banner ad
October 18, 2013 By എം. നൗഷാദ് 0 Comments

ആത്മാവിന്റെ സംഗീതം

images-19ചില സിനിമകള്‍ ജീവിതത്തിന്റെ അനേകം അടരുകള്‍ വായിക്കാന്‍ നമ്മെ അനുവദിക്കുന്നു. അയഞ്ഞ ഒരു കഥാഘടന ഉപയോഗിച്ച് വാചാലമായ കാവ്യാത്മക ആഖ്യാനത്തിലൂടെയാണ് അവരിത് സാധിക്കുന്നത്. ഒരര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ എളുപ്പവും നിരൂപണം ചെയ്യാന്‍ പ്രയാസകരവുമാണവ. ഏതാണ്ട് അസാധ്യം എന്ന് പറയാം. രൂപഭദ്രതയുടെ സങ്കീര്‍ണതകള്‍ക്കപ്പുറത്ത് ഫ്രെയിമുകളിലേക്ക് നമ്മെ പിടിച്ചിരുത്തുന്ന അപൂര്‍വ്വം സിനിമാക്കാരുടെ വര്‍ഗത്തില്‍പ്പെടുന്നു ടെറന്‍സ് മാലിക്ക്. ‘ബോധധാരാസങ്കേതം’ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കപ്പെട്ട സിനിമക്കാരനാണ് അദ്ദേഹം. തികഞ്ഞ ആത്മവിശ്വാസത്തോടെയും പലപ്പോഴും പൂര്‍ണമായും വെളിപ്പെടുത്താനാകാത്ത തരത്തിലും നിഗൂഡമായ പ്രഹേളികകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഉപയോഗിച്ചു.

‘ടു ദി വണ്ടര്‍’ അദ്ദേഹം നേരത്തെ ചെയ്ത ട്രീ ഓഫ് ലൈഫിനെ ഓര്‍മിപ്പിക്കുന്നു; ചില ഷോട്ടുകള്‍  ആ സിനിമയുടെ തുടര്‍ച്ച കാണുന്ന പ്രതീതിയുളവാക്കുന്നു. പക്ഷേ ഈ സിനിമ ട്രീ ഓഫ് ലൈഫില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്ന ചിത്രമാണ്. എന്നിരുന്നാലും മാറ്റമില്ലാതെ എല്ലാ മാനുഷിക കഥകളും ഒന്നു തന്നെയാണ് എന്ന് നമുക്കറിയാം; അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കണ്ടെത്താതിരിക്കലിന്റെയും കഥകള്‍. വിവേകശൂന്യതയോടെ നമ്മള്‍ ഉണ്ടാക്കിയെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നഗരാരണ്യകങ്ങളുടെയും പ്രകൃതിയുടെയും അനന്തതയെ സ്പര്‍ശിച്ചുകൊണ്ട് തികഞ്ഞ വേദനയും ഹൃദയ നൊമ്പരവും ടെറന്‍സ് മാലിക്ക് തന്റെ ഫ്രെയിമുകളിലേക്ക് കൊണ്ട് വരുന്നു. അദ്ദേഹത്തിന്റെ വൈഡ് ആംഗിള്‍ ഷോട്ടുകളും ധീരമായ മൊണ്ടാഷുകളും, ഏതാണ്ട് എല്ലായ്‌പ്പോഴും അതിരില്ലായ്മയുടെ വാഗ്ദാനവും നിഗൂഡതയുടെയും അര്‍ഥങ്ങളുടെയും മിശ്രണവും സഹിതം, നമ്മളെത്ര മാത്രം ഏകാന്തരും, ചെറിയവരും, അല്‍പ്പമ്മാരും അഞ്ജാനികളുമാണെന്ന് ഓര്‍മപ്പെടുത്തുന്നു. വ്യതിരിക്തവും അനന്യവുമായ സിനിമാ നിര്‍മാണശൈലി സ്വായത്തമായുള്ള ടെറന്‍സ് മാലിക്ക് ക്യാമറയുടെ അറ്റമില്ലാത്തതും അസ്ഥിരവുമായ ചലനങ്ങളുടെ ഉപാസകനാണ്. അദ്ദേഹത്തിന്റെ കട്ടുകള്‍ പ്രകോപനകരാംവിധം അപ്രതീക്ഷിത രീതിയിലുള്ളവയാണ്. മറ്റെല്ലാ മാസ്‌റ്റേഴ്‌സിനെയും പോലെ രൂപാലങ്കാരങ്ങളിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ അദ്ദേഹം  നമ്മെ അനുവദിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രൂപകം, ജാലകങ്ങളിലൂടെയോ വാതിലുകളിലൂടെയോ ഒരാളുടെ മുഖത്തേക്കോ കണ്ണുകളിലേക്കോ ഒരു മുറിയിലേക്കോ, പരന്നു കിടക്കുന്ന ഭൂപ്രകൃതിയിലേക്കോ പ്രവേശിക്കുന്ന പ്രകാശമാണ്. ആര്‍ക്കും അവഗണിക്കാനാവാത്ത വിധം പ്രകടമാണിത്. തിളങ്ങുന്ന സൂര്യന്‍ പച്ചയിലകളിലൂടെയും ഉണങ്ങിയ ശിഖരങ്ങളിലൂടെയും ഒളിഞ്ഞു നോക്കുന്നത് തുടര്‍ച്ചയായി വരുന്ന നിരവധി ഷോട്ടുകളില്‍ നമുക്ക് കാണാം. അല്ലെങ്കില്‍ ലോ ആംഗിളില്‍ ഷൂട്ട് ചെയ്ത ഒരു  തെരുവു വിളക്കിന്റെ പലകുറി ആവര്‍ത്തിക്കുന്ന സാന്നിധ്യം.

