banner ad
October 23, 2013 By കലീം 0 Comments

മധ്യപൗരസ്ത്യം: സൈക്‌സ് -പികോ വ്യവസ്ഥയുടെ അന്ത്യം?

images-21ശുദ്ധമുതലാളിത്തത്തിന്റെ ജിഹ്വയായ ബ്രിട്ടീഷ് വാരിക ദ ഇകോണമിസ്റ്റ് ഈയിടെ പുറത്തിറക്കിയ ഒരു ലക്കത്തിന്റെ കവര്‍ ചിത്രം പല്ലു കൊഴിഞ്ഞ, ബാന്റേജ് ഇട്ട കൈകാലുകളുള്ള ഒരു സിംഹമാണ്. സിറിയന്‍ അതിര്‍ത്തിയില്‍ നിസ്സഹായനായി നില്‍ക്കുന്ന സിംഹം പാശ്ചാത്യ മേല്‍ക്കോയ്മയുടെ തകര്‍ച്ചയുടെ പ്രതീകമായിട്ടാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ലോക പോലിസായി അക്രമങ്ങളും കൂട്ടക്കൊലകളും ശീലമാക്കിയ യു.എസ.് തിരിച്ചടികളുടെ ഒരു പുതിയ ദശസന്ധിയിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയാണത്. വിയറ്റ്‌നാം യുദ്ധത്തില്‍ ഏറ്റ പരാജയത്തിനു ശേഷം നവകൊളോണിയല്‍ വ്യവസ്ഥ തിരിച്ചുവരുമെന്ന് ആരും കരുതിയിരുന്നില്ലെങ്കിലും പലരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അമേരിക്ക വീണ്ടും ലോകവേദിയിലെ താരമായി മാറി. അതോടെ ചരിത്രമവസാനിച്ചുവെന്നാണ് വലതുപക്ഷ ചരിത്രകാരനായ ഫ്രാന്‍സിസ് ഫുകുയാമ രേഖപ്പെടുത്തിയത്. എന്നാല്‍ 1992ല്‍ അദ്ദേഹം രചിച്ച ദ എന്റ് ഓഫ് ഹിസ്റ്ററി ആന്റ് ദ ലാസ്റ്റ് മാന്‍ എന്ന കൃതി ഇപ്പോള്‍ ഒരു ആനുഷംഗിക പരാമര്‍ശമായി ഗ്രന്ഥപ്പുരയില്‍ അടങ്ങിക്കഴിയുന്നു. നവലിബറല്‍ ജനാധിപത്യമല്ലാതെ മറ്റു ബദലുകളൊന്നുമില്ലെന്നായിരുന്നു ഫുകുയാമയുടെ വാദം. മറ്റൊരു ലോകം സാധ്യമാണ് എന്നു കരുതുന്നവരെ അടിച്ചമര്‍ത്തിക്കൊണ്ട് ഫുകുയാമയോടൊപ്പം സാമുവല്‍ ഹണ്ടിങ്ടനെപോലുള്ള കുരിശുപോരാളികള്‍ രംഗത്തിറങ്ങിയതോടെ ഏക ധ്രുവലോകം താല്‍ക്കാലികമായെങ്കിലും നിലവില്‍ വന്നു.
ലോകമെങ്ങുമുള്ള വിശിഷ്ടവര്‍ഗത്തിന്റെ പിന്തുണയോടെയുള്ള ചൂഷണത്തിന്റെ ഈ പുനസ്ഥാപനം ഒരു തരത്തില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം പാരീസിലെ വേഴ്‌സായ് കൊട്ടാരത്തില്‍ യുദ്ധവിജയികള്‍ വ്യവസ്ഥപ്പെടുത്തിയ അതേ വ്യവസ്ഥയുടെ തുടര്‍ച്ചയാണ്; അതേ വ്യവസ്ഥയാണിപ്പോള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നത്.
സിറിയയില്‍ സൈനികമായി ഇടപെടാന്‍ ബരാക് ഒബാമയ്ക്കുണ്ടായ അധൈര്യം രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉള്ള പണമൊക്കെ ചൂതുകളിച്ചു കളയുന്ന ധൂര്‍ത്തനായ ധനികകുമാരനെ പോലെയാണ് അമേരിക്ക ഇക്കാലമൊക്കെയും പെരുമാറിയത്. അമേരിക്കന്‍ ഭരണഘടനപ്രകാരം അന്യ രാജ്യത്തേക്ക് സൈന്യത്തെ അയക്കാന്‍ പ്രസിഡന്റിനു കോണ്‍ഗ്രസിന്റെ പിന്തുണവേണമെന്ന ഒബാമയുടെ പുതിയ നിലപാട് അമേരിക്കന്‍ ബലഹീനതകളുടെ സൂചനയാണ്.

വഞ്ചനയുടെ ഒരു കരാര്‍

മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെപ്പോലും ലജ്ജിപ്പിക്കും വിധം യുദ്ധക്കൊതിയനായി പ്രത്യക്ഷപ്പെട്ട ബരാക് ഒബാമ തല്‍ക്കാലം പത്തിമടക്കി റഷ്യയുടെ സമാധാനനിര്‍ദേശവുമായി സഹകരിക്കാന്‍ തീരുമാനിച്ചത് ഒന്നും കാണാതെയല്ല. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഏകധ്രുവലോകത്തിന്റെ അന്ത്യം മാത്രമല്ല ഒബാമയുടെ ഈ തിരിച്ചുപോക്കില്‍ നമുക്കു കാണാന്‍ കഴിയുക. സൈന്യത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന നവലിബറല്‍ ആശയങ്ങളോടായിരുന്നു പൊതുവില്‍ പഴയ മൂന്നാംലോക നാടുകളിലെ ‘ഭരണാധികാരികള്‍ക്കു വരെ ആഭിമുഖ്യം. അതായിരുന്നു ആധുനികത. നിയന്ത്രണമില്ലാത്ത ചൂഷണത്തിന്റെ മറ്റൊരു പേരായിരുന്നു സാമ്പത്തിക പരിഷ്‌ക്കരണം.

ഒന്നാം ലോകമഹായുദ്ധം പാശ്ചാത്യമേല്‍ക്കോയ്മയുടെ അവസാന ഘട്ടമെന്നു കരുതുന്ന ചരിത്രകാരന്മാരുണ്ട്. പക്ഷെ, അറബ് നാടുകള്‍ ശിഥിലമാവുന്നതും കൊളോണിയല്‍ ബൂട്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്നതും അതേയവസരത്തിലാണ്. ഉസ്മാനികളുടെ സമര്‍ഥമായ ‘ഭരണത്തിനു കീഴില്‍ ഏതാണ്ട് സമാധാനപരമായി ജീവിച്ച ജനത അതോടെ പൊട്ടിച്ചിതറി. പാശ്ചാത്യ രാഷ്ട്രങ്ങളുടെ മേല്‍ക്കോയ്മ അറബ് നാടുകളില്‍ സ്ഥാപിക്കപ്പെടുന്നത് അന്നുതൊട്ടാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ബ്രിട്ടന്റെയും റഷ്യയുടെയും ഫ്രാന്‍സിന്റെയും ശത്രുപക്ഷത്തായിരുന്ന ഉസ്മാനി തുര്‍ക്കികളെ തോല്‍പ്പിക്കുന്നതില്‍ ആദ്യം അറബികള്‍ സാമ്രാജ്യത്വശക്തികളോടൊപ്പം ചേര്‍ന്നു. ഹോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ഏതാണ്ടൊരു അമാനുഷിക വ്യക്തിത്വം ആര്‍ജിച്ചെടുത്ത ചരിത്രപുരുഷനാണ് ലോറന്‍സ് ഓഫ് അറേബ്യ. ലോറന്‍സിന്റെ വായ്ത്താരിയില്‍ വീണുകൊണ്ടാണ് അറേബ്യന്‍ ഉപദ്വീപിലെ പ്രഭുക്കന്മാര്‍ ബ്രിട്ടന്റെ ഭാഗത്തുചേര്‍ന്ന് ഒളിപ്പോരിലൂടെ ഉസ്മാനികള്‍ക്ക് ശല്യം ചെയ്തത്. അന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ അറബികള്‍ക്കൊരു വാഗ്ദാനം നല്‍കിയിരുന്നു. ജര്‍മനിയും ജപ്പാനും തുര്‍ക്കിയുമടങ്ങുന്ന അച്ചുതണ്ടു ശക്തികള്‍ക്കെതിരെ തങ്ങളെ സഹായിച്ചാല്‍ സ്വതന്ത്ര അറബ് രാജ്യം രൂപീകരിക്കുന്നതിനെ പിന്തുണക്കാമെന്നായിരുന്നു ബ്രിട്ടീഷ് -ഫ്രഞ്ച് നയതന്ത്രജ്ഞന്മാര്‍ അറബികള്‍ക്ക് നല്‍കിയ ഉറപ്പ്.

വെള്ളത്തില്‍ വരച്ച ഉറപ്പായിരുന്നുവത്. നയതന്ത്രമെന്നത് വഞ്ചനയുടെ പര്യായമാണെന്നറിയാത്ത അറബികള്‍ക്കതു മനസ്സിലായില്ല. യുദ്ധം കഴിഞ്ഞു ഉസ്മാനി സാമ്രാജ്യം ഓഹരിവയ്ക്കുമ്പോള്‍ മധ്യപൗരസ്ത്യം തങ്ങള്‍ക്കിടയില്‍ എങ്ങനെ വിഭജിക്കണമെന്നു ഫ്രാന്‍സും ബ്രിട്ടനും വിശദാംശങ്ങള്‍ സഹിതം രഹസ്യമായി ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. റഷ്യ കരാറിലെ ജൂനിയര്‍ പാര്‍ട്ണറായിരുന്നു. 1916 മെയ് 10 ന് കരാറില്‍ ഒപ്പുവച്ചത് ഫ്രഞ്ചു നയതന്ത്ര പ്രതിനിധി ഫ്രാന്‍സ്വാ ജോര്‍ഷസ് പികോയും ബ്രിട്ടീഷ് പ്രതിനിധി സര്‍ മാര്‍ക് സൈക്‌സുമായതിനാല്‍ കരാര്‍ പിന്നീട് സൈക്‌സ്-പികോ കരാര്‍ എന്നറിയപ്പെട്ടു. (ഏഷ്യാ മൈനര്‍ അഗ്രിമെന്റ്, അതായിരുന്നു കരാറിന്റെ ഔദ്യോഗിക നാമം). അറേബ്യന്‍ ഉപദ്വീപൊഴിച്ചു (അന്നവിടെ എണ്ണ കണ്ടുപിടിച്ചിരുന്നില്ല.) ബാക്കി അറബ് പ്രദേശങ്ങള്‍ ജോര്‍ദാന്‍ നദിക്കും മധ്യധരണ്യാഴിക്കുമിടയിലുള്ള പ്രദേശങ്ങളും ദക്ഷിണ ഇറാഖും ബ്രിട്ടനും വടക്കന്‍ ഇറാഖ്, സിറിയ, ലബ്‌നാന്‍ എന്നിവ ഫ്രാന്‍സും കൈയടക്കാനായിരുന്നു പ്ലാന്‍. റഷ്യ ഇസ്താംബുള്‍ നഗരവും ബോസ്ഫറസ് കടലിടുക്കും ആര്‍മീനിയയും കൈവശപ്പെടുത്തും.
ഫലസ്തീനില്‍ യഹൂദന്മാര്‍ക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ പദ്ധതിയുടെ പൂര്‍ത്തീകരണവും കരാറിന്റെ ലക്ഷ്യമായിരുന്നു. സിറിയയില്‍ ഫ്രാന്‍സ് ആധിപത്യം സ്ഥാപിക്കുന്നതോടെ അവര്‍ ജൂതരാഷ്ട്രത്തിന് സംരക്ഷണം നല്‍കുമെന്നും സയണിസ്റ്റുകള്‍ കരുതി.

മഹത്തായ അറബ് രാഷ്ട്രം
അന്ന് അറേബ്യ  ഭരിച്ചിരുന്ന ശരീഫ് ഹുസയ്‌നുമായി ഒരു സ്വതന്ത്ര അറബ് രാഷ്ട്രീയത്തെക്കുറിച്ചു സര്‍ ഹെന്റി മക്‌മേഅന്‍ ചര്‍ച്ച ചെയ്യുന്നതിന്നിടക്കാണ് ഈ കരാര്‍ ഒപ്പുവെക്കപ്പെടുന്നത്. (നമ്മുടെ മക്‌മേഅന്‍ രേഖയുടെ ഉപജ്ഞാതാവായ അതേ പുള്ളി).സാറിസ്റ്റ് റഷ്യയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവമുണ്ടായപ്പോള്‍ ലെനിന്‍ ആദ്യം ചെയ്തത് ഈ രഹസ്യം വെളിപ്പെടുത്തുകയാണ്. താന്‍പോലുമറിയാത്ത ഈ കരാറിലെ വ്യവസ്ഥകള്‍ കണ്ട് മക്‌മേഅന്‍ സ്ഥാനം രാജിവച്ചു. എന്നാല്‍ യുദ്ധാനന്തരം കാര്യങ്ങള്‍ നടന്നത് കരാറിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജും ഫ്രഞ്ച് പ്രധാനമന്ത്രി ഷോര്‍ഷ് ക്ലെമന്‍സോവും 1918ല്‍ ഒന്നുകൂടി സമ്മേളിച്ച്  അറബ് നാടുകള്‍ ഓഹരിവച്ചെടുത്തു.

