banner ad
July 23, 2013 By റൊളാണ്ട് ഇ മില്ലര്‍ 0 Comments

ഗാന്ധിയും ഇന്ത്യന്‍ മുസ്‌ലിംകളും : യോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും

j_4bഇന്ത്യന്‍ മുസ്‌ലിംകള്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെ എങ്ങനെയാണ് മനസ്സിലാക്കിയത്? അതിര്‍ത്തി ഗാന്ധി (Frontier Gandhi) എന്ന പേരില്‍ അറിയപ്പെട്ട പഥാന്‍ നേതാവായിരുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ (1891-1989) 1947 ജൂണ്‍ 30 ന് ഇന്ത്യ വിടുമ്പോള്‍ പറഞ്ഞു: ‘മഹാത്മാജി നമുക്ക് ശരിയായ മാര്‍ഗം കാണിച്ചു തന്നു. നമ്മുടെ കാലശേഷം ഹിന്ദുക്കളിലെ വരും തലമുറ ഗാന്ധിയെ അവതാരമായി (Avatar) ആയി ഓര്‍ക്കുമെന്ന കാര്യം തീര്‍ച്ചയാണ്’. 1920 ഡിസംബറില്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് മീറ്റിംഗില്‍ മുഹമ്മദലി ജിന്ന ഗാന്ധിക്കെഴുതി: ‘താങ്കളുടെ ഇതുവരെയുള്ള സമീപനങ്ങള്‍ കാരണം വിഭാഗീയത ഉണ്ടായിട്ടുണ്ട്. രാജ്യത്തിലെ പൊതുജീവിതത്തില്‍ ഹൈന്ദവ-മുസ്‌ലിം വിഭാഗീയത മാത്രമല്ല ഹിന്ദുക്കള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും വിഭാഗീയത ഉണ്ടാക്കിയിട്ടുണ്ട്’. തീവ്രമായ ഇത്തരം കാഴ്ച്ചപ്പാടുകള്‍ക്കിടയില്‍ മറ്റുപല അഭിപ്രായങ്ങളുമുണ്ട്. അവയില്‍ ചിലതിനെ വിമര്‍ശനങ്ങള്‍ (Critiques) എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഗാന്ധിയെ കുറിച്ച ഇന്ത്യന്‍ വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും മാതൃക ഉണ്ടോ? നാം നിരീക്ഷിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ ആരാണ്?

രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം എനിക്കുടനെ ലഭിക്കും. ഗാന്ധിയെ അറിയുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത മുസ്‌ലിംകളിലേക്ക് ഞാന്‍ ഈ ലേഖനത്തെ ചുരുക്കുകയാണ്. മലയാളത്തിലെ മെറ്റീരിയലുകളെ മാറ്റി നിര്‍ത്തി ഇംഗ്ലീഷില്‍ എഴുതിയവരെയും വിവര്‍ത്തനങ്ങളെയുമാണ് ഞാന്‍ അവലംബിക്കുക. അത്തരം കാഴ്ച്ചപ്പാടുകളെ രേഖപ്പെടുത്താനുള്ള എന്റെ ശ്രമം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത് നാല് ഘടകങ്ങളാലാണ്. അതില്‍ ഒന്നാമത്തേത് വലിയ സങ്കീര്‍ണ്ണതയിലേക്ക് ഇന്ത്യന്‍ മുസ്‌ലിംകളെയും ഗാന്ധിയേയും എത്തിച്ച സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ചരിത്രവികാസമാണ്. രണ്ടാമത്തേത് ഇന്ത്യന്‍ മുസ്‌ലിംകളുടെ മതപരവും രാഷ്ട്രീയപരവുമായ സ്വത്വബോധവും മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങളിലുമുള്ള അവരുടെ മനശ്ശാസ്ത്രപരമായ ഇടപെടലുമാണ്. രാഷ്ട്രീയരംഗത്ത് അവര്‍ മാറിക്കൊണ്ടിരിക്കുന്ന വഴികളാണ് സ്വീകരിച്ചത്. മതരംഗത്താകട്ടെ, അപരിചിതമായ സൈദ്ധാന്തിക സാധ്യതകളെ വികസിപ്പിക്കാന്‍ സാഹചര്യം അവരെ നിര്‍ബന്ധിച്ചു. മൂന്നാമത്തേത് നേതാക്കന്‍മാരുടെ ചങ്ങാതിക്കൂട്ടത്തില്‍ നിലനിന്ന വ്യക്തിബന്ധങ്ങളുടെ അന്തരംഗ സ്വഭാവമാണ് (Intimate Nature). ചില ബന്ധങ്ങള്‍ ഗാഢമായിരുന്നു. മറ്റു ചിലതാകട്ടെ ഉരച്ചിലുകള്‍ ഉള്ളതുമായിരുന്നു. അവസാനത്തെ ഘടകം ഇതാണ്: ഗാന്ധിയുടെ തീര്‍ത്ഥയാത്ര പുരോഗമനമതപരമായിരുന്നു. ചിലപ്പോഴൊക്കെ ഗാന്ധിയുടെ നിലപാട് മുസ്‌ലിംകള്‍ക്ക് സ്വീകാര്യമായെങ്കിലും മറ്റു ചില സമയങ്ങളില്‍ നേര്‍ വിപരീതമായിരുന്നു. ഈ ഘടകങ്ങളെല്ലാം അര്‍ഥമാക്കുന്നത് ഗാന്ധിയെ കുറിച്ചുള്ള മുസ്‌ലിം കാഴ്ച്ചപ്പാടുകള്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നാണ്.

ഈ പരിമിതികളെ സ്വീകരിച്ചുകൊണ്ട് നമുക്ക് ഇന്ത്യന്‍ മുസ്‌ലിമിന്റെ ഗാന്ധി വിമര്‍ശനങ്ങളെ പരിശോധിക്കാം. നമുക്കവയെ നാല് വിഭാഗങ്ങളാക്കി തിരിക്കാന്‍ സാധിക്കും. ഒന്ന്, ഗാന്ധിയുടെ സൗഹൃദ വലയത്തിനകത്ത് തന്നെ രൂപപ്പെട്ട സൗമ്യമായ അഭിപ്രായാന്തരങ്ങളാണ്. രണ്ട്, അഹിംസ എന്ന ഗാന്ധിയന്‍ തത്വസംഹിതയുമാണ്. അഥവാ ഒരു വിശ്വാസ സംഹിതയായി അഹിംസ പ്രാവര്‍ത്തികമാകില്ലെന്നും മറിച്ച് നയം അഥവാ പോളിസി എന്ന അര്‍ത്ഥത്തില്‍ മാത്രമെ അതിന് നിലനില്‍പ് ഉള്ളത് എന്നാണ് മുസ്‌ലിംകള്‍ വിശ്വസിച്ചത്. ഗാന്ധി ഇന്ത്യയെ രാമരാജ്യ(ഹിന്ദു രാഷ്ട്രം) ത്തിലേക്കാണ് നയിക്കുന്നത് എന്ന മുസ്‌ലിംകള്‍ക്കിടയില്‍ നില നിന്ന സംശയമാണ് മൂന്നാമത്തേത്. അവസാനത്തെ വിഭാഗത്തില്‍ മുന്‍ഗണനകളുടെ പ്രശ്‌നവും അതുപോലെ ആരോപിക്കപ്പെട്ട  ഗാന്ധിയുടെ സമീപനത്തിലെ മാറ്റവും (Shitf) ഉള്‍പെടുന്നു. ഈ വിഭാഗത്തിലെല്ലാം കാണാനാവുന്നത് ഗാന്ധിയുടെ സമീപനങ്ങളോടുള്ള മുസ് ലിംകളുടെ അസ്വാസ്ഥ്യമാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലൂടെയൊണ് ഞാന്‍ ഈ വിമര്‍ശനങ്ങളെ സമീപിക്കുന്നത്. എന്നാല്‍ അഹിംസയെ കുറിച്ച ചര്‍ച്ചക്ക് വേണ്ടി മലബാറിലെ മാപ്പിള മുസ്‌ലിംകളുമായുള്ള ഗാന്ധിയുടെ ഇടപാടുകള്‍ എനിക്ക് ഉപയോഗിക്കേണ്ടതായി വരും.

അബ്ദുല്‍ കലാം ആസാദ്: നിശബ്ദ വിമര്‍ശനം

ഗാന്ധിയേക്കാള്‍ ആറു വയസ്സ് കൂടുതല്‍ പ്രായമുള്ള ആളായിരുന്നു ഹാകിം അജ്മല്‍, എന്നാല്‍ അന്‍സാരിക്ക് ഗാന്ധിയേക്കാള്‍ എട്ട് വയസ്സ് കുറവായിരുന്നു. ഗാന്ധിയുടെ സമകാലികര്‍ എന്നു നമുക്കവരെ വിശേഷിപ്പിക്കാം. ഗാന്ധിയേക്കാള്‍ പത്തൊന്‍പത് വയസ്സ് ജൂനിയര്‍ ആയിരുന്നു അബ്ദുല്‍ കലാം ആസാദ് (1888-1958). അവര്‍ തമ്മിലുള്ള ബന്ധം അതിശയകരമായിരുന്നു. ഹിന്ദു നേതാക്കളുമായി സാധാരണ കൂടിച്ചേര്‍ന്നിട്ടില്ലാത്ത വിഭാഗത്തിലെ മുസ്‌ലിം മത പണ്ഡിതനായിരുന്നു അദ്ദേഹം. അവരുടെ വ്യക്തിത്വങ്ങളിലെ വ്യത്യാസത്തെ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ അതിശയം വര്‍ധിക്കും. രണ്ടുപേരും നല്ല ലക്ഷ്യബോധമുള്ളവരും ഒരളവോളം ആകര്‍ഷണീയതയുള്ളവരുമായിരുന്നു. ഒരു ഖുര്‍ആന്‍ സ്‌പെഷലിസ്റ്റ് ആയിരുന്നു ആസാദെങ്കില്‍ ഗാന്ധി ഒരു പൊതു ബിംബമായിരുന്നു (Public Icon). ആസാദിന്റ ഗാന്ധി വിമര്‍ശനങ്ങള്‍ സ്പഷ്ടമാവാതിരുന്നത് രണ്ടുപേരുടെയും വയസ്സുകളിലെ വ്യത്യാസം മൂലമാണോ? അല്ലെങ്കില്‍ പ്രത്യാരോപണത്തില്‍ ആനന്ദിക്കാത്ത അദ്ദേഹത്തിന്റെ വ്യകതിത്വമാണോ? അതുമല്ലെങ്കില്‍ മൗലികമായ പ്രശ്‌നങ്ങളിലുള്ള അവരുടെ യോജിപ്പാണോ?. എന്നാലും ആസാദ് ഗാന്ധിയോട് ഇന്ത്യാവിഭജനത്തിന്റെ അന്തിമസമ്മതത്തിന്റെ വിഷയത്തില്‍ വിയോജിച്ചിരുന്നു. ആ സമയത്ത് ആസാദിന്റെ നിശബ്ദതയായിരുന്നു വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചത്.

അബ്ദുല്‍കലാം ആസാദിന്റെ പൊതുചരിത്രം പ്രസിദ്ധമാണ്. അല്‍ ഹിലാല്‍, അല്‍ ബലാഗ എന്ന കല്‍ക്കട്ട ജേണലുകളുടെ എഡിറ്റര്‍ എന്ന പദവിയില്‍ നിന്ന് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ അംഗീകരിക്കപ്പെട്ട നേതാക്കന്മാരിലൊരാളായി അദ്ദേഹം വളര്‍ന്നു. 1923 ലും 1940 ലും അതിന് ശേഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനായ പ്രസിഡന്റായിരുന്നു അദ്ദേഹം. 1947 ലെ തകര്‍ക്കപ്പെട്ട സ്വപ്‌നങ്ങളില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായി അദ്ദേഹം മാറി. ആ സമയത്ത് ആസാദിന്റെ കാഴ്ചപ്പാടില്‍ ഒറുപാട് മാറ്റങ്ങള്‍ വന്നു. പാന്‍ ഇസ്‌ലാമിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ ആദ്യകാല ശുഭാപ്തി വിശ്വാസത്തില്‍ നിന്നും സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി സെക്കുലര്‍ ജനാധിപത്യ സമീപനത്തിലേക്കുള്ള മാറ്റമായിരുന്നു അത്്. വിശ്രമദിനത്തെ (Sabbath rest) കുറിച്ച അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ജയിലുകളില്‍ ചെലവഴിച്ച പത്ത് വര്‍ഷങ്ങളെക്കുറിച്ചുള്ള പരാമര്‍ശമാണത്. അദ്ദേഹമനുഭവിച്ച പീഡനങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ പഠനങ്ങളടങ്ങിയ കൈയെഴുത്തുപ്രതികള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുമായിരുന്നു. കോണ്‍ഗ്രസിലെ ദേശീയ മുസ്‌ലിംകളുടെ നേതാവ് എന്ന നിലയില്‍ ഡോ. അന്‍സാരിയുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു അദ്ദേഹം. വിമോചനരാഷ്ട്രീയത്തിലേക്ക് ‘ഉലമാക്കളെ അദ്ദേഹം വലിച്ചിഴക്കുകയായിരുന്നു’.

മറ്റുള്ളവരെപ്പോലെ ‘മഹാത്മ’ എന്ന പദം ഉപയോഗിക്കുന്നതില്‍ ആസാദിന് ശങ്കയുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ‘മഹനീയമായ’ ആത്മാവിനെക്കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നു. ഗാനധിജിയോട് പിന്നീട് അദ്ദേഹം വിയോജിച്ചിരുന്നെങ്കിലും ബഹുമാനത്തോടെയായിരുന്നു തന്റെ വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. 1942 ലെ പ്രക്ഷോഭത്തില്‍ ജീവന്‍ നല്‍കിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ലിഖിതരൂപത്തിലുള്ള ലോഹഫലകങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ടുകൊണ്ട് 1945 ല്‍ ഗാന്ധി ആസാദിനെഴുതുകയുണ്ടായി. സ്വരാജിന് വേണ്ടി യഥാര്‍ത്ഥത്തില്‍ ആരാണ് മരിച്ചത് എന്നറിയില്ല എന്നതായിരുന്നു കാരണം. കൂടെ ബീഗം ഷാക്ക് വേണ്ടിയുള്ള മെമ്മോറിയല്‍ അംഗീകരിക്കരുതെന്നും ഗാന്ധി ആസാദിനോടാവശ്യപ്പെട്ടു. അവര്‍ ഒരു പൊതു സേവനവും നടത്തിയിട്ടില്ല എന്നായിരുന്നു ഗാന്ധി പറഞ്ഞത്. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഗാന്ധി തന്റെ കത്ത് അവസാനിപ്പിക്കുന്നത്. ‘എന്റെ ഉപദേശം സ്വീകാര്യമല്ലെങ്കില്‍ താങ്കള്‍ക്കത് തള്ളിക്കളയാവുന്നതാണ്’. ബീഗം ഷായുടെ കാര്യത്തില്‍ ഗാന്ധിയുടെ കാര്യത്തില്‍ ഗാന്ധിയുടെ ഉപദേശം ആസാദ് സ്വീകരിക്കുകയും മറ്റ് മെമ്മോറിയലുകളുടെ കാര്യത്തില്‍ തള്ളിക്കളയുകയും ചെയ്തു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പല കാതലായ വിഷയങ്ങളിലും ആസാദ് ഗാന്ധിയോട് യോജിച്ചിരുന്നു. ഹസന്‍ സൂചിപ്പിക്കുന്നു: ‘മതവും ധര്‍മാവേശവും സ്വരാജിന് വേണ്ടിയുള്ള തേട്ടത്തില്‍’ മഹാത്മയെയും ആസാദിനെയും ബന്ധിപ്പിച്ചിരുന്നെങ്കിലും സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഒരു പൊതുവായ പരിപ്രേക്ഷ്യം അവര്‍ പങ്ക് വെച്ചിരുന്നില്ല. രണ്ട് പേര്‍ക്കും വ്യത്യസ്ത മതപശ്ചാത്തലങ്ങളും സങ്കേതങ്ങളുമാണ് ഉണ്ടായിരുന്നതെങ്കിലും സ്വരാജിന് വേണ്ടിയുള്ള അവരുടെ പൊതുവായ പോരാട്ടം പ്രധാനപ്പെട്ട പല വിഷയങ്ങളിലെയും വീക്ഷണഗതിയില്‍ വിസ്മയകരമായ സാമാന്യതയാണ് ഉദ്പാദിപ്പിച്ചത്. അതിനാല്‍ അടിവരയിട്ട വിഷയങ്ങളെക്കാളുപരി ആസാദിന്റെ വിമര്‍ശനങ്ങള്‍ പ്രധാനപ്പെട്ട വിഷയങ്ങളിലാണ് ഊന്നിയത്.

മാപ്പിള പ്രക്ഷോഭം 1921: അഗ്നിയില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍

ഉപേക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യാവുന്ന ഒരു പോളിസി എന്ന നിലക്കുള്ള അഹിംസ എന്ന ആശയം തദ്ദേശ മുസ്‌ലിം വ്യാഖ്യാനത്തിന് വാതില്‍ തുറക്കുകയാണ് ചെയ്തത്. ഒരു നിയന്ത്രിത തത്വമായി അഹിംസയെ സ്വീകരിക്കുന്നതില്‍ നിന്ന് കീഴാള മുസ്‌ലിംകള്‍ എത്ര മാത്രം അകലെയായിരുന്നുവെന്ന് മാപ്പിളപ്രക്ഷോഭം കാണിച്ചുതന്നു. മുസ്‌ലിംകളുടെ കാര്യത്തിലെ ഗാന്ധിയുടെ സെലക്ടീവായ പ്രയോജനവാദപരതയെയും മാപ്പിളപ്രക്ഷോഭം വെളിപ്പെടുത്തുകയുണ്ടായി.

ഇന്നും സജീവമായി തുടരുന്ന വിമര്‍ശനമാണിത്. 1918-ല്‍ ഗാന്ധി മുഹമ്മദ് അലിക്കെഴുതിയിട്ടുണ്ടായിരുന്നു. ‘നിങ്ങളുടെ മോചനത്തിലുള്ള എന്റെ താല്‍പര്യം തികച്ചും സ്വാര്‍ത്ഥതയാണ്. നമുക്ക് പൊതുവായ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താന്‍ താങ്കളുടെ സേവനങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു. മുഹമ്മദീയ ചോദ്യത്തിന്റെ(Muhammadan Question) യഥാര്‍ത്ഥ പരിഹാരത്തിലാണ് സ്വരാജിന്റെ പൂര്‍ത്തീകരണം നിലകൊള്ളുന്നത്.’ മാപ്പിളമാരുടെ കാര്യത്തില്‍ ഗാന്ധി ആദ്യം അവരെ ഉത്തേജിപ്പിക്കുകയും പിന്നീട് കൈയൊഴിയുകയും ചെയ്യുകയായിരുന്നു എന്ന ബോധം നില നില്‍ക്കുന്നുണ്ട്. മാപ്പിളമാരുടെ ബൗദ്ധികനവോദ്ധാനത്തിന്റെ ആദരണീയനായ നേതാവും മുന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായിരുന്ന വ്യക്തിയെ 2000 നവംബര്‍ 25 ന് ഞാന്‍ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞതിതായിരുന്നു- ഗാന്ധിയെക്കുറിച്ച് കേരള മുസ്‌ലിംകളെ അലോസരപ്പെടുത്തിയ മൂന്ന് കാര്യങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാഠ്യതയും മതകീയ പുനരുത്ഥാനവും മാപ്പിളമാരെ കൈയൊഴിഞ്ഞ നിലപാടുമായിരുന്നു.

കേരളത്തിലെ ഏകദേശം 7.6 മില്ല്യന്‍ വരുന്ന 21.5% ത്തോളം വരുന്ന മാപ്പിളമാര്‍ വിദേശഭരണത്തിന്റെ ദോഷഫലം അനുഭവിച്ചിട്ടുണ്ടായിരുന്നു. 1948-ല്‍ മലബാറിലെ കോഴിക്കോട് വന്നിറങ്ങിയ വാസ്‌കോഡഗാമ പോര്‍ച്ചുഗീസ് കടന്നാക്രമണത്തെ നയിക്കുകയും യൂറോപ്യന്‍ ആധിപത്യയുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയില്‍ നൂറ്റാണ്ടുകളായി നില നിന്നിരുന്ന ഐക്യത്തെയായിരുന്നു പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചത്. അതൃപ്തരായ മാപ്പിളസമുദായമായിരുന്നു അതിന്റെ അനന്തരഫലം. ക്രൂരമായ ഭൂപ്രഭുത്വവ്യവസ്ഥയുടെ ഇരകളായിരുന്ന അവരെ ദാരിദ്ര്യവും വേട്ടയാടിയിരുന്നു. അതിനാല്‍ തന്നെ അടിച്ചമര്‍ത്തലിനെതിരെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ അവര്‍ നിര്‍ബന്ധിതരായി. നിസ്സഹകരണപ്രസ്ഥാനം അതിന്റെ ഖിലാഫത്ത് ഭാവത്തില്‍ ഒരു തീപ്പൊരിയെപ്പോലെ ഈ വെടിമരുന്ന് പെട്ടിയിലേക്ക് വീഴുകയായിരുന്നു. പ്രധാനപ്പെട്ട ഒരു സംഭവം 1920 ഏപ്രില്‍ 28 ന്് മലബാറിലെ മഞ്ചേരിയില്‍ നടന്ന കേരള കോണ്‍ഗ്രസിന്റെ സമ്മേളനമായിരുന്നു. ഈ സമ്മേളനം ഖിലാഫത്ത് പ്രസ്ഥാനത്തെ മാപ്പിളമാരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നു. പ്രക്ഷോഭത്തിന്റെ വിത്ത് എന്ന് ചിലര്‍ കരുതുന്ന ഒരു നീക്കത്തിലൂടെ ആക്ടിവിസ്റ്റുകള്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ച് കൊണ്ടുള്ള പ്രമേയം പാസാക്കുകയും ചെയ്തു. ആനി ബസന്റും മറ്റ് മോഡറേറ്റുകളും ഈ തീരുമാനത്തെ എതിര്‍ത്തു.

എന്നാലിന്ന് മുസ്‌ലിം – ഹിന്ദു മൈത്രിയുടെ വിസ്മയകരമായ വിവിധ ആവിഷ്‌കാരങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. അതേസമയം വലിയ തരത്തില്‍ ഖീലാഫത്ത് സമരം മാപ്പിളമാരുടെ മതകീയതയേയും വൈകാരിക ആവേശത്തേയും ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. 1920 ആഗസ്‌ററ് 18ന് കോഴിക്കോട് വെച്ച് മഹാത്മ ഗാന്ധിയും ഷൗക്കത്തലിയും
ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കത്തില്‍ പങ്കാളികളാകാനുള്ള ആഹ്വാനവും പെട്ടെന്നുള്ള ഫലത്തെക്കുറിച്ച അരുണാഭമായ വാഗ്ദാനങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞ് നിന്നു. നീതിക്ക് വേണ്ടിയുള്ള മുസ്‌ലിംകളുടെ ആവശ്യത്തെ പിന്തുണക്കണമെന്ന് ഗാന്ധി ഹിന്ദുക്കളോട് ആവശ്യപ്പെട്ടപ്പോള്‍ ഷൗക്കത്തലി അത്രയങ്ങ് നിയന്ത്രിച്ച് സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളുടെ സംക്ഷോഭകരമായ സ്വാധീനത്തെക്കുറിച്ച് അവിടെയുണ്ടായിരുന്നവര്‍ സ്മരിച്ചിട്ടുണ്ട്.

ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറിയായിരുന്നു ഷൗക്കത്ത് അലി (1873-1938) തന്റെ ഇളയ സഹോദരന്‍ മുഹമ്മദ് അലിയുടെ നിഴലിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാലും നേതൃത്വപരമായ പങ്കിന്റെ പേരില്‍ ലഭിച്ച സാധാരണ ശ്രദ്ധയേക്കാള്‍ കൂടുതല്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനും ഹാര്‍ദമായ മനസിന്റെ ഉടമയുമായിരുന്നു. മാത്രവുമല്ല, ജനങ്ങളെ എളുപ്പത്തില്‍ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള വ്യക്തിയുമായിരുന്നു.

തന്റെ തുര്‍ക്കി അനുകൂല നിലപാടും മാതൃവിദ്യാലയമായ അലിഗഢിന് യൂനിവേഴ്‌സിറ്റി പദവി നല്‍കുന്നതില്‍ ഗവണ്‍മെന്റ് കാണിച്ച അമാന്തതയും ഗവണ്‍മെന്റ് സേവനം അവസാനിപ്പിക്കാനും പ്രക്ഷോഭനിരയിലേക്ക് മാറാനും അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 1919 ലെ ഷൗക്കത്തലിയുടെ ജയില്‍ മോചനത്തിന് ശേഷം ഒരുപാട് തവണ ഗാന്ധി അദ്ദേഹത്തോടൊന്നിച്ച് യാത്ര ചെയ്യുകയുണ്ടായി. രണ്ട് പേരും അടുത്ത സുഹൃത്തുക്കളാവുകയും ചെയ്തു. ഷൗക്കത്തലിയെക്കുറിച്ച് ഗാന്ധി പറഞ്ഞു :’ധാരാളം നല്ല വിശ്വസ്തരായ മുസ്‌ലിംകളെ എനിക്കറിയാം. എന്നാല്‍ ഷൗക്കത്തലിക്കറിയുന്ന പോലെ ഒരു മുസ്‌ലിമിനും എന്നെ അറിയില്ല. ഷൗക്കത്തലിയാകട്ടെ അഹിംസയുടെ കാര്യത്തിലുള്ള തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പ്രകടിപ്പിക്കാറുണ്ടായിരുന്നു. കോഴിക്കോട്ട് വരുന്നതിന് മുമ്പ് 1920 മെയ് 5-ന് ഷാജഹാന്‍പൂരില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. ‘ദൈവത്തിന്റെ മാര്‍ഗത്തില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും സത്യാഗ്രഹം തന്നെയാണ്. ധര്‍മ്മത്തിന് വേണ്ടി സ്വയം ജീവന്‍ ബലിയര്‍പ്പിക്കുന്നതും സത്യത്തിന്റെ വഴിയില്‍ തടസ്സമായി നില്‍ക്കുന്ന സ്വേച്ഛാധിപതിയുടെ ജീവിതം നശിപ്പിക്കുന്നതും ദൈവികാരാധനയാണ്. എന്നാല്‍ നമ്മുടെ കൂടെയുള്ള ഗാന്ധിയുമായി സഹകരിക്കുമെന്ന് നാം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് പരാജയപ്പെടുകയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് മുസ്‌ലിംകള്‍ തീരുമാനിക്കും.

അക്രമത്തെ കുറിച്ച തന്റെ വീക്ഷണത്തില്‍ നിന്ന് വിഭിന്നമാണ് മുസ്‌ലിംകളുടെ നിലപാട് എന്ന് ഗാന്ധി തിരിച്ചറിഞ്ഞിരിക്കണം. മുസ്‌ലിംകളുടെ കൂടെ പ്രവര്‍ത്തിക്കുന്നത് വഴി അവരുടെ അഭിപ്രായം പരിഷ്‌കരിക്കാനും തന്റെ വീക്ഷണവുമായി യോജിപ്പിലെത്തിക്കാനും സാധിക്കുമെന്ന് ഗാന്ധി കരുതിയോ?  അല്ലെങ്കില്‍ പ്രായോഗിക സമീപനം എടുത്തുകൊണ്ട് പരിമിതസാധ്യതകളെ അദ്ദേഹം സ്വീകരിക്കുകയായിരുന്നോ? തന്റെ പ്രയോജനവാദപരതയെ ഗാന്ധി തന്നെ സ്വയം അംഗീകരിച്ചിരുന്നു. പീറ്റര്‍ ഹാര്‍ഡി ഗാന്ധിയെ ഉദ്ധരിക്കുന്നു ‘ഷൗക്കത്തലിയോട് അദ്ദേഹത്തിന്റെ പശുവിനെ (ഖിലാഫത്ത്) സംരക്ഷിക്കാമെന്ന് ഞാന്‍പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കാരണം അങ്ങനെ എനിക്ക് എന്റെ പശുവിനെ സംരക്ഷിക്കാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’

മാപ്പിള പ്രക്ഷോഭത്തിന്റെ വിശദാംശങ്ങളിലേക്കും അത് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വരുത്തിവെച്ച ദുരിതങ്ങളിലേക്കും കടക്കേണ്ട ആവശ്യമില്ല. മുസ്‌ലിം ഹിന്ദു ഐക്യത്തിന്റെ അഗ്നിയിലേക്ക് ഒരു തൊട്ടി തണുത്ത വെള്ളത്തിന്റെ രൂപത്തിലാണ് ഈ സംഭവങ്ങള്‍ വന്നു ഭവിച്ചത്. മാപ്പിളമാര്‍ ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ക്കെതിരെ മാത്രമല്ല അക്രമാസക്തരായി തിരിഞ്ഞത്. ഹിന്ദു ഭൂവുടമ സമ്പ്രദായങ്ങള്‍ക്കെതിരെ 1921 ആഗസ്റ്റ് 20-ന് തുടങ്ങി ആറു മാസം നീണ്ടു നിന്ന് പ്രക്ഷോഭങ്ങള്‍ക്കും അവര്‍ തുടക്കം കുറിച്ചിരുന്നു. കൂട്ടമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപം കൊണ്ട മാപ്പിളമാരുടെ സമരത്തെ ഹിന്ദു നേതാക്കന്മാര്‍ ഭയപ്പെട്ടു. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ മാപ്പിളമാര്‍ക്കുണ്ടായതിനാലാണ് അവസാന ഘട്ടത്തില്‍ പ്രക്ഷോഭത്തിന് ഹിന്ദു വിരുദ്ധസ്വഭാവം കൈവന്നത്. ബ്രിട്ടീഷ് സേനയെ ഹിന്ദുക്കള്‍ സഹായിച്ചപ്പോള്‍ കൊലയും തീവെപ്പും കൊള്ളയും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായാണ് മാപ്പിളമാര്‍ പ്രതികരിച്ചത്. ഒരു സാമുദായിക ലഹളയായല്ല പ്രക്ഷോഭം തുടങ്ങിയതെങ്കിലും അവസാനിച്ചതങ്ങനെയായിരുന്നു. 6 മാസങ്ങള്‍ക്ക് ശേഷം മാപ്പിളമാര്‍ മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. 2226 പേര്‍ കൊല്ലപ്പെടുകയും 252 പേര്‍ വധശിക്ഷക്ക് വിധേയരാക്കപ്പെടുകയും 502 പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ വിവധ ഭാഗങ്ങളിലായി ആയിരങ്ങള്‍ ജയിലിലടക്കപ്പെട്ടു. പലരും ആന്തമാന്‍ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് ഫീിനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഒരു പുതിയ സമുദായമായി മുസ്‌ലിംകള്‍ ഉയര്‍ന്നുവന്നു. സാമൂഹിക വികാസത്തില്‍ ചലനാത്മകവും പോസിറ്റീവുമായ പങ്കാണ് അവര്‍ വഹിച്ചത്. ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തിലെ അത്ഭുതാവഹമായ സംഗതിയാണിത്. പ്രക്ഷോഭത്തിന്റെ അന്ത്യഘട്ടത്തില്‍ അവര്‍ നിശ്ചലരും നിശബ്ദരുമാക്കപ്പെട്ടു. എന്നാലും മറ്റ് ചിലര്‍ നിശബ്ദരായിരുന്നില്ല.

അവരില്‍ ചിലര്‍ മുസ്‌ലിംകളായിരുന്നു. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി ഉയര്‍ന്ന്് ഉത്തരേന്ത്യയിലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ സാഹചര്യത്തിന്റെ കെണിയിലകപ്പെടുകയായിരുന്നു. രൂക്ഷമായ പ്രതിസന്ധിയില്‍ അവര്‍ അകപ്പെട്ടു. അഹമ്മദാബാദിലെ കോണ്‍ഗ്രസ് അസംബ്ലിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഭൂരിപക്ഷം മുസ്‌ലിംകളെയും പോലെ മധ്യമ നിലപാടാണ് ഹകിം അജ്മല്‍ ഖാന്‍ സ്വീകരിച്ചത്. അദ്ദേഹം പറഞ്ഞു ‘മലബാറില്‍ ദിനേന നടക്കുന്ന ദുരന്തസംഭവങ്ങളെക്കുറിച്ചും നിര്‍ഭാഗ്യവാന്മാരായ നമ്മുടെ മാപ്പിളസഹോദരന്മാരുടെ തുടര്‍ച്ചയായ യാതനകളെക്കുറിച്ചും പ്രതിപാദിക്കാതെ എനിക്കിത് അവസാനിപ്പിക്കാനാവില്ല’. പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ അദ്ദേഹം ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുകയും ബ്രിട്ടീഷ് രഞ്ജിപ്പിനെ തള്ളിക്കളയുകയും ചെയ്തു. എന്നാലദ്ദേഹം ഹിന്ദുക്കളുടെ നിര്‍ബന്ധിതമായ മതപരിവര്‍ത്തനത്തെ അപലപിക്കുകയുണ്ടായി. ‘അനിസ്‌ലാമിക പ്രവര്‍ത്തനത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാത്തവന്‍ തന്റെ മുസ്‌ലിം പേരിന് അര്‍ഹനായിരിക്കുകയില്ല.’ എന്നാല്‍ ഗാന്ധി നേരിട്ട് ഇടപെടേണ്ട അഭിപ്രായം ഹസ്രത്ത് മൊഹാനിയുടേതായിരുന്നു. (സയ്യിദ് ഫസ്‌ലുല്‍ ഹസന്റെ തൂലികാനാമമാണിത്). അലിഗഢ് ബിരുദധാരിയും ഉര്‍ദു കവിയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തീപ്പൊരി പ്രവര്‍ത്തകനും അഹിംസയുടെ വിമര്‍ശകനുമായിരുന്ന അദ്ദേഹം, അനിവാര്യമായ മാപ്പിള സമീപനത്തില്‍ ഒരു തെറ്റും കണ്ടില്ല. ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചതുകൊണ്ടാണ് മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിച്ചതെന്ന്് അദ്ദേഹം ന്യായീകരിച്ചു.

1921 നും 1924 നും ഇടക്കുള്ള തന്റെ കത്തുകളില്‍ ഗാന്ധി പലപ്പോഴായി മാപ്പിളമാരെ പരാമര്‍ശിക്കാറുണ്ടായിരുന്നു. ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തുന്നതില്‍ അദ്ദേഹം മുസ്‌ലിംകളെ വിമര്‍ശിച്ചു. അത് പോലെ നിസ്സഹകരണപ്രസ്ഥാനത്തില്‍ സാധ്യമായ ഉത്തരവാദിത്തത്തെ തിരിച്ചറിയുന്നതില്‍ ഹിന്ദുക്കള്‍ക്കുണ്ടായ പരാജയത്തെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രക്ഷോഭത്തിന്റെ മധ്യത്തില്‍ വെച്ച് നടന്ന് മദ്രാസ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയിലുള്ള ഏറ്റുമുട്ടല്‍ പരിഹരിക്കാനും നാം അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുകയില്ല എന്ന് ദൈവത്തിന് മുമ്പാകെ സത്യം ചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. നമ്മുടെ ചില മാപ്പിള സഹോദരന്മാര്‍ ഭ്രാന്ത് കാണിച്ചിട്ടുണ്ടെങ്കിലും നമ്മള്‍ ഹിന്ദുക്കളും മുസ്‌ലിംകളും എന്നും ഒന്നിച്ച് നില്‍ക്കുമെന്നും നിങ്ങള്‍ സത്യം ചെയ്യണം’. മാപ്പിള ഭ്രാന്ത് എന്ന് ഇടക്കിടെ അദ്ദേഹം ആവര്‍ത്തിക്കുകയും ഹസ്രത്ത് മൊഹാനിയോട് അവരുടെ പ്രവര്‍ത്തികളെ പ്രതിരോധിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു ‘കുറച്ച് വ്യക്തികളുടെ ബുദ്ധിമോശം കാരണം അവര്‍ മാപ്പിള സമുദായത്തെ ഒന്നടങ്കം നശിപ്പിക്കുകയും യാഥാര്‍ത്ഥ്യങ്ങളില്‍ അത്യുക്തി കലര്‍ത്തിക്കൊണ്ട് ഹിന്ദുക്കളെ ഇളക്കിവിടുകയും ചെയ്തു.’ ഹിന്ദുക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച്് അദ്ദേഹം പ്രഖ്യാപിച്ചു ‘മാപ്പിളമാര്‍ ദൈവത്തിനെതിരെ പാപം ചെയ്യുകയും അതിന്റെ അനന്തരഫലം അനുഭവിക്കുകയും ചെയ്തു. പ്രതികാരത്തിനുള്ള അവസരം തങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല എന്ന് ഹിന്ദുക്കള്‍ ഓര്‍ക്കട്ടെ’. അദ്ദേഹം ഹിന്ദുക്കളെ ഉപദേശിച്ചു ‘സാമുദായിക സ്പിരിറ്റില്‍ നിന്നും നാം വിട്ടു നില്‍ക്കണം. ഭൂരിപക്ഷം നല്ല തുടക്കം സൃഷ്ടിക്കുകയും ആത്മവിശ്വാസത്താല്‍ ന്യൂനപക്ഷത്തെ പ്രചോദിപ്പിക്കുകയും വേണം. ദുര്‍ബലരില്‍ നിന്നുള്ള പ്രതികരണത്തിന് കാത്തുനില്‍ക്കാതെ കൂടുതല്‍ ശക്തരായവര്‍ മുന്‍കൈയെടുക്കുമ്പോള്‍ മാത്രമാണ് യോജിപ്പ് സാധ്യമാവുക.’

തന്റെ മേലോ നിസ്സഹകരണപ്രസ്ഥാനത്തിന്റെ മേലോ എന്തെങ്കിലും ഉത്തരവാദിത്തങ്ങളുണ്ടായിരുന്നോ, തന്റെ സിദ്ധാന്തം തെറ്റായിരുന്നോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയരുമെന്ന കാര്യം ഗാന്ധിക്ക് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ല. വിമര്‍ശനങ്ങളെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘ പല കത്തുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. പ്രസിദ്ധരായ ചില സുഹൃത്തുകള്‍ പറയുന്നത് ആരോപിക്കപ്പെട്ട മാപ്പിളമാരുടെ ക്രൂരകൃത്യങ്ങള്‍ക്ക് കാരണം ഞാനാണ് എന്നാണ്. അത് പോലെ ഖിലാഫത്ത്് സമരത്തിന് ശേഷമുളള എല്ലാ കലാപങ്ങളിലും ഹിന്ദുക്കള്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചതിന്റെയും കാരണക്കാരന്‍ ഞാനാണ് എന്നാണവര്‍ ആരോപിക്കുന്നത്.  ‘ മാപ്പിളമാരുടെ പ്രാധാന്യത്തെ അതിയായി വര്‍ണിക്കരുതെന്ന്് അദ്ദേഹത്തിന് തോന്നി. കാരണം അവരുടേത് ഒരു പ്രത്യേക തരം കേസാണ്. അവരുടെ പ്രതികരണത്തിന് നിസ്സഹകരണത്തിന്റെ പ്രാബല്യത്തെയോ ആത്മാവിനേയോ നശിപ്പിക്കാന്‍ കഴിയില്ല. അവര്‍ മറ്റ് ഇന്ത്യക്കാരെപ്പോലെയോ ഇതര മുസ്‌ലിംകളെപ്പോലെയോ അല്ല. ഈ പ്രസ്ഥാനത്തിന് അവരുടെ മേല്‍ പരോക്ഷമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം സമ്മതിക്കാന്‍ ഞാന്‍ തയ്യാറെടുത്തിട്ടുണ്ട്. മാപ്പിള ലഹള വ്യത്യസ്തമായ ഒന്നായിരുന്നു. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ അതിന് കഴിഞ്ഞിട്ടില്ല. മുസ്‌ലിം ചരിത്രകാരനായ ഐ. എച് ഖുറൈശി എഴുതുന്നു- മാപ്പിള കലാപം ഹിന്ദു ഭയങ്ങളെ സ്ഥിരീകരിക്കുകയും ഹിന്ദു മൈത്രിയുടെ ശവക്കല്ലറയില്‍ ആദ്യത്തെ ആണിയടിക്കുകയും ചെയ്തു.

സര്‍ മുഹമ്മദ് ഇഖ്ബാലിന്റെ അഭിപ്രായം: ഒരു മൃദു വിമര്‍ശനം

ഗാന്ധിയുടെ ഹിന്ദു നവീകരണത്തിനെതിരായ നിശിതവിമര്‍ശനങ്ങള്‍ പാകിസ്ഥാന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് വരുന്നത്. ആ ആശയം പൂര്‍ണമായും പുഷ്പിക്കുന്നതിന്റെ മുമ്പ് മുഹമ്മദ് ഇഖ്ബാല്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ഇഖ്ബാലും ഗാന്ധിയും പരസ്പരം ശ്രദ്ധിച്ചിരുന്നില്ല. അതിന്റെ കാരണങ്ങള്‍ പിന്നീട് വ്യക്തമാകുകയുണ്ടായി. ഇഖ്ബാലിന്റെ കവിത അവര്‍ രണ്ട് പേരെയും വര്‍ണിക്കുന്നുണ്ട്.

അടിമത്വത്തില്‍ ജീവിതം ചെറിയ ഒരു അരുവിയിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു.
സ്വാതന്ത്ര്യത്തിലാകട്ടെ ജീവിതം അതിരില്ലാത്ത സമുദ്രത്തെപ്പോലെയാണ്.

ഇഖ്ബാലിന്റെ ആദ്യത്തെ മുന്‍ഗണന ഗാന്ധിയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇസ്്‌ലാമിന്റെ പുനരുജ്ജീവനമായിരുന്നു ഇഖ്ബാലിന്റെ മനസിലുണ്ടായിരുന്നത്്. മാത്രവുമല്ല, തത്വശാസ്ത്രപരവും കവ്യാത്മകവുമായ ഇഖ്ബാലിന്റെ ജീവിതം രാഷ്ട്രീയ ഇടപെടലുകളെക്കാള്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ടീയം പഞ്ചാബില്‍ പരിമിതമാണ്. ഗാന്ധിയെയും മുസ്‌ലിം നേതാക്കളേയും ഒരുമിപ്പിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുക്കേണ്ട എന്നാണദ്ദേഹം തീരുമാനിച്ചത്. ഇഖ്ബാലിന്റെ രാജ്യസ്‌നേഹത്തെയും കവിതയെയും ഗാന്ധി ഇഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒന്നിലധികം തവണ അദ്ദേഹം ഈ ഗസല്‍ വരികള്‍ ഉദ്ധരിക്കുകയുണ്ടായി. ‘പരസ്പരം അസൂയ വെച്ച് പുലര്‍ത്താന്‍ മതം നമ്മെ പഠിപ്പിക്കുന്നില്ല’. ഇന്ത്യന്‍ ദേശീയതയുടെ പ്രവാചകന്‍ എന്ന ഗാന്ധിയുടെ പ്രത്യേക സ്ഥാനത്തെ ഇഖ്ബാല്‍ അംഗീകരിച്ചെങ്കിലും വ്യക്തിയാരാധനയെ അദ്ദേഹം പിന്തുണച്ചിരുന്നില്ല. ഒരിക്കല്‍ വൈസ്രോയി അധ്യക്ഷത വഹിച്ച ഒരു യോഗത്തില്‍ ഗാന്ധി വന്നപ്പോള്‍ ഇഖ്ബാല്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ച് മുഹമ്മദ് ദാവൂദ് രഹ്ബാന്‍ പറയുന്നുണ്ട്. അത്തരം ആദരവുകള്‍ ഇസ്‌ലാമികമായി അനുചിതമാണ് എന്നതായിരുന്നു കാരണം.

ഇഖ്ബാലിന്റെ ആദ്യഗാന്ധിവിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ തന്നെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു മുസ്‌ലിം പ്രദേശത്തെക്കുറിച്ച വീക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അവിടെ ആധുനികരീതിയല്‍ മുസ്‌ലിംകള്‍ക്ക് സ്വതന്ത്രമായി അവരുടെ ജീവിതം വികസിപ്പിക്കാം. വ്യത്യസ്തങ്ങളായ സമ്മതിദായകര്‍ ആവശ്യമാണെന്നായിരുന്നു ഇഖ്ബാല്‍ ഉന്നയിച്ചത്. മതമൈത്രിയോടുള്ള തന്റെ പ്രതിബദ്ധതയോടുള്ള സംഘട്ടനമായി ഈ സമീപനത്തെ അദ്ദേഹം കണ്ടിരുന്നില്ല. 1930 ഡിസംബര്‍ 29 ന് ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ അലഹാബാദ് സെഷനെ അഭിമുഖീകരിച്ച് കൊണ്ട് ഇഖ്ബാല്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗത്തില്‍ വെച്ച് ഇന്ത്യയില്‍ അത്തരം പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധമായ പ്രമേയം അവതരിപ്പിക്കുകയുണ്ടായി. (അത് പിന്നീട് പാക്കിസ്ഥാനായി പരിണമിച്ചു).

ഇന്ത്യയെപ്പോലൊരു രാജ്യത്ത് പരസ്പരം പൊരുത്തമുള്ള അവസ്ഥ സംജാതമാക്കുന്നതില്‍ പ്രാദേശികത്വം അനിവാര്യമായ ഒരു സംഗതിയാണ്. അത് വ്യക്തികളെ ശ്വാസം മുട്ടിക്കുന്നതിന് പകരം അവരില്‍ മറഞ്ഞിരിക്കാവുന്ന സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ള അവസരമാണ് നല്‍കുന്നത്. അങ്ങനെ ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിനകത്ത് വികസനത്തിന്റെ മുഴുവന്‍ സാധ്യതയെയും അത് നമുക്ക് നല്‍കുന്നു.

1931-ല്‍ നടന്ന രണ്ടാം വട്ടമേശസമ്മേളനത്തില്‍ നടന്ന ചര്‍ച്ചയോടും 1932 ലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കമ്മ്യൂണല്‍ അവാര്‍ഡോടും കൂടിയാണ് അദ്ദേഹം അവതരിപ്പിച്ച പ്രശ്‌നം മൂര്‍ത്തമാവുന്നത്. കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്നുവെന്നും ഭാവിയില്‍ ഇന്ത്യക്കാര്‍ ‘ ഇന്ത്യക്കാര്‍’ എന്ന നിലയില്‍ത്തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന ഗാന്ധിയുടെ വീക്ഷണത്തെ വട്ടമേശസമ്മേളനത്തിലുണ്ടായിരുന്ന ഇഖ്ബാല്‍ എതിര്‍ത്തു. മുസ്‌ലിം പ്രദേശത്തിന് വേണ്ടി വാദിച്ചുവെങ്കിലും ഹിന്ദുവിന്റെ ആത്മബോധത്തിന് എതിരായിരുന്നില്ല അദ്ദേഹം. മറിച്ച് മുസ്‌ലിംകളുടെ ആവശ്യങ്ങളെ അവഗണിക്കുന്ന ഹിന്ദുക്കളുടെ നിലപാടിനെയാണ് അദ്ദേഹം എതിര്‍ത്തത്. ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ഗാന്ധി കമ്മ്യൂണല്‍ അവാര്‍ഡിനെ എതിര്‍ത്തതെന്നാണ് ഇഖ്ബാല്‍ മനസിലാക്കിയത്. അദ്ദേഹം പ്രഖ്യാപിച്ചു; ‘ദലിതര്‍ക്ക് വേണ്ടിയുള്ള പ്രത്യേകമായ സമ്മതിദായകര്‍’ ഹിന്ദുക്കളെ ശിഥിലമാക്കുമെങ്കില്‍ ഒന്നിച്ചുള്ളവ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അന്ത്യമാണ്. തങ്ങളുടെ പ്രത്യേകമായ ഐഡന്റിറ്റിയെ കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍ വിഭിന്നമായ സമ്മതിദായകര്‍ എന്ന ആവശ്യം ഒരിക്കലും കൈയൊഴിയരുതെന്നാണ് മഹാത്മാഗാന്ധിയുടെ സമീപനത്തില്‍ നിന്നും വ്യക്തമാകുന്നത്’. ഇഖ്ബാലിന്റെ വീക്ഷണത്തില്‍, ദലിതര്‍ക്കെതിരായ ഹിന്ദുക്കളുടെ പീഡനങ്ങളെ രൂക്ഷമായി എതിര്‍ക്കുകയാണ് ഗാന്ധി ചെയ്യേണ്ടിയിരുന്നത്; അവരുടെ സംരക്ഷകന്‍ ആവുകയായിരുന്നില്ല. ഗാന്ധിയുടെ നവീകരണത്തിനെതിരെയുള്ള രൂക്ഷവിമര്‍ശനത്തിനായി നമ്മള്‍ മുഹമ്മദലി ജിന്നയെ വായിക്കുകയാണ് വേണ്ടത്.

(റൊളാണ്ട് ഇ മില്ലറുടെ Gleaned from Indian Critiques of Mahathma Gandhi, (Edited by Harold Coward) എന്ന പുസ്തകത്തില്‍ നിന്ന്)

 

വിവര്‍ത്തനം – സഅദ് സല്‍മി

‘Posted by permission from  Indian Critiques of Gandhi edited by Harold Coward, the State University of New York Press ©2003, State University of New York.  All rights reserved.’

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting