ഏദന്‍ തോട്ടത്തിലെ ഹവ്വ?
എനിക്ക് പരിചയമുള്ള ബൈബിളിലെ കഥകളുമായി ഈ കഥകള്‍ വല്ലാതെ വൈരുദ്ധ്യം അനുഭവപ്പെടുന്നു. ഖുര്‍ആനിലെ 30 മുതല്‍ 39 വരെയുള്ള സൂക്തങ്ങള്‍(സൂറത്ത്-ബഖറ) മനസിലാക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. നിരവധി തവണ പ്രയോഗിക്കപ്പെടുന്ന ‘ഞങ്ങള്‍, അവര്‍’ തുടങ്ങിയ സര്‍വനാമങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ ഒരുപാട് തവണ വായിക്കേണ്ടി വന്നു. ഇത് വിവര്‍ത്തനത്തനത്തിന്റെ പ്രശ്‌നമാണോ? ആദ്യസൂക്തങ്ങളില്‍ വസ്തുക്കളുടെ നാമകരണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട നാമങ്ങളെന്ന അറിവിനെക്കുറിച്ച ചില പ്രതിപാദ്യങ്ങളുണ്ട്. ബൈബിളിലെ പഴയ നിയമത്തിലും നാമങ്ങള്‍ക്ക് ഇതേ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാണാം. ഭാഷയെന്ന അനുഗ്രഹത്തെക്കുറിച്ചാണോ ഇത്? ഇതിന്റെ പ്രാധാന്യമെന്താണ്? ഈ സൂക്തങ്ങളിലധികവും ആദമിനെയും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ച ഇബ്‌ലീസിനെക്കുറിച്ചുമാണല്ലോ പറഞ്ഞിരിക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്ന് മാലാഖമാര്‍ ദൈവത്തോട് സൂചിപ്പിക്കുന്നുവെങ്കിലും ഭൂമിയില്‍ തന്റെ പിന്‍ഗാമികളായിക്കൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നു. ദൈവം പറഞ്ഞു- നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം. ആ കാര്യങ്ങള്‍ എന്താണെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാ.
എനിക്ക് പരിചയമുള്ള ആദമിന്റെ കഥയില്‍ നിന്നും ഈ കഥക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഉല്‍പത്തി പുസ്തകത്തില്‍ കാണുന്നത് പോലെ ആദമിനെ ആപ്പിളു കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഹവ്വയെ ഇവിടെ കാണുന്നില്ല. ആദമിന് ദൈവം പൊറുത്തു കൊടുക്കുന്നു. ബൈബിളില്‍ അവര്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതായും ഭക്ഷിക്കാനും വസ്ത്രം ധരിക്കാനും ശപിക്കപ്പെടുന്നതായും കാണാം. എന്നാല്‍ ഖുര്‍ആനില്‍ അങ്ങനെയല്ല. ദൈനംദിന ജീവിതം ഇസ്‌ലാമികവീക്ഷണത്തില്‍ ഒരു ശാപമല്ല. ഖുര്‍ആനും ഉല്‍പ്പത്തി പുസ്തകവും തമ്മിലുള്ള ഒരു നാടകീയവ്യത്യാസമാണിത്. ഖുര്‍ആന്റേതാണ് ഒരു പ്രത്യാശാജനകമായ വായനാനുഭവമായി എനിക്ക് തോന്നുന്നത്.
എന്നാല്‍ ഇവിടെ എനിക്ക് പൂര്‍ണമായി മനസിലാവാത്ത ചില കാര്യങ്ങളുണ്ട്. നിഷിദ്ധമാക്കപ്പെട്ട മരത്തിന് സമീപം പോയ ആദമിനോട് ദൈവം പുറത്ത് പോവുക എന്ന് പറയുന്നു- എവിടെ നിന്ന്, എന്ത് അവസ്ഥയില്‍ നിന്ന് പുറത്തുപോവാനാണ് കല്‍പിക്കുന്നത്? ഇതൊന്ന് വിശദീകരിക്കാമോ?
അവസാനമായി, ദൈവത്തിന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരെ ഭയമോ മനസ്താപമാ പിടികൂടില്ല എന്ന ഒരു വാഗ്ദാനമുണ്ട്. ഇവ രണ്ടും മനുഷ്യന്റെ നിലനില്‍പില്‍ പ്രധാന പങ്കു വഹിക്കുന്നു എന്നിരിക്കെ ഇത് അദ്ഭുതമല്ലേ. ഇതിന് വല്ല തെൡും താങ്കള്‍ കണ്ടിട്ടുണ്ടോ?
സ്വര്‍ഗത്തില്‍ നിന്നുള്ള വീഴ്ച്ച
സിയാവുദ്ദീന്‍ സര്‍ദാര്‍
സ്വര്‍ഗമെന്ന ദൃഷ്ടാന്തത്തില്‍ നിന്ന് നമ്മള്‍ അനുഗ്രഹങ്ങളുടെ നിലംപതിക്കലുകളിലേക്ക് നീങ്ങുന്നു. എന്തുകൊണ്ടാണ് നാം സൃഷ്ടിക്കപ്പെട്ട നിഷ്‌കളങ്കതയിലേക്ക് മടങ്ങേണ്ടി വരുന്നതെന്ന് ഇവിടെ (30-39 സൂക്തങ്ങളില്‍) നിന്ന് അറിയാം. മനുഷ്യരായ നമ്മെക്കുറിച്ചും.
എന്നാല്‍ ആദമിനെയും ഹവ്വയെയും കുറിച്ച് ബൈബിളിലുള്ള കഥ ഇതല്ല. ആദം ആദ്യത്തെ മനുഷ്യനല്ല മറിച്ച് ആദ്യത്തെ പ്രവാചകനാണ്. അദ്ദേഹത്തിന്റെ പങ്കാളി ഭാര്യയായി സൂചിപ്പിക്കപ്പെടുന്നുവെന്ന് മാത്രം. ഖുര്‍ആനിലാകട്ടെ അവരുടെ പേര് പരാമര്‍ശിക്കപ്പെടുന്നുമില്ല. മനുഷ്യകുലത്തിന്റെ പ്രതിനിധികളെന്ന നിലയില്‍ അവര്‍ ഭൂമിയിലെ ദൈവത്തിന്റെ പിന്‍മുറക്കാരാവുന്നു. ഒരുപാട് വിവക്ഷകളിലേക്ക് നയിക്കുന്ന ഇത്തരം സാമ്യതകളെയും വ്യത്യാസങ്ങളെയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണതുണ്ട്.
ആദ്യം സൃഷ്ടിക്ക് പുതിയ മാനം നല്‍കാനുള്ള തന്റെ ഉദ്ദേശം ദൈവം മാലാഖമാരെ അറിയിക്കുന്നു. അങ്ങനെയെങ്കില്‍ ആരാണ് മാലാഖമാര്‍? ദൈവത്തെ പ്രകീര്‍ത്തിക്കുകയും പൂര്‍ണമായും അനുസരിക്കുകയും ചെയ്യുന്ന സൃഷ്ടികളാണ് അവര്‍. ദൈവത്തിന്റെ വചനങ്ങള്‍ മുഹമ്മദിലേക്കെത്തിച്ച മധ്യവര്‍ത്തിയായിരുന്നു മാലാഖ ജിബ്‌രീല്‍(ഗബ്രിയേല്‍). അതിനപ്പുറം മാലാഖമാരെക്കുറിച്ച് എനിക്ക് ധാരണയൊന്നുമില്ല അതില്‍ ഞാന്‍ സംതൃപ്തനാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് കൂടുതലറിഞ്ഞേക്കാം. ക്വാണ്ടം തിയറിയിലെ ക്വാര്‍ക്കുകളെയും ഗ്ലൂക്കോണുകളെയും അംഗീകരിക്കാമെന്നിരിക്കെ മാലാഖമാരെക്കുറിച്ചുള്ള കഥകള്‍ ഞാന്‍ സന്തോഷത്തോടെ വിശ്വസിക്കുന്നു.
ദൈവത്തിന്റെ സൃഷ്ടിപ്പില്‍ ഈ പുതിയ ക്രമത്തിന് വിശിഷ്ടസ്ഥാനമുണ്ട് എന്നത് പ്രധാനവസ്തുതയാണ്. മനുഷ്യനെ ഖലീഫ ആയാണ് ദൈവം പരിചയപ്പെടുത്തുന്നത്. ഇത് ഇസ്‌ലാമിന്റെ കേന്ദ്രആശയങ്ങളിലൊന്നാണ്. വിശ്വസ്തന്‍ എന്നാണ് പലപ്പോഴും ഈ വാക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. പിന്മുറ അഥവാ മറ്റൊരാളുടെ പിന്‍ഗാമി എന്ന ആശയത്തെയും ഇത് പ്രതിനിധീകരിക്കുന്നുണ്ട്. ഖലീഫ ആവുന്നതിലൂടെ ദൈവവുമായി രൂപം കൊള്ളുന്ന ബന്ധത്തെയാണ് ഈ സൂക്തങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
നമ്മുടെ ഈ അനന്തരാവകാശം പരമാധികാരങ്ങളോടു കൂടിയതല്ല മറിച്ച് സോപാധികമാണ്. ദൈവത്തോടുള്ള ഉത്തരവാദിത്തങ്ങളും വിശ്വസ്തതയും നിര്‍വഹിക്കുക വഴി ആ വിശ്വാസം നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജീവിക്കുന്ന ലോകത്തെക്കുറിച്ച് എത്രത്തോളം സൂക്ഷ്മത കാണിക്കുന്നു എന്നതുള്‍പ്പെടെ ഈ പൈതൃകം എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിനെക്കുറിച്ച് നമ്മള്‍ ഉത്തരം പറയേണ്ടതുണ്ട്. ആ ഉപാധി അര്‍ത്ഥമാക്കുന്നതു പോലെ തുടര്‍ന്നു വരുന്ന തലമുറകളുടെ ഭാഗമായാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവി തലമുറകളോട് നമുക്ക് ഉത്തരവാദിത്തങ്ങളുണ്ട്.
മനുഷ്യനാവുക എന്നാല്‍ കഴിവുകളുണ്ടാവുക എന്നാണ്. ഇത് ദൈവം ആദമിനെ നാമങ്ങള്‍ പഠിപ്പിക്കുന്നിടത്ത് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. നാമം- ഇസ്മ്- യുക്തിയുടെയും ചിന്തയുടെയും അടിസ്ഥാനമായ വസ്തുക്കളെ നിര്‍വചിക്കാനും വേര്‍തിരിച്ചറിയാനുമുള്ള കഴിവ് എന്നാണ് അര്‍ത്ഥമാക്കുന്നത്. നാമങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് ഭാഷയുടെ അടിസ്ഥാനം കൂടിയാണ്. ഖുര്‍ആന്‍ വ്യക്തമാക്കുന്നതുപോലെ ഇത് കാര്യങ്ങളെ തരം തിരിക്കാനുള്ള കഴിവ് മാത്രമല്ല, മറിച്ച് ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വംശങ്ങളുടെയും വൈവിധ്യം സൃഷ്ടിയില്‍ ഉദ്ദേശപൂര്‍വം ഉള്ളവയാണ് ( 30:22, 49:13). നല്‍കപ്പെട്ട മാര്‍ഗദര്‍ശനം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഈ വൈജാത്യം ഉപയോഗപ്പെടുത്താനുള്ള കഴിവും അറിവും നമുക്കുണ്ടെന്ന് നമ്മോട് പറയപ്പെട്ടിരിക്കുന്നു.
മാലാഖമാര്‍ക്ക് കാര്യം പക്ഷേ മുഴുവനായി ബോധ്യപ്പെട്ടില്ല, അവരെയെങ്ങനെ കുറ്റം പറയാനാവും? അവര്‍ പറയുന്നു- മനുഷ്യര്‍ ഭൂമിയില്‍ നാശം വിതക്കുകയും രക്തം ചിന്തുകയും ചെയ്യും- അത് ശരിയാണ്. എന്നാല്‍ ദൈവം അവരോട് പ്രതീകാക്മകമായി മനുഷ്യനെ വണങ്ങാനാവശ്യപ്പെടുന്നത് നമുക്ക് കൂടുതല്‍ ചെയ്യാനുള്ള കഴിവും ശേഷിയും നല്‍കിയിരിക്കുന്നു എന്നത് ഊന്നിപ്പറയാന്‍ വേണ്ടിയാണ്. സല്‍പ്രവൃത്തികളിലൂടെ നമുക്ക് മാലാഖമാരെക്കാള്‍ മുന്നിലെത്താന്‍ കഴിയും.
മനുഷ്യന്റെ ബലഹീനതകളുടെയും നല്ല മാര്‍ഗങ്ങളുടെയും പ്രായോഗികമായ അവതരണമാണ് ആദമിനും ഇണക്കും നല്‍കപ്പെടുന്ന പരീക്ഷണം. ആവശ്യമുള്ളതെല്ലാം അവര്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഒരു പരിധി മാത്രം, അരുതാത്ത ഒരു കാര്യം. ഇതേ സംഭവം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍(7:10-25;20:115-127) ഈ പരീക്ഷണത്തിന്റെ പ്രകൃതത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാവുന്നു. നിര്‍ണയിക്കപ്പെട്ട പരിധി അനാവശ്യമാണെന്നും അതവരുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ഇബ്‌ലീസ് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. അഹങ്കാരിയായ ആ മാലാഖയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയും അവനെ പിന്തുടരുകയും വഴി ആദമിനും ഇണക്കും സൃഷ്ടിക്കപ്പട്ടപ്പോഴുണ്ടായിരുന്ന നിഷ്‌കളങ്കത കൈമോശം വന്നു.
ആദമും ഇണയും ദൈവത്തെ ധിക്കരിച്ചു. എന്നാലത് തിരുത്താനാവാത്ത തെറ്റൊന്നുമായിരുന്നില്ല. നേര്‍വഴിയില്‍ നിന്ന് അവര്‍ ചെറുതായി തെന്നിമാറുകയായിരുന്നു. അവര്‍ വഴികേടിലാവുന്നതില്‍ ആദമിന്റെ ഇണയുടെ മേല്‍ കുറ്റം ചാര്‍ത്തപ്പെടുന്നില്ല. നഗ്നത വെളിവാകുമ്പോള്‍ അവര്‍ ലജ്ജിക്കുന്നുമില്ല. അവര്‍ രണ്ടുപേരും പശ്ചാത്തപിക്കുകയും മാപ്പു നല്‍കപ്പെടുകയും ചെയ്യുന്നു. ക്രിസ്തുമതം പറയുന്ന പോലെ ഇത് ആദി പാപമല്ല.
ഇതിലെല്ലാമുപരി ഇബ്‌ലീസിന്റെ പ്രകൃതത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അവന്റെ കൈമുതലും കച്ചവടവും ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട തിന്മയായ അഹങ്കാരമാണ്. ഖുര്‍ആന്‍ പറയുന്നു- അഹങ്കാരം മനുഷ്യകുലത്തിന്റെ പതനത്തിന് കാരണമായേക്കാം. അതുകൊണ്ടു തന്നെ നാം വിനയശീലരാവണം. സൃഷ്ടാവിനും സൃഷ്ടികളോടും വിനയാന്വിതനാവുക എന്നത് ഇസ്‌ലാമിന്റെ ഒരു പ്രധാന അദ്ധ്യാപനമാവുന്നത് അതുകൊണ്ടാണ്. ദൈവവും അവന്റെ മാര്‍ഗദര്‍ശനവുമായുള്ള നമ്മുടെ ബന്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെ അഹങ്കാരിയാവാനുള്ള പ്രേരണയും, നമ്മുടെ അഹങ്കാരത്തിന്റെയും, ദൈവം ചമയാനുള്ള വ്യഗ്രതയുടെയുടെയും, അതിരുകള്‍ തിരിച്ചറിയാത്ത ഭ്രമത്തിന്റെയും രൂപത്തില്‍ ഇബ്‌ലീസ് എപ്പോഴും നമ്മെ പിന്തുടരുന്നത് കൊണ്ടാണ്.
അനുഗ്രഹങ്ങളില്‍ നിന്നുള്ള ഈ പതനങ്ങളുടെ ഉപമ യഥാര്‍ത്ഥത്തില്‍ പ്രതീക്ഷകളുടെ സന്ദേശമാണ്. ജീവിതത്തില്‍ മനുഷ്യന്‍ എപ്പോഴും വെല്ലുവിളികളെയും ദുഷ്‌പ്രേരണകളെയും നേരിടേണ്ടി വരുന്നു. എന്നാല്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി, നിര്‍മാണാത്മകമായി ജീവിക്കുന്നവര്‍ക്ക് ഭയപ്പെടേണ്ടതായി വരില്ല. അവര്‍ക്ക് മനസ്താപവുമുണ്ടാവില്ല.
ഇത് ആദമിന്റെയും ഹവ്വയുടെയും ബൈബിളിലെ കഥയല്ല. ആദമിന്റെ ഭാര്യക്ക് ഒരു നാമം കണ്ടെത്താന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ അതേ കഥയുടെ ബൈബിള്‍ പതിപ്പിലെത്തിച്ചേരുകയായിരുന്നു. അതു വഴി ബൈബിളിലെ കഥയിലെ സ്ത്രീ വിരുദ്ധത മുസ്‌ലിം ചിന്താധാരയുടെ കഥകളുടെ കൂടെ ഭാഗമായി. ഖുര്‍ആന്‍ വായനയിലേക്ക് നാം കൊണ്ടു വരുന്ന മുന്‍ധാരണകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതിന്റെ കൃത്യമായ ഒരു ഉദാഹരണമാണിത്.
Connect
Connect with us on the following social media platforms.