മറ്റു മതവിശ്വാസികള്‍ക്കുള്ള ഇസ്‌ലാമിന്റെ സന്ദേശം
ചുവടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ ഇതര മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തേണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ ബൈബിളില്‍ പറയുന്ന എന്തിനേക്കാളും വിശാലമാണ് പ്രസ്തുത സൂക്തങ്ങള്‍.
അല്‍ബഖറ അധ്യായത്തിലെ 40 മുതല്‍ 141 വരെയുള്ള സൂക്തങ്ങള്‍ വായിച്ചിട്ട് തുടക്കം മുതല്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇതിലൂടെ ദൈവം ജൂതമതവിശ്വാസികളോടു സംസാരിക്കുകയാണെന്ന് ഞാന്‍ ഊഹിച്ചു. എന്നാല്‍ അവരോട് നിങ്ങള്‍ നമ്മുടെ സന്ദേശത്തില്‍ വിശ്വസിക്കണം, അവിശ്വസിക്കരുത് എന്നുള്ള ദൈവത്തിന്റെ നിര്‍ദേശം അവര്‍ കൂടുതല്‍ ഭക്തരായ ജൂതന്മാരായി മാറാനുള്ള ആഹ്വാനമാണോ അല്ലെങ്കില്‍ അവര്‍ മുസ്‌ലിംകളാവണം എന്നതാണോ? ഒറ്റവായനയില്‍ ഏതായാലും ഈ സൂക്തങ്ങള്‍ എനിക്ക് വ്യക്തമായിട്ടില്ല.
തുടര്‍ന്ന് നമ്മള്‍ പഴയ നിയമത്തില്‍ പ്രതിപാദിക്കപ്പെടുന്ന ജൂതകഥകളുടെ ലഘു സംഗ്രഹത്തിലൂടെ കടന്ന് പോവുന്നു- മൂസ, ഈജിപ്തില്‍ നിന്നുള്ള പലായനം, സമുദ്രത്തിന്റെ വിഭജനം അങ്ങനെയങ്ങനെ. ഇതിന്റെ ഉദ്ദേശമെന്താണ്?
62ാ ത്തെ സൂക്തം വളരെ വ്യക്തമാണ്. എനിക്ക് എന്തെങ്കിലുമൊന്ന് മനസിലായല്ലോ എന്ന് ആശ്വാസം തോന്നുന്നു: മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എല്ലാവര്‍ക്കും ദൈവത്തിന്റെ പ്രതിഫലം ഉണ്ടായിരിക്കും. ഒരു ഏകദൈവവിശ്വാസി വിഭാഗമായ സാബിഈങ്ങള്‍ക്കു പോലും ദൈവത്തിന്റെ പ്രതിഫലമുണ്ട്. ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുക, സല്‍പ്രവൃത്തികള്‍ ചെയ്യുക, ഇത്ര മാത്രമാണ് ഈ വിശ്വാസികളെല്ലാം ചെയ്യേണ്ടത്. ബൈബിളില്‍ എവിടെ കാണാവുന്നതിലും മതസഹിഷ്ണുത ഇവിടെ ദര്‍ശിക്കാം. ഇസ്‌ലാമിന്റെ ഏറ്റവും വലിയ സവിശേഷതയായി കാരന്‍ ആംസ്‌ട്രോംഗ് ബഹുസ്വരതയെയും മതസഹിഷ്ണുതയെയും ഉയര്‍ത്തിപ്പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴെനിക്ക് വ്യക്തമാവുന്നുണ്ട്. വേദനാജനകമെന്നു പറയട്ടെ, പലപ്പോഴും മറച്ചുവെക്കപ്പെടുന്ന ഒരു കാര്യമാണിത്. മുസ്‌ലിംകളും ജൂതന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് താങ്കള്‍ക്ക് ഇവിടെ വിശദീകരിച്ചുകൂടെ?
ഒരു ശരീരത്തിന് ജീവന്‍ നല്‍കാന്‍ വേണ്ടി പശുവിന്റെ ഒരു ഭാഗം കൊണ്ട് അടിക്കാന്‍ പറയുന്ന സന്ദര്‍ഭം (സൂക്തം 73) ഒരല്‍പം വിചിത്രമായി തോന്നുന്നു. ആ കാലത്ത് ചിലപ്പോള്‍ അതിന് പ്രത്യേകമായ അര്‍ത്ഥതലങ്ങള്‍ ഉണ്ടായിരുന്നിരിക്കാം, എന്നാല്‍ ഇപ്പോള്‍ നാമതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? ഇത്രയധികം സൂക്തങ്ങള്‍ എന്തിനാണ് ഒന്നിച്ചെടുത്തത് എന്ന് പറയാമോ സിയാഉദ്ദീന്‍?
വൈവിധ്യവും വ്യത്യാസവും- ഭാഗം ഒന്ന്
ചരിത്രത്തിലും വര്‍ത്തമാനകാലത്തും മതത്തിന്റെ ബഹുസ്വരതയുമായി ഒത്തുപോവുന്നതിനും മതത്തിന്റെ ഖുര്‍ആനിക സങ്കല്‍പത്തെ മനസിലാക്കുന്നതിനും ഈ ദീര്‍ഘമായ ഭാഗം (40-141) അത്യന്താപേക്ഷിതമാണ്. ( ഈ ഭാഗത്തെന്ന പോലെ ഖുര്‍ആനിലുടനീളം ഒരു നിര്‍ബന്ധബാധ്യതയായി പരാമര്‍ശിക്കപ്പെട്ട) ബഹുമത, സാംസ്‌കാരിക സമൂഹം അതിന്റെ ഏറ്റവും മികച്ച അര്‍ത്ഥത്തില്‍ ഒരു യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും പങ്കുവഹിക്കാനുണ്ടെങ്കില്‍ മാനുഷിക പ്രതിബന്ധങ്ങളെ തരണം ചെയ്ത് അതിനുള്ള ശ്രമമാരംഭിക്കേണ്ടത് ഇവിടെ നിന്നാണ്.
ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുന്ന രണ്ട് ആശയങ്ങളെ ഇവിടെ നമ്മള്‍ കണ്ടുമുട്ടുന്നു- ഏതൊരു ബഹുസ്വര സമൂഹവും നേരിടേണ്ടി വരുന്ന അടിസ്ഥാന വിഷയങ്ങളായ വൈവിധ്യവും വ്യത്യാസവും. പരസ്പരസ്വീകാര്യതക്കും തുടര്‍ച്ചക്കും സാധാരണത്വത്തിനും ഊന്നല്‍ നല്‍കുന്ന ഒരു സങ്കീര്‍ണസാഹചര്യത്തിലാണ് ഖുര്‍ആന്‍ ഈ പ്രശ്‌നത്തെ വെക്കുന്നത്. നിങ്ങളത് ശരിയായി തന്നെയാണ് മനസിലാക്കിയിരിക്കുന്നത് മെഡലീന്‍- മതത്തിന്റെ സര്‍വാംഗീകൃത ഉത്തരവാദിത്തം എല്ലാവരിലും ഒരേ പോലെയാണ് എന്നാണ് ഈ ഭാഗം ഊന്നിപ്പറയുന്നത്. അത് വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗവും ബോധവും നല്‍കുന്നു.
എന്നിരുന്നാലും മനുഷ്യന്റെ തലതിരിഞ്ഞ സ്വഭാവത്തെയും ദൈവിക മാര്‍ഗനിര്‍ദേശത്തിന്റെ ദുരുപയോഗത്തെയും സംബന്ധിക്കുന്ന ചില മുന്നറിയിപ്പുകളും ഇവ നല്‍കുന്നുണ്ട്. മതം സാമുദായിക സ്വത്വത്തിന്റെ അടയാളമാവുകയും നമ്മളെയും അവരെയും നിര്‍വചിക്കാന്‍ അത് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് വിവിധ തരം സമ്മര്‍ദങ്ങള്‍ക്കും പരസ്പര വിദ്വേഷത്തിനും കാരണമാവുന്നു. സഹകരണവും കൂട്ടായ പരിശ്രമവുമാണ് നമ്മുടെ പ്രധാന പരിഗണന എന്നിരിക്കെയാണിത്.
മെഡലിന്‍ സൂചിപ്പിക്കുന്ന പോലെ ഈ ബ്ലോഗ് ദൈര്‍ഘ്യമേറിയ ഭാഗങ്ങളെ കൈകാര്യം ചെയ്യുന്നു. പരസ്പരബന്ധിതമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തുടര്‍ ബ്ലോഗുകളുടെ ഒരു തുടക്കമാണിത്. ബഹുസ്വരസമൂഹങ്ങളിലെ ശരിയായ ജീവിതത്തിനും അവയുടെ സംഘാടനത്തിനും നമ്മള്‍ അറിഞ്ഞിരിക്കേണ്ട തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്.
ഈ ഭാഗം ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന മെഡലിന്റെ ചോദ്യം പരിഗണിക്കുക എന്നത് പ്രധാനമാണ്. എന്റെ ഉത്തരം അഭിസംബോധിതര്‍ സങ്കീര്‍ണമാണ് എന്നാണ്. ആ സങ്കീര്‍ണത തിരിച്ചറിവിലേക്കുള്ള അടിസ്ഥാന വാതിലുകള്‍ തുറക്കുന്നു.
പ്രാഥമികമായും പ്രവാചകനോടും മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പാലായനത്തില്‍ അദ്ദേഹത്തെ അനുഗമിച്ച വിശ്വാസികളോടുമാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. ഹിജ്‌റ അഥവാ പലായനത്തിന് ശേഷം ആദ്യമായവതരിച്ച അദ്ധ്യായമാണിത്. എ ഡി 622 ലെ ഈ പലായനമാണ് ഹിജ്‌റ കലണ്ടര്‍ അടയാളപ്പെടുത്തുന്നത്.
മക്കാനിവാസികളുടെ പീഡനങ്ങളേറ്റ് കഴിയുകയായിരുന്ന പ്രവാചകനും അനുചരന്മാരും യഥ്‌രിബി(മദീന)ലേക്ക് ക്ഷണിക്കപ്പെട്ടു. പക്ഷേ മദീന ഒരു മിശ്രിത സമൂഹമായിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ ഈ സമൂഹത്തെയും അഭിസംബോധന ചെയ്യുന്നു. ഇസ്‌ലാം സ്വീകരിച്ച പൗരന്മാര്‍ക്കു പുറമെ അവിടെ ജൂതന്മാരും ക്രിസ്ത്യാനികളുമുണ്ടായിരുന്നു, ഒപ്പം പൂര്‍വ ഇസ്‌ലാമിക അറേബ്യയില്‍ നിലവിലുണ്ടായിരുന്ന വിഗ്രഹാരാധന തുടര്‍ന്നു പോന്ന ബഹുദൈവവിശ്വാസികളും. വ്യത്യസ്ത മതവും ആചാരങ്ങളുമായി പെട്ടെന്ന് രംഗപ്രവേശം ചെയ്യുന്ന കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം എത്രത്തോളമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തങ്ങളുടെ നഗരത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഭീഷണിയായി പുതിയ മതത്തെ കണ്ട മക്കാനിവാസികളുടെ ശത്രു എന്ന നിലയില്‍ ഇവരുടെ ആഗമനം മദീനക്കാര്‍ക്ക് വലിയ അപകടം തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സൂക്തങ്ങള്‍ അവതരിക്കുന്നത്.
ജൂതമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ചരിത്രത്തെയും വികാസത്തെയും കുറിച്ച് ഈ ഭാഗം പ്രതിപാദിക്കുന്നുണ്ട്. സമകാലീന മദീനയിലെ സാഹചര്യങ്ങളെ വിശദീകരിക്കാനും പ്രയാസങ്ങളെ എങ്ങനെ നേരിടണമെന്നും തങ്ങളുടെ ഭാവി എങ്ങനെ പരുവപ്പെടുത്തണമെന്നും പുതിയ വിശ്വാസി സമൂഹമായ മുസ്‌ലിംകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ഇവിടെ ഭൂതകാലത്തെ ആശ്രയിക്കുന്നു. ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് എല്ലാ കാലത്തെയും മനുഷ്യകുലത്തെയാണ് എന്നത് നമ്മള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തിലും പറയപ്പെടുന്ന സൂക്തങ്ങള്‍ക്കും ഏതു കാലത്തും എവിടെയും പ്രാധാന്യവും അര്‍ത്ഥതലങ്ങളുമുണ്ട്.
കാലത്തിനനുസരിച്ച് ഈ ഖണ്ഡം മുന്നോട്ടും പിന്നോട്ടും മാറുന്നുണ്ട്. വൈവിധ്യം ജീവിതത്തിന്റെ ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഖുര്‍ആനില്‍ പല തവണ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ………
പ്രവാചകന്‍ മുഹമ്മദ് ഒരു പുതിയ സന്ദേശം കൊണ്ടു വരികയായിരുന്നില്ല, പഴയ സന്ദേശത്തെ പുനരവതരിപ്പിക്കുകയാണ് അദ്ദേഹം. മൂസ, ഈസ, ഇബ്രാഹിം എന്നീ പരിചിത നാമങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത് ഏകദൈവപാരമ്പര്യത്തിന്റെ തുടര്‍ച്ച സൂചിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, മറിച്ച് പൂര്‍വപ്രവാചകന്മാരുടെ ഒരു നീണ്ട നിരയില്‍ നിന്നാണ് മുഹമ്മദ് വരുന്നത് എന്ന യാഥാര്‍ത്ഥ്യം സ്ഥാപിക്കാന്‍ കൂടി വേണ്ടിയാണ്. ഇബ്രാഹിമിനും ഇസ്മാഈലിനും ഇസ്ഹാഖിനും, യഅ്ഖൂബിനും അവരുടെ പിന്ഗാമികളായ മൂസാക്കും ഈസാക്കും അവതരിക്കപ്പെട്ടതില്‍ മുസ്‌ലിംകള്‍ വിശ്വസിക്കണമെന്ന് 136 ാമത്തെ സൂക്തത്തില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു’.
എല്ലാ പ്രവാചകന്‍മാരുടെയും സ്വീകാര്യത, തുടര്‍ച്ച, ബഹുമാനം ഇവ ഖുര്‍ആന്റെ ഏറ്റവും അടിസ്ഥാനപരമായ സന്ദേശങ്ങളാണ്. “വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.”(62;2) ഈ സൂക്തം നിര്‍ണായകമാണ് എന്ന താങ്കളുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കാതിരിക്കാനാവുന്നില്ല മെഡലിന്‍. ഖുര്‍ആനിലുടനീളം ഈ ആശയം പല തവണ ആവര്‍ത്തിക്കപ്പെടുന്നതുകൊണ്ടു തന്നെ ആശയത്തിന്റെ സത്ത ഇതാണെന്ന് നമുക്ക് മനസിലാക്കാം.
മതത്തിന്റെ അടിസ്ഥാനം എല്ലാവര്‍ക്കും ഒരുപോലെയാണ്. മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളിലും മുന്നറിയിപ്പുകളിലും ഈ പൊതുസ്വഭാവം കാണാം. മതം ദൈവത്തില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമല്ല മറിച്ച് മാനവസമൂഹം അതെങ്ങനെ ഉള്‍ക്കൊള്ളുകയും അതിനോട് എങ്ങനെ പ്രതികരിക്കുകയും ചെയ്തു എന്നതു കൂടിയാണ്. മതത്തിന് ആവാന്‍ കഴിയുന്നതും ആയിരിക്കേണ്ടതും, സമൂഹം മതത്തിന്റെ പേരില്‍ ചെയ്തു കൂട്ടുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള സംവാദങ്ങളെ നമ്മള്‍ പല തവണ അഭിമുഖീകരിച്ചിട്ടുണ്ട്.
പൂര്‍വപ്രവാചകന്മാരുടെ കഥകള്‍ ആവര്‍ത്തിക്കുന്നതിലൂടെ ഖുര്‍ആന്‍ ഒരുപാട് മുന്നറിയിപ്പുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഒരു സമൂഹത്തിന് ദൈവത്തില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിച്ചേക്കാം, എന്നാല്‍ അവരതിനോട് വിശ്വസ്തത പുലര്‍ത്തുമെന്നതിന് ഉറപ്പൊന്നുമില്ല. സ്വര്‍ണ പശുവിന്റെ കഥയിലെ ഉദാഹരണമായി കാണാം. ചരിത്രത്തിലുടനീളം മനുഷ്യര്‍ തെറ്റു ചെയ്തിട്ടുണ്ട്. ഏകദൈവവിശ്വാസത്തില്‍ ഗുരുതരമായ തെറ്റായിട്ടുകൂടി സ്വര്‍ണ പശുവിനെ ആരാധിച്ചവര്‍ക്ക് പൊറുത്തു നല്‍കപ്പെട്ടു. ആദമിനും ഹവ്വക്കും നല്‍കപ്പെട്ട ക്ഷമാപണത്തിന്റെ ആവര്‍ത്തനമാണിത്. സ്വര്‍ഗത്തില്‍ ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും തുടങ്ങി , പ്രവാചക പരമ്പരകളിലൂടെ, ജൂത-ക്രിസ്തീയ വിശ്വാസികളിലൂടെ, മദീനയിലെ വിശ്വാസികളിലൂടെ സല്‍പ്രവൃത്തികളിലേര്‍പ്പെടുന്ന നമ്മുടെ സമകാലീനരിലേക്കും പൊറുത്തു നല്‍കല്‍ വ്യാപിക്കുന്നു.
ദൈവസമക്ഷത്തിലാണ് പൊറുത്തുനല്‍കല്‍. അത് എല്ലാവര്‍ക്കും ലഭ്യമാണ് താനും. പൂര്‍വ വെളിപാടുകളുടെ സ്വീകര്‍ത്താക്കള്‍ എല്ലാവര്‍ക്കും ലഭ്യമാക്കേണ്ട യാഥാര്‍ത്ഥ്യങ്ങളെ തങ്ങളുടേതാക്കി സൂക്ഷിച്ചു. അഹങ്കാരമാണ് ഇവിടെ പ്രശ്‌നം. ഇബ്‌ലീസിന്റെ പെരുമാറ്റത്തെ വിവരിക്കാന്‍ ഉപയോഗിച്ച പദമായ ഇസ്തക്ബറ ആണ് അഹങ്കാരത്തെ കുറിക്കുന്ന പദം. ജൂതന്മാരും ക്രിസ്ത്യാനികളും യാഥാര്‍ത്ഥ്യത്തിന്റെ അവകാശവാദമുന്നയിക്കുന്നു. എല്ലാ വിശ്വാസികൡ നിന്നും ദൈവം ആവശ്യപ്പെടുന്നത് കൃതജ്ഞത മാത്രമാണ്. തങ്ങളുടെ വഴിയില്‍ക്കൂടി മാത്രമേ ആത്യന്തികമായി മോക്ഷം സാധ്യമാവൂ എന്ന അഹങ്കാരം ബഹുസ്വരസമൂഹങ്ങളില്‍ പരസ്പര വൈരത്തിന് കാരണമാവുന്നു. ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നു, മനുഷ്യരില്‍ നിന്ന് ദൈവം ആവശ്യപ്പെടുന്നത് കൃതജ്ഞതയും അംഗീകാരവും മാത്രമാണ്. അവരെന്ത് വിശ്വസിക്കുന്നു എന്നതിനനുസൃതമല്ലാതെ എല്ലാ സഹപൗരന്മാരെയും സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള സല്‍പ്രവൃത്തികളിലൂടെയാണ് നമുക്ക് നന്ദി പ്രകാശിപ്പിക്കാനാവുക. സ്രഷ്ടാവിന്റെ പ്രതിഫലങ്ങള്‍ക്ക് നമ്മളെ പ്രാപ്തരാക്കുന്നത് നമ്മുടെ ചെയ്തികളാണ്- അവിടെയാണ് ഈ ഭാഗം അവസാനിക്കുന്നത്.
പ്രവാചകന്‍ മുഹമ്മദിനെ പിന്തുടര്‍ന്നവര്‍ക്കുള്ള ഒരു താക്കീതായാണ് ഞാനീ ഭാഗത്തെ കാണുന്നത്. മുസ്‌ലിമായും ക്രിസ്ത്യാനിയായും ജൂതനായും തുടര്‍ന്നുവരുന്ന തലമുറകള്‍ക്കും കൂടിയുള്ള മുന്നറിയിപ്പ്. മനുഷ്യകുലത്തിന്റെ ദുഷ്പ്രവൃത്തികളാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ സാര്‍വലൗകികമാണ്, അത് ഒരു സമൂഹത്തിന്റെയും പ്രത്യേകതയല്ല. ഖുര്‍ആനില്‍ നിന്നുള്ള ഈ ഭാഗം അനുശാസിക്കുന്നതു പോലെ വിശ്വാസത്തിന്റെ യഥാര്‍ത്ഥസത്തയെക്കുറിച്ച് നമ്മളെല്ലാവരും ബോധവാന്മാരാവേണ്ടതുണ്ട്-നല്ലതു മാത്രം ചെയ്യുക.
ഇവിടെ പ്രതിപാദിക്കപ്പെടുന്ന പശുവിന്റെ രണ്ടാമത്തെ കഥ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ദൈവം ഒരു പശുവിനെ ബലിയറുക്കാന്‍ ആവശ്യപ്പെടുന്നു. ആളുകള്‍ വീണ്ടും വീണ്ടും ഏതുതരത്തിലുള്ള പശുവിനെയാണ് അറുക്കേണ്ടത് എന്നാരാഞ്ഞു കൊണ്ട് മൂസായെ സമീപിക്കുന്നു. നാം വീണ്ടും മനുഷ്യന്റെ തല തിരിഞ്ഞ സ്വഭാവത്തെ കണ്ടുമുട്ടുകയാണിവിടെ. സാമാന്യബോധമുണ്ടായിരുന്നെങ്കില്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാമായിരുന്ന ഒരു ദൗത്യം സാങ്കേതികത്വങ്ങള്‍ പറഞ്ഞുകൊണ്ട് അസാധ്യമാക്കുന്നു. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്നതും തീര്‍ക്കേണ്ടതുമായ കാര്യങ്ങള്‍ തീര്‍ത്തും സങ്കീര്‍ണവും പിന്തുടരല്‍ അസാധ്യവുമാക്കാന്‍ നമുക്കാവും. സാമാന്യ ബോധവും സമകാലീന ലോകത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അറിവുമില്ലാതെ നിയമപരമായ കാര്യങ്ങളില്‍ കടിച്ചു തൂങ്ങിക്കൊണ്ട് അതിനും ഇതിനും ഫത്‌വ വേണം എന്ന ആഗ്രഹവുമായി നടക്കുന്ന മുസ്‌ലിംകളില്‍ നമുക്ക് അനവധി ഉദാഹരണങ്ങള്‍ ദര്‍ശിക്കാം.
ദീര്‍ഘവും സങ്കീര്‍ണവുമായ ഈ ഖണ്ഡത്തെ ഞാന്‍ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നത്. ഇസ്‌ലാമിനോടു മാത്രമല്ല വൈവിധ്യപൂര്‍ണവും വ്യത്യസ്തവുമായ ഒരു ബഹുസ്വരസമൂഹത്തില്‍ തുറന്ന, സഹിഷ്ണുതാപരമായ സമീപനത്തോടെ ജീവിക്കണമെന്ന, സമയാതീതമായ കല്‍പനയാണിത്.
Connect
Connect with us on the following social media platforms.