യുവത, സംഗീതം, ആത്മീയത
സാമൂഹ്യമാറ്റത്തിനായി സംഗീതം ഉപയോഗിക്കുന്ന നിരവധി സംഘങ്ങള്‍ ലോകത്തുടനീളം ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകജനസംഖ്യയുടെ നാലിലൊന്നു വരുന്ന മുസ്‌ലിം ലോകത്തും സംശുദ്ധ സംഗീതവുമായി തരംഗമായിക്കൊണ്ടിരിക്കുന്ന ചില യുവമുസ്‌ലിം ഗായകരെ കുറിച്ച്.
സമകാലികമുസ്‌ലിം ലോകത്തെ പിടിച്ചുകുലുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷമാണ് യൂറോപ്പില്‍ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ തുടങ്ങിയത.് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരെ 2001സെപ്തംബര്‍ 11ന് ചിലര്‍ നടത്തിയ ഭീകരാക്രമണം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ വ്യാപകമായ തോതില്‍ ഇസ്‌ലാംഭീതി (ഇസ്‌ലാമോഫോബിയ) പ്രചരിപ്പിച്ചിരുന്നു. പ്രചണ്ഡമായ ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കിടയില്‍ ഭയചകിതരായി സ്വത്വപ്രതിസന്ധി അനുഭവിച്ചു കൊണ്ടിരുന്ന മുസ്‌ലിം യുവതക്ക് മുമ്പിലാണ് ഇസ്‌ലാമിക ഗാനരംഗത്ത് വേറിട്ട ശൈലിയില്‍ ഇരുപതിമൂന്ന് കാരനായ സാമി യൂസുഫ് തന്റെ അല്‍മുഅലിം എന്ന ആല്‍ബം പുറത്തിറക്കുന്നത്. പ്രവാചകാദ്ധ്യാപനങ്ങള്‍ മനോഹരമായി വര്‍ണ്ണിച്ചും പ്രവാചക സ്‌നേഹത്തിന്റെ ഈരടികളാപലിച്ചും അല്‍മുഅലിം ആല്‍ബം യുവജനതക്കിടയില്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇതിന്റെ പന്ത്രണ്ട് മില്യണ്‍ കോപ്പികളാണ് വിറ്റഞ്ഞത്. യുവത്വത്തിന്റെ ആഘോഷ നിമിഷങ്ങളെല്ലാം റാപിന്റെ സംഗീത ലോകത്തില്‍ ചേര്‍ന്നിരുന്ന പാശ്ചത്യ, അറബ് ലോകത്ത് മാറ്റത്തിന്റെ അലയൊലികളുയര്‍ത്താന്‍ സമിക്കായി . സംഗീതത്തിലെ ആത്മീയതുടെ സ്പര്‍ശനം തേടുന്ന യുവത അനേകായിരങ്ങളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 2003 ല്‍ അല്‍ മുഅല്ലിം എന്ന ആല്‍ബത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യത. ലഹരി മണക്കുന്ന, നുരയുന്ന സംഗീത ലോകത്തിനടയില്‍ പരിശുദ്ധിയിയുള്ള സംഗീതം ലോകത്തിന് അങ്ങനെ ലഭിച്ചു. മുസ്‌ലിം സമൂഹം ആഗ്രഹിക്കുന്ന യൂത്ത് ഐക്കണായി മാറുവാന്‍ കഴിഞ്ഞു എന്നതാണ് സാമി യൂസുഫിനെ ഹിറ്റാക്കിയത്. ‘ബിഗസ്റ്റ് ഇസ്‌ലാമിക് റോക്ക് സ്റ്റാര്‍’ ‘ഇസ്‌ലാമിക് പോപ് സിംഗര്‍’ എന്നീ വിശേഷങ്ങളാണ് ടൈം മാഗസിന്‍, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങള്‍ സാമിക്ക് നല്‍കിയത്.
1980 ല്‍ തെഹറാനില്‍ ജനിച്ച സാമി യൂസുഫ് പിന്നിടു ബ്രിട്ടനിലേക്ക് മാറി താമസിക്കുകയായിരുന്നു. ഒരു സംഗീത കുടുംബത്തിലായതിനാല്‍ തന്നെ അദ്ദേഹം ചെറുപ്പം മുതലേ സംഗീതപ്രേമി ആയിരുന്നു. ലണ്ടനിലെ പ്രസിദ്ധമായ റോയല്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍ നിന്നു പ്രമുഖസംഗീതജ്ഞരുടെയും രചയിതാക്കളുടെയും കീഴില്‍ അദ്ദേഹം സംഗീതം അഭ്യസിച്ചു. പാശ്ചാത്യ സംഗീതത്തിനു പുറമെ മദ്ധ്യപൂര്‍വേഷ്യന്‍ സംഗീതത്തിലും നല്ല ധാരണയുണ്ടാക്കി. പാശ്ചാത്യപൗരസ്ത്യ സംഗീത പാരമ്പര്യവുമായി ആഴത്തില്‍ തന്നെ അദ്ദേഹം പരിചയപ്പെട്ടു. സന്തൂര്‍ , പിയാനോ, വയലിന്‍, ടാര്‍ , ദഫ്, ഉദ്, തുടങ്ങി വിവിധ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചു.