1971 നവംബര്‍ 23 ന് റഷ്യന്‍ പത്രങ്ങളായ ഇസ്‌വെസ്തിയയും പ്രാവ്ദയുമാണ് കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിട്ടത് (നവംബര്‍ 23, 1917). വഞ്ചിക്കപ്പെട്ടതില്‍ ക്ഷുഭിതരായ അറബ് നേതാക്കള്‍ 1918 സപ്തംബര്‍ 30 ന് മഹത്തായ അറബ് രാഷ്ട്രം പ്രഖ്യാപിച്ചുവെങ്കിലും അത് മണല്‍ കൂനകളില്‍ വരച്ച ഒരു ഭൂപടം മാത്രമായിരുന്നു. മക്കയിലെ ശരീഫ് ഹുസൈന്‍ പുത്രന്മാര്‍ക്കിടയിലാണ് അധികാരം പകുത്തുകൊടുത്തത്. എന്നാല്‍ ആയുധശേഷിയില്ലാത്തവര്‍ക്കെന്തധികാരം? 1920 ല്‍ ഫ്രാന്‍സ് സൈനികമായി ഇടപെട്ട് സിറിയയില്‍ നിന്ന് ശരീഫ് ഹുസൈന്റെ പുത്രന്‍ ഫൈസലിനെ നാടുകടത്തി. ബ്രിട്ടന്‍ ഫലസ്തീന്‍ കൈവശപ്പെടുത്തി. മഹത്തായ അറബ് രാഷ്ട്രത്തിന്റെ ഭാഗമെന്ന് ഒരിക്കല്‍ ബ്രിട്ടന്‍ അടയാളപ്പെടുത്തിയ ഫലസ്തീന്‍ പിന്നീട് അവസാനിക്കാത്ത ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്ന യുദ്ധഭൂമിയായി മാറി.

വേഴ്‌സായ് കരാറിലെ അനീതി കുടിയിരിക്കുന്ന വ്യവസഥകളില്‍നിന്ന്  ഫാഷിസവും ഹിറ്റ്‌ലറും വളര്‍ന്നുവന്നതും രണ്ടാം ലോകയുദ്ധവും പിന്നീടുള്ള ചരിത്രം. അമേരിക്കയുടെ സൈനിക വ്യാവസായിക ശക്തി വന്‍ നശീകരണായുധമായി ലോകമെങ്ങും വ്യാപിച്ചു. മൂലധന കേന്ദ്രീകൃതമായ മുതലാളിത്തം നവകൊളോണിയല്‍ ചൂഷണത്തിന്റെ ഉപകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. 20ാം നൂറ്റാണ്ടിന്റെ അവസാന പാതി അമേരിക്കന്‍ നൂറ്റാണ്ടിന്റെ തുടക്കമായി എന്നാണ് യു.എസ്. ചരിത്രകാരന്മാര്‍ വിലയിരുത്തിയത്. ആ കണക്കിന് സൈക്‌സ് -പികോ കാലഘട്ടം അവസാനിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണം. ഫ്രഞ്ച് -ബ്രിട്ടീഷ് കൊളോണിയല്‍ സെക്രട്ടറിമാരാണ് അറബ് രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ തയാറാക്കിയത്. ജോര്‍ദാനും സിറിയയും ഇറാഖും തമ്മിലുള്ള അതിര്‍ത്തികള്‍ ഭൂമിശാസ്ത്രമോ ജനപദങ്ങളുടെ ആവാസ വ്യവസ്ഥയോ പരിഗണിക്കാതെ നിര്‍ണയിച്ചതാണ്. ആഫ്രിക്കന്‍ മഗരിബ് പ്രദേശങ്ങളിലും വിചിത്രമായ അതിര്‍ത്തികള്‍ കാണാം.

