ഗാന്ധിയും മാനവിക സാഹോദര്യവും
മനുഷ്യര്‍ക്കിടയില്‍ സമത്വം എന്നത് ഒരു സങ്കല്‍പമാണ്.മതങ്ങളും ദര്‍ശനങ്ങളും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും അവയുടെ അധ്യാപനങ്ങളുടെയും തത്വങ്ങളുടെയും വ്യവസ്ഥകളുടെയുമൊക്കെ അന്തസ്സത്തയായി സമത്വം എന്ന ആശയത്തെ മുന്നോട്ടു വെക്കുന്നു. ഓരോ വ്യക്തിക്കും തുല്ല്യമായ പരിഗണനയും നീതിയും ലഭിക്കണം എന്ന ആശയം. ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹങ്ങളിലൂടെയും രാഷ്ട്രങ്ങളിലൂടെയും യാത്ര ചെയ്യുകയാണെങ്കില്‍ നമുക്ക് ബോധ്യമാവുന്നത് ഈ വിഷയത്തില്‍ നാമിനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ വികാസം പ്രാപിച്ചിട്ടുണ്ട്, ചാര്‍ട്ടറുകളും പ്രഖ്യാപനങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്, നിയമങ്ങള്‍് കുറെ പാസാക്കപ്പെട്ടു. എന്നിട്ടും അസമത്വവും വിവേചനവും എല്ലായിടത്തും പ്രകടമായിത്തന്നെ നിലനില്ക്കുന്നു.
സാര്‍വലൗകികമായി സമത്വം എന്നത് യഥാര്‍ത്ഥത്തില്‍ നിയമപരമായ തത്വമാണെങ്കിലും അത് നടപ്പിലാക്കാന്‍ മാത്രം ഇവിടെയുള്ള നിയമത്തിന് പോരായ്മകളുണ്ട് എന്ന് പറയാതെ വയ്യ. നിയമത്തെപ്പറ്റി സംസാരിക്കുന്നതിനു മുമ്പ് എന്താണ് മാനവികത, അതിന്റെ നാനാത്വവും ഏകത്വവും എങ്ങനെ എന്നൊക്കെ നമ്മള്‍ ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും വേണം. കൂടാതെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാതെയോ മനുഷ്യന്‍, നന്മ, സാമൂഹിക-രാഷ്ട്രീയ മാതൃകകള്‍ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതെയോ നിയമവ്യവസ്ഥ ഉണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ മാനുഷികബന്ധങ്ങളുടെ സ്വഭാവം സ്ഥാപിക്കുന്ന ഒരു ധാര്‍മികതത്വശാസ്ത്രം ഇല്ലാതെ മനുഷ്യര്‍ക്കിടയില്‍ ഭരണഘടനാപരമായ സമത്വത്തെക്കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ല. നിയമങ്ങളെ നാം അവയുടെ തത്വശാസ്ത്രങ്ങളുടെയും എപ്പോഴും അവയ്ക്ക് അധികാരവുമായുള്ള ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തണം.
മനുഷ്യവംശത്തിന് പൊതുവായ ഉറവിടമാണുള്ളതെന്നും അതു കൊണ്ട് അവരെല്ലാം തുല്ല്യരാണെന്നുമുള്ള അടിസ്ഥാന തത്വം പുരാണ ദര്‍ശനങ്ങളും തത്വചിന്തകളും പലപ്പോഴും സ്ഥാപിച്ചിരുന്നു. പക്ഷെ അത് വ്യാഖ്യാനിക്കപ്പെട്ട രീതി അസമത്വത്തെയും ബൗദ്ധികവും മതകീയവും രാഷ്ട്രീയവുമായ അധീശത്വങ്ങളെയും നീതീകരിക്കുകയുണ്ടായി. ഗ്രീക്കുകാരുടെയും (പിന്നീട് റോമക്കാരുടെയും) ബാര്‍ബേറിയന്‍മാരുടെയും ഇടയിലും മതപരമായി റിപ്രോബാറ്റ്‌സ് (തെമ്മാടികള്‍) എന്നു വിളിക്കപ്പെട്ടവര്‍ക്കിടയിലും പരിഷ്‌കൃതരുടെയും കോളനിവത്കരിക്കപ്പെട്ടവരുടെയുമിടയിലും ചിലപ്പോള്‍ ജ്ഞാനോദയ തത്വശാസ്ത്രത്തിന്റെ പേരിലും ഇങ്ങനെ സംഭവിക്കുകയുണ്ടായി. മനുഷ്യരെല്ലാം ആദമില്‍ നിന്നാണുണ്ടായതെന്ന സത്യം, അല്ലെങ്കില്‍ ജൈവികപരിണാമം എന്നത് ഒരു സ്ഥാപിത വസ്തുതയാണ്, അല്ലെങ്കില്‍ വംശം എന്ന ആശയം ശാസ്ത്രീയമായും വസ്തുനിഷ്ഠാപരമായും ഖണ്ഡിക്കപ്പെട്ട വെറും ഒരു ധൈഷണിക നിര്‍മ്മിതി മാത്രമാണെന്ന ശാസ്ത്രത്തിന്റെ വാദം തുടങ്ങിയവ നാം അംഗീകരിക്കുന്നുവെന്ന വസ്തുത ഇതില്‍ ഒരു മാറ്റവുമുണ്ടാക്കുന്നില്ല. തത്വശാസ്ത്രങ്ങളും വ്യവഹാരങ്ങളും അപരനെയും സ്വന്തത്തെയും കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന അസമത്വത്തെ സാധൂകരിക്കുന്നു. വിവേചനത്തെ തിരുത്താനും നിയന്ത്രിക്കാനും നിയമങ്ങള്‍ ശ്രമിച്ചാലും പുതിയൊരു സന്തുലിതാവസ്ഥ കൊണ്ടുവരാനുള്ള അതിന്റെ പ്രാപ്തി ഭാഗികവും അപൂര്‍ണവുമാണ്. ഒരിക്കല്‍ കൂടി ധാര്‍മികമായ ഈ പ്രശ്‌നം നാം അതിന്റെ യുക്തിപരമായ പരിസമാപ്തിയിലേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു. തത്വശാസ്ത്രപരമായ സങ്കല്പങ്ങളും വിശ്വാസപ്രമാണങ്ങളും ശാസ്ത്രീയസത്യങ്ങളും മാറ്റിനിര്‍ത്തി വ്യക്തികളോടും സമൂഹങ്ങളോടും നാം ചോദിക്കണം: എന്താണ് മനുഷ്യനെയും മാനവികസാഹോദര്യത്തെക്കുറിച്ചും അവന്‍ കരുതുന്നതെന്ന്.
ജാതിവ്യവസ്ഥയെയും ഹൈന്ദവതയെയും ഉയര്‍ത്തിക്കാട്ടിയാണ് ഗാന്ധിജിയുടെ സമരത്തെ ചിലര്‍ സ്മരിക്കുന്നത്. ഗാന്ധി സ്‌നേഹപൂര്‍വം ‘ദൈവത്തിന്റെ മക്കള്‍്’ ( ഹരിജന്‍ ) എന്നു വിളിച്ച ‘പറയരും’ അംബേദ്കറെ പോലുള്ളവര്‍ സ്വയം വിശേഷിപ്പിച്ച ദലിതരും അടങ്ങിയ ‘തൊട്ടുകൂടാത്തവരായ’ ഇവരെല്ലാം തന്നെ ക്ലാസിക്കല്‍ ഹൈന്ദവ ദര്‍ശനത്തില്‍ പറയുന്ന നാലു വര്‍ണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുകയോ പാര്‍ശ്വവല്‍കരിക്കപ്പെടുകയോ ചെയ്തവരാണ്. ആ ദര്‍ശനം അനുസരിച്ച് പ്രാപഞ്ചിക സംവിധാനം സമ്പൂര്‍ണ്ണമാണ്. സാര്‍വലൗകിക നിയമം അതായത് ധര്‍മ ജാതി വ്യവസ്ഥയെയും ജാതി വിഭാഗങ്ങളെയും സ്ഥാപിക്കുകയും ചെയ്യുന്നു. അത്തരം വ്യവസ്ഥകളുടെയും വര്‍ഗീകരണത്തിന്റെയും സമ്പൂര്‍ണമായ പ്രതിനിധാനമാണ് വ്യത്യസ്ത ജാതികള്‍. അവ ധര്‍മത്തെ ആദരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സ്ഥൂലപ്രപഞ്ചത്തിന്റെ ക്രമവുമായി സൗഹാര്‍ദപൂര്‍വം നിലകൊള്ളണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ആദരിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. പുരോഹിതര്‍, ബുദ്ധിജീവികള്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന ബ്രാഹ്മണരും, രാജാക്കന്‍മാരും യോദ്ധാക്കളുമടങ്ങുന്ന ക്ഷത്രിയരും, ശില്‍്പികളും കച്ചവടക്കാരുമടങ്ങുന്ന വൈശ്യരും തെരെഞ്ഞെടുക്കപ്പെട്ടവരും വിദ്യ നേടാന്‍ അര്‍ഹരുമായിരുന്നു. അതേ സമയം അനവധിയായി വിഭജിക്കപ്പെട്ട ശൂദ്രന്മാര്‍ സാമൂഹിക-ആത്മീയ തലങ്ങളില്‍ താഴ്ന്ന ജോലികള്‍ ചെയ്ത് വരേണ്യ ജാതികളെ സേവിച്ചു പോന്നു. പറയരാവട്ടെ ഈ ജാതി വ്യവസ്ഥക്കും പുറത്തായി പ്രപഞ്ചക്രമത്തിന്റെ ഏറ്റവും അടിത്തട്ടിലായി മറ്റൊരു ജാതിയായി നിലകൊണ്ടു. അവര്‍ അശുദ്ധിയിലും അവഹേളനത്തിലും ദാരിദ്ര്യത്തിലുമായി ജീവിക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ ഇത് ഉയര്‍ന്നവരുടെയും താഴ്ന്നവരുടെയുമായ ശ്രേണിയും അതിന്റെതായ സാമൂഹിക ബന്ധങ്ങളും- ഇടങ്ങള്‍, കച്ചവടം, കല്ല്യാണം, കൂട്ടുകെട്ട് തുടങ്ങിയവ- ആവശ്യമായ ഒരു വ്യവസ്ഥയാണ്. അയിത്തം കല്പിക്കപ്പെട്ടവര്‍ക്കും ഹരിജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുവാനും അവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുവാനും അവര്‍ക്ക് നീതി ലഭിക്കുവാനും ഗാന്ധി പോരാടി. സാമഹികസംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നേരിടേണ്ടി വന്ന അനീതികള്‍ക്കെതിരെയും അവഹേളനങ്ങള്‍ക്കെതിരെയും അദ്ദേഹം നിസ്സീമമായ സമരം നയിച്ചു.
1934 ജനുവരിയില്‍ ബീഹാറില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ അത് വരേണ്യജാതിക്കാര്‍ താഴ്ന്ന ജാതിക്കാരോടു കാണിക്കുന്ന തെറ്റുകളുടെയും ധാര്‍ഷ്ട്യത്തിന്റെയും ഫലമാണെന്ന് ഗാന്ധിജി വ്യാഖ്യാനിച്ചു. 1948ല്‍ അദ്ദേഹം മരിക്കുമ്പോള്‍ ജാതി സമ്പ്രദായം നിരോധിക്കപ്പെട്ടിട്ട് ഒരു വര്‍ഷമായിരുന്നു. നെഹ്‌റു നിയമിച്ച അംബേദ്കറിന്റെ നേതൃത്വത്തിലുണ്ടായ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. കീഴ്ജാതിക്കാരോടുള്ള ഗാന്ധിയുടെ അമിതമായ പിതൃമനോഭാവത്തെ തുടക്കത്തിലെ എതിര്‍ത്തിരുന്നവരിലൊരാളാണ് അംബേദ്കര്‍, താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നാണ് വിളിക്കേണ്ടതെന്നദ്ദേഹം ആവശ്യപ്പെടുകയും പാര്‍ശ്വതത്കരിക്കപ്പെട്ട ഇവര്‍ക്ക് അനുകൂലമായ രീതിയില്‍ ഭരണകൂടം ഇവരോട് വിവേചനപൂര്‍വം താത്പര്യം കാണിക്കണമെന്ന ആശയം മുന്നോട്ടു വെക്കുകയും ചെയ്തു. ഇവിടുത്തെ നിയമങ്ങള്‍ക്ക് മനുഷ്യന്റെ മാനസികാവസ്ഥ മാറ്റിയെടുക്കാനുള്ള കരുത്തില്ലാതെ പോയി. ദൈനംദിന ജീവിതത്തിന്റെ നിശബ്ദതയില്‍ നിയമങ്ങളുടെ പരിധികള്‍ ലംഘിച്ചു കൊണ്ട് വ്യവസ്ഥിതികള്‍ അങ്ങനെത്തന്നെ തുടരുകയും ചെയ്തു.
സ്‌കൂളുകളിലും മറ്റും പഠിപ്പിക്കപ്പെട്ടിരുന്ന മനുഷ്യന്‍ എന്ന ആശയത്തിന്റെ മര്‍മ്മം മതങ്ങളുടെയും ദര്‍ശനങ്ങളുടെയും ഹൃദയത്തില്‍ക്കിടക്കുന്ന സാഹോദര്യം എന്നതിന്റെയും ധാര്‍മികാര്‍ത്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കണമെന്ന് ഗാന്ധിജിക്ക് ബോധ്യമാവുകയും അത് അദ്ദേഹം മറ്റുള്ളവരോട് ഊന്നിപ്പറയുകയും ചെയ്തു. അങ്ങിനെ ചെയ്യാത്തിടത്തോളം കാലം, ജനങ്ങള്‍ ഉത്ബുദ്ധരാകാത്തിടത്തോളം കാലം നിയമം എന്നത് അധികാരം കയ്യാളുന്നവരുടെ കയ്യിലെ മര്‍ദകോപകരണമായി തുടരുമെന്നദ്ദേഹം പറഞ്ഞു. അയിത്ത ജാതിക്കാരന്റെ മകനായി പിറന്ന് നീതിക്കും സമത്വത്തിനും നിര്‍ഭയത്തോടെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ച അംബേദ്കറും സവര്‍ണജാതിക്കാരുടെയും സമ്പന്നരുടെയും അകമഴിഞ്ഞ പിന്തുണയോടു കൂടിത്തന്നെ അധസ്ഥിതരെ സ്‌നേഹിക്കാന്‍ ആഹ്വാനം ചെയ്യുകയും പരിഷ്‌കരണത്തിന് ശ്രമിക്കുകയും ചെയ്ത ഗാന്ധിജിയും തമ്മിലുള്ള സംവാദത്തില്‍ ഈ പറഞ്ഞത് കേന്ദ്രസ്ഥാനത്ത് വരുന്നു.
ഗാന്ധിജി ഒരു മതവിശ്വാസിയും സജീവ പൊതു പ്രവര്‍ത്തകനും ആയിരിക്കെ തന്നെ സ്വയം വിശദീകരിച്ചത് താന്‍ ഹിന്ദുവും, ക്രിസ്ത്യനും, ബുദ്ധനും, ജൂതനുമാണെന്നാണ്. ഈ മതങ്ങളുടെയെല്ലാം ദൈനം ദിന സാമൂഹ്യ സമ്പ്രദായങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. നാം നമ്മുടെ ധാര്‍മിക നിശ്ചയങ്ങളെ എന്ന് കയ്യൊഴിയുന്നുവോ അന്ന് നമ്മുടെ വിശ്വാസാദര്‍ശങ്ങളുടെ അന്ത്യമായിരിക്കുമെന്നദ്ദേഹം മുന്നറിയിപ്പ് നല്കി. തത്വവും പ്രയോഗവും പരസ്പര പൂരകങ്ങളായിരിക്കുകയും അവ യോജിച്ചു പോവുകയും ചെയ്യണം. ഇതേ ചോദ്യങ്ങളാണ് ഗാന്ധിയുടെ കാലത്തെ അതെ തീവ്രതയില്‍ വടക്കും തെക്കുമുള്ള ആധുനിക സമൂഹത്തിലൂടെയും ഓടിക്കൊണ്ടിരിക്കുന്നത്. പുരോഗതി കൈവരിച്ചതോ കൈവരിച്ചു കൊണ്ടിരിക്കുന്നതോ ആയ ഈ സമൂഹങ്ങളില്‍ ജാതി, വര്‍ഗം, വിഭാഗീയത എന്നിവ ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാതിയില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതൂ പോലെ പ്രകടമല്ലെന്നു തോന്നുന്നു. ഭാഷാഭേദബന്ധങ്ങളും അതിനനുബന്ധമായ ചോദ്യങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ദൈനംദിനം നാം കണ്ടുകൊണ്ടിരിക്കുന്ന അസമത്വങ്ങള്‍, നമ്മുടെ മനുഷ്യ സാഹോദര്യ സങ്കല്പങ്ങളെയും അടിസ്ഥാന തത്വ ശാസ്ത്രങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തുല്യ നീതിയിലധിഷ്ടിതമായ വ്യവസ്ഥകള്‍ തമ്മിലുള്ള പൊരുത്തത്തെ ഇവ വെല്ലുവിളിക്കുന്നു. നിയമങ്ങള കൂടാതെ നീതിയില്ല എന്നത് പോലെ നീതിയെ കൈവെടിഞ്ഞുള്ള നിയമങ്ങള്‍ക്കും പ്രസക്തിയില്ല എന്ന സമവാക്യം എല്ലാ മതങ്ങളിലും ദൈവ കേന്ദ്രീകൃതമോ ദൈവേതരമോ ആയ ആത്മീയതകളിലും രാഷ്ട്രീയ മാനവിക ദര്‍ശനങ്ങളിലും നമുക്കു കാണാം.
വിവര്‍ത്തനം- അയൂബ് റഹ്മാന്‍