സംഗീതത്തിലൂടെ വലിയൊരു സന്ദേശം വിളിച്ച് പറയുകയും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്ന സാമിക്ക് പാശ്ചാത്യലോകത്തും ഏഷ്യയിലും ആരാധകര്‍ ഏറെയാണ്. സ്‌നേഹം, സമാധാനം, കരുണ എന്നിങ്ങനെ മനുഷ്യന്‍ ആഗ്രഹിക്കുന്നതും തേടുന്നതുമായ സംഗതികളെ, കലയെ ഒരു മാധ്യമമാക്കി പ്രചരിപ്പിക്കുന്നത് വലിയൊരു മാറ്റം തന്നെ ഉണ്ടാക്കുന്നു എന്നു കണ്ടെത്തുവാന്‍ കഴിയുന്നു. നിരവധി ആതുരസേവന-ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ പ്രതിഭയെ ഉപയോഗിച്ചു വരുന്നുണ്ട് സാമി . പാകിസ്ഥാനിലെ ദുരിതാശ്വാസത്തിനു വേണ്ടി സാമി ആലപിച്ച Hear Your Call എന്ന ഗാനം ബി.ബി.സി , ഫ്രാന്‍സ് 24, അടക്കമുള്ള മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യു.എന്‍ ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി സോമാലിയയിലെ പട്ടിണി അകറ്റുവാന്‍ വേണ്ടി സാമി യൂസുഫ് പുതിയൊരു ഗാനം പുറത്തിറക്കുകയും അതിന്റെ ഭാഗമായി വരുന്ന വരുമാനം സോമാലിയയിലെ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇനിയും ഒരുപാടുദാഹരണങ്ങളുണ്ട്.കലയുടെ അനന്തമായ ലോകത്തെയാണ് സാമി നമുക്ക് മുമ്പില്‍ അടയാളപ്പെടുത്തുന്നത്. പാശ്ചത്യ സംഗീത ലോകത്തില്‍ നിന്നു ഉയര്‍ന്നു വരുവാനുള്ള കഠിന്വാധാനവും അര്‍പ്പണബോധവുമാണ് സാമിയില്‍ നമുക്ക് കാണാന്‍ കഴിയുക. കലയുടെ ആത്മാവിനെ സാമ്പത്തികമായും മതപരമായി ചൂഷണം ചെയ്യുവാന്‍ സാമി ഇഷ്ടപെടുന്നില്ല.
സാമി യൂസുഫിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിച്ച നഷീദ് (ഇസ്‌ലാമിക് ഗാനം ) രംഗം ലോക മുസ്‌ലിം യുവത ഏറ്റെടുത്തിരിക്കുന്നു. സാമിയൂസുഫിന്റെ ചുവടു പിടിച്ച് ഒട്ടനവധി പ്രതിഭകള്‍ ഈ രംഗത്തേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നു. അവരില്‍ ചിലരെ പരിചയപ്പെടാം.
മഹര്‍ സൈന്‍
ഒരു തിരിച്ചു വരവാണ് സ്വീഡിഷ്-ലബനീസ് ഗായകനായ മഹര്‍ സൈന് തന്റെ നിലവിലെ സംഗീതജീവിതം. ഭൗതികയുടെ, ആത്മാവില്ലാത്ത സംഗീത ലോകത്തു നിന്ന് പുതിയൊരു ലോകം കണ്ടെത്തുകയായിരുന്നു അദ്ദേഹം. ‘താങ്ക്‌യൂ അല്ലാഹ് ‘ എന്ന അദ്ദേഹത്തിന്റെ ഗാനം, യുവത്വത്തിന്റെ പ്രസരിപ്പില്‍ മൈക്കല്‍ ജാക്‌സ്ണിന്റെയും ലേഡി ഗാഗയുടെയും പിന്നാലെ പോയി നശിപ്പിച്ച ജീവിതത്തില്‍ നിന്നും നേരായ, നന്മയുടെ വഴി തിരിച്ചു കിട്ടിയതിന്റെ നന്ദിപ്രകടനമായിരുന്നു. വളരെ പെട്ടെന്ന് തന്നെ യുവതക്ക് മുമ്പില്‍ സ്വീകാര്യനായി വളര്‍ന്നു മഹര്‍. ഫേസ്ബുക്കില്‍
നാലു ദശലക്ഷത്തിലധികം ആളുകള്‍ അദ്ദേഹത്തെ പിന്തുടരുന്നു.
തന്റെ ഓരോ പാട്ടുകളും ഇസ്‌ലാമിക പ്രദോചനത്തിന്റെ ഫലമായാണ് മഹര്‍ സൈന്‍ തയ്യാറാക്കുന്നത് . ‘ ഇന്‍ഷാ അല്ലാഹ്’ എന്ന ഗാനത്തിന്റെ ചിത്രീകരണവും ഈരടികളും ദൈവത്തിലുള്ള വിശ്വാസിയുടെ പ്രതീക്ഷയും തീര്‍ച്ചയായും ദൈവത്തിലേക്കുള്ള വഴി കണ്ടെത്തുവാന്‍ കഴിയുമെന്ന അടിസ്ഥാനപരമായ സന്ദേശവുമാണ് നല്‍കുന്നത്. അതു പോലെ അദ്ദേഹത്തിന്റെ ഹിറ്റായ ‘യാ നബി സലാം അലൈക്ക’ ‘ ചൂസന്‍ വണ്‍’ എന്നിവ പ്രവാചകന്റെ സ്വഭാവത്തിന്റെ പര്യായമായും പ്രവാചക സ്‌നേഹത്തിന്റെ വ്യാപനത്തെയും പ്രേക്ഷകനിലേക്കെത്തുന്നു.
ഓരോ വര്‍ഷത്തിലും വിവിധ രാജ്യങ്ങളില്‍ നടന്നു വരുന്ന ഇസ്‌ലാമിക് ഫെസ്റ്റിവലുകളില്‍ ഇദ്ദേഹത്തിന്റെ കണ്‍സേര്‍ട്ട് മുഖ്യഭാഗമായി തീര്‍ന്നിരിക്കുന്നു. കാനഡയില്‍ നടക്കാറുള്ള ‘റിവെവിംഗ് ഇസ്‌ലാമിക് സ്പിരിറ്റ് ‘ കോണ്‍ഫ്രന്‍സിലെ മുഖ്യ ആകര്‍ഷണമാണ് ആര്‍ട്ട് ഫെസ്റ്റിവെല്‍. സാമി യൂസുഫ്, മഹര്‍ സൈന്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ക്ക് വലിയ പ്രാമുഖ്യമാണ് അവിടെങ്ങളിലെല്ലാം ഉള്ളത്.
നാറ്റീവ് ദീന്‍
2000 ത്തില്‍ അമേരിക്കയില്‍ നിന്നുള്ള ജോഷ്വ സലാം, അബ്ദുല്‍മലിക് അഹമദ്, നഈം മുഹമ്മദ് മൂന്ന് ചെറുപ്പക്കാര്‍ രൂപം നല്‍കിയ ബാന്‍ഡാണ് ‘നാറ്റീവ് ദീന്‍’. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ നില കൊള്ളുന്ന ഹിപ്പ് പോപ് സംഗീതത്തെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിന്റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയാണിവര്‍ ചെയ്യുന്നത്.
രസകരമായ കഥയിലൂടെയാണിവര്‍ ഹിപ്പ് പോപ് സംഗീതത്തിനു വരികള്‍ നല്‍കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെട്ടും ഇവര്‍ ശ്രദ്ധേയരാണ്. വിവിധ രാജ്യങ്ങളിലെ അറുപത് വ്യത്യസ്ത നഗരങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയിലും അമുസ്‌ലിംകള്‍ക്കിടയിലും ഇവര്‍ സംഗീതപരിപാടി നടത്തിയിട്ടുണ്ട്. പലസ്തീന്‍ വിഷയത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഗാസ റാലി എന്ന പേരില്‍ ഗാസയില്‍ വെച്ച് നടത്തിയ പരിപാടി വന്‍ വിജയമായിരുന്നു.
ഇര്‍ഫാന്‍ മക്കി, റഫീ തുടങ്ങി ഗായകരും ആഗോള യുവാകള്‍ക്കിടയില്‍ പ്രസിദ്ധരാണ്. നന്മ വളര്‍ത്താനും അവകാശങ്ങളെ കുറിച്ച് ബോധവാനാക്കാനും സംഗീതത്തെ ഏതു രീതിയില്‍ ഉപയോഗിക്കമെന്ന് കാണിച്ചു തരുകയാണ് ഇവര്‍ . പ്രതികൂലമായ സാഹചര്യത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ഈ സംഗീതപ്രതിഭകള്‍ നമുക്ക് ഒരുപാട് ഊര്‍ജം നല്‍കുന്നു
Connect
Connect with us on the following social media platforms.