കളിമണ്‍കാലുകള്‍
പേരില്‍ മാത്രം പരമാധികാരമുള്ള ഇടപ്രഭുക്കന്‍മാരെ സിംഹാസനത്തിലിരുത്തുക എന്നതായിരുന്നു കൊളോണിയല്‍ തന്ത്രം. ജനങ്ങളുമായി ബന്ധമില്ലാത്ത ഭരണാധികാരികളെ ഭയപ്പെടുത്തി നിര്‍ത്തുക എളുപ്പമാണ്. ശക്തമായ ചാരശൃംഖലയും ഭരണവര്‍ഗത്തിന് കാവല്‍ നില്‍ക്കുന്ന വിശേഷ സൈനികവിഭാഗവും ഭരണത്തിന്റെ അടിസ്ഥാനമാവും. ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുഖജനാവില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം പറ്റുന്നത് ഇന്റലിജന്‍സ് വിഭാഗങ്ങളാണ്. റസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും ക്ഷൗരക്കടകളിലും അവര്‍ നിയോഗിച്ച ചാരന്‍മാരുണ്ടാവും. അത്തരമൊരു കങ്കാണി ഭരണത്തിന്റെ പ്രതീകമെന്ന നിലയിലാണ് സൗദി രാജവംശത്തെ വിലയിരുത്തേണ്ടത്. ബ്രിട്ടീഷുകാരുടെ പരോക്ഷ പിന്തുണയോടെ അധികാരമേറിയ സൗദി രാജവംശം അറേബ്യന്‍ ഉപദ്വീപിന്റെ പേരു തന്നെ സ്വന്തമാക്കിയത് തങ്ങള്‍ ഇസ്‌ലാമിക ശരീഅ: നടപ്പിലാക്കുമെന്ന വാഗ്ദാനം നല്‍കിയും പതാകയില്‍ ഇസ്‌ലാമിലെ വിശുദ്ധവാക്യം ആലേഖനം ചെയ്തുമാണ്. പക്ഷേ, കുറ്റവാളികളെ പ്രാകൃതമായി ശിക്ഷിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നു സൗദിയിലെ ഇസ്‌ലാം. ഒട്ടും സുതാര്യതയില്ലാത്ത, നിയമവ്യവസ്ഥയെപ്പറ്റി ആര്‍ക്കും ഒരറിവും നല്‍കാത്ത, ലക്ഷണമൊത്ത ഒരു പോലിസ് സ്‌റ്റേറ്റ് എന്ന നിലയില്‍ മധ്യപൗരസ്ത്യത്തിലെ അമേരിക്കന്‍ മേല്‍ക്കോയ്മ നില നിര്‍ത്തുന്നതില്‍ സൗദി രാജകുടുംബം വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. സൗദി ഇന്റലിജന്‍സ് മേധാവിയായ ബന്ദര്‍ സുല്‍ത്താന്റെ സഹായമില്ലാത്ത വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഖേലയില്‍ കുറവാണ്. ഗസയില്‍ ഹമാസിനെ ഒതുക്കാനും ലബ്‌നാനില്‍ ഹിസ്ബുല്ലയെ ദുര്‍ബലമാക്കാനും ബന്ദര്‍ നടത്തിയ ശ്രമങ്ങള്‍ കാരണം അയാളെ അറബികള്‍ ഭീകരരുടെ രാജകുമാരന്‍ എന്നാണ് വിളിക്കാറ്. ഈജിപ്തിലെ സൈനിക അട്ടിമറിക്ക് നിര്‍ലജ്ജമായി പിന്തുണ നല്‍കിയ അബ്ദുല്ല രാജാവ് ആഗസ്ത് 16ന് നടത്തിയ പ്രസംഗത്തില്‍ ജനറല്‍ സിസിയുടെ പട്ടാളം കൈറോവില്‍ നടത്തിയ കൂട്ടക്കൊലയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. തിരശീലക്കപ്പുറത്തു നിന്ന് കളിക്കുന്നതിനു പകരം പതിവില്‍നിന്ന് വ്യത്യസ്തമായി സൗദികള്‍ പരസ്യമായി ഈജിപ്തില്‍ നടക്കുന്നത് ജനാധിപത്യവും ഭീകരതയും തമ്മിലുള്ള സംഘട്ടനമാണെന്നും അമേരിക്ക ഈജിപ്തിനു നല്‍കുന്ന സഹായം നിര്‍ത്തിയാല്‍ ആ നഷ്ടം തങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. സൗദി അറേബ്യയും കുവൈത്തും യു.എ.ഇയും ചേര്‍ന്ന് ഇതിനകം തന്നെ ഈജിപ്ഷ്യന്‍ സൈന്യത്തിന് 12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഹുസ്‌നിമുബാറക്കിന് അമേരിക്ക വര്‍ഷം തോറും നല്‍കി വരുന്നതിന്റെ പത്തിരട്ടിവരും.

കൊളോണിയല്‍ അവശിഷ്ടങ്ങള്‍
അറേബ്യന്‍ ഗള്‍ഫിലെ എല്ലാ ഏകാധിപത്യ രാജ്യങ്ങളും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബാക്കിപത്രങ്ങളാണ്. സാംസ്‌കാരികമായും ഭാഷാപരമായും മതപരമായും വലിയ ഐക്യമുള്ള  അറബി നാടുകള്‍ പലതരം സാമ്രാജ്യത്വ ശക്തികളുടെ സാമന്തരാജ്യങ്ങളായി ഛിന്നഭിന്നമായി നില്‍നില്‍ക്കുന്നതിന്റെ കാരണവും അതുതന്നെ. കുവൈത്തും ബഹ്‌റയിനും ഖത്തറും അതുപോലെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും വേറിട്ടു നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം ബ്രിട്ടീഷ് കൊളോണിയല്‍ യജമാനന്‍മാര്‍ക്ക് ദാസ്യപ്പണിയെടുത്തവരെ ശെയ്ഖുമാരായി വാഴിച്ചതാണ്. പല പ്രദേശങ്ങളിലും എണ്ണ ശേഖരമുള്ളതുകൊണ്ടു മാത്രമാണ് അവര്‍ വേറിട്ടു നില്‍ക്കുന്നത്. കൊള്ളയടിക്കുന്നതിനു സൗകര്യമുള്ള ചെറിയ നാട്ടുരാജ്യങ്ങളാണ് അവ. ആധുനിക ഭരണസംവിധാനത്തിനു പറഞ്ഞ മര്യാദയോ നിയമമോ ഇല്ലാതെ പഴയ ഫ്യൂഡല്‍ പ്രഭുക്കന്‍മാരെപ്പോലെ നാടുവാഴുന്ന ഈ ശെയ്ഖുമാര്‍ തങ്ങളുടെ സിംഹാസനങ്ങള്‍ക്കു കീഴെ മണ്ണൊലിച്ചുപോവുന്നതിന്റെ ആധിയില്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കല്‍പനകള്‍ അക്ഷരംപ്രതി അനുസരിക്കുന്നു. നിലനില്‍പ്പിന്റെ ആധാരമായി മതസംരക്ഷകര്‍ എന്ന വേഷമണിയുന്നു. ആവശ്യം വരുമ്പോള്‍ സുന്നി-ശിയാ സംഘര്‍ഷങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി സഹായിക്കുന്നു. ഈജിപ്ഷ്യന്‍ സൈനിക അട്ടിമറിയെ പിന്തുണയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങളെ ബുദ്ധിപരമായി നേരിടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്നോ യു.എയില്‍ നിന്നോ പ്രതിഭാവിലാസമുള്ള രാഷ്ട്രീയ ചിന്തകളൊന്നും വരുന്നതായി നാം കാണുന്നില്ല. അതേയവസരം ഗള്‍ഫ് രാജ്യങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ജനാധിപത്യ വിപ്ലവത്തെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.

അള്‍ജീരിയയും മൊറോക്കോയും മറ്റു മഗ്‌രിബ് പ്രദേശങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ സാംസ്‌കാരിക വേഴ്ചകളും വിധേയത്വവും നവകൊളോണിയല്‍ വ്യവസ്ഥ എത്രമാത്രം അതിജീവനശേഷിയുള്ളതാണെന്നു വ്യക്തമാവും. ഗള്‍ഫ് നാടുകളില്‍ ശെയ്ഖുമാരാണ് പാശ്ചാത്യരുടെ കങ്കാണികളായത.് മഗ്‌രിബില്‍ മൊറോക്കോ ഒഴിച്ച് ബാക്കിരാഷ്ട്രങ്ങളില്‍ സൈനികരായിരുന്നു കൊളോണിയല്‍ വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍. ഇടതുപക്ഷം സിദ്ധാന്തങ്ങളുടെ തടവുകാരായതിനാല്‍ വ്യവസ്ഥയെ പിന്തുണച്ചു. ഭരണവര്‍ഗം തന്നെ ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ കടമെടുത്ത് പരമ്പരാഗത ഇടതുപക്ഷത്തിന് ആശ്വാസമായി. അള്‍ജീരിയയിലെ ദേശീയ വിമോചന മുന്നണിയുടെ നേതാക്കളൊക്കെ മതേതര നാട്യമുള്ള ഇടതുപക്ഷക്കാരായിരുന്നു. പാരീസിലെ ചത്വരങ്ങളും തെരുവീഥികളുമായിരുന്നു അവര്‍ക്ക് പഥ്യം. പാശ്ചാത്യ മാതൃകയിലുള്ള നഗരവീഥികള്‍ പണിയാനായിരുന്നു അവര്‍ക്ക് താല്‍പര്യം. കോളനി വ്യവസ്ഥയുടെ അപനിര്‍മാണത്തിന് അവര്‍ക്ക് ശേഷിയോ സന്നദ്ധതയോ ഉണ്ടായിരുന്നില്ല.

ജനാധിപത്യ സ്ഥാപനത്തിനായി പരിശ്രമിച്ചവര്‍ ഇസ്‌ലാമികരായത് ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായിരുന്നു. ദേശീയ വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിനും പൗരാവകാശ സംരക്ഷണത്തിനുമായി അറബ് ലോകത്ത് പടവെട്ടിയവര്‍ എക്കാലത്തും ഇസ്‌ലാമികരായിരുന്നു. അവരാണ് ജനങ്ങള്‍ക്ക് ഭരണകൂട ബാഹ്യമായ സംരക്ഷണവും ആശ്വാസവും നല്‍കിയത്. അതിനാല്‍ തന്നെ ഏറ്റവുമധികം പിശാചുവല്‍ക്കരണത്തിനും പീഡനത്തിനും വിധേയമായവരും അവര്‍ തന്നെ. നവകൊളോണിയല്‍ സംവിധാനത്തില്‍ വിള്ളല്‍ വരുത്തിക്കൊണ്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഒരു ജനതയുടെ സ്വത്വാവിഷ്‌ക്കാരമായിരുന്നുവത്.

കളിമണ്‍ കോട്ടപോലെയുള്ള രാഷ്ട്രീയ -സാമ്പത്തിക ക്രമം അധികകാലം നില നില്‍ക്കുകയില്ലെന്നും സഹാറയിലെ ഹര്‍മാത്തന്‍ കാറ്റുപോലെ വീശിയടിക്കുന്ന മാറ്റങ്ങള്‍ക്കിടയില്‍ അവ ക്രമേണ പൊട്ടിതകരുമെന്നും 90കളിലെ ആദ്യത്തില്‍ തന്നെ വ്യക്തമായിരുന്നു. ജനാധിപത്യമെന്നത് തങ്ങള്‍ക്കുമാത്രമുള്ള ഒരു സവിശേഷ വ്യവസ്ഥയായിട്ടാണ് പാശ്ചാത്യ ലോകം മനസിലാക്കുന്നത്. വ്യവസ്ഥക്കെതിരെ വെല്ലുവിളിയുയര്‍ത്തുന്ന അന്യരാജ്യങ്ങള്‍ക്ക് ചേര്‍ന്നതല്ല അത്. അതിനാല്‍ ലോകത്തെങ്ങും സൈനിക ഏകാധിപതികളെയും രാജാക്കന്‍മാരെയും അധികാരത്തില്‍ നിലനിര്‍ത്താന്‍ ആളും അര്‍ഥവും നല്‍കി സാമ്രാജ്യശക്തികള്‍ പരിശ്രമിക്കുന്നു. ജനാധിപത്യം, സ്ത്രീ വിമോചനം, മനുഷ്യാവകാശം എന്നിവയൊക്കെ എതിരാളികളെ ഭയപ്പെടുത്താനുള്ള ആയുധങ്ങള്‍ മാത്രമാണ്. 1990കളുടെ ആദ്യത്തില്‍ അള്‍ജീരിയയില്‍ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് (എഫ്.ഐ.എസ്.) എന്ന ജനാധിപത്യ സംഘടന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി. അതോടെ ജനാധിപത്യത്തിലേക്ക് ശ്രമകരമായ യാത്രയുടെ തുടക്കം കുറിക്കുന്നു എന്നു പറയാം. ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ എഫ്.ഐ.എസ്. തുടര്‍ന്നുള്ള പൊതു തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്നുറപ്പായതോടെ ഫ്രഞ്ചുകാര്‍ സ്ഥാപിച്ചു നിലനിര്‍ത്തി പോരുന്ന ഭരണവര്‍ഗം ടാങ്കുകളും കവചിത വാഹനങ്ങളുമായി രംഗത്തിറങ്ങി. തുടര്‍ന്നുണ്ടായ അട്ടിമറിയില്‍ ഏതാണ്ട് രണ്ടുലക്ഷം പേരാണ് അള്‍ജീരിയയില്‍ മരണമടഞ്ഞത്. അട്ടിമറിക്ക് സഹായം ചെയ്തത് ഫ്രാന്‍സ.് അതിനെ പിന്തുണച്ചത് യു.എസും ബ്രിട്ടനും. സൈക്‌സ്-പികോയുടെ സംരക്ഷകര്‍ കൂടുതല്‍ ജാഗരൂകരായത് അതോടെയാണ്. സി.ഐ.എയും ബ്രിട്ടന്റെ എം.ഐ.6 ഉം ഫ്രഞ്ചുചാരസംഘടനയായ ഡി.ജി.എസ്.ഇയും അറബ് മുഖാബറയുമായി ചേര്‍ന്നുനില്‍ക്കാന്‍ അതുകാരണമായി. പൗരന്മാര്‍ക്ക് കൈക്കൂലി കൊടുത്തും പണമില്ലാത്തിടത്ത് അടിച്ചമര്‍ത്തിയുമാണ് വ്യവസ്ഥയെ അവര്‍ രക്ഷിച്ചത്. സൗദി അറേബ്യയില്‍ അനേകമാളുകള്‍ കൊല്ലപ്പെട്ടു. പലയിടത്തുമവര്‍ ജയിലിലായി.

