എഡ്വേഡ് സെയ്ദും സംഗീതവും : പ്രണയവും പാഠവും
ഊര്‍ജ്ജസ്വലനായ സംഗീത വിമര്‍ശകനാണെങ്കിലും എഡ്വേഡ് സെയ്ദ് വളരെ അപൂര്‍വ്വമായി മാത്രമെ അത്തരത്തില്‍ വായിക്കപ്പെടാറുള്ളൂ. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ ഓറിയന്റലിസം പാഠഅപഗ്രഥനത്തില്‍ അദ്ദേഹത്തെ പ്രശസ്തനാക്കി എങ്കിലും സംഗീതവും പാഠത്തിന്റെ വരുതിയില്‍ വരുമെങ്കില്‍കൂടി അധികമാളുകളും അതിനെ സാഹിത്യവുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കാറ്. ഇത് കൊണ്ട് അര്‍ഥമാക്കുന്നത് എഡ്വേഡ് സെയ്ദ് സംഗീതത്തില്‍ സവിശേഷമായ ഒരു രചനയും നടത്തിയിട്ടില്ല എന്നല്ല മറിച്ച് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ മരിയസൈദും സുഹൃത്ത് ഡാനിയല്‍ ബാരണ്‍ ബോയിമും മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ച താരീഖ് അലി നടത്തിയ seagull books പ്രസിദ്ധീകരിച്ച എഡ്വേഡ് സെയ്ദുമായുള്ള സംഭാഷണമടക്കം ധാരാളം അഭിമുഖങ്ങള്‍ ഗവേഷണ പ്രബന്ധങ്ങളുമടങ്ങുന്ന musical elaburate, music at the limits തുടങ്ങിയ കൃതികള്‍ ഓറിയന്റലിസത്തോട് ചേര്‍ത്ത് വെക്കുക സാധ്യമല്ല എന്നു മാത്രമാണ്.
എഡ്വേഡ് സെയ്ദിലെ സംഗീത പ്രതിഭ അതിന്റ ഉഛസ്ഥായിയായിരുന്നു. അതദ്ദേഹത്തിന്റെ കരിയറിലുടനീളം വ്യപിച്ചുകിടക്കുന്നു. അദ്ദേഹത്തിന് ഈജിപ്ഷ്യന്‍ സംഗീതജ്ഞയായ ഉമ്മു കുല്‍സുവിന്റെ സംഗീതത്തോടുള്ള ഇഷ്ടവും അനിഷ്ടവും പരാമര്‍ശമര്‍ഹിക്കുന്നതാണ്. 1940 വരെ സെയ്ദിന് അവരോട് കാര്യമായ ആരാധനയൊന്നുമുണ്ടായിരുന്നില്ല. അത് ‘ഭീതിതമായ അനുഭവമാണെന്നും വിലാപവും വിഷാദവും നിറഞ്ഞതാണെന്നും വാക്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നും ഒരു ഡച്ച് ടിവി അഭിമുഖത്തില്‍ അദ്ദേഹം അവരുടെ സംഗീതത്തെ കുറിച്ച് പറയുന്നുണ്ട്. രാത്രി 10 മണിയായാലല്ലാതെ അതാരംഭിക്കില്ല, വലിയ ജനക്കൂട്ടമുള്ള ആ തിയേറ്ററില്‍ ഞാന്‍ പകുതി ഉറക്കത്തിലായിരിക്കും ഒരു കാര്യവും ഉണ്ടായിരുന്നില്ല. സംഗീതജ്ഞര്‍ സ്‌റ്റേജില്‍ അങ്ങോട്ടുമിങ്ങോട്ടും കറങ്ങും. ചിലപ്പോള്‍ ഇരുന്ന് കുറച്ച് നേരം സംഗീതം വായിച്ചുകൊണ്ടിരിക്കും അവസാനം അവള്‍ പ്രത്യക്ഷപ്പെടും അവളുടെ പാട്ടുകള്‍ 45 മിനിട്ടോളം തുടരും വെസ്‌റ്റേണ്‍ മ്യൂസികിലുള്ളതുപോലെ വകഭേദമോ രൂപഭേദമോ ഉണ്ടായിരുന്നില്ല എല്ലാം ഏറെകുറെ ഒരുപോലെ തോന്നിച്ചുവെന്നും മറ്റൊരിക്കല്‍ ഫോക്‌സ് ചാനലിനോടും അദ്ദേഹം പറഞ്ഞു.
പാശ്ചാത്ത്യസംഗീതത്തെ കുറിച്ചും അറേബ്യന്‍ സംസ്‌കാരത്തെ കൂറിച്ചും സെയ്ദിന്റെ പഠനം തുടര്‍ന്നപ്പോള്‍ ഉമ്മുകുല്‍സുവിന്റെ ഗാനങ്ങള്‍ മൂര്‍ത്തി രൂപംനല്‍കിയ വകഭേദത്തെയും വ്യതിയാനത്തെയും ബൗദ്ധിക ഘടനയെക്കാള്‍ ഉപരിയായി അതിന്റെ വിവരണരീതിയും ധ്യാനനിര്‍ഭരവുമായ അലങ്കാരങ്ങള്‍ തുടങ്ങിയ അതിന്റെ സവിശേഷതകള്‍ സെയ്ദ് ആസ്വദിച്ചു തുടങ്ങി.
റിച്ചാര്‍ഡ് വാഗ്‌നറെ അപഗ്രഥിക്കുന്നതില്‍ നിന്നും സെയ്ദിനുണ്ടായിരുന്ന അസാമാന്യ ബുദ്ധിശക്തി നമുക്ക് മനസ്സിലാക്കാം. താരിഖലി സെയ്ദുമായി നടത്തിയ അഭിമുഖത്തിലെ വരികള്‍ .
താരിഖ് അലി: വാഗ്‌നര്‍ വെച്ച് പുലര്‍ത്തുന്ന സെമിറ്റിക് വിരോധത്തെ പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അദ്ദേഹത്തിന്റെ സെമിറ്റിക് വിരോധവും ജര്‍മന്‍കാരനെന്ന നിലയില്‍ അതിരുകവിഞ്ഞ ദേശീയതയും സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അസ്ഥിരതയെ അല്ലെ?
എഡ്വേഡ് സെയ്ദ്; അതെ, സമകാലീനരായ യുറോപ്യന്‍ ബുദ്ധിജിവികളെ പോലെ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലും സെമിറ്റിക്ക് വിരോധം ആളിക്കത്തുന്നുണ്ട് , അദ്ദേഹത്തിന്റെ സമകാലീനായ കാര്‍ലയറിനെപ്പോലുള്ള എഴുത്തുകാര്‍ ജുതന്‍മാരോടും കറുത്തവര്‍ഗക്കാരോടും അതിഭീകരമായ മുന്‍ധാരണ വച്ചുപുലര്‍ത്തുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കൃതികളിലെ ഒരു മുഖ്യ പ്രമേയമാണ്. വാഗ്നറുടെ കാര്യത്തിലാണെങ്കില്‍ യാതൊരു യുക്തിയുമില്ലാതെ അദ്ദേഹം വെച്ചു പുലര്‍ത്തുന്ന വംശവിരോധം അതിന്റെ ഉഛസ്ഥായിയിലാണ്. ജര്‍മ്മന്‍ വികാരത്തിന്റെ സംരക്ഷകനായി അദ്ദേഹം സ്വയം അവരോധിക്കുകയാണ്, ഒരു ജര്‍മ്മന്‍ ഗാനരചയാതാവെന്ന നിലയില്‍ ഇത് ദൗര്‍ഭാഗ്യകരമാണ്. (Tariq Ali ;51)
ഓറിയന്റലിസത്തിന്റെ ആചാര്യനും ഒരു വിമര്‍ശകനുമെന്ന നിലക്ക് അദ്ദേഹം മാക്‌സിസത്തെ പറ്റി നടത്തിയ നിരീക്ഷണം പ്രസക്തമാണ്. ഒരു കലാകാരനെയും അദ്ദേഹത്തിന്റെ രാഷ്ടിയത്തെയും കലയില്‍ നിന്ന് വേര്‍പെടുത്തുകയെന്നത് വിചിത്രമായ വിരോധാഭാസമാണ് . അടുത്തപേജില്‍ വാഗ്നറുടെ സംഗീതനാടശാല സ്ഥിതിചെയ്യുന്ന ജര്‍മ്മന്‍ നകരമായ ബെയ്‌റൂതിലേക്കുള്ള ഹിറ്റ്‌ലറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അത്ര ത്യപ്ത്തികരമല്ലാത്ത ഭാഷയില്‍ പറയുന്നത് കാണുക,
എഡ്വേഡ് സെയ്ദ്; അതെ, അത് ശരിയാണ് , അത് ആ പ്രത്യേക കലാരുപത്തിന്റെ മാത്രം ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നല്ല ഞാന്‍ മനസ്സാലാക്കുന്നത്. നമ്മള്‍ പരിശോധിക്കുകയാണെങ്കില്‍ എല്ലാ മഹത്തായ ആശയങ്ങളും പ്രസ്ഥാനങ്ങളും പ്രവണതകളും മനുഷ്യന് വിനാശകരമായ പ്രത്യാഘതങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് (Tariq Ali:52)
ഗ്രന്ഥകാരെയും അവരുടെ കുഴലൂത്ത് രാഷ്ടിയത്തെയും വിമര്‍ശിക്കുന്ന സെയ്ദ് എന്ത് കൊണ്ട് സംഗീതത്തെക്കുറിച്ചെഴുതുമ്പോള്‍ സംഗീതജ്ഞരെ വിമര്‍ശിക്കുന്നില്ല. നവോത്ഥാനകാലത്ത് ജനിച്ചു വളര്‍ന്ന യൂറോപ്യന്‍ സംഗീതപാരമ്പര്യത്തോടുള്ള അദ്ദേഹത്തിനുള്ള താല്‍പ്പര്യം കാരണമായിരിക്കാം. എങ്കിലും ബിഥോവന്‍ , ജോണ്‍ സെബാസ്റ്റിയന്‍ ബാച്ച് എന്നിവരെക്കുറിച്ചുള്ള പഠനത്തില്‍ നവോത്ഥാന ബൗദ്ധികതയുടെ വിള്ളല്‍ തിരിച്ചറിയുന്നുണ്ട്. എക്കാലത്തേയും മികച്ചവരായ ഈ രണ്ടു പ്രഗല്ഭ സംഗീതജ്ഞരും നവോത്ഥാന ബൗദ്ധികതയുടെ വെളിച്ചത്തില്‍ പരുവപ്പെട്ടവരാണെങ്കിലും, ഗൂഢാനുഭവങ്ങളില്‍നിന്ന് ഇരുവരും ഒരുപോലെ അകലം പാലിച്ചിരുന്നു. (Rukus degroot -130)
മ്യൂസിക് ഒരു മെറ്റഫര്‍ എന്ന നിലയില്‍
നമ്മുടെ ശബ്ദത്തെക്കാള്‍ ഗൗരവമായി നാം മറ്റുള്ളവരുടെ ശബ്ദം കേള്‍ക്കുന്ന ഒരു പരിസരത്തിലുള്ള രൂപകാലങ്കാരമാണ് സെയ്ദിനെ സംബന്ധിച്ചിടത്തോളം സംഗീതം. അതുകൊണ്ടുതന്നെ സെയ്ദിന്റ സകല രചനകളേയും ധീരവും മനോഹരവുമായ ബൗദ്ധിക രാഷ്ട്രീയ ജീവിതത്തേയും സംഗീതം സ്വാധീനിച്ചിട്ടുണ്ടെന്നു പറഞ്ഞാല്‍ അത് ഒരിക്കലും അതിശയോക്തിയാവുകയില്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയാണ് കല എന്നുപറഞ്ഞ ഗോയിഥെയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് സെയ്ദ് ഡാനിയല്‍ ബെയര്‍നോബിനുമായി ചേര്‍്ന്ന് പാശ്ചാത്യ പൗരസ്ത്യ ദിവാന്‍ പഠനകളരിയില്‍ 1999ല്‍ അറബ് ജൂത സംഗീതജഞരെ ഒരുമിച്ചിരുത്തുകയുണ്ടായി.(റൂക്കസ് ഡിഗ്രൂട്ട് Rukus degroot)
നെതര്‍ലാന്റ്‌സിലെ സംഗീത ശാസ്ത്രജ്ഞനും ഗാനരചയിതാവുമായ റൂക്കസ് ഡീഗ്രോഡിന്റെ അഭിപ്രായത്തില്‍ സെയ്ദിന്റെ സംഗീത ചിന്ത ഉരുത്തിരിഞ്ഞ് വരുന്നത് രണ്ട് സ്വരങ്ങള്‍ ചേര്‍ന്ന് പുതിയ സ്വരമുണ്ടാകുന്ന പോളിഫോണിക്ക്, കൗണ്ടര്‍ പോയിന്റ് തുടങ്ങിയ സംഗീത ശൈലിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ്. ഈ സംഗീത ശൈലി ശബ്ദങ്ങള്‍ അനുപൂരകങ്ങളായി ഉപയോഗിക്കുന്നതോടൊപ്പം തന്നെ സ്വന്തമായി പ്രകടമാകാനുള്ള അവസരവും അവയ്ക്ക് നല്‍കുന്നു. ഒരു ശബ്ദം തുടര്‍ച്ചയായി മറ്റൊരു ശബ്ദത്തിനുമേല്‍ അധികാരം സ്ഥാപിക്കുന്നത് തടഞ്ഞ് പരസ്പരം ബഹുമാനിക്കുന്ന ബഹുസ്വരാസ്വദന സംസ്‌കാരത്തിലേക്കുള്ള വിളിയാളമാണിത്. ഗ്രൂട്ടിന്റെ അഭിപ്രായത്തില്‍ മ്യൂസിക്കിനെ ഒരു ബഹുസ്വര വ്യവഹാരമായി കാണുന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിക്കൊണ്ടാണ് സ്വത്തവും ശബ്ദവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് സെയ്ദ് പറയുന്നത്. ആഗോളവല്‍കൃത പോസ്റ്റ് കൊളോണിയല്‍ ലോകത്ത് ചിന്തയുടെയും കര്‍മ്മത്തിന്റെയും അടിസ്ഥാനമായ ബഹുസ്വരതയെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു സെയ്ദിന്റെ ലക്ഷ്യം. അപരനാല്‍ നിര്‍ണിതമായ സ്വത്തത്തിനപ്പുറത്ത് കടക്കാനും ആധിപത്യ മനോഭാവം പുലര്‍ത്തുന്ന ആഖ്യാന രീതികളെ കീഴ്‌പ്പെടുത്തുന്നതിനും വ്യത്യസ്തമായ എന്നാല്‍ പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന താല്‍പര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സഹായകമായ ഒരുപകരണമായി കര്‍മ്മ ചിന്താ മണ്ഡലങ്ങളില്‍ വര്‍ത്തിക്കുക എന്നതാണ് ബഹുസ്വരത കൊണ്ട് അര്‍ത്ഥമാക്കുന്നത്. ( റൂക്കസ് ഡീ ഗ്രൂട്ട്)
സ്വത്തത്തേക്കാള്‍ ഉപരിയായ സങ്കല്‍പമാണോ സംഗീതം?. പ്രായോഗികതാവാദ വിമര്‍ശകനെന്ന നിലയ്ക്ക് സെയ്ദ് സ്വത്തത്തിനുപരിയായ ഒരു ജീവിതം സ്വപ്‌നം കാണുന്നു. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി: ”സ്വത്വം എന്ന ആശയം എന്നെ ഏറെ അക്ഷമനാക്കിയിരിക്കുന്നു. അതുകൊണ്ട് സ്വത്വത്തിനുപരിയായ മറ്റു വല്ലതിലേക്കും എത്താന്‍ ശ്രമിക്കുക എന്നതാണ് ഞാന്‍ കൗതുകപൂര്‍വം നോക്കുന്നത്. അതെന്തുമാവട്ടെ, അത് മരണമാവട്ടെ, വിസ്മൃതിയാവട്ടെ” സെയ്ദ് ജാക്വലിന്‍ റോസുമായി നടത്തിയ അഭിമുഖം.
സെയദിന്റെ അവസാന നിമിഷം ഭാര്യ മിര്‍യാ സെയ്ദ് ഓര്‍ക്കുന്നത് കാണുക. എല്ലാവരുടെയും ജീവിതത്തിലെന്നപോലെ അദ്ദേഹത്തിന്റെ ജീവിതത്തിലും മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ആശയ വിനിമയത്തിന്റെ മുഖ്യ ഉപാധിയായ ഭാഷയുടെ പങ്ക് അവസാനിച്ചിരുന്നു. അവിടെ അദ്ദേഹത്തിനേറെ തുണയായത് സംഗീതമായിരുന്നു. സംഗീതത്തിന്റെ നിശബ്ദതയെക്കുറിച്ച് പല സമയങ്ങളിലായി അദ്ദേഹം അല്‍ഭുതം പ്രകടിപ്പിച്ചിട്ടുണ്ട് . സംഗീതം നിരന്തരമായ നിശബ്ദതയെ പ്രതിരോധിക്കുകയും ചിലപ്പോള്‍ അതിന് കീഴ്‌പ്പെടുകയും ചെയ്യുന്നു.