ലത്വീഫാ ഹാനിം: കമാല്‍ പാഷയുടെ ‘വിമോചിത’ വനിത
പുതിയ കാലത്തെ മുസ്‌ലിംകള്‍ക്ക് പടിഞ്ഞാറും പടിഞ്ഞാറ് നോക്കികളായ മുസ്‌ലിം ബുദ്ധിജീവികളും ‘റോള്‍ മോഡലാ’യി അവതരിപ്പിക്കാറുള്ള ചരിത്രപുരുഷനാണ് ‘തുര്‍ക്കിയുടെ രാഷ്ട്രപിതാവ്’ (അത്താതുര്‍ക്ക്) എന്ന അപരാഭിധാനത്തില്‍ അറിയപ്പെടുന്ന മുസ്തഫ കമാല്‍ പാഷ (1881-1938). ഗ്രീക്ക്-ആംഗല ആധിപത്യത്തിനെതിരെ ഇസ്‌ലാമിന്റെ ‘വീരയോദ്ധാവ്’ (ഗാസി) എന്ന പട്ടം ധരിച്ച് രംഗപ്രവേശം ചെയ്ത ഈ പട്ടാളക്കാരന്‍ ഭരണത്തിലെത്തിയപ്പോള്‍ ഖിലാഫത്തിന്റെ ഉന്മൂലനം, ശരീഅത്ത് നിര്‍മാര്‍ജനം, ബാങ്ക്‌വിളി അറബിയില്‍നിന്ന് തുര്‍ക്കിയിലാക്കല്‍, തുര്‍ക്കി തൊപ്പി (‘ത്വര്‍ബൂശി’)ക്ക് പകരം യൂറോപ്യന്‍ ഹാറ്റ് ധാരണം, പര്‍ദ നിരോധമടക്കമുള്ള സ്ത്രീവിമോചനം തുടങ്ങിയ ‘ആധുനികവല്‍ക്കരണത്തിലൂടെ ‘യൂറോപ്പിലെ രോഗി’ക്ക് ആരോഗ്യപുഷ്ടി നല്‍കാന്‍ ശ്രമിച്ചതാണ് പാശ്ചാത്യര്‍ക്കും കൊളോണിയല്‍ ആധുനികതയുടെ വക്താക്കള്‍ക്കും കമാല്‍പാഷയെ പ്രിയങ്കരനാക്കി മാറ്റിയത്.
‘പരിഷ്‌കരണ’ങ്ങളുടെ കള്ളവെളിച്ചം കമാല്‍പാഷയുടെ ഫാഷിസ്റ്റ് ഏകാധിപത്യ വാഴ്ചക്ക് ഏറെക്കാലം തിരശ്ശീലയായി വര്‍ത്തിച്ചു. പട്ടാളം കാവലേറ്റെടുത്ത കമാലിസത്തിന്റെ അടിത്തറ തുര്‍ക്കി ഉന്മാദ ദേശീയതയായിരുന്നു. അതിന്റെ വംശവെറിയില്‍ തുര്‍ക്കിയിലെ തന്നെ കുര്‍ദ് ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭാഷാ സംസ്‌കാരങ്ങള്‍ക്കും നിലനില്‍പുണ്ടായില്ല. ഉത്തരകൊറിയയിലെ കിം ഇല്‍സുംഗിനെയും അല്‍ബേനിയയിലെ അന്‍വര്‍ ഹോ(ഖോ)ജയെയും പോലെ കമാല്‍പാഷയായി തുര്‍ക്കിയിലെ ദൈവവും മതവും. തുര്‍ക്കിയിലെങ്ങും ഇതിഹാസസമാനമായ അത്താതുര്‍ക്കിന്റെ വിഗ്രഹങ്ങള്‍ ഉയര്‍ന്ന് പൊങ്ങി. ദേശീയഗാനത്തില്‍ പോലും അദ്ദേഹത്തിന്റെ ‘വിശുദ്ധനാമം’ നിറഞ്ഞുനിന്നു. സ്‌കൂള്‍ മൈതാനത്തിലെ അസംബ്ലിയില്‍ ദേശീയ ഗാനത്തില്‍ പരാമൃഷ്ടമായ ‘ഗാസിമുസ്തഫ’യോടു പ്രതിജ്ഞ പുതുക്കിയ ശേഷമേ ക്ലാസ്മുറികളില്‍ അവര്‍ പ്രവേശിച്ചിരുന്നുള്ളൂ. അങ്ങനെ മതവിലക്കുകള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ട തുര്‍ക്കിയില്‍ ആര്‍ക്കും തൊടാന്‍ പാടില്ലാത്ത വലിയൊരു ‘ടാബു’വായിത്തീര്‍ന്നു അത്താതുര്‍ക്ക്.
മുസ്തഫ കമാല്‍ എന്ന പച്ചമനുഷ്യന്‍ ദൃഷ്ടിയില്‍നിന്ന് മറയുകയും ഒരു ആരാധ്യവിഗ്രഹം തദ്സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. പക്ഷേ, ജീവിതകാലത്തല്ലെങ്കിലും മറ്റേതൊരു വിഗ്രഹവുമെന്നപോലെ കമാല്‍ പാഷയുടെ വിഗ്രഹവും കാലത്തിന്റെ കൈയാങ്കളിയില്‍നിന്ന് രക്ഷപ്പെട്ടില്ല. അത്താതുര്‍ക്കിന്റെ ‘വീരസാഹസിക’ കാലത്തില്‍നിന്ന് ഭിന്നമായ കാലത്ത് ജീവിച്ച, വിദേശത്ത് വിദ്യാഭ്യാസം നിര്‍വഹിച്ച പുതിയ തലമുറകള്‍ സ്വയം വിമര്‍ശനത്തിന് മുന്നോട്ടുവന്നു. അത്താതുര്‍ക്കിന്റെ രാഷ്ട്രീയനിലപാടുകളുടെ നിഷേധാത്മകവശങ്ങളും പര്‍ദ, കുര്‍ദ്-അര്‍മീനിയന്‍-സൈപ്രസ് പ്രശ്‌നങ്ങള്‍ തുടങ്ങിയ വംശീയ-സാംസ്‌കാരിക സമീപനങ്ങളും പുനരവലോകനത്തിന് വിധേയമാകാന്‍ തുടങ്ങി. അത്താതുര്‍ക്കിന്റെ വിഗ്രഹപരിവേഷം അഴിച്ചുമാറ്റി കമാല്‍പാഷ എന്ന പച്ച മനുഷ്യനെ കീറിമുറിച്ച് പരിശോധിക്കണമായിരുന്നു. അതിനാല്‍ ആ കാലഘട്ടവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ തുറന്ന് കിട്ടാനുള്ള ആവശ്യവും ഉയര്‍ന്നുവന്നു.
കമാല്‍പാഷയെ മനുഷ്യനായി കാണുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമായാണ് അദ്ദേഹത്തിന്റെ ആരാധകന്മാരും കമാലിസത്തിന്റെ കാവല്‍ക്കാരായ തുര്‍ക്കി സൈന്യവും കാണുന്നത്. ഈ ‘കുറ്റകൃത്യ’ത്തിന്റെ പേരില്‍ പല തുര്‍ക്കി ബുദ്ധിജീവികളും വിചാരണക്ക് വിധേയരായിട്ടുണ്ട്.
ലത്വീഫ ഹാനിം
2006-ല്‍ തുര്‍ക്കിയിലെ ഏറ്റവും പ്രചാരമുള്ള ‘ജുംഹീരിയത്ത്’ പത്രത്തിലെ മുന്‍ പത്രപ്രവര്‍ത്തക ഐപക് ഷാലിസ്‌ലര്‍ (Ipek Calisler) കമാല്‍ പാഷ വിവാഹമോചനം ചെയ്ത ലത്വീഫ ഹാനിമിനെ കുറിച്ച് അതേ ശീര്‍ഷകത്തില്‍ ഒരു ജീവചരിത്രം പുറത്തിറക്കിയിട്ടുണ്ട്. നല്ലതോതില്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം സ്വാഭാവികമായും ഗ്രന്ഥകാരിക്കെതിരെ നിയമ നടപടി ക്ഷണിച്ചുവരുത്തി. 2006 ആഗസ്റ്റ് 19ന് തുര്‍ക്കി പബ്ലിക് പ്രോസിക്യൂട്ടര്‍ ‘ആധുനിക തുര്‍ക്കിയുടെ സ്ഥാപകനെ അപകീര്‍ത്തിപ്പെടുത്തി’ എന്ന് ഷാലിസ്‌ലര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
വെറും രണ്ടര വര്‍ഷക്കാലം മാത്രം നിലനിന്ന ദാമ്പത്യജീവിതമായിരുന്നു ലത്വീഫ ഉസാക്കി ഹാനിമിന്റേത്. ലത്വീഫ ഹാനിമിനെക്കുറിച്ച് അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തുകളും അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളുമായി നടത്തിയ അഭിമുഖങ്ങളും അനന്യലഭ്യമായ അപൂര്‍വ രേഖകളും ആസ്പദിച്ച് നന്നായി ഗവേഷണം ചെയ്ത് എഴുതപ്പെട്ട പുസ്തകമാണ് ഷാസ്‌ലറുടെ ‘ലത്വീഫ ഹാനിം.’
ഇസ്മിറി (Izmir)ലെ സമ്പന്നമായ ‘അശ്കസാദ’ വ്യാപാര കുടുംബത്തില്‍ പിറന്ന ലത്വീഫ അക്കാലത്തെ തുര്‍ക്കിയിലെ ഏറ്റവും വലിയ ധനാഢ്യയായിരുന്നു. യൂറോപ്പില്‍ വിദ്യാഭ്യാസം ചെയ്ത (സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമ ബിരുദം നേടുന്നത്) ലത്വീഫക്ക് നിരവധി ഭാഷകള്‍ അറിയാമായിരുന്നു. താമസിച്ചിരുന്ന വില്ല വിമോചനപോരാട്ടത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്കിമാറ്റി, 1922-ല്‍ കമാല്‍പാഷ ഇസ്മിര്‍ മോചിപ്പിച്ച ഉടനെയാണ് അശ്കസാദ് കുടുംബത്തിന്റെ വീട്ടില്‍വെച്ച് ഇരുവരും കണ്ടുമുട്ടുന്നത്. കമാല്‍ പാഷയുടെ വീരസാഹസികതകള്‍ ലത്വീഫയെ ആവേശഭരിതയാക്കി. തുര്‍ക്കിയെ ആധുനികവല്‍ക്കരിക്കാനുള്ള ലത്വീഫയുടെ ആശയങ്ങള്‍ പാഷയെയും ആകര്‍ഷിച്ചു. വിവാഹത്തിന് മുമ്പ്തന്നെ കമാല്‍പാഷയുടെ പല രാഷ്ട്രീയ ദൗത്യങ്ങളും ലത്വീഫ ഏറ്റെടുത്തിരുന്നു. ഇംഗ്ലീഷ് നാവികസേനക്കുള്ള പാഷയുടെ നയതന്ത്ര സന്ദേശങ്ങള്‍ തയാറാക്കിയിരുന്നത് ലത്വീഫയായിരുന്നുവത്രെ.
അവരുടെ വിവാഹചടങ്ങ് തന്നെ പാരമ്പര്യങ്ങളുടെ ലംഘനമായിരുന്നു. രക്ഷിതാക്കളുടെ മാധ്യസ്ഥമില്ലാതെ, സ്ത്രീ-പുരുഷ സമത്വത്തെ പ്രതീകവല്‍ക്കരിച്ചു, വധൂവരന്മാര്‍ മേശക്കിരുവശവുമിരുന്ന് 10 ദിര്‍ഹം വിവാഹമൂല്യം(മഹ്ര്‍) ലത്വീഫക്ക് നേരിട്ടു നല്‍കിയായിരുന്നു വിവാഹം.
അക്കാലത്തെ പതിവുരീതിക്ക് വിരുദ്ധമായി, പര്‍ദ ഉപേക്ഷിച്ച ലത്വീഫ ഭര്‍ത്താവിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. ഒന്നിച്ചായിരുന്നപ്പോള്‍ അത്താതുര്‍ക്കിന്റെ വിശ്വസ്തയായ പൊളിറ്റിക്കല്‍ കമാന്റര്‍ ആയിരുന്നു ലത്വീഫ. ലത്വീഫയുടെ ഭാഷാസിദ്ധിയിലൂടെയാണ് കമാല്‍പാഷ പുറംലോകത്തെ അറിഞ്ഞിരുന്നത്. വിദേശ പത്രപ്രവര്‍ത്തകരുമായി സമ്പര്‍ക്കമുണ്ടായിരുന്ന ലത്വീഫ എല്ലാ ദിവസവും വിദേശവാര്‍ത്തകള്‍ സംഗ്രഹിച്ച് കമാല്‍പാഷക്ക് നല്‍കുമായിരുന്നു.
സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട തുര്‍ക്കിയിലെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ വ്യക്തിത്വമായാണ് ലത്വീഫയെ ഷാലിസ്‌ലര്‍ അവതരിപ്പിക്കുന്നത്. കമാല്‍ എന്ന് മാത്രം ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുമായിരുന്ന ലത്വീഫയായിരുന്നു 1930-ലെ തുര്‍ക്കി സ്ത്രീകളുടെ വോട്ടവകാശം, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം, 1934-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും മത്സരിക്കാനുമുള്ള അവകാശം എന്നിവ നല്‍കുന്നതിനും, ബഹുഭാര്യാത്വം, പുരുഷന്റെ ഏകപക്ഷീയമായ വിവാഹമോചനം എന്നിവ നിരോധിക്കുന്നതിനുമുള്ള നിയമനിര്‍മാണങ്ങളുടെ പ്രചോദന കേന്ദ്രം. കൊട്ടാരത്തില്‍ റിബലുകള്‍ ഇരച്ചുകയറി കമാല്‍ പാഷയെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍വേഷം കെട്ടിച്ച് അദ്ദേഹത്തെ ഒരിക്കല്‍ രക്ഷിച്ചതും ലത്വീഫയായിരുന്നു.
എന്നാല്‍, സ്വന്തം ഭാര്യ പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കമാല്‍ പാഷ സമ്മതിച്ചില്ല. പരിഷ്‌കരണവാദിയും ആധുനികതയുടെ വക്താവുമായ കമാല്‍ പാഷ ഏകപക്ഷീയമായാണ് ലത്വീഫയെ വിവാഹമോചനം ചെയ്തതും. പാരമ്പര്യ നിയമപ്രകാരം രണ്ടു വരി പ്രസ്താവനയിലൂടെ അവരെ ‘മൂന്നും ചൊല്ലുക’യായിരുന്നു അദ്ദേഹം. ‘ഫിക്‌രിയ്യ’ എന്ന ഒരു തുര്‍ക്കി വനിതയോടൊപ്പമായിരുന്നുവത്രെ
പ്രസിഡന്റിന്റെ പിന്നീടുള്ള പൊറുതി.
രഹസ്യപേടകം
അത്താതുര്‍ക്കിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ദാമ്പത്യജീവിതത്തിലെ അസ്വാരസ്യതകളെക്കുറിച്ചും ലത്വീഫ ഓര്‍മക്കുറിപ്പുകളെഴുതി മരിക്കുന്നതിന് മുമ്പ് രഹസ്യ പേടകത്തിലാക്കി ഒരു ബാങ്കിനെ നേരിട്ട് ഏല്‍പിക്കുകയുണ്ടായി. 1975 ഫെബ്രുവരി 20ന് അവര്‍ മരണമടഞ്ഞപ്പോള്‍ ബാങ്ക് പ്രസ്തുത പേടകം ടര്‍ക്കിഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയെ ഏല്‍പിച്ചു. 2005-ല്‍ നിര്യാതനായ ടര്‍ക്കിഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയിലെ പ്രമുഖനായൊരു ചരിത്രകാരന്‍ ലത്വീഫ ഹാനിമിന്റെ ഓര്‍മക്കുറിപ്പുകള്‍ വായിച്ചിരുന്നതായി ഷാലിസ്‌ലര്‍ അവകാശപ്പെടുന്നു.
തുര്‍ക്കി സൈനിക ഓഫീസറുടെ കൃതി
ഷാലിസ്‌ലറുടെ പുസ്തകം പുറത്തിറങ്ങുന്നതിന് മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് തന്നെ ജീവഭയം മൂലം പേര് വെളിപ്പെടുത്താത്ത ഒരു മുന്‍ തുര്‍ക്കി സൈനിക ഓഫീസര്‍ ‘വിഗ്രഹമനുഷ്യന്‍’ എന്ന ശീര്‍ഷകത്തില്‍ കമാല്‍ പാഷയുടെ നിഗൂഢ ജീവിതം അനാവരണം ചെയ്യുന്ന ഒരു പുസ്തകം എഴുതിയിരുന്നു. കമാല്‍ പാഷയുടെ അപദാനങ്ങള്‍ വാഴ്ത്തി എഴുതപ്പെട്ട ‘അതുല്യ മനുഷ്യന്‍’ എന്ന പുസ്തകത്തിനുള്ള പ്രത്യാഖ്യാനമായിരുന്നു അത്. 1977-ല്‍ ‘അര്‍റജുല്‍ അസ്സ്വനം’ എന്ന ശീര്‍ഷകത്തില്‍ അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ ഈ കൃതി അറബിയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. അതിലെ ലത്വീഫ ഹാനിമിനെക്കുറിച്ച അധ്യായത്തില്‍ കമാല്‍പാഷ-ലത്വീഫ ഹാനിം ദാമ്പത്യബന്ധത്തിന്റെ തകര്‍ച്ചയിലേക്ക് വെളിച്ചം വീശുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്.
അത്യന്തം മുരടനായ ഒരു പുരുഷ മേധാവിയായ കമാല്‍പാഷ മദ്യപിച്ചു ലക്ക് കെട്ടായിരുന്നുവത്രെ പ ലപ്പോഴും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കഴിഞ്ഞിരുന്നത്. ഭ്രാന്തവും വിചിത്രവുമായിരുന്നു അദ്ദേഹത്തിന്റെ പല പെരുമാറ്റ രീതികളും. ഒരിക്കല്‍ നട്ടപ്പാതിരക്ക് കുതിരയെ പൂട്ടിയ ട്രാംവേയില്‍ സഞ്ചരിക്കാന്‍ കമാല്‍പാഷ വാശിപിടിച്ചത് ലത്വീഫ ഓര്‍ക്കുന്നു. അവസാനകാലത്ത് മുസ്തഫ കമാല്‍ അസ്വസ്ഥനായിരുന്നു. തന്റെ മദ്യപാനത്തെയും ലൈംഗിക പേക്കൂത്തുകളെയും നിയന്ത്രിക്കാനുള്ള ലത്വീഫയുടെ ശ്രമത്തില്‍ നീരസനായിരുന്നു അയാള്‍. എന്നും അവര്‍ വഴക്കടിക്കുമായിരുന്നു.
‘ജാന്‍ഖായാ’ കൊട്ടാരത്തില്‍ മദ്യവും മദിരാക്ഷികളുമായുള്ള ഭര്‍ത്താവിന്റെ കുത്തഴിഞ്ഞ ജീവിതം പൊറുപ്പിക്കാനാകാതെയാണ് ലത്വീഫ ഹാനിം ദാമ്പത്യജീവിതത്തിന് വിരാമം കുറിച്ചതെന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു. ”റിപ്പബ്ലിക് പ്രസിഡന്റ് മുസ്തഫ കമാലിന്റെ ഭാര്യ ലത്വീഫ ഹാനിം’ എന്ന് അടിക്കുറി പ്പായി എഴുതിയ ഒരു ചുവര്‍ ചിത്രം മാത്രമാണ് താനെന്ന് വൈകാതെ അവര്‍ക്ക് മനസ്സിലായി. അവര്‍ക്ക് കൊട്ടാരത്തില്‍ ആ അവസ്ഥയില്‍ തുടരാം. ഏത് നിമിഷവും ആ ചുവര്‍ചിത്രം കിളിവാതിലിലൂടെ പുറത്തെറിയപ്പെടും.’ (അര്‍റജുല്‍ അസ്വനം. പേ. 366)
റിദാ നൂറിന്റെ ഓര്‍മക്കുറിപ്പുകളെ ഉദ്ധരിച്ച് കമാല്‍പാഷ ഗുഹ്യരോഗിയായിരുന്നുവെന്നും ലത്വീഫ ഹാനിമിന് ഭര്‍ത്താവില്‍നിന്ന് ലഭിച്ച പ്രഥമോപഹാരം ഗുണോറിയയായിരുന്നുവെന്നും ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. ”ചാരിത്ര്യശുദ്ധിയുള്ള സ്ത്രീയായിരുന്നു ലത്വീഫ. രോഗം – ഗുണോറിയ – ഭര്‍ത്താവില്‍നിന്ന് പകര്‍ന്നതാവാനേ തരമുള്ളൂ. മിലിട്ടറി കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന നാള്‍ മുതലേ അലി ഫുആദിന് മുസ്തഫ കമാലിനെ അറിയാം. അന്നേ അയാള്‍ ഷണ്ഡനായിരുന്നു.” (My life and Memories p. 1252-1253)
മുസ്തഫ കമാല്‍ ഭാര്യ ലത്വീഫയെ വിവാഹമോചനം ചെയ്ത ഔദ്യോഗിക അറിയിപ്പു ഒരു മന്ത്രിതലതീരുമാനമായാണ് പുറത്തുവന്നത്. സിവില്‍ നിയമത്തിന് വിരുദ്ധമായിരുന്നു വിവാഹമോചനം. കാരണം നിയമമനുസരിച്ച് ഉഭയതീരുമാനപ്രകാരമോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ മാത്രമേ വിവാഹമോചനം സാധുവാകൂ. ഇത് രണ്ടും ലംഘിക്കപ്പെട്ടു.
ചന്തമുള്ള ഒരു പയ്യനായിരുന്നു ഖാലിദാ സിയയുടെ മകന്‍ വിദാദ്. അവനുമായുള്ള അത്താതുര്‍ക്കിന്റെ അസ്വാഭാവിക ബന്ധവും തന്റെ അനുജത്തി സയ്ഫയെ കടന്ന് പിടിച്ചതും കുതറി മാറിയ അവളുടെ നേരെ പിസ്റ്റളില്‍ നിന്ന് തിരയുതിര്‍ത്തതും ലത്വീഫയെ അസ്വസ്ഥയാക്കിയിരുന്നു.
‘വിവാഹമോചനാനന്തരം മുസ്തഫ കമാല്‍ അമ്പതിനായിരം ലീറ ലത്വീഫക്ക് അയച്ചുകൊടുത്തു. പക്ഷേ, അവരത് നിരസിക്കുകയാണൂണ്ടായത്. എങ്കിലും അവരുടെ പിതാവ് മുഅമ്മര്‍ ബേ, ഗാസി നല്‍കിയ ചില പ്രത്യേകാവകാശങ്ങള്‍ സ്വീകരിച്ചു. ലത്വീഫയെ ഏല്‍പിച്ച സുപ്രധാനമായ രേഖകള്‍ മുസ്തഫ കമാലും തിരിച്ചുവാങ്ങി. തന്റെ ജീവിതരഹസ്യങ്ങള്‍ പുറത്ത് പറയരൂതെന്ന് അദ്ദേഹം അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഡോക്യുമെന്ററി ഫിലിം
കമാല്‍പാഷയുടെ ജീവിതത്തെ ആസ്പദമാക്കി 2008-ല്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ 85-ാം വാര്‍ഷികത്തില്‍ ജാന്‍ ദുര്‍ദാറി (Gan Dundar)ന്റെ ‘മുസ്തഫ’ എന്ന ശീര്‍ഷകത്തിലുള്ള ഒരു ഡോക്യുമെന്ററി ഫിലിമും പുറത്തിറങ്ങി. പത്രപ്രവര്‍ത്തകനായ ദുന്‍ദാര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയത് പ്രസിദ്ധ ബോസ്‌നിയന്‍ സംഗീതജ്ഞനായ ഗൊറാന്‍ ബ്രിഗോവിച്ച് (Goran Bregovic) ആയിരുന്നു. ഒരു മില്യന്‍ യൂറോ ചിലവഴിച്ചു ഒമ്പത് മാസമെടുത്ത് നിര്‍മിച്ച രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കമാല്‍പാഷ എന്ന ദേശീയ ബിംബത്തെ മണ്ണിലിറക്കി രക്തവും മാംസവുമുള്ള പച്ചമനുഷ്യനായി അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. കമാല്‍പാഷയുടെ ഡയറിക്കുറിപ്പുകള്‍, എഴുത്തുകുത്തുകള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ആര്‍ക്കീവ് രേഖകള്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്തിയ സത്യസന്ധമായ ജീവചരിത്രത്തിന്റെ ഈ സെല്ലുലോയ്ഡ് പതിപ്പ് തുര്‍ക്കിയില്‍ വന്‍ ബോക്‌സ്ഓഫീസ് വിജയമായി. ആദ്യ വാരത്തില്‍തന്നെ തുര്‍ക്കിയിലെ 200 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പന്ത്രണ്ട് ദിവസത്തിനകം 772,694 പ്രേക്ഷകരാണ് കണ്ടത്.
സ്വയം സൃഷ്ടിച്ച സ്വര്‍ണകാരാഗ്രഹത്തില്‍നിന്ന് തുര്‍ക്കിയെ വിമോചിപ്പിക്കുകയാണ് പടത്തിലൂടെ ദുറാന്‍ദ് ചെയ്തത്. തുര്‍ക്കിയെ തകര്‍ക്കാന്‍ ഗുഢനീക്കങ്ങള്‍ നടത്തുന്ന വിദേശ ശക്തികളുടെ ഏജന്റാണെന്ന് വരെ ദുറാന്‍ദിനെതിരെ തീവ്രതുര്‍ക്കി ദേശീയ വാദിക ആരോപണമുന്നയിച്ചു. ‘രണ്ടാം റിപ്പബ്ലിക്’ പ്രസ്ഥാനത്തിന്റെ പിണിയാളാണ് ദുറാന്‍ദെന്നായിരുന്നു മറ്റൊരു ആരോപണം. നൊബേല്‍ ജേതാവായ തുര്‍ക്കി നോവലിസ്റ്റ് ഓര്‍ഹാന്‍ പാമുക്കിനെതിരെ സ്വീകരിച്ച നടപടികള്‍ ദുറാന്‍ദിനെതിരെയും സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുര്‍ക്കി ചരിത്രവും അത്താതുര്‍ക്ക് പാരമ്പര്യവും പവിത്രീകരണത്തില്‍നിന്ന് മുക്തമാക്കി യാഥാര്‍ഥ്യനിഷ്ഠമായി പുനര്‍വായന നടത്തണമെന്ന് വാദിക്കുന്ന നവചരിത്രകാരന്മാരുടെയും ബുദ്ധിജീവികളുടെയും കൂട്ടായ്മയാണ് ‘സെക്കന്റ് റിപ്പബ്ലിക്’ പ്രസ്ഥാനം. എങ്കില്‍മാത്രമേ തുര്‍ക്കിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ പ്രശ്‌നങ്ങളില്‍നിന്ന് മോചനം സാധിക്കൂ എന്ന് ഇവര്‍ വാദിക്കുന്നു.
കുറിപ്പുകള്‍
1. ഡോ. റിദാ നൂര്‍ (1879-1942). ഭിഷഗ്വരനും രാഷ്ട്രീയനേതാവും എഴുത്തുകാരനും. ഗ്രാന്റ് നാഷ്‌നല്‍ അസംബ്ലിയുടെ സ്ഥാപകരിലൊരാള്‍. പില്‍ക്കാലത്ത് കമാല്‍പാഷയുടെ പ്ര തിയോഗി. തുര്‍ക്കിയുടെ ബൃഹദ് ചരിത്രവും സ്വന്തം ഓര്‍മക്കുറിപ്പുകളും അടക്കം നിരവധി കൃതി കളുടെ കര്‍ത്താവ്.
2. ഇസ്മത് ഇനോനു: പില്‍ക്കാല തുര്‍ക്കി പ്രധാന മന്ത്രിമാരിലൊരാള്‍.
3. മൗഹിബ: ഇസ്മത് ഇനോനുവിന്റെ ഭാര്യ.
4. ഓര്‍മക്കുറിപ്പുകളുടെ കര്‍ത്താവായ ഡോ. റിസാനൂറാണ് ഉദ്ദേശ്യം- ലേഖകന്‍
5. സാലിഹ്: കമാല്‍ പാഷയുടെ കൊട്ടാരവൈതാളികളിലൊരാള്‍.
(ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ചീഫ് എഡിറ്ററാണ് ലേഖകന്‍)
കടപ്പാട്- ബോധനം, ത്രൈ മാസിക
Connect
Connect with us on the following social media platforms.