കൊന്‍യ, വര്‍ത്തമാനകാലത്തേക്കുള്ള ദൂരം
കഴിഞ്ഞ വര്‍ഷം ജൂണ്‍മാസം, എന്റെ തുര്‍ക്കി സന്ദര്‍ശനത്തിനിടയില്‍ ഞാന്‍ കൊനിയയിലെ മൗലാന മ്യൂസിയം സന്ദര്‍ശിക്കുകയുണ്ടായി. ആ സന്ദര്‍ശനം തികച്ചും അവിസ്മരണീയമായ ഒരനുഭവമായിരുന്നു. ഇംഗ്ലീഷില്‍ റൂമി എന്ന പേരിലും തുര്‍ക്കിയില്‍ മൗലാന എന്ന പേരിലും പ്രസിദ്ധനായിത്തീര്‍ന്ന ജലാലുദ്ദീന്‍ റൂമി (മരണം 1273) അദ്ദേഹത്തിന്റെ പിതാവ് ബഹാഉദ്ദീന്‍ വലദിന്റെ (മരണം 1231) ശവകുടീരത്തിനരികെയായി അന്ത്യവിശ്രമംകൊള്ളുന്ന പച്ചശവകുടീരത്തിന്റെ(Green Tomb) പ്രസിദ്ധമായ നാമമാണ് മൗലാന മ്യൂസിയം. ഒരു മഹത്തായ പുണ്യസ്ഥാനം കൂടിയാണത്. തന്റെ ശവക്കല്ലറയുടെ സ്മാരകശിലയില്‍ അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ് ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.
‘മരണശേഷം, ഭൂമിയിലല്ല നാം നമ്മുടെ ശവകുടീരമന്വേഷിക്കേണ്ടത്,! മറിച്ച്, മനുഷ്യഹൃദയങ്ങളിലാണ്’.
റൂമിയെ ഇഷ്ടപ്പെടുന്ന ഏതൊരാളുടേയും മനസ്സില്‍, അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതിനു വളരെ മുമ്പ് തന്നെ ആ ആത്മീയനേതാവ് സ്ഥാനം നേടിയിട്ടുണ്ടാകുമെന്നതൊരു സത്യമാണ്.
റൂമി ഒരു പേര്‍ഷ്യന്‍ നിയമതന്ത്രജ്ഞനും ദൈവശാസ്ത്രപണ്ഡിതനും സൂഫീചിന്തകനും കവിയുമായിരുന്നു. പരക്കെ ആദരിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മീയപൈതൃകം വംശ-ദേശാതിര്‍ത്തികള്‍ക്കതീതമാണ്. അദ്ദേഹത്തിന്റെ മസ്‌നവി, ദീവാന്‍-ഇ-ശംസി തബ്‌രീസി, ഫീഹി-മ-ഫീഹി തുടങ്ങിയവ സൂഫീസാഹിത്യത്തിലേയും പേര്‍ഷ്യന്‍സാഹിത്യത്തിലേയും ബൃഹത്തായ സൃഷ്ടികളാണ്. ‘അഗാധമായ ആത്മജ്ഞാനത്തിന്റെ താളാത്മക ഈരടികള്‍’ എന്നര്‍ത്ഥം വരുന്ന മസ്‌നവി ഏകദേശം 2500 കവിതാ ശകലങ്ങളുള്‍ക്കൊള്ളുന്ന ആറ് വാള്യങ്ങളുള്ള ഒരു കാവ്യ ഗ്രന്ഥമാണ്. എങ്ങിനെയാണ് പരമമായ ദൈവാനുരാഗമെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരുക എന്ന് സൂഫികളെ ആ ഗ്രന്ഥം പഠിപ്പിക്കുന്നു. കഥകളുടേയും ഉപാഖ്യാനങ്ങളുടേയും ഈ കാവ്യശേഖരം ഖുര്‍ആനില്‍ നിന്നും പ്രവാചക പാരമ്പര്യത്തില്‍ (ഹദീസ്) നിന്നും ദൈനംദിന സംഭവകഥകളില്‍ നിന്നും ഉരുത്തിരിഞ്ഞുണ്ടായവയാണ്.
ആദ്യം നിയമതന്ത്രജ്ഞനും ദൈവശാസ്ത്രപണ്ഡിതനും ദാര്‍ശനികനുമായിരുന്ന സ്വന്തം പിതാവിനാലും പിന്നീട്, പേര്‍ഷ്യന്‍-അഫ്ഗാന്‍ കവികളായ ഫരീദുദ്ദീന്‍ അത്താര്‍ (മരണം 1220 ), ഗസ്‌നവി (മരണം 1141 ) തുടങ്ങിയവരാലും റൂമി സ്വാധീനിക്കപ്പെടുകയുണ്ടായി. മംഗോളുകള്‍ മദ്ധ്യേഷ്യ കീഴടക്കിയപ്പോള്‍ റൂമി സ്വന്തം ഗ്രാമമായ ‘വഖ്ഷ്’(പേര്‍ഷ്യ) എന്നസ്ഥലത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് യാത്രചെയ്തു. അദ്ദേഹത്തിന്റെ കുടുംബം ഡമസ്‌കസിലേക്കും പിന്നീട് നിഷാപൂരിലേക്കും പലായനം ചെയ്യുകയും ഖുറാസാന്‍ എന്ന പ്രവിശ്യയില്‍ താമസമാക്കുകയും ചെയ്തു. നിഷാപൂരില്‍നിന്ന് റൂമിയും കുടുംബവും ബാഗ്ദാദിലേക്കും മക്കയിലേക്കും തീര്‍ത്ഥാടനാവശ്യാര്‍ത്ഥം യാത്രപോവുകയുണ്ടായി. അവസാനം മദ്ധ്യതുര്‍ക്കിയുടെ തെക്ക് ഭാഗത്ത് ‘കാരമന്‍’ എന്ന ഒരു പട്ടണത്തില്‍ അവര്‍ താമസമാക്കി. അനാത്വൂലിയന്‍ ഭരണാധികാരി കായ്ഖുബാദിന്റെ നിര്‍ബന്ധപൂര്‍വ്വമുള്ള ക്ഷണഫലമായി റൂമിയുടെ പിതാവും കുടുംബവും പിന്നീട് തുര്‍ക്കിയിലെ കൊനിയയില്‍ താമസമാക്കി. റൂമിയുടെ പിതാവ് ഒരു മതപാഠശാലയുടെ തലവനാവുകയും പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ഇരുപത്തഞ്ചുവയസ്സുണ്ടായിരുന്ന റൂമി മതാധ്യാപകനായി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
1244-ല്‍ ശംസ് തബ്‌രീസിയുമായുള്ള കൂടിക്കാഴ്ച റൂമിയുടെ ജീവിതം ആകെ മാറ്റിമറിച്ചു. സമര്‍ത്ഥനായ അധ്യാപകനില്‍ നിന്നും നിയമതന്ത്രജ്ഞനില്‍ നിന്നും ഒരു യോഗിയായി റൂമി പരിവര്‍ത്തനപ്പെടുകയായിരുന്നു. ശംസ് തബ്‌രീസി തന്റെ ‘സഹവാസം താങ്ങാനാവുന്ന’ ഒരു കൂട്ടാളിയെ അന്വേഷിച്ചും അതിനുവേണ്ടി പ്രര്‍ത്ഥിച്ചും പടിഞ്ഞാറന്‍ ഏഷ്യ മുഴുവന്‍ യാത്രചെയ്തിരുന്നു. ഒരു ശബ്ദം ശംസ് തബ്‌രീസിയോട് ഇങ്ങനെ ചോദിക്കുകയുണ്ടായെന്ന് പറയപ്പെടുന്നു. ‘നീ എന്ത് തിരിച്ച് നല്‍കും’ ‘എന്റെ ശിരസ്സ്’ എന്നദ്ദേഹം പ്രതിവചിച്ചു. അപ്പോള്‍ ആ ശബ്ദം ‘നീ തേടുന്ന ആള്‍ കൊനിയയിലെ ജലാലുദ്ദീന്‍ ആണ്’ എന്ന് പറഞ്ഞുവത്രേ!. റൂമിയുടെ മകന്‍ അലാവുദ്ദീന്റെ ചതി മൂലമാണ് ശംസ് തബ്‌രീസി കൊല്ലപ്പെട്ടതെന്നൊരു കിംവദന്തി പ്രചാരത്തിലുണ്ട്. തന്റെ അദ്ധ്യാത്മബന്ധത്തിന് വേണ്ടി ശംസ് തബ്‌രീസി തന്റെ ശിരസ്സ് ബലികഴിച്ചുവെന്ന് ഈ കഥ സൂചിപ്പിക്കുന്നുണ്ട്. റൂമി മരണപ്പെട്ടത് കൊനിയയില്‍ തന്നെയായിരുന്നു.
കുടുംബസമേതം കൊനിയയിലെത്തിച്ചേര്‍ന്നശേഷം പ്രസ്തുത മ്യൂസിയത്തിലേക്ക് ഞങ്ങള്‍ പോയി. മൗലാന മ്യൂസിയവും അതിലെ പള്ളി, അനുഷ്ഠാന നര്‍ത്തന വേദി (സാമ), പരിത്യാഗികളുടെ വാസഗൃഹങ്ങള്‍, പാഠശാല, മൗലാന സൂഫീപരമ്പര (റൂമിയുടെ മകന്‍ സുല്‍ത്താന്‍ വലദ് ആരംഭിച്ചത്)യിലെ ചില പ്രധാനികളുടെ ശവകുടീരങ്ങള്‍ തുടങ്ങിയവ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളേയും തീര്‍ത്ഥാടകരേയും ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. റൂമിയുടേയും അദ്ദേഹത്തിന്റെ പിതാവിന്റേയും മറ്റുചില സൂഫീഗുരുക്കന്‍മാരുടേയും ശവകുടീരങ്ങള്‍ സ്ഥിതിചെയ്യുന്ന ആ കെട്ടിടം, മനുഷ്യസേവനത്തിലൂടെയും ദൈവജ്ഞാനത്തിലൂടെയും സ്വത്വപൂര്‍ത്തീകരണം സാധ്യമാക്കാനായി ജീവിച്ച ചില മഹോന്നതരായ മതാചാര്യന്‍മാരുടെ പാരമ്പര്യം വിളിച്ചോതുന്ന സ്ഥലവും കൂടിയാണ്്്. കാലങ്ങള്‍ക്ക് മുമ്പ് ഇവരെല്ലാം മണ്‍മറഞ്ഞു പോയസ്ഥലം എന്തിനാണ് ഞങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അതിനെക്കുറിച്ച് എന്തിനാണ് ഇത്ര കൊട്ടിഘോഷിക്കുന്നതെന്നും നിങ്ങള്‍ തീര്‍ച്ചയായും അത്ഭുതപ്പെട്ടേക്കാം. പ്രസ്തുത കെട്ടിടത്തിന് ചുറ്റുമുള്ള വഴിനടത്തവും, റൂമിയും അദ്ദേഹത്തിന്റെ പിതാവും മറവ് ചെയ്യപ്പെട്ട സ്ഥലത്തേക്കുള്ള പ്രവേശനവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും അവിടെയെല്ലാം നടന്നുകൊണ്ടിരിക്കുന്നു. ഷൂവിനു മുകളില്‍ ഒരു പ്ലാസ്റ്റിക് കവര്‍ ധരിച്ച് പരിശുദ്ധമെന്ന് തോന്നുന്ന സുരക്ഷിതമാക്കപ്പെട്ടൊരു സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കുന്നു.
റൂമി മറവ് ചെയ്യപ്പെട്ട കൃത്യമായ സ്ഥലം കാണാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം കാണാനാകുന്നത് റൂമിയുടെ പിതാവ് ബഹാഉദ്ദീന്‍ വലദ് മറവ് ചെയ്യപ്പെട്ട സ്ഥലമാണ്. അതിനടുത്തായിട്ടാണ് റൂമിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഓരോ കല്ലറയിലും മൗലാന സൂഫീപരമ്പരയുടെ പ്രതീകമായ തൊപ്പികള്‍ തലപ്പാവ് ചുറ്റിയ നിലയില്‍ കാണാവുന്നതാണ്. കല്ലറകള്‍ കസവ് കൊണ്ട് വലയം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം കൊണ്ടുള്ള ചിത്രവേലയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. റൂമിയുടെ ശവകുടീരം പുറമേനിന്ന് കാണാവുന്ന ഒരു പച്ച ഖുബ്ബയുടെ താഴെയാണ്. കാഴ്ചയില്‍ അമ്പരപ്പിക്കുംവിധം സുന്ദരമായ ഒരു ശില്‍പകലാചാതുര്യമാണത്.
പല ശവകുടീരങ്ങളും നോക്കി മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ട് നില്‍ക്കുമ്പോള്‍ ആദ്യമെനിക്ക് പ്രത്യേകിച്ചൊരു ആത്മീയാനുഭൂതിയും അനുഭവപ്പെട്ടില്ല. അതിനെക്കുറിച്ച് അല്‍പസമയം എനിക്കത്ഭുതം തോന്നുകയും ചെയ്തു. തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഞാന്‍ ചെന്നു. സചിത്രമായ പഴയ മുസ്ഹഫുകളും അമൂല്യമായ ചില പ്രാര്‍ത്ഥനാവിരിപ്പുകളും മറ്റുഗ്രന്ഥങ്ങളും ഒരു പെട്ടിയില്‍ നബിയുടെ താടിയിലെ ഒരു മുടിയിഴയും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ത്ഥിച്ച് അവിടെ നിന്നിറങ്ങി. മൗലാന മ്യൂസിയത്തിന് കുറച്ചകലെയുള്ള മറ്റൊരു പള്ളി ഞാന്‍ സന്ദര്‍ശിച്ചു. ശംസ്തബ്‌രീസി ഇവിടെയാണ് മറവ് ചെയ്യപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഇാനിലെ ‘ഖൊയ്’ എന്ന പട്ടണത്തിലാണ് അദ്ദേഹം മറവ്‌ചെയ്യപ്പെട്ടതെന്നും വിശ്വാസമുണ്ട്. ശംസ് തബ്‌രീസി എവിടെയാണ് മറവ് ചെയ്യപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള എന്റെ തോന്നലുകളില്‍ തീരുമാനമെടുക്കാന്‍ എന്റെ ഹൃദയത്തെ ഞാന്‍ അനുവദിച്ചു. ഒരു ചെറിയ പ്രാര്‍ത്ഥനക്ക് ശേഷം പ്രസ്തുത പള്ളിയുടെ അകത്ത് പുറകിലായി പ്രവേശനകവാടമുള്ള ഭാഗത്ത് സ്ഥിതിചെയ്യുന്ന ആ ലളിതമായ കുഴിമാടത്തിന്റെ സാന്നിദ്ധ്യം ആരെയും ആകമാനം ആവരണം ചെയ്യുന്നതാണ്. ശംസ് തബ്‌രീസിക്കും മരണപ്പെട്ട എല്ലാവര്‍ക്കും വേണ്ടി ചെറുതായി പ്രാര്‍ത്ഥിച്ച് കഴിഞ്ഞപ്പോള്‍ ഓര്‍മ്മയിലിപ്പോഴും മായാതെ നില്‍ക്കുന്ന അഭൂതപൂര്‍വ്വമായ ഒരാത്മശാന്തി ഞാന്‍ അനുഭവിക്കുകയുണ്ടായി.
വിചിത്രമെന്നുപറയട്ടെ! മൗലാനസൂഫിപരമ്പരയിലെ ആളുകളെ പ്രത്യേകിച്ചൊരു ശ്രമവുമില്ലാതെ തന്നെ ഞാന്‍ കണ്ടുമുട്ടാന്‍ തുടങ്ങി. രാത്രി ഞാന്‍ വിശ്രമിക്കുകയായിരുന്നു. മൗലാന മ്യൂസിയത്തിലേക്കുള്ള ഭാവി സന്ദര്‍ശനങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാന്‍ ഏതോ ഒരാള്‍ ആഗ്രഹിക്കുന്നെന്ന് മകന്‍ ഫോണ്‍ ചെയ്തു. ജലാലുദ്ദീന്‍ എന്ന പേരില്‍ തന്നെയുള്ള മൗലാന മ്യൂസിയത്തിന് തൊട്ടടുത്തുള്ള ഒരു ടൂറിസ്റ്റ് ഷോപ്പിന്റെ ഉടമയായിരുന്നു ആ വ്യക്തി. സഹൃദയനും ആതിഥ്യമര്യാദയുള്ളവനും ആയിരുന്ന അദ്ദേഹത്തിന് അമേരിക്കയിലും സൗത്താഫ്രിക്കയിലുമുള്ള എന്റെ സുഹൃത്തുക്കളെക്കൂടി അറിയാമായിരുന്നു. ഇതൊരു യാദൃശ്ചികതയാണോ എന്നെനിക്ക് പറയാനാവില്ല. മൗലാന സൂഫിപരമ്പരയിലെ വിവിധ ഇനത്തിലുള്ള തൊപ്പികള്‍ നിര്‍മിക്കുന്നതില്‍ പ്രസിദ്ധനായിരുന്നു ജലാലുദ്ദീന്‍. അതില്‍ സാധാണയായി ശംസ് തബ്‌രീസിയുമായി ബന്ധപ്പെടുത്താറുള്ള ‘സാമ’ നര്‍ത്തകര്‍ ഉപയോഗിക്കുന്ന നീണ്ട തൊപ്പിയും ഉള്‍പ്പെടുന്നു. ദയാലുവും കാര്യശേഷിയുള്ളവനുമായിരുന്ന അദ്ദേഹം തന്റെ ഗുരുവിനേയും മാര്‍ഗ്ഗദര്‍ശിയേയും കാണാന്‍ ഞങ്ങളെ ക്ഷണിച്ചു എന്നുമാത്രമല്ല കൊനിയയിലേക്കുള്ള ഭാവിസന്ദര്‍ശനത്തിടയില്‍ ചുരുങ്ങിയത് പതിനഞ്ച് പേരെയെങ്കിലും താമസിപ്പിക്കാന്‍ അദ്ദേഹം തയ്യാറുള്ള സുന്ദരമായി നവീകരിച്ച ഒരു വീടും ഞങ്ങള്‍ക്കായി കാണിച്ചുതന്നു. കൊനിയയിലെ എന്റെ താമസക്കാലത്ത് ഉണ്ടായ ഈ അനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ സംഭവിച്ചുവോ അതുപോലെയാണ് ഞാന്‍ വിവരിക്കുന്നത്. അവിടെ മണ്‍മറഞ്ഞവരുടേയും ജീവിച്ചിരിക്കുന്നവരുടേയും ആതിഥ്യം സത്യമായും എനിക്കനുഭവിക്കാന്‍ കഴിഞ്ഞു എന്നുപറയുന്നതല്ലാതെ അവരെക്കുറിച്ച് കൂടുതലൊന്നും ഞാന്‍ അനുമാനിച്ചിട്ടില്ല.
മതങ്ങളുടെ ഐക്യവും മനുഷ്യന്റെ ബൗദ്ധിക പ്രകൃതം മനസ്സിലാക്കുന്നതിന്റെ അതിവിശാലമായ സാധ്യതയും പ്രചരിപ്പിക്കുന്നവയായിരുന്നു റൂമിയുടെ അധ്യാപനങ്ങളെന്ന് പലപ്പോഴും പറയപ്പെടാുണ്ട്. റൂമിയെ സംബന്ധിച്ചിടത്തോളം, ജീവിതത്തിന് അന്തസ്സായ ധാര്‍മികവും സദാചാരപരവുമായ ഒരു ചട്ടക്കൂടായിരുന്നു അത്. മനഷ്യസേവനത്തിന്റെയും സ്വത്വപൂര്‍ത്തീകരണത്തിന്റെയും കര്‍മ്മ-പ്രക്രിയകളിലൂടെ വിവേകിയായ ആത്മാവിന്റെ ദൈവവുമായുള്ള പുന:സംഗമമെന്ന വ്യക്തിപരമായ അനുഭവമായിരുന്നു അത്. സൃഷ്ടിപ്പിന്റെ സാരൂപ്യം അംഗീകരിച്ചപ്പോള്‍ത്തന്നെ റൂമി ബാഹ്യമായ മതാനുഷ്ഠാനങ്ങളും ഖുര്‍ആന്റെ അധ്യാപനങ്ങളും പാലിക്കുകയും പ്രവാചകചര്യ അനുകരിക്കുകയും ചെയ്തിരുന്നു. റൂമിയുടെ ഒരു കവിത തന്നെ ഈ യാഥാര്‍ത്ഥ്യത്തിനൊരു ഉദാഹരണമാണ്.
‘അല്ലാഹുവിന്റെ ഖുര്‍ആനിലേക്ക് ഓടിച്ചെല്ലുക! അതില്‍ അഭയം തേടുക! അവിടെ പ്രവാചകന്‍മാരുടെ ആത്മാവുകള്‍ ലയിച്ചിരിക്കുന്നു. ദൈവികപ്രതാപത്തിന്റെ പരിശുദ്ധ സമുദ്രത്തിലെ മത്സ്യങ്ങളായ പ്രവാചകന്മാരുടെ പരിത:സ്ഥിതികള്‍ ആ ഗ്രന്ഥം പകര്‍ന്നുനല്‍കുന്നു’
റൂമി എങ്ങനെ തന്റെ വിശ്വാസം പ്രയോഗവല്‍ക്കരിച്ചു എന്ന് പഠിച്ച്-പരിശോധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് അവന്റെ ധാര്‍മികവും സദാചാരപരവുമായ സ്വഭാവഗുണം അഭിവൃദ്ധിപ്പെടുത്താനാകും. അതുവഴി, ദൈവാരാധനയിലൂടെ സമാധാനമറിയാനും മനുഷ്യനെ സേവിക്കാനും കഴിയുന്ന രീതിയില്‍ സ്വന്തം ബോധോദയം നിത്യജീവിതത്തിലേക്ക് വ്യാഖ്യാനിക്കാനും അവന് സാധിക്കുന്നു.
ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ പ്രസക്തമാകുന്ന ഒരുദാഹരണമായി ഇതനുകരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമോ? ആളുകള്‍ പൂര്‍വ്വകാല നേട്ടങ്ങളെ വിലമതിക്കുന്നതും ചിലപ്പോള്‍ മഹത്വവത്ക്കരിക്കുന്നതും ചരിത്രത്തിലെ അതിമാനുഷരെ അനുകരിക്കുന്നതും തുടര്‍ന്നുകെണ്ടേയിരിക്കുന്നു. പക്ഷേ, അവര്‍ക്കുമുമ്പില്‍ വെല്ലുവിളിയാകുന്നത് ഉത്ബുദ്ധവും സമത്വാധിഷ്ഠിതവുമായ മനുഷ്യപ്രകൃതിയുടെ ഭാവിക്ക് വേണ്ട സജീവമായ പരിഹാരങ്ങളായി റൂമിയുടെ അധ്യാപനങ്ങളുടെ അ:ന്തസ്സത്ത മനസ്സിലാക്കിയെടുക്കുന്നതാണ്.
വിവര്‍ത്തനം-അബ്ദുല്‍ മന്നാന്‍ വാഫി
Connect
Connect with us on the following social media platforms.