banner ad
June 6, 2012 By എം. നൗഷാദ് 0 Comments

ജസ്റ്റിസ് വി. ഖാലിദ്: നന്മയുടെ കരുത്ത്

Justice-Khalid-Sahibകണ്ണൂരില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ കക്കാട്‌ എന്ന ഗ്രാമത്തില്‍ മാധ്യമ ലോകത്തിന്റെയോ ബഹളായമാനമായ പൊതു ജീവിതത്തിന്റെയോ ആര്‍ഭാടങ്ങളില്‍ ഇടം തേടിപ്പോകാത്ത ഒരു മനുഷ്യനുണ്ട് – ജസ്റ്റിസ് വി. ഖാലിദ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെയും ഭരണ പീഠത്തിന്റെയും ഔന്നത്യങ്ങളില്‍ അന്തസോടെ ഇരുന്നിട്ടും അധികമൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത ഒരാള്‍. ഇന്ത്യന്‍ സുപ്രീം കോടതിയില്‍ ജഡ്ജായിരിക്കുകയും ലോകത്തിലെ തന്നെ ഏറ്റവും സംഘര്‍ഷഭരിതമായ ദേശങ്ങളിലൊന്നായ ജമ്മു കാശ്മീരില്‍ ചീഫ് ജസറ്റിസും ഏതാനും ദിവസങ്ങള്‍ ഗവര്‍ണര്‍ ആയിരിക്കുകയും ചെയ്തിട്ടും വിനയത്തിന്റെയും ലാളിത്യത്തിന്റെയും വിശുദ്ധി കൈമോശം വരാതെയുള്ള ഈ മനുഷ്യന്റെ പുഞ്ചിരിയില്‍ അനുഭവങ്ങളും അറിവും ആഴത്തില്‍ പരുവപ്പെടുത്തിയ വിവേകമുണ്ട്. സമൂഹത്തിന്റെ നാനാ തുറകളില്‍, ഔദ്യോഗികവും അനൗദ്യോഗികവുമായ അനവധി പദവികളില്‍, അധികാരമുള്ള കസേരകളിലിരിക്കുന്നവര്‍ക്ക് അഹമ്മതി ബാധിക്കുകയെന്നത് ഇന്നേതാണ്ട് സ്വീകാര്യമായിത്തീര്‍ന്നിട്ടുണ്ട്. വിനയം നമ്മളവരില്‍ നിന്നു പ്രതീക്ഷിക്കുന്നു പോലുമില്ല. മതബന്ധിതവും ഭരണഘടനാപരവും വ്യക്തിയിലധിഷ്ഠിതവും ഒക്കെയായ നിസാര കാര്യങ്ങളില്‍ പോലും പുലര്‍ത്തുന്ന സൂക്ഷ്മമായ സത്യസന്ധതകൊണ്ട് ജസ്റ്റിസ് ഖാലിദ് ഇത്തരം പതിവു വ്യക്തിത്വങ്ങള്‍ക്കിടയില്‍ വ്യത്യസ്തനും ശ്രദ്ധേയനുമാകുന്നു. ഏറ്റവും സാധാരണമായ ഒരു വടക്കെ മലബാര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ സ്വന്തം പ്രയത്‌നം കൊണ്ടും അറിവുകൊണ്ടും കഴിവുകൊണ്ടും ഔന്നത്യങ്ങളിലേക്കു ചെന്നുകയറിയതിന്റെ ഹൃദ്യ സുന്ദരമായ കഥയാണ് ജസ്റ്റിസ് ഖാലിദിന്റെ ജീവിതം.

ബാല്യം

കണ്ണൂരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ കണ്ണൂര്‍ സിറ്റിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ 1922 ജൂലൈ 1നാണ് വാഴക്കുളങ്ങരയില്‍ ഖാലിദ് ജനിച്ചത്. സി.സി. മരക്കാരിന്റെയും സൈനബയുടെയും ആറു മക്കളില്‍ നാലാമനായിരുന്നു ഖാലിദ്. ചങ്ങനാശ്ശേരിയിലെ കാപ്പിപ്പൊടി കച്ചവടത്തില്‍ ജ്യേഷ്ഠനെ സഹായിക്കുന്ന ജോലിയായിരുന്നു പിതാവിന്. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജകുടുംബം ഖാലിദിന്റെ അയല്‍പക്കത്തായിരുന്നു. കോയിക്കാ എന്നറിയപ്പെട്ടിരുന്ന കോയക്കുഞ്ഞി എന്ന സാമുദായിക പ്രവര്‍ത്തകന്‍ അറക്കല്‍ കുടുംബത്തിന്റെ സഹായത്തോടെ സ്ഥാപിച്ചു നടത്തിയിരുന്ന മദ്‌റസ മഅ്ദനുല്‍ ഉലൂം എയ്ഡഡ് സ്‌കൂളിലായിരുന്നു ഖാലിദിന്റെ വിദ്യാഭ്യാസം. മതകാര്യങ്ങളും ഇതര വിജ്ഞാനീയങ്ങളും അദ്ദേഹം അവിടെ നിന്നു പഠിച്ചു. കണ്ണൂരില്‍ അനേകം പേര്‍ വിദ്യാസമ്പന്നരായതിനു പിന്നില്‍ കോയിക്കയുടെ പ്രചോദനവും ദീര്‍ഘ വീക്ഷണവും പ്രതിബദ്ധതയുമുണ്ട്. അദ്ദേഹം സ്വയം വിദ്യാസമ്പന്നനായിരുന്നില്ലെങ്കിലും, അനേകം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം അദ്ധ്വാനിച്ചു. വളരെ കരുത്തനും പ്രാപ്തനും സ്വാധീനശേഷിയുള്ളവനുമായ ഒരു വ്യക്തിത്വമായാണ് ജ. ഖാലിദ് കോയിക്കയെ ഓര്‍ക്കുന്നത്. താന്‍ എവിടെയെങ്കിലും എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു മുഴുവനും ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ് ഖാലിദ് വിനയം കൊള്ളും.

ഖാലിദിന് പത്തു വയസായിരുന്നപ്പോള്‍ പിതാവ് മരണപ്പെട്ടു. മരണവീട്ടിലെത്തിയ കോയിക്ക ഖാലിദ് എന്ന അനാഥ ബാലനെ ശ്രദ്ധിച്ചു കാണണം. അനേകം ഹൃദയങ്ങളോട് വാത്സല്യം ചുരത്തി മാത്രം ശീലിച്ച കോയിക്ക ഖാലിദിനെ മനസു കൊണ്ടൊരു പുത്രനായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ പിന്തുണ ബിരുദ പഠനം വരെ നീണ്ടു. വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ വിശ്വസിച്ച കേയിക്കയുടെ ആശ്രിതത്വത്തിന്റെ തണലനുഭവിക്കുന്ന ആദ്യത്തെ കുട്ടിയായിരുന്നില്ല ഖാലിദ്. അങ്ങനെ അനേകം കുട്ടികളെ വളര്‍ത്തുവാന്‍ മാത്രം സമ്പന്നനായിരുന്നില്ലെങ്കിലും ഉദാരവതിയായിരുന്നു ആ മനുഷ്യന്‍.

മലയാളം, അറബി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളും അല്‍പം പേര്‍ഷ്യനും ഖാലിദ് അവിടെ പഠിച്ചു. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈ സ്‌കൂള്‍, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് (ഇന്റര്‍മീഡിയേറ്റ്), മദ്രാസ് പ്രസിഡന്‍സി കോളേജ് (ഗണിത ശാസ്ത്രത്തില്‍ ബിരുദം) മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.

ഖാലിദിന് ആദ്യം കിട്ടിയ ജോലി വാഗ്ദാനം ബ്രിട്ടീഷ് സേനയിലായിരുന്നു. സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ ആലി രാജ (അന്നത്തെ മുസ്‌ലിം ലീഗ് എം.എല്‍.എ.യുമായിരുന്നു ഇദ്ദേഹം)യെ സന്ദര്‍ശിച്ച ബ്രിട്ടീഷ് ഓഫീസര്‍ സര്‍ റവറന്റ് സ്റ്റാതെമിന് രാജ ഖാലിദിനെ പരിചയപ്പെടുത്തിക്കൊടുത്തു. സെക്കന്റ് ലെഫ്റ്റനന്റാക്കണമെന്നായിരുന്നു വാഗ്ദാനം. മകന്റെ ജീവനെപ്പറ്റി ഭീതി പൂണ്ട ഉമ്മയുടെ വിസമ്മതം കാരണം അതു നടന്നില്ല. തുടര്‍ന്ന് 21-ാം വയസ്സില്‍ പി.എസ്.സി. നിയമനം വഴി മലപ്പുറം ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായി ഒരു വര്‍ഷം ജോലി ചെയ്തു. അധ്യാപന ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടം ശാസ്ത്ര അധ്യാപകരും പുസ്തക പ്രേമികളുമായിരുന്ന രണ്ടു സഹപ്രവര്‍ത്തകരോടുണ്ടായ സൗഹൃദമായിരുന്നു. കോയ മാഷും മുകുന്ദന്‍ മാഷുമായിരുന്നു അവര്‍. അവരോടൊപ്പം ലോഡ്ജ് ജീവിത കാലത്താണ് വായനയുടെ വലിയ ലോകം ഖാലിദിനെ വാതില്‍ തുറന്നു ക്ഷണിച്ചത്. ചെസ്സും വാന നിരീക്ഷണവും പഠിച്ചതും അക്കാലത്തു തന്നെ. ബന്ധുവായ മുസ്തഫയുടെ പ്രോത്സാഹനം കൊണ്ടാണ് മദ്രാസ് ലോ കോളേജിലേക്ക് ഖാലിദ് പഠിക്കാന്‍ പോകുന്നത്.

1948ല്‍ കണ്ണൂര്‍ മുന്‍സിഫ് കോടതിയിലായിരുന്നു ഖാലിദിന്റെ വക്കീല്‍ ജീവിതാരംഭം. 19 വക്കീലന്മാരാണ് അന്നവിടെയുണ്ടായിരുന്നത്. പി.എസ്. നാരായണ അയ്യരെയും ഒരു വര്‍ഷത്തിനുശേഷം തലശ്ശേരിയില്‍ എസ്.എസ്. രാമനാഥ അയ്യരെയും പോലുള്ള സാത്വികരായ അഭിഭാഷകരുടെ കീഴില്‍ ഔദ്യോഗിക ജീവിതമാരംഭിക്കുവാന്‍ കിട്ടിയ ഭാഗ്യത്തെ ജസ്റ്റിസ് ഖാലിദ് കൃതാര്‍ത്ഥതയോടെ സ്മരിക്കുന്നു. 1964ലാണദ്ദേഹം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി കൊച്ചിയിലേക്കു പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള ആസൂത്രണത്തിന്റെ ഭാഗമായല്ല ഖാലിദ് എറണാകുളത്തേക്കു വണ്ടി കയറിയത്. അറിവും അറിവും അനുഭവങ്ങളും മോഹിച്ച ദൃഢവിശ്വാസ പ്രേരിതനായ ആ ചെറുപ്പക്കാരന് ചെറുലോകങ്ങളില്‍ ഒതുങ്ങുവാന്‍ സ്വാഭാവികമായും കഴിയുമായിരുന്നില്ല. സമൂഹത്തോടും സമുദായത്തോടും അയാള്‍ക്കുള്ള പ്രതിബദ്ധത വിജയ പരാജയങ്ങളെക്കുറിച്ചുള്ള ഭൗതിക ഭീതികളെ പിന്തള്ളുന്നതായിരുന്നു. ”ഇരുട്ടിലേക്കുള്ള ഒരു ചാട്ടമായിരുന്നു അത്. ഒന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നില്ല. എനിക്ക് വീമ്പു പറയാന്‍ തറവാട്ടു മഹിമയില്ല. ഏതെങ്കിലും പുരാതന പാരമ്പര്യത്തിലെ കണ്ണിയുമല്ല. പോകണമെന്ന് ഞാനങ്ങു തീരുമാനിച്ചു. ഒന്നുകില്‍ കൊച്ചിയിലെ കായലില്‍ ഞാന്‍ മുങ്ങിത്താഴും, അതല്ലെങ്കില്‍ നീന്തി മുറിച്ചുകടക്കും. മുങ്ങിപ്പോയില്ല ഞാന്‍. വിജയകരമായിത്തന്നെ ഞാനത് നീന്തിക്കടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വേദിയില്‍ നിന്ന് തന്നെ ശ്രവിക്കുവാന്‍ തിങ്ങിനിറഞ്ഞ ഒരാള്‍ക്കൂട്ടത്തെ നോക്കി ജസ്റ്റിസ് ഖാലിദ് തന്റെ തീരുമാനം അനുസ്മരിച്ചതിങ്ങനെയാണ്.

1949ലായിരുന്നു വിവാഹം. കല്‍ക്കത്തയില്‍ വ്യാപാരമുണ്ടായിരുന്ന തലശ്ശേരിക്കാരന്‍ ധനികന്‍ എ.സി. മുഹമ്മദിന്റെ മകള്‍ റാബിയയായിരുന്നു വധു. ഖാലിദ് – റാബിയ ദമ്പതിമാര്‍ക്ക് ഒരു പുത്രിയാണുള്ളത് – ത്വാഹിറ.

മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളാണ് ഖാലിദിനെ കേരള ഹേക്കോടതിയില്‍ ജഡ്ജി ആക്കണമെന്ന നിര്‍ദ്ദേശം ഒന്നാമതായി വെക്കുന്നത്. ഖാലിദിനദ്ദേഹവുമായി വ്യക്തിപരിചയം ഉണ്ടായിരുന്നില്ല. എന്നല്ല, ഹൈക്കോടതി ജഡ്ജിയാവുകയെന്ന ഉദ്ദേശ്യവും മനസിലുണ്ടായിരുന്നില്ല. ജഡ്ജിയുടെ ഒഴിവുണ്ടെന്ന വാര്‍ത്ത വന്നതോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഹിദായത്തുള്ളയെ മദ്രാസില്‍ ചെന്നു കാണാന്‍ ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടു. അതൊരു ആജ്ഞാപനമായിരുന്നു. നേതൃശേഷിയുടെ ആ മഹാസ്വത്വത്തെ പ്രതിരോധിക്കുക അസാധ്യമായിരുന്നു. ഭാര്യയുടെ സര്‍ജറിക്കുവേണ്ടി മദ്രാസിലുണ്ടായിരുന്ന ഖാലിദ് തന്റെ സുഹൃത്തും മലയാളത്തിലെ പ്രഥമ സൂപ്പര്‍താരവുമായ പ്രേം നസീറിന്റെ കോട്ട് കടം വാങ്ങി ജസ്റ്റിസ് ഹിദായത്തുല്ലയെ കാണാന്‍ പോയി. ബാഫഖി തങ്ങളുടെ ആഗ്രഹം അന്നു പക്ഷേ ഫലിച്ചില്ല. ഖാലിദ് വളരെ ചെറുപ്പമാണെന്നും ഇനിയുമേറെക്കാലം കാത്തിരിക്കാനുണ്ടെന്നും പറഞ്ഞ് ജസ്റ്റിസ് ഹിദായത്തുല്ല അദ്ദേഹത്തെ തിരിച്ചയച്ചു.

പദവികള്‍ക്കുവേണ്ടി ആരെയും സമീപിക്കേണ്ടതില്ലെന്നു തീരുമാനിച്ച ഖാലിദ് അഭിഭാഷക വൃത്തിയില്‍ തുടര്‍ന്നു. ഒടുവില്‍, ജസ്റ്റിസ് ടി.സി. രാഘവന്റെ വാത്സല്യപൂര്‍വമായ നാമനിര്‍ദ്ദേശത്തോടെ 1972 ഏപ്രില്‍ 3ന് അഡ്വ. ഖാലിദ് ജസ്റ്റിസ് ഖാലിദായി മാറി. 1983 വരെ അദ്ദേഹം കേരള ഹൈക്കോടതിയിലുണ്ടായിരുന്നു.

കാശ്മീര്‍ അനുഭവങ്ങള്‍

കാശ്മീരിനോട് ഏതു സഞ്ചാരിക്കുമെന്ന പോലെ ജസ്റ്റിസ് ഖാലിദിനും പ്രിയമുണ്ടായിരുന്നുവെങ്കിലും കാശ്മീര്‍ ഹൈക്കോടതിയില്‍ ജഡ്ജായി ഭൂമിയില്‍ സ്വര്‍ഗീയ താഴ്‌വാരത്തു ചെന്നിറങ്ങാന്‍ അദ്ദേഹം മോഹിച്ചിരുന്നില്ല. പക്ഷേ, നിയതിയുടെ നിയോഗങ്ങളില്‍ അതുമുണ്ടായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ജമ്മുകാശ്മീര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബഹാവുദ്ദീനും തമ്മില്‍ ശീതയുദ്ധം ശക്തിപ്പെട്ടുവരികയായിരുന്നു. 1981 മുതലേ അനേകം വി.ഐ.പികളിലൂടെ കത്തായും ഫോണ്‍ വിളിയായും അദ്ദേഹത്തിന് കാശ്മീര്‍ ഹൈകോടതി ജഡ്ജ് സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. കൃഷ്ണയ്യരെപ്പോലുള്ള സുഹൃത്തുക്കളുടെ നിര്‍ബന്ധം വേറെ. രാഷ്ട്രീയ പരിതസ്ഥിതി കലുഷമായിരുന്നതിനാല്‍ തന്നെ താഴ്‌വര സ്വാഗതം ചെയ്യുമോ എന്ന് സഗൗരവം സംശയിച്ചിരുന്നതുകൊണ്ടാണ് രണ്ടു വര്‍ഷത്തോളം ഈ വാഗ്ദാനത്തെ നിരസിച്ചതെന്ന് ജസ്റ്റിസ് ഖാലിദ് ഓര്‍ക്കുന്നു. ഒടുവില്‍, ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.സി. അലക്‌സാണ്ടര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് ഖാലിദ് ശ്രീനഗറിലേക്കു പറന്നു.
കാശ്മീര്‍ പോലെ മനോഹരമാണ് കാശ്മീരിലെ മനുഷ്യരുടെ ഹൃദയവും മനസുമെന്ന് ജസ്റ്റിസ് ഖാലിദ് ഓര്‍ക്കുന്നു. ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഭൂരിഭാഗം കാശ്മീരികളും ഇന്ത്യാ വിരുദ്ധരായിക്കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അധികം വൈകാതെ തിരിച്ചറിഞ്ഞു. ജനഹിത പരിശോധന നടത്താമെന്ന കേന്ദ്ര വാഗ്ദാനം നടപ്പിലാക്കാത്തതിലുള്ള നീരസം സര്‍വ്വ വ്യാപിയായിരുന്നു.

ഫാറൂഖ് അബ്ദുല്ലയായിരുന്നു അന്ന് കാശ്മീരിലെ മുഖ്യമന്ത്രി. പ്രധാനമന്ത്രി ഇന്ദിരയുമായി സൗഹാര്‍ദത്തിലായിരുന്നില്ല അദ്ദേഹമന്ന്. പ്രഥമ കൂടിക്കാഴ്ചയില്‍ തന്നെ മുഖ്യമന്ത്രി തന്റെ സംസ്ഥാനത്തെത്തിയ ഹൈക്കോടതി ജഡ്ജിയോട് കേന്ദ്രത്തോടുള്ള തന്റെ വിയോജിപ്പുകള്‍ തുറന്നുപറഞ്ഞു. സാങ്കേതികാര്‍ത്ഥത്തില്‍ മാത്രം നിലനിന്ന ബന്ധം പിന്നീട് വ്യക്തിപരമായ അടുപ്പത്തിലേക്കു വളര്‍ന്നു. മുഖ്യമന്ത്രിയുടെ മാതാവും ഷൈഖ് അബ്ദുല്ലയുടെ വിധവയുമായിരുന്ന നൂര്‍ജഹാന്‍ ജസ്റ്റിസ് ഖാലിദിനും മാതൃ സ്ഥാനത്തെത്തി. വളരെ ഭക്തയും സാത്വികയുമായിരുന്ന ആ സ്ത്രീയെ എല്ലാവരും ‘ഉമ്മ’ എന്നാണ് വിളിച്ചിരുന്നത് എന്ന് ജസ്റ്റിസ് ഖാലിദ് സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു.

സംസ്ഥാന ഗവര്‍ണര്‍ ബി.കെ. നെഹ്‌റുവായിരുന്നു ജസ്റ്റിസ് ഖാലിദിന് കാശ്മീരില്‍ കിട്ടിയ മറ്റൊരു സൗഹൃദം. പാണ്ഡിത്യവും ധര്‍മനിഷ്ഠയും കൈമുതലാക്കിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. ഫാറൂഖ് അബ്ദുല്ലയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ അസംബ്ലി നടപടികള്‍ വഴിയല്ലാതെ തനിക്കതു ചെയ്യാനാവില്ലെന്നു ഇന്ദിരാഗാന്ധിയോടു പറയാന്‍ കെല്‍പ്പുണ്ടായിരുന്നു അദ്ദേഹത്തിന്. അമേരിക്കയിലേക്കുള്ള തന്റെ പ്രഭാഷണ പര്യടനങ്ങളിലൊന്നില്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായി സേവനമനുഷ്ഠിക്കാന്‍ ബി.കെ. നെഹ്‌റു ജസ്റ്റിസ് ഖാലിദിനെ ക്ഷണിച്ചു. രണ്ടു പേര്‍ക്കും പരസ്പരം അത്ര വിശ്വാസമായിരുന്നു. അങ്ങനെ 1984ലെ ശൈത്യകാലത്ത് 12 ദിവസങ്ങള്‍ കാശ്മീരിന്റെ ഗവര്‍ണറായിരിക്കാന്‍ ജസ്റ്റിസ് ഖാലിദിന് യോഗമുണ്ടായി.

ബി.കെ. നെഹ്‌റുവിനുശേഷം ഗവര്‍ണറായി വന്നത് ജത്‌മോഹനാണ്. കാശ്മീര്‍ പ്രതിസന്ധിയുടെ ചരിത്രമെഴുതിയ നിരവധി പത്രപ്രവര്‍ത്തകരുടെയും ഗ്രന്ഥകാരന്മാരുടെയും കണ്ണില്‍ മനുഷ്യത്വരഹിതമായ അവകാശ ലംഘനങ്ങളുടെ നടത്തിപ്പുകാരനായി ചിത്രീകരിക്കപ്പെട്ടദ്ദേഹം. തനിക്കു കാശ്മീര്‍ മതിയെന്നും കാശ്മീരികളെ വേണ്ടെന്നും ജഗ്‌മോഹന്‍ പറഞ്ഞതായി ഒരാരോപണമുണ്ട്. ഉര്‍ദുവിലാണ് ജഗ്‌മോഹന്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. ചട്ടപ്രകാരം ജസ്റ്റിസ് ഖാലിദാണ് പ്രതിജ്ഞാവാചകം പറഞ്ഞുകൊടുക്കേണ്ടത്. ‘മദ്രാസി’യായ ജസ്റ്റിസ് ഖാലിദിന് ഉര്‍ദുവിലെ ശ്രേഷ്ഠ കാവ്യാത്മകമായ വാചകങ്ങള്‍ ഭംഗിയായി ഉരുവിടാനാവില്ലെന്നാണ് അവരൊക്കെ ധരിച്ചിരുന്നത്. ജസ്റ്റിസ് ഖാലിദ് തന്റെ ശുദ്ധമായ ഉച്ചാരണ മികവുകൊണ്ട് അവരെ തിരുത്തി.
ഫാറൂഖ് അബ്ദുല്ലക്കും ജസ്റ്റിസ് ഖാലിദിനും അത്താഴ വിരുന്നൊരുക്കുകയും കൂടെയിരുന്ന് തമാശ പറയുകയും ചെയ്ത ജഗ്‌മോഹന്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഫാറൂഖ് അബ്ദുല്ലയെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടത് ഏവരെയും ഞെട്ടിച്ചു. ഇന്ദിരാഗാന്ധി ഏറെക്കാലം കാത്തിരിക്കുകയായിരുന്നു ഇതിന്.

1984ലാണ് ജസ്റ്റിസ് ഖാലിദ് കാശ്മീര്‍ സേവനം കഴിഞ്ഞ് സുപ്രീം കോടതിയിലെത്തുന്നത്. ഡോ. പി.സി. അലക്‌സാണ്ടറിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഇതിനു പിന്നിലുണ്ടായിരുന്നു. ആ വര്‍ഷം ദില്ലി
ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടന വേളയിലാണ് ജസ്റ്റിസ് ഖാലിദും ഇന്ദിരാഗാന്ധിയും ആദ്യമായി കാണുന്നത്. പലരിലൂടെയും പറഞ്ഞ് ഇരുവര്‍ക്കും പരസ്പരം നന്നായി അറിയാമായിരുന്നു. എന്നുമാത്രമല്ല, രാജന്‍ കൊലക്കേസില്‍ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിക്കുന്ന വിധി പ്രസ്താവം ജസ്റ്റിസ് പോറ്റിയോടൊപ്പം നടത്തിയ ആളെന്ന നിലക്ക് ഇന്ദിരക്ക് ജസ്റ്റിസ് ഖാലിദിനോട് നീരസമുണ്ടായിരുന്നതായി ഖാലിദ് പറഞ്ഞു കേട്ടിട്ടുമുണ്ടായിരുന്നു. ഉദ്ഘാടനത്തിനെത്തിയ ഇന്ദിരക്ക് ജസ്റ്റിസ് ഖാലിദിനെ പരിചയപ്പെടുത്തിയത് ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജിന്റെ പഴയ സെക്രട്ടറി ഹസന്‍ ഹാജിയാണ്. താന്‍ കേരള ഹൗസിലെ ഒരു മുറിയില്‍ ഏകാന്ത തടവിലാണെന്നും ഇതുവരെ വീട് അനുവദിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ഖാലിദ് ആദ്യ സംഭാഷണത്തിനിടയില്‍ പറഞ്ഞു. അതിനു ഫലമുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ മനോഹരമായ ഒരു വീട്ടിലേക്ക് ജസ്റ്റിസ് ഖാലിദ് താമസം മാറി. രണ്ടാമത്തെയും അവസാനത്തെയും കൂടിക്കാഴ്ച ഒരു ഔദ്യോഗിക വിരുന്നിനിടയിലായിരുന്നു. ജസ്റ്റിസ് ഖാലിദിന്റെ പത്‌നി റാബിയയുടെ ലാളിത്യത്തെയും സദ്‌സ്വഭാവത്തെയും പ്രശംസിക്കുവാന്‍ മറന്നില്ല അന്ന് ഇന്ദിരാഗാന്ധി.

ദില്ലിയിലെത്തി മൂന്നു മാസങ്ങള്‍ക്കകം തന്റെ ജീവിതത്തിലെ ഏറ്റവും സ്‌നേഹഭജനകമായ വാര്‍ത്ത ജസ്റ്റിസ് ഖാലിദിന്റെ ചെവിയിലെത്തി. ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. ദില്ലിയെ അനേകം അപ്രതീക്ഷിത മാനങ്ങളില്‍ പിടിച്ചുകുലുക്കിയ വന്‍ ദുരന്തമായിരുന്നു അത്. വിചാരണക്കു ശേഷം മൂന്ന് ആരോപിതരും വധശിക്ഷക്കു വിധിക്കപ്പെട്ടു. പ്രതികളുടെ പുനര്‍ ഹരജി കേള്‍ക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ബെഞ്ചില്‍ ജസ്റ്റിസ് ഖാലിദായിരുന്നു സീനിയര്‍ ജഡ്ജി. ശക്തമായ തെളിവുകളുടെ പിന്‍ബലമുള്ള ഗുരുതരമായ കുറ്റകൃത്യമായിരുന്നു ഇന്ദിരാവധം. എങ്കിലും രണ്ടാം പ്രതി കേഹര്‍ സിംഗിന്റെയും മൂന്നാം പ്രതി ബല്‍ബീര്‍ സിംഗിന്റെയും കാര്യത്തില്‍ ഹാജരാക്കപ്പെട്ട തെളിവുകള്‍ അവരുടെ അപരാധിത്വം തെളിയിക്കാന്‍ മാത്രം ശക്തമായിരുന്നില്ല. അതേതായാലും കൊലപാതകത്തിന്റെ അന്തര്‍ദേശീയ രാഷ്ട്രീയമാനം പരിഗണിച്ച് പ്രതികളുടെ പുനര്‍ഹരജി കേള്‍ക്കാന്‍ പോലും നില്‍ക്കാതെ കോടതി തള്ളിക്കളയുമെന്നായിരുന്നു ദില്ലിയിലെ വരേണ്യ ക്ലബ്ബുകളിലെ പൊതുസംസാരം. രാഷ്ട്രത്തിന്റെ മന:സാക്ഷി അതാണാവശ്യപ്പെടുന്നതെന്നവര്‍ വിശ്വസിച്ചു. ഇത്തരം ചരിത്ര സന്ദര്‍ഭങ്ങളിലാണ് ഒരു ന്യായാധിപന്റെ യഥാര്‍ത്ഥ നീതിബോധം പരീക്ഷിക്കപ്പെടുന്നത്. രാഷ്ട്രീയ വൃത്തങ്ങളുടെ അഭ്യൂഹങ്ങള്‍ക്കും പരോക്ഷവും പ്രത്യക്ഷവുമായ സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങാതെ ജസ്റ്റിസ് ഖാലിദ് കുറ്റാരോപിതരുടെ പുനര്‍ഹരജി കേട്ടു. രേഖകള്‍ തലേ ദിവസമാണ് കിട്ടിയത്. ഒരു കെട്ട് കടലാസുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ 8 മണി വരെയിരുന്നു ഞാനത് വായിച്ചു. തീര്‍ച്ചയായും ഞെട്ടിക്കുന്ന കൊലപാതകമായിരുന്നു അത്. വധശിക്ഷ ഉറപ്പുവരുത്താന്‍ മാനസികമായി ഞാന്‍ തയ്യാറെടുത്തിട്ടുമുണ്ടായിരുന്നു. ക്രിമിനല്‍ നിയമമറിയുന്ന ഒരു നിഷ്പക്ഷ ന്യായാധിപനെ സംബന്ധിച്ച്, കുറ്റാരോപിതരുടെ ഭാഗം കേള്‍ക്കുന്നതിന് പുനരവസരം നല്‍കുന്ന ഒരു സന്ദര്‍ഭം ആവശ്യമുള്ള ചില മങ്ങിയ ഭാഗങ്ങള്‍ തെളിവുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജസ്റ്റിസ് ഖാലിദ് ഓര്‍ക്കുന്നു. പക്ഷേ, ഈ തീരുമാനം ഇന്ദ്രപ്രസ്ഥത്തിലെ ഉന്നത പീഠങ്ങളിലിരിക്കുന്ന നിരവധി പേരെ അമ്പരപ്പിക്കുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്തു.

മറുവശത്ത് സ്വന്തം ന്യായാധിപ മന:സാക്ഷിയോടും രാഷ്ട്രത്തിലെ നിയമ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളോടുമുള്ള ജസ്റ്റിസ് ഖാലിദിന്റെ പ്രതിബദ്ധതയില്‍ അഗാധമായ ആദരവു തോന്നിയ മനുഷ്യരുമുണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചു പോരുമ്പോള്‍ വിടവാങ്ങല്‍ ചടങ്ങിലെ ഭക്ഷണ സല്‍ക്കാരത്തിനിടയില്‍, ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ക്രിമിനല്‍ അഭിഭാഷകരിലൊരായ അഡ്വ. രാംജത് മലാനി ജസ്റ്റിസ് ഖാലിദിന്റെ സമീപത്തുവന്ന് പറഞ്ഞു: ‘ജഡ്ജ്, സാധാരണ ഒരു ന്യായാധിപന്‍ സുപ്രീം കോടതി വിടുമ്പോള്‍ എനിക്കു വിഷമം തോന്നാറില്ല. പക്ഷേ, താങ്കള്‍ പോവുകയാണ് എന്നത് എന്നെ വിഷമിപ്പിക്കുന്നു’ ജസ്റ്റിസ് ഖാലിദ് തന്റെ വിനീതമായ പുഞ്ചിരിയോടെ ഓര്‍ക്കുന്നു. 65-ാം വയസില്‍, സുപ്രീം കോടതി ന്യായാധിപന്റെ കറപുരളാത്ത കുപ്പായം അഴിച്ചുവെച്ച് മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം ജസ്റ്റിസ് ഖാലിദ് മടങ്ങി.

”സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ നിസ്‌കരിക്കുന്ന ജഡ്ജ് ഞാനാണെന്ന് അന്നെന്നോട് ജഡ്ജു പറഞ്ഞു. തീര്‍ച്ചയായും ബഹുമാന്യരായ നിരവധി മുസ്‌ലിം ജഡ്ജുമാര്‍ എനിക്ക് മുമ്പേ ഉണ്ടായിരുന്നു. എന്റെ നിസ്‌കാരവും വെള്ളിയാഴ്ചകളിലെ ജുമുഅയില്‍ പങ്കെടുക്കലും അവിടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സംസാര വിഷയമായിരുന്നു. പിന്നീട്, നിരവധി മുസ്‌ലിം ജഡ്ജുമാര്‍ എന്റെ വഴിയേ വന്നു.” ജസ്റ്റിസ് ഖാലിദ് ഓര്‍ക്കുന്നു.

ഷാബാനു കേസും മറ്റു മുസ്‌ലിം നിയമ പ്രശ്‌നങ്ങളും

ഇന്ത്യന്‍ നീതിന്യായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ വിധിയായിരുന്നു ഷാബാനു കേസിലേത്. തീര്‍ച്ചയായും രാഷ്ട്രീയ പ്രേരിതമായിരുന്നു വിധിയോടുള്ള വൈകാരിക പ്രതികരണങ്ങള്‍. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അവകാശമുണ്ട് എന്നതായിരുന്നു വിധിയുടെ കാതല്‍. ജഡ്ജ്‌മെന്റില്‍ ചില പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ഖുര്‍ആന്‍ പ്രവാചക വചനമാണെന്നു സൂചിപ്പിക്കുകയും ഇസ്‌ലാമിനെ അപരിഷ്‌കൃത ദര്‍ശനമായി കാണുകയും ചെയ്യുന്ന ഓറിയന്റലിസ്റ്റ് ഇസ്‌ലാമോ ഫോബിയയെ അത് കൃത്യമായി പ്രതിഫലിപ്പിച്ചു. ഇബ്രാഹീം സുലൈമാന്‍ സേട്ടിനെയും ജി.എം. ബനാത് വാലയെയും പോലുള്ള മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ ജസ്റ്റിസ് ഖാലിദുമായി അക്കാലത്ത് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പല തരത്തിലാണ് സമുദായം അതിനോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് സമീപസ്ഥമായിരുന്നതുകൊണ്ട് അപകടം മണത്ത കോണ്‍ഗ്രസ്, പുതിയൊരു നിയമം തട്ടിക്കൂട്ടി മുസ്‌ലിംകളെ സമാധാനിപ്പിച്ചു.
മുസ്‌ലിം സമുദായത്തിന്റെ ആഴമേറിയ പിന്നാക്കാവസ്ഥയെ ഓര്‍ത്ത്, പ്രത്യേകിച്ച് സ്ത്രീകളോടുള്ള കുറ്റകരമായ അവഗണനയെച്ചൊല്ലി വേദനിച്ച നിരവധി സന്ദര്‍ഭങ്ങള്‍ ജസ്റ്റിസ് ഖാലിദിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായിട്ടുണ്ട്. ത്വലാഖി (വിവാഹമോചനം)നു ശേഷവും, പുനര്‍ വിവാഹം നടക്കുന്നതുവരെ, ഭര്‍ത്താവില്‍ നിന്ന് സ്ത്രീക്ക് ജീവനാംശം കിട്ടേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഖാലിദും ഒരു വിധി പ്രസ്താവത്തില്‍ എഴുതുകയുണ്ടായി. മൂന്നു ത്വലാഖ് ഒരുമിച്ചു ചൊല്ലി ബന്ധം എന്നേക്കുമായി വേര്‍പ്പെടുത്തുന്ന സമ്പ്രദായത്തെക്കുറിച്ച് ജസ്റ്റിസ് ഖാലിദ് തന്റെയൊരു വിധിയിലെഴുതിയ പ്രസിദ്ധമായ വാചകം ഇങ്ങനെയായിരുന്നു: ”മൂന്നു ത്വലാഖ് ഒരുമിച്ചുപറയുന്ന ഈ ക്രൂരതയെപ്പറ്റി എന്റെ ന്യായാധിപ മന:സാക്ഷി അസ്വസ്ഥമാക്കുന്നു. എന്നാണീ ക്രൂരതക്ക് ഒരന്ത്യമുണ്ടാവുക? സമുദായ നേതാക്കളുടെ മന:സാക്ഷി എന്നെങ്കിലും അസ്വസ്ഥമാവുമോ ഇതേച്ചൊല്ലി?”.

കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ തന്റെ വിധികളിലൊന്നിലദ്ദേഹം ഇങ്ങനെ എഴുതി: ”ഒരു മുസ്‌ലിം ഭാര്യക്ക് കോടതി മുഖാന്തിരമല്ലാതെ വിവാഹ മോചനം സാധിക്കാമോ എന്ന ചോദ്യത്തിന് പാടില്ല എന്ന ഉറച്ച ഉത്തരമാണ് എനിക്കുള്ളത്.” സ്വാഭാവികമായും പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇതിടയാക്കി. വൈകാരികതക്കപ്പുറം വിവേകവും വിചിന്തന ശേഷിയും കൊണ്ടനുഗ്രഹിക്കപ്പെട്ടിരുന്നതിനാല്‍ ജസ്റ്റിസ് ഖാലിദ് തന്റെ വിധിയില്‍ മതവീക്ഷണപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ആഴത്തിലന്വേഷിച്ചു. ”പിന്നീട്, അന്നെഴുതിയത് പൂര്‍ണമായും ശരിയായിരുന്നില്ല എന്‌നു ഞാന്‍ തിരിച്ചറിഞ്ഞു. സുപ്രീം കോടതിയില്‍ നിന്നു പിരിയും വരെ ഈ തെറ്റു തിരുത്താനുള്ള ഒരവസരത്തിനു വേണ്ടി ഞാന്‍ കാത്തിരുന്നു. പക്ഷേ, ഒരവസരം ഒത്തുവന്നില്ല. ആരെങ്കിലും അതു തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” ജസ്റ്റിസ് ഖാലിദ് പറയുന്നു.

ആഴത്തിലുള്ള വിശ്വാസം എന്നും ജസ്റ്റിസ് ഖാലിദിനുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്തോ മുസ്‌ലിം പേഴ്‌സനല്‍ ലോയോ നേരിട്ടിടപെടേണ്ടിവരുന്ന ഏതു കേസിലും ഒരു വശത്ത് ഖുര്‍ആനും മറുവശത്ത് ഇന്ത്യന്‍ നിയമ വ്യവസ്ഥയും എന്താണിതില്‍ പറയുന്നതെന്ന് അദ്ദേഹം എപ്പോഴും ബോധവനായിരുന്നു. ഖുര്‍ആനും ഇന്ത്യന്‍ നിയമ വ്യവസ്ഥയും തമ്മില്‍ പ്രായോഗികമായി വലിയ സംഘര്‍ഷങ്ങളോ വൈരുദ്ധ്യങ്ങളോ താനനുഭവിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഖാലിദ് പറയുന്നു. ”എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് നമ്മുടേത് ഒരു ഗാംഭീര ഭരണ ഘടനയാണെന്നാണ്. അതെഴുതിയ 85 ശതമാനം പേരും ഹൈന്ദവരായിരുന്നു. ഒരു ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിനെക്കുറിച്ചവര്‍ ആലോചിച്ചില്ല. അവരൊരുമിച്ച് ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കി.”

ഏകീകൃത സിവില്‍ കോഡിനോട് ജസ്റ്റിസ് ഖാലിദിന് വിയോജിപ്പാണുള്ളത്. ശരീഅത്ത് നിയമങ്ങളുമായി നേരിട്ടുള്ള സാംഘര്‍ഷത്തിന് അതിടവരുത്തുമെന്നദ്ദേഹം കരുതുന്നു. അതേസമയം, മുഹമ്മദന്‍ ലോയും ശരീഅത്ത് നിയമങ്ങളും തമ്മിലുള്ള വിടവ് ചുരുക്കാനായി മുസ്‌ലിം പേഴ്‌സനല്‍ ലോയുടെ ഒരു ക്രോഡീകരണം അനിവാര്യമാണെന്ന് ജസ്റ്റിസ് ഖാലിദ് വിചാരിക്കുന്നു. ”മുസ്‌ലിം പേഴ്‌സനല്‍ ലോയുടെ ക്രോഡീകരണം അത്യാവശ്യമാണ്. ശരീഅത്തുമായി കണിശമായും ഒത്തുപോകുന്ന വിധമാകണം അത്. ഉദാഹരണത്തിന് നമ്മുടെ വിവാഹ മോചന നിയമം പൂര്‍ണമായും മാറേണ്ടതുണ്ട്. അതിന്റെ ഇന്നത്തെ രൂപത്തില്‍, ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടിട്ടാണുള്ളത്. അനന്തരവകാശ നിയമങ്ങളുടെ കാര്യത്തിലും ഖുര്‍ആന്‍ പറയുന്നതുമായി നമ്മുടെ നിയമങ്ങള്‍ക്ക് വൈരുദ്ധ്യമുണ്ട്. നമ്മുടെ നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ കാരണങ്ങളാല്‍ ഇതില്‍ താല്‍പര്യമില്ലെന്നു തോന്നുന്നു. മുസ്‌ലിം പൊതുജനങ്ങള്‍ ഇതേപ്പറ്റി പ്രബുദ്ധരല്ല എന്നതിനാല്‍ പരിണിത ഫലങ്ങളെക്കുറിച്ച് പാര്‍ട്ടികള്‍ക്ക് പേടിയുണ്ട്. ശരീഅത്തിനെതിരായിട്ടല്ല, ശരീഅത്ത് പറയും പ്രകാരമുള്ള മാറ്റങ്ങളാണ് നമുക്ക് നടത്താനുള്ളതെന്ന കാര്യമാണ് അവര്‍ തിരിച്ചറിയാതെ പോകുന്നത്. ആത്മീയ ചൂഷണമാണിവിടെ വില്ലന്‍.” ജസ്റ്റിസ് ഖാലിദ് പറയുന്നു.

ശരീഅത്തിന്റെ ഉദ്ദേശിത ചൈതന്യത്തിന് തന്റെ നിയമ വ്യാഖ്യാനങ്ങള്‍ എപ്പോഴെങ്കിലും എതിരായിട്ടുണ്ടെങ്കില്‍ അതു തിരുത്തുന്നതില്‍ ജസ്റ്റിസ് ഖാലിദ് ഒരിക്കലും അമാന്തം കാണിച്ചിട്ടില്ല. സ്വന്തം തെറ്റു തിരുത്താനുള്ള സന്നദ്ധതയും സത്യസന്ധതയും തീര്‍ച്ചയായും മഹത്തായ ഗുണമാണ്. ജസ്റ്റിസ് ഖാലിദിനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയുന്നതാണ് ഖുര്‍ആനിനോടുള്ള അദ്ദേഹത്തിന്റെ പ്രിയം. വലിയ വായനാശീലമുള്ള ജസ്റ്റിസ് ഖാലിദിന്റെ പുസ്തക വായനാനുഭവത്തില്‍ ഖുര്‍ആനിക സാഹിത്യങ്ങളാണ് ഏറ്റവും പ്രിയപ്പെട്ട ഇനം.

ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷമുള്ള ഒരിടക്കാലത്ത് അദ്ദേഹം ഹദീസ് നിഷേധത്തിന്റെ പാതയില്‍ സഞ്ചരിച്ചിരുന്നു. ഇസ്‌ലാമിന്റെ മൂല്യ വ്യവസ്ഥക്കു പുറത്താണ് പല ഹദീസുകളും നിലകൊള്ളുന്നതെന്ന് അദ്ദേഹത്തിന്റെ യുക്തിബോധം തിരുകി. തന്റെ ധൈഷണിക വികാസങ്ങളിലെ ഒരു നിര്‍ണായക സന്ധിയായിരുന്നു ഹദീസ് നിഷേധകാലമെന്ന് ഇപ്പോള്‍ ജസ്റ്റിസ് ഖാലിദ് തിരിച്ചറിയുന്നുണ്ട്. മുസ്‌ലിം ലോകത്തു നിന്നുള്ള പരമ്പരാഗതവും അതിനവീനവുമായ ധൈഷണികാന്വേഷണങ്ങളോട് കണ്ണും മനസും എക്കാലവും തുറന്നുപിടിച്ച അദ്ദേഹം, തന്റെ വായനകള്‍ക്കും മനങ്ങള്‍ക്കുമൊടുവില്‍ ഹദീസുകളുടെ സ്വീകാര്യതയിലേക്കു തിരിച്ചെത്തി. ഹദീസുകളെ കൂടാതെ ഇസ്‌ലാം പൂര്‍ണമായും മനസിലാക്കാനാവില്ല എന്നദ്ദേഹം ഉറച്ചു പറയുന്നു ഇപ്പോള്‍.

സുപ്രീം കോടതിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം നിരവധി സര്‍ക്കാര്‍ സംരംഭങ്ങളുടെ തലപ്പത്ത് ജസ്റ്റിസ് ഖാലിദ് ഇരുന്നിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ചുള്ള റെയില്‍വേ റെയ്റ്റ്‌സ് ട്രിബൂണല്‍ (Railway Rates Tribunal), തമിഴ്‌നാട് പോലീസ് കമ്മീഷന്‍ എന്നിവ അതില്‍ പെടും. പി.എം. ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍മാനായിരുന്ന അദ്ദേഹം 1998 മുതല്‍ 2008 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

ജഡ്ജുമാരെ പൊതു സമൂഹവും രാഷ്ട്രീയ നേതൃത്വവും തികഞ്ഞ ആദരവോടെയും തെല്ലു ഭയത്തോടെയും നോക്കികണ്ടിരുന്ന ഒരു കാലത്തിന്റെ പ്രതിനിധിയാണ് ജസ്റ്റിസ് വി.ഖാലിദ്. ജഡ്ജുമാര്‍ സ്വതന്ത്രമായി അധികാര കേന്ദ്രമെളുമൊത്തിടപഴകുന്നതില്‍ ഇദ്ദേഹത്തിന് എതിര്‍പ്പുണ്ട്. സൗമ്യവും കഠിനവുമായിരുന്ന, പ്രത്യക്ഷവും പരോക്ഷവുമായിരുന്ന ഗവണ്‍മെന്റ് കോര്‍പറേറ്റ് സമ്മര്‍ദ്ധങ്ങളെ പ്രതിബദ്ധതയുടെ ആത്മബലം ഒന്നുകൊണ്ടു മാത്രം അതിജീവിച്ച നന്മയുടെ കരുത്തില്‍ ജസ്റ്റിസ് ഖാലിദും പെടുന്നു. പാവപ്പെട്ടവരോടും പണിയെടുക്കുന്നവരോടും ആഭിമുഖ്യമുള്ള, സോഷ്യലിസ്റ്റ് സാമൂഹിക ദര്‍ശനങ്ങളാല്‍ ഗുണപരമായി സ്വാധീനിക്കപ്പെട്ട ഒരു തലമുറയുടെ പ്രതിനിധി. കോര്‍പറേറ്റ് സ്വാധീനങ്ങളുടെ ദൂഷിത വലയത്തില്‍ ജീവിക്കേണ്ടിവരുന്ന പുതിയ കാലത്തെ ജഡ്ജുമാര്‍ക്ക് തീര്‍ച്ചയായും ഈ മനുഷ്യനില്‍ നിന്ന് ചിലത് പഠിക്കുവാനുണ്ട്. ജുഡീഷ്യറിയുടെ ഭാവി ധര്‍മനിഷ്ഠയും സത്യസന്ധതയുമായുള്ള ന്യായാധിപന്മാരുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് തന്റെ സ്വീകരണ മുറിയില്‍ പുസ്തകങ്ങളോടും കുടുംബക്കാരോടുമൊത്തിരുന്ന് ജസ്റ്റിസ് വി. ഖാലിദ് പറഞ്ഞു നിര്‍ത്തുന്നു.

Justice-Khalid-Sahib

Posted in: Fiction shelf

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting