കാലത്തിന്റെ ഇന്ദ്രജാലപ്രകടനങ്ങള്‍
അനേകായിരം പേര്‍ ഒന്നിച്ചണിനിരക്കുന്ന ഒപേറയാണ് എല്ലാ കലാരൂപങ്ങളും എന്ന് ഉറച്ചു വിശ്വസിക്കാനാണെനിക്കിഷ്ടം. ശാസ്ത്രത്തിന്റെ വിവിധങ്ങളായ കണ്ടുപിടിത്തങ്ങളും രാഷ്ട്രശില്പികളും അങ്ങനെ തന്നെ. ഒരു ഗാന്ധിയുണ്ടാവാന്‍ അനേകം ഗാന്ധിമാര്‍ സംഭവിച്ചസ്തമിച്ചിട്ടുണ്ട്, നിശ്ശബ്ദമായി ഒരു ഐന്‍സ്റ്റൈന്‍ ഉണ്ടാകുന്നതും മൈക്കലാഞ്ചലോ, ടോള്‍സ്റ്റോയി അങ്ങനെ എണ്ണിയാലൊടുങ്ങാത്തവരും.
മനുഷ്യരുടെ ഫാന്റസിലാണ് വ്യക്തി. പ്രകൃതിയ്ക്ക് അങ്ങനെയല്ല. കൂട്ടത്തോടെ അത് കാലത്തിലൂടെ യാത്ര ചെയ്യുന്നു. അതിന്റെ നീതി മനുഷ്യരുടേതാവണമെന്നില്ല. ചിലപ്പോള്‍ അവയുടെ വ്യത്യസ്തങ്ങളായ നേതൃത്വത്തെ കാലം തിരഞ്ഞെടുക്കുന്നു. അപൂര്‍വ്വ ജനുസ്സുകളെ അനന്തകാലത്തേക്കും. ഇന്ദിരയുടെ കാലമല്ല മഹാത്മാഗാന്ധിയുടെ കാലം. അത് അവസാനിക്കാതെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. പൗലോകൗവ്‌ലോവിന്റെ കാലമല്ല ടോള്‍സ്റ്റോയിയുടേത്.
ദേശങ്ങളുടെ യാദൃശ്ചികതയിലും കാലം യാത്ര ചെയ്യുന്നു. ഹദീസിലെ ‘ഗ്രന്ഥം ചുമക്കുന്ന കഴുത’യെപ്പറ്റി പാവം നമ്മുടെ പൂന്താനം അറിഞ്ഞിരിക്കാന്‍ യാതൊരു വഴിയുമില്ല. എങ്കിലും അതെങ്ങനെ ജ്ഞാനപ്പാനയിലെഴുതി എന്നത് എന്റെ അടങ്ങാത്ത അത്ഭുതമാണ് – ‘വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്യാനെന്നു നടിക്കുന്നു, ചിലര്‍/കുങ്കുമത്തിന്റെ വാസമറിയാതെ കുങ്കുമം ചുമക്കും പോല്‍ ഗര്‍ദ്ദഭം’ എന്ന് പൂന്താനമെങ്ങനെ ജ്ഞാനപ്പാനയിലെഴുതി? (പൂന്താനം: ജനനം പതിനാറാം നൂറ്റാണ്ടില്‍)))))00)))))
പല പ്രദേശങ്ങളിലായി ചില കാലത്തെ വിതറുന്ന പ്രകൃതി.
‘താരിഖ് അല്‍ ബാഗ്ദാദ്’ എങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ ഭാഗവതകഥയില്‍ സംഭവിക്കുന്നു? നോബല്‍ സമ്മാനാര്‍ഹനായ ലൂയി ബോര്‍ഹസിന്റെ ഒരു കഥയില്‍ സംഭവിക്കുന്നു? ഇവ പരസ്പരം കൂട്ടി മുട്ടാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല.
അവസാനനാളില്‍ പരലോകത്ത് എല്ലാ മനുഷ്യരെയും പുനരുജ്ജീവിപ്പിക്കും. ഒരു ചാണ്‍ അകലെ സൂര്യന്‍ നിലകൊള്ളും. പാപികള്‍ക്കും പുണ്യാത്മാക്കള്‍ക്കും വ്യത്യസ്ത സമയം അനുഭവപ്പെടും. ഈ ഇസ്ലാമികധ്യാപനമാണ് താരിഖ് അല്‍ ബാഗ്ദാദിലെ പേര്‍ഷ്യന്‍ ഖത്തീബിനെ അമ്പരിപ്പിച്ചത്. ഇതെങ്ങനെ സാധ്യമാകും എന്ന ചോദ്യം അയാളെ അവിശ്വാസത്തിന്റെ അറ്റം വരെ എത്തിക്കുന്നു. അദ്ദേഹം സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു: എനിക്ക് നീ ഇത് ബോധ്യപ്പെടുത്തിത്തരണമേ !
അന്നൊരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിന് ഇറച്ചിയും വാങ്ങിക്കൊടുത്ത് ഖത്തീബ് ബാഗ്ദാദ് നദിക്കരയില്‍ വസ്ത്രവുമഴിച്ചുവെച്ച് കുളിക്കാനിറങ്ങി. ഒന്നു മുങ്ങിനിവര്‍ന്നപ്പോള്‍ അദ്ദേഹം കണ്ടത് അപരിചിതമായ ഒരു കര. വസ്ത്രങ്ങള്‍ കാണാനുമില്ല. കൂടി നിന്ന ആളുകളോട് അദ്ദേഹം പറഞ്ഞു. എനിക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല, പുഴയില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ മറ്റൊരു ദേശം. കൂടി നിന്നവര്‍ അത്ഭുതം കൂറി. ഏഴു കടലിനക്കരെയുള്ള ബാഗ്ദാദില്‍ നിന്ന് നിങ്ങളെങ്ങനെ ഇവിടെയെത്തി ?
പരിഭ്രാന്തനായ ഖത്തീബിനെ ജനം ആശ്വസിപ്പിച്ചു. ഖത്തീബാണെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞു. അതു നന്നായി. ഇവിടെ ഇന്നു ഞങ്ങളുടെ പള്ളിയില്‍ നടക്കുന്ന വെള്ളിയാഴ്ച ഖുതുബ നിര്‍വ്വഹിക്കാന്‍ ഒരു ഖത്തീബില്ലാതെ പ്രയാസപ്പെട്ടിരിക്കുകയായിരുന്നു ഞങ്ങള്‍.
അങ്ങനെ അദ്ദേഹം ആ പ്രദേശത്തെ പള്ളിയില്‍ ഖതീബായി നിയമിക്കപ്പെടുന്നു, അവിടെത്തന്നെ ജീവിക്കുന്നു, വിവാഹം കഴിക്കുന്നു, കുട്ടികളുണ്ടാകുന്നു.
ഒരു ദിവസം വെളളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് മുന്നോടിയായി പുഴയില്‍ കുളിക്കാനായി ഇറങ്ങി. ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ അതേ ബാഗ്ദാദ്, നദിയുടെ കര. അതേ ഭൂപ്രകൃതി.
വിസ്മയഭരിതനായ ഖത്തീബിന് ഇതു ദൈവത്തിന്റെ അധ്യാപനമാണെന്നും തന്റെ പ്രാര്‍ത്ഥനയുടെ ഉത്തരമാണെന്നും മനസ്സിലായി. അദ്ദേഹം ഖുതുബ നിര്‍വ്വഹിക്കാനായി പള്ളിയിലേക്ക് പോയി. ഒരു നിമിഷം അനേക കാലമായി തോന്നിച്ച ദൈവത്തിന് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ പരലോകത്തെ വ്യത്യസ്ത സമയം ബോധ്യപ്പെടുകയും ചെയ്തു.
ഇനി ഭാഗവതത്തിലെ കഥ :
നാരദമഹര്‍ഷിക്കു കലശലായ സംശയം. എന്താണ് ഈ മായ ? ഒരു പിടിയും കിട്ടുന്നില്ല. ഇനി വെറുതെ പറഞ്ഞുണ്ടാക്കുന്നതാകുമോ ?
കൃഷ്ണനെ കണ്ടപ്പോള്‍ ഇക്കാര്യം ഉണര്‍ത്തിച്ചു:
ഭഗവാനേ, എന്താണ് മായ ? നീയതൊന്ന് പറഞ്ഞുതരുമോ ?
കൃഷ്ണന്‍ പറഞ്ഞു: അതിനെന്താ, പറഞ്ഞു തരാമല്ലോ.
അവര്‍ യാത്ര പിരിഞ്ഞുപോയി. നാരദന്‍ ഒരു പുഴവക്കത്തെത്തി. പെട്ടെന്ന് ആകാശമിരുണ്ടു. മഴ വന്നു. ഒരു മുക്കുവക്കുടിലില്‍ കയറി നിന്നു. ആ കുടിലിലെ സുന്ദരിയായ മുക്കുവത്തിയുമായി നാരദമഹര്‍ഷി പ്രഥമ ദൃഷ്ട്യാ പ്രണയത്തിലായി. വിവാഹം കഴിച്ച് അവിടെ തന്നെ കൂടി, ഒരു മഹര്‍ഷിയാണെന്ന വിചാരം പോലും മറന്ന്. അവര്‍ക്ക് കുഞ്ഞുണ്ടായി. ഒരു ദിവസം ഭാര്യയും കുഞ്ഞുങ്ങളും പുഴയില്‍ കുളിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് ഒരു പ്രളയമുണ്ടായി. മക്കളും ഭാര്യയും ആ പ്രളയത്തില്‍ ഒലിച്ചു പോകുന്നത് അലറി വിളിച്ചു കരഞ്ഞുകൊണ്ട് നാരദന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
അലറിക്കരയുന്ന നാരദനെ ഉണര്‍ത്തിക്കൊണ്ട് കൃഷ്ണന്‍ ചോദിച്ചു: മായയെപ്പറ്റി ഇനി വിശദീകരിക്കണോ ?
നാരദന്‍ പറഞ്ഞു :
വേണ്ട, എനിക്കെല്ലാം മനസ്സിലായി.
സ്ഥലകാലങ്ങളുടെ അട്ടിമറി കൂടിയാണ് മായയെന്നു സ്ഥാപിക്കുന്ന ഈ ഭാഗവത കഥയ്ക്കുശേഷം നമുക്ക് നേരെ ബോര്‍ഹസിന്റെ മജീഷ്യന്‍ കഥാപാത്രമായി വരുന്ന കഥയിലേക്ക് വരാം.
വളരെ പ്രശസ്തനും വന്ദ്യവയോധികനുമായ ആ മജീഷ്യനെ കാണാന്‍ അന്നൊരു അതിഥി വന്നു. സ്ഥലത്തെ പള്ളിയിലെ വികാരിയച്ചന്‍. അയാള്‍ക്കു വിചിത്രമായ ഒരാഗ്രഹം: ഈ മജീഷ്യന്റെ കീഴില്‍ മാജിക് പഠിക്കണം. ചിരകാലാഭിലാഷമാണ്. വികാരിയച്ചനെ ഒന്നു നോക്കി മാന്ത്രികന്‍ പറഞ്ഞു.
നിങ്ങള്‍ക്ക് ഞാന്‍ മാജിക് പഠിപ്പിച്ചു തരില്ല. നന്ദിയില്ലാത്തവനാണ് നിങ്ങള്‍.
അച്ചന്‍ പറഞ്ഞു:
അയ്യോ. ദയവായി എന്നെ തെറ്റിദ്ധരിക്കരുത്. എന്നെ മാജിക് പഠിപ്പിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ അങ്ങയോട് ആ ജന്മം കടപ്പെട്ടവനായിരിക്കും.
ഈ സംഭാഷണത്തിനിടക്ക് മജീഷ്യന്റെ പരിചാരകന്‍ വന്നു ചോദിക്കുന്നു:
തിത്തിരി ക്ഷിയുടെ ഇറച്ചി എന്തു ചെയ്യണം.
കുരുമുളകിട്ട് വറുത്തോളൂ.
അച്ചന്‍ പോകാതെ ഒരേ നില്‍പ്പ്
എനിക്ക് എങ്ങനെയെങ്കിലും മാജിക് പഠിപ്പിച്ചു തരണം. പ്ലീസ്
ഒടുവില്‍ മാജിക് പഠിപ്പിച്ചുകൊടുക്കുന്നു.
ഏറെത്താമസിയാതെ വികാരിയച്ചന് ബിഷപ്പായി സ്ഥാനക്കയറ്റം കിട്ടി.
നമ്മുടെ മജീഷ്യന്‍ ബിഷപ്പിനെ ചെന്നു കണ്ട് ഒരു അപേക്ഷ നടത്തി.
എന്റെ ഒരു മരുമകന് താങ്കളുടെ രൂപതയിലെ പള്ളിയില്‍ കപ്യാരായി ജോലി കൊടുത്താല്‍ ഉപകാരം. കപ്യാരുടെ ഒരൊഴിവുണ്ട്.
ബിഷപ്പ് പറഞ്ഞു:
അയ്യോ, ക്ഷമിക്കണം. ആ ഒഴിവിലേക്ക് ഞാനെന്റെ ബന്ധുവിനെ നിയമിക്കാന്‍ പോവുകയാണ്.
വൈകാതെ വികാരിയച്ചന്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. അപ്പോഴും വന്ദ്യവയോധികനായ മജീഷ്യന്‍ ഒരപേക്ഷയുമായി കാണാന്‍ പോകുന്നു. എന്നാല്‍ നിരാകരിക്കുകയാണദ്ദേഹം. ഒടുവില്‍ പോപ്പ് ആയിത്തീരുന്നു. പോപ്പ് പദവിയിലിരിക്കുന്ന പഴയ ശിഷ്യനെ കാണാന്‍ ചെന്ന മജീഷ്യനോട് അദ്ദേഹം തട്ടിക്കയറുകയാണുണ്ടായത്.
പെട്ടെന്ന് മജീഷ്യന്‍ തോളില്‍ തട്ടി അച്ചനെ ഉണര്‍ത്തി.
അച്ചന്‍ അവിടെത്തന്നെ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ മോഹനിദ്രയുടെ പിടിയില്‍.
ഉടന്‍ മജീഷ്യന്‍ പറഞ്ഞു:
അതാണ് പറഞ്ഞത് നിങ്ങള്‍ നന്ദിയില്ലാത്തവനാണെന്ന്, ഞാന്‍ മാജിക്ക് പഠിപ്പിച്ചു തരിലില്ലെന്നും.
വികാരിയച്ചന്‍ ഇളിഭ്യനായി നില്‍ക്കേ പരിചാരകന്‍ തിത്തിരിപ്പക്ഷിയുടെ വറുത്ത ഇറച്ചി മജീഷ്യന്റെ മുന്നില്‍ കൊണ്ടുവെച്ചു. യാതൊരു ഭാവഭേദവുമില്ലാതെ മാന്ത്രികന്‍ അതു കഴിക്കാന്‍ തുടങ്ങുകയും നിരാശയോടെ പുരോഹിതന്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
മേല്‍പ്പറഞ്ഞ മൂന്നു കഥയും ഓര്‍മ്മയില്‍ നിന്നെടുത്തെഴുതുകയാണെങ്കിലും ഇതിലെ കാലത്തിന് യാതൊരു മാറ്റവുമില്ല. മൂന്നു കഥയും സൂക്ഷിച്ചു നോക്കിയാല്‍, അതിന്റെ കേന്ദ്രബിന്ദുവില്‍ ഒരൊറ്റ കഥയാണ്. ഒരേ കാലത്തിന്റെ വ്യത്യസ്താനുഭവങ്ങള്‍ എന്നത് കാലത്തിന്റെ ഐന്ദികാനുഭവമാണെന്ന് ബോര്‍ഹസ് ശക്തമായി സ്വനിപ്പിക്കുന്നു.
മേല്‍പ്പറഞ്ഞ മൂന്നു കഥകളും ലോകാവസാനം വരേക്കുമുള്ളതാണ്. കാരണം, കാലത്തിന്റെ അനിശ്ചിതത്വങ്ങളും യാദൃശ്ചികതകളും ലോകാവസാനും വരേക്കും നിലനില്‍ക്കും. ഈ ഘടന നല്‍കുന്ന ശക്തി കൊണ്ടാണ് പ്രകൃതി മുന്നോട്ട് പോകുന്നതു തന്നെ.
നല്ല കൃതികള്‍ പുതിയ കാലത്തിലൂടെ വേഷപ്രച്ഛന്നമായി സഞ്ചരിക്കുകയും ചെയ്യുന്നു.
Connect
Connect with us on the following social media platforms.