banner ad
September 14, 2013 By ജമാല്‍ കൊച്ചങ്ങാടി 0 Comments

ആയുസ്സിന്റെ ഖജാന

853558_95cc_1024x2000-176x300ആയുസിന്റെ നീളം കൂട്ടുന്ന ജീന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ആയുസ്സിന്റെ ഗ്രീക്ക് ദേവതയായ ക്ലോത്തോയുടെ പേരാണിതിനിട്ടിരിക്കുന്നത്. ക്ലോത്തോ മനുഷ്യ ജീവിതമാകുന്ന നൂല്‍ ചര്‍ക്കയില്‍ കോര്‍ത്തുകൊണ്ടേയിരിക്കുകയാണ്. അട്രാപ്പോസ് എന്ന മറ്റൊരു ദേവത കത്രിക കൊണ്ട് നൂല്‍ മുറിക്കുമ്പോഴാണ് ഓരോ മനുഷ്യരും മരിക്കുന്നതെന്ന യവന സങ്കല്‍പം കാവ്യാത്മകമാണ്. ഏതായാലും ഇതോടെ വാര്‍ധക്യത്തെ തടഞ്ഞു നിര്‍ത്തി, ആയുസ്സും ആരോഗ്യവും മെച്ചപ്പെടുത്താമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കു കൂട്ടല്‍.  ഒരാളുടെ ആയുര്‍ദൈര്‍ഘ്യം 150 വയസ്സുവരെ നീട്ടിക്കൊണ്ടു പോകാന്‍ കഴിയുമെന്ന് വരെ ചില ജനിതക ശാസ്ത്രജ്ഞന്‍മാര്‍ – പ്രത്യാശിക്കുന്നു. അത്രയും നല്ലത്.
സര്‍വലോക വൃദ്ധന്‍മാരെ സന്തോഷിക്കുക !

പക്ഷേ, പണ്ടൊരു പുരാണ കഥാപാത്രം മരണമില്ലാ വരം ചോദിച്ചു കുടുങ്ങിയതുപോലെ ആധുനിക മനുഷ്യനും കുടുങ്ങുമോ എന്നറിഞ്ഞുകൂടാ. അറുതിയില്ലാത്ത ആയുസ്സുമായി മരിക്കാനും കഴിയാതെ ചുളുങ്ങി ചുരുങ്ങി ആ ജീവിത കാമുകന്‍ ഒന്നു മരിച്ചാല്‍ മതിയെന്ന് പറയുന്നിടത്തോളമെത്തിയില്ലേ കാര്യങ്ങള്‍ ? സ്വന്തം മകനോട് യൗവ്വനം ഇരവുവാങ്ങിയ യാതിയുടെയും അനന്തമായ ജീവിതത്തോട് തുലനം ചെയ്യുമ്പോള്‍ ദീര്‍ഘായുസ്സ് എത്ര തുച്ഛമെന്ന് കാലനോട് തര്‍ക്കിച്ച നചികേതസ്സും എന്നുമെന്നും പതിനാറു വയസ്സായി ചിരംജീവിയായി കഴിയാന്‍ വരം ലഭിച്ച മാര്‍ക്കണ്‌ഡേയനുമെല്ലാം മരണമില്ലായ്മ എന്ന മനുഷ്യന്റെ നിതാന്തമായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്ന പുരാണ കഥാപാത്രങ്ങളാണല്ലോ. പുരാതന മനുഷ്യന്‍ ഇരുന്നൂറും, മുന്നൂറും വര്‍ഷങ്ങള്‍ വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു.  പഴയ നിയമത്തിലെ മെഥസൂല തൊള്ളായിരത്തിയറുപത്തിയൊമ്പത് വര്‍ഷമാണ് ജീവിച്ചിരുന്നതത്രെ.  അതേ സമയം ഹൃസ്വായുസ്സായ ജീവികളുടെ വംശമാണ് ഏറെ കാലം ഭൂമിയില്‍ ജീവിക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഭീമാകാരമുള്ള ദിനോസറുകള്‍ കൂട്ടത്തോടെ ചത്തു മണ്ണടിഞ്ഞിട്ടും അവക്കു മുമ്പെയുണ്ടായിരുന്ന പാറ്റയും എട്ടുകാലിയും അനേകായിരം വര്‍ഷങ്ങളെ അതിജീവിച്ച് ഇന്നും നമ്മുടെ മച്ചിലും മുറികളിലും പാപങ്ങളെ അതിജീവിച്ച് പാഞ്ഞു നടക്കുന്നു. മൂന്നോ നാലോ ബില്യന്‍ പ്രായമുള്ള ഭൂമിയില്‍ മനുഷ്യന്‍ എന്ന പ്രതിഭാസം ആവിര്‍ഭവിച്ചിട്ട് ഒരു ലക്ഷം വയസ്സുമാത്രമേ ആയിട്ടുള്ളൂ എന്നാണല്ലോ നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഹ്യൂമന്‍ ജിനോം പ്രൊജക്ടിന്റെ വരവോടെയാണ് വാര്‍ധക്യത്തെയും മരണത്തെയും തോല്‍പ്പിക്കുവാനുള്ള മനുഷ്യന്റെ ആശ കൂടുതല്‍ ശക്തമായത്. ഏതാനും വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ക്ലിന്റനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്ലെയറും നടത്തിയ പ്രഖ്യാപനത്തിലാണല്ലോ മനുഷ്യജിനോമിന്റെ കരടു രൂപം വികസിപ്പിച്ചെടുത്തതായി അവകാശവാദമുണ്ടായത്. മുന്നൂറ്റിയമ്പതു കോടി അക്ഷരങ്ങളുള്ള മഹാഗ്രന്ഥമാണിത്. അണു വികിരണമേറ്റാലും തകരാറില്ലാത്ത ശക്തരായ ആരോഗ്യദൃഢരായ, എന്‍സ്റ്റയിന്റെ ബുദ്ധിശക്തിയും ഷേക്‌സ്പിയറുടെ സര്‍ഗ്ഗാത്മകതയും സമ്മേളിക്കുന്ന അതിമാനുഷരുടെ സൃഷ്ടിയെക്കുറിച്ചുള്ള അഹങ്കാരം കലര്‍ന്ന പ്രഖ്യാപനങ്ങള്‍. വാര്‍ധക്യകാരണങ്ങളെക്കുറിച്ച് പഠിക്കുന്ന ജെറാണ്ടോളജി, മരണത്തിന്റെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന താനറ്റോളജി, ശാസ്ത്രം വളരുകയാണ്. ഡോളിയില്‍ ആരംഭിച്ച ക്ലോണിംഗ് മനുഷ്യനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്തിന്‌ ജീവന്‍പോലും പരീക്ഷണശാലയില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ലണ്ടനില്‍ ജീനോം പ്രൊജക്ടില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഒരു ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ വ്യക്തിപരമായ സംഭാഷണത്തില്‍ പറഞ്ഞതോര്‍മ്മിക്കുന്നു. മരണത്തിന്റെ ജീന്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുകയാണ്. ഉടനെ അത് യാഥാര്‍ത്ഥ്യമാകും.
ഞാന്‍ മനസ്സില്‍ പറഞ്ഞു. അതു കൂടി കണ്ടെത്തിയാല്‍ കാലന്റെ/ അസ്‌റായീലിന്റെ പണി പോയതു തന്നെ.

ജീനുകളാണ് മനുഷ്യന്റെ രൂപഭാവങ്ങള്‍ നിര്‍ണയിക്കുന്നത്. ക്രോമസോമുകളുടെ തന്മാത്രാ ശകലങ്ങളാണ് ഇവ. ക്രോമസോമിന്റെ അഗ്രത്തുള്ള ടെലോമറുകളുടെ ആയുസ്സ്, കോശവിഭജനങ്ങളുടെ ഫലമായി കുറയുന്നതാണ് വാര്‍ധക്യത്തിലേക്ക് നയിക്കുന്നത്. ഒടുവില്‍ കോശവിഭജനം തന്നെ നില്‍ക്കാന്‍ ഇത് കാരണമാകുന്നു. അപ്പോള്‍ എല്ലുകളുടെ പേശികളും ദുര്‍ബലമാകുന്നു. ശുദ്ധരക്തമോടുന്ന ധമനികള്‍ അടഞ്ഞുപോകുന്നു.  ക്ലോത്തോ ജീനിനുണ്ടാകുന്ന വൈകല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ആയുസ്സ് നീട്ടിക്കൊണ്ടുപോകാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പക്ഷേ, എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ആയുസ്സ് നീളുമ്പോള്‍ പ്രമേഹം വരാനും പ്രത്യുല്‍പാദന ശക്തി കുറയാനും സാധ്യതയുണ്ട്. ഹോര്‍മോണ്‍ചികിത്സ വഴി വാര്‍ധക്യത്തെ അതിജീവിക്കാമെന്ന് കരുതുന്നവരാണ് ജനിതകശാസ്ത്രജ്ഞന്മാര്‍, പക്ഷേ, ഹോര്‍മോണുകളുടെ ദീര്‍ഘകാല ഉപയോഗം പേശികളെയും മറ്റും ദുര്‍ബലമാക്കുമെന്ന് പറയപ്പെടുന്നു.

