അവളുടെ പാട്ട് അവളുടെ രാഷ്ട്രീയമാണ്
പി പി നാജിയ
അവന്‍ പാടുന്നതും അവള്‍ പാടുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്നുകൂടി കടന്നു ചോദിച്ചാല്‍ അവള്‍ അവന്റെ വരികള്‍ ഈണത്തില്‍ ചൊല്ലുമ്പോഴും സ്വന്തം വരികള്‍ ആലപിക്കുമ്പോഴും നമുക്ക് അനുഭവപ്പെടുന്ന വ്യത്യാസമെന്താണ്? അവന്‍/അവള്‍ നാമങ്ങളെ ഭാഷാപരമായി മാത്രം പരിഗണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ അപ്രസക്തമാവുന്നു. സ്ത്രീകളും സംഗീതവും എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എഡ്വേഡ് സെയ്ദിന്റെ സംഗീതവും ഫെമിനിസവും എന്ന പ്രബന്ധം ഏറെ ശ്രദ്ധേയമാണ്.സ്വത്വത്തിന്റെ, ശരീരത്തിന്റെ, മതത്തിന്റെ, ദേശീയതയുടെ എല്ലാം ശക്തമായ ഭാവമാണ് ഒരു സ്ത്രീയുടെ സംഗീതം. സധീരം ഉറച്ച ശബ്ദത്തില്‍ അവള്‍ പാടുന്നു. തന്റെ വരികള്‍. സംഗീതലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വനിതകളുണ്ട്. ആഗോളതലത്തില്‍ നിരവധി ആരാധകരുള്ള ഇവരില്‍ ഏറ്റവും ശ്രദ്ധേയരായ ചിലരെ ഈ ലേഖനത്തിലൂടെ പരിചയപ്പെടാം
ആബിദാ പര്‍വീണ്‍
ഖവാലി ഇതിഹാസമായ നുസ്രത്ത് ഫതെഹ് അലി ഖാന്റെ പിന്‍ഗാമിയായി അറിയപ്പെടുന്ന ആബിദാ പര്‍വീണ്‍ നിഗൂഢമായ തന്റെ ശബ്ദചാരുതയാല്‍ പാടുന്നു..
ഹം നെ ഇസ് ശെഹര്‍ മേം സന്വാരെ ധെ ..
ഹം സെ ജിത്‌നെ സുഖന്‍ തുംഹാരെ ധെ …
സൂഫികള്‍ സംഗീതത്തിന്റെ ഭാഷയില്‍ ദൈവത്തിനോടും മനുഷ്യനോടും സംസാരിക്കുന്നു. സൂഫിസവും സംഗീതവും അവിഭാജ്യവും അവയുടെ പ്രണയത്തിന്റെയും സമാധാനത്തിന്റെംയും സന്ദേശം സാര്‍വത്രലൌകികവുമത്രെ സൂഫി സന്യാസിമാര്‍ക്കും മിസ്‌ററിക്കുകള്‍ക്കും ഒരുപാട് പ്രാധാന്യമുള്ള ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്ന ആബിദ യുടെ വാക്കുകളാണിത്. ഹാര്‍മോനണിയത്തിന്റെയും വാദ്യങ്ങളുടെയും താളത്തിനൊത്ത് പ്രമുഖ സൂഫി കവികളുടെ വരികള്‍ ആലപിക്കുന്ന രീതി പിന്തുടരുന്ന ആബിദാ പര്‍വീണിന് ഖവാലിയേക്കാള്‍ ഉര്‍ദു പ്രണയഗാനങ്ങളോടും ഗസലിനോടുമാണ് പ്രിയം. സൂഫിവര്യന്മാരുടെ ആശ്രമങ്ങളില്‍ പാടാന്‍ അനുവദിക്കപ്പെട്ട ഏക സ്ത്രീ എന്ന പ്രത്യേകത കൂടിയുണ്ട് ഇവര്‍ക്ക്.
