ബ്ലോഗിന്റെ ആധികാരികത; വായനക്കാരന്റെ പ്രതികരണവും സര്‍ദാറിന്റെ മറുപടിയും
വായനക്കാരന്റെ പ്രതികരണം
ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വ്യാഖ്യാനം കണ്ടെത്താനുള്ള താങ്കളുടെ ശ്രമങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇസ്‌ലാം നിര്‍ദേശിച്ച നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ത്തും അനിവാര്യമായ, ദൈവത്തിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ ഉറപ്പാക്കപ്പെട്ട ഒരു ഉദ്യമമാണത്. എന്നാല്‍ ഖുര്‍ആന്് വ്യാഖ്യാനം നല്‍കുന്ന താങ്കളുടെ യോഗ്യതകളെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ആശങ്കാകുലനാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ ഔപചാരിക പാണ്ഡിത്യം ഇല്ലാത്ത വ്യക്തിയാണ് താങ്കള്‍ . ഖുര്‍ആന്‍ വ്യാഖ്യാതാവിനുണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകളെക്കുറിച്ച് ബോധാവാനയിരിക്കെ ഈ സാഹസിക കൃത്യം തുടങ്ങി വെക്കേണ്ടിയിരുന്നോ?. ഒരു വ്യാഖ്യാതവിനുണ്ടായിരിക്കേണ്ട യോഗ്യതകളൊന്നും താന്‍ നേടിയിട്ടില്ലെന്ന് താങ്കള്‍ തന്നെ അംഗീകരിക്കുന്നുണ്ട് ‘ഞാന്‍ ഇമാമോ പണ്ഡിതനോ അല്ല, ഖുര്‍ആന്‍ മനപാഠമാക്കിയവനുമല്ല, ഏറ്റവും മോശമെന്ന് പറയട്ടെ, ഞാന്‍ അറബി സംസാരിക്കുന്നവന്‍ പോലുമല്ല’.
ഖുര്‍ആനിന്റെ സത്ത എന്ന സന്ദേശം എല്ലാവരിലും എത്തിക്കാനുള്ള താങ്കളുടെ ആഗ്രഹത്തെ ഞാന്‍ പ്രശംസിക്കുന്നു. എന്നാല്‍ അയോഗ്യരായ ആളുകള്‍ എളുപ്പം തെറ്റ് വരുത്തി വെക്കും. എല്ലാ കോണുകളില്‍ നിന്നും ഇസ്‌ലാം ആക്രമിക്കപ്പെടുന്ന ഈ കാലത്ത് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയ ഇസ്‌ലാമികതത്വചിന്തയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ അതിന് എല്ലാ അര്‍ത്ഥത്തിലും യോഗ്യരായ വ്യക്തികള്‍ വേണം. താങ്കള്‍ ഈ മേഖലയില്‍ കുറച്ചു കൂടി യോഗ്യനായ ഒരാളുടെ സഹായവും മാര്‍ഗനിര്‍ദേശങ്ങളും തേടുമെന്ന് പ്രതീക്ഷിക്കുന്നു.
സര്‍ദാറിന്റെ മറുപടി
ആ നിമിഷം എത്തിയിരിക്കുകയാണ്. ‘ഖുര്‍ആനെക്കുറിച്ച് അഭിപ്രായം പറയാനോ വിശദീകരിക്കാനോ ഉള്ള അധികാരം താങ്കള്‍ക്കില്ല’ എന്ന് ഒരു മുസ്‌ലിം പറഞ്ഞിരിക്കുന്നു. സവിശേഷ വ്യക്തികള്‍ക്കേ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അവകാശമുള്ളൂ എന്ന് വിശ്വസിക്കുന്ന ഭക്തരായ ഒരുപാട് മുസ്‌ലിംകളുണ്ട്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ ചോദ്യം വ്യക്തമായ മറുപടിയര്‍ഹിക്കുന്നു.
ചോദ്യകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം എന്റെ മതബോധം വൈകല്യങ്ങള്‍ ഉള്ളതാണ്. ഇസ്‌ലാമിക തത്വശാസ്ത്രത്തില്‍ യുക്തിക്ക് പ്രാമുഖ്യം നല്കുന്ന മുഅ്തസിലി വിഭാഗത്തെ പിന്തുണക്കുന്ന വ്യക്തിയാണ് ഞാന്‍. അതെന്താ ഒരേ സമയം സുന്നിയും യുക്തിവാദിയും ആവാന്‍ പറ്റില്ലേ ഒരാള്‍ക്ക് ? അല്ലെങ്കില്‍ മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ പാടില്ലേ?
