ആര്‍ഗോ ആവര്‍ത്തിക്കുന്ന രാഷ്ട്രീയമിത്തുകള്‍
ഹോളീവുഡ് ജനകീയ സംസ്‌കാരം (popular culture) അല്ലെങ്കില്‍ അമേരിക്ക പുറന്തള്ളുന്ന ആഗോളസംസ്‌കാരം പൊതുവില്‍ ഉയര്‍ത്തി വിടുന്ന അപകടകരമായ ഒരു ധാരണയാണ് അമേരിക്കക്കാരോ അവരുടെ സംസ്‌കാരം പിന്തുടരുന്നവരോ അല്ലാത്ത ജനവിഭാഗങ്ങളെല്ലാം സ്വന്തമായി നിലനില്‍പില്ലാത്തവരും തിന്മയുടെ ശക്തികളെ തൊട്ട് നിസ്സഹായരും ആണ് എന്നത്. സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷം ആഗോളമാധ്യമങ്ങളുടെ പിന്തുണയോടെ തങ്ങള്‍ എല്ലാവരുടെയും രക്ഷകരായ ലോകപോലീസാണെന്ന വിശ്വാസം കുറച്ചെങ്കിലും ആളുകളില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചിട്ടുമുണ്ട്.
2012ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ അക്കാഡമി അവാര്‍ഡിന് തെരെഞ്ഞെടുക്കപ്പെട്ടത് ഹോളിവുഡ് നടനും സംവിധായകനുമായ ബെന്‍ അഫ്‌ലക്ക് (Ben Affleck) സംവിധാനം ചെയ്ത ആര്‍ഗോ(Argo) ആണ് . 1979 ല്‍ ഇറാനില്‍ ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക വിപ്ലവ സമയത്ത് അമേരിക്കന്‍ എംബസിയിലുണ്ടായ ബന്ധി പ്രതിസന്ധി (hostage crisis)യാണ് സിനിമയുടെ ഇതിവൃത്തം. അക്രമാസക്തരായ ‘ഇസ്‌ലാമിക’ വിപ്ലവകാരികള്‍ ഇറാനിലെ അമേരിക്കന്‍ എംബസിയില്‍ ബന്ധികളാക്കിയ ആറ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ‘അതിസാഹസികമായ’ രക്ഷപ്പെടലിന്റെ കഥയായി ആര്‍ഗോ ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തില്‍ നിന്നും സിനിമ വളരെ അകലെയാണ് എന്നത് സിനിമാ നിരൂപകരോ മാധ്യമപ്രവര്‍ത്തകരോ ശ്രദ്ധിച്ചിട്ടില്ല എന്നത് ബോധപൂര്‍വമല്ലാതിരിക്കാന്‍ വഴിയില്ല. ഇറാനിയന്‍ വിപ്ലവകാരികള്‍ എംബസിയില്‍ നിന്നും അറുപതോളം ആളുകളെ ബന്ധികളാക്കിയതിന് കാരണമായ രാഷ്ട്രീയവും സാഹചര്യവും സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട, പടിഞ്ഞാറിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചിരുന്ന സ്വേച്ഛാധിപതി ഷായെ ക്യാന്‍സര്‍ രോഗ ചികിത്സക്കു വേണ്ടി അമേരിക്കയിലേക്ക് ക്ഷണിച്ച അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ നടപടിയോടുള്ള പ്രതിഷേധമായിരുന്നു യഥാര്‍ത്ഥത്തില്‍ ബന്ധിപ്രതിസന്ധിക്കു പെട്ടെന്നുണ്ടായ കാരണം. അതിലുപരി ഇറാനിന് നഷ്ടപ്പെട്ട സംസ്‌കാരികവും സാമൂഹികവുമായ ഇടം പാശ്ചാത്യ ശക്തികളില്‍ നിന്നും പ്രത്യേകിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍ നിന്നും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമായിരുന്നു ഇറാനിയന്‍ വിപ്ലവത്തിലേക്ക് നയിച്ചത്. അതിന്റെ ഉപോല്‍പന്നമായിരുന്നു ബന്ധിപ്രതിസന്ധി.
ബന്ധികളാക്കിയ എല്ലാവരെയും 1981 ജനുവരിയില്‍, 444 ദിവസത്തെ നാടകീയ സംഭവങ്ങള്‍ക്കു ശേഷം വിപ്ലവത്തിന് നേതൃത്വം കൊടുത്ത ഇറാനിലെ യുവത മോചിപ്പിച്ചു. ഈ സമയം അമേരിക്കയില്‍ റൊണാള്‍ഡ് റീഗന്‍ ജിമ്മി കാര്‍ട്ടറെ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ജിമ്മി കാര്‍ട്ടറിന് പ്രസിഡന്റെ് പദവി നഷ്ടമാകാന്‍ ബന്ധിപ്രതിസന്ധി ഒരു പ്രധാന കാരണമായിരുന്നു എന്നത് പ്രബലമായൊരു നിരീക്ഷണമാണ്.
ആര്‍ഗോ ചരിത്രത്തെ വളരെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നത്. ഇറാനിയന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പരമ്പരാഗത രീതിയില്‍ പ്രശ്‌നവല്‍കരിക്കുകയും ഇസ്‌ലാമിക രാഷ്ട്രത്തോടു പടിഞ്ഞാറ് പുലര്‍ത്തി വരുന്ന പ്രതിലോമ മനോഭാവത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു ആര്‍ഗോ. അമേരിക്കയുടെ പതിവു പ്രൊപ്പഗാണ്ട ശൈലിയില്‍ സിനിമ നന്മയില്‍ ഗോപാലന്‍മാരായ അമേരിക്കക്കാരെയും ഭീകരതയും അക്രമവും കൈമുതലായുള്ള ഇറാനികളെയും ചിത്രീകരിക്കുന്നു. അതുവഴി ഇറാനിനെ കുറിച്ച് ഹോളിവുഡ് പുലര്‍ത്തിപ്പോരുന്ന വാര്‍പ്പ് മാതൃകകളെ ആര്‍ഗോ അപ്പടി ആവര്‍ത്തിക്കുകയും ചെയ്യുന്നു. സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ ചിത്രീകരിക്കുന്നത് അക്രമാസക്തരായ ഇറാനിലെ ജനക്കൂട്ടത്തെയാണ്, അതില്‍ സ്ത്രീകളും യുവാക്കളും വൃദ്ധരും എന്നു വേണ്ട ചെറിയ കുട്ടികള്‍ വരെ ഉള്‍പ്പെടും. വളരെ എളുപ്പത്തില്‍ എ.കെ 47 കൈകാര്യം ചെയ്യുന്ന സ്ത്രീകളായാണ് ഇറാനിലെ വിദ്യാര്‍ത്ഥിനികളെ സിനിമ അവതരിപ്പിക്കുന്നത്. ഏറ്റവും സമര്‍ത്ഥരും സജ്ജരും ആര്‍ക്കും ആശ്രയിക്കാവുന്നവരുമായ ആഗോള ഏജന്‍സികളായി സി.ഐ.എയും എഫ്.ബി.ഐയും കടന്നുവരുന്നു. കടുത്ത രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും ഇറാനികള്‍ക്ക് താല്‍പര്യം അമേരിക്കന്‍ ഉത്പന്നങ്ങള്‍ തന്നെയാണ് എന്ന തികച്ചും ഏകപക്ഷീയമായ തീരുമാനത്തില്‍ സിനിമയുടെ പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നു. ബഹുരാഷ്ട്ര കുത്തകയായ കെ.എഫ്.സിയെ മാത്രം ആശ്രയിക്കുന്ന ഇറാനികളുടെ ദൃശ്യം സിനിമയില്‍ ബോധപൂര്‍വ്വം തന്നെ കടന്നു വരുന്നത് ഇങ്ങനെയാണ്.
ഒസാമ ബിന്‍ലാദന്റെ അവസാന നിമിഷങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച സീറോ ഡാര്‍ക് തേര്‍ട്ടി (Zero Dark Thirty) മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ ആര്‍ഗോയുടെ കൂടെ ഇടം പിടിച്ചത്. എന്ത് കൊണ്ടാണ് ഓസ്‌കാര്‍ അക്കാദമി പ്രേക്ഷകശ്രദ്ധ നേടിയ ആങ് ലീയുടെ ലൈഫ് ഓഫ് പൈ (Life of Pie) ബ്രയാന്‍ ക്ലുഗ് മാനും ലീ സ്റ്റെന്താളും ചേര്‍ന്ന് സംവിധാനം ചെയ്ത ദി വേര്‍ഡ്‌സും (The words) പരിഗണിക്കാതെ പോയത്?സാങ്കേതിക മികവിനെ കണക്കിലെടുത്ത് ലൈഫ് ഓഫ് പൈയെ മികച്ച സംവിധാനത്തിലേക്ക് തെരെഞ്ഞെടുത്തതിലൂടെ ആ സിനിമയില്‍ കൂടി സംവേദനം ചെയ്ത ആത്മീയവും ശാരീരികവുമായ യാത്രയെന്ന അനുഭൂതിയെ ജൂറി കാണാതെ പോയി. സിനിമയില്‍ ആങ് ലീ രൂപകങ്ങളെ വളരെ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു. കടലും, മനുഷ്യനും, പുലിയും, മൃഗശാലയും, ഒറ്റപ്പെടലും, ആത്മീയതയും എല്ലാം ജീവിതത്തിന്റെ മികച്ച രൂപകങ്ങളായി വരച്ചിട്ടിരുന്നു.പ്രേക്ഷകര്‍ സിനിമയിലൂയെ തങ്ങളുടെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചതിനാലാണ് ലൈഫ് ഓഫ് പൈ പ്രേക്ഷക മനസ്സ് കീഴടക്കിയത്.
ദി വേര്‍ഡ്‌സ് എന്ന സിനിമയും വാക്കിന്റെയും പ്രണയത്തിന്റെയും ശക്തിയെയും സൗന്ദര്യത്തെയും കുറിച്ച് വാചാലമാകുന്നു. മനുഷ്യര്‍ പ്രണയദാഹികളാണ്. മരണം വരെ പ്രണയത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യനെയാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. സിനിമയില്‍ വാക്കുകള്‍ പ്രണയത്തിന്റെ, സ്‌നേഹത്തിന്റെ, ജീവിതത്തിന്റെ, ആത്മീയാവിഷ്‌കാരത്തിന്റെ രൂപകങ്ങളാണ്. ഈ രണ്ട് സിനിമകളും പ്രതിനിധീകരിക്കുന്നത് ജീവിതത്തിന്റെ പ്രതീക്ഷയെയും ജീവിതത്തിന്റെ പ്രണയത്തെയുമാണ്.
അപ്പോള്‍ പിന്നെ എന്തു കൊണ്ടായിരിക്കാം ആര്‍ഗോയും സീറോ ഡാര്‍ക്ക് തേര്‍ടിയും ഈ സിനിമകളേക്കാളും മികച്ചതായി അക്കാദമിക്ക് തോന്നിയത്? , ഈ സിനിമകള്‍ ആരുടെ രാഷ്ട്രീയത്തെയാണ് താല്‍പര്യപ്പെടുത്തുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം ഇവിടെ അപ്രസക്തമാണ്. സിനിമ എന്ന മാധ്യമം വെറുമൊരു സന്തോഷോപാധി മാത്രമല്ല, മറിച്ച് രാഷ്ട്രീയ കെട്ടുകഥയുടെയും പ്രചാരണവേലയുടേയും ഉപകരണമാണ എന്നത് ഓരോ വര്‍ഷവും ഹോളിവുഡും ഓസ്‌കാറും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
Connect
Connect with us on the following social media platforms.