സിറിയ; അനിശ്ചിതത്ത്വത്തിന്റെ വാര്‍ത്തകള്‍
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സാദ് വമ്പിച്ച ജനരോഷത്തിനു മുന്നില്‍ നിലം പതിച്ച ഏകാധിപതികളായ മുഅമ്മര്‍ ഖദ്ദാഫിയുടെയും ഹുസ്‌നി മുബാരകിന്റെയും കൂടെ ചേരുന്ന ദിവസത്തിനായി ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഭരണകൂടത്തിനെതിരെ വിമതസ്വരമുയര്‍ത്തുന്നവര്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകളാണ് സിറിയയില്‍ അരങ്ങേറുന്നത്. പ്രസിഡന്റ് ബഷാര്‍ അസ്സാദിനെ പിന്തുണക്കുന്ന സൈന്യം തലസ്ഥാന നഗരമായ ദമസ്‌കസില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടകം തന്നെ ദമാസ്‌കസിലും വാണിജ്യതലസ്ഥാനമായ ആലപ്പോയിലും ബോംബാക്രമണത്തില്‍ നിരവധി വിമതരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ വിപ്ലവസേന ദാമാസ്‌കസ് എയര്‍പോര്‍ട്ട് ബോംബിട്ടു തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത ടാങ്കറുകള്‍ ഉപയോഗിച്ച് വിപ്ലവകാരികള്‍ വിവിധ സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്, ആര്‍മിയാണ് അക്രമത്തിനു പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനാണിത്, സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ മന്ത്രാലയത്തിലെ പ്രതിനിധി അഭിപ്രായപ്പെടുന്നു. ബശാര്‍ മന്ത്രിസഭയിലെ പ്രമുഖരായ ചിലര്‍ ഇതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ആരെന്തു ചെയ്തു എന്ന് മനസിലാക്കാനാവാത്ത വിധം യുദ്ധം നമ്മെ സംശയങ്ങളുടെ, പരസ്പര വിരുദ്ധമായ വാര്‍ത്തകളുടെ പൊടിക്കാറ്റില്‍ അകപ്പെടുത്തുകയാണ്. മറ്റൊരു വശത്ത് സമാധാന ദൗത്യത്തിനായി ഐക്യരാഷ്ട്ര സഭയും അറബ് ലീഗും ഒന്നിച്ചു നിയമിച്ച കോഫി അന്നന്‍ രാജി വെച്ച് ഒഴിയുകയും ചെയ്തിരിക്കുന്നു.
രാജ്യത്ത് അനിശ്ചിതത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിര്‍ണായകമായയുദ്ധം നിയിക്കുകയാണ് സിറിയ എന്ന ബഷാര്‍ അസ്സാദിന്റെ പ്രസ്താവനക്ക് പിറകെയായിരുന്നു വ്യാഴാഴ്ചത്തെ ആക്രമണം. യുദ്ധം തന്റെ രാജ്യത്തിന്റെ ശോഭനമായ ഭാവി നിര്‍ണയിക്കുമെന്ന് ബഷര്‍ അസാദ് പറയുന്നു. പറയുന്നു. ദമാസ്‌കസില്‍ സിറിയന്‍ മിലിട്ടറി ആസ്ഥാനം ബോംബേറില്‍ തകര്‍ക്കപ്പെട്ട ജൂലൈ 18 നു ശേഷം അദ്ദേഹത്തിന്റെതായി വന്ന ആദ്യ പ്രസ്താവനയാണിത്. ബഷറിന്റെ ഭാര്യ സഹോദരന്‍ ആസിഫ് ഷൌക്കത്ത് ഉള്‍പ്പെടെ പ്രതിരോധ മന്ത്രിയും മുന്‍ പട്ടാള മേധാവിയും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണപദ്ധതി രൂപപ്പെട്ടത് ഉള്ളില്‍ നിന്ന് തന്നെയാണ് എന്ന് ദി എകണോമിസ്റ്റിന്റെ വിശകലനങ്ങള്‍ പറയുന്നു. ഇത്തരമൊരാക്രമണത്തിനു ഭരണസിരാകേന്ദ്രങ്ങള്‍ക്കകത്ത് നല്ല സ്വാധീനം ആവശ്യമാണ് എന്നത് തന്നെ കാരണം.
ബഷറിനെ മൂക്കു കുത്തിക്കാന്‍ അമേരിക്ക സിറിയ വിമോചന സേനയെ സഹായിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഷാറിനെതിരെ പൊരുതുന്ന വിപ്ലവകാരികള്‍ക്ക് സഹായം നല്‍കാനുള്ള രേഖയില്‍ പ്രസിഡണ്ട് ഒബാമ ഒപ്പ് വെച്ചതായി റോയിട്ടേസിന്റെ വാര്‍ത്തയുണ്ട്. വിപ്ലവകാരികള്‍ക്ക് തുര്‍ക്കിയുല്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ സഹായം നല്‍കുന്നതായി അതേ ഏജന്‍സിയുടെ കഴിഞ്ഞ ആഴ്ചയിലെ റിപ്പോര്‍ട്ടില്‍ കണ്ടു. മത നിലപാടുകളില്‍ (സുന്നി-അലവി) സിറിയയോട് അസഹിഷ്ണുത പുലര്‍ത്തുന്ന സൗദി അറേബ്യ, ഖത്തര്‍ പോലുള്ള രാഷ്ട്രങ്ങളുമായി യു.എസ് യോജിക്കുന്നു എന്നും കേള്‍ക്കുന്നു. ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ഉറ്റ ചങ്ങാതി ഇസ്രയേലിന് ഭീഷണിയുയര്‍ത്തുന്ന സിറിയയെ തകര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും യു.എസ് പാഴാക്കില്ലെന്നുള്ളത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ വര്‍ഷം ഈജിപത് സാക്ഷ്യം വഹിച്ച ജന മുന്നേറ്റങ്ങളുടെ നേര്‍ക്ക് കൈക്കൊണ്ട മുഖം തിരിക്കല്‍ നടപടികളില്‍ നിന്ന് പശ്ചിമേഷ്യന്‍ അധിനിവേശത്തിനു യു.എസ് നിരത്തുന്ന ‘ജനാധിപത്യ’ ന്യായങ്ങളിലെ കഴമ്പില്ലായ്മ വ്യക്തമാവും. തന്റെ ഇരിപ്പിടത്തില്‍ കടിച്ചു തൂങ്ങുന്നതിനെക്കാള്‍ ബഷാറിന് ഉത്തമം സിറിയയില്‍ നിന്ന് പറക്കുന്നതാണെന്ന് വാദിക്കുന്ന പാശ്ചാത്യമാധ്യമങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങളെ വേണ്ടുവോളം പെരുപ്പിച്ചു കാണിക്കുന്നുണ്ട്.
സിറിയയിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്, സമീപകാലത്ത് അറബ് വസന്തത്തിലൂടെ ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ കത്തിപ്പടര്‍ന്ന ജനരോഷത്തിന്റെ തീപ്പൊരികള്‍ തല്ലിക്കെടുത്താന്‍ ഭരണകൂടത്തിന്റെ ശക്തിക്കാവില്ലെന്നു തന്നെയാണ്. അതെ സമയം പാശ്ചാത്യരാജ്യങ്ങളുടെ താത്പര്യങ്ങളിലൂടെ ഈ ജനകീയമുന്നേറ്റങ്ങള്‍ ഒടുക്കം അട്ടിമറിക്കപ്പെടുന്നുവെന്ന ഉത്കണ്ഠകളും ബാക്കിയാണ്.
Connect
Connect with us on the following social media platforms.