ചോദ്യകര്‍ത്താവിന്റെ വെബ്‌സൈറ്റ് പ്രകാരം ഞാന്‍ അഞ്ചു നിമിഷത്തെ പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന അവസരവാദിയായ മുസ്‌ലിം വഞ്ചകനാണ്. എന്റെ വിശ്വാസങ്ങളെയും ഉദ്ദേശ്യങ്ങളെയും കുററപ്പെടുത്തിയ ശേഷം അദ്ദേഹം ഇസ്‌ലാമില്‍ പൗരോഹിത്യ അധികാര ക്രമങ്ങളൊന്നും തന്നെ നിലനില്‍ക്കുന്നില്ലെന്ന പതിവ് മുസ്‌ലിം പൊങ്ങച്ചം ആവര്‍ത്തിക്കുന്നു. അധികാരക്രമങ്ങളെക്കാള്‍ വിശ്വസിച്ചവരെ വ്യത്യസ്തരാക്കുന്ന ഘടകമായി ഇസ്‌ലാം അംഗീകരിക്കുന്നത് ജ്ഞാനമാണ്. സവിശേഷ ജ്ഞാനമുള്ള വ്യക്തികള്‍ക്കു മാത്രമേ ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള അവകാശമുള്ളൂ എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. അധികാരക്രമമല്ലെങ്കില്‍ വേറെന്താണ് ഇത്? ഖുര്‍ആനനെപ്പറ്റി അഭിപ്രായം പറയാന്‍ ആത്യന്തികമായി അധികാരമുള്ള ഈ ആളുകള്‍ സത്യത്തില്‍ ഒരു പുരോഹിതവര്‍ഗം തന്നെയല്ലേ? നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ നിലനിര്‍ത്തിപ്പോരുന്ന ഒരു വഞ്ചനയല്ലേ ഈ ഉലമാക്കള്‍ പുരോഹിതവര്‍ഗമല്ല എന്ന് പറയുന്നത്?
ഇത് അടിസ്ഥാനപരമായ ഒരു പ്രശ്‌നമാണ്. ഇസ്‌ലാമിക വ്യവഹാരങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും മേലെ അധികാരമുള്ള ഈ ചെറു ന്യൂനപക്ഷം ഒരു തരത്തില്‍ പൗരോഹിത്യത്തിന് സമാനമായി പ്രവര്‍ത്തിക്കുന്നതിലൂടെ മുസ്‌ലിം ലോകത്തെ സംവാദങ്ങളെ നിശബ്ദമാക്കുകയാണ്. ഭൂരിപക്ഷം മുസ്‌ലിംകളും ഖുര്‍ആന്‍ എന്തെന്ന് പഠിപ്പിക്കപ്പെടേണ്ടവരാണ്, പണ്ഡിതരോട് അവര്‍ക്ക് സംശയങ്ങളുന്നയിക്കുകയും അവരുടെ മറുപടി അപ്പടി പിന്തുടരുകയും ചെയ്യാം. മുസ്‌ലിംകള്‍ നേരിടുന്ന ഇന്നിന്റെ, നാളെയുടെ ഗുരുതരമായ പ്രശ്‌നത്തിന്റെ കാമ്പ് ഇതാണ്. യുക്തിഭദ്രമായ സംവാദങ്ങളിലിടപെടുന്ന മുസ്‌ലിംകള്‍ അയോഗ്യരാക്കപ്പെടുകയും ആധുനിക ലോകത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാത്ത, സ്ഥാപനവല്‍കൃത ജ്ഞാനത്തിന്റെ നിര്‍മാതാക്കളായ ഉലമാക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ചോദ്യകര്‍ത്താവ് അവതരിപ്പിക്കുന്ന ചിന്താധാരയിലെ പ്രമുഖ പണ്ഡിതന്‍ ആയിരുന്നു സൗദി അറേബ്യയിലെ മുഫ്തി ശൈഖ് ബിന്‍ ബാസ്. ഇസ്‌ലാമികമായി ശരിയായതിന്റെ നിയന്ത്രണാധികാരി എന്ന നിലക്ക് അദ്ദേഹം വിശ്വസിക്കുന്നത് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയിട്ടേയില്ലെന്നാണ്. തീര്‍ന്നില്ല, ഫുട്ബാള്‍ പൈശാചികമെന്നു പറഞ്ഞ് നിരോധിച്ചു, സ്ത്രീകള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയണമെന്ന് ശഠിച്ചു. ഇമാം മുഹമ്മദ് ബിന്‍ സൌദ് യൂണിവേഴ്‌സിറ്റിയില്‍, മദീന യൂനിവേഴ്‌സിറ്റിയില്‍, അല്‍ അസ്ഹറില്‍ ഒക്കെ പഠിച്ച, എട്ടാം നൂറ്റാണ്ടിലെ സാങ്കല്‍പ്പിക ലോകത്ത് ജീവിക്കുന്ന ഇത്തരം അസംഖ്യം വിദ്വാന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. സംവാദങ്ങള്‍ക്കും ദൈനംദിന ജീവിതത്തിലെ ഇടപെടലുകള്‍ക്കുമുപരി സമൂഹം എന്ത് ചിന്തിക്കണം എന്ന് അവര്‍ തീരുമാനിക്കുന്നു. ഇക്കൂട്ടരുടെ നിയന്ത്രണത്തില്‍ നിന്ന് മോചിതരാവുക എന്നതാണ് മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളി.
ഇതേ ചിന്താഗതിയാണ് മുസ്‌ലിം ലോകത്ത് പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ വ്യാപനം തടഞ്ഞത്. വെറുതെ വായിക്കുക എന്നതിലുപരി പൊതുജനം ഖുര്‍ആന്‍ വ്യാഖ്യാനിച്ചു തുടങ്ങുമെന്ന് ഭയന്ന മതപണ്ഡിതര്‍ പ്രിന്റിംഗ് നിരോധിച്ചു. ഇസ്‌ലാമിക സംസ്‌കൃതിയില്‍ വന്ന പാളിച്ചകള്‍ ഇപ്പോഴും നമ്മളെ പിന്തുടരുന്നുണ്ട്. ഖുര്‍ആനിക ജ്ഞാനസങ്കല്പത്തെ മതവിജ്ഞാനമാക്കി ചുരുക്കിയത്, മതവിജ്ഞാനം നേടിയവനെ അത് നേടാത്തവനെക്കാള്‍ ഉന്നതനാക്കിയത്, മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായ ഐക്യം എന്നര്‍ഥം വരുന്ന ഇസ്‌ലാമിക സങ്കല്‍പമായ ഇജ്മാഅ് (പണ്ഡിതന്‍മാരുടെ അഭിപ്രായ ഐക്യം) ഉദ്ദേശിക്കുന്നത് കുറച്ച് മത വിദ്വാന്മാരുടെ അഭിപ്രായ ഐക്യമാണെന്ന് വിശദീകരണം നല്‍കിയത് എല്ലാം ഇക്കൂട്ടര്‍ തന്നെയാണ്. എല്ലായിടത്തും മൗനം പാലിക്കാനാണ് ഇവര്‍ മുസ്‌ലിംകളെ പ്രോത്സാഹിപ്പിച്ചത്.
എന്താണീ ചോദ്യകര്‍ത്താവ് ഉന്നയിക്കുന്ന വിശേഷ ജ്ഞാനം? പൗരാണിക പണ്ഡിതന്മാര്‍ മുന്നോട്ടു വെക്കുന്ന ഖുര്‍ആനിക വചനങ്ങളോരോന്നും എവിടെ, എപ്പോള്‍ , എന്തിനവതരിച്ചു തുടങ്ങിയ വിവരങ്ങളും, 30,00ത്തോളം പ്രവാചകവചനങ്ങള്‍ , മറ്റ് അനേകം ഇസ്‌ലാമികനിയമഗ്രന്ഥങ്ങള്‍ എല്ലാം വെറും ഓര്‍മയെ മാത്രം അവലംബിച്ചുള്ളതാണ്. അതിലേക്ക് ഇദ്ദേഹം രണ്ട് കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നു ‘ശരിയായ മതബോധവും ഉദ്ദേശ്യശുദ്ധിയും’ (നിങ്ങള്‍ക്ക് വിയോജിപ്പുള്ള, പാരമ്പര്യ വഴിയില്‍ നിന്ന് വ്യതിച്ചലിക്കുന്നവരെ ദുരുദ്ദേശ്യമാരോപിച്ച് എളുപ്പത്തില്‍ ഇക്കൂട്ടത്തില്‍ നിന്ന് പുറത്താക്കാം) ‘ശ്രേഷ്ഠ പണ്ഡിതന്മാരുടെ ഉപദേശം ആരായല്‍ ‘ (എന്ന് വെച്ചാല്‍ നിലവിലുള്ള പാരമ്പര്യ പണ്ഡിതര്‍ ). യഥാര്‍ത്ഥത്തില്‍ ഓര്‍മ അടിസ്ഥാനമാക്കിയുള്ള ഈ അറിവുകളൊക്കെയും സി.ഡി.യില്‍ ലഭ്യമാവുന്നതാണ്. സി.ഡി നിങ്ങള്‍ക്കു വേണ്ടി വിവരങ്ങള്‍ സൂക്ഷിക്കുന്നു. നിങ്ങള്‍ക്ക് സ്വതന്ത്ര ചിന്തക്ക് ഇടം നല്‍കുന്നു. പോരാത്തതിന് അതിനുമപ്പുറം വിവരങ്ങളൊക്കെയും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഒരു ഇസ്‌ലാമിക മതപഠന കോഴ്‌സിനു ചേരാതെ തന്നെ ലൈബ്രറികള്‍ , പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ പാരമ്പര്യ ഇസ്‌ലാമിക വിജ്ഞാനം കരസ്ഥമാക്കവുന്നതാണ്.
കാലങ്ങളായി ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള അധികാരം സങ്കുചിതമനസ്‌ക്കരായ കുറച്ച് മേലാളര്‍ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. സന്ദര്‍ഭങ്ങളുടെ വ്യത്യാസങ്ങള്‍ക്കതീതമായി സാധാരണക്കാരന്‍ അധികാരം തിരിച്ചു പിടിക്കുന്ന സമയമാണിത്. നൂറുല്‍ യഖീന്‍ സൂചിപ്പിക്കുന്ന പോലെ ‘വിശുദ്ധ ഗ്രന്ഥത്തിന്റെ ലക്ഷ്യം മനുഷ്യ മനസ്സുകളാണെന്നിരിക്കെ, മനുഷ്യര്‍ക്കു വേണ്ടിയുള്ള, പണ്ഡിതന് മാത്രമല്ലാത്ത, ഗ്രന്ഥം പഠിക്കാന്‍ , എന്റെ ബുദ്ധിയുപയോഗിക്കാന്‍ ഞാനെന്തിനു ഒരുപാട് യോഗ്യതകള്‍ നേടണം?
അവര്‍ തുടരുന്നു; വ്യാഖ്യാന പ്രക്രിയയില്‍ അപകടങ്ങളുണ്ട്, ശരി തന്നെ, പക്ഷെ ഒഴിഞ്ഞു മാറലിലും അപകടങ്ങളുണ്ട്. എല്ലാവരെയും ബാധിക്കുന്ന മത വ്യവഹാരങ്ങളില്‍ നമ്മളെല്ലാവരും നിരീക്ഷിക്കുകയും ചിന്തിക്കുകയും സജീവമായി പങ്കു കൊള്ളുകയും ചെയ്യുന്നുവെന്ന് പണ്ഡിതന്മാരറിയുമ്പോള്‍ അവര്‍ (പലപ്പോഴും ചെയ്യുന്ന പോലെ) അതിര് കടക്കില്ല.
ആരെങ്കിലും പറയുന്നത് പോലെ ചിന്തിക്കുന്നതിനപ്പുറം വ്യാഖ്യാനത്തില്‍ സജീവപങ്കാളിത്തമുറപ്പിക്കുകയെന്ന വിശ്വാസപരമായ ദൗത്യത്തിലേക്ക് എല്ലാവരും തിരിച്ചു പോവേണ്ടതുണ്ട്. അതില്‍ നിന്നേ സംവാദങ്ങള്‍ ഉണ്ടാവൂ. ബ്ലോഗിങ് ദി ഖുര്‍ആന്‍ ആ സംവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ്. സമാന പ്രവര്‍ത്തനങ്ങള്‍ മറ്റു മുസ്‌ലിം രാജ്യങ്ങളിലും നടക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ലിബറല്‍ ഇസ്‌ലാം നെറ്റ്‌വര്‍ക്ക് ദശലക്ഷക്കണക്കിന് അംഗങ്ങളുമായി 21ാം നൂറ്റാണ്ടില്‍ മുസ്‌ലിമാവുകയെന്നതിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുകയാണ്. എന്തുകൊണ്ട് മുഴുവന്‍ മുസ്‌ലിംകളും സമകാലീന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യണം എന്നത് ചോദ്യകര്‍ത്താവ് ബ്ലോഗിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെയുണ്ട്.
Connect
Connect with us on the following social media platforms.