ഉള്‍റികേ മെയ്ന്‍ഹോഫ്: പ്രണയം, മാതൃത്വം, വിശ്വാസം
” രാഷ്ട്രീയത്തിലറങ്ങുന്ന എല്ലാ സ്ത്രീകളുടെയും പ്രധാന പ്രശ്‌നം, വ്യക്തി ജീവിതത്തിലും ദൈനം ദിനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവര്‍ വഹിക്കുന്ന പങ്കുകള്‍ക്കിടയിലെ വിടവാണ്. ഈ സാഹചര്യത്തില്‍ ഒരു സ്ത്രീ എന്ന നിലക്ക് നിങ്ങള്‍ നിസ്സഹായാണ് എന്ന് തോന്നും. ഇതൊരു വ്യക്തിയുടെ പ്രശ്‌നമല്ല, സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം അവരുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഒരു പോലെ സംഭവിക്കുക എന്നതാണ്. സ്ത്രീകളെ അടിച്ചമര്‍ത്തുകയാണിവിടെ. രാഷ്ട്രീയ ജീവിതത്തെ നിങ്ങളുടെ സ്വകാര്യ ജീവിതവുമായി ചേര്‍ത്തുവെക്കേണ്ടി വരുന്നു. വീട്ടില്‍ പോലും രാഷ്ട്രീയത്തിലേക്ക് കടന്നു ചെല്ലാതെ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ തല്ലാനാവില്ല. അധികാര വിരുദ്ധമായ ജീവിതരീതീയെ പ്രശംസിക്കുന്നതോടൊപ്പം നിങ്ങളുടെ കുട്ടിയെ തല്ലാനാവില്ല. മാത്രവുമല്ല അത് നടപ്പാവുകയില്ല. വീട്ടിലുള്ള നിങ്ങളുടെ അധികാര സന്തുലിതാവസ്ഥയെ, ദൈനം ദിന ജീവിതത്തിലെ അധികാര ബലാബലത്തെ അക്രമിക്കാതെ, നിങ്ങള്‍ക്ക് മായ്ച്ച് കളയാനാവില്ല.” (ഉള്‍റികെ മെയ്ന്‍ഹോഫ്)
ഈ അഭിമുഖം നല്‍കി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ജര്‍മന്‍ വിപ്ലവനേതാവ് ഉള്‍റികെ മെയ്ന്‍ഹോഫ് തന്റെ മക്കളെ ഉപേക്ഷിച്ചു. ഉള്‍റികെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന റെഡ് ആര്‍മി ഫാക്ഷനെ (RAF) കുറിച്ച് പ്രതിപാധിക്കുന്ന ബാദെര്‍ മെയ്ന്‍ഹോഫ്-കോംപ്ലക്‌സ് എന്ന സിനിമ കണ്ടപ്പോള്‍ എക്കാലത്തെയും പ്രധാനപ്പട്ട പ്രശ്‌നങ്ങളിലൊന്നായ മാതൃത്വത്തെ കുറിച്ച് വീണ്ടുവിചാരമുണ്ടായി.
ആന്‍ഡ്രിയാസ് ബാദര്‍-ഉള്‍റികെ മെയ്ന്‍ഹോഫ് എന്നീ പേരുകള്‍ ചേര്‍ത്താണ് ബാദെര്‍-മെയ്ന്‍ ഹോഫ് എന്ന പേരുണ്ടാക്കിയിട്ടുള്ളത്. ഫാസിസ്റ്റ് ഭരണകൂടം എന്ന് വിളിച്ച് ജര്‍മ്മന്‍ ഗവണ്‍മെന്റിനെതിരെ അക്രമാസക്തമായ വിപ്ലവ പ്രവര്‍ത്തനം നടത്തിയിരുന്ന വിഭാഗമായിരുന്നു ഇവര്‍. ഗ്രാംഷി, ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ്, മാവോസെതുങ്ങ് തുടങ്ങിയവരുടെ ആശയങ്ങളാല്‍ പ്രചോദിക്കപ്പെട്ട് സായുധ പോരാട്ടം നിര്‍വ്വഹിച്ച മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (എം.എല്‍) വിഭാഗമായിരുന്നു ബാദര്‍ മെയ്ന്‍ ഹോഫ്.
ആദ്യത്തെ ഫ്രെയിമുകളില്‍ നാം കാണുന്നത് ഉള്‍റികെ മെയ്ന്‍ഹോഫിന്റെ വിപ്ലവാത്മക പത്രപ്രവര്‍ത്തന കാലഘട്ടമാണ്. സ്വകാര്യതയും, പൊതു ഇടവും തമ്മിലുളള വിടവ് ഉള്‍റികെ നികത്തിയ സ്ഥലം ഇവിടെയായിരുന്നു. അവര്‍ ഈ സ്ഥലത്ത് ആരുടെയും നിഴലിനു കീഴിലല്ല ജീവിക്കുന്നത്. പബ്ലിഷറായ അവരുടെ ഭര്‍ത്താവിന്റെ പോലും പ്രശംസ ഉള്‍റികെ എഴുതിയ ലേഖനങ്ങള്‍ പിടിച്ചു പറ്റുന്നു.
നാം പിന്നീട് കാണുന്നത് തന്റെ ഭര്‍ത്താവ് പരസ്ത്രീ ബന്ധം പുലര്‍ത്തുന്നത് നേരിട്ട് കാണുന്ന ഉള്‍റികെ തന്റെ മക്കളുമായി ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകുന്നതാണ്. അവിടെ അവരുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നു. RAF- ന്റെ ‘വീര സാഹസികത’കള്‍ അവര്‍ റിപ്പോട്ട് ചെയ്യുന്നു. ഈ സന്ദര്‍ഭത്തിലാണ് മുകളിലുദ്ധരിച്ച ഉദ്ധരണി അഭിമുഖം സംഭവിക്കുന്നത്. തന്റെ സുഹൃത്ത് പീറ്റര്‍ ഹോഫ്മാന്റെ കൂടെയാണ് അവരും മക്കളും താമസിക്കുന്നത്. അപ്പോള്‍ RAF നേതാവായ ഗുഡ്‌റുന്‍ എന്‍സ്‌ലിനെ (സിനിമയില്‍ ജൊഹന്ന വൊകാലകിനെ) അവര്‍ ഇന്റര്‍വ്യൂ ചെയ്യുന്നു. എന്‍സ്‌ലിന്‍ അവരെ പ്രകോപിപ്പിച്ച് വിപ്ലവ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നു. പീന്നീട് അവരുടെ ജീവിതത്തിലെ മൂന്നാം ഘട്ടമാണ്.ഉള്‍റിക് RAF- ല്‍ ചേരുകയും ജോര്‍ദാനിലെ ഫതഹ് പരിശീലന ക്യാമ്പില്‍ വെച്ച് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. ഒടുവില്‍ കറകളഞ്ഞ വിപ്ലവകാരിയായി മാറുന്നു. അവിടെ വെച്ച് അവരുടെ പൊതു-സ്വകാര്യ ഇടങ്ങള്‍ക്കിടയില്‍ ചേര്‍ച്ചയുണ്ടാക്കാന്‍ കഴിയാതെയാവുന്നു. RAF – അണികളാല്‍ സംശയിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പീറ്റര്‍ ഹോഫ്മാന്‍ അവളുടെ കുട്ടികളെയും കൊണ്ട് രക്ഷപ്പെടുകയും അവളുടെ ഭര്‍ത്താവിന്റെ അടുക്കല്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു.
ഈ സിനിമയും ഉള്‍റികെയുടെ ജീവിതത്തെ അവരുടെ മക്കളുടെ കാഴ്ച്ചപ്പാടിലൂടെ പുനര്‍വായിക്കുന്ന വിപ്ലവത്തിന്റെ സന്തതികള്‍ (Children of Revolution) എന്ന ഡോക്യുമെന്ററിയും കണ്ട ശേഷം ഞാന്‍ അവരുടെ സ്ഥാനത്ത് എന്നെ സങ്കല്‍പ്പിച്ചു നോക്കി. എന്നെപ്പോലൊരു സ്ത്രീക്ക് ഉള്‍റികെയുമായി പങ്കുവെക്കാന്‍ കഴിയുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. ലൈംഗികതയും, കുട്ടികളെ വളര്‍ത്തലും അത്തരം രണ്ട് വിഷയങ്ങളാണ്. ഒരു സ്ത്രീയുമായി എന്റെ ഭര്‍ത്താവ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് എനിക്കും സഹിക്കാനാവില്ല. അങ്ങിനെ സംഭവിച്ചാല്‍, അയാളെ ഉപേക്ഷിച്ചുപോകാനേ ഞാനും തീരുമാനമെടുക്കൂ. പക്ഷേ ഇന്ത്യ ജര്‍മനിയെപ്പോലെയല്ല. ഭര്‍ത്താവിനോടുള്ള എന്റെ പ്രതിഷേധത്തെ സമൂഹം അനുകൂലിച്ചെന്ന് വരികയില്ല. ‘ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍’ എന്ന പഴി എനിക്ക് പേറേണ്ടി വരും. ഞാനും അബോധത്തില്‍ ആ വാക്ക് തന്നെയാണ് ഉപയോഗിച്ചത്. എന്നെ തല തിരിഞ്ഞവള്‍ എന്ന് വിളിച്ചേക്കും (സമൂഹത്തില്‍ നോര്‍മലായ സ്ത്രീ ഭൂമിയെ പോലെ കാമിക്കുന്നവളാണ്. ‘നോര്‍മലായി’ ഏതൊരു പുരുഷനും തെറ്റ് പറ്റും. ആ തെറ്റ് അവള്‍ ക്ഷമിക്കണമെന്നാണ് സമൂഹ മന: ശാസ്ത്രം) ഉള്‍റികെ ചെയ്തതു പോലെ, എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്ക് നല്ലതു പോലെ ഉറപ്പുള്ള ഒരാളോടൊപ്പം ജീവിക്കാനാണ് ഞാനും തീരുമാനിക്കുക. എന്നാല്‍ ഉള്‍റികെയുടെ ലൈംഗിക കാഴ്ച്ചപ്പാടിനോട് എനിക്ക് യോജിക്കാനാവില്ല. അരാജക ജീവിതരീതി സ്വീകരിച്ച 1960-കളിലെ പ്രതിസംസ്‌കാര പ്രസ്ഥാനങ്ങളുടെ (Counter -Cultural Movemets) അടിത്തറയാണ് RAF-നുണ്ടായിരുന്നത്. നിര്‍ത്താതെ പുകവലിക്കുകയും മദ്യപിക്കുകയും പണവും കാറും മോഷ്ടിക്കുകയും കുത്തഴിഞ്ഞ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന RAF-നെ സംബന്ധിച്ചിടത്തോളം വിപ്ലവം വെറുമൊരു ഫാഷനായിരുന്നു. പണം, രതി, മയക്കുമരുന്ന് എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ചോരക്കളി.
സിനിമയുടെ ആദ്യഭാഗത്ത് കാണുന്ന ബീച്ചിലെ ‘നഗ്‌ന സ്‌നാനം’ (Nude bath) പ്രതീകവല്‍ക്കരിക്കുന്ന സുഖോലുപമായ, ശരീര കോന്ദ്രീകൃതമായ ജീവിത രീതിയില്‍ നിന്നാണ് ഉള്‍റികെയുടെ ഭര്‍ത്താവിന്റെ വഞ്ചന ഉയിര്‍കൊള്ളുന്നത്. അയാളെയാണ് അവള്‍ ഉപേക്ഷിക്കുന്നത്, അയാളുടെ ദര്‍ശനത്തിന് ബീജാവാപം നല്‍കിയ മൂല്യങ്ങളെയല്ല. അക്കാരണത്താലാണ് വിപ്ലവാനന്തര ലോകത്തെ കുറിച്ച് ദര്‍ശനമോ സ്വപ്‌നമോ ഇല്ലാത്ത വിപ്ലവമെന്ന ആത്മരതിയില്‍ മുങ്ങിക്കുളിച്ച ഒരു സംഘം വിപ്ലവകാരികളില്‍ അവള്‍ചെന്നു പെടുന്നത്. അവള്‍ എതിര്‍ക്കുന്ന വ്യവസ്ഥയാണ് അവരുടെ ദര്‍ശനത്തെ നിയന്ത്രിക്കുന്നത്. ആ വ്യവസ്ഥ അതിന്റെ കേന്ദ്രത്തിലേക്ക് അവള്‍ക്ക് ഇടം നല്‍കുന്നില്ല എന്നതാണ് അതിനെ അക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് വിപ്ലവസംഘം ‘സ്വാര്‍ത്ഥതയുടെ’ ഒരു അരങ്ങായി മാറുന്നത്.
രക്ഷാകര്‍തൃത്വത്തിന് പരസ്പര ഉത്തരവാദിത്വവും, ദീര്‍ഘകാലത്തെ ആസൂത്രണവും, വീക്ഷണവും ആവശ്യമാണ്. ഇവിടെ ‘വ്യക്തിപരം’ ‘രാഷ്ട്രീയം’ എന്നിങ്ങനെ വേര്‍തിരിവുകളില്ല. രാഷ്ട്രീയത്തിലും സുദീര്‍ഘമായ ആസൂത്രണമോ ഉത്തരവാദിത്തമോ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടും. സ്വന്തം മക്കളുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ ഉള്‍റികെക്ക് കഴിയാത്തതുപോലെയാണ് അവര്‍ക്ക് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കാനും കഴിയാത്തത്. സ്ത്രീക്ക് മാത്രമാണ് കുട്ടിയെ വളര്‍ത്താനുള്ള ഉത്തരവാദിത്വം എന്ന കാഴ്ച്ചപ്പാടിനെ ഞാന്‍ ന്യായീകരിക്കുകയല്ല. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോാകുമ്പോള്‍ അവര്‍ കുട്ടികളെയും കൊണ്ടുപോകുന്നു. തന്റെ കൂട്ടുകാരനായ പീറ്റര്‍ ഹോമാന്‍ കുട്ടികളെ സംരക്ഷിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കമ്പോള്‍, അയാളെ വഞ്ചകനെന്ന് വിളിക്കുന്ന വിപ്ലവകാരികള്‍ക്കെതിരെ ഉരിയാടാന്‍ പോലും ഉള്‍റികെ തയ്യാറാകുന്നില്ല.
