മക്കയിലെ പര്‍വതങ്ങളേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?
മദീനയില്‍ നന്നും മക്കയിലേക്കുള്ള വഴിയില്‍ ഒരിക്കല്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ചെന്ന സമയത്ത് ഒരു വൃദ്ധന്‍ തന്നെ കണ്ടത് സൈന്‍ ബിഖ ഓര്‍ക്കുന്നു. അയാള്‍ തന്നോട് പറഞ്ഞു: ‘നിങ്ങള്‍ അറിയപ്പെട്ട പാട്ടുകാരനല്ലേ, പ്രവാചകന്‍ മുഹമ്മദ് റസൂലിനെപ്പറ്റി നിങ്ങള്‍ ഒരു പാട്ട് എനിക്ക് വേണ്ടി എഴുതിപ്പാടൂ.’ ഇന്‍ശാ അല്ലാഹ്, ഞാന്‍ ശ്രമിക്കാമെന്ന് മറുപടി പറഞ്ഞു സൈന്‍ ബിഖ.
സ്വദേശത്തേക്ക് മടങ്ങും മുമ്പ് തന്റെ അപ്പാര്‍ട്ട്‌മെന്റിലെ ജനലിനരികില്‍ ഭാര്യയുടെ കൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ പുറത്തെ പര്‍വ്വതങ്ങളുടെ മനോഹാരിത ഖല്‍ബിലേക്ക് കടന്നുവന്നു. പ്രവാചകര്‍ റസൂല്‍ (സ) പിറന്നതിനും വളര്‍ന്നതിനും സാക്ഷിയായ ഈ പര്‍വതങ്ങളോട് ബിഖ ചോദിച്ചു. മക്കയിലെ പര്‍വതങ്ങളേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?
അത് ലോകം ഏറ്റുചൊല്ലിയ ഒരു ഗാനമായി പിറവികൊണ്ടു. ഈ ഗാനം കേട്ടു നോക്കൂ. എത്ര ആത്മീയ ആര്‍ദ്രതയാണ് നമ്മുടെ ഉള്ളില്‍ ജനിക്കുന്നത്. ഹജ്ജിനും ഉംറക്കും വേണ്ടിപോകുന്ന വിശ്വാസികള്‍ തിരിച്ചുവന്നാല്‍ സൈന്‍ബിഖയോട് പറയും, നിങ്ങളുടെ പാട്ട് ഞങ്ങളുടെ തീര്‍ത്ഥയാത്രയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന്.
സൈന്‍ ബിഖ എന്ന സൗത്താഫ്രിക്കന്‍ ഗായകന്‍
1974 ഓഗസ്ത് 9-ന് സ്‌നേഹനിധിയായ ഉപ്പയുടെയും ഉമ്മയുടെയും മകനായി സൗത്താഫ്രിക്കയില്‍ ജനനം. മൂന്ന് സഹോദരിമാരാണ് സൈന്‍ ബിഖക്കുള്ളത്. ഉപ്പ ബിസിനസുകാരനായിരുന്നു. കച്ചവടം മാര്‍ക്കറ്റിംഗിലെ സ്പന്ദനമാണെന്നു പറയും സൈന്‍ബിഖ. ചെറുപ്പം തൊട്ടേ ഉപ്പയുടെ കച്ചവടങ്ങള്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് ഉപ്പ പ്രവാചകവൈദ്യവിധികളില്‍ അവഗാഹം നേടിയെടുത്തു.
സ്‌കൂള്‍ പഠനകാലത്ത് എല്ലാ പരിപാടികളിലും പാട്ടുകാരനായിരുന്നു ബിഖ. റാപ്പ് മ്യൂസിക് തരംഗമായിരുന്നു അന്ന്. കറുത്തവര്‍ഗക്കാരുമായുള്ള വിവേചനം നിലനില്‍ക്കേ, അതിനോടുള്ള സമരമായിട്ടാണ് റാപ്പ് മ്യൂസിക് അരങ്ങേറിക്കൊണ്ടിരുന്നത്.
റേഡിയോ 702 അന്ന് ഒരു സംഗീതമത്സരം നടത്തി. പുതിയൊരു സൗത്താഫ്രിക്കയെപ്പറ്റിയുള്ള ആശയം ജനിപ്പിക്കുന്ന ഒരു ഗാനം എഴുതി ആലപിക്കുകയെന്നതായിരുന്നു മാനദണ്ഡം. തനിക്കും അതില്‍ പാടാന്‍ കഴിയുമെന്ന ആത്മവിക്വാസം സൈന്‍ബിഖയെ തുണച്ചു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഒരു ടേപ്പ് റെക്കോര്‍ഡില്‍ തന്റെ ശബ്ദത്തില്‍ ഒരു ഗാനം റെക്കോര്‍ഡ് ചെയ്തു റേഡിയോ 702ന് അയച്ചുകൊടുത്തു. ആദ്യത്തെ 12 മികച്ച ഗായകരില്‍ ഒരിടം കിട്ടി. ദൈവകൃപ, ഒന്നാം സ്ഥാനവും സൈന്‍ബിഖ നേടിയെടുത്തു.
അതേവര്‍ഷം തന്നെ ഒരു ദു:ഖവും സൈന്‍ബിഖ നേരിട്ടു. സ്‌കൂളിലെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. ഒരിക്കല്‍ ഒരു സിനിമ കാണാന്‍ പോയതായിരുന്നു അവന്‍ തിരിച്ചുവന്നില്ല, മരണപ്പെട്ടിരുന്നു.
അപ്പോഴാണ് സൈന്‍ബിഖ മരണത്തെ കുറിച്ചു ചിന്തിക്കുന്നത്. ജീവിതത്തിന്റെ അര്‍ഥമെന്താണ്? മരിക്കാന്‍ വേണ്ടിയാണെങ്കില്‍ ഭൂമിയില്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യുന്നതെന്തിനാണ്? കൊച്ചു സൈന്‍ബിഖയുടെ ഉള്ളില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നു.
പിന്നീട് സ്‌നേഹത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും ദൈവത്തപ്പറ്റിയുമാണ് ബിഖ ഗാനങ്ങളെഴുതിയത്. 1990 മുതല്‍ ഇത്തരം ഗാനങ്ങളുടെ രചയിതാവും ഗായകനും സംഗീതസംവിധായകനുമായി പ്രവര്‍ത്തിച്ചു.
സംഗീതത്തിലെ വഴികാട്ടി
1994 മുതല്‍ ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമികഗാനങ്ങള്‍ എഴുതി അവതരിപ്പിക്കുകയായിരുന്നു ബിഖ. ഒരു സംഗീതോപകരണത്തിന്റെയും സാന്നിധ്യമില്ലാതെയായിരുന്നു അന്നൊക്കെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. സംഗീത വ്യവസായത്തെക്കുറിച്ചോ മറ്റു സാങ്കേതികവശങ്ങളെക്കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ല. ഒട്ടും പ്രഫഷനലിസമില്ലാതിരുന്നിട്ടും സൗത്താഫ്രിക്കയില്‍ ബിഖയുടെ ഗാനങ്ങള്‍ക്ക് ആരാധകരേറെയുണ്ടായിരുന്നു.
ആയിടക്കാണ് അറുപതുകളിലെ പോപ് സിംഗറായ യൂസുഫ് ഇസ്ലാമിനെക്കുറിച്ച് കേള്‍ക്കുന്നത്. ഇംഗ്ലീഷില്‍ ഇസ്‌ലാമിനെക്കുറിച്ചായിരുന്നു അദ്ദേഹം പാടിയിരുന്നത്. 1994-95 സമയത്ത് യൂസുഫ് ഇസ്‌ലാം പ്രവാചകജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ഒരു ആല്‍ബം സൈന്‍ബിഖയുടെ ഹൃദയത്തില്‍ തട്ടി. ഇത് പാടിയ വ്യക്തിയെ കാണമെന്ന് കടുത്ത ആഗ്രഹം തോന്നി. പക്ഷേ, സൗത്താഫ്രിക്കയില്‍ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനായ തനിക്ക് യു.കെയിലെ പ്രസിദ്ധനായ ഒരു ഗായകനെ കാണാനാവുന്നതെങ്ങനെ? ഒരിക്കല്‍ യൂസുഫ് ഇസ്ലാം സൗത്താഫ്രിക്കയില്‍ വന്നെങ്കിലും അദ്ദേഹത്തെ കാണാനായില്ല. പക്ഷെ സൈന്‍ബിഖ പുറത്തിറക്കിയ ചില ആല്‍ബങ്ങള്‍ അദ്ദേഹം കേട്ടിരുന്നു.
പിതാവിന്റെ കൂടെ ബിസിനസില്‍ ജോലി ചെയ്യുന്ന സമയത്തൊരിക്കല്‍ ലണ്ടനില്‍ നിന്നും തനിക്ക് ഒരു ഫാക്‌സ് ലഭിച്ചതോര്‍ക്കുന്നു ബിഖ. അതില്‍ ലണ്ടനിലെ മൗണ്ടെയ്ന്‍ ഓഫ് ലൈറ്റ് സ്റ്റൂഡിയോയില്‍ നിന്നും പുറത്തിറക്കാന്‍ പോകുന്ന യൂസുഫ് ഇസ്‌ലാമിന്റെ എ ഇസ് ഫോര്‍ അല്ലാഹ് എന്ന പുതിയ ആല്‍ബത്തില്‍ പാട്ട് പാടാന്‍ വേണ്ടിയുള്ള ക്ഷണമായിരുന്നു ഉണ്ടായിരുന്നത്.
സംഭവമറിഞ്ഞ് തന്റെ ഉപ്പയും ഉമ്മയുമെല്ലാം വളരെ സന്തോഷിച്ചു. ഇത് തനിക്ക് ഒരു പുതിയ വഴി തുറന്നുതരുമെന്ന് സൈന്‍ ബിഖ മനസ്സിലാക്കി. ആ ആല്‍ബത്തില്‍ അഞ്ചോളം പാട്ടുകള്‍ പാടി. യൂസുഫ് ഇസ്‌ലാമിന്റെ നിര്‍ദേകങ്ങളും അധ്യാപനങ്ങളും ഈ ആല്‍ബത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സൈന്‍ ബിഖക്ക് സഹായകരമായി. അങ്ങനെ ലോകത്തിന്റെ മറ്റിടങ്ങളിലേക്കും തനിക്കു പ്രശസ്തിനേടിയെടുക്കാന്‍ കാരണക്കാരക്കാരനായ യൂസുഫുല്‍ ഇസ്‌ലാമിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായി സൈന്‍ ബിഖ.
യൂസുഫ് ഇസ്‌ലാമിന്റെ മരുമകന്‍ ദുബായില്‍ നടത്തിക്കൊണ്ടിരുന്ന ജമാല്‍ റെക്കോര്‍ഡ്‌സിലൂടെയായിരുന്നു പിന്നീട് സൈന്‍ ബിഖയുടെ ഗാനങ്ങള്‍ പുറത്തുവന്നത്. വളര്‍ന്നുവരുന്ന യുവതലമുറയെ ഫോക്കസ് ചെയ്തായിരുന്നു ആല്‍ബങ്ങള്‍ പുറത്തിറക്കിയിരുന്നത്. അതില്‍ തന്നെ ഏറെ പ്രോത്സാഹിപ്പിച്ചത് തന്റെ ഭാര്യയും സുഹൃത്തായ ദാവൂദ് വാണ്‍സ്ബിയുമായിരുന്നു. വാണ്‍സ്ബി ഒരു മികച്ച ഗായകനും കൂടിയാണ്.
പിന്നീട് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഉപകാരപ്പെടുന്ന ഒരുപാട് ശില്‍പശാലകളും നടത്തി. നല്ല പാട്ടുകള്‍ പഠിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് ചാനലായ പീസ് ടിവിക്ക് വേണ്ടിയും സൈന്‍ ബിഖ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 ഏപ്രില്‍ 24ന് മീലാദുന്നബി ആഘോഷപരിപാടികളുടെ ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച അല്‍ മഹബ്ബ അവാര്‍ഡ്‌സ് ഫെസ്റ്റിവലില്‍ സൈന്‍ ബിഖ ഗാനാലാപനം നടത്തിയിരുന്നു. യൂസുഫ്ഇസ്‌ലാം സംവിധാനം ചെയ്ത പീസ് ട്രെയിന്‍ എന്ന പ്രസിദ്ധ ഗാനം അതിലൊന്നായിരുന്നു.
1996-ല്‍ പുറത്തിറക്കിയ റീഡ് ഓള്‍ എബൗട്ട് ഇറ്റ് ആയിരുന്നു സൈന്‍ബിഖയുടെ ആദ്യ ആല്‍ബം. 1999ല്‍ ബേബി എന്ന ആല്‍ബവും 2000ല്‍ ചില്‍ഡ്രന്‍ ഓഫ് ഹെവനും പുറത്തിറങ്ങി. ഇവയെല്ലാം പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു. 2001ല്‍ ഫെയ്ത്ത്. അല്ലാഹുവിന്റെ പരമമായ കഴിവിനെക്കുറിച്ചും വിവാഹജീവിതത്തിലേക്ക് കട ക്കുന്ന നവദമ്പതികള്‍ക്ക് മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടുമുളള പാട്ടുകളാണ് ഈ ആല്‍ബത്തിലുള്‍പ്പെടുത്തിയത്.
2002-ല്‍ പുറത്തിറങ്ങിയ അവര്‍ വേള്‍ഡില്‍ ബിഖയുടെ മകന്‍ റഷീദ് ബിഖയും ആലപിച്ചിട്ടുണ്ട്. 2005ലാണ് ഏറ്റവും ഹിറ്റായ മൗണ്ടന്‍സ് ഓഫ് മക്ക പുറത്തിറങ്ങുന്നത്.
2006-ല്‍ അല്ലാഹ് നോവ്‌സ് . ഇതില്‍ ദാവൂദ് വാണ്‍സ്ബിയുമായിച്ചേര്‍ന്നു പാടിയ മനോഹര ഗാനങ്ങളുണ്ട്.
1415: ദ ബിഗിനിങ് (2009), ഫസ്റ്റ് വി നീഡ് ദ ലവ് (2010), എ വേ ഓഫ് ലൈഫ് (2010), ഹോപ് (2011), ബെറ്റര്‍ ഡേ (2011) തുടങ്ങിയവയാണ് പിന്നീട് പുറത്തിറങ്ങിയ ഈ കലാകാരന്റെ മികച്ച സൃഷ്ടികള്‍ .
Connect
Connect with us on the following social media platforms.