മനുഷ്യബന്ധങ്ങള്‍, വിശ്വാസം, സംശയം, സ്‌നേഹം, അന്വേഷണം, ആഗ്രഹം എന്നിവയെക്കുറിച്ചുള്ള ദ്രിശ്യധ്യാനമാണ് ഈ ചിത്രം. സ്‌നേഹത്തിന്റെ നേട്ടത്തിനും നഷ്ടത്തിനുമിടയിലുള്ള നിരവധി മനുഷ്യരുടെ സംഘര്‍ഷങ്ങള്‍ നിങ്ങള്‍ കാണുന്നു. ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കുന്നതില്‍ മനുഷ്യരാശിയിലെ ഓരോരുത്തരും വ്യത്യസ്ഥരാണ്. ഒരിടത്ത്, സിനിമയിലെ നായക കഥാപാത്രം രണ്ടു സ്ത്രീകള്‍ക്കിടയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം ഒരൊറ്റ സ്ത്രീയോട് തോന്നുന്ന അടുപ്പത്തിനും അകല്‍ച്ചക്കുമിടയില്‍ സംഘര്‍ഷമനുഭവിക്കുന്നു. സിനിമയിലെ നായിക മറീന പുരോഹിതനോട് പറയുന്നത് അവള്‍ക്ക് നീലിന്റെ ഭാര്യയാകണമെന്നാണ്. മറ്റേതൊക്കെയോ സ്ത്രീകള്‍ക്ക് വേണ്ടി അവളെ വളരെ മുന്‍പേ ഉപേക്ഷിച്ച് പോയ ഒരു പുരുഷനുമൊത്തുള്ള അസന്തുഷ്ടമായ ദാമ്പത്യവും അതില്‍ പിറന്ന 10 വയസ്സുള്ള മകളും അവള്‍ക്കുണ്ടായിട്ടും അവള്‍ നീല്‍ തന്റെ ജീവിതത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അവിശ്വസനീയമാം രീതിയില്‍ സ്‌നേഹമുള്ളവനായിരുന്നു നീല്‍ എന്ന് അവള്‍ ന്യായമായും വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ അത് തന്നെയായിരുന്നു അയാളുടെ പ്രശ്‌നം. തന്റെ പ്രണയം ഒരു സ്ത്രീയിലേക്ക് പരിമിതപ്പെടുത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. നീല്‍ മേറീനയെ പോകാന്‍ അനുവദിച്ച ഉടനെതന്നെ പോകരുതെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവള്‍ അവിടെത്തന്നെ നിന്നേനെ. അയാള്‍ തന്റെ ഒരു ബാല്യ കാല സ്‌നേഹിതനുമായി പ്രണയത്തിലാകുന്നുണ്ട്. അതാകട്ടെ, അയാള്‍ മറീനയോട് മറച്ചുവെക്കുന്നുമില്ല. ഏതായാലും അതേറെക്കാലം നീണ്ടു നിന്നില്ല. ഭൗതികമായി അകലുന്നതോടു കൂടി ചില ബന്ധങ്ങള്‍ അവസാനിക്കുന്നു.ചില സ്‌നേഹങ്ങള്‍ മറ്റൊരു തരത്തിലാണ്. അസാന്നിധ്യത്തില്‍ അത് വളരും. ദൂരേക്ക് പോകുന്തോറും നിങ്ങള്‍ അടുത്തേക്ക് എത്തും. ജാവിയര്‍ ബര്‍ദെം ഭാവതരളമായി അവതരിപ്പിച്ച ഫാദര്‍ ക്വയ്ന്റാന്‍ എന്ന പുരോഹിതനാണ് ഈ ചിത്രത്തിലെ മറ്റൊരു അവിസ്മരണീയ മനുഷ്യന്‍.

വാക്കുകള്‍ കൊണ്ട് ഒരിക്കലും കണിശമായി പറയാനാകാത്ത, അത്യധികം നിഗൂഡമായ സംഘര്‍ഷങ്ങളുണ്ട്. അദ്ദേഹത്തിന്റെ ആത്മാവില്‍, തന്റെ തൊഴിലും വിശ്വാസവും ഒരു തീര്‍്പ്പിലെത്താന്‍ സഹായിക്കാത്ത തരത്തിലുള്ള ഒരന്വേഷണത്തിലാണ് അദ്ദേഹമെന്നു തോന്നുന്നു. യഥാര്‍ത്ഥത്തില്‍ നമ്മളെയെല്ലാവരെയും പോലെ. തന്റെ പ്രഭാഷണങ്ങളിലൂടെ സ്വയം ആശ്വാസം കണ്ടെത്താനാകുന്നില്ലെങ്കിലും സ്‌നേഹത്തെയും ദാമ്പത്യത്തെയും യേശുവിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മനോഹരമായ പ്രഭാഷണങ്ങള്‍ കേള്‍വിക്കാരെ സമാധാനത്തിലേക്കും വിവേകത്തിലേക്കും വിമോചിപ്പിക്കുന്നു. അവനവന്റെ ആത്മസത്തയോട് ഏറ്റവും ആത്മാര്‍ഥമായി ചേര്‍ന്നുനില്‍ക്കുന്ന ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. മാലിക്കിന്റെ സിനിമാനിര്‍മാണശൈലിയില്‍ ഈ ആഖ്യാതാവോ അതല്ലെങ്കില്‍ ആഖ്യാതാക്കളുടെ ഒരു പരമ്പരയോ പുതിയ കാര്യമല്ല. അദ്ദേഹം തന്റെ സിനിമകളിലെ കഥാഗതിയെ നിയന്ത്രിക്കുന്നത് ഭാവതരളമായി ഉച്ചരിക്കപ്പെടുന്ന വശ്യമായ ആഖ്യാനങ്ങളിലൂടെയാണ്. തികച്ചും അപ്രതീക്ഷിതമായി നീലിന്റെയും മറീനയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍  ഉടലെടുത്തു. കാരണങ്ങള്‍ വിശദമാക്കുന്നില്ലെങ്കിലും തികച്ചും വിശ്വസനീയമാണവ. മനോഹരമാം വിധത്തില്‍ വികാരതരളിതരാണ് മാലിക്കിന്റെ കഥാപാത്രങ്ങള്‍, പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങള്‍. വേദനയോടെ മങ്ങാനും സൌകുമാര്യതയോടെ പുനര്‍ജനിക്കാനുമുള്ള സ്‌നേഹത്തിന്റെ അനശ്വരമായ ശേഷിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് അങ്ങനെയാണ്. പുരോഹിതന്‍ ഉദാഹരിക്കുന്ന പുഴ പോലെയാണത്. ‘മഴ പെയ്തില്ലെങ്കില്‍ വരണ്ട് പോകുന്ന അരുവി പോലൊരു സ്‌നേഹമുണ്ട്. എന്നാല്‍ ഭൂമിക്കടിയില്‍ നിന്നും പൊട്ടിയൊഴുകുന്ന ഉറവ പോലൊരു സ്‌നേഹമുണ്ട്. ആദ്യത്തേത് മനുഷ്യസ്‌നേഹം, രണ്ടാമത്തേത് സ്വര്‍ഗത്തില്‍ ഉടലെടുക്കുന്ന ദൈവിക സ്‌നേഹം’. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ സ്‌നേഹിക്കും എന്നദ്ദേഹം പ്രവചിക്കുന്നു. സിനിമയുടെ തുടക്കത്തില്‍ മറീന പറയുന്ന വാക്കുകള്‍ ഒരു ദിശാസൂചിയാണ്; ‘ നവജാതശിശുവായി ഞാന്‍ കണ്ണുകള്‍ തുറന്നു. അനന്തമായ ഇരുട്ടിലേക്ക് ഞാന്‍ അപ്രത്യക്ഷമായി. ഒരു കൊള്ളിയാന്‍ പോലെ, ഇരുട്ടില്‍ നിന്നും നീയെന്നെ പുറത്തെടുത്തു. ഭൂമിയിലേക്ക് നീയെന്നെ ചേര്‍ത്ത് വെച്ചു. നീയെന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു’. അന്തിമമായി സ്‌നേഹവും അത് തന്നെയാണ് ചെയ്യുന്നത്. നിരാശയും വിമുക്തതയും അശുഭാപ്തിയും അവിശ്വാസവും കൊണ്ട് നമ്മെ വലയം ചെയ്യുന്ന സമുദ്രത്തില്‍ മുങ്ങിത്താഴുന്നതില്‍ നിന്ന് അത് നമ്മെ രക്ഷിക്കുന്നു. ജീവിതം ഒരു സ്വപ്നമാണ്. സ്വപ്നത്തില്‍ ആരും തെറ്റ് ചെയ്യുന്നില്ല എന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. പുരോഹിതന്‍ ശക്തമായി ഉപദേശിക്കുന്നത് പോലെ സ്‌നേഹം തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. തിരഞ്ഞെടുപ്പുകളെ നിഷേധിക്കുന്നവര്‍ ഭീരുക്കളാണ്. തിരഞ്ഞെടുക്കുകയെന്നാല്‍ പാപത്തിന്റെയും പരാജയത്തിന്റെയും ഒറ്റിക്കൊടുക്കലിന്റെയും അപകടത്തിനു സ്വയം സന്നദ്ധരാവലാണ്. കാരണം സ്‌നേഹമുള്ള കാലത്തോളം ഭൂമിയില്‍ വെളിച്ചവും പൊറുത്തുകൊടുക്കലുമുണ്ട്. ടെറന്‍സ് മാലിക്കിന്റെ സ്ഥിരം കാവ്യാത്മകതയിലേക്ക് ചേര്‍ത്ത് വെക്കാവുന്ന സിനിമയാണിത്.

Translator: രഞ്ജിനി ബാല

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting