ കുറച്ചൊക്കെ സത്യവുമുണ്ട്. ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ സ്ത്രീകള്‍ അറിവിന്റെ ഉപഭോഗ്താക്കള്‍ പോലുമല്ല എന്നിരിക്കെ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ ഗ്രന്ഥത്തെ വിമര്‍ശനാത്മകമായി വായിക്കുക എന്ന വാദഗതി അവരെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായി മാറും. സാന്ദര്‍ഭികമായി മുസ്‌ലിം സ്ത്രീ വ്യാഖ്യാതാക്കളുടെ ഒരു സമൂഹം ഉയര്‍ന്നു വരണമെങ്കില്‍ നിരവധി ലക്ഷ്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഒന്ന് ഔപചാരിക വിദ്യാഭ്യാസത്തിന് സ്ത്രീകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങളുണ്ടാവണം-ഉയര്‍ന്ന മദ്രസാ വിദ്യാഭ്യാസത്തിനും അത് ബാധകമാണ്. രണ്ട് സ്ത്രീപക്ഷ സിദ്ധാന്തങ്ങളും മാതൃകകളും ബോധനശാസ്ത്രത്തിലേക്ക് (Pedagogy) പരാവര്‍ത്തനം ചെയ്യപ്പെടണം. മൂന്ന് സ്ത്രീപക്ഷത്തു നിന്നുള്ള ഒരു സമ്പൂര്‍ണ ഖുര്‍ആന്‍ വ്യാഖ്യാനം ഉണ്ടാവണം.