1954 ല്‍ പാകിസ്ഥാനിലെ സിന്ധില്‍ ജനിച്ച ആബിദയുടെ പിതാവ് ഗുലാം ഹൈദര്‍ സംഗീതാധ്യാപകനായിരുന്നു. മകളുടെ അസാധാരണ പ്രതിഭ തിരിച്ചറിഞ്ഞ അദ്ദേഹം വേണ്ടത്ര പ്രോത്സാഹനം നല്കി അവര്‍ക്ക് വഴികാട്ടിയായി. ഉസ്താദ് സലാമത് അലി ഖാന്റെ ശിക്ഷണത്തില്‍ സൂഫി സംഗീതധാരയുമായി അടുത്ത ആബിദ റേഡിയോ പാകിസ്ഥാനില്‍ സീനിയര്‍ പ്രോഡ്യുസറായ ഗുലാം ഹുസ്സൈനുമായുള്ള വിവാഹത്തിനു ശേഷമാണ് ഔദ്യോഗികമായി സംഗീത ലോകത്ത് ചുവടുറപ്പിക്കുന്നത്. സിന്ധിലെ സൂഫി ആശ്രമങ്ങള്‍,ലോകോത്തര വേദികള്‍ തുടങ്ങി അനവധി മതമതേതര സദസ്സുകള്ക്കത് അവര്‍ സംഗീത വിരുന്നൊരുക്കുന്നു. നിരവധി പാശ്ചാത്യ ആരാധകരുള്ള ആബിദ ഉര്‍ദു, പഞ്ചാബി, ഹിന്ദി, സെരൈകി ഭാഷകളിലാണ് പാടുന്നത്. ഏഷ്യക്കാരല്ലാത്ത ശ്രോതാക്കളോട് അവര്‍ പറയുന്നു ‘വാക്കുകളുടെ അര്‍ത്ഥകങ്ങളെക്കാള്‍ അത് അനുഭവിച്ചറിയുന്നതിലാണ് കാര്യം. ഭാഷാര്‍ഥങ്ങള്‍ക്കപ്പുറം അവരുടെ സംഗീതം ശ്രോതാവിന് ദിവ്യാനുഭവമായി മാറുന്നു. ബ്രിട്ടനിലെ ദ ഡെയിലി ടെലെഗ്രാഫ് പത്രം അവരെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ് ആബിദ പര്‍വീണ്‍ ലോകത്തെ മികച്ച ഗായകരില്‍ ഒരാളാണ്. നിങ്ങള്‍ക്ക് അവര്‍ പാടുന്നതെന്തെന്നു മനസിലായില്ലെങ്കില്‍ക്കൂടി. ഇന്തോ ഏഷ്യന്‍ സര്‍വീസിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തെക്കുറിച്ച് അവര്‍ പറയുന്നു “രണ്ടു രാജ്യങ്ങളും ഒരുപാട് സാംസ്‌കാരിക പൌരാണിക ഇതിഹാസങ്ങള്‍ പങ്കു വെക്കുന്നുണ്ട്. ഒരു നാള്‍ സമാധാനം പുലരുക തന്നെ ചെയ്യും. ആ ഐക്യത്തില്‍ സൂഫി സംഗീതത്തിനും ഒരു പങ്ക് ഉണ്ടാവും”. ഏക ദൈവത്തോടുള്ള സ്‌നേഹത്തെക്കുറിച്ച് അവര്‍ പാടുന്നു. ആ ദിവ്യശക്തിയില്‍ അലിഞ്ഞു ചേരാന്‍.
സുശീലാ രാമന്‍
മാസമരിക ശബ്ദവും അവതരണവും കൊണ്ട് യൂറോ-ആഫ്രോ-ഏഷ്യന്‍ സംഗീതശീലുകളുടെ ആവിഷ്‌കാരങ്ങളിലൂടെ ലോകത്താകമാനമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന സുശീല രാമന് ആരാധകരേറെയാണ്. ഒരു ലണ്ടന്‍ കാരിയുടെ റോക്കിനോടും ബ്ലൂസിനോടുമുള്ള ആത്മബന്ധത്തില്‍ ഇന്ത്യന്‍ സ്വരം ഉള്‍ചേരുന്നത് സുശീല രാമന്റെ സംഗീതത്തില്‍ നമുക്ക് അനുഭവിച്ചറിയാം.
