വായിച്ചു തീരാതെ ബഷീര്‍
എഴുത്തുകാര്‍ രണ്ടു തരമുണ്ടെന്ന് തോന്നുന്നു. വായിച്ചയുടന്‍ തീര്‍ന്നു പോകുന്നവര്‍. വായിച്ചാലും വായിച്ചാലും തീര്‍ന്നുപോകാത്തവര്‍. ആദ്യത്തെ ഗണത്തില്‍പ്പെടുന്ന അനേകം എഴുത്തുകാരുടെ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് ഒറ്റയടിക്ക് ഓടിക്കയറും. രണ്ടാമത്തെ ഇനത്തിലുള്ളവരുടെ എണ്ണം വളരെ കുറവ്. അവരെ അത്ഭുതപ്രതിഭകള്‍ എന്ന് വിളിക്കുന്നു. ആധുനിക കാലത്ത് കവിതയില്‍ വൈലോപ്പിള്ളി, ഇടശ്ശേരി, ഗദ്യത്തില്‍ ബഷീര്‍, മാധവിക്കുട്ടി, ഒ.വി.വിജയന്‍- ഇങ്ങനെയാണ് അതിന്റെ ഇരിപ്പു വശമെന്ന് വ്യക്തിപരമായി എനിക്ക് തോന്നാറുണ്ട്. കാടിന്റെ സ്വാഭാവികവും താരതമ്യേന സുഗമവുമായ ഋജുജീവിതത്തില്‍ നിന്നു നാഗരികതയിലേക്ക് വന്ന മനുഷ്യന്റെ എക്കാലത്തേയും വിഷയം വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനിലുണ്ട്. ദാമ്പത്യം എന്ന എക്കാലത്തേയും ‘കഷ്ടപ്പാടി’നെപ്പറ്റി കണ്ണീര്‍പ്പാടത്തില്‍ എഴുതിയിട്ടുണ്ട്, ഈ കവി. ലോകത്തിന് പാരിസ്ഥിതിക എഴുത്തും ഇക്കോ പൊളിറ്റിക്‌സും വരുന്നതിന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇടശ്ശേരി കുറ്റിപ്പുറം പാലവും കറുത്ത ചെട്ടിച്ചികളും എഴുതി. മലയാളത്തിന്റെ ഏറ്റവും വലിയ പാരിസ്ഥിതിക കഥ (ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ മുന്തിയത്) ഏതെന്ന് ചോദിച്ചാല്‍ നമുക്ക് സംശയമേതുമില്ല, അത് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയാണ്. തേന്മാവ് പോലുള്ള വേറെയും കഥകള്‍ ബഷീറിന്റേതായുണ്ട്. മികച്ച സര്‍ഗ്ഗാത്മക എഴുത്തുകാരൊക്കെ സഹജാവബോധത്താല്‍ തങ്ങളുടെ രചന നിര്‍വ്വഹിക്കുന്നവരാണ്. കണ്ടല്‍ക്കാടുകള്‍ വെച്ചു പിടിപ്പിച്ച പൊക്കുടനും പ്രകൃതിയുടെ വിരിമാറിലെഴുതിയ കവിയായിട്ടാണ് ഞാന്‍ പരിഗണിക്കുന്നത്.
ഒരുമിച്ച് വായിച്ചു തീര്‍ക്കാമെന്നു കരുതി എഴുത്തുകാരുടെ പുസ്തകത്തിനു മുന്നില്‍ ചെന്നിരിക്കുന്ന ചില മണ്ടന്മാരുണ്ട് ഭൂമിയില്‍. ഈ മണ്ടന്മാര്‍ക്കുള്ള വെല്ലുവിളി കൂടിയാണ് ബഷീര്‍. കാരണം ബഷീറിന്റെ രചനകള്‍ രണ്ടു നിലയ്ക്ക് അതിന്റെ വേരുകള്‍ താഴ്ത്തിപ്പോകുന്നുണ്ട്. ഒന്ന്: ബഷീര്‍ എഴുതിയ ഓരോ കഥയുടെയും കാലം. അത് പലപ്പോഴും പൊളിച്ചു വായിക്കാത്ത കത്താണ്. ഭര്‍ര്‍റ്!! എന്ന ബഷീറിന്റെ രചനയെ ഒരു തമാശക്കഥയായി വായിച്ചവരാണ് നമ്മളില്‍ ഏറെ പേരും. കഥാനായകന് ഒരുത്തിയോട് മുടിഞ്ഞ പ്രേമം. ആ പ്രേമം അവളെ അറിയിക്കാനാവുന്നില്ല. പരിശ്രമങ്ങള്‍, സ്വപ്നങ്ങള്‍. ഒടുവില്‍ അവളെ കാണാന്‍ പോകുന്നു. പ്രണയം വെളിപ്പെടുത്താനാവാതെ പരുങ്ങി നില്‍ക്കുന്ന കഥാനായകന്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ഭര്‍ര്‍റ്!! അത് കാമുകിയുടെ അധോവായുവാണ്. അതോടെ കാല്പനികതയുടെയും സ്വപ്നങ്ങളുടെയും ഊതി വീര്‍പ്പിച്ച ബലൂണ്‍ മനസ്സില്‍ നിന്ന് പൊട്ടിപ്പോകുന്നു! ഇതാണ് പ്രത്യക്ഷത്തില്‍ കഥ. ഇതുവായിച്ച് ഒരു അമളിയനുഭവം എന്ന മട്ടില്‍ കടന്നുപോകുന്നവര്‍ കഥയുടെ ഉപരിതലത്തെ മാത്രം കണ്ടുപോകുന്നു.
ചങ്ങമ്പുഴ-ഇടപ്പള്ളി കാല്പനികകാലം അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് ബഷീറിന്റെ രചന സംഭവിക്കുന്നത്. രമണന്‍ അനേകായിരം കോപ്പികള്‍ അച്ചടിക്കുകയും സാഹിത്യപ്രേമികള്‍ അത് ഹൃദ്യസ്ഥമാക്കി പാടി നടക്കുകയും ചെയ്യുന്ന കാലഘട്ടം. ഭൂമിയില്‍ കാല്‍ തൊടാത്ത ഈ കാല്പനിക കുമിളയെ ബഷീര്‍ ‘അറ്റാക്ക്’ ചെയ്തതു കൂടിയാണ് കഥ. ഇതു മനസ്സിലാക്കാന്‍ കഥയെഴുതിയ കാലത്തെ കൂടി വായിക്കേണ്ടിയിരിക്കുന്നു.
മറ്റൊന്ന്, കഥയെ അകാലികമാക്കി വരും കാലത്തേക്കു കൂടി സുഗമസഞ്ചാരത്തിനു വിടുന്ന രീതി കൂടി ബഷീറിയന്‍ കഥകളുടെ പ്രത്യേകതയാണ്. ഭൂമിയുടെ അവകാശികള്‍ എന്ന കഥ ഒരുദാഹരണം. ലോകാവസാനം വരേക്കും എഴുതപ്പെട്ട കഥയാണിത്. കാരണം വീടുനില്‍ക്കുന്ന രണ്ടേക്കര്‍ പറമ്പും അതിലെ തിര്യക്കുകളും തുല്യ അവകാശികളാണ്; അമീബ തൊട്ട് മനുഷ്യര്‍ വരെയുള്ള ജീവിക്ക് ഈ ഭൂമിയില്‍ തുല്യ അവകാശമാണ്. മാര്‍ക്‌സ് പോലും എല്ലാ മനുഷ്യര്‍ക്കും ഈ ഭൂമിയില്‍ തുല്യ അവകാശമാണെന്നേ പറഞ്ഞുള്ളൂ. പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന്റെ ആലോചനാബീജങ്ങള്‍ അവയ്ക്കകത്ത് ഉണ്ടെന്നേയുള്ളൂ. സമഗ്ര ജൈവികത എല്ലാ ജീവജാലങ്ങളുടെയും നിലനില്പിന്റെ കേന്ദ്രബിന്ദുവാണെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യനറിയാം. ഋഷിതുല്യരാണ് കവികള്‍ എന്നതിന് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം തെളിവ്. അത് സത്യത്തില്‍ ഒരു പാരിസ്ഥിതിക കാവ്യമാണ്. കണ്വാശ്രമമാണ് ആരോഗ്യകരമായ പാരിസ്ഥിതിക മാതൃകാപ്രദേശം. ദുഷ്യന്തന്റെ ഇടം നാഗരികതയുടെ അപകടകരവും ക്രൂരവുമായ സുഖവിസ്മൃതിയാണ്. വ്യവസായ വിപ്ലവത്തിലും നെഹ്രൂവിയന്‍ പഞ്ചവത്സര പദ്ധതിയിലും ഉറുമ്പ് ഒരു വിത്തുതീനിയാണ്. അതുകൊണ്ട് ഡി.ഡി.റ്റി കൊണ്ട് നമ്മളതിനെ കശാപ്പ് ചെയ്ത് ഓടിച്ചു. ഇതു പാരിസ്ഥിതിക ആക്രമമാണെന്നും അതിനു കുറെകൂടി ജൈവികമാര്‍ഗ്ഗങ്ങളാണ് അവലംബിക്കേണ്ടതെന്നും നമുക്കിന്നറിയാം. ഈ പ്രാപഞ്ചിക സത്യത്തിന്റെ കഥാവിഷ്‌കാരമാണ് ബഷീറിന്റെ പല രചനകളും. വികസനത്തിന്റെയും വ്യവസായവത്കരണത്തിന്റെയും പേരില്‍ ദരിദ്രരാജ്യങ്ങളില്‍ നടക്കുന്ന അന്തമറ്റ പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചിത്രംതന്നെ ധാരാളം. അമ്പതുകളുടെ പരിസരത്ത് പിറന്നുവീണ രചനകളിലാണ് സഹജാവ വാസനയാല്‍ ഉരുവം കൊണ്ട മികച്ച പാരിസ്ഥിതിക രചനകള്‍ മലയാളത്തിലുണ്ടായതെന്ന് തോന്നുന്നു. കാരൂറിന്റെ ഉതുപ്പാന്റെ കിണര്‍ ഇത്തരുണത്തില്‍ ഓര്‍ക്കുക. ആഗോളീകരണകാലത്തെ വാട്ടര്‍ പൊളിറ്റിക്‌സിനെ കുറിച്ച് ഇന്ന് നാം ആളുകളോട് അതിവാചാലമാവേണ്ടതില്ല. ഉതുപ്പാന്റെ കിണര്‍ എഴുതപ്പെട്ടത് എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ്. ഇത്തരം അവബോധങ്ങളിലേക്ക് അഴരെയൊക്കെ പ്രചോദിപ്പിച്ചത് സാത്വിക ആത്മീയതയാവാം. ശുദ്ധമതം എന്നതിന്റെ അതിരിനടുത്തുപോലും വരാത്ത വേദോപനിഷല്‍ ചിന്തകളില്‍ അവയുടെ ഉള്ളടക്കമുണ്ട്. ബുദ്ധദര്‍ശനങ്ങളിലുണ്ട്. ഖുര്‍ആന്‍ സ്വാധീനത്താല്‍ എഴുതപ്പെട്ട എത്രയോ ബഷീര്‍ക്കഥകളുണ്ട്.
മികച്ച എഴുത്തുകാര്‍ക്ക് സാമാന്യമായി ഉണ്ടായിരിക്കുന്ന അനേകഗുണങ്ങളില്‍ താഴെ കാണുന്നവ പരമപ്രധാനമാണെന്ന് തോന്നുന്നു.
1. ഉയര്‍ന്ന കാല സങ്കല്പം: അറുപതോ അറുപത്തഞ്ചോ കൊല്ലം വരുന്ന ആയുഷ്‌കാലത്തെ കേന്ദ്രീകരിച്ചോ, താന്‍ ജീവിക്കുന്ന പരിസരവുമായി ബന്ധപ്പെട്ടോ (എന്‍.ജി.ഒ, പെന്‍ഷന്‍, വോട്ട്കാലം, കല്യാണ പ്രായം…) ഉണ്ടാക്കിവെച്ച കാല സങ്കല്പത്തിന് അടിപ്പെടാത്ത അന്തമറ്റ പ്രാപഞ്ചികകാലത്തെ കാണാനുള്ള കെല്പ്.
2. ഉയര്‍ന്ന ആത്മീയത: ഇന്ന് കൊണ്ടാടപ്പെടുന്ന എഴുത്തുകാര്‍ ഏറെയും തനിഭൗതികവാദികളും ഭൗതികപ്രശ്‌നങ്ങളിലധിഷ്ഠിതമായി വിഷയത്തെ പരിമിതപ്പെട്ടു ചിന്തിക്കാന്‍ മാത്രം കെല്പുള്ള ‘അവനവനിസ്റ്റു’കളുമാണ്.
3. രാഷ്ട്രീയത: തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള ഉള്ളുണര്‍വ്വ്, അന്യരുടെ പ്രശ്‌നങ്ങളില്‍ ഭാഗഭാക്കാവാനുള്ള മനസ്സ്. അന്യരെക്കുറിച്ചുള്ള ഉത്കണ്ഠ ഒരേ സമയം ആത്മീയതയും രാഷ്ട്രീയതയുമാണ്.
4. നിസ്സംഗഫലിതം: അന്യരെ പരിഹസിച്ചുണ്ടാക്കുന്ന വിലകുറഞ്ഞ ഫലിതത്തിനപ്പുറത്ത് താത്വിക വിചാരത്താലുണ്ടാക്കുന്ന ഫലിതം. അതില്‍ തന്നെ നിരാകരിക്കാനുള്ള വാസന.
നമ്മുടെ ബഷീറില്‍, മാധവിക്കുട്ടിയില്‍, ഒ.വി.വിജയനില്‍ ഇവ യഥേഷ്ടം കുടികൊള്ളുന്നു. ഈ ഉയര്‍ന്ന എഴുത്തുകാര്‍ താന്‍ എന്ന വ്യക്തി നിരാകരിക്കപ്പെടുന്നതോര്‍ത്ത് വേവലാതിപ്പെടുന്നതില്‍ തൃപ്തരല്ല. മലയാളി അര്‍ഹിക്കാത്തതിനേക്കാള്‍ മഹത്വമാര്‍ന്ന മൂന്ന് എഴുത്തുകാരാണിവര്‍.