മരണ ജീന്‍ കണ്ടെത്തുന്നതും കാത്ത് നൂറു കണക്കിന് ശവങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും ടാങ്കുകളില്‍ കിടക്കുകയാണ്. മസ്തിഷ്‌കകോശങ്ങള്‍ ക്ഷയിക്കും മുമ്പ് നിശ്ചിത ഊഷ്മാവില്‍ കിടക്കുന്ന ഈ ശവങ്ങള്‍, ശാസ്ത്രജ്ഞന്‍മാര്‍ കണ്ടുപിടിക്കേണ്ട താമസം, ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറയപ്പെടുന്നു. ഇസ്‌ലാമിക സങ്കല്‍പമനുസരിച്ച് മരണമടഞ്ഞ മനുഷ്യന്‍ ബര്‍സഖില്‍ പുനരുത്ഥാന കാഹളത്തിന് കാതോര്‍ത്ത് കിടക്കുംപോലെയാണിത്. പക്ഷേ, ഈ ലോകത്തില്‍ തന്നെ പുനര്‍ജന്മം കിട്ടുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അവകാശവാദം.  നല്ല കാര്യമല്ലേ ഇത് ? നിങ്ങള്‍ക്ക് മരിച്ച്, ഇഹലോത്തില്‍ തന്നെ പുനര്‍ജനിക്കണമെന്നുണ്ടോ? അമേരിക്കയിലെ ഏതെങ്കിലുമൊരു ക്രയോണിക്‌സ് ക്ലിനിക്കില്‍ ഇപ്പോഴേ പേര്‍ രജിസ്റ്റര്‍ ചെയ്യുക. എന്നിട്ട് സുഖസുന്ദരമായി മരിക്കുക. വെറും അരക്കോടി രൂപ മാത്രം ചെലവ് !

ബയോ ടെക്‌നോളജിയും ഇന്‍ഫോ ടെക്‌നോളജിയും കൈ പിടിച്ച് പുരോഗതിയുടെ പര്‍വത ശിഖരങ്ങളിലേക്ക് ഓടിക്കയറിക്കൊണ്ടിരിക്കുകയാണ്. ഡിസൈനര്‍ കുഞ്ഞുങ്ങളുടെയും ശരീരത്തിനകത്തും പുറത്തും മൈക്രോചിപ്പുകള്‍ കൊണ്ടു നടക്കുന്ന സൈബോര്‍ഗുകളുടെയും ഷൈബോര്‍ഗുകളുടെയും കാലം വരാന്‍ പോവുകയാണ്. കാറിന്റെയും സ്‌കൂട്ടറിന്റെയും സ്‌പെയര്‍ പാര്‍ട്ടുകള്‍ പോലെ, മനുഷ്യന്റെ ഏതവയവും നിര്‍മിക്കാനും മാറ്റിവെക്കാനും കഴിയുന്ന കാലം.  മസ്തിഷ്‌കത്തില്‍ ന്യൂറോ ചിപ്പുകള്‍ സ്ഥാപിച്ച് രണ്ടു  വന്‍കരകളിലപ്പുറത്തും ഇപ്പുറത്തുമുള്ള കമിതാക്കള്‍ക്ക്  സല്ലപിക്കാന്‍ കഴിയുന്ന കാലം. ഒരു മൗസ് ക്ലിക്കില്‍ രോഗിയുടെ ആന്തരികാവയവങ്ങള്‍ മുഴുവന്‍ മോണിറ്ററില്‍ തെളിയുന്ന ആശുപത്രികളുടെ കാലം.