സംഗീതത്തിന്റെ ലോകത്തെ കൃത്രിമ അതിരുകളെ ഞാന്‍ ബഹുമാനിക്കുന്നില്ല. എല്ലാത്തിനെയും ഒരു അനുഭൂതിയാക്കി മാറ്റുകയാണെന്റെ ലക്ഷ്യം. മുഖ്യധാരയില്‍ നിന്നകന്നു സംസ്‌കാരത്തിന്റെ ഉള്ളറകളിലേക്ക് ചെന്നാല്‍ ഏറെയൊന്നും അറിയപ്പെട്ടിട്ടില്ലാത്ത, എന്നാല്‍ വെളിച്ചത്തെക്ക് കൊണ്ട് വരാന്‍ നിങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന സംഗീതത്തിന്റെ ശീലുകളെ കാണാം. കുറച്ചു വര്‍ഷമായി ഞാന്‍ ഇന്ത്യയുടെ പുതിയ ശബ്ദങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് തമിഴ് ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായ ദൈവിക സംഗീതം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഈ സംഗീതം തമിഴ് സംസ്‌കാരത്തിന്റെ ഹൃദയത്തിലുള്ളതാണ്. എന്റെ റൈസ് അപ്പ് എന്ന ഗാനം ഈ തമിഴ് ഭക്തിഗാനാനുഭവങ്ങളുടെ സ്വാധീനത്തില്‍ രൂപം കൊണ്ടതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ടു കിടക്കുന്ന പുതിയ സംഗീത ശ്രമങ്ങള്‍ക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടെ ലണ്ടനില്‍ അവര്‍ ഔടെര്‍ ഇന്ത്യ എന്ന പേരില്‍ ഒരു ക്ലബിന് രൂപം കൊടുത്തിട്ടുണ്ട്. അത് ഒരു ചലനാത്മക സംഗീത വിരുന്നാവും എന്നാണു പ്രതീക്ഷ. സ്‌റ്റേജിലെ അവതരണങ്ങള്ക്ക് പുറമേ ‘Salt Rain’ (2001), ‘Love Trap’ (2003) ‘Music for Crocodiles’ (2005) ’33 1/3′ (2007), വേല്‍ vel (2011) എന്നീ ആല്‍ബങ്ങളും സുശീല രാമന്റെതായുണ്ട്. ഗായഗനായ മഹ്മൂദ് അഹ്മദിന്റെ എത്യോപ്യന്‍ ഗാനത്തിന്റെ പുനരാവിഷ്‌കാരമാണ് സുശീലയുടെ രണ്ടാമത്തെ ആല്‍ബം ആയ ലവ് ട്രാപിന്റെ ടൈറ്റില്‍ ട്രാക്ക്. ഏറ്റവും പുതിയ ആല്‍ബം വെല്‍ പകുതി തമിഴും പകുതി ഇംഗ്ലീഷും ആയിട്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ വേരുകളുള്ള യൂറോപ്യയായ സുശീലയുടെ തമിഴ് സംഗീതത്തിലെക്കുള്ള, തന്റെ ചരിത്രത്തിലേക്കുള്ള യാത്രയാണ് വേല്‍.
യുറോ-ആഫ്രോ-ഏഷ്യന്‍ സംഗീതശീലുകളുടെ മിശ്രിതത്തില്‍ അനുഭവിക്കാവുന്ന തെക്കേ ഇന്ത്യന്‍ രുചി സുശീല രാമന്റെ സംഗീതത്തിന്റെ പ്രത്യേകതയാണ്. തമിഴ് വംശജരായ മാതാപിതാക്കള്‍ സുശീലക്ക് നാലു വയസു പ്രായമായപ്പോള്‍ ലണ്ടനില്‍ നിന്ന് ഓസ്ട്രലിയയിലേക്ക് മാറി. ഓസ്‌ട്രേലിയയില്‍ റോക്ക് മ്യൂസികുമായി അടുത്ത് തുടങ്ങിയ സുശീല ഇന്ത്യയിലെത്തി കര്‍ണാടിക് സംഗീതത്തില്‍ അവഗാഹം നേടി. പിന്നീടങ്ങോട്ട് സുശീലയുടെ ഇന്തോയൂറോപ്യന്‍ മിശ്രിത സംഗീതാവിഷ്‌കാരങ്ങള്‍ക്കായി ലോകം കാതോര്‍ത്തു. അവര്‍ കാലത്തിന്റെ തരംഗങ്ങള്‍ക്കൊപ്പം നീങ്ങുന്നു. ആഗോള ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ അഭിരുചികളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് നേരെ ധീരമായി നടന്നടുക്കുന്നു..