പിന്നീട് അനേകവര്‍ഷങ്ങള്‍ക്കുശേഷം തുനീസ്യയിലാണ് തെരുവു കച്ചവടക്കാരനായ മുഹമ്മദ് ബുഅസീസി ജനാധിപത്യ വിപ്ലവത്തിന്റെ പ്രളയ വാതിലുകള്‍ തുറന്നിട്ടത്. 2011 ജനുവരി 14ന് ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പലായനത്തില്‍ ഈ കൊളോണിയലിസത്തിന്റെ തകര്‍ച്ച ദര്‍ശിച്ചവരുണ്ട്. 2011 ഫെബ്രുവരിയില്‍ മധ്യപൗരസ്ത്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം ഈജിപ്ത് ഏകാധിപതിയായ ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കി.

ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ സംഭവങ്ങള്‍ സൈക്‌സ്-പികോ വ്യവസ്ഥ ഒന്നാകെ തകരുന്നതിന്റെ സൂചനയാണെന്നു പറയാന്‍ വയ്യ. രാജാക്കന്മാരും സൈനിക മേധാവികളും ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ചേര്‍ന്ന് നടപ്പാക്കിയ വ്യവസ്ഥയുടെ വേരുകള്‍ ആഴത്തിലാടിയ പ്രദേശമാണ് അറബ് ലോകം. ജനങ്ങളിലൊരു വിഭാഗം വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ആക്രമിച്ചവരില്‍ സെക്കുലര്‍ ഗ്രൂപ്പുകളിലെ യുവാക്കളുമുണ്ടായിരുന്നു. ഗള്‍ഫ് നാടുകളില്‍ സര്‍ക്കാരിന്റെ സൗജന്യം പറ്റുന്ന പൗരന്‍മാരുണ്ട്. ക്ലബ്ബുകളിലും കളിക്കളങ്ങളിലും സമയം കളയുന്നവര്‍. വ്യവസ്ഥയുടെ പരിരക്ഷണം നഷ്ടപ്പെടുന്നതിനെ അവര്‍ എതിര്‍ക്കും.

ഒരു നൂറ്റാണ്ടെങ്കിലുമെടുത്തു പരിപൂര്‍ണമാക്കിയ ഏകാധിപത്യ വ്യവസ്ഥ കല്ലിന്‍ന്മേല്‍ കല്ലില്ലാതെ പൊളിച്ചടുക്കാന്‍ അനേകം വസന്തങ്ങള്‍ ഇനിയും വിരിയേണ്ടതുണ്ട്.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting