അറേബ്യന്‍ രുചിയുമായി തേനൂറും ഖഹ്‌വ
കുത്തക കമ്പനികള്‍ നല്‍കുന്ന വിഷ പാനീയങ്ങളുടെ മായാലോകത്ത് കുരുങ്ങി കിടക്കുന്ന നിങ്ങളിലെത്ര പേര്‍ ഖഹ്‌വയുടെ രുചിയറിഞ്ഞിട്ടുണ്ട്? അധികമാരും അറിയാനിടയില്ല. ഒരുപക്ഷേ പ്രവാസികള്‍ക്ക് ഏറെ സുപരിചിതമായേക്കാം ഈ പാനീയം. മണലാരണ്യത്തിന്റെ ദാഹമറിഞ്ഞവര്‍ക്കു മുമ്പില്‍ പലപ്പോഴും ഒരു സ്വര്‍ഗീയ പാനീയത്തിന്റെ പരിവേഷത്തോടെ കടന്നുവരുന്ന ഈ സ്‌പെഷ്യല്‍ അറേബ്യന്‍ കോഫി ഔഷധ സമൃദ്ധവുമാണ്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാക്കപ്പെട്ട അറേബ്യന്‍ സല്‍ക്കാര വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത അംഗമാണ് ഖഹ്‌വ. പാചകത്തില്‍ നൈപുണ്യവും കൈപുണ്യവും ഒത്തുചേര്‍ന്നാല്‍ ആര്‍ക്കും രുചിയാര്‍ന്ന ഖഹ്‌വയൊരുക്കാം.
സദസുകളില്‍ പ്രത്യേക മര്യാദയോടെയാണു ഖഹ്‌വ പകര്‍ന്നു നല്‍കുക. അതിഥികള്‍ക്കു മുമ്പില്‍ അവരുടെ പ്രാധാന്യത്തിനനുസരിച്ച്, മുന്‍ നിരയിലുള്ളവര്‍ക്ക് ആദ്യവും തുടര്‍ന്ന് മറ്റുള്ളവര്‍ക്കും നല്‍കും. പരമ്പരാഗതമായി വലതു ഭാഗത്ത് നിന്നും തുടങ്ങി ഇടതു ഭാഗത്ത് ഇരിക്കുന്നവരിലേക്കാണ് ഖഹ്‌വ വിതരണം ചെയ്യുക. മകനിരിക്കെ പിതാവോ, ഇളയ സഹോദരനിരിക്കെ മുതിര്‍ന്നവരോ അതു ചെയ്യരുതെന്ന നിബന്ധന മുതിര്‍ന്നവരോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കണമെന്ന മഹത്തായ പാഠം കൂടി പകര്‍ന്നു നല്‍കുന്നു.
അറബി ഭാഷയിലെ ഖഹ്‌വ എന്ന പദത്തില്‍ നിന്ന് തുര്‍ക്കി ഭാഷയിലെ കഹ്‌വ ‘ഗമവ്‌ലവ’ എന്ന പദമാണ് ഇറ്റാലിയന്‍ ഭാഷയിലെ കോഫെ (ഇീളളല)യും ഇംഗ്ലീഷിലെ കോഫിയും ആവുന്നത്. ഭൂരിപക്ഷം കാശ്മീരികളും വിശ്വസിക്കുന്നത് ഓര്‍മയില്‍ സൂക്ഷിക്കാനാവുന്നതിലുമപ്പുറത്തെ പഴമയുടെ പാരമ്പര്യം ഈ പാനീയത്തിനുണ്ടെന്നാണ്. പണ്ട് കുശന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാശ്മീര്‍, ക്‌സിന്‍ജിയാങ് തുടങ്ങിയ താഴ്‌വാരങ്ങളില്‍ നിന്നുമാണ് ഈ സുഗന്ധ പാനീയം വ്യാപിച്ചു തുടങ്ങിയതെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. പുരാതന കാലം മുതല്‍ക്കു തന്നെ ഔഷധമായി ഉപയോഗിക്കുന്ന കാപ്പി, കുങ്കുമം, ബദാം തുടങ്ങിയവ പ്രധാന ചേരുവകളായതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതുമാണ്.
ആദ്യകാലം തൊട്ടേ അറബികളുമായി വ്യാപാര ബന്ധം പുലര്‍ത്തിയിരുന്നതിലൂടെ കേരളത്തിലും ഖഹ്‌വയുടെ രുചിയെത്തിയിരുന്നു. ശര്‍ക്കര, ചുക്ക്, കുരുമുളക് തുടങ്ങിയവ ചേര്‍ത്തൊരുക്കിയ കാപ്പിയില്‍ എണ്ണയില്‍ വരട്ടിയ ഉള്ളിയൊഴിച്ച് പരമ്പരാഗത മതവേദികളിലും മറ്റും ഖഹ്‌വ വിതരണം ചെയ്തുവരുന്നുണ്ട്.
തയ്യാറാക്കേണ്ട വിധം
1. നാലു കപ്പു വെള്ളത്തില്‍ പച്ച ഏലമിട്ട് തിളപ്പിക്കുക.
2. കറുവപ്പട്ട അര കഷ്ണം.
3. രണ്ടു ടേബ്ള്‍ സ്പൂണ്‍ പഞ്ചസാരയിടുക.
4. 3 ടീസ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്ത് ഒന്നോ രണ്ടോ മിനുട്ട് അടച്ചുവെക്കുക. ഇരുണ്ട നിറം വരുന്നത് വരെ.
5. നുറുക്കിയ ബദാം കഷ്ണത്തോടൊപ്പം കപ്പില്‍ വിളമ്പുക. പഞ്ചസാരയും ചേര്‍ക്കുക.
സഫ്രണ്‍ ഖഹ്‌വ
ഗ്രീന്‍ ടീ ചേര്‍ക്കുന്നതിന് പകരം രണ്ടോ മൂന്നോ അല്ലി കുങ്കുമപ്പൂ ചേര്‍ത്ത് 3 മിനുട്ട് മൂടി വെക്കുക. പാലില്ലാതെ ബദാം കഷ്ണങ്ങള്‍ ചേര്‍ത്ത് വിളമ്പുക.