അയിനുര്‍ദോഗാന്‍
തുര്‍ക്കിയില്‍ നവ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുര്‍ദ് ഗായകരില്‍ മുന്‍നിരയിലാണ് അയ്‌നുര്‍ ദോഗാന്‍. സ്വന്തമായി ഒരു രാഷ്ട്രമില്ലാത്ത ലോകത്തെ ഏറ്റവും വലിയ എത്‌നിക് സമൂഹമായ കുര്‍ദ് വംശത്തിന്റെ ആഗോള മുഖമാണ് ഇന്ന് അയ്‌നുര്‍. അവര്‍ക്ക് തന്റെ് ഭാഷയില്‍ പാടുക എന്നത് തന്നെ തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തയനമാണ് ഫതിഹ് അകിന്‍ സംവിധാനം ചെയ്ത ക്രോസിംഗ് ദ ബ്രിഡ്ജ് (Crossing the Bridge, The Sound of Istanbul) എന്ന സംഗീത ചിത്രത്തില്‍ അയ്‌നുര്‍ പറയുന്നു.
“ഞാന്‍ അനുഭവിക്കുന്നതും ജീവിക്കുന്നതുമെല്ലാം എന്റെ സംഗീതത്തിലുണ്ട്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നമാണിത്. കുര്‍ദുകള്‍ തങ്ങളുടെ ഭാഷ,സംസ്‌കാരം എല്ലാം നിലനിര്‍ത്താനാഗ്രഹിക്കുന്നു, ചരിത്രം ഓര്‍ക്കുവാനാഗ്രഹിക്കുന്നു. കുര്‍ദിഷ് സംസ്‌കാരം, ഭാഷ, മതം എല്ലാം ബഹുമാനിക്കപ്പെടെണ്ടതുണ്ട് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മുമ്പ് ഞാന്‍ കുര്‍ദിഷില്‍ പാടിയപ്പോള്‍ മൂന്നു തവണ അവരെന്റെ സാസി (സംഗീത ഉപകരണം) പിടിച്ചു വാങ്ങി. ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു”. അടുത്ത കാലം വരെ തുര്‍ക്കിയില്‍ കുര്‍ദിഷ് സംഗീതം നിരോധിക്കപ്പെട്ടതായിരുന്നു. കേസേ കുര്‍ദാന്‍ എന്ന ആല്‍ബം സ്ത്രീകളെ കുര്‍ദിഷ് പോരാട്ടങ്ങളില്‍ പങ്കുകൊള്ളാന്‍ പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് ഒരു പ്രവിശ്യ കോടതി ആല്‍ബം നിരോധിക്കുകയും അയ്‌നുര്‍നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി. 2005 സെപ്റ്റംബര്‍ ലാണ് ഹൈക്കോടതി ഇടപെട്ടു നിരോധം നീക്കിയത്. അവസാന നിരോധവും നീക്കിയതിനു ശേഷമാണ് അയ്‌നുര്‍, നിലോഫര്‍ അക്പല്‍, റോജിന്‍ തുടങ്ങിയ കുര്‍ദിഷ് ശബ്ദങ്ങള്‍ തുര്‍ക്കിയില്‍ വ്യാപകമായി മുഴങ്ങുന്നത്. കുര്‍ദിഷ് സംഗീതത്തെ ആധുനിക പാശ്ചാത്യ സങ്കേതങ്ങളുമായി സമന്വയിപ്പിച്ചാണ് ഇവര്‍ അവതരിപ്പിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ മ്യൂസിക് ഫെസ്റ്റിവലില്‍ ‘വോയിസ് ഓഫ് കുര്‍ദിസ്ഥാന്‍’
ലൂടെ യു.എസിലെ തന്റെ പ്രകടനങ്ങള്‍ക്ക് അയ്‌നുര്‍ അരങ്ങേറ്റം കുറിച്ചു. പാരമ്പര്യ കുര്‍ദിഷ് സംഗീത-കവിതാ-നൃത്തങ്ങളുടെ ഒന്നുചേരലായിരുന്നു വോയിസ് ഓഫ് കുര്‍ദിസ്ഥാന്‍.
തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദ് സ്വാധീന മേഖലയായ ടന്‍സെലി (tunceli) ലാണ് അയ്‌നുര്‍ ദോഗാന്‍ ന്റെ ജനനം. മതന്യൂനപക്ഷമായ അലവികളുടെ പൗരാണിക സംഗീതവും മിത്തുകളും നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ വളര്‍ന്നു . 1990 ലെ സിവില്‍ യുദ്ധത്തില്‍ ഗ്രാമങ്ങളെല്ലാം ഒഴിപ്പിക്കപ്പെട്ടപ്പോള്‍ കുടുംബം ഇസ്താംബൂളിലെക്ക് മാറി. അവിടെയാണ് അയ്‌നുര്‍ പൌരാണിക തുകിഷ് സംഗീതോപകരണ (സാസ്) വിദ്വാന്‍ ആരിഫ് സാഗിന്റെ കീഴില്‍ സംഗീതമഭ്യസിക്കുന്നത്.
ശാദിയ മന്‍സൂര്‍
“നിലനില്‍പിനായുള്ള പലസ്തീനിയന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഞാന്‍ ജനിച്ചുവീഴുന്നത്. ഒരു ഇസ്രയേലി ചെക്ക്‌പോസ്റ്റിലൂടെ കടന്നു പോയാല്‍ മനസിലാവും ഇവിടെ ജനജീവിതം എത്ര ദുസ്സഹമാണെന്ന്, വെള്ളവും വൈദ്യുതിയുമില്ലാത്ത അഭയാര്‍ഥി ക്യാമ്പുകളിലെ കുട്ടികളെ സന്ദര്‍ശിച്ചു നോക്കൂ..എല്ലാം നിങ്ങള്‍ക്കു നേരിട്ട് കാണാം. സത്യം എന്നും സത്യം തന്നെയാണ്, അതാര് വിളിച്ചു പറയുന്നു എന്നതിലല്ല കാര്യം.” ബോംബ് മാഗസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ശാദിയ മന്‍സൂര്‍ പറയുന്നു. അറബിക് ഹിപ് ഹോപില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നാമമാണ് ശാദിയ മന്‍സൂര്‍. ലണ്ടനില്‍ ജനിച്ച ഈ പാലസ്തീനിയന്‍ റാപ്പര്‍ വാര്‍ത്തയാവുന്നത് ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശത്തിനെതിരെ മ്യൂസിക് ഇന്‍തിഫാദ പ്രഖ്യാപിക്കുന്നതോടെയാണ്. അവരുടെ വരികള്‍ പലസ്തീന്‍ യുവഹൃദയങ്ങളെ പിടിച്ചുകുലുക്കി. ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനുള്ള ആഹ്വാനമായിരുന്നു അവരുടെ പാട്ടുകള്‍. ഒരു ശക്തിയുടെയും അധിനിവേശം പലസ്തീന്‍ അംഗീകരിക്കില്ലെന്നു ഇവര്‍ ഉറച്ച് പ്രഖ്യാപിക്കുന്നു. നിരവധി പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കും വളര്‍ന്നു വരുന്ന റാപര്‍മാര്‍ക്കും പ്രചോദനമാണ് അവരുടെ വരികള്‍ .
അറബിക് ഹിപ് ഹോപിലെ ആദ്യ സ്ത്രീശബ്ദമാണ് ശാദിയ. മറ്റ് ബ്രിട്ടീഷ് റാപ്പര്‍മാരില്‍ നിന്ന് വ്യത്യസ്തമായി അവര്‍ അറബിയില്‍ റാപ് ചെയ്യുന്നു. “കവിതയുടെ ഭാഷയാണ് അറബി. ഞാന്‍ അറബിയാണ്, എന്റെ പേര് അറബിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ അറബിയിലാണ് റാപ് ചെയ്യേണ്ടത് എന്നു വിശ്വസിക്കുന്നു”. “ഇത് എന്റെ രോഷവും പ്രതിരോധവുമാണ് നിരായുധ പ്രധിരോധം”26 കാരിയായ ശാദിയ പറയുന്നു.
ഹെയറോ ഡിസയെ
മുസ്‌ലിം ലോകത്ത് സംഗീതത്തിന്റെ സ്ഥാനം അനുവദനീയം/ നിശിദ്ധം സംവാദങ്ങളില്‍ മാത്രമാണെന്ന പൊതുധാരണകളെ വെല്ലുവിളിച്ചുകൊണ്ടാണ് പാശ്ചാത്യരാജ്യങ്ങളിലെ മുസ്‌ലിം ഹിപ്‌ഹോപ് സംഘങ്ങള്‍ രൂപപ്പെടുന്നത്. അവര്‍ക്ക സംഗീതം വെറും നേരമ്പോക്കല്ല. മറിച്ച് പട്ടിണിക്കും അനീതിക്കും അസമത്വങ്ങള്‍ക്കുമെതിരെ രൂപം കൊള്ളുന്ന സമരങ്ങളുടെ പുതിയ ശബ്ദമാണ്. അധികാരവര്‍ഗ്ഗത്തിന്റെ അപ്രമാദിത്വങ്ങള്‍ക്കുനേരെ ചോദ്യങ്ങളുയര്‍ത്തുന്ന പുതിയ വ്യവഹാരങ്ങള്‍ക്ക് ജനപ്രിയസങ്കേതങ്ങളില്‍ ഇടം കണ്ടെത്തുകയാണ് മുസ്‌ലിം ഹിപ്‌ഹോപ്. സംഗീതത്തിന്റെ, നൃത്തത്തിന്റെ ഭാഷയിലൂടെ അടിച്ചമര്‍ത്തപ്പെട്ടവന്‍ അധികാരിയെ ചോദ്യം ചെയ്യുന്നു. നേറ്റീവ് ദീന്‍ , ഔട്ട്‌ലാന്റിഷ് തുടങ്ങിയ ഹിപ്‌ഹോപ് സംഘങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യു.എസിലും യു.കെയിലും വളര്‍ന്നുവരുന്ന നശീദ് സംസ്‌കാരം ബഹുമുഖ ഇസ്‌ലാമികസ്വത്വങ്ങള്‍ക്ക് മുഖ്യധാരയില്‍ ഇടം കണ്ടെത്താനുള്ള ശ്രമം കൂടിയാണ്. അലസമായ ആസ്വാദനമല്ല, സജീവപങ്കാളിത്തമാണ് കാണിയില്‍ നിന്നും ഇവര്‍ ആവശ്യപ്പെടുന്നത്.
ജനപ്രിയ ഹിപ്‌ഹോപ് സ്ത്രീവിരുദ്ധത ആഘോഷമാക്കിയപ്പോള്‍ കരുത്തുറ്റ, ഊര്‍ജസ്വലയായ മുസ്‌ലിംസ്ത്രീ പ്രതിനിധാനങ്ങളെ അവതരിപ്പിച്ചുകൊണ്ട് മുസ്‌ലിം ഹിപ്‌ഹോപ് സ്ത്രീപക്ഷ വേദികളൊരുക്കി. മുസ്‌ലിം സ്ത്രീ നിഷ്‌ക്രിയത്വത്തിന്റെ പര്യായമാണ്, ഹിപ്‌ഹോപ് അനിസ്‌ലാമികമാണ് എന്നീ ധാരണകളെ മുസ്‌ലിം ഹിപ്‌ഹോപ് നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മുസ്‌ലിം ഹിപ്‌ഹോപില്‍ ശ്രദ്ധേയമായ ഹെയറോ ഡിസയെ (Haero dizaye) പറയുന്നു: “പാശ്ചാത്യവ്യവഹാരങ്ങളിലെ മുസ്‌ലിം സ്ത്രീ ഉല്ലാസങ്ങളോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ലാത്തവളാണ്. ഞാന്‍ ഓരോ തവണ മൈക്കിനടുത്തേക്ക് ചുവടുവെക്കുമ്പോഴും ആ സ്റ്റീരിയോടൈപ്പുകള്‍ ഓരോന്നായി പൊളിഞ്ഞു വീഴുന്നു”. അമേരിക്കയില്‍ വളര്‍ന്ന സിസ്റ്റര്‍ ഹെയ്‌റോ ഇറാഖിലെ കുര്‍ദ് വംശജയാണ്. ഹിപ്‌ഹോപ് ലോകത്തേക്കുള്ള കടന്നുവരവിനെപ്പറ്റി അവര്‍ പറയുന്നതിങ്ങനെ ‘ ചെറുപ്പത്തിലേ കവിതകള്‍ എഴുതുമായിരുന്നെങ്കിലും 20 വയസുവരെ അവ യ്ക്ക് ഈണമിടുന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നില്ല. ഒരിക്കല്‍ ഒരു ഷോയില്‍ കന്നാബിസ് ഫ്രീസ്‌റ്റൈലിംഗ് (cannabis freestyling) കണ്ട ഉടന്‍ തിരിഞ്ഞ് ഞാനെന്റെ ആങ്ങളയോട് പറഞ്ഞു’ എനിക്കത് ചെയ്യണം’ അവിടിന്നങ്ങോട്ട് ഗദ്യകാവ്യങ്ങളുമായി ( spoken word potery) ഞാന്‍ വിവധ വേദികളില്‍ പ്രത്യക്ഷപ്പെട്ടു. ഒരു ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഫ്രീസ്‌റ്റൈലിംഗ് ഏറെ സഹായിച്ചു.
അങ്ങനെ ഞാന്‍ സംഗീതത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ‘ജീവിതം, രാഷ്ട്രീയം, ബന്ധങ്ങളിലെ ഉയര്‍ച്ച താഴ്ചകള്‍ അങ്ങനെ എനിക്കുചുറ്റും ഞാന്‍ എഴുതുന്നു’. തുടര്‍ച്ചയായ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍കൂടിയും റാപ്പുകളില്‍കൂടിയും ഇസ്‌ലാമിലെ സ്ത്രീകളെക്കുറിച്ചുള്ള മിത്തുകളെ അപനിര്‍മ്മിക്കുകയാണ് സിസ്റ്റര്‍ ഹെയ്‌റോ. സ്‌റ്റേറ്റ് അറസ്റ്റ് ചെയ്ത നോര്‍ത്ത് അമേരിക്കന്‍ ഇസ്‌ലാമിക് ശൂറ കൗണ്‍സില്‍ സ്ഥാപകനേതാവ് ഇമാം ജാമില്‍ അല്‍ ആമിനിന്റെ മോചനത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയവരില്‍ ഹെയ്‌റോ മുന്‍പന്തിയിലുണ്ട്. സ്വയം ആസ്വദിക്കാന്‍ വേണ്ടി മാത്രം എഴുതുന്ന, നാണിച്ചുനില്‍ക്കുന്ന പെണ്‍കുട്ടികളോട് അവര്‍ക്ക് പറയാനുള്ളത് ഇതാണ് എന്തുതന്നെയായാലും നിങ്ങളത് പങ്കുവെക്കൂ, വളര്‍ന്നുവരുന്ന മുസ്‌ലിം യുവത മാതൃകകള്‍ തേടുന്നത് നമ്മളിലാണ്.
ഇംഗ്ലീഷിലും സ്പാനിഷിലും കുര്‍ദിഷിലുമെഴുതുന്ന ഹെയ്‌റോ സാന്‍ഡിയാഗോയിലെ ഒരു സ്വകാര്യ കിന്റര്‍ഗാര്‍ട്ടനില്‍ ജോലി ചെയ്യുന്നു. തന്റെ ആദ്യ സി.ഡി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണവര്‍ .
Connect
Connect with us on the following social media platforms.