സമൂഹത്തെ വര്‍ത്തമാനത്തിന്റെ അധികാര ധാര്‍ഷ്ഠ്യത്തില്‍ നിന്ന് വിമോചിപ്പിച്ച് ഭാവിയിലേക്ക് വേണ്ടി രൂപപ്പെടുത്തുകയാണ് ശരിയായ വിപ്ലവം. എന്നാല്‍ ഇവിടെ വിപ്ലവം ഭാവിയില്‍ നിന്ന് മുഖം തിരിക്കുന്നു. ഭാവിയെ നേരിടാനുള്ള ഈ വൈമനസ്യം കുട്ടികളെ സ്വീകരിക്കാനുള്ള വൈമനസ്യവുമായി ബന്ധമുണ്ട്. ഉത്തരവാദിത്തവും വിശ്വാസവും അവരുടെ പ്രേരണയിലും പ്രവര്‍ത്തനത്തിലും പ്രകടമായിത്തന്നെ കാണാന്‍ കഴിയുന്നില്ല.
അവസാനമായി നമുക്ക് ജര്‍മ്മനിയില്‍ നിന്ന് ചെക്കോസ്ലാവിയയിലേക്ക് വരാം; മിലന്‍ കുന്ദേരയിലേക്ക്. കുന്ദേരയുടെ Unbearable Lightness of Being എന്ന നോവല്‍ ഞാനിവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം വളരെ നന്നായി, വിപുലമായി, പ്രതിപാദിപ്പിക്കുന്നുണ്ട്. കുന്ദേരയുടെ കഥാനായകന്‍ തോമസ് അസ്തിത്വത്തിന്റെ ഭാരമില്ലായ്മയില്‍(lightness of being) വിശ്വസിക്കുന്നു. എന്നാല്‍ ആ ഭാരമില്ലായ്മ അസഹനീയമല്ലേ? നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം (ഭാരം) നാം ഏറ്റെടുക്കേണ്ടതല്ലേ?
കുന്ദേര പറയുന്നു. ‘നമ്മുടെ ജീവിതത്തിലെ ഓരോ സെക്കന്റും അനന്തമാം വിധം ആവര്‍ത്തിക്കുകയാണെങ്കില്‍, യേശുവിന് കുരിശെന്ന പോലെ നാം അനന്തതയെ പേറും. ഭീതിതമായ ഒരു പ്രതീക്ഷയാണത്. അസഹനീയമായ ഉത്തരവാദിത്തത്തിന്റെ ഭാരം നാമെടുക്കുന്ന ഓരോ ചലനത്തിലും തൂങ്ങി നില്‍ക്കും, അനന്തമായ ആവര്‍ത്തനത്തിന്റെ ലോകത്ത്. അതുകൊണ്ടാണ് നിത്‌ഷേ അനനതമായ ആവര്‍ത്തനത്തെ ഏറ്റവും വലിയ ഭാരമെന്ന് വിളിച്ചത്’.
ലൈംഗികമായ പ്രണയത്തിന്റെ ദര്‍ശനത്തില്‍ സ്വയം നഷ്ടപ്പെട്ട തോമസിനു മുമ്പില്‍ തെരേസയുടെ കനം തൂങ്ങുന്ന സ്യൂട്ട്‌കേസുണ്ട്. രാത്രി കൂടെക്കിടന്നുറങ്ങുന്നതിനപ്പുറം ഒരു സ്ത്രീയുടെ ശരീരത്തിന് അയാള്‍ക്ക് മൂല്യമില്ല. തന്റെ കാമമടങ്ങിയ ശേഷം അയാളവരെ വീട്ടില്‍ കൊണ്ടെത്തിക്കുന്നു. എന്നാല്‍ ഉത്തരവാദിത്വത്തെ ഓര്‍മപ്പെടുത്തുന്ന സ്യൂട്ട്‌കേസുമായി തെരേസ അയാളുടെ വാതിലില്‍ മുട്ടുന്നു. അയാളത് സ്വീകരിക്കുമോ എന്നതും, നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം നാം ഏറ്റെടുക്കേണ്ടതുണ്ടോ എന്നതുമാണ് ആ നോവല്‍ ദാര്‍ശനികമായി നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നത്.
Connect
Connect with us on the following social media platforms.