വൈവിധ്യത്തിന്റെ കേദാരം
ഫ്രാന്‍സിലെ ലോകോത്തര സര്‍വ്വകലാശാലയായ സോര്‍ബോണില്‍ (Sorbonne) നിന്ന് ഭാഷാശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും ഡോക്ടറേറ്റുകള്‍ നേടിയ ഫ്രഞ്ച് എഴുത്തുകാരിയും ഗവേഷകയുമായ ഡൊമിനിക് സില ഖാന്‍ (Dominique Sila Khan) മതപരമായ ബഹുസ്വരതയെ കുറിച്ച് പഠിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. അന്വേഷണങ്ങളുടെ ഫലമായി ‘സേക്രഡ് കേരള’ (Sacred Kerala)എന്ന കൃതിയും തയ്യാറാക്കി. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പ്രകാശനം 2009-ല്‍ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ടു. പ്രമുഖ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരില്‍ നിന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഈ സംഭവം അനുസ്മരിക്കാനുള്ള കാരണം Diversity and Pluralism in Islam എന്ന കൃതി നിരൂപണത്തിന് എടുത്തതിനാലാണ്. വൈവിധ്യത്തെയും ബഹുസ്വരതയെയും കുറിച്ച് ഇസ്‌ലാം ചരിത്രപരമായി നല്‍കുന്ന ഉള്‍കാഴ്ച്ചകളും അനുഭവങ്ങളും ചര്‍ച്ചാവിധേയമാക്കുന്ന ഈ കൃതിയിലെ ഒരധ്യായം ഡൊമിനിക് സില ഖാന്റേതാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് മെറ്റല്‍വര്‍ക്കിന്റെ പണ്ഡിതനായ ജയിംസ് അലന്‍ ( James Allen), വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ നരവംശജ്ഞനായ ജോണ്‍ ബോവന്‍ (John Bowen), മോണ്‍ട്രിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ് അധ്യക്ഷനായ പാട്രിസ് ബ്രോഡ്യൂര്‍ (Patrice C. Bro-deur) തുടങ്ങി എട്ടോളം ഗവേഷകരുടെ പ്രബന്ധങ്ങള്‍ ഈ കൃതിയിലുണ്ട്.
യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ നരവംശജ്ഞനായ സുല്‍ഫിക്കര്‍ ഹിര്‍ജി (Zulfikar Hirji) ഒന്നാം അധ്യാത്തില്‍ കൃതിയുടെ അന്വേഷണവിഷയങ്ങള്‍ ഹൃസ്വമായി വിവരിച്ചിട്ടുണ്ട്. സെപ്തംബര്‍ ആക്രമണത്തെ തുടര്‍ന്ന് വാര്‍ത്താമാധ്യമങ്ങളില്‍ മാത്രമല്ല അക്കാദമീഷ്യന്‍മാര്‍ക്കിടയിലും ഇസ്‌ലാമും മുസ്‌ലിംകളും മുമ്പെങ്ങുമില്ലാത്തവിധം ചര്‍ച്ചാവിഷയമായി. ഇസ്‌ലാമും ഇതരമതങ്ങളും എങ്ങനെ സഹവര്‍ത്തിക്കുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു എന്ന കാര്യത്തോടൊപ്പം മധ്യപൗരസ്ത്യ സംസ്‌കാരം എങ്ങനെ പാശ്ചാത്യര്‍ക്ക് ഭീഷണിയാകുന്നു എന്ന ചര്‍ച്ചയും ശക്തമായി നടക്കാന്‍ തുടങ്ങി. സാമുവല്‍ ഹണ്ടിങ്ങ്ടണെ(Samuel Huntington)പ്പോലുള്ള അമേരിക്കയിലെ രാഷ്ട്രീയനയകര്‍ത്താക്കളുടെ ‘നാഗരികതകളുടെ സംഘട്ടനം’ പലവട്ടം ആവര്‍ത്തിക്കപ്പെട്ടു. ഇസ്‌ലാമും ഇതരസംസ്‌കാരങ്ങളും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചയുടെ മുഖ്യപ്രമേയമായി നിലനില്‍ക്കേ മുസ്‌ലിം സമൂഹത്തിനകത്ത് നിലനില്‍ക്കുന്ന ആശയസംഘര്‍ഷങ്ങളും ചരിത്രപരമായ ആഖ്യാനഭേദങ്ങളുടെ സ്രോതസ്സുകളും ചികഞ്ഞെടുക്കാനുള്ള ശ്രമമാണ് ഈ കൃതിയുടേതെന്ന് എഡിറ്റര്‍ തന്നെ വ്യക്തമാക്കുന്നു. പാശ്ചാത്യര്‍ മുസ്‌ലിംകളെ അപരവല്‍കരിക്കുന്നുവെന്നതിനെയോ മുസ്‌ലിംകളുടെ പാശ്ചാത്യവിരുദ്ധമായ നിലപാടുകളെയോ കുറിച്ചുള്ള സംവാദങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയിലെ തന്നെ അപരത്വം ആണ് ഇവിടെ വിഷയമാകുന്നത്.
ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിലും പ്രവാചകചര്യ എന്തായിരുന്നുവെന്ന് നിശ്ചയിക്കുന്നതിലും പില്‍കാല മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. കര്‍മ്മശാസ്ത്രത്തില്‍ തന്നെ വ്യത്യസ്തമായ നാല് മദ്ഹബുകള്‍ക്ക് ഇടം നല്‍കാന്‍ മുസ്‌ലിം സമൂഹം തയ്യാറായതായി കാണാം. പണ്ഡിതന്മാരുടെ ഏകീകൃതമായ അഭിപ്രായം അപൂര്‍വ്വം പ്രശ്‌നങ്ങളില്‍ ഉണ്ടാകാമെങ്കിലും മിക്കവിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ഗവേഷണമപരമായി (ഇജ്തിഹാദ്) കണ്ടെത്തേണ്ട കാര്യങ്ങളിലാകട്ടെ തെറ്റാകാന്‍ സാധ്യതയുള്ള നിഗമനത്തിനുപോലും പുണ്യമുണ്ട് എന്ന അതിമനോഹരമായ നിലപാട് പ്രഖ്യാപിച്ച്‌കൊണ്ട് ബഹുത്വത്തിന് വീണ്ടും സാധ്യതകള്‍ നല്‍കി. ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ മൗലികവിശ്വാസം ‘മോണോതിസ’മാണെങ്കിലും അതൊരിക്കലും ‘മോണോലിതിക് ‘ ആയിരുന്നില്ല എന്നത് വ്യക്തമാണ്. എന്നാല്‍ ഈ സവിശേഷത ഗ്രഹിക്കാത്തത് കൊണ്ടും മനുഷ്യപ്രകൃതിയുമായുള്ള ഇസ്‌ലാമിന്റെ ചേര്‍ച്ച വേണ്ടവിധം തിരിച്ചറിയാത്തതുകൊണ്ടും സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും ‘മോണോതിസ’ത്തെ ‘മോണോലിതിസ’മായി തെറ്റിദ്ധരിച്ചോ എന്ന് സംശയിക്കണം.
മുസ്‌ലിംസമൂഹം പ്രകൃത്യാ ബഹുസ്വരതക്ക് ഇടം നല്‍കുന്നുണ്ട്. എന്നാല്‍ ആഭ്യന്തരമായി ആരാണ് ഐഡിയലിസ്റ്റുകള്‍ എന്ന് കണ്ടെത്താനുള്ള ശ്രമവും സമുദായത്തില്‍ ഇടക്കിടെ നടന്നതായി കാണാം. മിക്കപ്പോഴും ഏതെങ്കിലും ഒരു പരിഷ്‌കര്‍ത്താവിനെ കേന്ദ്രീകരിച്ച് സംഘടനകള്‍ നടത്തുന്ന ശുദ്ധീകരണശ്രമങ്ങളായിരിക്കും ഇവ. ഒരാളുടെ പരിധിയും പരിമിതിയും പരിഗണിക്കാതെ അവരെ കള്‍ട്ട് ഫിഗറുകളാക്കി മാറ്റി മറ്റുള്ളവരെ ആഭ്യന്തരമായി വ്യവഛേദിക്കാനുള്ള (Internal Other) സംരംഭങ്ങളായി ഇവ പരിണമിക്കുന്നു. കാലാന്തരത്തില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ബഹുസ്വരത ചോര്‍ന്നുപോവാന്‍ ഇവയത്രയും കാരണമായിത്തീരുന്നു. ഇത്തരം സാമൂഹിക വിഗതികളെ വിലയിരുത്താനും തിരുത്താനും സഹായകമായ ഉദാഹരണങ്ങളും സംഭവങ്ങളും ഈ കൃതിയില്‍ കാണാം.
Connect
Connect with us on the following social media platforms.