banner ad
September 14, 2013 By അജയ് പി. മങ്ങാട്ട് 0 Comments

അടഞ്ഞ ഗ്രന്ഥശാലകള്‍ തുറക്കുന്നതെങ്ങനെ

hamburg-libraryസാധാരണനിലയില്‍ സാഹിത്യവായന ഒരു ശീലമായി ചെറുപ്പം മുതലേ കൂട്ടുവരാറുണ്ട്. ചിലര്‍ വളരെ ചെറുപ്പത്തിലേ, സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കഥകളും കവിതകളും ശീലമാക്കുന്നു. കണ്ടാലറിയാം, അവരുടെ ശരീരഭാഷ പോലും വേറെയാണ്. ഇങ്ങനെയുള്ള ഒരു സംഘം കുട്ടികള്‍ക്കിടയില്‍ ഇരുന്ന ഒരു സന്ദര്‍ഭത്തില്‍ ആദ്യത്തെ ഇഷ്ടപുസ്തകത്തെപ്പറ്റി പറയാന്‍ അവര്‍ ആവശ്യപ്പെടുകയുണ്ടായി. ആദ്യ ഇഷ്ടപുസ്തകം, ആദ്യാനുരാഗം പോലെ എത്ര കഴിഞ്ഞാലും അതേരൂപത്തില്‍, അതേ ഉല്‍സാഹത്തോടെ നിലനില്‍ക്കേണ്ടതാണ്. എന്നാല്‍ ചിലപ്പോള്‍ പ്രധാനപ്പെട്ട മറ്റു പലതും മറക്കുന്ന പോലെ നാം ആദ്യാനുരാഗം മാത്രമല്ല, അതിനുശേഷമുള്ള അനുരാഗങ്ങളും മറക്കും. അതുകൊണ്ട് ആ പുസ്തകം ഓര്‍ത്തെടുക്കുക പ്രയാസമാണ്. ആദ്യഇഷ്ടം ആകാന്‍ കൊള്ളാവുന്ന ഒരു പുസ്തകത്തെപ്പറ്റി -പഞ്ചതന്ത്രത്തെപ്പറ്റിയാണു ഞാന്‍ അന്ന് അവരോടു സംസാരിച്ചത്. കുട്ടിയായിരിക്കെ ആദ്യവും മുതിര്‍ന്നാല്‍ പലവട്ടവും വായിക്കേണ്ട ഒരു കൃതിയാണത്. ജീവിതത്തില്‍ ഒരിക്കല്‍ നിങ്ങളെ അടുത്ത ചങ്ങാതി വഞ്ചിച്ചേക്കാം. നിങ്ങളെ ആരെങ്കിലും ഒറ്റിയേക്കാം.നിഷ്‌ക്കളങ്കതയാല്‍ നിങ്ങള്‍ പരാജിതനായേക്കാം. നല്ല ജീവിതം വരാന്‍ നല്ലവനോ സത്യസന്ധനോ ആയിരുന്നിട്ടു മാത്രം കാര്യമില്ല. വിവേകവും ബുദ്ധിയും വേണ്ട അളവില്‍ പ്രയോഗിക്കേണ്ടതുണ്ട്. ഇതാണു പഞ്ചതന്ത്രം. നന്മ കൊണ്ടു മാത്രം വിജയം കൈവരിക്കാനാവില്ലെന്ന പഞ്ചതന്ത്രപാഠം രാഷ്ട്രതന്ത്രം കൂടിയാണ്. പഞ്ചതന്ത്രത്തിന്റെ പശ്ചാത്തലവും അതാണല്ലോ. ബുദ്ധികെട്ട ചെറുപ്പക്കാര്‍ക്കു ബുദ്ധിയും വിവേകവും ഉണ്ടാക്കി അവരെ ഭരണത്തിന്, അധികാരത്തിന്‌ പ്രാപ്തരാക്കുകയാണ് ആ കഥകള്‍ ചെയ്യുന്നത്. ഇത് വളരെ സങ്കീര്‍ണമായ ഒരു രീതിയാണ്. മനുഷ്യര്‍ കുറഞ്ഞും മൃഗങ്ങള്‍ ഏറിയും കഥാപാത്രങ്ങളായ ലോകം. മൃഗങ്ങളുടെ ലോകമാണു മനുഷ്യരുടെ പാഠശാല. ജോര്‍ജ് ഓര്‍വെലിന്റെ ‘ആനിമല്‍ ഫാം’ പിന്നീടു വായിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ പഞ്ചതന്ത്രത്തെ മറ്റൊരു രീതിയില്‍ ഓര്‍ക്കാതിരിക്കില്ല.

അഭിരുചിയുള്ള കുട്ടികള്‍ക്കു വായിക്കാന്‍ എന്തെല്ലാം കൊടുക്കാം എന്ന സംശയം പലപ്പോഴും വരാറുണ്ട്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടിക തയാറാക്കാന്‍ സഹായിക്കണമെന്ന് ഉല്‍സാഹിയായ ഒരു സ്‌കൂള്‍ അധ്യാപകന്‍ ഒരിക്കല്‍ എന്നോട് അഭ്യര്‍ഥിക്കുകയുണ്ടായി. വാസ്തവത്തില്‍ ഇതൊരു വിഷമപ്രശ്‌നമാണ്. പുസ്തകത്തിനു കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ല.  ചെറുതായിരിക്കുമ്പോള്‍ നാം വായിക്കുന്ന കൃതികള്‍ വലുതാകുമ്പോള്‍ വായിച്ചാല്‍ അതു മറ്റൊന്നായി തീര്‍ന്നിട്ടുണ്ടെന്നു കാണാം. ചില പുസ്തകങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും മനസിലാകില്ല. മുന്‍പു വായിച്ചവ പിന്നീടു വായിക്കാന്‍ കൊള്ളാവുന്നവ ആകണമെന്നില്ല. (മാക്‌സിം ഗോര്‍ക്കിയുടെ നോവല്‍ ‘അമ്മ’ എത്ര ഗംഭീരമായിരുന്നു അന്നൊക്കെ. ഇപ്പോള്‍ ആ പുസ്തകം ഞാന്‍ ഒരാള്‍ക്കും നിര്‍ദേശിക്കില്ല). അതിനാല്‍, വലിയ സങ്കോചമില്ലാതെ ചെയ്യാവുന്നത് ഓരോ ഭാഷയിലെയും ചില മൗലിക രചനകളെ തിരഞ്ഞെടുക്കുകയാണ്. ക്ലാസിക്കുകളെ ആസ്വദിക്കുന്ന രീതിക്കു മാറ്റം വന്നാലും അവയ്ക്കു താഴേക്കു പോകാനാവില്ല.
നാം പറയുന്ന പുസ്തകം വായിച്ചിട്ട് ഒരാള്‍ വായന മടുത്ത് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകാനും പാടില്ലല്ലോ. തെറ്റായ സന്ദര്‍ഭത്തില്‍ വായിക്കപ്പെടുന്ന പുസ്തകം വലിയ അനിഷ്ടമോ ഈര്‍ഷ്യയോ ഉണ്ടാക്കും. ചില പുസ്തകങ്ങള്‍ വായനയുടെ തുടക്കത്തിന് ഒട്ടും യോജിച്ചതല്ല. ഉദാഹരണത്തിന്, ബഷീറിന്റെ മറ്റൊരു കൃതിയും വായിക്കാതെ ഒരാള്‍ ഓര്‍മയുടെ അറകള്‍ ആദ്യം വായിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ചെറുതായിരിക്കില്ല. മാധവിക്കുട്ടിയുടെ കാര്യത്തിലും ഇതു സത്യമാണ്. അവര്‍ അവസാന 10 വര്‍ഷത്തിനിടെ എഴുതിയവ ഒരാള്‍ ആദ്യം വായിച്ചാല്‍ മാധവിക്കുട്ടിയെ ശരിക്കും ഗ്രഹിക്കാനാവില്ല. ഇത്തരത്തില്‍, ഗൗരവ വായനയ്ക്ക് ഒരു ക്രമം നല്ലതാണെന്നാണു ഞാന്‍ വിചാരിക്കുന്നത്. ഒ.വി. വിജയനെ വായിക്കുമ്പോഴും ഇതേ പ്രശ്‌നം വരാം. ‘മധുരം ഗായതി’ പോലെയുളള ഒരു പുസ്തകം വായനയില്‍ തുടക്കക്കാരനായ ഒരാളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം.  പുസ്തകങ്ങള്‍ വായിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ എഴുത്തുകാരനെയും സാമൂഹികസാഹചര്യത്തെയും കൂടി പരിഗണിക്കേണ്ടതുണ്ട്. അപ്പോഴാണു വായന സമഗ്രമാകുക. ഇതൊരു സിദ്ധാന്തമായിട്ടു പറയുകയല്ല. എന്റെ അനുഭവത്തില്‍നിന്ന് എനിക്കു തോന്നിയതാണ്. എന്റെ തന്നെ വലിയൊരു പോരായ്മ വായനയില്‍ ഒരു അച്ചടക്കമോ ക്രമമോ പാലിക്കാന്‍ ചെറുപ്പത്തില്‍ സാധിക്കാതെ പോയെന്നതാണ്. കുട്ടിക്കാലത്തു കൃത്യതയോടെ ഒന്നും വായിച്ചിട്ടില്ല. ഇതാ ഇതു വായിക്കൂ എന്നു പറഞ്ഞ് പുസ്തകം തരാന്‍ ഒരാളുണ്ടായിരുന്നില്ല. നല്ല വായനക്കാരുമായി ചങ്ങാത്തം കൂടാനൊന്നും അവസരം കിട്ടിയില്ല. ഞങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളില്‍ ഗ്രന്ഥശാല ഉണ്ടായിരുന്നില്ല. നാട്ടിലാണെങ്കില്‍ കെ.എസ്.ഇ.ബി. ജീവനക്കാരുടെ റിക്രീയേഷന്‍ ക്ലബിനോടു ചേര്‍ന്നു ഭേദപ്പെട്ട ഒരു ഗ്രന്ഥശാല ഉണ്ടായിരുന്നുവെങ്കിലും അവിടെ പ്രവേശനം കിട്ടിയതു ഞാന്‍ കോളജില്‍ പഠിക്കുമ്പോഴാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജനപ്രിയ വാരികകളും പുരാണചിത്രകഥകളും കുറേ ഡിറ്റക്ടീവ് നോവലുകളും മാത്രമാണു വായിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഞാന്‍ പട്ടിക തയാറാക്കിയപ്പോള്‍, അവയിലേറെയും ഞാന്‍ മുതിര്‍ന്നശേഷമാണു വായിച്ചതെന്ന കാര്യം എന്നെ കുറേനേരം പലതരം വിചാരത്തിലാഴ്ത്തി. നല്ല സ്‌കൂള്‍, നല്ല അധ്യാപകര്‍, നല്ല കൂട്ടുകാര്‍ എന്നെല്ലാം പറയും പോലെ, നല്ല പുസ്തകങ്ങളുമായുള്ള ചെറുപ്പത്തിലെ സമ്പര്‍ക്കവും ഗുണകരവും ആഹഌദകരവുമാണ്. നല്ല വായനയുടെ നാളുകള്‍ മഹാഭാഗ്യം തന്നെയാണ്.

ഞാന്‍ പഠിച്ച സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നുവെന്നും എന്നാലത് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും സ്‌കൂള്‍ കാലം കഴിഞ്ഞ ശേഷമാണ് ഞാന്‍ അറിഞ്ഞത്. സ്‌കൂളിലെ ഒരു അധ്യാപകന്‍, ഞാന്‍ ബിരുദത്തിനു പഠിക്കുന്ന കാലത്ത് ആ അടഞ്ഞ ഗ്രന്ഥശാല എനിക്കു തുറന്നുതരികയുണ്ടായി. തിരഞ്ഞുനോക്കൂ, കൊള്ളാവുന്ന വല്ലതുമുണ്ടെങ്കില്‍ എടുക്കാമല്ലോ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ മുറിയുടെ ഇരുട്ടിലേക്ക് ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. ആ മുറിയില്‍ വൈദ്യുതി വിളക്കുണ്ടായിരുന്നില്ല. അവിടെ ഇരിക്കാന്‍ കസേര പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു വലിയ അലമാരകളിലായി നിറയെ പുസ്തകങ്ങള്‍ പൂട്ടി വച്ചിരുന്നു. തറയിലും അങ്ങിങ്ങായി പുസ്തകങ്ങള്‍ കൂടിക്കിടന്നു. പൊടി മണത്തതിനാല്‍ എനിക്കു മനംമറിഞ്ഞു. ഞാന്‍ അവിടെ പഠിച്ച വര്‍ഷങ്ങളിലൊക്കെയും ആ മുറിയുടെ ഇരുട്ടില്‍ പുസ്തകങ്ങള്‍ മറഞ്ഞിരിക്കുകയായിരുന്നു.

പള്ളിക്കൂടത്തില്‍ നിങ്ങള്‍ കുട്ടികള്‍ക്ക് എന്തെല്ലാം കൊടുക്കും എന്നതു പ്രധാനകാര്യം തന്നെയാണ്. ഒരാളെ നല്ല വായനക്കാരനാക്കുന്ന സ്ഥലം അതാണ്. അച്ചടിയും വിതരണവും താരതമ്യേന പരിമിതമായ നാളുകളില്‍പ്പോലും നല്ല ഗ്രന്ഥശാലകള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അവയില്‍ ചിലതെല്ലാം ജീര്‍ണിച്ചുപോയെങ്കിലും പുസ്തകങ്ങളോടു സൗമ്യത കാത്തുസൂക്ഷിക്കുന്ന മനുഷ്യര്‍ ഇപ്പൊഴും എല്ലാം നാട്ടിലുമുണ്ടാകും. എന്റെ നാട്ടിലെ കെ.എസ്.ഇ.ബി ഗ്രന്ഥശാലയില്‍ ആയിരക്കണക്കിനു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള നല്ല പുസ്തകങ്ങള്‍ നൂറുകണക്കിന് ശേഖരിച്ചു വച്ച ആ ഗ്രന്ഥശാലയും പിന്നീട് വായനക്കാരോ നടത്തിപ്പുകാരോ ഇല്ലാതെ അടച്ചിടുകയായിരുന്നു. അവിടെ നിന്നാണ് ഞാന്‍ പുഷ്‌കിന്റെ ‘എ ക്യാപ്റ്റന്‍സ് ഡോട്ടര്‍’ എടുത്തത്. ടോള്‍സ്‌റ്റോയിയുടെ കുട്ടികള്‍ക്കുള്ള കഥകള്‍ എന്ന പേരില്‍ നന്നായി ഇലസ്‌ട്രേറ്റ് ചെയ്ത ഒരു റാഗുദ പുസ്തകവും. അവിടെയാണു ഞാന്‍ വാള്‍ട്ട് വിറ്റ്മാന്റെ ‘ലീവ്‌സ് ഓഫ് ഗ്രാസ്’ ആദ്യം കണ്ടത്. ആ വായനയില്‍ എനിക്ക് വിറ്റ്മാന്‍ ഒന്നും മനസിലായില്ലെങ്കിലും.

എനിക്കാദ്യം സ്വന്തമായി കിട്ടിയ നോവല്‍ പി. പത്മരാജന്റെ പെരുവഴിയമ്പലം ആണ്. നാട്ടിലെ ഒരു മുതിര്‍ന്ന സുഹൃത്ത് എനിക്കു സമ്മാനമായി തന്നതാണ്. തന്നെക്കാള്‍ ബലം കൂടിയ ഒരുത്തനെ കുത്തിമലര്‍ത്തിയശേഷം ഓടിവരുന്ന ആ ഇത്തിരിപ്പോന്നവനോട് എത്ര കുത്തു കുത്തി  എന്ന ചോദ്യം അവന് അഭയം കൊടുക്കുന്ന സ്ത്രീയോ മറ്റോ ചോദിക്കുന്നുണ്ട്. അതൊരു ഉള്‍ക്കിടിലമായിരുന്നു. എന്റെ പിതാവിന്റെ സഹോദരനാണ് എനിക്ക് ഖസാക്കിന്റെ ഇതിഹാസം തന്നത്. എന്‍.ബി.എസ് പുറത്തിറക്കിയ ആ പതിപ്പാണ് ഇപ്പോഴും എന്റെ കയ്യിലുള്ളത്. അന്ന് വില കൊടുത്തു വാങ്ങിയ ആള്‍ അതു വായിച്ചില്ല. ആദ്യം വായിച്ചപ്പോള്‍ എനിക്കാകട്ടെ ശരിക്കു ദഹിച്ചതുമില്ല.

ഇത്തരം ദഹനക്കേട് ചില ശീലക്കേടുകളുടേതുകൂടിയാണ്. അത് ഏതു പ്രായത്തിലും സംഭവിക്കാം. ചിലപ്പോള്‍ ചിലര്‍ക്കു ബോര്‍ഹെസ് വായിച്ചാല്‍ ദഹിക്കണമെന്നില്ല. എനിക്കാണെങ്കില്‍ വി.കെ.എന്‍ ഒരിക്കലും ഇഷ്ടമായിട്ടില്ല. ഇഷ്ടം ഉണ്ടാക്കാന്‍ ഞാന്‍ കനപ്പെട്ടു ശ്രമിച്ചിട്ടുണ്ട്. പരാജയം തന്നെ എന്നും. സാഹിത്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍, സാഹിത്യത്തിലുടെ സഞ്ചരിച്ചുതുടങ്ങുമ്പോള്‍ ചിലപ്പോള്‍ ചില ശീലക്കേടുകളില്‍, വഴിമുട്ടലുകളില്‍ നാം പെട്ടുപോകും. ഇതു ചെറുപ്പത്തിലേ നമ്മുടെ കൂടെ വരുന്നതാകാം. നമ്മുടെ അഭിരുചികളെ രൂപപ്പെടുത്തുന്നതില്‍ നാം ചെറുപ്പത്തില്‍ വായിക്കുന്ന പുസ്തകങ്ങള്‍ നിര്‍ണായകം തന്നെയാണ്. പിന്നീടു നാമെത്ര മാറിയാലും വായനയുടെ അടിത്തറ ഇളക്കിക്കളയാനാവില്ല. ആദ്യമാദ്യം കൊണ്ടുനടന്നു വായിച്ച എല്ലാ പുസ്തകങ്ങളും നമ്മുടെ ഭാവുകത്വരുപീകരണത്തില്‍ മൗലിക സ്വാധീനതയായി  ത്തീരും. ഉദാഹരണം പറഞ്ഞാല്‍, എണ്‍പതുകളില്‍ വായന തുടങ്ങിയവരിലേറെയും വായിച്ചതു ഗദ്യകവിതകളായിരുന്നു. സച്ചിദാനന്ദനും കൂട്ടരും വിവര്‍ത്തനം ചെയ്ത നെരൂദയുടേതടക്കമുളള കവിതകള്‍ ഗംഭീരമായ ഭാവുകത്വരൂപീകരണമാണു നടത്തിയത്. ഈ ഗദ്യപരിഭാഷകളുടെ രൂപവും ഭാഷയുമാണ് എണ്‍പതുകള്‍ക്കുശേഷം സംഭവിച്ച കവിതകള്‍ക്ക് അടിത്തറയായത്. പരിഭാഷകളുടെ ഭാഷയാണ് കാവ്യഭാഷയെന്ന് പലരും തെറ്റിദ്ധരിച്ചു. ഇക്കാരണത്താലാണ് ചിലരെങ്കിലും തങ്ങള്‍ ഗദ്യത്തില്‍നിന്നാണു കവിതയിലേക്കു പോയത് എന്ന് പിന്നീട് ആലോചിച്ചു പറഞ്ഞത്. ഗദ്യത്തിലായാലും പദ്യത്തിലായാലും നല്ല സാഹിത്യശിക്ഷണം ലഭിക്കുന്നില്ലെങ്കില്‍ വായന സ്ഥൂലമായിത്തീര്‍ന്നേക്കാം. ഇത്തരം സ്ഥൂലത സാഹിത്യാഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുമ്പോഴാണ് അത്രയ്‌ക്കൊന്നും പോരാത്ത  രചനയും ഗംഭീരമെന്ന വിശേഷണത്തോടെ പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനെതിരായ സാംസ്‌കാരികശക്തി നേടിയ വായനക്കാര്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. ഭാഷ നന്നായി പഠിച്ച, നല്ല പുസ്തകത്തെ ദൂരെനിന്നേ തിരിച്ചറിയാന്‍ ശീലിച്ച ചെറുപ്പക്കാര്‍ കയറിവരുമ്പോള്‍ ബലംകുറഞ്ഞ പുസ്തകം താനേ വഴിമാറിക്കൊള്ളും.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting