നജ്‌റാന്‍: ചേരിതിരിയുന്ന രൂപകങ്ങള്‍
പ്രശസ്തമായ ആ നജ്‌റാന്‍ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് വര്‍ഗീയവാദികളല്ല തങ്ങളെന്ന് മുസ്‌ലിംകള്‍ പ്രഖ്യാപിക്കാറ്. പ്രവാചകന്‍ (സ) നജ്‌റാനില്‍ നിന്ന് വന്ന ഒരു ക്രൈസ്തവ സംഘത്തെ സ്വീകരിക്കുകയും, അവരുമായി ചര്‍ച്ച നടത്തുകയും, അവര്‍ക്ക് പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ സ്ഥലം ഒരുക്കികൊടുക്കുകയും ചെയ്തുവെന്ന് നാം പറയുന്നു. പ്രവാചകന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ സ്ഥലം ഒരുക്കിക്കൊടുത്തതായി ഹദീസില്‍ വ്യക്തമായി കാണുന്നില്ല. ഹദീസ് രചനകളില്‍ നിന്ന് നാം വായിക്കുന്നത് പ്രവാചകന്‍ സംഘത്തിന് ഇസ്‌ലാം പരിചയപ്പെടുത്തിക്കൊടുക്കുകയും, അവരത് അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ‘ലിആന്‍’ അനുഷ്ഠാനം നിര്‍വ്വഹിക്കുകയും ചെയ്തു എന്നാണ് (ലിആന്‍- പരസ്പര ശപഥം) രണ്ട് സംഘങ്ങളും തങ്ങള്‍ പറയുന്നത് കള്ളമാണെങ്കില്‍ ദൈവശാപം തങ്ങള്‍ക്കുണ്ടാകട്ടെ എന്ന് പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് ഇരുസംഘങ്ങളും ഏതാനും വിഷയത്തില്‍ ധാരണയിലെത്തി എന്നും ഹദീസില്‍ പറയുന്നുണ്ട്. എങ്കിലും ഇബ്‌നു ഇസ്ഹാഖിന്റെ നബി ചരിത്രത്തിലും ആദ്യകാല തഫ്‌സീറുകളിലും ക്രൈസ്തവ സംഘം പള്ളിയില്‍ പ്രാര്‍ത്ഥിച്ചതായി പറയുന്നുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമായി നിലനില്‍ക്കുന്ന സംഭവമാണിത്. ഈ സംഭവം പിന്താങ്ങുന്നത് പ്രാപഞ്ചിക നന്മ, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ഊന്നിപ്പറയുന്ന ഖുര്‍ആന്‍ വചനങ്ങളെയാണ്: ‘മാന്യരെ, നിങ്ങളെ ആണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയാണ് നിങ്ങളെ ജനസഞ്ചയങ്ങളും ഗോത്രങ്ങളുമാക്കിയത്. ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും മഹനീയര്‍, നിങ്ങളില്‍ ദൈവത്തെ കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തുന്നവരാണ്(49:13) . ‘ദൈവം നിങ്ങളില്‍ ചിലരെ ചിലരെകൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ദൈവനാമം ഉച്ചരിക്കപ്പെടുന്ന പള്ളികളും ചര്‍ച്ചുകളും ജൂത ദേവാലയങ്ങളും തകര്‍ക്കപ്പെടുമായിരുന്നു. ദൈവം അവനെ പിന്തുണക്കുന്നവരെ ഇഷ്ടപ്പെടുന്നു. ദൈവം അതിശക്തനും അത്യുന്നതനുമാണ് (22:40)
എന്നാല്‍ മുസ്‌ലിം ചരിത്രതല്‍പരര്‍ ആഘോഷിക്കുന്ന നജ്‌റാന്‍ ഇസ്‌ലാം ഭീതി വളര്‍ത്തുന്നവരുടെ ഇഷ്ടപ്പെട്ട വിഷയമാണ്. റോബര്‍ട്ട് സ്‌പെന്‍സര്‍ ഉള്‍പ്പെടെയുള്ള ‘ഇസ്‌ലാം ഭീതിതര്‍’ നജ്‌റാന്‍ ഇസ്‌ലാമിന്റെ സഹിഷ്ണുതയുടെ പ്രതീകമല്ലെന്ന് വാദിക്കുന്നവരാണ്. നജ്‌റാന്‍ വയലന്‍സിന്റെ, രണോത്‌സുകതയുടെ പര്യായമാണെന്ന് അവര്‍ പറയുന്നു. അറേബ്യന്‍ ഉപദ്വീപില്‍ (ജസീറത്തുല്‍ അറബ്) അമുസ്‌ലിംകള്‍ താമസിക്കുവാന്‍ പാടില്ല എന്നതുകൊണ്ട് ഉമര്‍ ബ്‌നു ഖത്താബ് (റ) നജ്‌റാനിലെ ക്രൈസ്തവരെ നജ്‌റാനില്‍ നിന്നും ആട്ടിയോടിച്ചുവെന്ന് ഫിലിപ് ഹിറ്റി ‘ഹിസ്റ്ററി ഓഫ് അറബ്‌സ്’ എന്ന തന്റെ സുപ്രസിദ്ധ ചരിത്ര കൃതിയില്‍ പരയുന്നുണ്ട്. ഹിറ്റി ‘ഒര്‍ജിന്‍ ഓഫ് ഇസ്‌ലാമിക് സ്റ്റേറ്റ് ‘ എന്ന പേരില്‍ തര്‍ജുമ ചെയ്ത ഇമാം അബുല്‍ അബ്ബാസ് അഹ്മദ് ബിനു ജബിര്‍ അല്‍ ബലാദുരിയുടെ ‘കിതാബുല്‍ ബുല്‍ദാന്‍’ എന്ന ഗ്രന്ഥമാണ് ഈ ‘ആട്ടിപ്പായിക്കലി’നെ കുറിച്ച് ഹിറ്റിക്ക് ജ്ഞാനം നല്‍കിയത്. നജ്‌റാനില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുവാനുള്ള നിരവധി കാരണങ്ങളിലൊന്നായി ബലാദുരി പറയുന്നത് രോഗസമയത്ത് പ്രവാചകന്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ഹദീസാണ്. ‘അറേബ്യയില്‍ രണ്ട് മതങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ല’ അറേബ്യയില്‍ നിന്ന് ക്രൈസ്തവ സമുദായം പുറത്താക്കപ്പെട്ടതിന് മറ്റ് നിരവധി കാരണങ്ങളും നിരത്തുന്നുണ്ട്. ബലാദുരി എഴുതുന്നു: ‘നജ്‌റാനിലെ ജനങ്ങള്‍ 40,000 ആളുകള്‍ കവിഞ്ഞു. അവര്‍ക്ക് പരസ്പരം അസൂയയായി. ഭിന്നിപ്പും ഉണ്ടായി. ഒരു സംഘം ഉമറിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ‘ ഞങ്ങളെ ഈ നാട്ടില്‍ നിന്ന് മാറ്റിത്തരണം’ അവര്‍ മുസ്‌ലിം സമൂഹത്തിന് ഒരു ശല്യമാണെന്ന് ഉമര്‍ കണ്ടു. ഈ അവസരം ഉപയോഗപ്പെടുത്തി അദ്ദേഹം അവരുടെ ആവശ്യാനുസരണം അവരെ പുറത്താക്കി (Origins of Islamic State, Columbia University Press, 1916). മുസ്‌ലിംകളുമായി അവര്‍ ഒപ്പിട്ട സന്ധിയുടെ ഉടമ്പടികള്‍ ലംഘിച്ചു; പലിശപോലുള്ള സാമ്പത്തിക ക്രമീകരണങ്ങള്‍ കൊണ്ടുവന്നു, തുടങ്ങിയവ അവരെ പുറത്താക്കാനുള്ള മതിയായ കാരണങ്ങളാണ്. ആധികാരികമല്ലാത്ത ഒരു ഹദീസ് മാത്രം ആധാരമാക്കി തന്റെ ചരിത്രഗ്രന്ഥത്തില്‍ ഹിറ്റി സംശയാസ്പദമായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യവും കഴിവുകളും അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിഷ്പക്ഷതയെ കുറിച്ച് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയാണ്.
എന്നാല്‍, പ്രതിഭാധനനായ ആ ചരിത്ര പണ്ഡിതനെ മാത്രം പഴിചാരിയിട്ട് കാര്യമില്ല. ഇസ്‌ലാമിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനത്തിന്റെ കാലഘട്ടത്തില്‍ ആധികാരികമല്ലാത്ത നിരവധി ഹദീസുകളും, പൂര്‍വ്വാചാരങ്ങളും ആധിപത്യമോഹികളായ സലഫി ഭരണകര്‍ത്താക്കളും പണ്ഡിതന്‍മാരും പടച്ചുവിട്ടിട്ടുണ്ട്. ഈ ഹദീസുകള്‍ ഖുര്‍ആനിന്റെ ലളിതമായ അനുശാസനകള്‍ക്കും ചൈതന്യത്തിനും വിരുദ്ധമായി അമുസ്‌ലിംകളെ ഭൂമിശാസ്ത്രപരമായി അകറ്റി നിറുത്തുന്നതിനെ ന്യായീകരിച്ചു. മംലൂക് കാലഘട്ടത്തില്‍, തനിക്ക് പോലും ആധികാരികതയെ കുറിച്ച് ഉറപ്പില്ലാത്ത അമുസ്‌ലിംകളെ അകറ്റി നിര്‍ത്തണമെന്നും ചേരിയാക്കണമെന്നും ആവശ്യപ്പെടുന്ന ഹദീസുകള്‍ ത്വബരി പുറത്ത് വിട്ടിട്ടുണ്ട്.
ത്വബരിയുടെയോ മംലൂക് കാലഘട്ടത്തിലെ മറ്റൊരു പ്രമുഖപണ്ഡിതനായ ഇബ്‌നുതൈമിയ്യായുടെയോ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരുമല്ല. പക്ഷേ വ്യത്യസ്ത പൗരത്വങ്ങളെ പാര്‍പ്പിക്കുന്നതിന് വേണ്ടി ദിമ്മിയ്യത്തിന്റെ ഭൂപ്രവിശ്യകളെ അവര്‍ കൃത്യമായി അളന്നിട്ടു. ജസീറത്തുല്‍ അറബ് എന്ന പദത്തെ ഇസ്‌ലാമിന്റെ ഭൂമി എന്ന് വ്യാഖ്യാനിക്കുകയും ഇസ്‌ലാം ചെന്നെത്തിയിടത്തു നിന്നെല്ലാം അമുസ്‌ലിംകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ത്വബരി ശഠിച്ചു. ത്വബരിയുടെ നിലപാടിന്റെ സന്ദര്‍ഭത്തെ (Context) സെത്ത് വാര്‍ഡ് A Fragment from Unknown work by Al Tabari എന്ന കൃതിയില്‍ വിശധീകരിക്കുന്നുണ്ട് (Routledge പുറത്തിറക്കിയ Islam and Religion Diversity- edited by Lloyd Ridgeon) എന്ന കൃതിയില്‍ ഈ പഠന ലേഖനം വരുന്നുണ്ട്. സേത് വാര്‍ഡ് പറയുന്നു: ‘ഇസ്‌ലാമിക നഗരങ്ങളില്‍ ദിമ്മികളുടെ- അമുസ്‌ലിംകളുടെ സാന്നിധ്യം വലുതായപ്പോഴാണ് ത്വബരി ജീവിച്ചിരുന്നത്. മുസ്‌ലിംകളെയും അമുസ്‌ലിംകളെയും പരസ്പരം വേര്‍തിരിക്കണമെന്ന് ആവശ്യപ്പെടുന്ന മതവിധി ത്വബരി നടത്തിയിട്ടുണ്ട്.- മുസ്‌ലിം പ്രദേശങ്ങളില്‍ അമുസ്‌ലിംകള്‍ ജീവിച്ചിരുന്നിട്ടില്ല എന്ന് കാണുമ്പാള്‍ ഈ മത വിധി അനാവശ്യവുമായിരുന്നു എന്ന് കാണാം. ത്വബരിയുടെ കാലമായപ്പോള്‍ ഭരണ നിര്‍വ്വഹണത്തിലും ധനകാര്യത്തിലും ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ക്രൈസ്തവരും യഹൂദരും ആയ ആളുകള്‍ ധാരാളമുണ്ടായിരുന്നു. അതുകൊണ്ട് അത്തരം സ്ഥലങ്ങളില്‍ നിന്ന് യഹൂദരെയും ക്രൈസ്തവരെയും പുറത്താക്കേണ്ട ആവശ്യത്തെയോ, ആഗ്രഹത്തെയോ, അനുവാദത്തെയോ സൂചിപ്പിക്കുന്ന വിധം ഒരു പ്രസ്താവന നാം കാണുമ്പോള്‍ തീര്‍ത്തും അതിശയിക്കേണ്ടതില്ല. എന്നാല്‍ ചുരുങ്ങിയ കാലഘട്ടത്തില്‍ മാത്രം നില നിന്ന ത്വബരിയുടെ നിയമാഭിപ്രായത്തിന് ഇതൊരു പോളിസിയായി ഏറ്റ് നടത്തേണ്ട വിധം സ്വാധീനിക്കുന്നുണ്ടായിരുന്നില്ല.’
ഒരു നിശ്ചിത കാലഘട്ടത്തിനപ്പുറം ആയുസ്സില്ലാത്ത നിയമാഭിപ്രായങ്ങളെ ആശ്രയിച്ചുകൊണ്ട് കാലഘട്ടങ്ങള്‍ക്കപ്പുറം പരന്ന് പന്തലിച്ച ഖുര്‍ആനിലെ നാനാത്വത്തെകുറിച്ചുള്ള പരികല്പനകളെ തകര്‍ത്ത് എറിയുവാനാണ് ഇസ്‌ലാം ഭീതിതരും വഹാബി അധികാരികളും ഒരുപോലെ ശ്രമിക്കുന്നത്. മേലുദ്ധരിച്ച നിയമാഭിപ്രായത്തിന് വിരുദ്ധമായി ഇസ്‌ലാമിലെ സഹിഷ്ണുതയെ ഊന്നിപ്പറയുന്ന നിരവധി സംഭവങ്ങള്‍ റെസാ അസ്‌ലന്റെ No God; but God എന്ന കൃതിയില്‍ കാണാം. റസാ അസ്‌ലന്‍ പറയുന്നത് നോക്കുക; ‘ ദിമ്മികളെ മുസ്‌ലിംകള്‍ പീഡിപ്പിക്കുന്നത് ഇസ്‌ലാമിക നിയമത്തില്‍ വിലക്കപ്പെട്ടതിന് പുറമെ, അത് തന്റെ മുന്നേറ്റപോരാളികളോട് യഹൂദരുടെ ആരാധന തടസ്സപ്പെടുത്തരുതെന്നും ക്രൈസ്തവ സ്ഥാപനങ്ങളെ എപ്പോഴും സംരക്ഷിക്കണമെന്നും മുഹമ്മദ് നബി (സ) ആവശ്യപ്പെട്ടതിന്റെ നിരാകരണമാണ്. അതുകൊണ്ട് ഒരു യഹൂദന്റെ ഭവനത്തില്‍ നിന്നും അയാളെ കുടിയിറക്കി അവിടെ അനധികൃതമായി കെട്ടിപ്പൊക്കിയ ദമാസ്‌കസിലെ പള്ളി തകര്‍ക്കാന്‍ ഉത്തരവിട്ടപ്പോള്‍ ഉമര്‍, ‘യഹൂദനോടും ക്രൈസ്തവനോടും തെറ്റു ചെയ്യുന്നവനെ കുറ്റപ്പെടുത്താനായി അന്ത്യദിനത്തില്‍ ഞാനുണ്ടാകും’ എന്ന പ്രവാചകന്റെ മുന്നറിയിപ്പിനെ പിന്തുടരുകയായിരുന്നു.
ഇത്തരം ഹദീസുകളെ ഊന്നിപ്പറയുന്നതിനപ്പുറം രക്തരൂക്ഷിതമായ ഗോത്രയുദ്ധങ്ങളുടെ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഹദീസുകളെയും മതവിധികളെയും ആശ്രയിക്കുന്നത് ഖുര്‍ആന്റെ ആത്മാവിനോട് നീതിപുലര്‍ത്തലല്ല. ‘മതത്തില്‍ നിര്‍ബന്ധമില്ല’(2:256) എന്ന ഒരൊറ്റ വചനത്തില്‍ ഇസ്‌ലാമിന്റെ ബഹുസ്വരത അടക്കം ചെയ്യപ്പെട്ടതായി റസാ അസ്‌ലന്‍ പറയുന്നു. അദ്ദേഹം തുടരുന്നു; ‘ കുരിശുയുദ്ധ കാലഘട്ടത്തില്‍ വികസിക്കപ്പെട്ടതും, പാരമ്പര്യവാദികളായ മതപണ്ഡിതന്‍മാരുടെ സങ്കല്‍പങ്ങളില്‍ സ്വാധീനമുള്ളതുമായ വിശ്വാസത്തിന്റെ ഭവനം (ദാറുല്‍ ഇസ്‌ലാം) അവിശ്വാസത്തിന്റെ ഭവനം (ദാറുല്‍ ഹര്‍സ്) എന്ന ലോകത്തിന്റെ വിഭജനം പൂര്‍ണ്ണമായി നീതീകരിക്കപ്പെടാനാവാത്തതാണ്.’
ഇസ്‌ലാമിന്റെ ചരിത്രത്തില്‍ രണ്ട് നജ്‌റാനുകളുണ്ട്. മുഹമ്മദ് നബി (സ) തന്റെ പള്ളികളിലേക്ക് ക്ഷണിക്കുകയും സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനായി അവര്‍ക്ക് അവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കുകയും ചെയ്ത സംഭവത്തെ സൂചിപ്പിക്കുന്ന നജ്‌റാന്‍. അവ്യക്തമായ നിരവധി കാരണങ്ങളാല്‍ ഉമര്‍ (റ) ജനങ്ങളെ കുടിയൊഴിപ്പിച്ച നജ്‌റാന്‍.
നമുക്ക് ആദ്യത്തെ നജ്‌റാനിലേക്ക് പോവാം അവിടെ നിന്ന് തുടങ്ങാം.
Connect
Connect with us on the following social media platforms.