ജനിതക ജാതകങ്ങളുമായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ജ്യോത്സ്യന്‍മാര്‍ ഇപ്പോള്‍ തന്നെ കടകള്‍ തുറന്നിരിപ്പാണ്. തലമുറകളുടെ ചരിത്രം മുഴുവന്‍ ജീനുകളില്‍ ആലേഖനം ചെയ്തു കിടക്കുകയല്ലേ? മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ വധു വരന്‍മാരെ തെരഞ്ഞെടുക്കാനത് സഹായിക്കുമെങ്കിലും പല നിലയ്ക്കും ദോഷവുമുണ്ട്.  പ്രത്യേകിച്ച് ജോലിക്കുവേണ്ടിയുള്ള  ഇന്റര്‍വ്യൂകളിലൊക്കെ. പിന്നെ രണ്ട് തലമുറ മുമ്പ് നിങ്ങളുടെ വംശപരമ്പരയില്‍ ഒരു കുപ്രശസ്ത കള്ളനുണ്ടായിരുന്നുവെന്ന് മറ്റുള്ളവരറിയുവാന്‍ നിങ്ങളാഗ്രഹിക്കുമോ? എന്തിന് തലമുറകള്‍, നിങ്ങള്‍ രഹസ്യമായി കൊണ്ടു നടക്കുന്ന ഒരു രോഗത്തിന്റെ കാര്യം അപരിചിതമായ മറ്റൊരാള്‍ അറിയുന്നതുപോലും സുഖമുള്ള സംഗതിയാണോ? ജനിതക കോഡുകള്‍ വ്യക്തികളുടെ സ്വകാര്യതക്ക് വല്ലാതെ പരിക്കേല്‍പ്പിച്ചേക്കും. പക്ഷേ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണിത്. നിങ്ങളുടെ ആയുസ്സിന്റെ ദൈര്‍ഘ്യത്തില്‍ നിങ്ങളേക്കാളേറെ താല്‍പര്യം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കായിരിക്കും.

ജനറ്റിക് എഞ്ചിനിയറിങ് മനുഷ്യരില്‍ മാത്രമല്ലല്ലോ മാറ്റം വരുത്തുക, സായിപ്പിന് ഏറ്റവും  ഇഷ്ടപ്പെട്ട രണ്ട് ഉല്‍പ്പന്നങ്ങളാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ടും കൂടി ഒരൊറ്റ ഉല്‍പ്പന്നമായി കയ്യില്‍ കിട്ടിയാല്‍ സൗകര്യമല്ലേ? പോറ്റാ മോറ്റോ (Potamoto) എന്ന പേര്‍ കേട്ടാല്‍ തന്നെ കാര്യം തിരിച്ചറിയാം. മനുഷ്യകുഞ്ഞിനു അമ്മയുടെ മുലപ്പാലിന് തുല്യമായ പാല്‍ തരുന്ന പശുക്കളും ജനിതക സാങ്കേതിക വിദ്യയുടെ മെനുവില്‍ പെടുന്ന കാര്യമാണ്.

ഇങ്ങനെ അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കകം നാം ജീവിക്കുന്ന ദുനിയാവില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരികയെന്നറിഞ്ഞുകൂടാ. ദീര്‍ഘായുസ്സ് കിട്ടിയാല്‍ നമുക്കും കണ്ടും അനുഭവിച്ചും അറിയാം. വാര്‍ധക്യം ഇല്ലാതാക്കാനും ആയുസ്സ് വര്‍ധിപ്പിക്കാനുമുള്ള മരുന്നുകളും ഗുളികകളും വിപണിയില്‍ വരാന്‍ ഇനി അധികം താമസമില്ല.  ജനിതക സാങ്കേതിക വിദ്യയുടെ ഫലമായുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വലിയ മൂലധനം വേണ്ടിവരുമെന്ന് പറയപ്പെടുന്നു. അതും കോര്‍പ്പറേഷനുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കും.  ആയുധം, വെള്ളം, എണ്ണ എന്നിവ മാത്രം കൊണ്ട് എക്കാലത്തും കച്ചവടം നടത്താനാവില്ലല്ലോ. പക്ഷേ, പുതിയ നേട്ടങ്ങള്‍ അനുഭവിക്കാനുള്ള യോഗം സമൂഹത്തില്‍ ഒരു പടിയാളുകള്‍ക്ക് മാത്രമായിരിക്കും. മറിച്ച് ഭൂരിപക്ഷത്തിന് എന്താവും കിട്ടുക? ജൈവാണുക്കളെയും കൃത്രിമ കാലാവസ്ഥയെയും ഉപയോഗിച്ച് വംശങ്ങളെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ഗവേഷണങ്ങള്‍ വേറെയും നടക്കുന്നുണ്ട്. പിന്നെ മനുഷ്യന്റെ അതിജീവനഭ്രമത്തില്‍ നിത്യസാധാരണമായ ദാരിദ്ര്യവും. ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യം ആരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടോ? ആഗോളതാപനവും വ്യവസായ മലിനീകരണവും കാരണം കാലാവസ്ഥ പോലും മാറിക്കൊണ്ടിരിക്കുന്നു.  സമുദ്രതീരത്തുള്ള നഗരങ്ങള്‍ എപ്പോഴാണ് സുനാമിയുടെയോ അതുപോലുള്ള കൊലയാളിത്തിരകളുടെയോ അടിയിലാവുക എന്നു പറയാനാവില്ല. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഭൂമിയില്‍ വാസയോഗ്യമായി അന്റാര്‍ട്ടിക്ക മാത്രമാണുണ്ടാവുകയെന്ന പ്രവചനം ദോഷൈക ദൃക്കുകളുടേതാണെന്നാശ്വസിച്ച് സ്വസ്ഥമായിരിക്കാനാകുമോ? അല്ലെങ്കില്‍ തന്നെ, ഭൂമിയപ്പാടെ ഇല്ലാതായാലെന്താ, ചന്ദ്രനും ചൊവ്വയുമുണ്ടല്ലോ. അവിടെ റിയല്‍ എസ്റ്റേറ്റ്  പരിപാടികളുമായി ഇപ്പോള്‍ തന്നെ കോര്‍പ്പറേഷനുകളുണ്ട് – നക്ഷത്രയുദ്ധത്തിന് കൂട്ടിയ കോപ്പുകള്‍ വന്‍ശക്തികളുടെ ആയുധ ശാലയിലുണ്ട്. എന്ത് പേടിക്കാന്‍?
പക്ഷേ  ജനപെരുപ്പം കാരണം ഭൂമിയുടെ നട്ടെല്ലൊടിയുന്നുവെന്ന് വിലപിക്കുന്ന മാല്‍ത്തൂസിയന്‍മാര്‍, പുതിയ മെഥസുലമാര്‍. പുതിയ മെഥസുലമാരെ എങ്ങനെ വരവേല്‍ക്കും? പ്രകൃതിയെ തോല്‍പ്പിക്കാനാണല്ലോ എന്നും മനുഷ്യന്റെ ശ്രമം. എന്നാല്‍ സ്വന്തമായി ഒരു മണല്‍ത്തരി പോലും സൃഷ്ടിക്കാനായില്ല. മനുഷ്യനെന്നും മരണ ഭയമുണ്ട്. മരണം  എന്നും അവന്റെ കൂടെയുണ്ട്.  ജീവന്റെ ഓരോ സ്പന്ദനത്തിന്റെയും ഇടക്കുള്ള മൗനങ്ങള്‍, ജനനം മുതല്‍ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മരണത്തിന്റെതാണെന്ന് തിരിച്ചറിയാന്‍ അവന് കഴിയാത്തത് അതുകൊണ്ടാണ്. പുതിയ കുഞ്ഞ് പിറന്ന് വീഴുന്ന സ്വാഭാവികതയോടെ മരണത്തെ കാണാന്‍ കഴിയുമ്പോള്‍ മരണഭയവും ഇല്ലാതാകും. അനന്തമായ ആയുസ്സ് വെറും വ്യാമോഹമാണ്.  അത് ബഷീര്‍ പറഞ്ഞതുപോലെ, ദൈവത്തിന്റെ ഖജാനയില്‍ മാത്രം. അതു കവര്‍ച്ച ചെയ്യാനുള്ള ഏത് ശ്രമവും വലിയ തിരിച്ചടിയാവും നല്‍കുക.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting